എന്തു ഭക്ഷണം കഴിക്കണം എന്നത് വ്യക്തികളുടെ ചോയ്സാണ്. ആ ചോയ്സ് പലപ്പോഴും പലതരത്തിൽ വിചിത്രവുമാണ്. ഇവിടെ ഭക്ഷണത്തിെൻറയും കഴിക്കുന്നവരുടെയും വേറിട്ട അവസ്ഥകൾ വിവരിക്കുന്നതിനൊപ്പം പുസ്തകങ്ങളിലും സാഹിത്യത്തിലും ഭക്ഷണം ആവിഷ്കരിക്കപ്പെട്ട രീതികളെക്കുറിച്ചും എഴുതുന്നു.
''ഇയാളുടെ അടുത്തുനിന്നാണോ നിങ്ങൾ ഇറച്ചി വാങ്ങുന്നത്?
തൂക്കമൊപ്പിക്കാൻ ആട്ടിറച്ചി ചേർക്കുന്ന കക്ഷിയാണ്. നിങ്ങൾ പറ്റിക്കപ്പെടും.
ആട്ടിറച്ചി?
അതെ, ആട്ടിറച്ചിതന്നെ.
മായം ചേർക്കാത്ത ഇറച്ചി ഞാൻ വാങ്ങിച്ചു തരാം. എെൻറയൊപ്പം പോരൂ.
അല്ല, അതു പിന്നെ...
എന്താ?
ഞാൻ ഇറച്ചി മാർക്കറ്റ് കാണാൻ വന്നതാണ്, വാങ്ങാനല്ല.''
നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയിലെ ഇറച്ചി മാർക്കറ്റിലാണ് കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു നാഗയുമായി മേൽപറഞ്ഞ സംഭാഷണമുണ്ടായത്. പട്ടിയിറച്ചി വിൽക്കുന്ന ആ മാർക്കറ്റിൽ അതു കാണാനായി മാത്രം പോയതായിരുന്നു ഞാൻ. പട്ടിയിറച്ചിക്കാണ് അവിടെ ഏറ്റവും കൂടുതൽ വില. പരിചയക്കാരല്ലാത്തവരെ പറ്റിക്കാൻ പട്ടി ഇറച്ചി തൂക്കിക്കൊടുക്കുന്നതിനിടയിൽ ആട്ടിറച്ചി കഷണങ്ങൾ ചേർത്ത് അളവ് ഒപ്പിക്കും, പട്ടി ഇറച്ചി കുറക്കും. ഇതാണ് നാഗ എനിക്കു നൽകിയ മുന്നറിയിപ്പ്. തൂക്കമൊപ്പിക്കാൻ ചേർക്കുന്നത് ആട്ടിറച്ചി. മലയാളിക്ക് ഒരുപക്ഷേ ഒരു നിലക്കും മനസ്സിലാക്കാൻ കഴിയാത്ത യുക്തിയാണത്. നാഗകളെ സംബന്ധിച്ച് ലളിതം. ആട്ടിറച്ചിക്ക് പട്ടിയിറച്ചിയുടെ പകുതി വിലയേയുള്ളൂ.
ഈ സംഭാഷണവും ഓർമയും നാഗകളുടെ ഭക്ഷണസംസ്കാരത്തിലേക്ക് ഒരിക്കൽകൂടി നയിക്കുന്നു. പിന്നീട് നാഗ ഗ്രാമങ്ങളിലൂടെ അലയുമ്പോൾ അറുക്കാനായി വളർത്തുന്ന പട്ടികളെ പല വീടുകളിലും കണ്ടു. ഇറച്ചിക്കായി പട്ടികളെയും നായ്ക്കളെയും ഇറക്കുമതി ചെയ്യുന്ന രീതിയും അവിടെയുണ്ട്. 2020 ആഗസ്റ്റിൽ നായ് ഇറച്ചി നിരോധിച്ച് നാഗാലാൻഡ് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. നായ് ഇറക്കുമതിയും നിരോധിച്ചു. ജനങ്ങൾ ഇത് ഒട്ടും വകവെച്ചില്ല. നിയമം ലംഘിച്ച് അവർ ഭക്ഷണശീലം തുടരുന്നതായി അവിടെനിന്നുള്ള സുഹൃത്തുക്കൾ അറിയിക്കുന്നു. ചൈനയിെല വൂഹാനിലെ വെറ്റ്മാർക്കറ്റിൽനിന്നുമാണ് കൊറോണയുടെ പൊട്ടിപ്പുറപ്പെടലുണ്ടായതെന്ന കണ്ടെത്തലാണ് നാഗാലാൻഡിലെ പട്ടിയിറച്ചി നിരോധനത്തിന് പിന്നിലെന്ന് പറയുന്നു.
ബീഫ് നിരോധനംപോലെ, ബീഫ് തിന്നുന്നവരെ തല്ലിക്കൊല്ലുന്നതുപോലെ മാത്രമേ ഞങ്ങൾക്കിതിനെ കാണാനാവൂ -മറ്റുള്ളവരുടെ ഇഷ്ടവും അനിഷ്ടവും മറ്റൊരു കാര്യം, ഞങ്ങളെ സംബന്ധിച്ച് ഇത് നാഗ സംസ്കാരത്തിെൻറ ഭാഗമാണ്. ഓരോ സമൂഹത്തിനും അവരുടെ ഭക്ഷണസംസ്കാരം വളരെ പ്രധാനപ്പെട്ടതാണ്. അതിെൻറ പേരിൽ വെറുപ്പുൽപാദിപ്പിക്കുന്ന രീതി, ആരുടെ ഭാഗത്തുനിന്നാണെങ്കിലും അംഗീകരിക്കാനാവില്ല -നാഗ സുഹൃത്ത് ഫോണിൽ പറഞ്ഞു.
ഇപ്പോൾ, മഞ്ഞുകാലത്തിെൻറ തുടക്കത്തോടെ നാഗ ഗ്രാമങ്ങളിൽ ഗുസ്തി/പഞ്ച ഗുസ്തി മത്സരങ്ങൾ ആരംഭിച്ചിട്ടുണ്ടാകും. ഗുസ്തിക്കാർ ശരീരം ചൂടാക്കാനായി കഴിക്കുന്ന വിശിഷ്ട ഭോജ്യം പട്ടിയിറച്ചിയാണ്. ചിലയിടങ്ങളിൽ ശരീരം ചൂടാക്കാൻ കോഴിയിറച്ചി തിന്നുന്നതുപോലെത്തന്നെ. ടൂറിസ്റ്റുകൾക്കത് അറപ്പ്/ വെറുപ്പ്/കൗതുക ആശ്ചര്യ രംഗങ്ങൾ മാത്രം.
ഉയർന്ന സിവിൽ ഉദ്യോഗസ്ഥന്മാരുടെ ദേശീയ യോഗത്തിൽ മിസോറംകാരനായ ഒരു ഉദ്യോഗസ്ഥൻ തെൻറ തൊട്ടപ്പുറത്തിരുന്ന നാഗ ഉദ്യോഗസ്ഥനോട് ഒരിടവേളയിൽ ചോദിച്ചു: ''നിങ്ങൾ നാഗകൾ പട്ടിയിറച്ചി കഴിക്കും, അല്ലേ?'' ''കഴിക്കും, നിങ്ങൾ കോഴിയിറച്ചി കഴിക്കുംപോലെ.'' ഭക്ഷണത്തിെൻറ പേരിൽ നടക്കുന്ന എല്ലാ അവഹേളനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും കൊലകൾക്കും നേരെയുള്ള ഏറ്റവും അർഥവത്തായ പ്രതികരണമാണിത്. ഈ ഭക്ഷണശീലം നാഗന്മാർക്ക് ലഭിച്ചത് ചൈന-ബർമ കുടിയേറ്റ പാതയിൽനിന്നാണ്. ചില പ്രിയ ഭക്ഷണശീലങ്ങൾക്ക് കുടിയേറ്റ പാതകളുമായി അടുത്ത ബന്ധമുണ്ട്.
