സിനിമകൾക്ക് രണ്ടാം ഭാഗമുണ്ടാകുന്നതും ചലച്ചിത്രത്തിന് പരമ്പരകളുണ്ടാകുന്നതും അത്ര സവിശേഷമല്ല. എന്നാൽ കേന്ദ്രകഥാപാത്രത്തെ ഒരാൾതന്നെ അവതരിപ്പിക്കുക, ഒരേ സംവിധായകൻ, ഒരേ തിരക്കഥാകൃത്ത് എന്നിങ്ങനെ സമാനതകളോടെ അഞ്ചു ചിത്രങ്ങൾ ലോകസിനിമയിലെ അപൂർവതയാണ്. മുപ്പത്തിനാല് വർഷങ്ങളുടെ കാലയളവിൽ ഇറങ്ങിയ ഒരു CBI ഡയറിക്കുറിപ്പ് (1988), ജാഗ്രത (1989), സേതുരാമയ്യർ CBI (2004), നേരറിയാൻ CBI (2005), CBI 5: The Brain (2022) എന്നീ അഞ്ച് സിനിമകൾ പല കാലഘട്ടങ്ങളിലായി അടയാളപ്പെടുത്തുന്ന ദാർശനികവും പ്രത്യയശാസ്ത്രപരവും സാംസ്കാരികവുമായ ആഖ്യാനങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഈ ചിത്രങ്ങളിലെല്ലാം ആവർത്തിക്കുന്ന തിന്മയുടെ സാമാന്യതയും അസാമാന്യതയും ഉയർത്തുന്ന പ്രശ്നങ്ങൾ ഈ സത്യാനന്തരകാലത്തും മാധ്യമാനന്തരസമൂഹത്തിലും പ്രസക്തമായി തുടരുന്നു.
ചിന്തയില്ലാതെ വ്യവഹരിക്കുന്ന ദുഷ്ടതയെക്കുറിച്ച് Hannah Arendt നമ്മെ ഓർമിപ്പിക്കുന്നത് ഏകദേശം അറുപതു വർഷങ്ങൾക്കു മുൻപാണ് (Eichmann in Jerusalem 1963). യഹൂദവംശഹത്യയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായി പ്രവർത്തിച്ച Adolf Eichmann എന്ന ഹിറ്റ്ലറിന്റെ സഹായിയുടെ കുറ്റവിചാരണയുടെ വിവരണങ്ങളിൽനിന്നാണ് ഈ ആശയം ഉടലെടുക്കുന്നത്. 'തിന്മയുടെ സാമാന്യത' (banality of evil) എന്ന Arendtന്റെ സങ്കൽപം അപരാധങ്ങളെക്കുറിച്ച് അന്നുവരെ നിലനിന്നിരുന്ന ധാരണകളെ തിരുത്തിയെഴുതി എന്ന് വേണം കരുതാൻ. ദുഷ്ടത സർവസാധാരണമായിരിക്കുന്നു എന്ന കേവല വീക്ഷണമോ നാസികളുടെ കുറ്റകൃത്യങ്ങൾ അസാധാരണമായവ ആയിരുന്നില്ലെന്ന ചിന്തയോ അല്ല 'തിന്മയുടെ സാമാന്യത' എന്നതുകൊണ്ട് അർഥമാക്കുന്നത്. തിന്മയിലെ/ ദുഷ്ടതയിലെ/ അപരാധത്തിലെ/ കുറ്റകൃത്യത്തിലെ ചിന്തയുടെ അഭാവമാണ് യഥാർഥത്തിൽ അതിനെ തീവ്രവും കഠിനവും ആക്കുന്നത്. ആലോചനാരാഹിത്യം, മുൻവിചാരമില്ലായ്മ, മനനസാധ്യതയില്ലായ്മ എന്നിവയെല്ലാം ഒരു വിധത്തിലും കുറ്റകൃത്യവുമായി വേറിട്ട് നിൽക്കുന്നില്ല. Arendtനെ സംബന്ധിച്ച് ചിന്തയില്ലായ്മ ക്രൂരമായ വംശഹത്യയിലേക്കു നയിക്കാവുന്ന കുറ്റംതന്നെയാണ്. ഹത്യ മാത്രമല്ല കുറ്റകരമായത്, അതിലേക്കു നയിച്ചേക്കാവുന്ന ചിതയില്ലായ്മയും/ വിചാരമില്ലായ്മയും കുറ്റംതന്നെയാണെന്ന് സാരം. ദുഷ്ടതയെക്കുറിച്ചും കുറ്റകൃത്യത്തെക്കുറിച്ചും ഉള്ള സങ്കൽപങ്ങളിൽ ഒരു സമഗ്ര വീക്ഷണ വ്യതിചലനം ഉളവാക്കാൻ പോന്ന മൗലികമായ ആശയമായിരുന്നു ഇത്. വംശഹത്യയെന്ന സുചിന്തിതമായ ഉദ്ദേശ്യമോ നിശ്ചയമോ ലക്ഷ്യമോപോലും Eichmannന് ഉണ്ടായിരുന്നോ എന്ന് Arendt സംശയിക്കുന്നുമുണ്ട്; കാരണം, അയാളുടെ കുറ്റകൃത്യത്തെക്കുറിച്ച് അയാൾക്ക് ഒരു ബോധ്യവും ചിന്തയും ഇല്ലായിരുന്നു. പര്യാലോചനാവിധേയമായ വിവേചനത്തെ മാത്രമാണ് യഥാർഥത്തിൽ ചിന്തയെന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ ഒന്ന് Eichmannൽ ഇല്ല എന്ന് Arendt നിരീക്ഷിക്കുന്നു. ഹിറ്റ് ലറിന്റെ ആജ്ഞകൾ അതേപടി നിവർത്തിക്കുന്ന അനുസരണവും വിധേയത്വവും ഉള്ള പൗരൻ എന്ന ഉയർന്ന നിലയിൽ മാത്രമേ അയാൾക്ക് സ്വയം വിലയിരുത്താൻ സാധിക്കുന്നുള്ളൂ. വ്യക്തിപരമായ നീതിബോധമോ ധാർമിക ഉത്തരവാദിത്തമോ അയാളെ അലട്ടുന്നില്ല. സ്വയം നിർണയത്തിന്റെ ഒരു പുതിയ കർതൃത്വ മാതൃക ഇവിടെ രൂപപ്പെടുന്നു. മേധാവികളുടെ ഇച്ഛകളും നയങ്ങളും ചോദ്യങ്ങളില്ലാതെ നിർവഹിക്കുന്ന, സ്വയമായി ഒരു ഉദ്ദേശ്യങ്ങളോ നിശ്ചയങ്ങളോ ഇല്ലാത്ത ഒരു കർതൃത്വമാണയാൾ. ചിന്തയില്ലായ്മയാണ് അതിന്റെ കാതൽ. അനുസരണം എന്ന ഉന്നതമായ മൂല്യം കാത്തുസൂക്ഷിച്ചതിനു ശിക്ഷയേൽക്കേണ്ടിവരുന്ന രക്തസാക്ഷിയാണ് അയാൾ എന്നും ആ കർതൃത്വത്തിനു തോന്നും. ഒരു ക്രൂരനായ കുറ്റവാളിയുടെ രൂപമോ ഭാഷയോ ചേഷ്ടകളോ ചിന്തകളോ അയാളിൽ ഇല്ല. സ്വന്തം ഉത്തരവാദിത്തം നിർവഹിക്കുന്ന ഒരു പൗരന്റെ സാധാരണത്വവും സാമാന്യതയും മാത്രമാണ് അയാൾ. ഈ ചിന്തയില്ലാത്ത സാമാന്യതയും സാധാരണത്വവും ലൂയി അൽത്തുസറിന്റെ ഭാഷയിൽ, തിന്മയുടെ പ്രത്യയശാസ്ത്രമെന്ന കപടബോധമാണെന്നു പറയേണ്ടിവരും. നമ്മുടെ ഭാവനയിൽ നാം നിർമിച്ചിരിക്കുന്ന 'സാധാരണത്വം', 'സാമാന്യത' എന്നീ സംവർഗങ്ങൾ യഥാർഥത്തിൽ മനുഷ്യ മനസ്സിൽ അന്തർലീനമായിരിക്കുന്ന തിന്മയെ അഥവാ ദുഷ്ടപ്രവണതകളെ മറച്ചുവെക്കുന്ന കപടബോധം മാത്രമാണ്. ഈ തിന്മയെ പീഡന രൂപങ്ങളിലും മാതൃകകളിലും മാത്രം അവതരിപ്പിച്ചുകൊണ്ട് പ്രത്യയശാസ്ത്ര സംവിധാനങ്ങൾ (മതം, സാഹിത്യം, കല, സംസ്കാരം, വിദ്യാഭ്യാസം) അതിന്റെ സാമാന്യതയെ തമസ്കരിക്കുന്നു. 'നന്മ'യെ സാമാന്യമായതെന്നും 'തിന്മ'യെ' അസാമാന്യമായതെന്നും എന്ന് നിശ്ചയിച്ച് ഉറപ്പിച്ചിരിക്കുന്ന ഇടങ്ങളിൽ നന്മ എന്ന ഭാവനയിൽ മറഞ്ഞിരിക്കുന്ന തിന്മയെ നാം തിരിച്ചറിയാതെപോകരുത്. തിന്മയുടെ ഇത്തരം സാമാന്യതയെക്കുറിച്ച് ഫ്രോയ്ഡും സംസാരിക്കുന്നുണ്ട്. പ്രകൃതിയിലെ ഒരു സാധാരണ, പ്രാപഞ്ചിക മനുഷ്യൻ അയാളെപ്പോലുള്ള മറ്റു സാമാന്യ മനുഷ്യരെ ലൈംഗിക വസ്തുക്കളും അക്രമ വാസന തൃപ്തിപ്പെടുത്താനുള്ള ഉപാധികളും അപമാനപാത്രങ്ങളുമായി കരുതുന്നു എന്ന് അദ്ദേഹം സമർഥിക്കുന്നുണ്ട് (Civilization and its Discontents). സാമാന്യ ഭാവത്തിന്റെയും സാധാരണത്വത്തിന്റെയും കപടബോധത്തിൽ തിന്മ മറഞ്ഞിരിക്കുന്നു. തിന്മയുടെ ഈവിധമുള്ള സാധാരണത്വമാണ് അസാധാരണത്വത്തെക്കാൾ ദുർഗ്രഹം.
തിന്മയുടെ ദർശനവും പ്രശ്നവത്കരണവും
സി.ബി.ഐ സിനിമകളിൽ നാം പരിചയിച്ചിട്ടുള്ളത് ഇത്തരം അജ്ഞേയതകളുടെ ചുരുളഴിക്കുന്ന ആഖ്യാന രീതിയാണ്. ഒരു CBI ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ CBI, നേരറിയാൻ CBI, CBI 5: The Brain തുടങ്ങിയ അഞ്ചു സിനിമകളിലും പിന്തുടരുന്നത് ഈ മാതൃകതന്നെയാണ്. തിന്മയുടെ സാമാന്യത എന്ന തത്ത്വം ഈ സിനിമകളിലെല്ലാം വ്യക്തമാണ്. മുൻവിചാരമില്ലായ്മയാണ് ഈ സിനിമകളിലെ കുറ്റകൃത്യങ്ങളിലെല്ലാം മുന്നിട്ടു നിൽക്കുന്ന ഘടകം. CBI ചിത്രങ്ങളിലെ കുറ്റവാളികളിലെല്ലാം ഒരുപോലെ കാണാൻ സാധിക്കുന്ന അംശം ഈ വിവേചനമില്ലായ്മയാണ് - ധാർമികതയെയും നൈതികതയെയും സാമൂഹികതയെയുംകുറിച്ചുള്ള ബോധമില്ലായ്മ. ഒരു CBI ഡയറിക്കുറിപ്പിലെ ജോണിയിലും, ജാഗ്രതയിലെ ജനാർദനൻ നായരിലും, സേതുരാമയ്യർ CBIയിലെ മണിയിലും, നേരറിയാൻ CBIയിലെ ലക്ഷ്മിയമ്മയിലും, CBI 5: The Brainലെ കൊലയാളിയിലും ഒരു അനുഭവസമ്പത്തുള്ള അപരാധിയുടെ യാതൊരു ഭാവങ്ങളോ സ്വഭാവരീതികളോ ചേഷ്ടകളോ വൈകൃതങ്ങളോ ദൃശ്യമല്ല. സഹജമായ ഒരു അപരാധ മനോഭാവമോ ദുഷ്ടതയോ ഇവരിലാരിലും പ്രകടമല്ല. ഒരുവിധം സാധാരണത്വവും സാമാന്യതയുമാണ് ഇവർക്കെല്ലാം പൊതുവായുള്ളതെന്നു പറയാം. തങ്ങൾ ഏർപ്പെടുന്ന കുറ്റകൃത്യം ചെയ്യാൻ ഒരുപക്ഷേ അവർപോലും ആഗ്രഹിക്കുന്നില്ലെന്ന അവസ്ഥയാണുള്ളത് എന്ന് കരുതുന്നതിൽ തെറ്റില്ല. പക്ഷേ, നാം അംഗീകരിച്ചുകൊടുക്കുന്ന ഈ സാമാന്യത അഥവാ സാധാരണത്വം എന്നത് ഒരു കപട ബോധം ആണെന്ന് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു എന്നൊരു ദർശനം ഈ അഞ്ചു സിനിമകളും മുന്നോട്ടുവെക്കുന്നുണ്ടെന്നത് വ്യക്തമാണ്. കുറ്റത്തിനും കുറ്റവാളിക്കും നാം എന്തുകൊണ്ടോ ഒരു അസാധാരണത്വം കൽപിക്കുന്നു. അതുകൊണ്ടുതന്നെ ഒരു സാധാരണ വ്യക്തിക്ക് തിന്മ/കുറ്റം ചെയ്യുക എന്നത് അസാധ്യമാണെന്ന് നമ്മുടെ പൊതുവായ അബോധ ധാരണയാണ്. ഇതൊരു പ്രത്യയശാസ്ത്ര നിർമിതിയാണ് - 'നിഷ്കളങ്കത' പോലെ മറ്റൊന്ന് എന്നും പറയാം. ഈ നിർമിതിയിൽ കല-സാംസ്കാരിക-സാഹിത്യ-മത ഘടകങ്ങളും സമവാക്യങ്ങളും വലിയ പങ്കുവഹിക്കുന്നു. കുട്ടികൾ, കലാകാരന്മാർ, മത ആചാര്യന്മാർ, ചിന്തകർ, ബുദ്ധിജീവികൾ, എഴുത്തുകാർ, സാംസ്കാരിക നായകർ, ആക്ടിവിസ്റ്റുകൾ...ഇങ്ങനെ തുടരുന്നു പൊതു ധാരണയിൽ കുറ്റകൃത്യം സാധ്യമല്ലാത്തവർ എന്നു പലപ്പോഴും കരുതപ്പെടുന്നവർ. സാത്വിക ഭാവമുള്ള ലക്ഷ്മിയമ്മയും (നേരറിയാൻ CBI) തയ്യൽക്കാരനും സാമൂഹിക ജീവിയുമായ മാണിയും (സേതുരാമയ്യർ CBI), എല്ലാം ഈ ഗണത്തിൽ ഉൾപ്പെടും. ഇത്തരം ധാരണാപിശകുകൾ സി.ബി.െഎ സിനിമകൾ തിരുത്തുന്നതായി കാണാം. ചിന്തയില്ലായ്മയുടെ പ്രഹരശേഷിയാണ് ഓരോ കുറ്റകൃത്യത്തിലും നാം തിരിച്ചറിയേണ്ടത്. ജാഗ്രത, നേരറിയാൻ CBI എന്നീ സിനിമകളുടെ ക്ലൈമാക്സ് രംഗങ്ങളിൽ സേതുരാമയ്യർ ഇത് സൂചിപ്പിക്കുന്നുണ്ട്. ''ഒരൽപം കരുണ ഉണ്ടായിരുന്നെങ്കിൽ...'' എന്ന് സേതുരാമയ്യർ ജനാർദനൻ നായരോടു പറയുമ്പോഴും ''ആ കാഴ്ച കണ്ടത് നിങ്ങളുടെ മകളായിരുന്നെങ്കിൽ നിങ്ങൾ അവളെയും കൊല്ലുമായിരുന്നോ?''എന്ന് ലക്ഷ്മിയമ്മയോടു ചോദിക്കുമ്പോഴും ചിന്തയുടെ അഭാവം പരാമർശിക്കപ്പെടുന്നു. നീതിബോധം, സാമൂഹിക ബോധം, വ്യക്തി സ്വാതന്ത്ര്യ ബോധം എന്നിവയുടെ അസാന്നിധ്യം ചിന്തയില്ലായ്മ തന്നെയാണ്; അത് പലപ്പോഴും കുറ്റകൃത്യത്തിലേക്കു നയിക്കുമെന്നതിന് നമ്മുടെ സമൂഹം സാക്ഷിയാണ്. സി.ബി.െഎ സിനിമകളിൽ ഈ ദർശനത്തിന്റെ പ്രതിനിധീകരണം വ്യക്തമാണ്. തിന്മയുടെ സാമാന്യതപോലെതന്നെ തിന്മയുടെ അസ്തിത്വവും ഒരു പ്രശ്നമാണ് - ഒരു വിധത്തിൽ, തിന്മ ഒരു അസ്തിത്വ പ്രശ്നം തന്നെയാണെന്നും പറയാം. വളരെ ബുദ്ധിപൂർവം ഏറെ വൈദഗ്ധ്യത്തോടെ എല്ലാ കുറ്റകൃത്യങ്ങളും തെളിയിക്കപ്പെടുന്നുണ്ടെങ്കിലും, സി.ബി.െഎ സിനിമകളിൽ ആത്യന്തികമായി തിന്മ എന്ന പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാകുന്നില്ല - അങ്ങനൊന്ന് ഉണ്ടാകാനും സാധ്യതയില്ല; എത്ര ബുദ്ധിമാനായിരുന്നാലും, ഏതൊക്കെ നിയമസംഹിതകൾ ഉണ്ടായിരുന്നാലും മനുഷ്യർക്ക് തിന്മയുടെ അസ്തിത്വ യാഥാർഥ്യത്തിൽനിന്നും ഒളിച്ചോടാൻ സാധിക്കുകയില്ല. ഓരോ കേസ് തെളിയുമ്പോഴും സത്യം ജയിച്ച വാശിയോടെ, നീതി നടപ്പായെന്ന ബോധ്യത്തോടെ പ്രേക്ഷകർ കൈ അടിക്കുമ്പോഴും, തിന്മ എന്ന യാഥാർഥ്യം അവിടെതന്നെ തുടരുന്നു, വീണ്ടും മടങ്ങിവന്നുകൊണ്ടിരിക്കുന്നു. അതിനെ സംബന്ധിച്ച് അന്തിമമായ തീരുമാനം ഉണ്ടാക്കുക എന്നത് മനുഷ്യർക്ക് അപ്രാപ്യമായി തുടരുന്നു. ഇടവേളകളിൽ ഇതുപോലെ സത്യവും നീതിയും ജയിക്കുന്നതായും, തിന്മ തോൽക്കുന്നതായും ഉള്ള തോന്നലുകൾ ഉളവാക്കാം എന്നു മാത്രം. ഒരു CBI ഡയറിക്കുറിപ്പിൽ ആരംഭിച്ച് CBI 5: The Brainൽ എത്തിനിൽക്കുമ്പോഴും അതിനു മാറ്റമില്ല. സുകുമാര കുറുപ്പിനെ പിടിക്കണം എന്ന അസാധ്യത മുതൽ സേതുരാമയ്യർക്കെതിരെയുള്ള വധഭീഷണിവരെ എത്തിനിൽക്കുന്നു ഈ സിനിമകളിലെ തിന്മയുടെ അസ്തിത്വ പ്രതിനിധാനവും മടങ്ങിവരവും. കേസുകൾ തെളിയുന്നതിലൂടെ, തിന്മയുടെ മേലുള്ള ജയമെന്ന തോന്നൽ ഉളവാക്കുന്നതിലൂടെ സി.