കാമ്പിശ്ശേരിയും കുമ്പളവും: അതികായർക്കൊപ്പം

ആ ​ഒ​രൊ​റ്റ ദി​വ​സം​കൊ​ണ്ട്, വീ​ട്ടി​ലും നാ​ട്ടി​ലും വി​ല​യു​ള്ള ഒ​രു പൗ​ര​നാ​യി ഗോ​പാ​ല​ൻ മാ​റി. അ​ച്ഛ​​ന്റെ പെ​രു​മാ​റ്റ​ത്തി​ൽ മാ​റ്റം പ്ര​ക​ട​മാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ൽ അം​ഗീ​കാ​ര​മു​ള്ള ഒ​രാ​ളാ​ണ് ത​​ന്റെ മ​ക​ൻ എ​ന്ന ബോ​ധം വേ​ലാ​യു​ധ​ന് ആ​ദ്യ​മാ​യി ഉ​ണ്ടാ​കു​ന്ന​ത് അ​ന്നാ​ണ് -ആർട്ടിസ്​റ്റ്​ ഗോപാല​ന്റെ ജീവിത​കഥ തുടരുന്നു.1952ൽ കായംകുളത്തിനടുത്തുള്ള പുതുപ്പള്ളി മണ്ഡലത്തിൽനിന്ന് ജയിച്ച് തിരു-കൊച്ചി നിയമസഭയിൽ അംഗമായിരിക്കുമ്പോഴാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ ലെജൻഡറി കഥാപാത്രമായ പരമുപിള്ളയെ ആയിരക്കണക്കിന് വേദികളിൽ അവതരിപ്പിച്ചുകൊണ്ട് കാമ്പിശ്ശേരി...

ആ ​ഒ​രൊ​റ്റ ദി​വ​സം​കൊ​ണ്ട്, വീ​ട്ടി​ലും നാ​ട്ടി​ലും വി​ല​യു​ള്ള ഒ​രു പൗ​ര​നാ​യി ഗോ​പാ​ല​ൻ മാ​റി. അ​ച്ഛ​​ന്റെ പെ​രു​മാ​റ്റ​ത്തി​ൽ മാ​റ്റം പ്ര​ക​ട​മാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ൽ അം​ഗീ​കാ​ര​മു​ള്ള ഒ​രാ​ളാ​ണ് ത​​ന്റെ മ​ക​ൻ എ​ന്ന ബോ​ധം വേ​ലാ​യു​ധ​ന് ആ​ദ്യ​മാ​യി ഉ​ണ്ടാ​കു​ന്ന​ത് അ​ന്നാ​ണ് -ആർട്ടിസ്​റ്റ്​ ഗോപാല​ന്റെ ജീവിത​കഥ തുടരുന്നു.

1952ൽ കായംകുളത്തിനടുത്തുള്ള പുതുപ്പള്ളി മണ്ഡലത്തിൽനിന്ന് ജയിച്ച് തിരു-കൊച്ചി നിയമസഭയിൽ അംഗമായിരിക്കുമ്പോഴാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ ലെജൻഡറി കഥാപാത്രമായ പരമുപിള്ളയെ ആയിരക്കണക്കിന് വേദികളിൽ അവതരിപ്പിച്ചുകൊണ്ട് കാമ്പിശ്ശേരി കരുണാകരൻ ജനമനസ്സുകളിൽ കുടിയേറുന്നത്. ഇക്കാലത്തു തന്നെയാണ് പത്രപ്രവർത്തന ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതും. ആഴ്ച തോറും ഇറങ്ങിക്കൊണ്ടിരുന്ന ‘ജനയുഗം’ 1953ൽ ദിനപത്രമായ ഘട്ടത്തിൽ കാമ്പിശ്ശേരിയും പത്രാധിപ സമിതിയുടെ ഭാഗമായി.

‘ജനയുഗം’ ഗോപി എന്ന എൻ. ഗോപിനാഥൻ നായരുടെ മുഖ്യ പത്രാധിപത്യത്തിന് കീഴിൽ വൈക്കം ചന്ദ്രശേഖരൻ നായരുടെ ചുമതലയിൽ 1958 ഫെബ്രുവരി രണ്ടാം തീയതി പുറത്തിറങ്ങിയ ‘ജനയുഗം’ സാംസ്കാരിക വാരിക വളരെ പെട്ടെന്നാണ് ‘മാതൃഭൂമി’യും ‘മലയാളരാജ്യ’വും ‘കൗമുദി’യും വെട്ടിത്തിളങ്ങി നിൽക്കുന്ന ആനുകാലിക പ്രസിദ്ധീകരണലോകത്ത് കുതിച്ചുയർന്നു കയറിയത്. 1960കളുടെ തുടക്കത്തിൽ വൈക്കവും ഗോപിനാഥൻ നായരും ‘ജനയുഗം’ വിട്ടപ്പോൾ, കാമ്പിശ്ശേരി ‘ജനയുഗം’ പത്രത്തി​ന്റെയും വാരികയുടെയും മുഖ്യപത്രാധിപരായി.

‘ജനയുഗ’ത്തി​ന്റെ ആദ്യത്തെ വിശേഷാൽപ്രതി പുറത്തിറങ്ങിയ 1954 തൊട്ടുതന്നെ അതിലെ ചിത്രരചന നിർവഹിച്ചിരുന്നത് ആർട്ടിസ്റ്റ് പി.കെ. രാമകൃഷ്ണനായിരുന്നു.

തകഴി, ബഷീർ, പൊൻകുന്നം വർക്കി, ജോസഫ് മുണ്ടശ്ശേരി, ജി. ശങ്കരക്കുറുപ്പ്, പി. ഭാസ്കരൻ, വയലാർ, ഒ.എൻ.വി, തിരുനല്ലൂർ കരുണാകരൻ തുടങ്ങി ഒട്ടുമിക്ക പ്രമുഖരും തങ്ങളുടെ കലാസൃഷ്ടികളുമായി അണിനിരന്ന ആ വിശേഷാൽ പ്രതിയിൽ ചിത്രകാരന്റെ പടം സഹിതം ഇങ്ങനെയൊരു കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു:

‘‘എസ്.എൻ കോളേജിലെ ഒരദ്ധ്യാപകനായ ശ്രീ. പി.കെ. രാമകൃഷ്ണൻ ബി.എസ്.സിയാണ് ‘ജനയുഗം’ ഓണം വിശേഷാൽപ്രതിയിലെ ചിത്രങ്ങൾ വരച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ കഴിവുറ്റ കരചലനങ്ങൾ ഈ താളുകളിലൂടെത്തന്നെ കാണാൻ കഴിയുന്നതുകൊണ്ട് അതേപ്പറ്റി പ്രത്യേകിച്ച് ഒരു സ്തുതിയും ആവശ്യമില്ലെന്ന് കരുതുന്നു. കേരളക്കരയിൽ ഉയർന്നുവരുന്ന ഒരു ചിത്രകാരനെ ആ ചിത്രങ്ങളിലൂടെ നമുക്ക് കാണാൻ കഴിയുന്നു. ചിത്രകലയെപ്പറ്റി പ്രൗഢമായ ഒരു ലേഖനംകൂടി തന്ന് അദ്ദേഹം ഞങ്ങളെ സഹായിച്ചിട്ടുണ്ട്.

