ഒരുകാലത്ത് മലയാളത്തിെല മുൻനിര രേഖാചിത്രകാരനായിരുന്ന ആർട്ടിസ്റ്റ് ഗോപാലന്റെ ജീവിതം എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും ജീവചരിത്രകാരനുമായ ലേഖകൻ. ‘കേരളശബ്ദ’ത്തിൽ രേഖാചിത്രകാരനായി ചേർന്ന കാലത്തെക്കുറിച്ചാണ് ഇൗ എഴുത്ത്.
ചവറ പ്രദേശത്ത് രാഷ്ട്രീയ പാർട്ടികളും ചില കച്ചവടസ്ഥാപനങ്ങളുമൊക്കെ ഗോപാലനെന്ന ആർട്ടിസ്റ്റിനെ പ്രയോജനപ്പെടുത്താൻ തുടങ്ങിയിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിനും മറ്റും ബോർഡും പോസ്റ്ററും വരച്ചുകൊടുക്കാറുണ്ട്. ചവറയിലെ നമ്പർ വൺ പാർട്ടിയായ ആർ.എസ്.പിയും അവരുടെ ആജന്മശത്രുക്കളായ കമ്യൂണിസ്റ്റ് പാർട്ടിയും ഗോപാലനെക്കൊണ്ടാണ് വരപ്പിക്കുന്നത്. ഒരിക്കൽ ആർ.എസ്.പിക്കാർക്കുവേണ്ടി ‘തൃദീപ് നഗറി’ൽ നടക്കുന്ന സമ്മേളനത്തിന്റെ ബോർഡ് വരച്ചുകൊടുത്തു. ഒരു ഭംഗിക്കുവേണ്ടി തൃദീപ് നഗർ എന്നെഴുതിയതിന്റെ രണ്ടു വശത്തുമായി രണ്ടു നക്ഷത്രങ്ങൾ വരച്ചുചേർത്തിരുന്നു. ‘‘ഇതിൽ നക്ഷത്രമൊന്നും വേണ്ടെ’’ന്ന് പറഞ്ഞ് പാർട്ടിക്കാർ മായ്ച്ചുകളയിച്ചപ്പോൾ ഗോപാലൻ ഒന്ന് അന്തംവിട്ടു.
പിന്നെയാണ് മനസ്സിലായത് നക്ഷത്രം കമ്യൂണിസ്റ്റുകാരെ ഓർമിപ്പിക്കുമെന്നുള്ളതാണ് കാരണം! ഏതായാലും ഗോപാലന് ചായ്‌വ് കമ്യൂണിസ്റ്റുകാരോടായിരുന്നു. പണ്ട് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിന്റെ ഉദ്ഘാടനത്തിന്റെയന്ന് തട്ടാശേരി മൈതാനത്തുള്ള സുദർശനാ കൊട്ടകയിൽ പോയി കണ്ടതും നാടകത്തിന്റെ ഒടുവിൽ ‘‘ആ കൊടിയിങ്ങു താ മോളേ, ഞാനൊന്നു പിടിക്കട്ടെ’’ എന്ന് പറഞ്ഞുകൊണ്ട് വയസ്സൻ പരമുപിള്ള ചെങ്കൊടി വാങ്ങി ഉയർത്തിപ്പിടിച്ചപ്പോൾ ദിഗന്തങ്ങൾ പൊട്ടുമാറ് ഉച്ചത്തിൽ അവിടെക്കൂടിയിരുന്നവരെല്ലാം ‘‘കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്!’’ എന്ന് മുദ്രാവാക്യം വിളിച്ചതും മനസ്സിൽ ഇപ്പോഴും പച്ചപിടിച്ചു കിടപ്പുണ്ടല്ലോ.
‘കേരളശബ്ദ’ത്തിന്റെ ഉടമയും പത്രാധിപരുമൊക്കെ ഒരാൾ തന്നെയായിരുന്നു. വി.പി. നായർ. ഗോപാലൻ ആളിന്റെ പേര് നേരത്തേ കേട്ടിട്ടുണ്ട്. വെറുതെ കേട്ടിട്ടുണ്ടെന്നല്ല, ചവറയിലെ പാർട്ടിക്കാർ പറഞ്ഞിട്ട് ഒരു തെരഞ്ഞെടുപ്പുകാലത്ത് വി.പി. നായരുടെ പേരിൽ ബോർഡും ബാനറുമൊക്കെ വരച്ചുകൊടുത്തിട്ടുമുണ്ട്. 1957ലെ തെരഞ്ഞെടുപ്പിൽ കൊല്ലം- മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽനിന്ന് ആർ.എസ്.പിയുടെ എൻ. ശ്രീകണ്ഠൻ നായർ എന്ന അതികായനെ മലർത്തിയടിച്ച് പാർലമെന്റിൽ പോയ കമ്യൂണിസ്റ്റ് സ്ഥാനാർഥി വി.പി. നായർ നേരത്തേ തന്നെ ജയന്റ് കില്ലർ എന്നു പേരെടുത്തയാളാണ്.
1952ലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിൽ വി. പരമേശ്വരൻ നായർ എന്ന പുതുമുഖം തോൽപിച്ചത് തിരുവിതാംകൂറിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയും തിരു-കൊച്ചിയുടെ ആദ്യത്തെ മുഖ്യമന്ത്രിയുമായ സാക്ഷാൽ പറവൂർ ടി.കെ. നാരായണപിള്ളയെയായിരുന്നു. ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിന്റെ ശിൽപി സദസ്യതിലകൻ ടി.കെ. വേലുപിള്ളയുടെ പുത്രനായ വി.പി. നായർ, എസ്.എ. ഡാങ്കെയും എ.കെ.ജിയും ഹിരൺ മുഖർജിയും രേണു ചക്രവർത്തിയും പി.ടി. പുന്നൂസുമൊക്കെയടങ്ങിയ കമ്യൂണിസ്റ്റ് ഗ്രൂപ്പിലെ അംഗമെന്ന നിലയിൽ പ്രാഗല്ഭ്യം തെളിയിച്ച പാർലമെന്റേറിയനാണ്.
