ഉസ്താദ് സാബരി ഖാൻ എന്ന മഹാനായ സാരംഗിവാദകന്റെ തണലിൽ വളർന്ന സംഗീതജ്ഞനാണ് അദ്ദേഹത്തിന്റെ മകൻ കമാൽ സാബരി. നാനൂറു വർഷത്തെ സംഗീതപാരമ്പര്യമുള്ള മുറാദാബാദ് ഘരാനയെ അദ്ദേഹം പ്രതിനിധാനംചെയ്യുന്നു. രണ്ട് പതിറ്റാണ്ടായി ഈ രംഗത്തുള്ള ഉസ്താദ് കമാൽ സാബരി 'ഡാൻസ് ഓഫ് ദ ഡെസേർട്ട്' എന്ന വിഖ്യാത ആൽബത്തിലൂടെ ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ആസ്വാദകരെ നേടിയിട്ടുണ്ട്. 2012ൽ ഇന്ത്യൻ പാർലമെന്റിലും സാരംഗി വായിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സാരംഗി അരങ്ങിൽനിന്ന് അപ്രത്യക്ഷമാവാൻ തുടങ്ങിയിരുന്നു. തവായഫ്കളുടെ നൃത്ത സംഗീതപരിപാടികൾക്ക് അകമ്പടി സേവിക്കുന്നു എന്ന കാരണമായിരുന്നു സാരംഗിയെ മാറ്റിനിർത്താൻ വിക്ടോറിയൻ സദാചാരവാദികളെ പ്രേരിപ്പിച്ചത്. ഈ ഘട്ടത്തിൽ സാരംഗിയെ നിലനിർത്താൻ കഠിനമായി പരിശ്രമിച്ചത് പണ്ഡിറ്റ് രാം നാരായൻ, ഉസ്താദ് സാബരി ഖാൻ, പണ്ഡിറ്റ് ഗോപാൽ മിശ്ര തുടങ്ങിയവരായിരുന്നു. തുടർന്നു വന്ന സുൽത്താൻ ഖാൻ, ദ്രുബ ഘോഷ്, അരുണ നാരായൺ എന്നിവരും സാരംഗിയെ വീണ്ടെടുക്കാൻ ശ്രമിച്ചു (സാരംഗി പ്രഫഷനലായി അരങ്ങിൽ വായിച്ച ആദ്യത്തെ ഇന്ത്യൻ വനിതയാണ് അരുണ നാരായൺ). 1989ൽ ഭോപാലിൽ നടന്ന സാരംഗിമേളയും സാരംഗിക്ക് പുത്തനുണർവ് നൽകിയിരുന്നു. അതിനുശേഷമാണ് കമാൽ സാബരിയുടെ രംഗപ്രവേശം. യുവാക്കളെ സാരംഗിയിലേക്ക് ആകർഷിക്കാൻ നേതൃത്വം നൽകിയ പുതിയ തലമുറയിലെ സംഗീതജ്ഞൻ എന്നനിലയിൽ കമാൽ സാബരിക്ക് സവിശേഷ പ്രാധാന്യമുണ്ട്.
പയ്യന്നൂരിൽ 'തുരീയം' സംഗീതമേളയിൽ പങ്കെടുക്കാൻ കമാൽ സാബരി എത്തിയിരുന്നു. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
നാനൂറു വർഷത്തോളം സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽനിന്ന് വരുകയാണല്ലോ. താങ്കളുടെ കുട്ടിക്കാലം എങ്ങനെയായിരുന്നു?