ഒരദ്ധ്യാപകന്റെ അവിശ്രമമായ വ്യാപൃതികൾക്കിടയ്ക്ക് ഈ വിശേഷാൽ പ്രതിയെ ആകർഷകമാക്കുന്നതിൽ ശ്രീ. രാമകൃഷ്ണൻ വഹിച്ച പങ്കിനു കൃതജ്ഞത കൊണ്ടായില്ലെന്നു ഞങ്ങൾ മനസ്സിലാക്കുന്നു. സൗഹൃദം നിറഞ്ഞ അഭിനന്ദനങ്ങൾ വായനക്കാരോടൊപ്പം ഞങ്ങളും അദ്ദേഹത്തിനർപ്പിച്ചുകൊള്ളട്ടെ...’’ സാധാരണ പതിവില്ലാത്ത രീതിയിൽ രേഖാചിത്രകാരനെക്കുറിച്ച് ഇങ്ങനെയൊരു കുറിപ്പ് പ്രസിദ്ധീകരിച്ചത് ആർട്ടിസ്റ്റ് രാമകൃഷ്ണന് ‘ജനയുഗം’ നൽകിയിരുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

തുടർന്നുള്ള ഓരോ വർഷത്തെയും ‘ജനയുഗം’ വിശേഷാൽ പ്രതികളിൽ പ്രസിദ്ധീകരിച്ച ആർട്ടിസ്റ്റ് രാമകൃഷ്ണന്റെ വരകൾ ഒരു കലാകാരന്റെ ക്രമാനുഗതമായ വളർച്ചയെക്കുറിക്കുന്നതായിരുന്നു. എന്തുകൊണ്ടോ പക്ഷേ, ‘ജനയുഗം’ വാരിക തുടങ്ങിയപ്പോൾ കോട്ടയത്തെ ആർട്ടിസ്റ്റ് ശങ്കരൻകുട്ടിയെയാണ് ഇലസ്‌ട്രേറ്ററായി എടുത്തത്. അനായാസമായി കോറിയിടുന്ന ഏതാനും ചില വരകളിലൂടെ വ്യക്തികളുടെ കാരിക്കേച്ചറുകൾ സൃഷ്ടിക്കാൻ അസാമാന്യസിദ്ധിയുണ്ടായിരുന്നു ശങ്കരൻ കുട്ടിക്ക്.

 

ആർട്ടിസ്റ്റ് ഗോപാലൻ സുഹൃത്തുക്കൾക്കൊപ്പം,ആർട്ടിസ്റ്റ് രാമകൃഷ്ണനെക്കുറിച്ച് ‘ജനയുഗ’ത്തിൽ വന്ന കുറിപ്പ്

ചിത്രകലയോടെന്നപോലെ തന്നെ എഴുത്തിനോടും നാടകത്തോടും സിനിമയോടുമൊക്കെ അഭിനിവേശമുണ്ടായിരുന്ന, കലാകാരന്റേതായ ചില (ദു)ശ്ശീലങ്ങളും അൽപം അരാജക സ്വഭാവവുമൊക്കെ കൊണ്ടുനടന്നിരുന്ന ശങ്കരൻകുട്ടി പിന്നീട് ‘മലയാള രാജ്യ’ത്തിലേക്ക് പോയി. അവിടെനിന്ന് കോട്ടയത്തെ ‘ദേശബന്ധു’വിലേക്കും. ആർട്ടിസ്റ്റ് രാമകൃഷ്ണ​ന്റെ ചിത്രങ്ങൾ ‘ജനയുഗ’ത്തിന്റെ താളുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

ചിത്രകാരൻ ഒരിക്കൽ മാറിനിന്നപ്പോൾ പത്രാധിപർതന്നെ വരയേറ്റെടുക്കുന്ന അപൂർവ സംഭവവും അക്കാലത്തുണ്ടായി. എഴുത്തും സംഗീതവും അഭിനയവും പ്രസംഗവും തുടങ്ങി സകല കലകളിലും പ്രതിഭ തെളിയിച്ച വൈക്കം ചന്ദ്രശേഖരൻ നായർ, മകൾ ലതയുടെ പേരിലാണ് ചിത്രങ്ങൾ വരച്ചത്. ‘ജനയുഗം’ പത്രത്തിൽ ‘കിട്ടുമ്മാവൻ’ എന്ന പോക്കറ്റ് കാർട്ടൂണും രാഷ്ട്രീയ കാർട്ടൂണുകളും വാരികയിൽ ‘ചന്തു’വുമൊക്കെ വരച്ച് ശ്രദ്ധേയനായ യേശുദാസനാണ് പീന്നീട് ഏതാനും കാലം മറ്റ് ഇലസ്‌ട്രേഷനുകളും കൈകാര്യംചെയ്തത്. യേശുദാസൻ ‘ശങ്കേഴ്‌സ് വീക്കിലി’യിൽ ചേരാൻവേണ്ടി ഡൽഹിയിലേക്ക് പോയി.

ഇതിനിടെ, ‘കേരളശബ്ദ’ത്തിനുവേണ്ടി വരക്കാൻ പോയ ആർട്ടിസ്റ്റ് രാമകൃഷ്ണൻ വീണ്ടും ‘ജനയുഗ’ത്തിലെത്തി. യശ്പാലി​ന്റെ വിഖ്യാത കൃതികളായ ‘രാജ്യദ്രോഹി’, ‘നിറംപിടിപ്പിച്ച നുണകൾ’, തോപ്പിൽ ഭാസിയുടെ ആത്മകഥ ‘ഒളിവിലെ ഓർമകൾ’, പെരുമ്പടവം ശ്രീധരന്റെ ആദ്യ നോവലായ ‘സർപ്പക്കാവ്’, പി. നരേന്ദ്ര നാഥി​ന്റെ ‘കുഞ്ഞിക്കൂനൻ’, ‘വികൃതിരാമൻ’, ‘കൽക്കി’ എന്ന പേരിൽ കാമ്പിശ്ശേരിയെഴുതിയ കൂനന്തറ പരമുവും പൂനാ കേശവനും... ഇവക്കൊക്കെ വേണ്ടി ആർട്ടിസ്റ്റ് രാമകൃഷ്ണൻ വരച്ച രേഖാ ചിത്രങ്ങളും ടൈറ്റിലുകളും ‘ജനയുഗ’ത്തിന് ഭാവദീപ്തി പകർന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ‘ജനയുഗ’വും രാമകൃഷ്ണനുമായുള്ള ബന്ധം അത്രകണ്ട് സുഗമമായിരുന്നില്ല. കല്ലട വാസുദേവന്റെ കഥക്കുവേണ്ടി ഗോപാലൻ വരച്ച ചിത്രം കണ്ടയുടനെ ഗോപാലനെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്.

കാമ്പിശ്ശേരിയെ ഗോപാലൻ ആദ്യം കാണുന്നത് പണ്ട് പരമുപിള്ളയുടെ വേഷത്തിൽ അരങ്ങത്തു വെച്ചാണ്. വി.പി. നായരെയും കെ.എസ്. ചന്ദ്രനെയും കാണാൻ ചിലപ്പോഴൊക്കെ ‘കേരളശബ്ദ’ത്തിൽ വന്നിട്ടുള്ളപ്പോഴും ദൂരെനിന്ന് കണ്ടിട്ടുണ്ട്. കടപ്പാക്കടയിലുള്ള ‘ജനയുഗം’ ഓഫിസിലെ പത്രാധിപരുടെ മുറിയിൽ വെച്ചാണ് ആദ്യമായി അടുത്തിങ്ങനെ മുഖത്തോടുമുഖം കാണുന്നത്. വളരെക്കാലത്തെ പരിചയമുള്ള ആരെയോ കാണുന്നതുപോലെ സ്നേഹത്തോടെ വിളിച്ചിരുത്തിക്കൊണ്ട് കാമ്പിശ്ശേരി വിശേഷങ്ങളൊക്കെ ചോദിച്ചു. ‘കേരളശബ്ദ’ത്തിലെ ജോലിയുടെ രീതിയെക്കുറിച്ചും മറ്റും അന്വേഷിച്ചറിഞ്ഞ ശേഷം, പെട്ടെന്ന് വന്ന ഒരു ചോദ്യം ഗോപാലൻ തീരെ പ്രതീക്ഷിച്ചതായിരുന്നില്ല.

‘‘ഇവിടുന്ന് മാസം ഒരു അറുപതു രൂപാ വെച്ചു തരും. എന്തുപറയുന്നു, ‘ജനയുഗ’ത്തിൽ ആർട്ടിസ്റ്റായി ചേരാമോ?’’

പെട്ടെന്ന് എന്തു മറുപടി പറയണമെന്നറിയാതെ ഗോപാലൻ അൽപനേരം ഒന്നും മിണ്ടാതെയിരുന്നു. അറുപതു രൂപ... ‘കേരളശബ്ദ’ത്തിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ... വി.പി. നായർ സാറിനോടും ചന്ദ്രൻ സാറിനോടും പക്ഷേ എന്തു പറയും?

ഗോപാല​ന്റെ മനസ്സ് അറിഞ്ഞതുപോലെ കാമ്പിശ്ശേരി പറഞ്ഞു.

‘‘കേരളശബ്ദത്തിലെ വരയൊന്നും നിറുത്തേണ്ട. ‘ജനയുഗ’ത്തിനു പറയുമ്പോഴൊക്കെ വന്നു വരച്ചു തന്നാൽ മതി.’’

സമാധാനമായി. ശരിയെന്ന് തലയാട്ടി. അടുത്തദിവസം വരാമെന്നുപറഞ്ഞ് അവിടെനിന്നിറങ്ങി. ഇറങ്ങുമ്പോൾ തീരെ പ്രതീക്ഷിക്കാത്ത ഒരു കാഴ്ച കണ്ടു. അവിടെ ഒരിടത്തിരുന്ന് കെ.എസ്. ചന്ദ്രൻ എന്തോ എഴുതുന്നു. തലയുയർത്തി നോക്കിയപ്പോൾ ഗോപാലനെ കണ്ട് ഒന്നു ചിരിച്ചു. ചന്ദ്രൻ സാറിന്റെ അറിവോടും സമ്മതത്തോടുമാണ് കാമ്പിശ്ശേരി തന്നെ വിളിപ്പിച്ചതെന്ന് അപ്പോഴാണ് അറിയുന്നത്.

‘ജനയുഗ’ത്തിൽ വരച്ചു തുടങ്ങുന്നതിനുമുമ്പ് മനസ്സാക്ഷിയുടെ പ്രേരണയാലെന്നപോലെ ഗോപാലൻ ഒരു കാര്യംചെയ്തു. രാവിലെ കൊല്ലത്ത് ബസിറങ്ങിയ ഉടനെ നേരെ പട്ടത്താനത്തേക്കു വിട്ടു. രാമകൃഷ്ണൻ സാറിനെക്കണ്ട് താൻ ‘ജനയുഗ’ത്തിൽ വരക്കാൻ തുടങ്ങുകയാണ്, സാറി​ന്റെ അനുഗ്രഹം വേണം എന്നു പറയുകയായിരുന്നു ഉദ്ദേശ്യം.

രാമകൃഷ്ണൻ സാർ കോളജിലേക്ക് പോകാനിറങ്ങുകയായിരുന്നു. ഗോപാല​ന്റെ തോളിൽ കൈയിട്ടു ചേർത്തുപിടിച്ചുകൊണ്ട് എസ്.എൻ കോളജ് വരെ നടന്നു. പോകുന്ന വഴിയിൽ സംസാരിച്ചതു മുഴുവൻ ഒരൊറ്റ വിഷയമാണ്. ‘ജനയുഗ’ത്തിൽ ഒരു കാരണവശാലും വരക്കരുത്. കോളജ് ഗേറ്റി​ന്റെ തെക്കേ ഗേറ്റിൽ എത്തിയപ്പോൾ അവിടെനിന്നുകൊണ്ട് സംസാരം പിന്നെയും തുടർന്നു. വെറുതെ കേട്ടുനിന്നതല്ലാതെ ഗോപാലൻ മറുപടി ഒന്നും പറഞ്ഞില്ല. എന്നാൽ, ഒരു കാര്യം മനസ്സിൽ തീർച്ചപ്പെടുത്തിയിരുന്നു.

