പത്മരാജൻ

ആ നാളുകളിൽതന്നെ ഒരുദിവസം ഗോപാലനും പത്മരാജനും താമസിക്കുന്ന വീട്ടിലേക്ക് അപ്രതീക്ഷിതമായി ഒരാൾ കയറിവന്നു. മലയാളത്തി​ന്റെ താരനായകനായ സത്യനായിരുന്നു അത്. ആത്മസുഹൃത്ത് ഫോട്ടോഗ്രാഫർ ശിവനോടൊപ്പം സത്യൻ അങ്ങോട്ടേക്ക് വന്നത് തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കഥാകൃത്തിനെയും രേഖാ ചിത്രകാരനെയും നേരിൽ കണ്ട് പരിചയപ്പെടാനായിരുന്നു -ആർട്ടിസ്റ്റ്​ ഗോപാല​ന്റെ ജീവിതം ​ പകർത്തുന്നത്​ തുടരുന്നു.‘‘ഗോപാലാ, നിന്നെ അന്വേഷിച്ച് ടൈറ്റ് പാന്റും ഷർട്ടുമൊക്കെയിട്ട ഒരു സുന്ദര കളേബരൻ വന്നിരുന്നു. വല്ല സാഹിത്യകാരനുമായിരിക്കും. അല്ലാതാരാ!’’ അന്നൊരു ദിവസം രാവിലെ ഓഫിസിലേക്ക് കയറിച്ചെന്നപ്പോൾ സഹപ്രവർത്തകനായ പ്രഭാകരൻ...

ആ നാളുകളിൽതന്നെ ഒരുദിവസം ഗോപാലനും പത്മരാജനും താമസിക്കുന്ന വീട്ടിലേക്ക് അപ്രതീക്ഷിതമായി ഒരാൾ കയറിവന്നു. മലയാളത്തി​ന്റെ താരനായകനായ സത്യനായിരുന്നു അത്. ആത്മസുഹൃത്ത് ഫോട്ടോഗ്രാഫർ ശിവനോടൊപ്പം സത്യൻ അങ്ങോട്ടേക്ക് വന്നത് തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കഥാകൃത്തിനെയും രേഖാ ചിത്രകാരനെയും നേരിൽ കണ്ട് പരിചയപ്പെടാനായിരുന്നു -ആർട്ടിസ്റ്റ്​ ഗോപാല​ന്റെ ജീവിതം ​ പകർത്തുന്നത്​ തുടരുന്നു.

‘‘ഗോപാലാ, നിന്നെ അന്വേഷിച്ച് ടൈറ്റ് പാന്റും ഷർട്ടുമൊക്കെയിട്ട ഒരു സുന്ദര കളേബരൻ വന്നിരുന്നു. വല്ല സാഹിത്യകാരനുമായിരിക്കും. അല്ലാതാരാ!’’

അന്നൊരു ദിവസം രാവിലെ ഓഫിസിലേക്ക് കയറിച്ചെന്നപ്പോൾ സഹപ്രവർത്തകനായ പ്രഭാകരൻ പറഞ്ഞു.

അന്നു വൈകുന്നേരം സെക്ര​േട്ടറിയറ്റിന് പുറകുവശത്തെ കമലാലയാ ലോഡ്ജി​ന്റെ സമീപത്തുള്ള രാജൻസ് റസ്റ്റാറന്റിൽ ചായ കുടിക്കാൻ ചെന്നിരിക്കുകയായിരുന്നു. ഒരു ചെറുപ്പക്കാരൻ തൊട്ടടുത്തുവന്നിരുന്നു. എന്നിട്ട് ദീർഘകാലത്തെ അടുപ്പമുള്ള ഒരാളെപ്പോലെ ഗോപാലൻ കഴിച്ചുകൊണ്ടിരുന്ന ദോശയിൽനിന്ന് ഒരു കഷണം മുറിച്ച് വായിലേക്കിട്ടു. ഗോപാലനാകെയൊന്നമ്പരന്ന് നോക്കിയപ്പോൾ അയാൾ ഒന്നും സംഭവിക്കാത്തതുപോലെ പറഞ്ഞു.

‘‘എ​ന്റെ പേര് പത്മരാജൻ. ആകാശവാണിയിലാണ് ജോലി. താമസം ഇവിടെ കമലാലയത്തിലാണ്. വല്ലപ്പോഴും കഥകളൊക്കെയെഴുതാറുണ്ട്. ഈയിടെ ഒരു കഥ ‘ജനയുഗ’ത്തിന് അയച്ചുകൊടുത്തിരുന്നു. അതെന്നത്തേക്ക് വരുമെന്ന് തിരക്കിയപ്പോൾ വിതുര ബേബി പറഞ്ഞു, ഗോപാലനെ വരക്കാൻ ഏൽപിച്ചിരിക്കുകയാണെന്ന്...’’

സൗമ്യമായ പെരുമാറ്റവും ഗാംഭീര്യമാർന്ന ശബ്ദവുമൊക്കെയായി ആദ്യത്തെ കാഴ്ചയിൽതന്നെ ആരെയുമാകർഷിക്കുന്ന ആ ചെറുപ്പക്കാരനെ ഗോപാലന് ഒരുപാടിഷ്ടമായി. ഒരു ആജീവനാന്ത ബന്ധത്തി​ന്റെ തുടക്കമായിരുന്നു അത്.

1967 മാർച്ച് മാസത്തിലാണ് ഗോപാലൻ സർക്കാറുദ്യോഗസ്ഥനായി തിരുവനന്തപുരത്തേക്ക് താമസം മാറ്റുന്നത്. അന്ന് പരീക്ഷയെഴുതാൻ പോയപ്പോൾ പരിചയപ്പെട്ട പ്രഭാകരൻ വഴി പ്രസ് റോഡിൽ ഒരു താമസസ്ഥലമേർപ്പാടായി. ഒരു തമിഴ് ബ്രാഹ്മണ കുടുംബം താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയിൽ. വ്യവസായ വകുപ്പിൽ ജോലിചെയ്യുന്ന കവി നിലമ്പേരൂർ മധുസൂദനൻ നായരായിരുന്നു അടുത്ത മുറിയിലെ താമസക്കാരൻ.

വാരികയുടെയും ‘സിനിരമ’യുടെയും ഇലസ്ട്രേഷൻ ഗോപാലൻ തിരുവനന്തപുരത്ത് തന്നെയിരുന്നു ചെയ്യുമെന്നും ലേഔട്ട് സംബന്ധിച്ച ജോലികൾ ശനി, ഞായർ ദിവസങ്ങളിൽ കൊല്ലത്തു ചെന്നിരുന്നു തീർക്കുമെന്നും ധാരണയായി. വരക്കാനുള്ള മാറ്റർ ആഴ്ചയിലൊരിക്കൽ സതീശൻ കൊല്ലത്തുനിന്ന് കൊണ്ടുവരും. തിരുവനന്തപുരത്ത് പാർട്ടി​േയാ​ഫിസിൽ കമ്മിറ്റിക്കും മറ്റുമായി വരുന്ന അവസരങ്ങളിൽ കാമ്പിശ്ശേരി തന്നെ നേരിട്ട് നോവലും കഥകളുമൊക്കെ കൊണ്ടുക്കൊടുക്കും.

ഗോപാല​ന്റെ സമയവും സൗകര്യവുമനുസരിച്ച് വരക്കാൻ സാധിക്കുന്ന കഥകളും കവിതകളും മാത്രമാണ് ഓരോ ആഴ്ചയും കൊടുക്കാറുണ്ടായിരുന്നത്. കാമ്പിശ്ശേരി തിരുവനന്തപുരത്ത് ഗോപാല​ന്റെ താമസസ്ഥലത്ത് എത്തിയാലുടനെ സന്ദർശകരുടെ ഒഴുക്കു തുടങ്ങും. അയച്ച കഥയും കവിതയുമൊന്നും ഇതുവരെ പ്രസിദ്ധീകരിച്ചു കാണാത്തതിലുള്ള പരാതിയും പരിഭവവും പ്രകടിപ്പിക്കാനുംകൂടിയുള്ള വരവാണത്.

‘‘ഏത് കഥ എപ്പം കൊടുക്കണം, എങ്ങനെ കൊടുക്കണം എന്നൊക്കെ തീരുമാനിക്കുന്നതേ, ഞാനല്ല... അതാ ഗോപാലനാ. നിങ്ങള് ചെല്ല്, അയാളോട് ചെന്നു ചോദിക്ക്...’’

പരാതിക്കാരുടെ അടുത്തുനിന്ന് രക്ഷപ്പെടാനായിട്ടാണ് കാമ്പിശ്ശേരിയങ്ങനെ പറഞ്ഞൊഴിഞ്ഞിരുന്നതെങ്കിലും, അതിലൊരു വാസ്തവമുണ്ടായിരുന്നു. മുറിയിലൊരു ഭാഗത്ത് കൂമ്പാരമായി കിടക്കുന്ന സാഹിത്യ സൃഷ്ടികളുടെ കൂട്ടത്തിൽനിന്ന് ഗോപാലൻ തിരഞ്ഞെടുത്ത് വരച്ചു കൊടുക്കുന്ന കഥയും കവിതയുമൊക്കെ ഒരക്ഷരംപോലും പറയാതെ കൊടുക്കുന്നതായിരുന്നു കാമ്പിശ്ശേരിയുടെ പതിവ്. മുഖചിത്രത്തി​ന്റെ കാര്യത്തിലും ഗോപാല​ന്റെ നിർദേശങ്ങളാണ് പൊതുവെ സ്വീകരിക്കപ്പെട്ടിരുന്നത്.