1962ലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി, കൊല്ലം മണ്ഡലം ശ്രീകണ്ഠൻ നായർക്ക് വിട്ടുകൊടുത്തതുകൊണ്ട് വി.പി. നായർക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പിന്മാറേണ്ടി വന്നു. കമ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യം പുലർത്തിക്കൊണ്ടുതന്നെ കുറച്ചൊരു സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന ഒരു രാഷ്ട്രീയ വാരിക തുടങ്ങിക്കൊണ്ട് വി.പി. നായർ പൊതുരംഗത്ത് സജീവമായി തുടർന്നു. ശാസ്താംകോട്ടയാണ് താമസിച്ചിരുന്നതെങ്കിലും വി.പി. നായർ കൊല്ലത്ത് ലക്ഷ്മിനടയിലാണ് ‘കേരളശബ്ദ’ത്തിന്റെ ഓഫിസും പിതാവിന്റെ സ്മരണ ഉണർത്തുന്ന തിലക് പ്രിന്റേഴ്‌സും സ്ഥാപിച്ചത്.
പുതിയ വാരിക തുടങ്ങുന്നതിന് വി.പി. നായർക്ക് സമർഥരായ രണ്ടുപേരെ കൂട്ടിന് കിട്ടി. പത്രത്തിന്റെ മാനേജ്മെന്റ് കാര്യങ്ങൾ നോക്കിനടത്താനായി ചുമതലയേറ്റത് എം.എൻ. രാമചന്ദ്രൻ നായരാണ്. കമ്യൂണിസ്റ്റ് നേതാവ് എം.എൻ. ഗോവിന്ദൻ നായരുടെ ഇളയ സഹോദരൻ. പാർട്ടി നിയോഗിച്ചതനുസരിച്ച് കുളത്തുങ്കൽ പോത്തന്റെ സ്വർണക്കടയുടെ മാനേജറായി പ്രവർത്തിച്ച രാമചന്ദ്രൻ നായർ, 1948-50 കാലത്ത് തിരുവനന്തപുരത്ത് കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങൾ വിറ്റിരുന്ന പീപ്ൾസ് ബുക്സ്റ്റാൾ നടത്തിയതിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിൽ പോയി. 1953ൽ ‘ജനയുഗം’ ദിനപത്രം തുടങ്ങിയപ്പോൾ അതിന്റെ മാനേജറായി.
പത്രാധിപത്യത്തിൽ വി.പി. നായരെ സഹായിക്കാനെത്തിയത് കെ.എസ്. ചന്ദ്രനാണ്. പാലാക്കടുത്തുള്ള പുലിയന്നൂർ സ്വദേശിയും എഴുത്തുകാരനുമായ ചന്ദ്രശേഖരൻ നായർ പൊൻകുന്നം ഹൈസ്കൂളിലും കോഴഞ്ചേരി കോളജിലുമൊക്കെ അധ്യാപകനായി ജോലി നോക്കിയശേഷമാണ് പത്രപ്രവർത്തനത്തിലേക്ക് വന്നത്. 1940കളുടെ ഒടുവിൽ, മീനച്ചിൽ താലൂക്കിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉശിരുള്ള പ്രവർത്തകൻകൂടിയായിരുന്ന ചന്ദ്രൻ 57ൽ ‘ജനയുഗം’ പത്രാധിപ സമിതിയിൽ ചേർന്നു. പുതിയൊരു പ്രസിദ്ധീകരണത്തിന് ജന്മം കൊടുക്കാൻ അവസരം കിട്ടിയതിലുള്ള ആവേശവും ഉന്മേഷവുമായി ‘ജനയുഗ’ത്തിൽ നിന്ന് ‘കേരളശബ്ദ’ത്തിലെത്തിയ കെ.എസ്. ചന്ദ്രനാണ് പുതിയ വാരികയുടെ രൂപകൽപന നിർവഹിക്കുന്നതും എഡിറ്റോറിയൽ എഴുതുന്നതുമൊക്കെ.
1962 ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നെഹ്റുവിന്റെയും പ്രമുഖ രാഷ്ട്രീയ സാംസ്കാരിക നേതാക്കളുടെയുമൊക്കെ ആശംസകളുമായി പുറത്തിറങ്ങിയ ‘കേരളശബ്ദം’, ആദ്യലക്കം തൊട്ടുതന്നെ ഗോപാലൻ വായിക്കുന്നുണ്ടായിരുന്നു. ആരാണതിലെ ഇലസ്‌ട്രേറ്റർ എന്നറിയാനായിരുന്നു ആകാംക്ഷ. ‘ജനയുഗം’ വാരികയിൽ വരച്ചുകൊണ്ടിരുന്ന, ആർട്ടിസ്റ്റ് രാമകൃഷ്ണനാണ് ‘കേരളശബ്ദ’ത്തിന്റെ ടൈറ്റിൽ തയാറാക്കിയതും ചിത്രങ്ങൾ വരക്കുന്നതും.