ബി.െഎ സിനിമകൾ തന്നെ ഒരു കപടബോധം സൃഷ്ടിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. നന്മ ജയിക്കുന്നു എന്ന ചിന്ത അവിടെ അസ്ഥാനത്താണ്, കാരണം കേസ് തെളിയുമ്പോഴും തിന്മയുടെ സാന്നിധ്യം സമൂഹത്തിൽ തുടരുകയാണ്, വർധിക്കുകയാണ്. ഫ്രോയ്ഡ് നിരീക്ഷിക്കുന്നതുപോലെ സ്വാഭാവിക മനുഷ്യൻ അപരനെ ലൈംഗിക ചൂഷണ വസ്തുവായും, അപമാനമേൽപ്പിക്കാനുള്ള വസ്തുവായും, മർദനത്തിനും ചൂഷണത്തിനുമുള്ള ഇരയായും കണക്കാക്കുന്നത് എന്തുകൊണ്ടാണ് എന്നതൊരു പ്രധാനപ്പെട്ട ചോദ്യമാണ്. എന്തുകൊണ്ട് തിന്മ ഒരു ഉണ്മയായി നിലനിൽക്കുന്നു? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കു ഉത്തരം നമ്മുടെ നീതിബോധത്തിനും ധാർമിക ബോധ്യങ്ങൾക്കും മൂല്യദർശനങ്ങൾക്കും അതീതമായ ഇടങ്ങളിൽ തിരയേണ്ടിയിരിക്കുന്നു. കേവല കുറ്റാന്വേഷണ വിനോദങ്ങൾക്ക് അപ്പുറമാണ് അതിന്റെ വ്യാപ്തി. ഒരു മാധ്യമത്തിന്റെ ത്രസിപ്പിക്കുന്ന നേരമ്പോക്കുകൾകൊണ്ട് അതിനെ മറികടക്കാൻ ആവില്ല എന്ന തിരിച്ചറിവും സി.ബി.െഎ സിനിമകൾ നൽകുന്ന പാഠമാണ്.
ഒരു CBI ഡയറിക്കുറിപ്പിൽ ഓമനയുടെ മരണം ആത്മഹത്യയല്ലെന്ന് തെളിയിക്കുന്നിടത്തും ജാഗ്രതയിൽ അശ്വതിയുടെ മരണം തൂങ്ങിമരണമല്ലെന്ന് കണ്ടെത്തുന്നിടത്തും സേതുരാമയ്യർ CBIയിൽ അലക്സിന്റെ മേലുള്ള കൊലപാതകക്കുറ്റം വ്യാജമാണെന്ന് തെളിയിക്കുന്നിടത്തും നേരറിയാൻ CBIയിൽ പ്രേതബാധ ആരോപിച്ച് മറയ്ക്കാൻ ശ്രമിച്ച കൊലപാതകം വെളിച്ചത്തുകൊണ്ടുവരുന്നിടത്തും CBI 5: The Brainലെ ആദ്യമരണവും അതിനെത്തുടർന്നുള്ള ബാസ്കറ്റ് കൊലപാതകങ്ങളും തെളിയിക്കുന്നിടത്തെല്ലാം സേതുരാമയ്യർ കുറ്റാന്വേഷണമനഃശാസ്ത്രവും യുക്തിനിഗമനങ്ങളും എല്ലാം ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. പ്രേക്ഷകന്റെ ആകാംക്ഷയെ മുൾമുനയിൽ നിർത്തുക എന്ന മാധ്യമ അനിവാര്യതയുടെ ഭാഗവുമാണത്. എന്നാൽ അവിടെയെല്ലാം ശ്രദ്ധേയമാകുന്ന മറ്റൊരു ഘടകം പ്രേക്ഷകമനസ്സുമായി സംവദിക്കുന്ന പാപവിചാരങ്ങളാണ്. പ്രസ്തുതവിചാരത്തിന്റെ പ്രേരണയാണ് സത്യാന്വേഷണം അനിവാര്യമാണെന്ന താൽപര്യത്തിൽ അവരെ നിലനിർത്തുന്നത്. അതേസമയം നന്മതിന്മകളെക്കുറിച്ചുള്ള ലളിതമായ ദ്വന്ദ്വവത്കരണപ്രക്രിയയിൽ അവസാനിക്കുന്ന ഒന്നല്ല സി.ബി.ഐ സിനിമകളിലെ കുറ്റകൃത്യങ്ങൾ. ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ ക്രൂരകൃത്യങ്ങളെക്കുറിച്ചല്ല ഈ സിനിമകൾ സംസാരിക്കുന്നത്. ഏതൊരു സാധാരണക്കാരനിലും ഉള്ള കുറ്റവാസനാക്ഷമതയുമായാണ് ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് ബന്ധമുള്ളത്. സെസേർ ലോംബ്രോസോ നിരീക്ഷിക്കുന്നതുപോലെയുള്ള, ജന്മനാ കുറ്റവാളികളല്ല ഇവിടെ കാണുന്നത്. പലരും സാധാരണക്കാരെപ്പോലെ ജീവിക്കുന്നവർ. പകയും അപമാനഭീതിയും ആസക്തിയും അവിടെ കുറ്റകൃത്യങ്ങളുടെ പ്രേരകമായിത്തീരുന്നു. ഇത്തരത്തിൽ തിന്മയുള്ള കഥാപാത്രങ്ങൾക്കുപോലും പ്രേക്ഷകനുമായി താദാത്മ്യപ്പെടൽ സാധ്യമാക്കുന്ന തരത്തിൽ സജ്ജമാക്കപ്പെട്ട തിരക്കഥകളാണ് എസ്.എൻ. സ്വാമി ഈ അഞ്ച് ചിത്രങ്ങൾക്കും തയാറാക്കിയിട്ടുള്ളത്.