ഇതുകൊണ്ട് രണ്ടു കാര്യങ്ങളുണ്ടായി. ഗോപാലനെ ഒന്നു കാണാനും പരിചയപ്പെടാനും പറ്റുമെങ്കിൽ സ്വാധീനിക്കാനും വേണ്ടി പുതിയ എഴുത്തുകാർ പലരും ഓഫിസിലും വീട്ടിലുമൊക്കെ വന്നു തുടങ്ങി. ‘ജനയുഗ’ത്തിലെ സഹപ്രവർത്തകരുൾപ്പെടെ പലരുടെയും നീരസം പിടിച്ചുപറ്റാനും ഇതൊരു കാരണമായിത്തീർന്നു. അവർക്ക് താൽപര്യമുള്ള ചില സാഹിത്യസൃഷ്ടികളോ ചിത്രങ്ങളോ പോലും ഗോപാലൻ വിചാരിച്ചാൽ മാത്രമേ വാരികയിൽ അച്ചടിച്ചു വരൂ എന്നായപ്പോൾ അങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണല്ലോ. വാസ്തവത്തിൽ ഗോപാലൻ നിരപരാധിയായിരുന്നു. കൈയിൽ കിട്ടുന്ന എട്ടോ പത്തോ കഥകളിൽനിന്ന് പെട്ടെന്ന് വരക്കാവുന്ന കഥയാദ്യം തിരഞ്ഞെടുക്കും. ബോംബെയും ഡൽഹിയും കശ്മീരുമൊക്കെ പശ്ചാത്തലമായി വരുന്നവ വരക്കാനാവശ്യമായ കൂടുതൽ റഫറൻസിനുവേണ്ടി മാറ്റിവെക്കും. കഥാകൃത്തുക്കൾ നോക്കിനോക്കിയിരുന്ന് മടുത്ത് കാമ്പിശ്ശേരിയോട് പരാതിപ്പെടുമ്പോഴാണ് നേരത്തേ പറഞ്ഞ പ്രതികരണമുണ്ടാകുന്നത്.

പത്മരാജ​ന്റെ ആദ്യകാല രചനകളായ ‘തിര തീരം’, ‘ഭദ്ര’ തുടങ്ങിയ പല കഥകളും ആ നാളുകളിലാണ് ‘ജനയുഗ’ത്തിൽ വരുന്നത്. ഗോപാലന്റെ ആത്മസുഹൃത്തുക്കളിലൊരാളായി ‘പപ്പു’ മാറി. ആയുർവേദ കോളജിന് താഴെയുള്ള റോഡിലുള്ള വലിയൊരു വീട്ടിലേക്ക് ഗോപാലൻ താമസം മാറ്റിയപ്പോൾ കൂട്ടു താമസക്കാരനായി പത്മരാജനും ഒപ്പംകൂടി. ശ്രീകുമാർ തിയറ്ററിൽ പ്രദർശനത്തിനെത്തുന്ന പുതിയ ഇംഗ്ലീഷ് ചിത്രങ്ങൾ ഒന്നുപോലും വിടാതെ രണ്ടുപേരും കാണാൻ പോകും. ഡേവിഡ് ലീൻ സംവിധാനം ചെയ്ത ‘ലോറൻസ് ഓഫ് അറേബ്യ’ കണ്ടിറങ്ങി വീട്ടിലേക്ക് ഒരുമിച്ചു നടന്നുവരുന്ന രാത്രിനേരത്ത് സിനിമയിലെ ഓരോ രംഗത്തെയും കുറിച്ച് പത്മരാജൻ നടത്തുന്ന അതിസൂക്ഷ്മമായ വിശകലനം കേട്ടപ്പോൾ ഗോപാലന് ഒരുകാര്യം തീർച്ചയായി –ഈ ചങ്ങാതിയുടെ ഉള്ളിൽ ഒരു ഗംഭീരൻ തിരക്കഥാകൃത്തും സംവിധായകനും ഒളിഞ്ഞുകിടപ്പുണ്ട്!

അന്നൊരു ദിവസം ഉച്ചതിരിഞ്ഞ് ചങ്ങാതിമാർ രണ്ടുപേരും കൂടി മുതുകുളത്തുള്ള പത്മരാജന്റെ ഞവരയ്ക്കൽ തറവാട്ടിലേക്ക് പുറപ്പെട്ടു. വീടിനടുത്തുള്ള കുളത്തിലെ നീന്തിത്തുടിച്ചുള്ള കുളിയും പപ്പുവി​ന്റെ അമ്മ അടുത്തിരുന്നു സ്‌നേഹവാത്സല്യങ്ങളോടെ ഊട്ടിച്ച വിഭവസമൃദ്ധമായ ഭക്ഷണവും കഴിഞ്ഞ്, രാത്രി വൈകി തിരുവനന്തപുരത്തേക്ക് പോകാൻ കായംകുളം ബസ് സ്റ്റാൻഡിലെത്തിയപ്പോൾ പത്മരാജന് പെട്ടെന്ന് ഒരു ഐഡിയ. കോട്ടയത്തേക്ക് പോയി തുളസിയെ ഒന്ന് കണ്ടാലോ? കഥാകൃത്തായ തുളസി അന്ന് കോട്ടയത്ത് നാഷനൽ ബുക്ക് സ്റ്റാളിൽ ജോലിചെയ്യുകയാണ്. കുറച്ചുനാൾ മുമ്പ് ഒരു സ്വകാര്യാനുഭവത്തെ ആസ്പദമാക്കിയെഴുതിയ ഒരു കഥക്കുവേണ്ടി ഗോപാലൻ വരച്ച ചിത്രം അതിൽ സൂചിപ്പിക്കുന്ന യഥാർഥ വ്യക്തിയുടെ രൂപം അതേപടി പകർത്തിവെച്ചതുപോലെയുണ്ടായിരുന്നുവെന്ന് തുളസിയൊരിക്കൽ അത്ഭുതത്തോടെ പറഞ്ഞിട്ടുണ്ട്.

നേരം പരപരാ വെളുത്തപ്പോൾ കോട്ടയത്തെത്തി. തുളസിയെക്കണ്ടങ്ങനെ വർത്തമാനം പറഞ്ഞിരിക്കുമ്പോൾ പത്മരാജന് അടുത്ത ഒരു തോന്നൽ. ഇവിടംവരെ വന്നതല്ലേ? അടുത്തൊരു എസ്റ്റേറ്റിൽ ഒരു സുഹൃത്തുണ്ട്, വർക്കി. തൃശൂരിലെ റൂം മേറ്റ്. സമ്പന്നൻ. കണ്ടിട്ടുപോകാം. ഒരു കുന്നിൻപുറത്തെ വിശാലമായ ഒറ്റനിലക്കെട്ടിടത്തിൽ താമസിക്കുകയാണ് വർക്കിയും നിയമ വിദ്യാർഥികളായ രണ്ട് പെങ്ങന്മാരും. അപ്രതീക്ഷിതമായി കയറിച്ചെന്ന പ്രിയപ്പെട്ട പപ്പനും കൂട്ടുകാർക്കും വർക്കിയൊരുക്കിയത് ഗംഭീര സ്വീകരണമായിരുന്നു. വീടിനോട് ചേർന്ന് പ്രത്യേകം കെട്ടിയുണ്ടാക്കിയ കുളത്തിൽ കുളി, അതുകഴിഞ്ഞ് അന്തിക്കള്ളും താറാവു പൊരിച്ചതും കറിവെച്ചതുമെല്ലാം ചേർന്നുള്ള സ്വാദിഷ്ഠമായ അത്താഴവും. രാവിലെ പോകാനിറങ്ങിയപ്പോൾ വർക്കി വിടുന്നില്ല.

 

സത്യൻ -‘കരകാണാക്കടലി’ൽ,‘നിഴലാട്ട’ത്തി​ന്റെ പരസ്യത്തിൽ എം.ടി,‘സി​നി​ര​മ​’ക്ക് വേ​ണ്ടി ഗോപാലൻ വ​ര​ച്ച ലൈ​ൻ സ്‌​കെ​ച്ചു​ക​ൾ

‘‘ഞാൻ തീരുമാനിക്കും, നിങ്ങളെപ്പോ തിരിച്ചുപോണമെന്ന്. നമുക്ക് നേരെ മൂന്നാറിനു പോകാം.’’

എന്നാൽ ശരി, നേരെ മൂന്നാറിന്. ഓഫിസിൽ പോകേണ്ടതാണെന്നും അവധിക്കപേക്ഷയൊന്നും കൊടുത്തിട്ടില്ലെന്നുമുള്ള കാര്യമൊക്കെ എല്ലാവരും മറന്നു. മൂന്നാറിലാകെ ഒന്നുകറങ്ങി ബസ് സ്റ്റാൻഡിൽ ചെന്നപ്പോൾ ബോഡിനായ്ക്കനൂർ എന്ന ബോർഡും വെച്ച് ഒരു ബസ് കിടക്കുന്നു. ആരോടോ ചോദിച്ചപ്പോൾ സഹ്യപർവതത്തി​ന്റെ ഉച്ചിയിൽ കൂടി കയറിയിറങ്ങുമ്പോൾ ചെന്നെത്തുന്ന സ്ഥലമാണതെന്ന് പറഞ്ഞു. നേരം കളയാതെ ബസിൽ കയറി. ഗോപാലൻ ഡ്രൈവറുടെ തൊട്ടുപിറകെയുള്ള സീറ്റിൽ പ്രകൃതിയൊരുക്കിയ അതിമനോഹരമായ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്നു. ചെങ്കുത്തായ മലയിലൂടെയുള്ള മുന്നോട്ടുള്ള യാത്രയിൽ, ഒരുവശത്ത് വാ പിളർന്നിരിക്കുന്ന കൊക്കയിലേക്ക് വീണു, വീണില്ല എന്ന മട്ടിലുള്ള ബസിന്റെ പാച്ചിൽ കണ്ടിട്ട് ആകെ വിരണ്ടാണ് ഇരിപ്പ്.