രാമകൃഷ്ണൻ സാറിന് നല്ലൊരു ജോലിയുണ്ട്. സമൂഹത്തിൽ വലിയൊരു സ്ഥാനവും കൃത്യമായി കിട്ടുന്ന ഭേദപ്പെട്ട ശമ്പളവുമുണ്ട്. തനിക്കാണെങ്കിൽ ഇതൊന്നുമില്ല. ഒരു രേഖാചിത്രകാരനാകണം എന്നത് ജീവിതാഭിലാഷവുമാണ്. അതുകൊണ്ട്, ജനയുഗത്തിലും കേരളശബ്ദത്തിലും വരക്കും, കഴിവുള്ളിടത്തോളം കാലം...

 

കാമ്പിശ്ശേരി –നടനായും പത്രാധിപരായും: ആർട്ടിസ്റ്റ് ഗോപാലന്റെ വര

‘ജനയുഗ’ത്തിൽ ആർട്ടിസ്റ്റ് രാമകൃഷ്ണൻ കുറച്ചുകാലം കൂടി ഇലസ്‌ട്രേഷൻ ചെയ്യുന്നത് തുടർന്നു. ‘കേരളശബ്ദം’ അപ്പോഴും മുടങ്ങിയിരുന്നില്ല. അതുകൊണ്ട് ഗോപാലൻ ‘ജനയുഗം’ എന്ന ടൈറ്റിൽ ഉൾപ്പെടെയുള്ള ചില തലക്കെട്ടുകളും ചില കഥകൾക്കു വേണ്ടിയുള്ള ചിത്രങ്ങളും മാത്രമാണ് തുടക്കത്തിൽ വരച്ചത്. 1964ന്റെ പകുതിയായതോടെ ആർട്ടിസ്റ്റ് രാമകൃഷ്ണൻ ‘ജനയുഗം’ വിട്ടു. ‘കേരളശബ്ദ’ത്തി​ന്റെ പ്രസിദ്ധീകരണം നിലക്കുകയുംചെയ്തു. ഗോപാലൻ ‘ജനയുഗ’ത്തി​ന്റെ ഇലസ്ട്രേഷൻ പൂർണമായി ഏറ്റെടുത്തതോടെ കഥകൾ, കവിതകൾ, സ്ഥിരം പംക്തികൾ തുടങ്ങി എല്ലാത്തിനുംവേണ്ടി വരച്ചു. 1964ലെ ‘ജനയുഗം’ ഓണം വിശേഷാൽപ്രതിയുടെ പ്രധാന ചിത്രകാരൻ ഗോപാലനായിരുന്നു.

‘കൗമുദി’യിലും ‘ജനയുഗ’ത്തിലുമൊക്കെ കഥയും കവിതയുമൊക്കെ എഴുതുന്ന ഹരിപ്പാട് ശ്രീകുമാരൻ തമ്പി എന്ന ചെറുപ്പക്കാര​ന്റെ ഒരു നോവലായിരുന്നു ആ വർഷത്തെ വിശേഷാൽ പ്രതിയുടെ ഹൈലൈറ്റ്. ‘കാക്കത്തമ്പുരാട്ടി’ എന്ന പേരാണ് നോവലിസ്റ്റ് അതിനു നൽകിയതെങ്കിലും, കൈയെഴുത്തുപ്രതിയിൽ ടൈറ്റിൽ എഴുതിയ പേര് കീറിപ്പോയിരുന്നതു കാരണം ആദ്യത്തെ അധ്യായത്തി​ന്റെ തലക്കെട്ടായ ‘ഒരു വിരുന്നുകാരൻ’ എന്ന ടൈറ്റിലോടുകൂടിയാണ് നോവൽ പ്രസിദ്ധീകരിച്ചത്. അതോടൊപ്പം ഗോപാലൻ വരച്ച വാഷ് ​േഡ്രായിങ്ങുകളും അത്യാകർഷകമായിരുന്നു. സഹൃദയ ലോകത്ത് നോവലിസ്റ്റും ചിത്രകാരനും ഒരുപോലെ ചർച്ച ചെയ്യപ്പെട്ടു. അധികം വൈകാതെ ശ്രീകുമാരൻ തമ്പി എഴുതിയ അടുത്ത നോവലും ഗോപാല​ന്റെ വരകളുടെ അകമ്പടിയോടെ ‘ജനയുഗ’ത്തിൽ പരമ്പരയായി വരാൻ തുടങ്ങി.

‘കേരളശബ്ദം’ പ്രസിദ്ധീകരണം മുടങ്ങിയതിനുശേഷം ഗോപാലൻ, വി.പി. നായർ സാറിനെയോ ചന്ദ്രൻ സാറിനെയോ ഒന്നും കണ്ടിട്ടില്ല. ഒരുദിവസം ഗോപാലൻ ചവറ കെ.സി ടാക്കീസിൽ ഫസ്റ്റ് ഷോ കാണാൻ കയറിയിരിക്കുകയായിരുന്നു. പെട്ടെന്ന് സ്ക്രീനിൽ ഒരു സ്ലൈഡ് പ്രത്യക്ഷപ്പെട്ടു. ‘ആർട്ടിസ്റ്റ് ഗോപാലൻ പ്രൊജക്ഷൻ റൂമിൽ ഉടനടി എത്തണം.’ ഗോപാലൻ ആകെ പരിഭ്രമിച്ചു. വീട്ടിലാർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചോ? പ്രൊജക്‌ഷൻ റൂമിലേക്ക് ഓടിക്കിതച്ചു ചെന്നപ്പോൾ കണ്ടത് നല്ല ഉയരമുള്ള കറുത്തിരുണ്ട ഒരു ചെറുപ്പക്കാരനെയാണ്. തമിഴ് ചുവയുള്ള മലയാളത്തിൽ അയാൾ പറഞ്ഞു, ‘‘എ​ന്റെ പേര് എസ്. രാമകൃഷ്ണൻ. രാധാസ് ടെക്സ്റ്റൈൽസി​ന്റെ ഓണർ കൃഷ്ണസ്വാമി റെഡ്ഡ്യാരെ അറിയുമോ? മുതലാളി ‘കേരളശബ്‌ദം’ വാങ്ങിച്ചു. ഗോപാലനെ വിളിച്ചുകൊണ്ടുചെല്ലാൻ മുതലാളി അയച്ചതാ. കാർ കൊണ്ടുവന്നിട്ടുണ്ട്.’’