ഓഷ്വിറ്റ്സിൽനിന്ന് നിറഞ്ഞ തീന്മേശയുമായി ജീവിതം കെട്ടിപ്പടുത്ത മോം
നാലു മാസം മുമ്പ് കാനഡയിലുള്ള സുഹൃത്ത് എഴുതി: ''മോം മരിച്ചു. 96 വയസ്സായിരുന്നു.'' സുഹൃത്തിെൻറ സഹപ്രവർത്തകെൻറ അമ്മയാണ് മോം. മകൻ അവരുടെ പേര് ഇതുവരെയും സ്വകാര്യതയുടെ പേരിൽ പങ്കുവെച്ചിട്ടില്ല. അയാളുടെ അമ്മ (മോം) ഓഷ്വിറ്റ്്സിലെ തടങ്കൽ പാളയത്തിലടയ്ക്കപ്പെട്ടിരുന്നു. ഒടുവിൽ ജീവനോടെ രക്ഷപ്പെട്ടു. പുറത്തുവന്നപ്പോൾ പോളണ്ടിലെ ജന്മഗ്രാമത്തിലേക്ക് മടങ്ങാൻ അവർ ഭയന്നു. കാനഡ തെരഞ്ഞെടുത്തു. അങ്ങനെ പിൽക്കാലത്ത് സ്വന്തം ജീവിതം കെട്ടിപ്പടുത്തു. വിവാഹിതയായി. അമ്മയായി. മകൻ അമ്മയെക്കുറിച്ച്് അധികം സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല. മറക്കേണ്ട ജീവിതഭീകരത എന്നാണ് അയാൾ അമ്മ കടന്നുവന്ന വഴിയെക്കുറിച്ചു പറയുക. പക്ഷേ, ഒരിക്കൽ മാത്രം അമ്മയുടെ ഒരു ശീലത്തെക്കുറിച്ച് അയാൾ സഹപ്രവർത്തകരോട് പറഞ്ഞു. വീട്ടിൽ അതിഥികൾ വരുന്ന ദിവസങ്ങളിൽ തീന്മേശ നിറയെ സാധനങ്ങൾ കൊണ്ടുവന്നു നിറക്കുന്ന അമ്മയുടെ രീതിയെക്കുറിച്ച് കാനഡയിലെ രീതി അനുസരിച്ച് വീട്ടിൽ അതിഥികൾ വരുക എന്നാൽ രണ്ടോ ഏറിയാൽ മൂന്നോ പേർ ആയിരിക്കും. അത്രയും പേർക്ക്് ഒരു മേശ നിറയെ ഭക്ഷണവിഭവങ്ങൾ എന്നാൽ ഭക്ഷണധൂർത്ത് എന്ന് മിതമായി പറയാം. അതിഥികൾ ആ അമ്മയോട് എപ്പോഴും ചോദിക്കും, എന്തിന് ഇത്രയധികം ഭക്ഷണസാധനങ്ങൾ? ആ ചോദ്യം ഉയരുമ്പോൾ അവർ വിങ്ങാൻ തുടങ്ങും. പിന്നെ കരയാനും. ഒരു തുള്ളി കുടിവെള്ളത്തിനും ഒരു കഷണം ബ്രഡിനും വേണ്ടി ഓഷ്വിറ്റ്സിൽ നരകയാചന നടത്തിയിരുന്ന ഓർമ അതിഥികൾ വരുന്ന വേളയിൽ അവരെ വേട്ടയാടാൻ തുടങ്ങും (ഗ്യാസ് ചേംബറിലേക്കുള്ള വഴിയിൽനിന്ന് രക്ഷപ്പെട്ടതുകൊണ്ടു മാത്രം ഈ മനുഷ്യകഥ പറയാൻ അവർ ബാക്കിയായി). അതിഥികൾക്ക് ഒന്നിെൻറയും കുറവ് തോന്നാതിരിക്കാനാണ് മേശ നിറയെ അവർ ഭക്ഷണം നിരത്തിയിരുന്നത്. ഭക്ഷണത്തെക്കുറിച്ചുള്ള ഓർമതന്നെ ഒരു േട്രാമയായി അവരെ ജീവിതകാലം മുഴുവൻ വേട്ടയാടി. ഭക്ഷണം തികയാതെപോവുക എന്ന ഭീതി അവരുടെ ശീലങ്ങളെ, സ്വഭാവത്തെ, മനോനിലയെത്തന്നെ മറ്റൊന്നാക്കി മാറ്റി. എങ്കിലും ഭക്ഷണവെറുപ്പിെൻറ വക്താക്കൾ ചോദിക്കുമായിരിക്കും എന്തൊക്കെയായിരുന്നു അവരുടെ തീന്മേശയിലുണ്ടായിരുന്നത്, മെനു?
കുരുമുളകും ബഷീറിെൻറ 'ടൈഗറും' ഓർമിപ്പിക്കുന്നത്
മലബാറിൽ കുരുമുളകില്ലായിരുന്നെങ്കിൽ ഒരുപക്ഷേ കോളനിവത്കരണത്തിെൻറ, അധിനിവേശങ്ങളുടെ ഇത്രയും ഭീകരമായ ചരിത്രം ഉണ്ടാകുമായിരുന്നില്ല. ഡച്ചുകാരും ഫ്രഞ്ചുകാരും പോർചുഗീസുകാരും ബ്രിട്ടീഷുകാരും ആദ്യം വന്നത് കുരുമുളക് തേടിയായിരുന്നു. യൂറോപ്പിനു വേണ്ടത്, എന്നാൽ അവിടെ ഒട്ടുമില്ലാത്തത് അതായിരുന്നു- കുരുമുളക്. കുരുമുളക് വേട്ടക്കാർ മലബാറിെൻറ ചരിത്രം എവ്വിധം രക്തക്കടലാക്കി മാറ്റി എന്നതിെൻറ നിരവധിയായ തെളിവുകൾ അടുത്തകാലത്ത് പുറത്തുവന്നുകൊണ്ടിരിക്കുന്നു. കുരുമുളകിൽ തുടങ്ങിയ ആ വിഭവവേട്ട പിന്നീട് മറ്റുപല വസ്തുക്കളിലേക്കും പടർന്നു. മലബാർ യൂറോപ്യരാൽ അതിമാരകമായി കൊള്ളയടിക്കപ്പെട്ടു. ഭക്ഷണവും ഹിംസയും തമ്മിലുള്ള ബന്ധത്തിെൻറ ചരിത്രം കോളനികാലത്തിൽനിന്നാണ് പഠിച്ചുതുടങ്ങേണ്ടത്. ഇന്ത്യൻ മഹാസമുദ്ര പ്രദേശങ്ങളിൽ കുരുമുളക് ഉണ്ടായിരുന്നത് മലബാറിലും കിഴക്കനാഫ്രിക്കയിലെ സാൻസിബാറിലുമായിരുന്നു. സാൻസിബാറുകാർ കുരുമുളക് കൃഷി വാണിജ്യനിലയിൽ നടത്തിയില്ല. അവരുടെ ശ്രദ്ധയും താൽപര്യവും ഗ്രാമ്പൂ കൃഷിയിലായിരുന്നു (ഇക്കാര്യം ഡോ. മൈക്കിൾ തരകെൻറ ഒരു പ്രസംഗത്തിൽനിന്നുമാണ് മനസ്സിലാക്കുന്നത്). അതിനാൽ മലബാർ മാത്രമായി ഇന്ത്യൻ മഹാസമുദ്ര പ്രദേശത്തെ ഏക കുരുമുളക് റിപ്പബ്ലിക്. കുരുമുളക് പാതയിൽനിന്നാണ് ഹിംസയുടെ ഏറ്റവും ഭീകരമായ ചരിത്രസന്ദർഭങ്ങൾ പിറന്നത്. അധിനിവേശത്തിെൻറ പ്രത്യയശാസ്ത്രം കഴിഞ്ഞ ചില നൂറ്റാണ്ടുകളിലൂടെ പതിയെ പതിയെ രാഷ്ട്രീയ ഹിംസയിലേക്ക് വികസിച്ചതിെൻറ തെളിവുകളും അനുരണനങ്ങളുമാണ് ഇന്ന് ഇന്ത്യയിലും കേരളത്തിലും നടന്നുകൊണ്ടിരിക്കുന്ന ഭക്ഷണവെറുപ്പടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അധിനിവേശങ്ങളുടെ ചരിത്രം അതാണ്, അത് ഉപേക്ഷിച്ചിട്ടു പോകുന്ന ചില രോഗാതുരതകൾ പിൽക്കാലത്തും ആ ജനതയെ ഒരു നിലയിലല്ലെങ്കിൽ മറ്റൊരു നിലയിൽ വേട്ടയാടിക്കൊണ്ടിരിക്കും.