‘മലയാളരാജ്യ’ത്തിൽനിന്ന് വല്ലാത്തൊരു തിരിച്ചടി നേരിട്ടെങ്കിലും ഒരു രേഖാചിത്രകാരനാകണമെന്ന തീരുമാനം ഗോപാലൻ കൈവിട്ടിരുന്നില്ല. വി.പി. നായർ സാറിനെ കണ്ട് ‘കേരളശബ്ദ’ത്തിൽ ആർട്ടിസ്‌റ്റായി എടുക്കുമോ എന്നൊന്ന് ചോദിച്ചാലോ? അടുത്ത ദിവസം തന്നെ ചവറയിലെ പാർട്ടി സഖാവായ മാമ്പുഴ പ്രഭാകരൻ പിള്ളയെ ചെന്നുകണ്ടു കാര്യംപറഞ്ഞു. മാമ്പുഴ പറഞ്ഞതനുസരിച്ച് രണ്ടുദിവസം കഴിഞ്ഞ് രാവിലെ രണ്ടു പേരുംകൂടി നീണ്ടകരയിൽ ചെന്ന് അവിടത്തെ ‘കേരളശബ്ദ’ത്തിന്റെ ഏജന്റ് ഭവാനയ്യത്ത് ചന്ദ്രൻ പിള്ളയെ കണ്ടു. ശാസ്താംകോട്ടയിൽനിന്ന് കൊല്ലത്തേക്ക് പോകാനായി വി.പി. നായർ ഉടനെ ഇതുവഴിവരുമെന്ന് ചന്ദ്രൻ പിള്ളപറഞ്ഞതനുസരിച്ച് റോഡരികിൽ കാത്തുനിൽപായി.
ഗോപാലൻ ടൈറ്റിൽ എഴുതുകയും നിറം പകരുകയും ചെയ്ത ‘കേരളശബ്ദ’ത്തിന്റെ 1963ലെ വാർഷികപ്പതിപ്പ്,‘കേരളശബ്ദം’ ഒരു വർഷം തികഞ്ഞപ്പോൾ എഴുതിയ എഡിറ്റോറിയൽ
കുറച്ചുകഴിഞ്ഞപ്പോൾ ഒരു ജീപ്പോടിച്ചുകൊണ്ട് വി.പി. നായർ അവിടെയെത്തി. തങ്കശ്ശേരിയിലെ ഇൻഫന്റ് ജീസസ് കോൺവെന്റിൽ പഠിക്കുന്ന രണ്ടു പുത്രന്മാരും പിറകിലത്തെ സീറ്റിലിരിപ്പുണ്ട്. ചന്ദ്രൻ പിള്ളഗോപാലനെ പരിചയപ്പെടുത്തി. കാര്യവുമവതരിപ്പിച്ചു. ഗോപാലന്റെ കൈവശമുണ്ടായിരുന്ന കുറേ സ്‌കെച്ചുകൾ വി.പി. നായർ വാങ്ങിച്ചു നോക്കി. ഇഷ്ടപ്പെട്ടതുകൊണ്ടാകണം ‘‘നീ കൂടി കയറിക്കോ’’ എന്നുപറഞ്ഞ് ജീപ്പെടുത്തു.
‘‘ചന്ദ്രാ, I brought one young artist’’ എന്നുറക്കെ വിളിച്ചുപറഞ്ഞ്, വലിയ ഉത്സാഹത്തോടെയാണ് വി.പി. നായർ അകത്തേക്ക് കയറിച്ചെന്നത്. അവിടെയൊരിടത്തിരുന്ന് എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ചെറുപ്പക്കാരൻ – അത് കെ.എസ്. ചന്ദ്രൻ ആണെന്ന് ഗോപാലന് പിന്നീടാണ് മനസ്സിലായത് –തലയുയർത്തി നോക്കി. ഗോപാലനെ പരിചയപ്പെടുത്തി വി.പി. നായർ സ്കെച്ചുകൾ ആളിനെ ഏൽപിച്ചു. കെ.എസ്. ചന്ദ്രൻ ചിത്രങ്ങൾ സസൂക്ഷ്മം പരിശോധിച്ചു. കൂട്ടത്തിൽ ഡോട്ടുകൾകൊണ്ട് പൂർത്തിയാക്കിയ ഗാന്ധിജിയുടെ ചിത്രം പിന്നെയും പിന്നെയും നോക്കി. എന്നിട്ട് വി.പി. നായരോട് പറഞ്ഞു:
‘‘ചേട്ടാ നമുക്കിവനെ ഉപയോഗപ്പെടുത്താം.’’
വി.പി. നായർ പറഞ്ഞതനുസരിച്ച് ഉടനെ വരക്കാനായി ഒരു മാറ്റർ ഗോപാലനെ ഏൽപിക്കുകയും ചെയ്തു. തുടക്കക്കാരനായതുകൊണ്ടാകാം ബാലസാഹിത്യമാണ് എടുത്തുകൊടുത്തത്. വി.പി. നായരുടെ ജ്യേഷ്ഠ സഹോദരൻകൂടിയായ വി. മാധവൻ നായർ എന്ന മാലി എഴുതിയ മഹാഭാരതകഥ –മാലിഭാരതം. ഗോപാലൻ അവിടെ മാറിയിരുന്ന് അതു വായിച്ചു. ഏതാണ് വരക്കാനുദ്ദേശിക്കുന്ന സന്ദർഭമെന്ന് കെ.എസ്. ചന്ദ്രൻ ചോദിച്ചപ്പോൾ ഒരു രംഗം വ്യക്തതയോടെ മനസ്സിൽ തെളിഞ്ഞുവന്നു. ഗംഗാദേവി താൻ പ്രസവിച്ച കുഞ്ഞിനെ നദിയിലെറിയാൻ തുടങ്ങുമ്പോൾ ‘‘എറിയരുതേ’’ എന്ന് ശന്തനു മഹാരാജാവ് കൈകൂപ്പി അപേക്ഷിക്കുന്നതായിരുന്നു അത്.