പാരമ്പര്യമായി സംഗീതത്തെ ഉപാസിക്കുന്നവരുടെ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ഏഴ് തലമുറയായി ഞങ്ങൾ സംഗീതജ്ഞരാണ്. എന്റെ പപ്പ ഉസ്താദ് സാബരി ഖാനാണ് സാരംഗിയെ ലോകം മുഴുവൻ ജനകീയമാക്കിയത്. അദ്ദേഹം അമേരിക്കയിലെയും യൂറോപ്പിലെയും ജപ്പാനിലെയും ചൈനയിലെയും സംഗീത ആസ്വാദകർക്ക് സാരംഗിയെ പരിചയപ്പെടുത്തി. സിയാറ്റിലെ വാഷിങ്ടൺ യൂനിവേഴ്സിറ്റിയിൽ വിസിറ്റിങ് പ്രഫസറായിരുന്നു. 1942ൽ ഡൽഹി ആകാശവാണിയിൽ ജോലിക്ക് ചേർന്നു. അമ്പതു വർഷത്തോളം അവിടെ ജോലിചെയ്തു. ഇന്ത്യയിലെ പ്രമുഖരായുള്ള സീനിയർ വായ്പാട്ടുകാർക്കെല്ലാംവേണ്ടി വായിച്ചു. കൂടാതെ യഹൂദി മെനുഹിൻ എന്ന മഹാനായ പാശ്ചാത്യ സംഗീതജ്ഞന്റെ കൂടെയും വായിച്ചിട്ടുണ്ട്. ഒന്നാമത്തെ ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി പാർലമെന്റിൽ സാരംഗി വായിച്ചു. അദ്ദേഹത്തിന് ലോകം മുഴുവൻ നിരവധി ശിഷ്യന്മാരുണ്ട്.
എന്റെ കുട്ടിക്കാലത്ത് ഞാൻ പതിവായി പള്ളിയിൽ പോവുകയും ഖുർആൻ പാരായണം നടത്തുകയും ചെയ്യാറുണ്ടായിരുന്നു. പകൽ സ്കൂളിൽ പോകും. രാത്രി പപ്പയുടെ കൂടെ ഇരിക്കും. അദ്ദേഹം സാരംഗിയുടെ പാഠങ്ങൾ പറഞ്ഞുതരും. എന്റെ പപ്പ ഞങ്ങളോട് പറഞ്ഞത് ഒരു മികച്ച സാരംഗിവാദകൻ ആകുന്നതിനുമുമ്പ് നല്ലൊരു മനുഷ്യനാവണമെന്നാണ്. ആളുകളോട് നന്നായി പെരുമാറണമെന്ന് പപ്പ പറഞ്ഞുതന്നു. നമ്മുടെ ഹൃദയം തുടച്ചുമിനുക്കിയാൽ മാത്രമേ ശുദ്ധസംഗീതം ഒഴുകൂ എന്ന കാര്യം ഓർമിപ്പിച്ചു. ഒരു സംഗീതജ്ഞൻ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശങ്ങൾ ആസ്വാദകർക്ക് കൊടുക്കണം എന്ന് ഞാൻ മനസ്സിലാക്കിയത് പപ്പയിൽനിന്നാണ്.
താങ്കൾ ഘരാനയിൽനിന്ന് സംഗീതം പഠിച്ച ആളാണല്ലോ. ഘരാനയുടെ പിൻവാങ്ങൽ ഹിന്ദുസ്ഥാനി സംഗീതത്തെ ബാധിച്ചിട്ടുണ്ടോ?
ഘരാനക്കുമുമ്പ് ഉണ്ടായിരുന്ന പ്രസക്തി ഇപ്പോൾ നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. കാലം മാറി. പുതിയ തലമുറ വന്നു. മ്യൂസിക് സ്കൂളുകൾ വ്യാപകമായി. ഘരാന രീതിയുള്ള പഠനവും മ്യൂസിക് സ്കൂളുകളിലെ പഠനവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. ഘരാനസമ്പ്രദായത്തിലുള്ള പഠനത്തിന് നല്ല ക്ഷമ ആവശ്യമാണ്. ഗുരുവിന്റെ മനോനില നല്ലതാണെങ്കിൽ മാത്രമേ പഠിപ്പിക്കൂ. ഗുരുവിനായി പൂർണമായി സമർപ്പിക്കണം. വീട് വൃത്തിയാക്കൽ ഉൾെപ്പടെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കേണ്ടി വരും. എന്നാൽ, മ്യൂസിക് സ്കൂളുകളിൽ ഘരാനകളിലുള്ളതുപോലെ ക്ഷമയും അർപ്പണബോധവും കുറവാണ്. എന്നാലും നല്ല പ്രതിഭയുള്ളവർ ഉയർന്നുവരുന്നുണ്ട്. സ്കൂളിൽ ടീച്ചർ ഏതു സമയവും പഠിപ്പിക്കും. ടീച്ചറുടെ മനോനിലയൊന്നും അവിടെ പ്രശ്നമല്ല. സ്കൂളിനെ ഘരാനയിലെ പഠനവുമായി താരതമ്യപ്പെടുത്തുന്നതിൽ കാര്യമില്ല എന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ട്. ഇന്നത്തെ ലോകം തിരക്കുള്ളതാണ്. എല്ലാം വേഗത്തിൽ നടക്കണം എന്ന ചിന്തയാണ് മനുഷ്യർക്ക്. ഘരാന പഠനവും ഇപ്പോഴത്തെ മ്യൂസിക് സ്കൂൾ പഠനവും കൂട്ടിയോജിപ്പിച്ചാൽ നല്ലൊരു സംഗീതജ്ഞനാവാം.