ഭക്ഷണഹിംസയെക്കുറിച്ചോർക്കുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിെൻറ 'ടൈഗർ' എന്ന വിഖ്യാത കഥയാണ് എളുപ്പം ഓർമയിലേക്കു വരുക. തടവുകാരുടെ ചോറും അവരുടെ കാൽവെള്ളയിൽനിന്നും ചൂരലടിയാൽ ചീറ്റുന്ന മനുഷ്യച്ചോരയുമായിരുന്നു ആ നായുടെ ഭക്ഷണം. കഥയുടെ അവസാനത്തിൽ ബഷീർ എഴുതുന്നു:
പോലീസ് ഇൻസ്പെക്ടർ അവനെ വെളിയിലിറക്കി. ഒരു മോഷണക്കേസിൽ പ്രതിയാണ്. ഇൻസ്പെക്ടർ ആദ്യമായി അവെൻറ മുഖമടച്ച് ഒന്നിടിച്ചു. തുടർന്നൊരു ചവിട്ടും. അവൻ വീണത് കമിഴ്ന്നടിച്ചാണ്. പുറത്തു തുരുതുരെ ചവിട്ടി. ഒടുവിൽ അവനെ വലിച്ചു പൊന്തിച്ചു. വായിൽനിന്ന് ചോര. നിലത്തൊരു പല്ല്. പപ്പടവട്ടപ്പാട് ചോരയും.
ആ കാഴ്ച നാൽപത്തിയഞ്ച് തടവുകാരും ഒമ്പതോളം പോലീസുകാരും ടൈഗറും കണ്ടതാണ്. നിലത്തു കിടന്ന ചോര ടൈഗർ നക്കി നക്കി ഉണക്കി. ഇൻസ്പെക്ടർ ചോദിച്ചു: മറ്റവനേതെടാ. പക്ഷേ അവൻ പറഞ്ഞില്ല. പറയുകയില്ലേ? അവെൻറ കാലു രണ്ടും കമ്പിയഴികളുടെ ഇടയിലൂടെ വെളിയിലിട്ടു കെട്ടി. കാൽവെള്ളകളിൽ ചൂരലുകൊണ്ട് ആഞ്ഞാഞ്ഞടിച്ചിട്ടും അവൻ പറഞ്ഞില്ല. കാൽവെള്ളകൾ പൊട്ടി പൊട്ടി ചോര ചിതറിയിട്ടും അവൻ പറഞ്ഞില്ല. അവെൻറ ബോധം കെട്ടു പോയിരുന്നു. അതുകൊണ്ടായിരുന്നു ടൈഗർ അവെൻറ കാൽവെള്ളകളിലെ മുറിവുകളിൽ പരുപരുത്ത നാവുകൊണ്ട് നക്കിയിട്ടും അവൻ അനങ്ങാതെ കിടന്നത്. 'ഭക്ഷണഹിംസയെ' മലയാള സാഹിത്യത്തിൽ ഇവ്വിധം എല്ലാ കാലത്തേക്കുമായി അവതരിപ്പിച്ച മറ്റു സന്ദർഭങ്ങൾ അധികമുണ്ടാകാനിടയില്ല. ഗവൺമെൻറ് ടൈഗറാണെന്ന് ആ കഥ നിസ്സംശയം പറയുന്നുണ്ടല്ലോ. ഒരു പീഡനാവസ്ഥയിൽ ഭക്ഷണം എന്ന സങ്കൽപംതന്നെ എങ്ങനെ മാറിമറിയുന്നുവെന്ന് ഭക്ഷണക്കൊലകളുടെ ഇക്കാലത്ത് ടൈഗർ മറ്റൊരു നിലയിൽ അഭിമുഖീകരിക്കുന്നതായി ഇന്നാ കഥ വായിക്കുമ്പോൾ മനസ്സിലാക്കാം.
ബംഗാൾ ക്ഷാമകാലത്ത് (ആ ക്ഷാമവും അഞ്ചു മില്യൺ ജനങ്ങളുടെ പട്ടിണിമരണവും മനുഷ്യനിർമിതമായിരുന്നു) മര/ചെടിത്തൊലികളായിരുന്നു പ്രധാന ഭക്ഷണമെന്ന് പല ചരിത്രകാരൻമാരും രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗാളി സാഹിത്യത്തിലും ഇതേ അടയാളപ്പെടുത്തൽ കാണാം. തൊലികളിലെ വിഷാംശം (കട്ട്) കളയാൻ തിളപ്പിച്ചാണ് തൊലികൾ മനുഷ്യർ തുടക്കത്തിൽ കഴിച്ചിരുന്നത്. പിന്നെ പിന്നെ തിളപ്പിക്കാനുള്ള വിറകും കിട്ടാതായി. തൊലി അങ്ങനെത്തന്നെ തിന്നാൻ മനുഷ്യർ നിർബന്ധിതരായി. 1921ൽ മലബാർ സമരകാലത്തെ നാട്ടിലെ ദാരിദ്യ്രത്തിെൻറ ചിത്രം അന്നത്തെ ഒരു പത്രം പ്രസിദ്ധീകരിച്ചത് ഓർമയിൽ വരുന്നു. മലപ്പുറം-പാലക്കാട് ജില്ല അതിർത്തിയായ എടത്തനാട്ടുകരയോടു ചേർന്ന പ്രദേശങ്ങളിൽ കരിമ്പനയുടെ ചോറ് മനുഷ്യർ തിന്നുന്നതിനെക്കുറിച്ചാണത്. കരിമ്പന മുറിച്ചാൽ അതിനുള്ളിലെ കരിമ്പനച്ചോറ് ശേഖരിക്കാനായി ജനങ്ങൾ കൂട്ടത്തോടെ വരും. കൊണ്ടുപോയി വേവിച്ചും പച്ചക്കും തിന്നും. മറ്റൊന്നും തിന്നാനില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. വീടുപണിക്കോ തടിയുടെ മറ്റാവശ്യങ്ങൾക്കോ വേണ്ടിയാണ് കരിമ്പന ആദ്യമൊക്കെ മുറിച്ചിരുന്നത്. എന്നാൽ പിന്നീട് വിശപ്പു മാറ്റാനായി. അങ്ങനെ കരിമ്പനകൾ ഒന്നൊന്നായി മുറിച്ചു മാറ്റി. ആ പത്രവാർത്ത അവസാനിക്കുന്നത് ഇതുമൂലം ആ പ്രദേശത്ത് കരിമ്പനകൾക്ക് വംശനാശം സംഭവിച്ചു എന്ന പരാമർശത്തോടെയാണ്. ഭക്ഷണവെറുപ്പ് / ഹിംസയുടെ വക്താക്കൾ ഈ ചരിത്രങ്ങൾകൂടി മനസ്സിലാക്കണം.