കുറെയങ്ങു ചെന്നപ്പോൾ എതിരെ വന്ന ബസുമായി ഒന്നുരസി. തമ്മിൽ വഴക്കായി. ഒടുവിൽ ഇനിയിന്ന് ബസ് പോകുന്നില്ല എന്ന തീരുമാനം കണ്ടക്ടർ പ്രഖ്യാപിച്ചു. ബസിലുണ്ടായിരുന്നവരൊക്കെ ഇറങ്ങി എവിടേ​െക്കാക്കെയോ അപ്രത്യക്ഷരായി. അപ്പോൾ നേരം വൈകീട്ട് അഞ്ച് മണിയാകുന്നു. സ്വർണ നിറത്തിലുള്ള സൂര്യവെളിച്ചത്തിൽ ആ പരിസരം മുഴുവനും വെട്ടിത്തിളങ്ങുകയാണ്. ചങ്ങാതിമാർ ഇറങ്ങി മുന്നോട്ടു നടന്നു.

നടന്നു നടന്ന് ഒരു ചുരത്തിനുള്ളിലേക്ക് കയറി. പരിസരമാകെ കുറ്റാക്കൂരിരുട്ട്. തുളസി കൈയിലുള്ള തീപ്പെട്ടി ഉരച്ചു കത്തിച്ചുകൊണ്ടേയിരുന്നു. അവസാനത്തെ കൊള്ളിയും തീർന്നു. തങ്ങളുടെ അന്ത്യം ഇതിനുള്ളിൽ തന്നെയാണെന്ന് എല്ലാവർക്കും തീർച്ചയായി. കുറച്ചു ചെന്നപ്പോൾ പെട്ടെന്ന് ഗോപാല​ന്റെ കാലിൽ എന്തോ ഒന്ന് കടിച്ചു. ‘‘അയ്യോ, എന്നെ പാമ്പു കൊത്തിയേ’’ എന്ന് അലമുറയിട്ടുകൊണ്ടുതന്നെ മുന്നോട്ടു നടക്കുകയാണ്. ഭയങ്കര പുകച്ചിലും വേദനയും. മരണം തൊട്ടടുത്ത് എത്തിയെന്ന് തോന്നിയ നിമിഷങ്ങൾ. വൃശ്ചിക മാസത്തിലെ അസഹ്യമായ ആ തണുപ്പത്ത് പത്തിരുപത് കിലോമീറ്ററുകൾ നടന്നുനടന്ന് അടിവാരത്തുള്ള ചെക്ക് പോസ്റ്റിൽ ചെന്നെത്തി. നടന്നു തളർന്ന് ആകെ പരിക്ഷീണരായി വരുന്ന നാലു ചെറുപ്പക്കാരെക്കണ്ടപ്പോൾ അവിടെ നിൽപുണ്ടായിരുന്നവർക്കൊക്കെ വലിയ അത്ഭുതം. ആരുമൊരിക്കലും നടന്നുനോക്കാൻപോലും ധൈര്യം കാണിക്കാത്ത വഴിയാണതെന്ന് അവർ പറഞ്ഞപ്പോഴാണറിഞ്ഞത്.

പാമ്പ് കൊത്തിയ കഥ കേട്ടപ്പോൾ കടിവാ പരിശോധിച്ചിട്ട് ഒരാൾ പറഞ്ഞു. ഇതു പാമ്പൊന്നുമല്ല, കടന്നലിനെ പോലിരിക്കുന്ന കൊളവി എന്നൊരു പ്രാണി കൊത്തിയതാണ്. ഗോപാലന് അതു കേട്ടപ്പോൾ പുതിയൊരു ജീവൻ കിട്ടിയതുപോലെ. ആ ചെറിയ ടൗണിൽ ആകെയുണ്ടായിരുന്ന ചെറിയ ലോഡ്ജിലെ വൃത്തിഹീനമായ മുറിയിൽ അന്നു രാത്രി കഴിച്ചുകൂട്ടി പിറ്റേന്നു രാവിലെതന്നെ തേക്കടിയിൽ ചെന്ന് ബസ് പിടിച്ച് കോട്ടയത്തേക്കും പിന്നെ തിരുവനന്തപുരത്തേക്കും പോന്നു.

അടുത്ത ദിവസം ഓഫിസിൽ ചെന്നപ്പോൾ പ്രശ്നം ഗൗരവമുള്ളതായി മാറിയിരുന്നു. പ്രൊബേഷൻ സമയത്ത് അവധിയെടുക്കാതെയും, ജില്ല വിട്ടുപോകാനുള്ള അനുമതി വാങ്ങാതെയും അപ്രത്യക്ഷനായതി​ന്റെ പേരിൽ നടപടിയെടുക്കുമെന്ന് ഏതാണ്ട് തീർച്ചയുണ്ടായിരുന്നു എല്ലാവർക്കും.

‘ജനയുഗം’ ബന്ധമാണ് രക്ഷിച്ചത്. നേരത്തേ ഗോപാലനെ ഇന്റർവ്യൂചെയ്ത ബോർഡിലുണ്ടായിരുന്ന ഡെപ്യൂട്ടി ഡയറക്ടർ ഫിലിപ്പോസ് വിളിപ്പിച്ച് ‘‘മേലിൽ ഇതാവർത്തിക്കരുത്’’ എന്നൊരു താക്കീത് കൊടുത്ത് പ്രശ്‌നമവസാനിപ്പിച്ചു.

ആകാശവാണിയിൽ അനൗൺസർ ഡ്യൂട്ടിയിൽനിന്നുള്ള പത്മരാജ​ന്റെ ‘അൺ ഓതറൈസ്ഡ് ആബ്സൻസ്’ ഉണ്ടാക്കുമായിരുന്ന ഭവിഷ്യത്തുകളും ഒരു ശാസനയിൽ തീർന്നു. എന്നാൽ, തുളസിയുടെ കാര്യത്തിൽ പ്രശ്നം ഗുരുതരമായി വളർന്നിരുന്നു. എൻ.ബി.എസിൽ പുസ്തകങ്ങളും പ്രധാന രേഖകളുമൊക്കെ സൂക്ഷിക്കുന്ന സ്റ്റോറി​ന്റെ ഉത്തരവാദിത്തമാണ് തുളസിക്ക് ഉണ്ടായിരുന്നത്. സ്റ്റോർ പൂട്ടി താക്കോലും കൈയിലെടുത്തുകൊണ്ടാണ് ഓഫിസിലാരോടും പറയാതെ തുളസി സാഹസിക പര്യടനത്തിനിറങ്ങിത്തിരിച്ചത്. കേസും അന്വേഷണവും വിചാരണയുമൊക്കെ യഥാവിധി നടത്തിയശേഷം സാഹിത്യകാരന്മാരുടെ സഹകരണസംഘം ഒരു ദാക്ഷിണ്യവും കൂടാതെ തുളസിയെ പിരിച്ചുവിട്ടു. തുളസിക്ക് പിന്നീട് ജോലിയൊന്നും കിട്ടിയതുമില്ല.

ഈ സംഭവത്തിന് മൂന്നോ നാലോ മാസങ്ങൾക്കു മുമ്പ് ഗോപാലനും പത്മരാജനുംകൂടി മറ്റൊരു സാഹസിക യാത്ര നടത്തിയിരുന്നു. ‘ജനയുഗ’ത്തിൽ ഗോപാലനോടൊപ്പം ജോലിക്കു ചേർന്ന വിതുര ബേബിയുമുണ്ടായിരുന്നു സംഘത്തിൽ. എഴുത്തുകാരനും കറന്റ് ബുക്സി​ന്റെ മാനേജറുമായ വിജയൻ കരോട്ടി​ന്റെ കല്യാണം കൂടാൻ എറണാകുളത്ത് പോയതാണ്. ട്രാൻസ്പോർട്ട് ബസിൽ അന്നുണ്ടായിരുന്ന 70 ഫീറ്റ് റോഡിലൂടെ ഹൈകോടതി ചുറ്റി ഷൺമുഖം റോഡിൽ ചെന്നിറങ്ങുമ്പോൾ രാത്രി പത്തുമണി കഴിഞ്ഞു. ബ്രോഡ് വേയിലുള്ള ബസ്സോട്ടോ എന്നൊരു ലോഡ്ജിൽ മുറിയെടുത്ത് രാത്രി തങ്ങി.