സി.ബി.ഐ സിനിമകളിൽ തിന്മയുടെ സാധാരണത്വവും പ്രശ്നവും മടങ്ങിവന്നുകൊണ്ടിരിക്കുന്നത് അതിന്റെ ഉണ്മയുടെ ബലത്തിലാണ്. ഈ ആവർത്തനം മനുഷ്യസമൂഹത്തിനു ഒരു പ്രഹേളികയായി തുടരുന്നു. അത് പൂർണമായി ഇല്ലാതെയാക്കാൻ സാധിക്കുകയില്ല. അടക്കിവെക്കുക എന്നത് മാത്രമാണ് അതിനുള്ള പ്രതിവിധി. എന്നാൽ ഇങ്ങനെ അടക്കിവെക്കുന്നത് പല രൂപങ്ങളിൽ മടങ്ങിവന്നുകൊണ്ടിരിക്കും. ഫ്രോയ്ഡിന്റെ ആവർത്തന ഹേമം (repetition compulsion) എന്നത് ഇത്തരം ഒരു പ്രക്രിയയാണ് - കൃത്യമായ ഇടവേളകളിൽ പുതിയ രൂപങ്ങളോടെയുള്ള ഭൂതകാലത്തിലെ ആഘാതങ്ങളുടെ മടങ്ങിവരവ്. സി.ബി.ഐ സിനിമകളിൽ 'ആസക്തിയും' 'അപമാനവും' ആണ് അതിന്റെ രണ്ടു രൂപങ്ങൾ. ഒരു CBI ഡയറിക്കുറിപ്പ് എന്ന ആദ്യ സിനിമയിലെ 'ആസക്തി' പിന്നീട് ഒന്നിടവിട്ട സിനിമകളിൽ മടങ്ങിവരുന്നു. അതുപോലെതന്നെ ജാഗ്രത എന്ന സിനിമയിലെ 'അപമാനം' ഒന്നിടവിട്ട് മടങ്ങുന്നു. ചിലയിടങ്ങളിൽ ഇവ ഇടകലരുന്നുമുണ്ട്. കുറ്റകൃത്യത്തിന് പല പ്രേരകങ്ങൾ ഉണ്ടാകാം എന്നിരിക്കെ എന്തുകൊണ്ടാണ് സി.ബി.െഎ സിനിമകൾ ഇവയിൽ ഉടക്കി നിൽക്കുന്നത്? ഒരുപക്ഷേ ഇവ രണ്ടും മറ്റെല്ലാ പ്രേരകങ്ങളുടെയും അടക്കിവെക്കപ്പെട്ട പ്രാഗ്രൂപം ആയതിനാലാവാം. ഇത് നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണെന്ന് പറയാതെ വയ്യ. എത്ര ഉത്തരങ്ങൾ കണ്ടെത്തിയാലും അവയിലൊന്നും സംതൃപ്തിയില്ലാതെ തുടരുന്ന ചോദ്യങ്ങൾപോലെ ഈ പ്രശ്നം അവിടെത്തന്നെ അവിരാമം തുടരുന്നു. അതുകൊണ്ടുതന്നെ സേതുരാമയ്യരുടെ മടങ്ങിവരവും തുടർന്നേക്കാം. അതിനുള്ള തുറവി അവസാന സിനിമയിലും വ്യക്തമായി അവശേഷിപ്പിച്ചിട്ടുണ്ട്.
ചലച്ചിത്രപരമ്പരകളെ സാധ്യമാക്കുന്ന സാംസ്കാരിക പശ്ചാത്തലവും സി.ബി.ഐ ചിത്രങ്ങളുടെ കാര്യത്തിൽ പ്രസക്തമാണ്. മലയാളിയുടെ സാംസ്കാരിക സ്വത്വവുമായാണ് അതിനു ബന്ധമുള്ളത്. യവനികപോലെ പൊലീസ് തെളിവെടുപ്പുള്ള ചിത്രങ്ങൾ മലയാളത്തിൽ വേറെയുമുണ്ടെങ്കിലും സി.ബി.ഐ ചിത്രങ്ങൾ അതിൽനിന്നും വ്യത്യസ്തമാകുന്നത് മലയാളിയുടെയും കേരളീയരുടെയും സമഷ്ടിബോധത്തിൽ ഉറച്ചുപോയ ചില ധാരണകൾ ചലച്ചിത്രപ്രമേയത്തെ തുണക്കുന്നതുകൊണ്ടുകൂടിയാണ്. അതിലൊന്ന് പൊലീസിലുള്ള വിശ്വാസമില്ലായ്മയാണ്. പൊലീസുകാർ രാഷ്ട്രീയസ്വാധീനത്തിനു വഴങ്ങുന്നവരാണെന്നും സി.ബി.ഐ അന്വേഷണം ഉണ്ടായാലേ സത്യം പുറത്തുവരൂ എന്നുമുള്ള പൂർവധാരണകൾ നിലനിൽക്കുന്ന ഒരു സമൂഹത്തോടാണ് ഈ ചിത്രങ്ങളോരോന്നും സംവദിക്കാൻ താൽപര്യപ്പെടുന്നത്. അതുകൊണ്ടുതന്നെ സേതുരാമയ്യരെ ഒരു രക്ഷകബിംബമായി വളർത്താൻ ചലച്ചിത്രകാരന് അനായാസം കഴിയുന്നു. അത്തരമൊരു ബിംബവത്കരണം മമ്മൂട്ടി എന്ന താരശരീരത്തിൽ സ്ഥാപിച്ചെടുത്ത സ്ഥിതിക്ക് അവിടെ വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ടാകുന്നില്ല. മുകേഷ്, സായ് കുമാർ തുടങ്ങി പഴയ മുഖങ്ങൾ വിരളമാണെങ്കിലും CBI 5: The Brain സി.ബി.ഐ 5ൽ നൈരന്തര്യ പ്രതീതി നഷ്ടപ്പെടാതെയിരിക്കുന്നത് സേതുരാമയ്യരുടെ പതിവു ശൈലി സംരക്ഷിച്ചതുകൊണ്ടുകൂടിയാണ്. ഇൻ ചെയ്യാത്ത ഹാഫ് സ്ലീവ് ഷർട്ട്, നെറ്റിയിലെ ചെറിയ കുറി, കൈ പിന്നിൽ കെട്ടിയുള്ള നടത്തം എന്നിവ അതിൽ ചിലതു മാത്രമാണ്. സി.ബി.