സദ്യവട്ടങ്ങളെക്കുറിച്ച് ഒരു ഹുക്കുംനാമാവ്
കൊല്ലവർഷം 969ൽ തൃശ്ശിവപേരൂർ വിളംബരം നടക്കേണ്ടും പ്രകാരത്തിനെഴുതിവെച്ച ഒരു ഹുക്കുംനാമാവ് (രാജകീയ ശാസനം) ആണ് ചുവടെ ചേർക്കുന്നത്. അക്കാലത്തെ ഉൗണിെൻറ വിഭവങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഈ േരഖ വായനക്കാർക്ക് കൗതുകകരമായിരിക്കും.
പഴയന്നൂരമ്മ തുണ
തൃശ്ശിവപേരൂര വെളംബരം 969-ാം ആണ്ട് ചിങ്ങമാസം ഒന്നാം തീയതി മുതൽക്കു നടക്കൊണ്ടും പ്രകാരത്തിന് തൃപ്പൂണിത്തുറെ തെക്കേ കോവിലകത്ത് എഴുന്നള്ളി ഇരുന്നരുനേടത്ത് തിരുമുമ്പാകെ വെച്ച എഴുതിയ ഹുക്കുംനാമാവിെൻറ പെർപ്പ.
തൃശ്ശിവപേരൂര ഈട്ടിന്ന ഒരു ദിവസം മൊർക്കാളനും പിറ്റേദിവസം പുളിങ്കുറിക്കും പിറ്റേ ദിവസം എരിശ്ശേരിയും പിറ്റേദിവസം നല്ല വണ്ണം ഒരു കൂട്ടുകറിയും ഒരു മുളകു വെള്ളവും ഇതും വണ്ണം നന്നാലുദിവസം കൂടുമ്പോൾ മാറിമാറി വെച്ചുകൊള്ളണം. അതേത കൂട്ടാനവറുക്കെണ്ട. സാധനങ്ങൾ കരിഞ്ഞുപോകാതെ വറുത്ത കൂട്ടക്കൊള്ളണം. ചുക്കുവെള്ളത്തിന മുതിരപ്പരിപ്പും ചീരകവും ചുക്കും ഇട്ട നല്ലുണ്ണം ചുക്കുവെള്ളവും ഉണ്ടാക്കിക്കൊള്ളണം. നല്ല വാഴക്കകൊണ്ട ഒരു കൂട്ടം വറുത്ത് ഉപ്പേരിയും അച്ചിങ്ങ ഉള്ള കാലങ്ങളിൽ അച്ചിങ്ങയും വാഴക്കയും അച്ചിങ്ങയില്ലാത്ത കാലങ്ങളിൽ വഴുതിനങ്ങയും വഴുതിനങ്ങ ഇല്ലാത്ത കാലങ്ങളിൽ ചക്കക്കുരുവും വാഴക്കയും കൊണ്ടിപ്രകാരം ഒരു കൂട്ടം മെഴുക്കുപെരട്ടിയ ഉപ്പേരിയും ഉണ്ടാക്കി ദിവസവും മൊടങ്ങാതെ വെളമ്പണം. വടുകപ്പുളി നാരങ്ങകൊണ്ട് ഒരു കൂട്ടം നാരങ്ങാക്കറിയുണ്ടാക്കി ആയതും ദിവസവും വെളമ്പണം. ചങ്ങലംപരണ്ടയും പുളിയും കപ്പല മുളകുംകൊണ്ട ഒരു കൂട്ടം ചമ്മന്തിയും ഉണ്ടാക്കി വെളമ്പണം. ചെറുനാരങ്ങ എങ്കിലും ഉപ്പിലിട്ട ഇഞ്ചി എങ്കിലും നെല്ലിക്ക എങ്കിലും കണ്ണിമാങ്ങ എങ്കിലും ഉപ്പുമാങ്ങയെങ്കിലും മാറി മാറി വിളമ്പണം. ഇതിലേതാണ വളരെ അപ്രദേശത്ത് ഉള്ളത എന്നു വെച്ചാൽ ആയത അതെത കാലാകാലങ്ങളിൽ ആളയച്ചു വരുത്തിച്ച് ഉപ്പിൽ ഇടുവിപ്പിച്ച് ഒരു കൂട്ടം എങ്കിലും മൊടങ്ങാതെ വെളമ്പിച്ചു കൊള്ളണം. ഉൗട്ടിന്ന നല്ല മൊര വെളമ്പണം. ആ വകക്കു 25 പശുവും 2 ഒടക്കാത്ത കാളയും കറവ ഉള്ളതിൽ 5 എരുമയും തന്നിരിക്കകൊണ്ട് പശുവിന് നല്ല പുല്ലും വൈക്കോലും വെള്ളവും കൊടുത്ത് നല്ലവണ്ണം കറന്ന് കാച്ചി നല്ല മൊര ഉണ്ടാക്കി വെളമ്പണം. ആ വക മുരകൊണ്ടു തന്നെ പൊര എന്നു വരികിൽ വാറെടുത്തും ആളയച്ച് നല്ല മൊര വരുത്തി വെളമ്പണം. പശുക്കൾക്ക് ഉൗട്ടുന്ന വെക്കുന്ന കഞ്ഞി വാർത്ത ആയതും അരികഴുകുന്ന കാടിയും നെല്ലുകുത്തുന്ന തവടും ഒരു പണത്തൊളമെങ്കിലും ഒരു വകയും കൊടുത്തുവെന്നു വരാതെ വെളമ്പൻ ശൊധന ചെയ്ത ഇടുപ്പിച്ച പശുവിനും കാളക്കും എരുമക്കും കൊടുപ്പിച്ചു കൊള്ളണം. പശുക്കളേയും മറ്റും നറുത്തെണ്ടുന്നതിന്ന ഈടുപുക്കെന്ന 20 കൊൽ ദൂരത്ത് മൂന്നു മുറിയായിട്ട് ഒരു തൊഴുത്തുണ്ടാക്കണം. കള്ളൻമാരൊ വ്യാഘ്രങ്ങളൊ മറ്റോ വന്ന പശുക്കളേയും കിടാങ്ങളേയും കൊണ്ടു പോഉയർന്ന സിവിൽ ഉദ്യോഗസ്ഥന്മാരുടെ ദേശീയ യോഗത്തിൽ മിസോറംകാരനായ ഒരു ഉദ്യോഗസ്ഥൻ തെൻറ തൊട്ടപ്പുറത്തിരുന്ന നാഗ ഉദ്യോഗസ്ഥനോട് ഒരിടവേളയിൽ ചോദിച്ചു: ''നിങ്ങൾ നാഗകൾ പട്ടിയിറച്ചി കഴിക്കും, അല്ലേ?'' ''കഴിക്കും, നിങ്ങൾ കോഴിയിറച്ചി കഴിക്കുംപോലെ.''