രാവിലെ കല്യാണത്തിന് പോകാൻ ഒരുങ്ങുമ്പോഴാണ് ഒരു കാര്യം മനസ്സിലാകുന്നത്. വിവാഹച്ചടങ്ങ് എവിടെയാണ് നടക്കുന്നതെന്ന് മൂന്നാൾക്കും ഒരു പിടിയുമില്ല. ആരുടെയും ​ൈകയിൽ ക്ഷണക്കത്തുമില്ല. അന്ന് എറണാകുളം പട്ടണത്തിൽ മാത്രമുണ്ടായിരുന്ന ഓട്ടോറിക്ഷ എന്ന അപൂർവ വാഹനം പിടിച്ച് നഗരത്തിലെ വലിയ ഓഡിറ്റോറിയങ്ങളും ഹാളുകളും മുഴുവനും കയറിയിറങ്ങി.

ചില അമ്പലങ്ങളിലും പോയിനോക്കി. എൻ.ബി.എസിലോ കറന്റ് ബുക്സിലോ ചെന്നൊന്ന് തിരക്കി നോക്കാമെന്ന ബുദ്ധി ആർക്കും പോയില്ല. വൈറ്റിലയിലുള്ള വധൂഗൃഹത്തിൽവെച്ചാണ് ചടങ്ങ് നടക്കുന്നതെന്ന കാര്യം പാവങ്ങൾ അറിഞ്ഞതേയില്ല. അന്നാളുകളിൽ അറിയപ്പെട്ടു തുടങ്ങിയ കഥാകൃത്തും റേഡിയോ പ്രക്ഷേപകനുമൊക്കെയായിരുന്നുവെങ്കിലും പത്മരാജന് വെറും ഇരുപത്തിമൂന്ന് വയസ്സും മറ്റു രണ്ടുപേർക്കും ഏറിവന്നാൽ നാലോ അഞ്ചോ വയസ്സ് മൂപ്പും മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് ഓർമിക്കണം.

 

കല്യാണം കൂടാൻ പറ്റാത്തതി​ന്റെ ഇച്ഛാഭംഗം തീർത്തത് ചെറിയൊരു വള്ളം വാടകക്കെടുത്ത് കൊച്ചിക്കായലിലൂടെ അടിപൊളി സവാരി നടത്തിക്കൊണ്ടാണ്. അതൊക്കെക്കഴിഞ്ഞ് ഇർവിൻ പാർക്കിൽ –ഇന്നത്തെ സുഭാഷ് പാർക്ക്– ചെന്നിരുന്ന് ‘വായ് നോക്കി’ക്കൊണ്ടിരിക്കുമ്പോൾ പത്മരാജന് പെട്ടെന്ന് ഒരാഗ്രഹം. കൊല്ലത്ത് എസ്.എൻ കോളജിൽ പഠിക്കുന്ന അനുജത്തിക്കുവേണ്ടി ഒരു സാരി വാങ്ങണം.

ബ്രോഡ് വേയിലുള്ള കടയിൽ ചെന്ന് ഒരുപാട് നേരത്തെ തിരച്ചിലിനു ശേഷം ഗോപാലൻ ഒരു നല്ല സാരി തപ്പിയെടുത്തു. വസന്തംപോലെ മനോഹരമായ, പൂക്കൾ ധാരാളമുള്ള ഒരെണ്ണം. വില കേട്ടപ്പോഴാണ് ഞെട്ടിപ്പോയത്. 250 രൂപ. ഒരു പവൻ പൊന്നിന് 150 രൂപ വിലയുള്ള കാലം. ഏതായാലും എല്ലാവരുംകൂടി ഉള്ള കാശൊക്കെ പെറുക്കിക്കൂട്ടി സാരി വാങ്ങിക്കുക തന്നെ ചെയ്തു.

ലോഡ്ജിൽ ചെന്ന് ബാഗൊക്കെയെടുത്ത് മടങ്ങാനൊരുങ്ങുമ്പോഴാണ് മറ്റൊരു സത്യം അറിയുന്നത്. മുറിവാടക കൊടുക്കാനും ബസിൽ ടിക്കറ്റെടുക്കാനുമൊന്നും ആരുടെ കൈയിലും നയാപൈസ പോലുമില്ല. തൊട്ടപ്പുറത്ത് പ്രസ് റോഡിലുള്ള ചിത്രശാലയിൽ ചെന്ന് വി.എം. ബാലൻ മാഷിനോട് കാശ് വാങ്ങിക്കാമെന്ന് ഗോപാലൻ പറഞ്ഞിട്ട് പത്മരാജൻ സമ്മതിച്ചില്ല. ‘‘നീ വാ’’ എന്നു പറഞ്ഞുകൊണ്ട് സാരിയുടെ പാക്കറ്റുമായി ഇറങ്ങിനടന്ന പപ്പുവി​ന്റെ പിറകെ ചങ്ങാതിമാർ വെച്ചുപിടിച്ചു.തുണിക്കടയിലേക്കാണ് നേരെ പോയത്.

‘‘അൽപം മുമ്പ് ഇവിടെനിന്ന് വാങ്ങിച്ച സാരിയാണ്, ഇത് തിരികെയെടുത്തിട്ട് പണം തരണം.’’

വിറ്റുപോയ സാരി തിരിച്ചെടുക്കാൻ പറ്റില്ലെന്ന് കടക്കാർ. ഒരുപാട് കെഞ്ചലുകളും കേണപേക്ഷകളും കേട്ടപ്പോൾ മനസ്സലിഞ്ഞുപോയ കടക്കാർ ഒടുവിൽ 125 രൂപ കൊടുത്ത് സാരി തിരികെയെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്തോ പിടിച്ചടക്കിയ മട്ടിൽ സുഹൃത്തുക്കൾ നേരെ ബസ് സ്റ്റാൻഡിലേക്ക്.

പിറ്റേന്ന് വിതരണംചെയ്യുന്നതിന് ദൂരെ സ്ഥലങ്ങളിലേക്കയക്കാൻ വേണ്ടി സ്റ്റാൻഡിൽ കൊണ്ടുവെച്ചിരുന്ന പത്രക്കെട്ടുകളിൽനിന്ന് ഒരു പത്രം ആരോ കൊണ്ടു കൊടുത്തു. പത്രത്തിൽ നിറഞ്ഞുനിന്ന ഒരു ഫുൾപേജ് പരസ്യം ഗോപാലനെ തൊട്ടുകാണിച്ചുകൊടുത്തുകൊണ്ട് പത്മരാജൻ ചോദിച്ചു:

‘‘എന്നാടേ, നീ ചെയ്യുന്ന ഒരു സിനിമാ പരസ്യം ഇതുപോലെ പത്രത്തി​ന്റെ ഫുൾപേജിൽ അച്ചടിച്ചുവരുന്നത്?’’

സ്വർണമെഡൽ കിട്ടിയ ‘ചെമ്മീനി’ന് ശേഷം രാമു കാര്യാട്ടും കണ്മണി ബാബുവും കൂടി ഒരുക്കുന്ന ‘ഏഴു രാത്രികൾ’ എന്ന ചിത്രത്തി​ന്റെ കൂറ്റൻ പരസ്യമായിരുന്നു അത്. പത്മരാജ​ന്റെ ചോദ്യത്തിന് മറുപടിയായി ഗോപാലൻ വെറുതെയൊന്ന് ചിരിച്ചതേയുള്ളൂ. ഏതാനും ആഴ്ചകൾക്കു ശേഷമെത്തിയ ആ വർഷത്തെ ഓണത്തിന് ഗോപാലൻ തയാറാക്കിയ ഒരു സിനിമാപ്പരസ്യം പത്രങ്ങളുടെ മുഴുപുറമാകെ നിറഞ്ഞുനിന്നു...

‘സിനിരമ’ അപ്പോഴേക്കും മലയാളത്തിലെ പ്രധാന സിനിമാ പ്രസിദ്ധീകരണമായി മാറിക്കഴിഞ്ഞിരുന്നു. അതി​ന്റെ പേജുകൾ ഏറ്റവും ആകർഷകമായ രീതിയിൽ ഒരുക്കുക എന്നത് ഒരു വെല്ലുവിളിയായിട്ടുതന്നെ ഗോപാലൻ ഏറ്റെടുത്തിരുന്നു. പുതുമയും വ്യത്യസ്തതയുമുള്ള പംക്തികൾ, അഭിമുഖങ്ങൾ, ജീവിതകഥകൾ, കൗതുക വർത്തമാനങ്ങൾ... ഇവയെല്ലാംകൊണ്ട് സമ്പന്നമായ ഉള്ളടക്കവും വശ്യമനോഹരമായ രൂപഭാവങ്ങളുമായി രണ്ടാഴ്ചയിലൊരിക്കൽ പുറത്തിറങ്ങിയിരുന്ന ‘സിനിരമ’ അധികം വൈകാതെ ആഴ്ചതോറുമായി.

ലേഔട്ടിലും തലക്കെട്ടുകളുടെ എഴുത്തിലും ഡിസൈനിലുമൊക്കെ ഗോപാലൻ പലപല പുതുമകളും പരീക്ഷിച്ചുനോക്കി. ‘സ്ക്രീനി’ലും ‘ഫിലിം ഫെയറി’ലും ഫൈസും സി. മോഹനും വരക്കുന്നതുമാതിരിയുള്ള ലൈൻ സ്കെച്ചുകൾ അതിലൊന്നായിരുന്നു. ശിവാജി ഗണേശനും രാജ് കപൂറും ശാരദയും ഷീലയും പ്രേംനസീറുമൊക്കെ ജീവനുള്ള ചിത്രങ്ങളായി ‘സിനിരമ’യുടെ താളുകളിൽ പ്രത്യക്ഷപ്പെട്ടു. ഗോപാല​ന്റെ വരജീവിതത്തിലെ മറ്റൊരു വഴിത്തിരിവിന് കാരണമാകുകയായിരുന്നു ആ ചിത്രങ്ങൾ.