ഐയെ മഹത്ത്വവത്കരിക്കുകയും പൊലീസിനെ അപരമാക്കി നിർത്തുകയും ചെയ്യുന്നതിൽ ജനസാമാന്യത്തിന്റെ താൽപര്യമെന്തെന്ന് സിനിമ വ്യക്തമാക്കുന്നുണ്ട്. അന്വേഷണത്തിനെത്തുന്ന വീടിന്റെ ഗേറ്റ് തകർത്ത് അകത്തുകടക്കുന്നതിനോട് CBI 5ലെ സേതുരാമയ്യർ വിയോജിക്കുക മാത്രമല്ല ''അതൊക്കെ പൊലീസിന്റെ ശൈലിയാണ്, നമുക്ക് നിയമത്തിന്റെ വഴി മതി''എന്ന് പ്രസ്താവിക്കുകകൂടി ചെയ്യുന്നുണ്ട്. നാലാം ചിത്രത്തിന്റെ പേരു തന്നെ ശ്രദ്ധിക്കുക: നേരറിയാൻ CBI. നേരറിയാൻ സംസ്ഥാന പൊലീസ് പോരാ എന്ന പൂർവധാരണയുടെ പുറത്താണ് ആ ശീർഷകം ഉറപ്പിച്ചിരിക്കുന്നത്. ഇടിച്ചു പതം വരുത്തി കുറ്റം തെളിയിക്കുന്ന പൊലീസ് ശൈലിക്ക് ബദലായി ബുദ്ധിപൂർവകമായ അന്വേഷണംകൊണ്ട് സത്യം തെളിയിച്ചെടുക്കുന്ന സി.ബി.ഐ ശൈലിയുടെ സിനിമാറ്റിക് വേർഷനുകളാണ് ഈ പരമ്പരയിലെ ചിത്രങ്ങളെന്ന് പൊതുവെ നിരീക്ഷിക്കാം. പൊലീസ് പരാജയപ്പെടുന്നിടത്ത് സി.ബി.ഐ വിജയിക്കുന്നു എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു മിത്തിന്റെ പരിവേഷം ചുറ്റി പ്രചരിക്കുന്ന ആശയമാണ്. ''ജനങ്ങൾക്ക് സി.ബി.ഐ എന്ന മൂന്നക്ഷരം മന്ത്രംപോലെയാണ്'' എന്ന് ജാഗ്രതയിലെ പൊലീസ് ഓഫിസർ സേതുരാമയ്യരോട് പറയുന്നത് അതുകൊണ്ടാണ്.
ആവർത്തനങ്ങളാണ് കൾട്ട് രൂപവത്കരണത്തിന് ഇടയാക്കുന്ന ഘടകങ്ങളിൽ ഒന്ന്. സി.ബി.ഐ ചിത്രങ്ങളിൽ ആവർത്തിക്കുന്ന ഒരിനം ശ്യാമിന്റെ തീം മ്യൂസിക്കാണ്. ഇത് ഒരു അനിവാര്യതയെന്നവണ്ണമാണ് സി.ബി.ഐ സിനിമകളിൽ പ്രയുക്തമായിരിക്കുന്നത്. ഇവിടെ തീം മ്യൂസിക് എന്ന ശബ്ദബിംബവും സേതുരാമയ്യർ എന്ന ദൃശ്യബിംബവും വേർതിരിക്കാനാവാത്ത വിധത്തിൽ ഒന്നായിത്തീരുന്നു. മലയാളിയെ സംബന്ധിച്ചിടത്തോളം സി.ബി.ഐയുടെ തീം മ്യൂസിക് കേൾക്കുമ്പോഴെല്ലാം ചന്ദനക്കുറി തൊട്ട് കൈ പിറകിൽ കെട്ടി ചടുലമായി നടക്കുന്ന സേതുരാമയ്യർ അവതരിക്കും; മറിച്ചും. ഇത്തരമൊരു ശരീരഭാഷ എവിടെ കണ്ടാലും മലയാളിയുടെ മനസ്സ് സേതുരാമയ്യരിലേക്കും ശ്യാമിന്റെ തീം മ്യൂസിക്കിലേക്കും എത്തിച്ചേരുംവിധം ഒരു മനോനില രൂപപ്പെട്ടിട്ടുണ്ട്. നീതി, നിയമം, സത്യം എന്നിവയെ സൂചിപ്പിക്കുന്ന ഒരു സിഗ്നേച്ചർ ട്യൂൺ ആയി ഇത് പരിണമിച്ചിരിക്കുന്നു. അന്വേഷണപുരോഗതി, മനോമഥനം തുടങ്ങിയവ കണക്കിലെടുത്തുകൊണ്ടാണ് ആവർത്തനസ്വഭാവമുള്ള പ്രത്യേകപശ്ചാത്തലസംഗീതം സിനിമക്ക് നൽകിയിട്ടുള്ളതെന്ന് ഒരു അഭിമുഖത്തിൽ ശ്യാം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണപുരോഗതി മാനകമാക്കി നിർമിച്ച പ്രസ്തുത പശ്ചാത്തലസംഗീതത്തിന്റെ വ്യത്യസ്ത പാറ്റേണിലുള്ള അനുകരണങ്ങൾ പിന്നീട് നായകോൽക്കർഷം വെളിപ്പെടുത്തുന്നതിന് പല സിനിമകളിലും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. സി.ബി.ഐ ചിത്രങ്ങളുടെ ബി.ജി.എം ഒരുതരം ഉപാസനാമനോഭാവത്തോടെ മലയാളിയുടെ ഇടയിൽ സ്വീകരിക്കപ്പെട്ടു എന്നതിന്റെ അടയാളംകൂടിയാണ് അഞ്ചാം ചിത്രത്തിലെയും ആവർത്തനം. അഞ്ചാം ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന പൂർവസൂചനകളും ശ്രദ്ധേയമാണ്. മലയാളിയുടെ സാംസ്കാരികസ്വത്വത്തെക്കുറിച്ചുള്ള ചലച്ചിത്രകാരന്റെ ബോധ്യം അവിടെയും പ്രകടമാണ്. സിനിമയിലെ പഞ്ച് ഡയലോഗുകൾ ഭാഷയെത്തന്നെ പരിവർത്തിക്കാറുണ്ട്. സിനിമയിലെ സവിശേഷരംഗങ്ങൾ നവമാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവെക്കപ്പെടുന്ന സാഹചര്യവും ഇന്ന് സാധാരണവുമാണ്. അത്തരമൊരു പൂർവസൂചനയായാണ് ''സ്വാമിയൊന്നു നിന്നേ, അങ്ങനങ്ങു പോയാലോ''എന്ന് സത്യദാസ് ചോദിക്കുമ്പോൾ കവിളിനൊരെണ്ണം കൊടുത്തിട്ട് ''ഇനി പോകാമോ?'' എന്ന് സേതുരാമയ്യർ ചോദിക്കുന്ന രംഗം സി.