സാരംഗി പഠിക്കാനും വായിക്കാനും വളരെ പ്രയാസമുള്ള ഉപകരണമാണ് എന്ന് കേട്ടിട്ടുണ്ട്..?
അതെ. സാരംഗി വായിക്കാൻ ബുദ്ധിമുട്ടുള്ള ഉപകരണംതന്നെയാണ്. ഒരു സാരംഗിവാദകന് സംഗീതത്തിൽ നല്ല അറിവുണ്ടായിരിക്കണം. ഒരു ഘരാനയിൽപെട്ട വായ്പാട്ടുകാരന് മാത്രമല്ല, അകമ്പടി പോകേണ്ടത്. വ്യത്യസ്ത ഘരാനകളിലെ വായ്പാട്ടുകാരന് അകമ്പടി പോകേണ്ടിവരും. വായ്പാട്ടുകാരന്റെ കഴിവിന് അനുസരിച്ച് അകമ്പടിക്കാരന് സാരംഗി വായിക്കാൻ കഴിയണം. ശരിക്കും പറഞ്ഞാൽ കഠിനമായ ജോലിയാണ് സാരംഗിവാദകൻ ചെയ്യുന്നത്. ഗായകന്റെ ശൈലിയും ആലാപനത്തിലെ സൂക്ഷ്മതകളും പിടിച്ചെടുക്കാൻ കഴിഞ്ഞാൽ മാത്രമേ വായന വിജയിക്കൂ.
നിങ്ങൾ ഒരു വായ്പാട്ടുകാരനെ അനുഗമിക്കുമ്പോൾ അയാളെ സഹായിക്കുകയാണ്. അദ്ദേഹത്തിന്റെ സംഗീതം പുഷ്പിക്കാൻ നിങ്ങൾ കാരണമാകുന്നു. വ്യത്യസ്ത പൂക്കളുള്ള ഒരു പൂന്തോട്ടമായി അത് മാറുന്നു. അവിടെ ഒരു മുള്ളുപോലും ഉണ്ടാകില്ല. അകമ്പടിയായി വരുന്നത് തബലക്കാരനായാലും ഹാർമോണിയം വായനക്കാരനായാലും അവിടെ പൂക്കളുടെ ഒരു വസന്തം തീർക്കണം. വായ്പാട്ടുകാരൻ അകമ്പടിക്കാരന് പെർഫോം ചെയ്യാനുള്ള അവസരംകൂടി കൊടുക്കണം. സംഗീതം ആസ്വാദകരെ രസിപ്പിക്കാനുള്ളതാവണം. അത് വായ്പാട്ടുകാരനും അകമ്പടിക്കാരനും തമ്മിലുള്ള മത്സരമാകരുത്.