 

സി​നി​മ​ക്കുവേ​ണ്ടി ഗോ​പാ​ല​ൻ ഡി​സൈ​ൻ ചെ​യ്ത ആ​ദ്യ​ത്തെ പ​ര​സ്യം,സി​നി​മ​ക്കുവേ​ണ്ടി ഗോ​പാ​ല​ൻ ഡി​സൈ​ൻ ചെ​യ്ത മറ്റൊരു പ​ര​സ്യം

‘സിനിരമ’യിൽ വരുന്ന നടീനടന്മാരുടെ ലൈൻ സ്‌കെച്ചുകൾ ശ്രദ്ധിച്ചിരുന്ന മെറിലാൻഡ് സ്റ്റുഡിയോയുടെ ഉടമയും സംവിധായക നിർമാതാവുമായ പി. സുബ്രഹ്മണ്യം ഗോപാലനെ വിളിച്ചുകൊണ്ടു വരാൻ ആളയച്ചു. തിരുവനന്തപുരത്തെ പ്രിന്റേഴ്‌സ് ബ്ലോക്‌സി​ന്റെ ഉടമയും ഗോപാല​ന്റെ അടുത്ത ചങ്ങാതിയുമായ മോഹനാണ് ദൗത്യവുമായി വന്നത്. നീലാ പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രത്തി​ന്റെ പരസ്യം ചെയ്യണം. മധു നായകനായി അഭിനയിക്കുന്ന പടത്തി​ന്റെ പേര് ‘വിപ്ലവകാരികൾ’.

സുബ്രഹ്മണ്യം മുതലാളി ആവശ്യപ്പെട്ടപ്പോൾ മറിച്ചൊന്നും പറയാതെ ഗോപാലൻ ഒന്നു ചെയ്തുനോക്കാമെന്ന് സമ്മതിച്ചു. ചിത്രത്തിലെ പ്രധാന താരങ്ങളായ മധു, ടി.കെ. ബാലചന്ദ്രൻ, വിജയലളിത എന്നിവരുടെ മുഖങ്ങളുടെ സ്കെച്ചുകൾ വെച്ച് നല്ലൊരു പരസ്യം തയാറാക്കി. മുതലാളിക്ക് സംഭവം ഇഷ്ടമാകുകയുംചെയ്തു. പടത്തി​ന്റെ റിലീസി​ന്റെയന്ന് പത്രങ്ങളിൽ ഹാഫ് പേജ് പരസ്യമായി വന്നത് ഗോപാല​ന്റെ സൃഷ്ടിയാണ്.

അന്ന് ഫിലിം പബ്ലിസിറ്റിയുടെ ലോകത്തെ മുടിചൂടാ മന്നനായ എസ്.എ. നായരെ പോലെയുള്ളവർപോലും താരങ്ങളുടെ ലൈൻ സ്കെച്ചുകൾ ഉപയോഗിക്കാറില്ലായിരുന്നു. ആദ്യമായിട്ട് അങ്ങനെയൊ​െരണ്ണം വന്നതിന്റെ പുതുമകൊണ്ടുതന്നെ ഗോപാലൻ ചെയ്ത പരസ്യം നന്നായി ശ്രദ്ധിക്കപ്പെടുകയും ചെയ്തു.എന്നാൽ, ഗോപാലന് അത്ര നല്ല അനുഭവമല്ല മെറിലാൻഡിൽനിന്നുണ്ടായത്. പ്രതിഫലം വന്നപ്പോൾ നേരത്തേ പറഞ്ഞതൊന്നുമല്ല, കാര്യമായി വെട്ടിക്കുറച്ചിരിക്കുന്നു. തുക കുറഞ്ഞുപോയതിലല്ല, വാക്കുവ്യത്യാസം കാണിച്ചതിലാണ് ഗോപാലന് ദേഷ്യം വന്നത്. സുബ്രഹ്മണ്യം മുതലാളിയെ നേരിൽ കണ്ട് കാര്യം പരിഹരിക്കാമെന്ന് മോഹൻ നിർബന്ധിച്ചെങ്കിലും ഗോപാലൻ പിന്നെ ആ വഴിക്കു പോയില്ല. നീലായുടെ അടുത്ത പടങ്ങളായ ‘കടലും’ ‘ഹോട്ടൽ ഹൈറേഞ്ചും’ ഇറങ്ങിയത് സാധാരണ മട്ടിലുള്ള പരസ്യങ്ങളുമായിട്ടാണ്.

1968ലെ ഓണത്തിന് തൊട്ടുമുമ്പ് ഗോപാലനെ അന്വേഷിച്ച് സിനിമയിൽനിന്നു വീണ്ടും ആളെത്തി. സുപ്രിയാ ഫിലിംസി​ന്റെ മാനേജറായ ഇ.പി. ഏബ്രഹാമാണ് വന്നത്. 1967ൽ ചലച്ചിത്ര നിർമാണരംഗത്തേക്ക് കടന്നുവന്ന സുപ്രിയാ ഫിലിംസി​ന്റെ ആദ്യചിത്രമായ ‘അശ്വമേധം’ –തോപ്പിൽ ഭാസിയുടെ പ്രശസ്ത നാടകത്തി​ന്റെ ചലച്ചിത്രാവിഷ്‌കാരം –വലിയ വിജയമായിരുന്നു. സുപ്രിയായുടെ അടുത്ത പടവും ഭാസിയുടെ നാടകത്തെ ആസ്പദമാക്കിയാണ്. അപ്പോഴും കേരളത്തിനകത്തും പുറത്തുമുള്ള വേദികളിൽ തകർത്തു കളിച്ചുകൊണ്ടിരിക്കുന്നു ‘തുലാഭാരം’. 1957ലെ കമ്യൂണിസ്റ്റ് സർക്കാറിനെ താഴെയിറക്കിയ വിമോചന സമരത്തി​ന്റെ സൂത്രധാരൻമാരിൽ ഒരാളും മുൻ കമ്യൂണിസ്റ്റുകാരനും വ്യവസായപ്രമുഖനുമൊക്കെയായ കുളത്തുങ്കൽ പോത്ത​ന്റെ മകൻ ഹരിപോത്തനാണ് സുപ്രിയാ ഫിലിംസ് ആരംഭിച്ചത്.

‘അശ്വമേധ’ത്തി​ന്റെ പരസ്യവും പോസ്റ്ററുമൊക്കെ ചെയ്തത് വി.എം. ബാലനാണ്. ഗോപാല​ന്റെ പഴയ ആശാൻ. ഉദയാ സ്റ്റുഡിയോയുടെ പടങ്ങളുടെയെല്ലാം പബ്ലിസിറ്റിയും വർഷങ്ങളായി വി.എം. ബാലന്റെ ചിത്രശാലയാണ് ഏറ്റെടുത്തിരിക്കുന്നത്. ഹരിപോത്തൻ പരസ്യത്തി​ന്റെ ചുമതല ബാലൻ മാഷിനെ ഏൽപിക്കാനുള്ള പ്രധാന കാരണക്കാരൻ കെ. ബാലകൃഷ്ണനാണ്. പോത്തച്ച​ന്റെ ആത്മമിത്രമായ കൗമുദി ബാലനെപ്പോലെയൊരാൾ ആവശ്യപ്പെട്ടാൽ മകനത് തള്ളിക്കളയാനാകില്ല. കൗമുദിയുടെ പ്രതാപ കാലഘട്ടത്തി​ന്റെ കരിന്തിരി കത്തുന്ന നാളുകളായിരുന്നു അത്.

എന്നാൽ, ഗോപാല​ന്റെ സ്കെച്ചുകൾ കണ്ട് വളരെ ഇഷ്ടമായ ഹരിപോത്തൻ ഇത്തവണ പരസ്യം ഗോപാലനെക്കൊണ്ടുതന്നെ ചെയ്യിക്കണമെന്ന് നിശ്ചയിച്ചു. അതിനാണ് ഏബ്രഹാമിനെ അയച്ചത്. അവറാച്ച​ന്റെ ദൗത്യം വിജയിച്ചു. ഗോപാലൻ വരച്ച പടങ്ങളും പരസ്യത്തി​ന്റെ ഡിസൈനും കണ്ട് ഹരിപോത്തൻ ആവേശംകൊണ്ടു.

‘അശ്വമേധത്തിന് ശേഷം’ എന്ന ശീർഷകത്തിനു കീഴിൽ കറുത്ത പശ്ചാത്തലത്തിൽ തുലാസേന്തി നിൽക്കുന്ന കണ്ണുകെട്ടിയ നീതിദേവതയുടെ പടമാണ് ഗോപാലൻ ആദ്യം വരച്ചത്. 1968 ലെ ഓണക്കാഴ്ചയായി ആഗസ്റ്റ് 30ന് പടമിറങ്ങിയപ്പോഴും തുടർന്നുള്ള ഓരോ ആഴ്ചയിലും നസീർ, ഷീല, ശാരദ, അടൂർ ഭാസി തുടങ്ങിയവരുടെ ലൈൻ സ്കെച്ചുകൾ സഹിതം പരസ്യങ്ങൾ വന്നു.