കാതെ അഴികെമത്തിൽ ഇടുവിച്ചു കൊള്ളണം. അതിെൻറ സമീപത്ത് 1000 മിതെ കെടവക്കൊലകൊണ്ട 2 തുറുവും ഇടുവിച്ചുകൊള്ളണം. ഉൗട്ടിന്ന നെടിയരി അരി എല്ലോ വെച്ചു വരുന്നത് അതുകൊണ്ട ഈയാണ്ടു മുതൽക്ക് പത്തിന്ന നാലു വീതം പഴയരി വെക്കണമെന്ന് വച്ചിരിക്കക്കൊണ്ട നാലുവീതം നല്ല പഴയരി ആയിട്ടും കുത്തിച്ച വരുത്തി പൂട്ടിന്ന വെപ്പിച്ചുകൊള്ളണം. പഴയരിയുടെ വകക്ക് മൂന്നു മാസത്തേക്ക് വെണ്ടുന്ന നെല്ലുവരുത്തി പുഴുങ്ങി ഒണക്കി പത്താഴത്തിൽ ഇടുവിച്ച് കൊള്ളണം. അരി ഒടുങ്ങുമ്പോൾ നെല്ല എടുത്ത നല്ല പഴയരിയാക്കിട്ട കുത്തിച്ച വരുവെപ്പിച്ചു കൊള്ളണം. അഞ്ചു സദ്യനാൾ എരുപുളിയും പടിത്തരംപോലെ ഉപ്പരിയും പായസവും വിറ്റില അടക്കയും ചന്ദനവും ഇപ്രകാരം അഞ്ച് സദ്യതൊറും കഴിപ്പിച്ചുകൊള്ളണം. ഇപ്രകാരം ഉൗട്ടിന്ന ഒരു ഏറെക്കുറവു കൂടാതെ കഴിപ്പിക്കത്തക്കവണ്ണം വെച്ചിരിക്കകൊണ്ട ഒന്നിനും ഒര എറെക്കുറവു വരാതെ നടത്തിച്ചു കൊള്ളണം. വെളമ്പനും ഉൗട്ടുവെക്കുന്ന പട്ടൻമാർക്കും ഇപ്പൊൾ വച്ചിരിക്കുന്ന അരിയും ശമ്പളവും കൂടാതെ അയ്യത്തഞ്ചു പുത്തൻ കൂടെ കൂട്ടിവെച്ചിരിക്ക കൊണ്ട അപ്രകാരവും ശമ്പളവും പറ്റിക്കൊള്ളണം. പശുക്കളേയും മറ്റും മെപ്പാൻ ഒരു വാലിക്കാരനെ ആക്കി അവന ഒരു നെരം ഉൗട്ടിൽ കഞ്ഞിയും ഒരു നെരം കൊച്ചി നാഴിക്കു നാഴി അരിയും എണ്ണ പണം വകക്കു മാസം 1ക്കു 4 വീതവും കൊടുപ്പിച്ചു കൊള്ളണം (പേജ് 96, 97- ചരിത്രരശ്മികൾ, കേരള സംസ്ഥാന ആർക്കൈവ്സ്).
19ാം നൂറ്റാണ്ടിൽ 1873ൽ ഇറങ്ങിയ ഒരു രാജകീയ ശാസനയുടെ പൂർണരൂപമാണ് മുകളിൽ കൊടുത്തത്. എങ്ങനെയാണ് സദ്യവട്ടം വേണ്ടത് എന്നതിനെക്കുറിച്ചുള്ള രാജകീയ ശാസനം! 'ഭക്ഷണ സദാചാര'ത്തിെൻറ നേർചിത്രം. തീർച്ചയായും രാജകൊട്ടാരങ്ങളിലും സമൂഹത്തിലെ ഉന്നതർക്കിടയിലും നടക്കേണ്ട സദ്യയുടെ സ്റ്റാറ്റസ് കോയാണ് അത്. എന്തൊക്കെയാണുണ്ടാകേണ്ടത് എന്ന് കൃത്യമായി പറയുന്നു. അതിൽ പറയുന്ന എന്തെങ്കിലും കുറഞ്ഞാൽ അത് സദ്യയാകില്ല. തീർച്ചയായും അത് വെജിറ്റേറിയനാണ്. ഇറച്ചിയും മീനും അതിലില്ല. ഇറച്ചിക്കും മീനിനും പ്രവേശനം കിട്ടാത്ത നവോത്ഥാനകാല പന്തി/മിശ്രഭോജനത്തിെൻറ സ്റ്റാറ്റസ്കോ ഒരുപക്ഷേ ഇതേ രാജകീയ ശാസനത്തിൽനിന്നാണോ ഉരുത്തിരിഞ്ഞതെന്ന് അതിെൻറ ചരിത്രം വിശദമായി പഠിക്കുന്നയാൾക്ക് ഇന്ന് തോന്നിയാൽ അതിൽ കുറ്റം പറയാനാകില്ല.
ഈ രാജശാസനം ഇറങ്ങുന്ന കാലത്ത് തീർച്ചയായും കേരളത്തിൽ നോൺ-വെജ് ഭക്ഷണ രീതിയുമുണ്ടല്ലോ. അക്കാലത്തെ നായാട്ടു ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയുന്ന കാര്യം കേരളത്തിൽ നാട്ടുരാജാക്കന്മാർ നേരിട്ടോ അല്ലെങ്കിൽ അവർക്കുവേണ്ടിയോ വേട്ട നടത്തിയിരുന്നതും വേട്ടയിറച്ചി വേവിക്കാൻ പ്രത്യേക അടുപ്പുകൾ ഉണ്ടായിരുന്നുവെന്ന കാര്യവുമാണ്. അതായത് രാജ സദ്യകൾ മറ്റൊന്നായിരുന്നുവെന്നർഥം. അത് ഹുക്കുംനാമാവിനു പുറത്താണ് നടന്നുപോന്നത് എന്ന് മനസ്സിലാക്കാം.
എന്നാൽ ഇന്ന് വെജ്-നോൺ വെജ് കടന്നാക്രമണങ്ങളെ പരിശോധിക്കുമ്പോൾ ഈ രാജകീയ ശാസനം മലയാളിയുടെ അബോധത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്നതായി മനസ്സിലാക്കാം. മോരിനുള്ള പാലിനുവേണ്ടി വളർത്തേണ്ട നാൽക്കാലികളുടെ 'വംശ-ഭക്ഷണ ശുദ്ധി' വരെ ആ ഹുക്കുംനാമാവിലുണ്ട്. എന്നാൽ അതിൽ ഒന്നില്ല, അന്നത്തെ സാധാരണ മനുഷ്യർ എങ്ങനെയാണ് അന്നന്നത്തെ ഭക്ഷണം ഉണ്ടാക്കിയിരുന്നത്, അവരുടെ പാചകക്കുറിപ്പ് എവ്വിധമായിരുന്നു എന്നതിനെക്കുറിച്ചാണ് ഈ രാജശാസനം മൗനംപാലിക്കുന്നത്.