ഭൂരിഭാഗം സിത്താർവാദകരും സാരംഗി ശൈലിയിൽ വായിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. സാരംഗി എല്ലാ കാലത്തും ഗായകി അംഗ് ശൈലിയിലാണ് വായിക്കുന്നത്. ഇപ്പോൾ തന്ത്ര് കാരി അംഗും വായിക്കുന്നുണ്ട്. ഏതു വിഭാഗത്തിൽപെട്ട വായ്പാട്ട് രീതിക്കും അകമ്പടി വായിക്കാൻ സാരംഗിക്ക് കഴിയും എന്നതാണ് ഈ ഉപകരണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാരംഗിയെപ്പോലെ മറ്റൊരു ഉപകരണത്തിനും വായ്പാട്ടുകാരന് ഇത്ര നന്നായി അകമ്പടി കൊടുക്കാൻ പറ്റില്ല. സാരംഗി സൗ രംഗി എന്നാണ് വിളിക്കപ്പെടുന്നത്. നൂറു നിറങ്ങൾ എന്നാണ് അർഥം. ഇവിടെ നിറങ്ങൾ എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് ദ്രുപദ്, ഖയാൽ, തുമ്രി, കജ്രി, ഭജൻ, ടപ്പ, ഗസൽ എന്നിങ്ങനെ വിവിധ വിഭാഗത്തിൽപെട്ട സംഗീതമാണ്. അതെല്ലാം സാരംഗിയിൽ വായിക്കാൻ പറ്റും. ഉസ്താദ് സാബരി ഖാൻ സാരംഗിയിൽ ദ്രുപദ് ധമാർ വായിച്ചിട്ടുണ്ട്. ആ ഒരു നിലയിലെത്താൻ മറ്റൊരു സാരംഗിവാദകനും കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഉസ്താദ് കമാൽ സാബരി മക്കൾക്കൊപ്പം പിതാവ് ഉസ്താദ് ശബരി ഖാന്റെ ചിത്രത്തിനരികിൽ
എപ്പോൾ മുതലാണ് സാരംഗി അകമ്പടി സേവിക്കുന്ന ഉപകരണത്തിൽനിന്ന് മാറി ഏകവാദ്യമെന്ന (solo instrument) നില കൈവരിച്ചത്?
ഉസ്താദ് ബുന്ദുഖാനാണ് സാരംഗി സോളോയായി ആദ്യമായി വായിച്ചത്. അദ്ദേഹം ഒരിക്കലും വായ്പാട്ടിന് അകമ്പടിയായി പോയിട്ടില്ല. സാരംഗിയെ മുഖ്യധാരയിൽ കൊണ്ടുവന്നതും അദ്ദേഹമാണ്. ഒരു പ്രത്യേക സാരംഗിയാണ് ഉപയോഗിച്ചിരുന്നത്. ഞങ്ങൾ ഇന്ന് ഉപയോഗിക്കുന്ന സാരംഗിയല്ല. അദ്ദേഹം സ്വയം ആസ്വദിക്കാനും മറ്റുള്ളവരെ രസിപ്പിക്കാനുമാണ് വായിച്ചിരുന്നത്. സാരംഗിയിൽ തന്റേതായ ഒരു ശൈലി ഉണ്ടാക്കിയെടുത്തു. അകമ്പടിക്കാരനായി തുടങ്ങി സോളോ വായനക്കാരനായി മാറി സാരംഗിയെ നിലനിർത്താൻ സഹായിച്ചത് എന്റെ പപ്പയാണ്. സോളോ വായിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അകമ്പടിക്കാരനാകുന്നത്. അതിന് സംഗീതത്തിൽ നല്ല ധാരണയുണ്ടായിരിക്കണം. നിങ്ങൾ പ്രാക്ടിസ് ചെയ്യുന്നത് മാത്രമാണ് സോളോയിൽ നിങ്ങൾ വായിക്കുന്നത്. പക്ഷേ, അകമ്പടിയിൽ പ്രാക്ടിസ് ചെയ്യാത്തതായിരിക്കും വായിക്കേണ്ടിവരുക. ചിലപ്പോൾ മുറാദാബാദ് ഘരാനയിലെ ഗായകനുവേണ്ടിയായിരിക്കും വായിക്കുന്നത്. അല്ലെങ്കിൽ മേവതി ഘരാനയിലെ, അല്ലെങ്കിൽ കിരാന ഘരാനയിലെ അങ്ങനെ മിക്കവാറും എല്ലാ ഘരാനകളിലെയും ശൈലികൾ അറിഞ്ഞിരിക്കണം.
'ഡാൻസ് ഓഫ് ദ ഡെസേർട്ട്' എന്ന സംഗീത ആൽബം ചെയ്യാനുള്ള പ്രേരണ എന്തായിരുന്നു?