ബി.ഐ അഞ്ചിലും ചേർത്തിരിക്കുന്നത്. സിനിമയുടെ റിലീസ് കാലവുമായി ബന്ധപ്പെട്ടതാണ് അടുത്ത ആവർത്തനപാറ്റേൺ. ആചാരങ്ങൾ പ്രത്യേകകാലയളവിൽ ആവർത്തിക്കുന്നതുകൊണ്ടാണ് അവക്ക് അനുഷ്ഠാനപരത കൈവരുന്നത്. സി.ബി.ഐ ചിത്രങ്ങളുടെ റിലീസ് കാലങ്ങളുടെ ക്രമം നോക്കിയാലും ഇത്തരമൊരു ആചാരസ്വഭാവം കാണാം. ആദ്യത്തെ രണ്ടു ചിത്രങ്ങൾ (സി.ബി.ഐ ഡയറിക്കുറിപ്പ്, ജാഗ്രത) യഥാക്രമം 1988ലും 1989ലും റിലീസ് ആയി. പിന്നീട് 15 വർഷങ്ങൾക്കുശേഷം മൂന്നും നാലും ചിത്രങ്ങൾ (സേതുരാമയ്യർ സി.ബി.ഐ, നേരറിയാൻ സി.ബി.ഐ) യഥാക്രമം 2004ലും 2005ലും റിലീസ് ആയി. കോവിഡ്കാലനിയന്ത്രണങ്ങൾ കാരണമാവണം പിന്നീട് ക്രമദീക്ഷ തെറ്റിയത്. 2020ൽ ഇറങ്ങേണ്ടിയിരുന്ന അഞ്ചാംഭാഗം 2022ൽ ആണ് ഇറങ്ങിയത്. ഇനിയൊരു ആറാംഭാഗം ഉണ്ടാകാമെന്ന സൂചനയിലാണ് അഞ്ച് അവസാനിക്കുന്നത്. താൻ പുറത്തിറങ്ങുമ്പോൾ വകവരുത്തുമെന്നു കൊലയാളി ഭീഷണി മുഴക്കുന്നത് സിനിമയുടെ അവസാനമുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ വീണ്ടും കാണാമെന്ന ധ്വനിയിലാണ് പ്രേക്ഷകാഭിമുഖത്തിൽ അയ്യരുടെ അവസാന ഫ്രെയിം.
സി.ബി.ഐ ചിത്രങ്ങൾ ചിലതിനെ ആവർത്തിക്കുന്നുണ്ടെങ്കിലും കാലാനുസാരിയായ മാറ്റങ്ങൾകൂടി പരിഗണിച്ചാണ് പ്രമേയപരിചരണം നിർവഹിച്ചിരിക്കുന്നത്. CBI 5ൽ അയ്യരുടെ ഔദ്യോഗികവാഹനം ഇന്നോവയാണ് എന്നതുവരെ ശ്രദ്ധിക്കേണ്ടതാണ്. CBI 5: The Brainൽ ശീർഷകംതന്നെ വേറിട്ടുനിൽക്കുന്നു. അയ്യരുടെ ബുദ്ധി മാത്രമല്ല കുറ്റവാളിയുടെ ബുദ്ധിയും അവിടെ ഹൈലൈറ്റ് ചെയ്യപ്പെടുന്നുണ്ട്. ഒരു കടലാസുതുണ്ടിലൂടെ കുറ്റനിർണയം നടത്തുന്ന അയ്യരുടെ ബുദ്ധിപോലെതന്നെ ശ്രദ്ധേയമാണ് നവസാങ്കേതികത ഉപയോഗിച്ച് കൊലപാതകത്തെ സ്വാഭാവികമരണമാക്കുന്ന കുറ്റവാളിയുടെ ബുദ്ധിയും. നിർമിതബുദ്ധിയുടെ കാലം സത്യം, സദാചാരസംഹിത തുടങ്ങിയ സങ്കൽപനങ്ങളാൽ അസ്വസ്ഥമാകുന്നവരുടേതുകൂടിയാണ്. സത്യത്തിന്റെ പ്രാതിനിധ്യമായി സേതുരാമയ്യരെ കണക്കാക്കിയാൽ സിനിമയുടെ അവസാനം അദ്ദേഹത്തിനു നേരേ ഉയർത്തപ്പെടുന്ന വധഭീഷണി പ്രതീകാത്മകമാണെന്നും നിരീക്ഷിക്കാം. യഥാർഥ വില്ലൻ കൊന്നവനാണോ കൊല്ലിച്ചവനാണോ എന്ന പ്രസക്തമായ ചോദ്യവും സിനിമ മുന്നോട്ടു വെക്കുന്നുണ്ട്. ബാസ്കറ്റ് കില്ലിങ്ങുമായി ബന്ധപ്പെട്ട സംശയത്തിന്റെ നിഴലുകൾ പല വ്യക്തികളിലേക്ക് പടരുന്നതും ശ്രദ്ധേയമാണ്. അവിടെയും സംശയിക്കപ്പെട്ട ആരോപണത്തിൽനിന്നുള്ള മോചനം തിന്മയിൽനിന്നുള്ള മോചനമാകുന്നില്ല. പിടിയിലാകുന്ന വ്യക്തി പല പേരുകളിൽ അറിയപ്പെട്ടു എന്നതും നേരത്തേ സൂചിപ്പിച്ച കുറ്റകൃത്യത്തിന്റെ സാമാന്യത എന്ന ആശയം പ്രതിഫലിപ്പിക്കുന്നുണ്ട്. ഇങ്ങനെ നോക്കുമ്പോൾ സിനിമയിൽ സത്യത്തിന്റെ പ്രതിരൂപാത്മകപ്രതിനിധാനം സേതുരാമയ്യരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു എന്നു മനസ്സിലാക്കാം. ഇത് കേവലം തിരക്കഥാകൃത്തിന്റെ ഭാവനയാണെന്നു പറയുകവയ്യ. മലയാളിയുടെ സാംസ്കാരികസ്വത്വം ആവശ്യപ്പെടുന്ന സമഷ്ടിഭാവനയാണ്.