പി. ഭാസ്കരനുണ്ണിയുടെ 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം' ആരംഭിക്കുന്നതുതന്നെ അക്കാലത്തെ കേരളത്തിലെ ഭക്ഷണരീതികളെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങളുമായാണ്. പന്തിയിൽ ഓരോ വിഭാഗവും എവിടെ ഇരിക്കണം, നൽകുന്ന ഭക്ഷണം അനുസരിച്ച് ഓരോരുത്തരുടെ ജാതിയും കുലമഹിമയും എങ്ങനെ മനസ്സിലാക്കാം തുടങ്ങിയ ജാതിയുടെ ഭീതിദമായ വിവരണങ്ങൾ ആ താളുകളിൽ വായിക്കാം. ഭക്ഷണവും വിശപ്പും എന്ന സംഗതിതന്നെ മറന്ന് ഭക്ഷണവും ജാതിയും എന്ന സങ്കൽപത്തിൽ മാത്രം മേഞ്ഞിരുന്നവരാണ് അക്കാലത്തെ കേരളത്തിലെ ഭരണാധികാരികൾ. അവരുടെ പ്രത്യയശാസ്ത്ര അന്തസ്സത്ത ഇന്നത്തെ ഭക്ഷണ ഹിംസയിൽ/ അറപ്പ്് വെറുപ്പുൽപാദനത്തിൽ/ അവമതിപ്പിൽ തെളിഞ്ഞുകാണാം.
'ചിക്കൻ ടിക്ക മസാല' നേടിയ വിജയം
പ്രശസ്ത ചിന്തകൻ സിയാവുദ്ദീൻ സർദാർ ബ്രിട്ടനിലെ ഏഷ്യൻ ഭക്ഷണ-സംസ്കാരത്തെക്കുറിച്ച് പഠിച്ചെഴുതിയ പുസ്തകമാണ് Balti Britain: A Journey Through The British Asian Experience. പ്രധാനമായും ഭക്ഷണത്തെ മുൻനിർത്തി യു.കെയിലെ ഏഷ്യൻ സ്വത്വത്തെ കണ്ടെത്തുന്ന കൃതിയാണിത്. ചിക്കൻ ടിക്ക മസാല യു.കെയിൽ എല്ലാവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്നത് ഏഷ്യൻ സ്വത്വം ഭക്ഷണത്തിലൂടെ യൂറോപ്പിനെ കീഴടക്കിയതിെൻറ ഉദാഹരണമായി അദ്ദേഹം എടുത്തുകാട്ടുന്നു. യു.കെയിലെ ലീസിസ്റ്റർ, ബിർമിങ്ഹാം, ഗ്ലാസ്ഗോ, ബ്രാഡ്ഫോഡ്, ടവർ ഹാംലെറ്റ്സ്, ഓൾഡ് ഹാം എന്നീ നഗരങ്ങളിലെ വിഭിന്ന മതക്കാരും വിശ്വാസക്കാരും സാംസ്കാരിക സന്ദർഭങ്ങളിൽനിന്നുള്ളവരുമായ ഏഷ്യക്കാരെ കാണുകയും അവരിലൂടെ സ്വത്വാനേഷണം നടത്തുകയുമാണ് 2008ൽ ഇറങ്ങിയ ഈ പുസ്തകത്തിൽ സർദാർ ചെയ്യുന്നത്. ഏഷ്യക്കാർ പൊതുവിൽ സ്വീകരിക്കുന്ന 'അറേഞ്ച്ഡ് മാര്യേജ്' പോലുള്ള കാര്യങ്ങളും ഈ അന്വേഷണപരിധിയിൽ വരുന്നുണ്ട്. പുസ്തകത്തിൽ അദ്ദേഹം നടത്തുന്ന പ്രധാന നിരീക്ഷണങ്ങളിലൊന്ന് ഇതാണ്: യൂറോപ്പിെൻറ ഭക്ഷണചരിത്രത്തിലെ ഏറ്റവും വലിയ സ്വാധീനം കിഴക്കുമായുള്ള അതിെൻറ ബന്ധമാണ്. മധ്യകാലത്തെ പാചക പുസ്തകങ്ങൾ വായിച്ചാൽ ഈ കാര്യം മനസ്സിലാക്കാം.
അക്കൂട്ടത്തിൽ ഒരു പാചക പുസ്തകത്തെക്കുറിച്ച് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്: റിച്ചാർഡ് രണ്ടാമൻ രാജാവിെൻറ 200 പാചകക്കാർ തയാറാക്കിയ 196 പാചകക്കുറിപ്പുകളുള്ള 1390ൽ ഇറങ്ങിയ 'The Forme of Cury' എന്ന പുസ്തകം. അതെ Cury എന്ന പഴയ ഇംഗ്ലീഷ് വാക്ക് പാചകം ചെയ്യുക എന്നതിനുള്ള Cuire എന്ന ഫ്രഞ്ച് പദത്തിൽനിന്നാണുണ്ടായത്. അതിൽനിന്നുതന്നെയാണ് Cuisine എന്ന പദവുമുണ്ടായത്. റിച്ചാർഡ് രണ്ടാമെൻറ കാലമാകുമ്പോഴേക്കും അതിനുമുമ്പ് ലഭിക്കുക ദുഷ്കരമായിരുന്ന, വൻവില കൊടുക്കണമായിരുന്ന കുരുമുളക് സമൂഹത്തിലെ മേൽത്തട്ടിലുള്ളവർക്ക് കിട്ടാൻ തുടങ്ങിയിരുന്നു. 'ബൂർഷ്വാ അടുക്കള'കൾ കുരുമുളകിെൻറ സാന്നിധ്യം നിലനിർത്താൻ ശ്രമിച്ചുപോന്നു.
ഇഞ്ചി, കറുവപ്പട്ട, ജാതിക്ക, ഗ്രാമ്പൂ, കച്ചോലം, മല്ലിയില, ജീരകം, ഏലം, പെരുംജീരകം തുടങ്ങിയ വസ്തുക്കൾ കുലീനർക്ക്് വിളമ്പുന്ന ഭക്ഷണത്തിൽ അവരെ ആകർഷിക്കുന്ന കറിക്കൂട്ടുകളായി. സുഗന്ധദ്രവ്യങ്ങളുപയോഗിച്ച് നല്ല എരിവുള്ള മസാലച്ചാറുകളുണ്ടാക്കി. Cury അല്ലെങ്കിൽ Curies എന്ന വാക്ക് ഭക്ഷണത്തെക്കുറിച്ചുള്ള എഴുത്തിൽ ഇംഗ്ലീഷ് ഭാഷയിൽ വളരെ മുമ്പെ, യൂറോപ്യരുടെ ഇന്ത്യൻ ഭക്ഷണവുമായുള്ള ആദ്യ മുഖാമുഖങ്ങൾക്കും മുമ്പെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു.