രാമകൃഷ്ണനോടൊപ്പം അപ്പോൾതന്നെ അവിടെക്കിടന്ന ഒരു അംബാസഡർ കാറിൽ കാറി. ബാക്ക് സീറ്റിൽ നിറയെ മുല്ലപ്പൂക്കൾ. റെഡ്ഡ്യാരുടെ പെൺമക്കളെ വീട്ടിൽ കൊണ്ടുവിട്ടശേഷം വരുന്ന വരവാണ്. ‘കേരളശബ്ദം’ ഓഫിസിൽ എത്തിയപ്പോൾ അവിടെ കെ.എസ്. ചന്ദ്രൻ ഇരിപ്പുണ്ട്. ഒപ്പം ദീർഘകായനായ ഒരു മനുഷ്യനും. കൈയിലിരിക്കുന്ന സ്വർണനിറത്തിലുള്ള ചെല്ലത്തിൽനിന്ന് വെറ്റിലയും പാക്കുമൊക്കെ എടുത്തു മുറുക്കിക്കൊണ്ടിരിക്കുകയാണ്. ഗോപാലനെ നോക്കി കൈകൾ കൂപ്പി നമസ്കാരം പറഞ്ഞു. രാമകൃഷ്ണനെ പോലെ തമിഴ് കലർന്ന മലയാളം. ഗോപാലനാകെ അമ്പരന്നുനിൽക്കുകയാണ്.

 

ചന്ദ്രൻ സാർ കാര്യങ്ങളൊക്കെ പറഞ്ഞു, ‘‘ഗോപാലാ, നമ്മൾ പിന്നെയും തുടങ്ങുകയാണ്. പഴയതുപോലെ ടൈറ്റിൽ കൊടുക്കുന്നത് കറുപ്പ് നിറത്തിലല്ല. ‘ബ്ലിറ്റ്സി’ലേതുപോലെ ചുവപ്പുനിറത്തിലായിരിക്കും. നീ പുതിയൊരു ടൈറ്റിൽ വരക്കണം. കാണുന്നവർക്ക് വളരെ ആകർഷകമായി തോന്നണം. എപ്പോ ചെയ്തുകൊണ്ടുവരാൻ പറ്റും?’’

ഒരു നിമിഷംപോലും വൈകാതെ മറുപടി പറഞ്ഞു. നാളെ രാവിലെ കൃഷ്ണസ്വാമി റെഡ്ഡ്യാരുടെ മുറുക്കിച്ചുവന്ന ചുണ്ടുകളിൽ ഒരു ചിരി വിടർന്നു. അപ്പോൾതന്നെ ഗോപാലനെ തിരികെ കാറിൽ ചവറയിൽ കൊണ്ടുവിടാൻ നിർദേശം നൽകി. അന്നു രാത്രി മുഴുവനും ഉറക്കമിളച്ചിരുന്ന് ഗോപാലൻ വ്യത്യസ്തമായ സ്റ്റൈലുകളിലായി നാല് ടൈറ്റിലുകൾ തയാറാക്കി –ചുവന്ന പശ്ചാത്തലത്തിൽ വെളുത്ത വലിയ അക്ഷരങ്ങളിൽ ‘കേരളശബ്ദം’ എന്നും തൊട്ടുതാഴെയായി ചെറിയ അക്ഷരങ്ങളിൽ സ്വതന്ത്ര രാഷ്ട്രീയ വാരിക എന്നും. രാവിലെ പത്തു മണിക്ക് മുമ്പുതന്നെ ഗോപാലൻ കേരളശബ്ദത്തിലെത്തി. തയാറാക്കിയ നാല് ടൈറ്റിലുകളും മുതലാളി കൈയിലെടുത്തു നോക്കി.

‘‘ഗംഭീരം. ഈ ടൈറ്റിൽ എങ്ങനെയുണ്ട് ചന്ദ്രൻ സാർ?’’

‘‘ഞാനും അതുതന്നെയാണ് ഉദ്ദേശിച്ചത്.’’ കെ.എസ്. ചന്ദ്രൻ മറുപടി പറഞ്ഞു.

അടുത്തദിവസംതൊട്ട് ഗോപാലൻ ‘ജനയുഗ’ത്തിനോടൊപ്പം ‘കേരളശബ്ദ’ത്തിലും പോകാൻ തുടങ്ങി. കൂടുതൽ വ്യത്യസ്തവും ആകർഷകവുമായ ഉള്ളടക്കവുമായി പുറത്തിറങ്ങാനുള്ള ഒരുക്കങ്ങളുമായി കല്ലുപാലത്തിനടുത്ത് ലക്ഷ്മിനടയിലുള്ള ഓഫിസ് വളരെ സജീവമായി.

‘‘പുരോഗതിക്കും സോഷ്യലിസത്തിനും മെച്ചപ്പെട്ട സാംസ്കാരിക ജീവിതത്തിനും വേണ്ടി പോരാടുന്ന ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസിദ്ധീകരണ’’മായിട്ടാണ് ‘കേരളശബ്ദം’ സ്വയം വിശേഷിപ്പിച്ചത്. ‘‘നിഷ്പക്ഷ രാഷ്ട്രീയ വിമർശനങ്ങൾ, അഴിമതിയും ചുമപ്പുനാടയും നിറഞ്ഞ രംഗങ്ങളിലേക്ക് നിശിതമായ ടോർച്ചടികൾ,ചൂടേറിയ സാംസ്കാരിക ചർച്ചകൾ’’ എന്നിവ കൂടാതെ നോവൽ, കഥ, കവിത, നിരൂപണം, നർമലേഖനങ്ങൾ –ഇവക്കു പുറമെ, ഇന്ത്യൻ ചലച്ചിത്രജീവിതത്തി​ന്റെ സചിത്ര ചിത്രീകരണങ്ങൾ, ചിന്തിക്കാനും ചിരിക്കാനും വകനൽകുന്ന കാർട്ടൂണുകൾ തുടങ്ങിയവയൊക്കെയടങ്ങിയതായിരുന്നു, കെ.എസ്. ചന്ദ്ര​ന്റെ നേതൃത്വത്തിലുള്ള രണ്ടാം വരവിൽ ‘കേരളശബ്ദ’ത്തി​ന്റെ സവിശേഷമായ ഉള്ളടക്കമായത്. ആർ. സുഗതൻ, വി.പി. നായർ, കാമ്പിശ്ശേരി, വൈക്കം, പവനൻ തുടങ്ങിയവർ പംക്തികൾ കൈകാര്യംചെയ്തു. കെ.വി.എസ്. ഇളയതായിരുന്നു തലസ്ഥാന ലേഖകൻ.