തുലാഭാരത്തി​ന്റെ വ്യത്യസ്തമായ പരസ്യം വന്നതിന് തൊട്ടുപിന്നാലെ സുബ്രഹ്മണ്യം വീണ്ടും ആളെ അയച്ചു. ഓണം കഴിഞ്ഞയുടനെ ഇറങ്ങുന്ന നീലായുടെ പട -അധ്യാപിക- ത്തി​ന്റെ പരസ്യം ചെയ്യണം. ഗോപാല​ന്റെ വര കൂടിയുണ്ടെങ്കിൽ പടം നൂറു ശതമാനം വിജയിച്ചിരിക്കും. അതായിരുന്നു മുതലാളിയുടെ വിശ്വാസം.

ജീവിതം മുഴുവൻ വീട്ടുകാർക്കുവേണ്ടി ഹോമിച്ച് ഒടുവിൽ അനാഥയായി ക്ഷയരോഗത്തിന് കീഴടങ്ങുന്ന സാറാമ്മ ടീച്ചറും (പത്മിനി) അവരുടെ ശവത്തിന് കാവലിരിക്കുന്ന വളർത്തു നായയും നിറഞ്ഞുനിൽക്കുന്ന ‘അധ്യാപിക’യുടെ അന്നത്തെ പോസ്റ്റർ പ്രസിദ്ധമായിരുന്നു. ഗോപാലൻ ചെയ്തത് കൊട്ടാരക്കരയുടെയും മറ്റും സ്കെച്ചുകൾ വെച്ചുള്ള പത്രപ്പരസ്യങ്ങളാണ്.

1969ൽ സുപ്രിയ നിർമിച്ച ‘നദി’യുടെ പരസ്യത്തിനും പോസ്റ്ററിനുംവേണ്ടി ഹരിപോത്തൻ ആവശ്യപ്പെട്ടതനുസരിച്ച് ഗോപാലൻ ഒരു ആർട്ട് വർക്ക് ചെയ്തുകൊടുത്തു. അതുംകൊണ്ട് ഗോപാലൻ പറഞ്ഞയച്ച ആൾ ആയുർവേദ കോളജിന് അടുത്തുള്ള പോത്തൻസ് ബിൽഡിങ്ങിൽ ചെല്ലുമ്പോൾ രണ്ടുപേർ ഹരിപോത്ത​ന്റെ മുന്നിലിരിപ്പുണ്ട്. കെ. ബാലകൃഷ്ണനും വി.എം. ബാലനും. ഗോപാല​ന്റെ ദൂത​ന്റെ കൈയിൽനിന്ന് ഡിസൈൻ വാങ്ങി ഹരിപോത്തൻ മേശപ്പുറത്ത് വെച്ചു. സ്ക്രീൻ ടോണിൽ തയാറാക്കിയ, പായ കെട്ടിയ ഒരു കെട്ടുവള്ളം പശ്ചാത്തലത്തിൽ, അതിനുമുന്നിലായി ബേബി സുമതിയെ ചുമലിലേറ്റിക്കൊണ്ടു നിൽക്കുന്ന ശാരദ. രണ്ടുപേരുടെയും മുന്നിലേക്ക് നീക്കിവെച്ചുകൊണ്ട് ഹരിപോത്തൻ ചോദിച്ചു.

‘‘ഗോപാലന്റെ ഡിസൈൻ കണ്ടല്ലോ, ഇനി നിങ്ങൾ തന്നെ പറ. ഞാനെന്താ വേണ്ടത്?’’

‘മനോരമ’, ‘മാതൃഭൂമി’, ‘കേരള കൗമുദി’ എന്നീ പത്രങ്ങൾക്കും പ്രമുഖ വാരികകൾക്കുമൊക്കെ കൊടുക്കുന്ന പരസ്യം വരക്കാൻ ബാലനെ ഏൽപിക്കണം. മറ്റു പത്രമാസികകൾക്കുവേണ്ടി വേണമെങ്കിൽ ഗോപാലൻ ചെയ്തോട്ടെ –ഇതായിരുന്നു കെ. ബാലകൃഷ്ണൻ നേരത്തെ മുന്നോട്ടുവെച്ചിരുന്ന ആവശ്യം. എന്നാൽ ഗോപാല​ന്റെ ഡിസൈൻ കണ്ടശേഷം രണ്ടാളും ഒറ്റയക്ഷരവും മിണ്ടിയില്ല. വൈകാതെ യാത്ര പറഞ്ഞു പോകുകയുംചെയ്തു.

‘നദി’യുടെ ടൈറ്റിൽ കാർഡും പോസ്റ്ററും തയാറാക്കാൻവേണ്ടി ഗോപാലനും പ്രിന്റേഴ്സ് ബ്ലോക്സ് മോഹനുംകൂടി മദ്രാസിലേക്ക് പോയി. അന്നത്തെ ഒരു സ്റ്റാർ ഹോട്ടലിലാണ് അവർക്ക് താമസത്തിനുള്ള ഏർപ്പാടുകൾ ചെയ്തിരുന്നത്. പോസ്റ്ററും കാർഡും എങ്ങനെ വേണമെന്ന കാര്യം സംവിധായകൻ വിൻസെന്റുമായി ചർച്ചചെയ്യാൻ വേണ്ടി എ.വി.എം സ്റ്റുഡിയോയിൽ ചെന്നു. പടത്തിലെ പ്രധാന കഥാപാത്രമായ ബേബി മോളെ അവതരിപ്പിക്കുന്ന ബേബി സുമതിയെ വെച്ച് ‘‘ആയിരം പാദസരങ്ങൾ കിലുങ്ങി’’ എന്ന പാട്ടി​ന്റെ ചിത്രീകരണം നടക്കുകയായിരുന്നു അപ്പോൾ. ഷൂട്ടിങ്ങിന്റെ ഇടയിൽ നിന്നുവന്ന് വിൻസെന്റ് ആശയം വിശദീകരിച്ചു. ‘‘പുഴകൾ, മലകൾ, പൂവനങ്ങൾ...’’ എന്ന പാട്ടി​ന്റെ പശ്ചാത്തലത്തിൽ പ്രേംനസീറി​ന്റെ വ്യത്യസ്തമായ മുഖങ്ങൾ വരണം. അതി​ന്റെ മുകളിലായി വിവിധ ടൈറ്റിലുകളും. വാസ്തവത്തിൽ പടത്തിനുവേണ്ടി ഗോപാലൻ വരച്ച നസീറി​ന്റെ സ്‌കെച്ചുകളാണ് അങ്ങനെ ഒരു ഐഡിയ തോന്നിക്കാൻ കാരണമെന്ന് വിൻസെന്റ് പറഞ്ഞു. എന്നിട്ട് അൽപം മടിയോടെ ഒരു കാര്യംകൂടി പറഞ്ഞു.

‘‘ഗോപാൽജീ, പക്ഷേ ചെറിയൊരു പ്രശ്നമുണ്ട്. വി.എം. ബാലൻ കുറച്ചുദിവസമായി മദ്രാസിൽ വന്ന് ഇതേ കാര്യത്തിനുവേണ്ടി ഒരു മുറിയെടുത്ത് താമസിക്കുകയാണ്. ട്രിവാൻഡ്രത്തുനിന്ന് കെ. ബാലകൃഷ്ണൻ എന്നെയും ഹരിപോത്തനെയും നിരന്തരം വിളിക്കുന്നുമുണ്ട്. ഞങ്ങളാകെ ധർമസങ്കടത്തിലാണ്.’’

ഗോപാലൻ അപ്പോൾതന്നെ എഴുന്നേറ്റു.

‘‘മാഷേ, ടൈറ്റിലി​ന്റെ വർക്ക് ബാലൻ മാഷിനു തന്നെ കൊടുത്തോളൂ. അദ്ദേഹം എ​ന്റെ ഗുരുവാണ്. എന്നു മാത്രമല്ല, ഇതൊക്കെ എന്നെ പഠിപ്പിച്ചയാളുംകൂടിയാണ്. ബാലൻ മാഷ് തന്നെ ചെയ്തോട്ടെ. എനിക്കൊരു പരാതിയുമില്ല.’’

ആ നാളുകളിലൊരിക്കൽ വി.എം. ബാലൻ, ഗോപാല​ന്റെ തിരുവനന്തപുരത്തെ താമസസ്ഥലത്ത് വന്നിട്ടുണ്ടായിരുന്നു. കൗമുദിയുടെ ആ വർഷത്തെ ഓണം വിശേഷാൽപ്രതിയുടെ ജോലി തീർക്കാൻവേണ്ടി ബാലൻ മാഷ് ഏതാണ്ടൊരു മാസക്കാലമായി തിരുവനന്തപുരത്തു വന്ന് താമസിക്കുകയാണ്. പക്ഷേ, കെ. ബാലകൃഷ്ണ​ന്റെ അന്നത്തെ ക്രമംതെറ്റിയുള്ള ജീവിതവും സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം കാരണം വിശേഷാൽപ്രതി ഇറങ്ങുമെന്ന് തോന്നുന്നില്ല. പണ്ടൊക്കെ കൗമുദി വിശേഷാൽ പ്രതി ഏജന്റുമാർക്ക് വിതരണം ചെയ്യാനായി കേരളത്തി​ന്റെ വടക്കേയറ്റം വരെ നടത്തുന്ന ജൈത്രയാത്ര, ഒരിക്കൽ രാത്രിയേറെ വൈകി ചവറ ജങ്ഷനിലെത്തിയപ്പോഴുള്ള രംഗം ഗോപാലനോർമിച്ചു. അക്ഷമരായ ഏജന്റുമാർ തിക്കിത്തിരക്കി വളഞ്ഞുനിൽക്കുന്ന വാനി​ന്റെ മുൻ സീറ്റിലിരിപ്പുള്ള ആളിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അന്ന് കൗമാരപ്രായക്കാരനായ ഗോപാലനോടാരോ പറഞ്ഞു. ‘‘ആ ഇരിക്കുന്നതാ ആർട്ടിസ്റ്റ് വി.എം. ബാലൻ...’’