കേട്ടപ്പോൾ രണ്ടു പേർക്കും തൃപ്തിയായതുപോലെ. പക്ഷേ, ഗോപാലന്റെ പക്കൽ വരക്കാനുള്ള ബ്രഷും മറ്റു സാമഗ്രികളും ഒന്നുമില്ല. വീട്ടിൽ തിരിച്ചുപോയേ പറ്റൂ. ഇക്കാര്യമറിയിച്ചപ്പോൾ വൈകീട്ട് കൃത്യം നാലുമണിക്കുതന്നെ വരച്ച പടവുമായി എത്തണമെന്ന് വി.പി. നായർ ഉഗ്രശാസനം നൽകി. ഗോപാലൻ അക്കാര്യമേറ്റു. ‘കേരളശബ്ദ’ത്തിൽ നിന്നിറങ്ങുമ്പോൾ പതിനൊന്നര കഴിഞ്ഞിരുന്നു. ചവറ വരെയെത്താനുള്ള ബസുകൂലിപോലുമില്ല കൈയിൽ.
കല്ലുപാലത്തിനടുത്ത് വി ഇൻസ്റ്റിറ്റ്യൂട്ട് എന്നൊരു സ്ഥാപനത്തിൽ പഠിക്കുന്ന പഴയ സഹപാഠി ശിവദാസൻ പിള്ളയെപ്പോയിക്കണ്ട് ഒരു രൂപ കടം വാങ്ങി. ബസിറങ്ങി നേരെ വീട്ടിലേക്ക് ഒറ്റയോട്ടമാണ്. ആഹാരം കഴിക്കാനൊന്നും നിൽക്കാതെ, ചെന്നുകയറിയ ഉടനെതന്നെ വര തുടങ്ങി. ഒരു മണിക്കൂർകൊണ്ട് വരച്ചുതീർത്തു. മെയിൻ റോഡിലേക്ക് വീണ്ടും ഓട്ടം. കല്ലുപാലത്തിനടുത്തുള്ള സ്റ്റോപ്പിൽ ബസിറങ്ങുമ്പോൾ നേരം നാലു മണിയോട് അടുക്കുന്നു. നേരെ ചെന്ന് വി.പി. നായരുടെ കൈയിൽ കൊടുത്തു. അദ്ദേഹം ചിത്രം കെ.എസ്. ചന്ദ്രന് കൈമാറി. രണ്ടു പേർക്കും പൂർണ തൃപ്തി. ‘‘നാളെ തൊട്ടു വാ’’ എന്ന നിർദേശം കിട്ടി.
ഗോപാലൻ അന്നത്തെ ദിവസം അതേവരെ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. വിശപ്പിനെക്കുറിച്ച് ബോധവാനായിരുന്നില്ല എന്നതാണ് സത്യം. പുറത്തിറങ്ങിയ ഉടനെ ഒരു മാടക്കടയിൽ കയറി നാരങ്ങാവെള്ളവും പഴവും കഴിച്ചു. മനസ്സും വയറും നിറഞ്ഞു. അന്നു രാത്രി ഉറക്കം വന്നില്ല. അടുത്ത ദിവസം രാവിലെ തന്നെ ‘കേരളശബ്ദ’ത്തിലെത്തി. വരക്കാൻ വേറെ മാറ്റർ കിട്ടി.
കാമ്പിശ്ശേരി,എം.എൻ. രാമചന്ദ്രൻ നായർ,ആർ. സുഗതൻ,വൈക്കം ചന്ദ്രശേഖരൻ നായർ,പി.കെ. രാമകൃഷ്ണൻ
‘ശന്തനു-ഗംഗാദേവി’ പടം അച്ചടിച്ചുവന്നപ്പോൾ ആകെ നിരാശയായി. ചിത്രത്തിന് ഒട്ടും തെളിച്ചമുണ്ടായിരുന്നില്ല. ക്വയിലോൺ ബ്ലോക്ക്സിലെ തങ്കപ്പൻ നായർ പറഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്. നേർത്ത വരകളായതുകൊണ്ട് etch ചെയ്തപ്പോൾ ഡെപ്ത് നഷ്ടപ്പെട്ടതാണ് കാരണം. നല്ല കട്ടിയുള്ള വരകളാണെങ്കിൽ ചിത്രത്തിന്റെ തെളിമ കൂടും. വി.പി. നായരുടെ നിർദേശമനുസരിച്ച് അടുത്തദിവസം മുതൽ ഗോപാലൻ ക്വയിലോൺ ബ്ലോക്സിൽ ചെന്ന് ബ്ലോക്ക് മേക്കിങ് പ്രക്രിയ കണ്ടു പഠിക്കാൻ തുടങ്ങി. സമയം കിട്ടുമ്പോഴൊക്കെ പ്രസിൽ ചെന്ന് കമ്പോസിങ്ങിന്റെയും പ്രിന്റിങ്ങിന്റെയും പ്രായോഗിക വശങ്ങളും മനസ്സിലാക്കി.
ഗോപാലനെ ‘കേരളശബ്ദ’ത്തിന്റെ സ്ഥിരം ജോലിക്കാരനായിട്ടല്ല എടുത്തത്. ദിവസം രണ്ടുരൂപ എന്ന തോതിലായിരുന്നു പ്രതിഫലം. ഉച്ചക്ക് ഊണ് കഴിക്കാൻ പോകുന്നതിനുമുമ്പ് തൊഴിലാളികൾക്കെല്ലാം വേതനം വിതരണം ചെയ്യുകയായിരുന്നു പതിവ്. ഒരുദിവസം പണം വാങ്ങാനായി വരിയിൽ നിൽക്കുമ്പോൾ ആരോ ഉച്ചത്തിൽ ചീത്ത പറയുന്നത് കേട്ടു.