ചരിത്രത്തിലുടനീളം സമ്പന്നരുടെ രുചി കാണിക്കാനും രേഖപ്പെടുത്താനും പ്രദർശിപ്പിക്കാനും അവർക്ക് സുഗന്ധദ്രവ്യങ്ങളുടെ ധാരാളിത്തം ആവശ്യമായിരുന്നു. സമ്പത്തും അധികാരവും പ്രദർശിപ്പിക്കാനുള്ള അവരുടെ മാധ്യമങ്ങളിലൊന്ന് സുഗന്ധദ്രവ്യങ്ങളുടെ സാന്നിധ്യവും ധാരാളിത്തവുമായിരുന്നു. മധ്യകാല യൂറോപ്പിലെ സമ്പന്നരുടെ പണത്തിെൻറ നല്ലൊരംശം സുഗന്ധദ്രവ്യങ്ങൾക്കും കിഴക്കിെൻറ അസാധാരണത്വം നിറഞ്ഞ വസ്തുക്കൾക്കുമായാണ് ചെലവഴിക്കപ്പെട്ടുപോന്നത്.
ഇത്തരം സാധനങ്ങൾ വാങ്ങാൻ വെള്ളി നാണയം റൊക്കമായി കൈയിൽ വേണമായിരുന്നുതാനും. ഈ നാണയങ്ങൾ ഒരു പരിധിക്കപ്പുറം കിട്ടുക പ്രയാസവുമായിരുന്നു. അതോടെയാണ് യൂറോപ്പിലുള്ളവർ സുഗന്ധദ്രവ്യങ്ങളും മറ്റു വസ്തുക്കളുമടക്കം ലഭിക്കാവുന്ന കടൽപ്പാതയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്. അവരത് സാധ്യമാക്കിയത് വാസ്കോ ഡ ഗാമയുടെ കോഴിക്കോട്ടെ കപ്പലിറക്കത്തോടെയാണ് (പേജ് 33). യൂറോപ്പിെൻറ ഭക്ഷണചരിത്രത്തിൽ കോഴിക്കോടിനുള്ള സ്ഥാനം എന്താണെന്ന് സർദാർ പറഞ്ഞ ഈ കാര്യങ്ങളിൽനിന്നും മനസ്സിലാക്കാം. അതോടൊപ്പം ലോകമെങ്ങും, കിഴക്കും പടിഞ്ഞാറും ഏഷ്യയിലും ആഫ്രിക്കയിലും ഭക്ഷണസംസ്കാരം സഞ്ചരിച്ചതിെൻറ ചരിത്രത്തിലേക്കുകൂടി മറ്റൊരു നിലയിൽ സർദാർ നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയുമാണ്. സഞ്ചാര-പ്രവാസ-കുടിയേറ്റ-അഭയാർഥി പാതകളിലൂടെ ലോകമെങ്ങും പരന്ന ഭക്ഷണസംസ്കാരത്തിലേക്കു കൂടിയുള്ള വാതിലാണ് ഈ അസാധാരണ പുസ്തകത്തിൽ സിയാവുദ്ദീൻ സർദാർ വായനക്കാർക്ക് മുന്നിലേക്കു വെക്കുന്നത്. ഗാമയുടെ വരവിനു മുമ്പ് യൂറോപ്പിലെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും സമ്പന്നർക്കും കുരുമുളക് കിട്ടിയിരുന്നത് എവിടെനിന്നായിരുന്നു എന്ന കൃത്യ വിശദീകരണം ഈ പുസ്തകത്തിലില്ല.
യു.കെയിൽ എല്ലാവരുടെയും പ്രിയ ഭക്ഷണമായി മാറിയ ചിക്കൻ ടിക്ക മസാലയുടെ പ്രധാന കൂട്ട് മലബാറിൽനിന്നുള്ള സുഗന്ധദ്രവ്യങ്ങൾതന്നെയാണ്. ആ മസാലക്കൂട്ടിലെ ചേരുവകൾ കോളനികാലത്തെ മലബാർ-യൂറോപ്പ് പാതയിലൂടെ തന്നെ ഇന്നും യു.കെയിൽ എത്തിച്ചേരുന്നു. അവിടെയുള്ള എല്ലാ ജനവിഭാഗങ്ങളെയും ഒരേപോലെ ആകർഷിച്ച്്് ഒപ്പം നിർത്തുന്നു. ഭക്ഷണം വിജയിക്കുന്നതിെൻറ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് ഈ വിശദീകരണം.
മലബാർ ഭക്ഷണം, കേരള ഭക്ഷണം എന്നു വിളിക്കപ്പെടുന്നവ ഏതെല്ലാം രാജ്യങ്ങളിൽനിന്നും സ്ഥലങ്ങളിൽനിന്നും കൂടി ഇവിടേക്കു യാത്ര ചെയ്ത് എത്തിയതാണെന്നതിനെക്കുറിച്ചുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ഈ വർഷം സാഹിത്യ നൊേബൽ സമ്മാനം ലഭിച്ച അബ്ദുറസാഖ് ഗുർണയുടെ നോവലുകളിലെ ഭക്ഷണത്തെക്കുറിച്ചുള്ള പല പരാമർശങ്ങളും മലബാർ മുസ്ലിം ഭക്ഷണത്തെക്കുറിച്ചുകൂടി ഓർമിപ്പിക്കുന്നുണ്ട്. കിഴക്കനാഫ്രിക്കയിലെ സാൻസിബാറിലെ ഭക്ഷണത്തിന് അറേബ്യയുമായി, യമനുമായി ബന്ധങ്ങളുണ്ടായിരുന്നു. മലബാറിലെ നോൺ-വെജ് ഭക്ഷണത്തിലും ഇതേ ബന്ധങ്ങൾ തന്നെ കണ്ടെത്താം. ഭാഷയും ഭക്ഷണവും പല നാടുകളിൽനിന്നും പലതും സ്വീകരിച്ചാണ് നമുക്കൊപ്പം കഴിഞ്ഞുപോരുന്നതെന്ന് ഓർക്കുക പ്രധാനപ്പെട്ടതാണ്. ശുദ്ധവാദങ്ങൾ നിലനിൽക്കില്ല, കലർപ്പ് എന്ന സത്യത്തിന് മാത്രമേ നിലനിൽപ്പുള്ളൂ. ബാക്കിയെല്ലാം എത്രമേൽ ഹിംസാത്മകത പ്രയോഗിച്ചാലും ചരിത്രത്തിൽ മിഥ്യ മാത്രമായി മാറാൻ ഒട്ടും സമയമെടുക്കില്ല.