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മടിച്ച് മടിച്ച് ബാലൻ മാഷ് ചോദിച്ചു. ‘‘നി​ന്റെ കയ്യിൽ കാശ് വല്ലതുമിരിപ്പുണ്ടോ ഗോപാലാ?’’

മാഷിന് മടങ്ങിപ്പോകാൻ പണമില്ലെന്ന് മനസ്സിലാക്കിയ ഗോപാലൻ അപ്പോൾതന്നെ ആവശ്യമുള്ള രൂപയെടുത്തു കൊടുത്തു. ‘നദി’യുടെ ടൈറ്റിൽ കാർഡ് ചെയ്യാനുള്ള ഓഫർ വേണ്ടെന്ന് വെക്കുമ്പോൾ ഈ ഒരു രംഗമായിരുന്നു ഗോപാല​ന്റെ മനസ്സിൽ.

 

‘ഏണിപ്പടികളു’ടെ പരസ്യം,പത്മരാജ​ന്റെ ‘തിര, തീരം’ കഥക്ക്​ ആർട്ടിസ്റ്റ്​ ഗോപാലൻ വരച്ച ചിത്രം. ‘ജനയുഗ’ത്തിൽ വന്ന പത്മരാജ​ന്റെ ആദ്യ കഥയാണിത്​

പിറ്റേന്നു തന്നെ ഗോപാലൻ തിരുവനന്തപുരത്തേക്ക് മടങ്ങി. വി.എം. ബാലനാണ് പിന്നീട് ‘നദി’ക്കുവേണ്ടി ടൈറ്റിൽ കാർഡുകൾ വരച്ചത്. ഒരു രേഖാചിത്ര കലാകാരന് ഒരുപാട് പ്രശംസ നേടിക്കൊടുക്കുന്ന അപൂർവാവസരങ്ങളിൽ ഒന്ന് –മലയാള സിനിമയുടെ ചരിത്രത്തിൽതന്നെ വേറിട്ടുനിൽക്കുന്ന ആ ടൈറ്റിൽ സീക്വൻസ് വേണ്ടെന്നുവെച്ചപ്പോൾ ഗോപാലന് നഷ്ടമായത് അതായിരുന്നു.

തമിഴ് സംവിധായകൻ വെൺനിറ ആടൈ ശ്രീധറി​ന്റെ ചിത്രാലയ നിർമിച്ച് വിൻസെന്റ് സംവിധാനംചെയ്ത ‘ത്രിവേണി’ എന്ന ചിത്രം 1970 ഡിസംബർ മാസത്തിൽ തിയറ്ററുകളിൽ റിലീസ് ചെയ്തത് സുപ്രിയാ ഫിലിംസാണ്. അന്ന് സിനിമാരംഗത്ത് ഒരു നവാഗതനായിരുന്ന ഭരതനെയാണ് പടത്തി​ന്റെ പരസ്യം ഡിസൈൻ ചെയ്യാൻ ഏൽപ്പിച്ചിരുന്നത്. ഒരുദിവസം ഹരിപോത്തൻ വിളിച്ചിട്ട് ഗോപാലൻ സുപ്രിയയുടെ ഓഫിസിൽ ചെല്ലുമ്പോൾ മേശപ്പുറത്ത് ഒരു വലിയ കടലാസ് ഷീറ്റും വിടർത്തിവെച്ച് ആകെ വിഷണ്ണനായി ഇരിക്കുകയായിരുന്നു ഹരി. കടലാസി​ന്റെ മൂന്നു കോണിൽനിന്നുമായി നീണ്ടു ചെല്ലുന്ന കറുത്ത വരകൾ ഒത്തനടുക്ക് സംഗമിക്കുന്നു. അവിടെ ഒരു കുട്ടി നിൽക്കുന്നു.

അതിനു താഴെയായി പടത്തി​ന്റെയും സംവിധായക​ന്റെയും പേരുകളും. ഇത്രയേയുള്ളൂ ഭരത​ന്റെ കുറച്ചധികം ലളിതമായിപ്പോയ ഡിസൈൻ. ഹരിപോത്തൻ അത് അപ്പാടെ തള്ളിക്കളഞ്ഞു. എന്നിട്ട് ഗോപാലനോട് മറ്റൊരെണ്ണം തയാറാക്കാൻ പറഞ്ഞു. സത്യ​ന്റെയും ശാരദയുടെയും നസീറി​ന്റെയുമൊക്കെ സ്‌കെച്ചുകൾ വെച്ച് ഗോപാലൻ ഒന്നിലേറെ ഡിസൈനുകൾ തയാറാക്കി. പടത്തിന് ആളിടിച്ചു കയറാൻ ആ പരസ്യങ്ങൾ ഒരുപാട് സഹായിച്ചുവെന്ന് ഹരിപോത്തനും ജ്യേഷ്ഠസഹോദരനായ മോഹൻ പോത്തനും പിന്നീട് ഗോപാലനോടു പറഞ്ഞു.

മറ്റൊരിക്കൽകൂടി ഭരത​ന്റെ പേര് ഗോപാല​ന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. കെ.പി.എ.സി ചലച്ചിത്ര നിർമാണ രംഗത്തേക്ക് പ്രവേശിച്ച 1972 - 73 കാലഘട്ടത്തിലായിരുന്നു അത്. തോപ്പിൽ ഭാസി സംവിധാനംചെയ്ത ‘ഏണിപ്പടികൾ’ എന്ന ചിത്രത്തി​ന്റെ നിർമാതാവി​​െന്റ ചുമതല പാർട്ടിയേൽപിച്ചത് കാമ്പിശ്ശേരിയെയും പി.കെ. വാസുദേവൻ നായരെയുമാണ്.

‘‘പടത്തിന്റെ ടൈറ്റിലും പരസ്യവുമൊക്കെ നമ്മടെ ഭരതന് കൊടുക്കളിയാ. അയാള് വളർന്നുവരുന്ന ഒരു കലാകാരനല്ലേ?’’

സി.പി.ഐ ഓഫിസിൽവെച്ച് തോപ്പിൽ ഭാസി കാമ്പിശ്ശേരിയോട് ഇതു പറയുമ്പോൾ ഗോപാലൻ തൊട്ടടുത്തിരിപ്പുണ്ടായിരുന്നു.

‘‘അതു മാത്രം പറ്റത്തില്ല അളിയാ’’ എന്നായിരുന്നു കാമ്പിശ്ശേരിയുടെ എടുത്തടിച്ചതുപോലെയുള്ള മറുപടി.

‘‘അതിന് നമ്മടെ ഗോപാലനിവിടുള്ളപ്പം എന്തിനാ ഭരതനും ലക്ഷ്മണനുമൊക്കെ!’’

പടത്തി​ന്റെ ടൈറ്റിൽ കാർഡ് തയാറാക്കുമ്പോഴായിരുന്നു അടുത്ത തർക്കം. കാർഡി​ന്റെ മുകളിലും താഴെയും രണ്ടു കോണുകളിലായി പേരുകൾ എഴുതണമെന്ന് സംവിധായകൻ നിർദേശിച്ചു. അതിന് ഭംഗിയുണ്ടാവില്ലെന്നും നടുക്കുതന്നെ പേരുകൾ കൊടുക്കാമെന്നും ഗോപാലൻ വാദിച്ചു. തർക്കം മുറുകിയപ്പോൾ പടത്തിലെ നായകനും ഒപ്പം ഒരു സംവിധായകനും കൂടിയായ മധുവി​ന്റെ അഭിപ്രായം ചോദിക്കാമെന്ന് തീരുമാനമായി. ഗോപാലൻ നേരെ കണ്ണമ്മൂലയിലുള്ള മധുവി​ന്റെ വീട്ടിൽ ചെന്നു.

കാര്യങ്ങൾ ചോദിച്ചറിഞ്ഞ മധു ഉടനെതന്നെ ‘ഭാസിയാശാനെ’ ഫോണിൽ വിളിച്ചു.

‘‘ആശാനേ, അതുപിന്നെ ടൈറ്റിൽ എപ്പോഴും കാർഡി​ന്റെ നടുക്കുതന്നെ എഴുതുന്നതാ നല്ലത്. മറ്റേത് ആളുകൾക്ക് വായിച്ചെടുക്കാനൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും.’’ അങ്ങനെ അക്കാര്യത്തിനും ഒരു തീരുമാനമായി. ഭാസിക്ക് അതുകൊണ്ട് ഗോപാലനോട് വിരോധമൊന്നും തോന്നിയില്ല. കെ.പി.എ.സി നാടകങ്ങളുടെയെല്ലാം പരസ്യവും പബ്ലിസിറ്റി കാർഡുമൊക്കെ തുടർന്നും തയാറാക്കാൻ ഏൽപിച്ചിരുന്നത് ഗോപാലനെത്തന്നെയാണ്. കുറച്ചു വർഷങ്ങൾക്കുശേഷം ഭാസിയുടെ കാൽ മുറിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടന്നിരുന്ന ദിവസങ്ങളിൽ ഗോപാലൻ നിത്യേനയെന്നോണം പോയിക്കാണാറുണ്ടായിരുന്നു.