‘‘ഫ! നിനക്കൊക്കെ ഇങ്ങനെ കൈനീട്ടി നിൽക്കാൻ നാണം തോന്നുന്നില്ലേടാ?’’
നോക്കുമ്പോൾ പറ്റെ വെട്ടിയ നരച്ച തലമുടിയുള്ള, കള്ളി മുണ്ടും മുഷിഞ്ഞ ഷർട്ടും ധരിച്ച ഒരു വയസ്സനാണ്. ദേഷ്യപ്പെട്ടുകൊണ്ട് എന്തൊക്കെയോ പിന്നെയും ഉറക്കെ പറയുന്നതുകേട്ട് മാനേജർ എം.എൻ. രാമചന്ദ്രൻ നായർ മുറിയിൽനിന്നിറങ്ങി വന്ന് ആളിനെ സമാധാനിപ്പിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ‘‘ഇതാര്?’’ എന്നന്തിച്ചുനിൽക്കുമ്പോൾ ഗോപാലന്റെ തൊട്ടുപിറകിൽ നിന്ന ഒരു കമ്പോസിറ്റർ പറഞ്ഞു.
‘‘ആളിനെ മനസ്സിലായില്ലേ ഗോപാലന്? അത് സുഗതൻ സാറാ.’’
ഇപ്പോൾ മനസ്സിലായി. ‘കേരളശബ്ദ’ത്തിൽ ഒരു സ്ഥിരം പംക്തി കൈകാര്യം ചെയ്യുന്ന കമ്യൂണിസ്റ്റ് നേതാവും എം.എൽ.എയുമായ ആർ. സുഗതൻ. തൊഴിലാളികൾ കൂലിക്കുവേണ്ടി കൈ നീട്ടി നിൽക്കുന്നതു കണ്ടപ്പോൾ പെട്ടെന്ന് പൊട്ടിത്തെറിച്ച തൊഴിലാളി വർഗത്തിന്റെ ആ വലിയ പടത്തലവനോട് വല്ലാത്ത ആദരവ് തോന്നുകയുംചെയ്തു.
ചൈനയുമായുള്ള യുദ്ധത്തിനു ശേഷമുള്ള ദിവസങ്ങളായതുകൊണ്ട് പട്ടാളക്കാരുടെയും പാറ്റൻ ടാങ്കിന്റെയുമൊക്കെ പടങ്ങൾ കുറേ വരക്കേണ്ടിയിരുന്നു.
എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ എൻ.എൻ. പിഷാരടിയുടെ ‘വെള്ള’മാണ് ഗോപാലൻ ആദ്യം ‘കൈ വെക്കുന്ന’ നോവൽ. വെള്ളത്തിലെ മാത്തുക്കുട്ടി, കൃഷ്ണനുണ്ണി, മായ, ലീലാമ്മ, തമ്പുരാൻ തുടങ്ങിയ കഥാപാത്രങ്ങളൊക്കെ മിഴിവുള്ള ചിത്രങ്ങളായി വായനക്കാരുടെ മുന്നിലേക്ക് വന്നപ്പോൾ ഈ പുതിയ ചിത്രകാരനാരാണെന്ന അന്വേഷണമായി. ഇന്ദു എന്ന പേരിൽ കെ.എസ്. ചന്ദ്രനെഴുതിയ ‘പാപത്തിന് മരണമില്ല’ എന്ന നോവലിന് വേണ്ടിയാണ് ഗോപാലൻ പിന്നീട് വരച്ചത്. അതിനൊരു പ്രത്യേകതയുണ്ടായിരുന്നു.
കഥാപാത്രങ്ങൾ എങ്ങനെയായിരിക്കണം എന്ന് നോവലിസ്റ്റ് വ്യക്തമായി പറഞ്ഞുകൊടുത്തു. ഭാരതിയമ്മ എന്ന പ്രൗഢയായ മധ്യവയസ്ക, അവരുടെ വയസ്സൻ ഭർത്താവ് കൃഷ്ണപിള്ള, അയാളുടെ ചെറുപ്പക്കാരനായ അനുജൻ ഹരീന്ദ്രൻ... ഇങ്ങനെ കഥാപാത്രങ്ങളുടെ മുഖങ്ങൾ അടുക്കടുക്കായി ഒരു നിരപോലെ വരച്ച് ചന്ദ്രൻ സാറിനെ കാണിച്ചു. ആ ചിത്രങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം നോവലെഴുതാൻ തുടങ്ങിയത്.
കെ.എസ്. ചന്ദ്രൻ,വി.പി. നായർ
‘കേരളശബ്ദ’ത്തിന്റെ ആദ്യത്തെ വാർഷിക വിശേഷാൽപ്രതിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. പ്രമുഖരായ എഴുത്തുകാരെല്ലാം അണിനിരക്കുന്ന വാർഷികപ്പതിപ്പിലെ ചിത്രങ്ങൾ മുഴുവനും ഈ കൊച്ചു പയ്യനെ ഏൽപിക്കുന്നതെങ്ങനെ എന്ന ആശങ്കയുണ്ടായിരുന്നു പത്രാധിപന്മാർക്ക്. ആർട്ടിസ്റ്റ് രാമകൃഷ്ണനാണെങ്കിൽ ഗോപാലനെ വരക്കാനേൽപിച്ചതിന്റെ പേരിൽ ‘കേരളശബ്ദ’വുമായി കുറച്ചു നീരസത്തിലാണ് താനും. ചന്ദ്രൻ സാർ പറഞ്ഞതനുസരിച്ച് രാമകൃഷ്ണൻ സാറിന്റെ പിണക്കം തീർക്കാനായി ഗോപാലൻതന്നെ പട്ടത്താനത്തുള്ള വീട്ടിൽ ചെന്നു. അൽപം ഗൗരവത്തോടെ തന്നെ സ്വീകരിച്ച സാറിനോട് പറഞ്ഞു.