മാനേജറും പ്രിന്റർ ആൻഡ് പബ്ലിഷറുമായി എം.എൻ. രാമചന്ദ്രൻ നായർ തുടർന്നു. പ്രമുഖ അഭിഭാഷകനും മുൻ എം.പിയുമായ എസ്. ഈശ്വരയ്യരും അഡ്വ. ജി. ജനാർദനക്കുറുപ്പും ഉപദേശ സമിതിയായി പ്രവർത്തിച്ചു. വാസ്തവത്തിൽ കൃഷ്ണസ്വാമി റെഡ്ഡ്യാരെക്കൊണ്ട് കേരളശബ്ദം ഏറ്റെടുപ്പിക്കുന്നതിൽ അവർ ഇരുവരുടെയും റെഡ്ഡ്യാരുമായുള്ള ഉറ്റ സൗഹൃദബന്ധത്തിന് നിർണായക പങ്കുണ്ടായിരുന്നു. ഏതാനും മാസങ്ങളുടെ ഇടവേളക്കുശേഷം 1964 ഡിസംബർ 23 ബുധനാഴ്ച ‘കേരളശബ്ദം’ വീണ്ടും വായനക്കാരുടെ കൈകളിലെത്തി.

അപ്പോഴേക്കും കമ്യൂണിസ്റ്റ് പാർട്ടി നെടുകെ പിളർന്നുകഴിഞ്ഞിരുന്നു. 1965 മാർച്ചിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പി​ന്റെ കേളികൊട്ട് മുഴങ്ങുന്ന ദിവസങ്ങൾ. പാർട്ടി പിളരുന്നതിന് തൊട്ടുപിന്നാലെ തന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ട് വിഭാഗങ്ങളെയും ഐക്യത്തി​ന്റെ പാതയിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന കാര്യം ‘കേരളശബ്ദം’ ഒരു അജണ്ടയായി സ്വീകരിച്ചിരുന്നു. രണ്ടു പാർട്ടികളുടെയും നേതാക്കന്മാരെ അഡ്വ. ജനാർദനക്കുറുപ്പും കെ.എസ്. ചന്ദ്രനും കൂടി നേരിട്ടുകണ്ട് ഒരു അഭിമുഖ സംഭാഷണ പരമ്പര പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗുമായി കൂട്ടുചേരുന്നതി​ന്റെ പേരിൽ തർക്കിച്ച് രണ്ടു പാർട്ടികളും തെറ്റിപ്പിരിഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്ന പേര് ലഭിച്ച ഇടതുവിഭാഗം 40 സീറ്റ് നേടി ശക്തി തെളിയിച്ചപ്പോൾ സി.പി.ഐക്ക് ആകെ മൂന്നു സീറ്റ് മാത്രമേ ലഭിച്ചുള്ളൂ.

‘കേരളശബ്‌ദം’ നേരത്തേ പ്രസിദ്ധീകരണം മുടങ്ങുന്ന സമയത്ത്, അതിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വിഭവം കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥയായിരുന്നു. മധ്യ തിരുവിതാംകൂറിലെ കിരീടംവെക്കാത്ത രാജാവായ കുമ്പളത്തി​ന്റെ ‘കഴിഞ്ഞകാല സ്മരണകൾ’ തന്നെയായിരുന്നു വാരികയുടെ രണ്ടാം വരവിലും വായനക്കാരെ ഏറ്റവും ആകർഷിച്ച പംക്തി. സർ സി.പിയെ ഒരു കത്താളുകൊണ്ട് വെട്ടിപ്പരിക്കേൽപിച്ച് അമേരിക്കൻ മോഡലും സ്വതന്ത്ര തിരുവിതാംകൂറും ഇട്ടെറിഞ്ഞ് പലായനം ചെയ്യാൻ പ്രേരിപ്പിച്ച കെ.സി.എസ്. മണി എന്ന സാഹസികനെ പൊതുജനസമക്ഷം ആദ്യമായി അവതരിപ്പിക്കുന്നത്, ‘കേരളശബ്ദ’ത്തിൽ വന്ന ത​ന്റെ ആത്മകഥയിലൂടെ കുമ്പളമാണ്. ഗോപാല​ന്റെ ജീവിതത്തെ അടിമുടി മാറ്റിമറിക്കാൻ ‘കഴിഞ്ഞകാല സ്മരണകളും’ കുമ്പളത്ത് ശങ്കുപ്പിള്ളയും നിമിത്തമായി.

വീട്ടിൽ അച്ഛനോടും ചേട്ടനോടും കാര്യമായ മിണ്ടാട്ടംപോലുമുണ്ടായിരുന്നില്ല എന്ന് നേരത്തേ പറഞ്ഞല്ലോ. അമ്മയോടാണ് ആകെ എന്തെങ്കിലും വർത്തമാനം പറഞ്ഞിരുന്നത്. എങ്കിലും എവിടെയാണ് ജോലിയെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും പറഞ്ഞിരുന്നില്ല. രാത്രി വളരെ വൈകി വീട്ടിൽ ചെന്നുകയറും.

അമ്മ മേശപ്പുറത്ത് അടച്ചുവെച്ചിരിക്കുന്ന അത്താഴമെടുത്തു കഴിച്ചിട്ട് കിടന്നുറങ്ങും. മെയിൻ റോഡിൽ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്ന അഞ്ചു ഫർലോങ് ദൂരമാകെ കുറ്റാക്കൂരിരുട്ടാണ്. ഇഴജന്തുക്കളെയും ഭൂതപ്രേതപിശാചുക്കളെയുമൊക്കെ കുറിച്ച് മനസ്സിലുയരുന്ന ഭയമടക്കിപ്പിടിച്ചുകൊണ്ട് ആഞ്ഞുനടക്കും. പോകുന്ന വഴിയുടെ ഇരുവശത്തുമായി അവിടെയുമിവിടെയുമുള്ള വീടുകളിൽനിന്ന് ആളുകൾ ചുമയ്ക്കുന്നത് കേൾക്കുമ്പോൾ ഉള്ളിലൊരാശ്വാസമാണ്. ആരെങ്കിലുമൊക്കെ ഉണർന്നിരിപ്പുണ്ടല്ലോ!

 

ഒരുദിവസം രാവിലെ വീട്ടുമുറ്റത്ത് അച്ഛനും കാണാൻ വന്ന ചില നാട്ടുകാരുമായി ഗൗരവപരമായ ഒരു വിഷയത്തെക്കുറിച്ച് ചർച്ച നടക്കുന്നതു കേട്ടു. ശ്രദ്ധിച്ചപ്പോൾ ഒരു ഭൂമിതർക്കമാണ്. കുടുംബത്തിന് അവകാശപ്പെട്ട ചില വസ്തുവകകൾ നഷ്ടപ്പെടാൻ പോകുന്നു. എതിർകക്ഷിയായ ബന്ധുക്കൾ ഇക്കാര്യത്തിൽ ഇടപെടാൻ വേണ്ടി സമീപിച്ചിരിക്കുന്നത് മറ്റാരെയുമല്ല, സാക്ഷാൽ കുമ്പളത്ത് ശങ്കുപ്പിള്ളയെയാണ്. കുമ്പളം ഇക്കാര്യത്തിൽ ഒരു തീരുമാനം പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നെ മറിച്ചൊരു നടപടി എടുക്കാൻ ദൈവം തമ്പുരാൻ വിചാരിച്ചാൽപോലും കഴിയില്ല. ഒരു കാര്യംകൂടിയുണ്ട്. ആരാണോ പരിദേവനവുമായി ആദ്യം കുമ്പളത്തി​ന്റെ മുന്നിലേക്ക് ചെല്ലുന്നത് അവരെയാണ് സഹായിക്കുക. ഒരിക്കൽ അക്കാര്യമേറ്റാൽ, പിന്നെ കാര്യത്തി​ന്റെ ശരിതെറ്റുകളോ വരും വരായ്കകളോ ഒന്നും നോക്കില്ല; മുന്നോട്ടുവെച്ച കാൽ പിന്നോട്ടെടുക്കുന്ന പ്രശ്നവുമില്ല.