അത് വെറുതെ ഒരാൽബം ചെയ്യാൻവേണ്ടി ചെയ്തതല്ല. രാജസ്ഥാനിലെ നാടോടിസംഗീതത്തെ വീണ്ടെടുക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നു അതിന്റെ പിന്നിൽ. അതിൽ അഞ്ച് സാരംഗി ഉപയോഗിച്ചു. 2006ലെ ഗ്രാമി അവാർഡിന് ഇന്ത്യൻ ഗവൺമെന്റ് സമർപ്പിച്ച ലിസ്റ്റിൽ ഈ ആൽബം ഉണ്ടായിരുന്നു. അത് സാരംഗിക്ക് കുറച്ചുകൂടി വിശാലമായ ലോകത്തേക്ക് പ്രവേശിക്കാനുള്ള അവസരമൊരുക്കി. അതിനുശേഷം രാജസ്ഥാനിലെ പാരമ്പര്യ നാടോടി സംഗീതജ്ഞരുടെ കുടുംബമായ ലങ്കകളുമായി സഹകരിച്ച് കുറച്ചു പരിപാടികൾ ചെയ്തു.
ആരാധന തോന്നിയിട്ടുള്ള സാരംഗിവാദകർ ആരൊക്കെയാണ്?
ആദ്യം എന്റെ പപ്പ ഉസ്താദ് സാബരി ഖാൻ സാഹിബാണ്. അത് കഴിഞ്ഞാൽ മഹാനായ ഉസ്താദ് ബുന്ദു ഖാൻ, പണ്ഡിറ്റ് രാംനാരായൻ, ഉസ്താദ് ഗുലാം സാബിർ ഖാൻ, സുൽത്താൻ ഖാൻ. ഞാൻ സുൽത്താൻ ഖാനോടൊപ്പം ജുഗൽബന്ദി അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ പപ്പയെ ഗുരുവായി കരുതുന്ന ആളാണ്.
സാരംഗി കഴിഞ്ഞാൽ വായിക്കാൻ ഇഷ്ടപ്പെടുന്ന ഉപകരണങ്ങൾ?
തബല ഇഷ്ടമാണ്. അതുപോലെ വയലിനും.
ഓർമയിൽ സൂക്ഷിക്കുന്ന ജുഗൽബന്ദികൾ..?
മാൻഡലിൻ വാദകൻ യു. ശ്രീനിവാസ്, സാക്സഫോൺ വാദകൻ കദ്രി ഗോപാൽ നാഥ് എന്നിവരുടെ കൂടെ ചെയ്ത കച്ചേരികൾ. രണ്ടുപേരും ഇപ്പോൾ നമ്മുടെ ഒപ്പമില്ല. ജുഗൽബന്ദി വായിക്കുമ്പോൾ രണ്ട് സംഗീതജ്ഞരും ചേർന്ന് ഒന്നാകണം. സദസ്സിന് എന്തെങ്കിലും പുതുതായി കൊടുക്കാൻ പറ്റിയാൽ മാത്രമേ ജുഗൽബന്ദികൊണ്ട് കാര്യമുള്ളൂ.
ഫ്യൂഷൻ സംഗീതം ക്ലാസിക്കൽ സംഗീതത്തെ നശിപ്പിക്കുന്നുവെന്ന് ചില സംഗീതജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്. താങ്കളുടെ നിലപാട്?
ക്ലാസിക്കലും ഫ്യൂഷനുമിടക്ക് ഒരു അതിർത്തിരേഖ വരക്കണം. രണ്ടും തമ്മിൽ കൂട്ടിക്കലർത്തേണ്ടതില്ല. ഞാൻ ഭൈരവ് രാഗത്തിന്റെ ഫ്യൂഷൻ ചെയ്യാൻ പോവുകയാണെന്ന് പറയുകയാണെങ്കിൽ അത് ആ രാഗത്തിന്റെ ആത്മാവിനെ നശിപ്പിക്കും. കാരണം അത് സ്കെയിൽ മാത്രമല്ല, മറിച്ച് അതൊരു കടലാണ്. സംഗീതത്തിന്റെ മറ്റൊരു ലോകം. ഫ്യൂഷൻ സംഗീതം എന്ന് പറയുന്നത് മറ്റൊരാളുടെ സംഗീതവും നിങ്ങളുടെ സംഗീതവും ഒന്നിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ്. ഞാൻ ക്ലാസിക്കൽ സംഗീതം വായിക്കുമ്പോൾ അതിന്റെ കൂടെ ഫ്യൂഷൻ ചേർക്കാറില്ല. ഫ്യൂഷൻ വായിക്കുമ്പോൾ അതിൽ ക്ലാസിക്കലും ചേർക്കാറില്ല.