‘‘സാർ എന്നോട് ക്ഷമിക്കണം. ചെറുതായിട്ടൊക്കെ എന്തെങ്കിലും വരയ്ക്കുമെന്നല്ലാതെ ഒരു വിശേഷാൽപ്രതി മുഴുവനും ഒറ്റക്ക് ചെയ്യാനുള്ള കഴിവൊന്നുമില്ല. സാർ തന്നെ വരച്ചാൽ മതി.’’
സംപ്രീതനായ രാമകൃഷ്ണൻ സാർ ചായയും ഏത്തയ്ക്കാപ്പവും ഒക്കെ നൽകി സ്വീകരിച്ചു. എന്നിട്ട് സമാധാനിപ്പിച്ചു.
‘‘ശരി, ഞാൻ വരച്ചുകൊടുക്കാം. മൂന്നാല് കഥയ്ക്ക് ഇയാളും വരച്ചോ.’’
‘കേരളശബ്ദ’ത്തിന്റെ അടുത്ത ലക്കത്തിന്റെ ഒന്നാം പേജിൽ കൊടുക്കുന്ന മാറ്ററിനെ കുറിച്ച് ചർച്ച നടക്കുകയായിരുന്നു. സർവാദരണീയനായ ഒരു വ്യക്തിയുടെ ഒരു വിവാദ നടപടിയെ ചോദ്യംചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ ആരാധകൻകൂടിയായ ഒരെഴുത്തുകാരൻ എഴുതുന്ന ഒരു തുറന്ന കത്താണ് കൊടുക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
‘ജനയുഗ’ത്തിൽ കല്ലട വാസുദേവന്റെ കഥക്ക് വരച്ച ചിത്രം
കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ നാളുകളിൽ രാഷ്ട്രീയ എതിരാളികളുടെ ഭാഗത്തുനിന്ന് ഏറ്റവും രൂക്ഷമായ വിമർശനം നേരിടേണ്ടി വന്ന വ്യക്തി മുഖ്യമന്ത്രി ഇ.എം.എസോ മറ്റേതെങ്കിലും കമ്യൂണിസ്റ്റ് മന്ത്രിമാരോ ആയിരുന്നില്ല. വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രഫ. ജോസഫ് മുണ്ടശ്ശേരിയായിരുന്നു. 1950കളുടെ തുടക്കത്തിൽ പ്രജാമണ്ഡലത്തിൽനിന്ന് കോൺഗ്രസിലും അവിടെനിന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവിയെന്ന സ്ഥാനത്തും എത്തിച്ചേർന്ന മുണ്ടശ്ശേരി പാർട്ടിയുടെ ക്ഷണം സ്വീകരിച്ച് കമ്യൂണിസ്റ്റ് ചൈനയിൽ സന്ദർശനം നടത്തിയതോടുകൂടി കത്തോലിക്കാ സഭക്ക് അനഭിമതനായി.
മാസ്റ്റർ ദീർഘകാലം ജോലിചെയ്തിരുന്ന തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് പുറത്താക്കപ്പെട്ടു. പള്ളിയുടെയും പട്ടക്കാരന്റെയും ഏറ്റവും കടുത്ത ശത്രുവായിത്തീർന്ന മുണ്ടശ്ശേരി വിദ്യാഭ്യാസ ബിൽ കൊണ്ടുവന്നത് കത്തോലിക്കാസഭക്ക് മൂക്കുകയറിടാൻ വേണ്ടിയാണെന്ന് ആരോപിക്കപ്പെട്ടു. ‘‘തണ്ടാ മണ്ടാ മുണ്ടശ്ശേരി’’ എന്ന മുദ്രാവാക്യം വ്യാപകമായി മുഴങ്ങിക്കേട്ട വിമോചന സമരകാലത്ത് അദ്ദേഹത്തിന്റെ നേർക്ക് ശാരീരികമായ ആക്രമണങ്ങൾപോലുമുണ്ടായി.
കമ്യൂണിസ്റ്റ് സർക്കാർ പിരിച്ചുവിടപ്പെടുകയും മണലൂർ മണ്ഡലത്തിൽ പരാജയപ്പെടുകയുംചെയ്ത് കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് വിവാദ സംഭവം. മകളുടെ വിവാഹം പള്ളിയിൽ വെച്ചു നടത്താൻ വേണ്ടി തൃശൂർ മെത്രാന്റെ മുന്നിൽ മുണ്ടശ്ശേരി മുട്ടിപ്പായി നിന്നു മാപ്പ് പറഞ്ഞുവെന്ന് വാർത്തകൾ പരന്നു. മുണ്ടശ്ശേരി മാസ്റ്ററുടെ സഭയുമായുള്ള ഒത്തുതീർപ്പിനെ ഒരിക്കലും അംഗീകരിക്കാൻ തയാറാകാത്ത പുരോഗമന വിശ്വാസികളായ ശിഷ്യന്മാരും ആരാധകരും എതിർപ്പുമായി രംഗത്തുവന്നു. അതിലൊരാളായിരുന്നു എഴുത്തുകാരനും പത്രപ്രവർത്തകനും പ്രഭാഷകനുമൊക്കെയായ വൈക്കം ചന്ദ്രശേഖരൻ നായർ. 1963 ഒക്ടോബർ ആദ്യം പുറത്തിറങ്ങിയ ‘കേരളശബ്ദ’ത്തിന്റെ ഒന്നാം പേജിൽ നിറഞ്ഞുനിന്നത് വൈക്കം, മുണ്ടശ്ശേരിക്ക് എഴുതിയ തുറന്ന കത്താണ്. അതിന് തലക്കെട്ട് നൽകിയത് കെ.എസ്. ചന്ദ്രനാണ്.