കുടുംബം ചെന്നുപെട്ടിരിക്കുന്ന പ്രശ്നത്തി​ന്റെ ഗൗരവം ബോധ്യപ്പെട്ട ഗോപാലൻ ഇക്കാര്യത്തിൽ അച്ഛനെ സഹായിക്കാനായി തനിക്കെന്തു ചെയ്യാൻ കഴിയുമെന്നാലോചിച്ചു. കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥയുടെ ഒാരോ അധ്യായത്തിനും കെ.എസ്. ചന്ദ്രനിടുന്ന ടൈറ്റിൽ ആകർഷകമായ രീതിയിൽ എഴുതുന്നത് ഗോപാലനാണ്. അടുത്ത ലക്കത്തിലെ അധ്യായത്തി​ന്റെ തലക്കെട്ട് തയാറാക്കിക്കൊണ്ടിരിക്കുമ്പോൾ ഗോപാല​ന്റെ മനസ്സിൽ മിന്നലുപോലെ ഒരു വഴിതെളിഞ്ഞു. ഗോപാലൻ നേരെ കെ.എസ്. ചന്ദ്ര​ന്റെ അടുത്തേക്ക് ചെന്നു. അൽപം മടിയോടെ വിഷയമവതരിപ്പിച്ചു. കുമ്പളത്തിനോട് ചന്ദ്രൻ സാർ നേരിട്ടുകണ്ടു പറഞ്ഞാൽ ചിലപ്പോൾ അദ്ദേഹം സഹായിച്ചേക്കും.

‘‘അതിനെന്താ, നമുക്കൊരുമിച്ച് ഇന്നുതന്നെ പന്മന ചെന്ന് കുമ്പളത്ത് ചേട്ടനോട് കാര്യം പറയാം. നീ ധൈര്യമായിരിക്ക്.’’ ചന്ദ്രൻ സാർ സംഗതിയേറ്റതോടെ ഗോപാലന് ആശ്വാസമായി.

വൈകുന്നേരം ഇത്തിരി നേരത്തേ ഓഫിസിൽനിന്നിറങ്ങി ഒരു ടാക്സി പിടിച്ച് രണ്ടുപേരും കൂടി പന്മന ആശ്രമത്തിലേക്ക് പോയി. അവിടെ ചെന്നപ്പോൾ കുമ്പളം മുറ്റത്തിരുന്ന് ഇളംവെയിൽ കായുകയാണ്. ആശ്രിതന്മാരുടെയും അനുചരൻമാരുടെയും ഒരുകൂട്ടം അകന്നു മാറിനിൽപുണ്ട്. കൂട്ടത്തിൽ ആ പ്രദേശത്തെ പ്രമാണിമാരുമുണ്ട്.

കെ.എസ്. ചന്ദ്രനെ കണ്ടപ്പോൾ കുമ്പളത്തി​ന്റെ മുഖം വിടർന്നു.

‘‘വാ വാ ചന്ദ്രാ, എന്താണീ നേരത്ത്?’’ കുമ്പളം ആജ്ഞാപിച്ചതനുസരിച്ച് ആശ്രിതന്മാരാരോ അകത്തുനിന്ന് രണ്ടു കസേരകൾ കൊണ്ടുവന്ന് അദ്ദേഹത്തി​ന്റെ മുന്നിലായി ഇട്ടു. ശങ്കിച്ചു ദൂരെ മാറിനിന്ന ഗോപാലനെയും നിർബന്ധിച്ച് പിടിച്ചിരുത്തി. കുശലപ്രശ്നങ്ങളൊക്കെ കഴിഞ്ഞ് കുമ്പളം അവർ വന്ന കാര്യമെന്തെന്ന് തിരക്കി. ത​ന്റെ ഒപ്പമുള്ള ചെറുപ്പക്കാരൻ ഒന്നാന്തരം ഒരു കലാകാരനാണെന്നും ‘കഴിഞ്ഞകാല സ്മരണകളു’ടെ ടൈറ്റിലും അതിൽ പലപ്പോഴും കൊടുക്കാറുള്ള ഇലസ്ട്രേഷനുകളുമൊക്കെ തയാറാക്കുന്നയാളാണെന്നും എല്ലാത്തിനുമുപരി ഈ നാട്ടുകാരൻകൂടിയാണെന്നുമൊക്കെ ചന്ദ്രൻ സാർ വിശദമായി പരിചയപ്പെടുത്തി. ഇത്രയും കഴിഞ്ഞിട്ടാണ് പ്രശ്‌നമവതരിപ്പിച്ചത്. അപ്പോഴേക്കും ഗോപാല​ന്റെ വീട്ടുപേരും അച്ഛ​ന്റെ പേരും മറ്റും കുമ്പളം തിരക്കിയറിഞ്ഞിരുന്നു. എന്നിട്ട് തിരിഞ്ഞ് കെ.എസ്. ചന്ദ്രനോട് പറഞ്ഞു.

‘‘ചന്ദ്രന് ഒരു കാര്യമറിയാമോ?’’, മുറ്റത്ത് അൽപം ദൂരെ മാറി സ്ഥിതിചെയ്യുന്ന വീടി​ന്റെ കിണർ ചൂണ്ടിക്കാണിച്ചുകൊണ്ട് കുമ്പളം തുടർന്നു, ‘‘ഈ കാണുന്ന കിണർ ഇവ​ന്റെ അപ്പൂപ്പൻ കുഞ്ചാതിയാണ് പണിതത്. ഇവ​ന്റെ അച്ഛൻ വേലായുധനും ഇവിടത്തെ ഒരാള് തന്നെയാ.