ഉസ്താദ് കമാൽ സാബരി തബല വിദ്വാൻ സാകിർ ഹുസൈന് ഒപ്പം
ഒരു ഉപകരണ സംഗീതജ്ഞന്റെ ഉള്ളിൽ എപ്പോഴും ഒരു പാട്ടുകാരൻ ഉറങ്ങിക്കിടപ്പുണ്ടായിരിക്കുമെന്ന് പറയാറുണ്ടല്ലോ. വായിക്കുമ്പോൾ താങ്കളും ഉള്ളിൽ പാടാറുണ്ടോ?
അതെ. ഉപകരണം വായിക്കുമ്പോൾ ഞാൻ മനസ്സിൽ പാടാറുണ്ട്. സംഗീതം എന്റെ ആത്മാവിൽ വരുമ്പോൾ ഞാൻ ആ ഉപകരണത്തിന്റെ ഭാഗമാവുകയും ഉപകരണം എന്റെ ശരീരത്തിന്റെ ഭാഗമാവുകയും ഞാൻ ആസ്വാദകരെ ആനന്ദിപ്പിക്കുകയും ചെയ്യുന്നു. യഥാർഥത്തിൽ അത് ഞാനല്ല ചെയ്യുന്നത്. ദൈവമാണ് എന്റെ ഉപകരണത്തിലൂടെ സംഗീതത്തെ ഒഴുക്കിവിടുന്നത്.
ഇഷ്ട രാഗങ്ങൾ..?
എല്ലാ രാഗങ്ങളും ഇഷ്ടമാണ്. ശാം കല്യാൺ, ഗൗരി മനോഹരി, വാചസ്പതി ഹേമാവതി എന്നിവ അവയിൽ കൂടുതൽ ഇഷ്ടം.
താങ്കളുടേതായി ഏതെങ്കിലും രാഗങ്ങളുണ്ടോ?
ഈ ലോകത്ത് നിരവധി രാഗങ്ങൾ ഉണ്ടല്ലോ. മഹാന്മാരായ സംഗീതജ്ഞർ സൃഷ്ടിച്ച അവയെല്ലാം ആദ്യം വായിക്കാം. അതിനുശേഷമാവാം പുതിയത് സൃഷ്ടിക്കുന്നതിനെ കുറിച്ചുള്ള ആലോചന.
എങ്ങനെയാണ് ലോക്ഡൗൺ കാലത്തെ അതിജീവിച്ചത്?
കൂടുതൽ സമയവും പരിശീലനമായിരുന്നു. കൂടാതെ വലിയ സംഗീതജ്ഞരെ കേൾക്കൽ, ഓൺലൈൻ ക്ലാസുകൾ എന്നിങ്ങനെയാണ് സമയം ചെലവഴിച്ചത്. ജോലിയോ പരിപാടികളോ ഇല്ലാത്ത കാലത്ത് ഓൺലൈൻ ക്ലാസുകളും ഓൺലൈൻ പരിപാടികളും വലിയ അനുഗ്രഹമായിരുന്നു. പക്ഷേ, ഓൺലൈൻ പരിപാടികൾ ഒരിക്കലും ലൈവ് പരിപാടികൾക്ക് പകരമാവില്ല. ഒരു ഓഡിറ്റോറിയത്തിൽ ഇരുന്ന് വായിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്.
ഇന്ത്യയിലും വിദേശത്തും പരിപാടികൾ അവതരിപ്പിക്കുമ്പോൾ ആസ്വാദകരുടെ പ്രതികരണങ്ങൾ വ്യത്യസ്തമാണോ?