‘കുരിശിൽനിന്ന് കൊന്തയിലേക്ക് അങ്ങ് എങ്ങനെ ചെന്നെത്തി?’
‘കൊന്തയിൽനിന്ന് കുരിശിലേക്ക്’ എന്നാണ് മുണ്ടശ്ശേരിയുടെ പ്രശസ്തമായ നോവലിന്റെ പേര്. വാരികയുടെ മാസ്റ്റ് ഹെഡിന് തൊട്ടുതാഴെയായി അതിലെ അക്ഷരങ്ങളുടെ അതേ വലുപ്പത്തിലുള്ള തലക്കെട്ട് കൊടുക്കാനായിരുന്നു കെ.എസ്. ചന്ദ്രന്റെ തീരുമാനം. അത്രയും വലുപ്പമുള്ള ടൈപ്പുകളൊന്നും അന്നു നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ട് ടൈറ്റിൽ വരച്ചുണ്ടാക്കി അതിന്റെ ബ്ലോക്കെടുത്ത് കൊടുക്കാൻ നിശ്ചയിച്ചു. താൻ ഉദ്ദേശിച്ച വലുപ്പത്തിൽ ഹെഡിങ് എഴുതിക്കൊണ്ടു വരാൻ കെ. എസ്. ചന്ദ്രൻ ഗോപാലനോട് ആവശ്യപ്പെട്ടു. അത്രയും മുഴുപ്പിലുള്ള തലക്കെട്ട് ഗോപാലൻ അതുവരെ മലയാള പത്രമാസികകളിൽ കണ്ടിട്ടില്ല. എന്നാലും പെട്ടെന്നുതന്നെ അങ്ങനെയൊന്ന് തയാറാക്കി.
പത്രാധിപർ മനസ്സിൽ കണ്ടതുപോലെയുള്ള അസാധാരണമായ വലുപ്പത്തിൽ, അച്ചിനെ അതിശയിപ്പിക്കുന്ന കൈപ്പടയിൽ തയാറാക്കിയ തലക്കെട്ടുമായി പുറത്തിറങ്ങിയ ‘കേരളശബ്ദ’ത്തിന് വലിയ ഡിമാന്റായിരുന്നു. മുണ്ടശ്ശേരി മാസ്റ്ററെ ഇഷ്ടപ്പെടുന്നവരുടെയും എതിരാളികളുടെയും ഉള്ളിലേക്കത് തറഞ്ഞുകയറി. വൈക്കത്തിന്റെ തുറന്ന കത്തിലെ വാചകങ്ങളും ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന, ഏറെ അർഥവത്തായ ആ കൂറ്റൻ തലക്കെട്ടും. ഹെഡിങ് തയാറാക്കിയ ആർട്ടിസ്റ്റ് ഗോപാലൻ ആരാണെന്ന് എല്ലാവരും അന്വേഷിക്കാൻ തുടങ്ങി.
ന്യൂസ്‌പ്രിന്റിന്റെ ക്ഷാമവും തിലക് പ്രിന്റേഴ്‌സിലെ പ്രസിന്റെ ചില സാങ്കേതികത്തകരാറുകളും കാരണം ‘കേരളശബ്ദ’ത്തിന്റെ പ്രസിദ്ധീകരണം പലതവണ മുടങ്ങി. ഒരു മാസക്കാലത്തോളം മുടങ്ങിക്കിടന്നശേഷം 1964 ജൂലൈ മാസത്തിൽ വീണ്ടുമിറങ്ങിയെങ്കിലും പിന്നെ നിന്നുപോയി. വിപുലമായ സൗഹൃദബന്ധങ്ങളും നെഹ്റുവിന്റെ ഗവൺമെന്റിൽ ഉൾപ്പെടെ സ്വാധീനവുമൊക്കെ ഉണ്ടായിരുന്നെങ്കിലും വി.പി. നായർ ഒരിക്കലും ഒരു പത്രമുതലാളി ആയിരുന്നില്ല. അന്നത്തെ ഏറ്റവും ജനപ്രീതിയുള്ള, കെ. ബാലകൃഷ്ണന്റെ ‘കൗമുദി’ക്കുപോലും പലവട്ടം മുടങ്ങുന്ന അവസ്ഥയുണ്ടായിരുന്ന ആ നാളുകളിൽ ‘കേരളശബ്ദ’ത്തിന് അധിക കാലം പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല.
ഗോപാലന് ആകെ നിരാശയായി. തന്റെ ഭാവനയും സർഗശേഷിയും അങ്ങേയറ്റം സ്വാതന്ത്ര്യത്തോടെ വിനിയോഗിക്കാനുള്ള അവസരങ്ങൾ ‘കേരളശബ്ദ’ത്തിൽ ലഭിച്ചിരുന്നു. മുണ്ടശ്ശേരിക്കുള്ള തുറന്ന കത്തിന്റെ കാര്യത്തിൽ ചെയ്തതുപോലെ പലതരത്തിലുള്ള ടൈറ്റിലുകൾ എഴുതിയുണ്ടാക്കാൻ കഴിഞ്ഞു.