കൾട്ട് സിനിമയുടെ അവിഭാജ്യഘടകമാണ് താരപരിവേഷം. സി.ബി.ഐ ചിത്രങ്ങളിൽ മുഖ്യ അന്വേഷകനായി മറ്റൊരു അഭിനേതാവിനെ സങ്കൽപിക്കാൻപോലുമാവാത്ത വിധത്തിൽ മമ്മൂട്ടി എന്ന നടന്റെ താരപദവി സ്വാധീനമായിത്തീർന്നിട്ടുണ്ട്. സി.ബി.ഐ ചിത്രമല്ലാതിരുന്നിട്ടുകൂടി യവനികയിലെ ജേക്കബ് ഈരാളി എന്ന പൊലീസ് ഉദ്യോഗസ്ഥനെ മമ്മൂട്ടി അവതരിപ്പിച്ചപ്പോഴും സാധാരണവേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. '82ൽ ഇറങ്ങിയ 'യവനിക'യിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ ചില മാനറിസങ്ങൾ പഴയ തലമുറയിലെ മലയാളിപ്രേക്ഷരുടെ ഓർമയിൽ ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ടാവണം. ഡയറിക്കുറിപ്പിനു ശേഷം '89ൽ ഇറങ്ങിയ 'ഉത്തര'ത്തിലെ പത്രപ്രവർത്തകനിലും അയ്യരുടെ ചില ശൈലികളുണ്ട്. കൈ പിന്നിൽ കെട്ടി നിൽക്കുന്ന ഷോട്ടുപോലും അതിലുണ്ട്. സി.ബി.ഐ ചിത്രങ്ങളിൽ ഇത്തിരി കാർക്കശ്യം കുറഞ്ഞ പെരുമാറ്റം പ്രകടമാണെന്നു മാത്രം. പൂർവഭാരത്തിൽനിന്നുള്ള മോചനം സിനിമയിൽ അസാധ്യമാണെന്ന തിരിച്ചറിവ് പ്രതിഭാധനരായ ചലച്ചിത്രകാരന്മാർക്കെല്ലാമുണ്ട്. 'കാഞ്ചനസീത'യിൽ പ്രശസ്ത അഭിനേതാക്കളെ ഒഴിവാക്കാൻ അരവിന്ദൻ കൂട്ടാക്കിയത് അതുകൊണ്ടാണ്. അതായത് താരശരീരം ഒരിക്കൽ നിർമിച്ചെടുത്ത പരിവേഷം സിനിമാകാഴ്ചയെ നിയന്ത്രിക്കുമെന്നതിനാൽ സംവിധായകന് സിനിമയുടെ രചയിതാവാകാൻ പൂർണമായും കഴിയാതെവരുന്നു. അവിടെയാണ് മമ്മൂട്ടിച്ചിത്രം, രജനിപ്പടം തുടങ്ങിയ പ്രയോഗങ്ങൾ ഉണ്ടായിവരുന്നത്. സി.ബി.ഐ ചിത്രങ്ങളിൽ മമ്മൂട്ടിയെ അനിവാര്യനാക്കുന്ന സാഹചര്യം ഇതാണ്. അല്ലാതെ അഭിനയപാടവം അവിടെ നിയാമകമാകുന്നില്ല. പ്രത്യേകിച്ച് കുറ്റാന്വേഷണസിനിമകളിൽ അന്വേഷണ ഉദ്യോഗസ്ഥന് അഭിനയത്തിനുള്ള സാധ്യത പരിമിതമായിരിക്കും. ബൗദ്ധികമായ പെരുമാറ്റത്തിനാണ് അവിടെ പ്രസക്തി. എങ്കിലും ആദ്യത്തെ സി.ബി.ഐ ചിത്രം യഥാർഥത്തിൽ നടന്ന പോളക്കുളം കേസിനെ ആധാരമാക്കിയുള്ളതായിരുന്നതിനാൽ അതുവഴി സിനിമക്കു കിട്ടിയ ചരിത്രമൂല്യത്തിന്റെ ആനുകൂല്യം പിന്നീടുള്ള പരമ്പരകൾക്കും അന്വേഷണനായകനും ജനകീയപരിഗണന നൽകിയിട്ടുണ്ട്. താനും ചരിത്രത്തിന്റെ ഭാഗമാകുന്നു എന്ന ബോധം പ്രേക്ഷകനിൽ ഉളവാക്കുന്ന കൾട്ടിക് സ്വത്വനിർണയം ഇവിടെ സാധ്യമാകുന്നു. ആകെക്കൂടി നോക്കുമ്പോൾ ഒന്നിലധികം തലമുറയുടെ ചലച്ചിത്രഭാവുകത്വത്തോട് ഇടപെടാൻ സി.ബി.ഐ ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അവിടെ കെ. മധുവിന്റെയും സ്വാമിയുടെയും ശ്യാമിന്റെയുമെല്ലാം സംഭാവനകൾ അനുസ്മരിക്കപ്പെടുമ്പോഴും ചിത്രത്തിന്റെ മുഖ്യബിംബമായി അവതരിക്കപ്പെട്ടത് മമ്മൂട്ടി എന്ന ബ്രാൻഡ് ആണ്.
CBI 5: The Brain ന്യൂജൻ കാലത്തെ പഴഞ്ചൻചിത്രമാണോ എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാൽ സിനിമയുടെ പ്രമേയം ഇടപെടാനാഗ്രഹിക്കുന്നത് ചിരസ്ഥായിയായ ചില വാസനകളോടാണ്. സാധാരണത്തിലെ അസാധാരണത്വവും അസാധാരണത്തിലെ സാധാരണത്വവും സാമാന്യതയിലെ അസാമാന്യതയും അസാമാന്യതയിലെ സാമാന്യതയുമെല്ലാം സ്വാഭാവികമായ ജീവിതസന്ദർഭങ്ങളിലൂടെ അവതരിപ്പിക്കുന്നു എന്നതാണ് സി.ബി.ഐ ചിത്രങ്ങളുടെയെല്ലാം പൊതുവായ പ്രത്യേകത. ഈ സ്വാഭാവികത സേതുരാമയ്യരുടെ മിതത്വത്തിൽ പ്രകടമാണ്. വർധമാനമായ ബുദ്ധിയിലൂടെ ഇത് സന്തുലനം ചെയ്യപ്പെടുന്നു. ഇങ്ങനെ സേതുരാമയ്യർ ഒരു പുതിയ കൾട്ടിക് കർതൃത്വമായി ഉയർത്തപ്പെടുന്നു. മലയാളിപുരുഷകാമനയിൽ ഇത്തരമൊരു കർതൃത്വത്തോടുള്ള അഭിവാഞ്ഛ നിർമിച്ചെടുക്കാൻ സാധിച്ചു എന്നതും സി.ബി.ഐ സിനിമകളുടെ കൾട്ടിക് വൈഭവമായി കണക്കാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.