 

കെ.എസ്. ചന്ദ്രൻ, കൃഷ്ണസ്വാമി റെഡ്യാർ, ആനന്ദക്കുറുപ്പ്,കുമ്പളത്ത് ശങ്കുപിള്ള 

പ​േക്ഷ, ഈ ചെറുക്കനെക്കുറിച്ച് എനിക്കൊന്നും അറിഞ്ഞുകൂടായിരുന്നു –എ​ന്റെ നാട്ടിൽ ഇത്രയും വലിയ ഒരു കലാകാരനുണ്ട് എന്നറിഞ്ഞപ്പോ എനിക്ക് സത്യം പറഞ്ഞാൽ വലിയ അഭിമാനംതോന്നുന്നു. അതും എത്രയോ കാലമായി അറിയാവുന്ന ഒരു കുടുംബത്തിൽപ്പെട്ടയാളാണെന്നുകൂടി കേട്ടപ്പോൾ. ചന്ദ്രൻ ധൈര്യമായി പൊയ്ക്കോ, ഇക്കാര്യത്തിൽ വേണ്ടതെന്താണെന്ന് വെച്ചാൽ ഞാൻ ചെയ്തോളാം.’’

ഗോപാല​ന്റെ മനസ്സിലാരോ തണുത്ത ഒരു കുടം വെള്ളമൊഴിച്ചതുപോലെ. കാര്യം നടന്നല്ലോ എന്നോർത്തു മാത്രമല്ല. കുമ്പളത്തി​ന്റെ മുന്നിൽ പഞ്ചപുച്ഛമടക്കി താണുവണങ്ങി നിൽക്കേണ്ടി വരുമോയെന്ന് പേടിച്ചാണ് ഇവിടെവരെ വന്നത്. എന്നാൽ, ജാതിയും കുലമഹിമയും സമ്പത്തുമൊന്നും നോക്കാതെ, തന്നിലെ കലാകാരനെ അംഗീകരിക്കാനും ഒപ്പമിരുത്തി ആദരിക്കാനും വന്ദ്യവയോധികനായ ആ മനുഷ്യൻ തയാറായല്ലോ എന്ന കാര്യമോർത്താണ് ഗോപാലന് കൂടുതൽ സന്തോഷം തോന്നിയത്.

അന്ന് വീട്ടിൽ അൽപം നേരത്തേ എത്തിയെങ്കിലും നടന്ന കാര്യങ്ങളൊന്നും ആരോടും പറയാൻ നിന്നില്ല. പിറ്റേന്ന് പതിവുപോലെ രാവിലെതന്നെ കൊല്ലത്തേക്ക് പോയി. രാത്രി വീട്ടിൽ മടങ്ങിയെത്തി അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്ത് ഒരു സംഭാഷണം കേട്ടു. തന്നെക്കൊണ്ട് പ്രമാണം ‘നോക്കിക്കാൻ’ വന്ന (വസ്തുക്കളുടെ പ്രമാണം പരിശോധിച്ച് എന്തെങ്കിലും കുഴപ്പമതിലുണ്ടോയെന്ന് കണ്ടുപിടിച്ചു പറയുന്ന കാര്യത്തിൽ വേലായുധൻ ആളൊരു വിദഗ്ധനായിരുന്നു) റേഷൻ കട മുതലാളി ഗോപാലൻ നായരോട് അച്ഛൻ ഉച്ചത്തിൽ കഥ വിസ്തരിക്കുകയാണ്...

‘‘...ശങ്കുപ്പിള്ളയദ്യം പറയുന്നതു കേട്ട് ആദ്യം ഞാനങ്ങു പേടിച്ചുപോയി.’’

‘‘വേലായുധാ, നീ എ​ന്റെ മുമ്പിൽ ഇരിക്കത്തില്ല, പണ്ട് നി​ന്റെ അച്ഛൻ കുഞ്ചാതിയും ഇരിക്കത്തില്ലായിരുന്നു. എന്നാൽ, നി​ന്റെ മോൻ ഗോപാലൻ... ധൈര്യമായിട്ട് എ​ന്റെ മുമ്പിൽ കസേര വലിച്ചിട്ടിരുന്നു. എന്താ കാര്യം? ...അവനൊരു കലാകാരനാ. അവനതിനുള്ള യോഗ്യതയൊണ്ട്.’’

 

‘‘അദ്യം പറയുന്നത് അപ്പമവിടൊണ്ടായിരുന്ന സകല മാഞ്ചാതികളും കേട്ടോണ്ട് നിൽക്കുവാണെന്ന് കണ്ടോണം. അപ്പ തന്നെ അദ്യം മറ്റവരെ വിളിച്ച് നമ്മളുമായിട്ടൊള്ള കേസ് പറഞ്ഞുതീർത്ത്. ഇനിയൊറ്റയൊരുത്തനും നമ്മടെ വസ്തുവില് ഒരവകാശോം പറഞ്ഞുകൊണ്ട് വരത്തില്ല.’’

ആ ഒരൊറ്റ ദിവസംകൊണ്ട്, വീട്ടിലും നാട്ടിലും വിലയുള്ള ഒരു പൗരനായി ഗോപാലൻ മാറി. അച്ഛ​ന്റെ പെരുമാറ്റത്തിൽ മാറ്റം പ്രകടമായിരുന്നു. സമൂഹത്തിൽ അംഗീകാരമുള്ള ഒരാളാണ് ത​ന്റെ മകൻ എന്ന ബോധം വേലായുധന് ആദ്യമായി ഉണ്ടാകുന്നത് അന്നാണ്. കോളജിൽ പോയി പഠിക്കാനോ ഉദ്യോഗം ഭരിക്കാനോ പോകാൻ കൂട്ടാക്കാതെ ഓരോന്നൊക്കെ കുത്തിവരച്ചുംകൊണ്ട് തെക്കുവടക്ക് വെറുതെ നടന്നതി​ന്റെ പേരിൽ പരിഹാസത്തോടെ കണ്ടിരുന്ന നാട്ടുകാർ, ഗോപാലൻ നടന്നുപോകുന്നത് കാണാൻ വേണ്ടി വഴിയരികിൽ കാത്തുനിൽക്കാൻ തുടങ്ങി. മുഖത്തോട് മുഖം കാണുമ്പോൾ ചിരിച്ച് പരിചയം പുതുക്കാൻ ശ്രമം നടത്തി. ഗോപാലനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പരസ്പരം അടക്കം പറഞ്ഞു:

‘‘ശങ്കുപ്പിള്ളയദ്യത്തി​ന്റെ മുന്നില് കസേരയിട്ടു കേറിയിരുന്ന ചെറുക്കനാ, നമ്മടെ വേലാം ചോവ​ന്റെ മോൻ. ആള് വലിയ വരപ്പുകാരനാ...’’

(തുടരും)

Tags:    
News Summary - weekly culture biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.