1972ൽ മെറിലാൻഡിന് വേണ്ടി ‘പ്രൊഫസർ’, ‘ശ്രീഗുരുവായൂരപ്പൻ’ എന്നീ പടങ്ങൾക്ക് ഗോപാലൻ ചെയ്ത പരസ്യവും ശ്രദ്ധിക്കപ്പെട്ടു. 1971 ൽ സുപ്രിയ ‘കരകാണാക്കടൽ’ നിർമിക്കുന്ന അവസരത്തിൽ മദ്രാസിലേക്കു ചെന്ന് സ്ഥിരമായി നിൽക്കാൻ ഹരിപോത്തൻ ആവശ്യപ്പെട്ടു. താമസസ്ഥലവും ആവശ്യമായ മറ്റു സൗകര്യങ്ങളുമൊക്കെ ഏർപ്പാട് ചെയ്യാൻ ഹരിപോത്തൻ ഒരുക്കമായിരുന്നു. എന്നാൽ, ഗോപാലൻ അതിനു തയാറായിരുന്നില്ല. സിനിമയുടെ പല രീതികളുമായി യോജിച്ചു പോകാനുള്ള ബുദ്ധിമുട്ടുകൾ തന്നെയായിരുന്നു പ്രധാന കാരണം. പിന്നീട് സുപ്രിയക്കുവേണ്ടി ഗോപാലൻ പരസ്യങ്ങളൊന്നും ചെയ്തിട്ടില്ല.

മനസ്സിന് ഒരുപാട് തൃപ്തി തോന്നിയ കുറെ ഡിസൈനുകൾ സിനിമക്കു വേണ്ടി ഒരുക്കാൻ കഴിഞ്ഞു. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരെണ്ണം 1973ൽ കൊല്ലത്തെ ജനറൽ പിക്ചേഴ്‌സ് നിർമിച്ച ‘അച്ചാണി’ക്കു വേണ്ടി ചെയ്തതാണ്. വിൻസെന്റ് സംവിധാനംചെയ്ത ചിത്രത്തി​ന്റെ പബ്ലിസിറ്റി ചുമതല എസ്.എ. നായരെയാണ് ഏൽപിച്ചിരുന്നതെങ്കിലും പടമിറങ്ങി രണ്ടാം വാരമായപ്പോൾ ഗോപാലൻ വരച്ച ഒരു സ്കെച്ചുമായാണ് പരസ്യം പത്രങ്ങളിൽ വന്നത്. യുദ്ധഭൂമിയിൽ വെച്ച് ദശരഥ​ന്റെ രഥത്തി​ന്റെ ചക്രം ഇളകി തെറിച്ചുപോകാൻ തുടങ്ങുമ്പോൾ സ്വന്തം കൈവിരൽകൊണ്ട് ചക്രത്തിന് അച്ചാണി തീർത്ത് ഭർത്താവിനെ കാത്തുരക്ഷിക്കുന്ന കൈകേയിയുടെ ചിത്രം. ജനറൽ പിക്ചേഴ്‌സിന് ചരിത്രവിജയം നേടിക്കൊടുത്ത ‘അച്ചാണി’ എന്ന സിനിമയെപ്പോലെ തന്നെ ഈ പരസ്യവും പ്രസിദ്ധി നേടി.

പടത്തി​ന്റെ നിർമാതാവ് ജനറൽ പിക്ചേഴ്സ് രവിയുടെ ഭാര്യയും ഗായികയുമായ ഉഷാ രവി, ഗോപാലൻ വരച്ച ആ ഒറിജിനൽ ചിത്രം ഒന്നുകണ്ടാൽ കൊള്ളാമെന്ന് താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് ഒരാളെയയച്ചു. ഗോപാലൻ വളരെ സന്തോഷത്തോടെ ചിത്രം കൊടുത്തയക്കുകയും ചെയ്തു. പടമിറങ്ങുന്നതിന്​ ആഴ്​ചകൾക്ക്​ മുമ്പ്​ തൊട്ടുതന്നെ ഒരു പരമ്പര പോലെ തുടർച്ചയായി വന്നിരുന്ന പരസ്യങ്ങളിൽ ഇന്ത്യൻ ഇങ്കും നിബ്ബും ബ്രഷുമൊക്കെ ഉപയോഗിച്ചുകൊണ്ട്​ ഗോപാലൻ വിദഗ്​ധമായി പകർത്തിയ ഒാരോ മുഖവും സൂക്ഷ്​മതയും മികവുംകൊണ്ട്​ വേറിട്ടുനിന്നു. അഭിനേതാക്കളുടെ മാത്രമല്ല, എം.ടിയുടെയും ​േതാപ്പിൽഭാസിയുടെയും വയലാറി​െൻറയും ദേവരാജ​െൻറയും വിൻസൻറി​െൻറയുമൊക്കെ മുഖങ്ങൾ രേഖാചിത്രങ്ങളായി പരസ്യത്തി​െൻറ ഭാഗമാകുന്നത്​ ഗോപാല​െൻറ ബ്രഷിലൂടെയാണ്​.

 

ആദ്യത്തെ ഫുൾ പേജ്​ പരസ്യം

സിനിമയുടെ പരസ്യം ചെയ്തുകൊടുക്കുമെന്നല്ലാതെ അതുമായി ബന്ധപ്പെട്ട ഒരൊറ്റ പരിപാടിയിൽപോലും ഗോപാലൻ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ട് താരങ്ങളുമായോ മറ്റ് അണിയറ പ്രവർത്തകരുമായോ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ‘നദി’യും ‘നിഴലാട്ട’വും ആ വർഷം ഡിസംബറിൽ ‘ത്രിവേണി’യും ഇറങ്ങിക്കഴിഞ്ഞ് ആ പടങ്ങളുടെ പരസ്യംചെയ്ത ആളെ ഒന്നു നേരിട്ടു കാണണമെന്ന് നായകനായിരുന്ന പ്രേംനസീർ ഒരാഗ്രഹം പ്രകടിപ്പിച്ചു.

ത്രിവേണിയുടെ വിജയാഘോഷത്തിന് തിരുവനന്തപുരം സെൻട്രൽ തിയറ്ററിലെത്തിയ നസീർ അവിടെ ഗോപാലനെ കാത്തിരിക്കുകയാണെന്ന് ആളെ വിട്ട് അറിയിക്കുകയുംചെയ്തു. ഗോപാലൻ അപ്പോൾതന്നെ മുങ്ങിക്കളഞ്ഞു.

ആ നാളുകളിൽതന്നെ ഒരുദിവസം ഗോപാലനും പത്മരാജനും താമസിക്കുന്ന വീട്ടിലേക്ക് അപ്രതീക്ഷിതമായി ഒരാൾ കയറിവന്നു. മലയാളത്തി​ന്റെ താരനായകനായ സത്യനായിരുന്നു അത്. ആത്മസുഹൃത്ത് ഫോട്ടോഗ്രാഫർ ശിവനോടൊപ്പം സത്യൻ അങ്ങോട്ടേക്ക് വന്നത് തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കഥാകൃത്തിനെയും രേഖാചിത്രകാരനെയും നേരിൽ കണ്ട് പരിചയപ്പെടാനായിരുന്നു. ‘ജനയുഗ’ത്തിലും ‘സിനിരമ’യിലും, പിന്നെ സിനിമാ പരസ്യത്തിനുവേണ്ടിയും വരക്കുന്ന ചിത്രങ്ങളൊക്കെ ഈ വലിയ മനുഷ്യൻ ആസ്വദിക്കാറുണ്ടെന്ന് നേരിട്ടു പറഞ്ഞു കേട്ടപ്പോൾ ഗോപാല​ന്റെ ഉള്ളുനിറഞ്ഞു. ഏതാനും മാസങ്ങൾ കഴിഞ്ഞെത്തിയ ജൂൺ മാസത്തിൽ, ആ മഹാനടന് ആദരാഞ്ജലികൾ അർപ്പിച്ച്​‘സിനിരമ’യുടെ പ്രത്യേക പതിപ്പ് ഒരുക്കുമ്പോൾ ഗോപാല​ന്റെ മനസ്സിലാകെ നിറഞ്ഞുനിന്നത് തമാശ പറഞ്ഞ്​ പൊട്ടിച്ചിരിക്കുന്ന ആ രൂപമായിരുന്നു.

അന്നൊരു ദിവസം ഗോപാലൻ സിനിമയുടെ പരസ്യം ഡിസൈൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പേരും ടൈറ്റിലും മറ്റുമെഴുതിയ ചെറിയ തുണ്ടു കടലാസുകൾ പശ തേച്ച് ഗോപാലന് കൈമാറിക്കൊണ്ട് അടുത്തിരിക്കുകയായിരുന്ന പത്മരാജൻ പറഞ്ഞു.

‘‘തിരക്കഥ, സംവിധാനം എന്നുള്ളതി​ന്റെ താഴെ പി. പത്മരാജൻ എന്നെഴുതി ഒട്ടിക്കടേ...’’

ഗോപാലൻ അപ്പോൾ ചിരിച്ചുകൊണ്ട് അതിനു മറുപടി പറഞ്ഞു. ‘‘ഈ ടൈറ്റിലുകളുടെ കീഴിൽ നി​ന്റെ പേരും ഒരുദിവസം എഴുതിവരും, തീർച്ച. പക്ഷേ, അന്നത് എഴുതുന്നത് ഞാനായിരിക്കത്തില്ല.’’

(തുടരും)

Tags:    
News Summary - weekly culture biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.