ടാബ്ലോയ്ഡ് സൈസിലുള്ള ‘കേരളശബ്ദ’ത്തിന്റെ ഡമ്മി ചന്ദ്രൻ സാർ വരക്കുന്നത് നോക്കിനിന്നിട്ടുണ്ട്. തലക്കെട്ടിന്റെ വലുപ്പം എത്ര പോയന്റിൽ വേണമെന്നും ഫോട്ടോ എത്ര കോളത്തിലൊതുക്കിക്കൊടുക്കണമെന്നും ഓരോ മാറ്ററും ഏതൊക്കെ പേജുകളിലായി, എത്ര പ്രാധാന്യത്തോടെ കൊടുക്കണമെന്നുമൊക്കെ നിശ്ചയിക്കുന്നയാൾ പത്രാധിപരാണ്. ഫോർമാൻ ശിവശങ്കരപ്പിള്ളയോ ചീഫ് കമ്പോസിറ്റർ കൃഷ്ണപിള്ളയോ കൊണ്ടുക്കൊടുക്കുന്ന വാരികയുടെ ഡമ്മി ഷീറ്റുകളിൽ വളരെ അനായാസമായി കുറേ വരകളും കുറികളുംകൊണ്ട് ചിത്രങ്ങളും നോവലും കഥകളും കവിതകളും ലേഖനങ്ങളുമൊക്കെ നിശ്ചിത സ്ഥലപരിധിക്കകത്ത്, കൃത്യമായ അനുപാതത്തിൽ ചന്ദ്രൻ സാർ ഉൾകൊള്ളിക്കുന്നത് ഒരു കലതന്നെയായിരുന്നു.
തന്നിലെ ലേ ഔട്ട് ആർട്ടിസ്‌റ്റിനെ വാർത്തെടുക്കുന്നതിൽ കെ.എസ്. ചന്ദ്രനെപ്പോലെയുള്ള ഒരു പത്രാധിപർ വഹിച്ച പങ്ക് എത്ര വലുതാണ് എന്ന് ഗോപാലൻ ഓർക്കാറുണ്ട്. എഡിറ്റിങ്ങിനെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു പത്രാധിപരുടെ കീഴിൽ ഒരു നല്ല ഇലസ്‌ട്രേറ്റർക്ക് വിജയിക്കാനാകും. ‘‘നീ ലേ ഔട്ട് ചെയ്യാൻ പഠിക്കണം’’ എന്ന് ചന്ദ്രൻ സാർ പലവട്ടം പറഞ്ഞെങ്കിലും ഒറ്റക്കു ചെയ്തു പരീക്ഷിച്ചു നോക്കാൻ ഭയമായിരുന്നു. എങ്കിലും ചിന്നക്കടയിലുള്ള ബുക്ക്സ്റ്റാളിൽ നിന്ന് ഇലസ്ട്രേറ്റഡ് വീക്കിലി, ഫിലിംഫെയർ, ബ്ലിറ്റ്സ്, ഫെമിന, സരിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളൊക്കെ വാങ്ങിച്ചു വീട്ടിൽ കൊണ്ടുപോയി അതിലൊക്കെ ചിത്രങ്ങളും ടൈറ്റിലും ലീഡും കൊടുക്കുന്നതിലുള്ള കോമ്പിനേഷനും ബാലൻസിങ്ങും നോക്കി മനസ്സിലാക്കാൻ തുടങ്ങി. ചന്ദ്രൻ സാർ നന്നായി പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. അങ്ങനെയൊക്കെ മുന്നോട്ടുപോകുമ്പോഴാണ് ‘കേരളശബ്ദം’ നിന്നുപോകുന്നത്.
‘കേരളശബ്ദം’ ഊർജസ്വലമായി മുന്നോട്ടു പോകുന്ന നാളുകളിൽതന്നെ ഗോപാലന്റെ ജീവിതത്തെ വഴിതിരിച്ചു വിട്ട മറ്റൊരു സംഭവമുണ്ടായി. ലേഖനങ്ങളും റിപ്പോർട്ടുകളുമൊക്കെ തയാറാക്കാൻ സഹായിച്ചുകൊണ്ട് ‘കേരളശബ്ദ’ത്തിൽ പതിവുകാരനായിരുന്ന കല്ലട വാസുദേവൻ നല്ലൊരു കഥാകൃത്ത് കൂടിയായിരുന്നു. കല്ലട വാസുദേവൻ ‘ജനയുഗ’ത്തിലെഴുതിയ ‘കാക്കവിളക്ക് ’ എന്ന കഥ കൊല്ലം ബാബു കഥാപ്രസംഗവേദിയിലും കലാമണ്ഡലം ഗംഗാധരൻ ബാലെയുടെ രൂപത്തിലും അവതരിപ്പിച്ച് ആസ്വാദക സമ്മതി നേടിയ ഒന്നാണ്.
കല്ലട ആയിടെയെഴുതിയ ‘ന്യൂഹാഫ് ധ്വരയും ആറ്റിങ്ങൽ കൊട്ടാരത്തിലെ ഇരട്ടക്കുരുതിയും’ എന്ന ചരിത്രകഥ ‘ജനയുഗ’ത്തിൽ പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചു. ഗോപാലൻ ആ കഥയുടെ ഇലസ്‌ട്രേഷൻ ചെയ്യണം എന്ന് കല്ലടക്ക് വലിയൊരാഗ്രഹം. ഗോപാലൻ വാഷ് േഡ്രായിങ് സങ്കേതമുപയോഗിച്ച് മനോഹരമായൊരു ചിത്രം വരച്ചുകൊടുത്തു. 1963 സെപ്റ്റംബർ 29ന്റെ ലക്കത്തിൽ കഥ അച്ചടിച്ചുവരികയുംചെയ്തു. അടുത്ത ദിവസം കല്ലട വാസുദേവൻ ഒരു സന്ദേശവുമായെത്തി. ‘ജനയുഗ’ത്തിന്റെ പത്രാധിപർക്ക് ഗോപാലനെ ഒന്നു കാണണം. കാമ്പിശ്ശേരി കരുണാകരൻ ആയിരുന്നു ‘ജനയുഗ’ത്തിന്റെ പത്രാധിപർ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.