ഇന്ത്യക്ക് പുറത്തുള്ള പരിപാടികളിൽ അത് ഏഷ്യയിലോ യൂറോപ്പിലോ എവിടെ ആയാലും ആൾക്കാർ നല്ല അച്ചടക്കത്തോടെ ഇരിക്കും. പരിപാടിയുടെ ഇടയിൽ സംസാരിക്കില്ല. അതുപോലെ തിന്നുകയോ കുടിക്കുകയോ ചെയ്യില്ല. പരിപാടിയിൽ മാത്രമായിരിക്കും ശ്രദ്ധ. അതാണ് ഇന്ത്യയിലും വിദേശത്തുമുള്ള സദസ്സിന്റെ പ്രധാന വ്യത്യാസം. ഇന്ത്യയിൽ പെർഫോം ചെയ്യുമ്പോൾ സംഗീതം അറിയുന്നവരുടെ മുന്നിലാണ് ചെയ്യുന്നത് എന്നൊരു ആനുകൂല്യമുണ്ട്.
പുതുതലമുറയിലെ സംഗീത ആസ്വാദകരോട് എന്താണ് പറയാനുള്ളത്?
എല്ലാ വിഭാഗത്തിൽപെട്ട സംഗീതവും കേൾക്കുക. പക്ഷേ, തങ്ങളുടെ വേരുകൾ മറക്കാതിരിക്കുക. രുദ്രവീണ, സാരംഗി, തബല, മൃദംഗം എന്നിങ്ങനെയുള്ള സംഗീതോപകരണങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക. പാശ്ചാത്യ സംഗീതം കേൾക്കുന്നതുകൊണ്ട് ഒരു പ്രശ്നവുമില്ല. പക്ഷേ, നമ്മുടെ പാരമ്പര്യ സംഗീത ഉപകരണങ്ങൾ എങ്ങനെയാണ് വായിക്കുന്നതെന്ന് മനസ്സിലാക്കുക. സാരംഗി എങ്ങനെ വായിക്കുന്നു, സരോദ് എങ്ങനെ വായിക്കുന്നു, ബാൻസുരി എങ്ങനെ വായിക്കുന്നു എന്നൊക്കെ അറിയാൻ ശ്രമിക്കുക.
സാരംഗിയുടെ ഭാവിയിൽ ആശങ്കയുണ്ടോ ?
ഒട്ടുമില്ല. നല്ല പ്രതിഭയുള്ള ചെറുപ്പക്കാർ ഇപ്പോൾ മുന്നോട്ടു വരുന്നുണ്ട്. ഞാൻ രംഗത്തുവരുമ്പോൾ അധികം പേരൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അതല്ല സ്ഥിതി. ധാരാളം പുതിയ യുവാക്കൾ സാരംഗി പഠിക്കാൻ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു.
സിനിമയിൽ സംഗീതം ചെയ്തിട്ടുണ്ടോ?
ഉണ്ട്. ഒരു മലയാളം സിനിമയിൽ ചെയ്തിട്ടുണ്ട്. സിനിമയുടെ പേര്, 'എല്ലാം അങ്ങേക്കായി'. കൂടാതെ, സബീഹ സുമാറിന്റെ 'ഖാമോഷ് പാനി', ദീപാമേഹ്തയുടെ 'ദ റിപ്പബ്ലിക് ഓഫ് ലവ്' എന്നീ സിനിമകളിൽ സാരംഗി വായിച്ചിട്ടുണ്ട്.
കേരളത്തിൽ ഏതെല്ലാം വേദികളിൽ പങ്കെടുത്തിട്ടുണ്ട്?
പയ്യന്നൂരിൽ നടക്കാറുള്ള തുരീയം മ്യൂസിക് ഫെസ്റ്റിവലിൽ മാത്രമാണ് പങ്കെടുത്തിട്ടുള്ളത്. അവിടെ പലതവണ പങ്കെടുത്തിട്ടുണ്ട്.
താങ്കളുടെ ഇഷ്ടഗായകർ..?
പഴയ തലമുറയിൽ ഉസ്താദ് ബഡെ ഗുലാം അലിഖാൻ, ഉസ്താദ് ആമിർഖാൻ എന്നിവരും പുതിയ തലമുറയിൽ ഉസ്താദ് റാഷിദ് ഖാൻ, പണ്ഡിറ്റ് സാജൻ മിശ്ര, വെങ്കടേഷ് കുമാർ എന്നിവർ.
കുടുംബം..?
ഭാര്യ, രണ്ടു കുട്ടികൾ. മുംബൈയിലെ ഒരു സംഗീത കുടുംബത്തിൽനിന്നാണ് വിവാഹം കഴിച്ചത്. ഭാര്യ വീട്ടമ്മയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.