വേഗനിസം എന്ന വെജിറ്റേറിയനിസം
യൂറോപ്പിലെ തെരുവുകളിൽ, പ്രത്യേകിച്ചും ജർമനിയിൽ പൊതു ചത്വരങ്ങളിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന വെജിറ്റേറിയൻ പ്രചാരണ സംഘത്തെക്കുറിച്ച് ബെന്യാമിൻ 'മാർകേസ് ഇല്ലാത്ത മക്കൊണ്ടോ' എന്ന യാത്രാവിവരണ പുസ്തകത്തിൽ പറയുന്നുണ്ട്. ബർലിനിലെ ബ്രണ്ടൻബർഗ് ഗേറ്റ് ചത്വരത്തിൽ നടക്കുന്ന പ്രകടനങ്ങളിലൊന്നിനെക്കുറിച്ച് എഴുതുമ്പോഴാണിത്: Anonymous for the Voiceless എന്ന മൃഗാവകാശ പ്രവർത്തകരുടെ ഒരു ടാബ്ലോ പ്രദർശനമായിരുന്നു മറ്റൊന്ന്. 2016ൽ മെൽബണിൽ തുടങ്ങിയ ഈ സംഘടന ലോകത്തിൽ എല്ലായിടത്തേക്കും എത്തിച്ചേർന്നിരിക്കുന്നു. സ്വാഭാവിക പരിസ്ഥിതിക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഫാമുകളിൽ ഒരു ഉപഭോഗവസ്തു എന്ന നിലയിൽ മൃഗങ്ങളെ വളർത്തുന്നതിനെതിരെയാണ് അവരുടെ അവബോധന ശ്രമം. അതിലൂടെയാണ് ശുദ്ധമായ സസ്യാഹാര രീതി അവംലബിക്കാനാവശ്യപ്പെടുന്ന വേഗനിസം എന്ന പ്രസ്ഥാനം തന്നെ ഉയർന്നു വന്നിരിക്കുന്നത്. നമ്മുടെ ആഹാരത്തിൽനിന്ന് ഇറച്ചി മാത്രമല്ല, മുട്ടയും പാലുമുൾപ്പെടെ എല്ലാ മൃഗ ഉൽപന്നങ്ങളും ഉപേക്ഷിക്കാൻ അവർ ആവശ്യപ്പെടുന്നു (പേജ് 85). യൂറോപ്പിലെ കാലാവസ്ഥയും ഭക്ഷണരീതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സാമാന്യമായി അറിയാവുന്നവർ ഈ സംഘടനയുടെ വാദങ്ങൾ തള്ളിക്കളയുകയേ ചെയ്യൂ.
ആദിവാസിയെ സൗജന്യ റേഷന് വരി നിർത്തുന്ന ജനാധിപത്യം
ഭക്ഷണവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട ഒരു പ്രസ്താവന സമീപകാലത്തു നടത്തിയത് കേരളത്തിലെ ഒരു ആദിവാസിക്കവിയാണ്. റാവുള ഭാഷയിലും മലയാളത്തിലും കവിത എഴുതുന്ന സുകുമാരൻ ചാലിഗദ്ധ പറഞ്ഞു: ഞാൻ നിത്യവും കാട്ടിൽ മാനിനെ വേട്ടയാടി മാനിറച്ചി കഴിക്കുന്നു. കവിതയിലാണെന്നു മാത്രം! വനത്തിൽനിന്നും വനവിഭവങ്ങളിൽനിന്നും സ്വന്തം ഭക്ഷണശീലങ്ങളിൽനിന്നും രുചികളിൽനിന്നും പുറത്താക്കപ്പെട്ട കേരളത്തിലെ ആദിവാസികളുടെ ശബ്ദമാണ് സുകുമാരനിലൂടെ നാം കേൾക്കുന്നത്. മാനിറച്ചി ഒരു പ്രതീകം മാത്രം. വനവിഭവങ്ങളുടെ യഥാർഥ ഉടമകളായ ആദിവാസികൾ അവരുടെ ഭക്ഷണ തെരഞ്ഞെടുപ്പിൽനിന്നും പുറത്താക്കപ്പെട്ടിട്ട് എത്രയോ കാലമായിരിക്കുന്നു.
മുള്ളക്കുറുമൻ ഭാഷയിൽ കവിത എഴുതുന്ന അജയൻ മടൂർ 'കാത്തിരിപ്പ്' എന്ന കവിതയിൽ ഇതേ പ്രശ്നം ഇങ്ങനെ ആവിഷ്കരിക്കുന്നു:
കുറ്റപ്പെടുത്തുന്നില്ല ഞാൻ ആരെയും
കന്നുകാലികളുടെ കൂടെ എന്നെ കാട്ടിൽ
പറഞ്ഞുവിട്ടതിന്.
അമ്പും വില്ലുമായ് നായാട്ടിനു പറഞ്ഞുവിട്ടതിന്
വിശപ്പറിയിക്കാതെ കാട്ടുകിഴങ്ങ് കുഴിച്ചുതിന്നതിനും
പുഴയിൽ മീൻപിടിച്ചതിനും.
എന്നാൽ ഇപ്പോൾ ഞാൻ കുറ്റപ്പെടുത്തുന്നു
എെൻറ അപ്പനേയും അമ്മയേയും.
എത്ര നേരമായി ഈ നീണ്ട ക്യൂവിൽ നിൽക്കുന്നു
സൗജന്യ റേഷൻ കിട്ടാനുള്ള ഉൗഴവുംകാത്ത്.
ഈ അവസ്ഥയെ എം. കുഞ്ഞാമൻ കൃത്യമായി അടയാളപ്പെടുത്തുന്നു: കേരളത്തിലെ ആദിവാസി ചരിത്രം എന്നു പറയുന്നത്, അവകാശികൾ എന്ന നിലയിൽനിന്ന് സ്വന്തം ഭൂമിയിൽ അഭയാർഥികളും ആശ്രിതരുമായതിേൻറതാണ്. അതായത് വിഭവനിയന്ത്രണമുണ്ടായിരുന്ന ഒരു ജനത ജനിച്ചു വളർന്ന ഭൂമിയിൽ അഭയാർഥികളും ആശ്രിതരുമായി മാറിയ ചരിത്രം: കേരളത്തിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി നടക്കുന്ന ഭക്ഷണ ചർച്ചകളിൽ ആദിവാസികളും ദലിതരും കടന്നുവരുന്നേയില്ല. അതിനോടുള്ള ശക്തമായ പ്രതികരണമാണ് സുകുമാരൻ ചാലിഗദ്ധയും അജയൻ മടൂരും നടത്തിയിരിക്കുന്നത്.
ദലിതരുടെ ഭക്ഷണമില്ലായ്മയെക്കുറിച്ച് എം. കുഞ്ഞാമൻ അദ്ദേഹത്തിെൻറ ആത്മകഥ 'എതിരിൽ' പറയുന്നുണ്ട്. കേരളത്തിൽ നടക്കുന്ന ഭക്ഷണ ചർച്ചകളിൽനിന്നും ആദിവാസികളുടെയും ദലിതരുടെയും ഭക്ഷണലഭ്യത/സ്വാതന്ത്ര്യം ഒരിക്കലും ചർച്ചചെയ്യപ്പെടാത്തത് എന്തുകൊണ്ടാണ്? പാചകക്കുറിപ്പുകളിൽ വരുന്ന ഭക്ഷണക്കൂട്ടുകൾ ഉണ്ടാക്കുന്ന കർഷകരെക്കുറിച്ചും ലോകം ചർച്ച ചെയ്യാറില്ല. പാചകവിപണിയും ഷെഫുമാരെക്കുറിച്ചാണ് പറയുന്നത്. അവർ പാചകത്തിനെടുക്കുന്ന വസ്തുക്കൾ ഉണ്ടാക്കുന്നവരെക്കുറിച്ച്് പൂർണ മൗനംപാലിക്കുന്നു. ഭക്ഷണ ചർച്ചകളുടെ പ്രശ്നം അതുതന്നെയാണ്. അടിത്തട്ട് ഒരിക്കലും കാണുന്നില്ല, അവിടെനിന്ന് ഉയരുന്ന അഭിപ്രായങ്ങൾക്ക്, ഭക്ഷണ ബഹുലതയുടെ യുക്തിയെക്കുറിച്ച് അവർ പറയുന്നത് ആരും കേൾക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.