ഒരുകാലത്ത് മലയാളത്തിെല മുൻനിര രേഖാചിത്രകാരനായിരുന്നു ആർട്ടിസ്റ്റ് ഗോപാലൻ. ജനയുഗത്തിൽ 16 വർഷത്തിലേറെക്കാലം അദ്ദേഹം പതിവായി വരച്ചു. പിന്നെ കൗമുദിയിലും കേരളശബ്ദത്തിലുമെല്ലാം തുടർച്ചയായി വരച്ചു. നിരവധി പുസ്തകങ്ങൾക്ക് പുറംചട്ടയൊരുക്കി. സിനിമാ പോസ്റ്ററുകൾ നിരവധി തീർത്തു. 84 വയസ്സിലെത്തിയ അദ്ദേഹത്തിന്റെ ജീവിതം എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും ജീവചരിത്രകാരനുമായ ലേഖകൻ.
ഒന്ന്
മുറ്റത്തും പരിസരങ്ങളിലുമാകെ പതഞ്ഞൊഴുകുന്നതുപോലെയുള്ള പാൽനിലാവ്. പൂർണ ചന്ദ്രൻ ഉദിച്ചുയർന്നുനിൽക്കുകയാണ്. മുകളിലും താഴെയുമായി പഞ്ഞിക്കെട്ടുപോലെയുള്ള മേഘശകലങ്ങൾ. വീടിന്റെ മുൻഭാഗത്ത് നിരനിരയായി നിൽക്കുന്ന, പൈൻ മരങ്ങളുടേതുപോലെ ഉയരമുള്ള മരങ്ങളുടെ ഇലകൾ വെട്ടിത്തിളങ്ങുന്നു. അതിന്റെയപ്പുറത്ത് നിലാവെളിച്ചത്തിൽ നീണ്ടുനിവർന്നുകിടക്കുന്ന പാടവരമ്പ്. വീടിന്റെ വരാന്തയിൽ ഇരുന്ന് ഈ കാഴ്ചകളൊക്കെ കാണുകയായിരുന്ന ആ എട്ടുവയസ്സുകാരന് സ്വയം നിയന്ത്രിക്കാനായില്ല. അവൻ മുറ്റത്തേക്ക് ചാടിയിറങ്ങി പ്രകൃതിയുടെ ആ മനോഹാരിതയാകെ മണ്ണിൽ പകർത്താൻ തുടങ്ങി. ആരെയും ഒന്നിനെയും ശ്രദ്ധിക്കാതെ അവൻ വരച്ചുകൊണ്ടേയിരുന്നു.
ഗോപാലൻ വരക്കാൻ തുടങ്ങിയത് വിശാലമായ വീട്ടുമുറ്റത്തെ പൂഴിമണലിലാണ്. ചൂണ്ടുവിരലായിരുന്നു ആയുധം. ചുറ്റുപാടും കണ്ട കാഴ്ചകളൊക്കെ അവന്റെ വിഷയങ്ങളായി. വീടിന്റെ ഒരുവശത്തുള്ള തൊഴുത്തിൽ തലയാട്ടിയും മുക്രയിട്ടുംകൊണ്ട് നിരന്നുനിൽക്കുന്ന കാളകളും പശുക്കളും...കിണറിന്റെ മുന്നിലുള്ള കല്ലിൽ കാൽ കയറ്റിവെച്ചു കഴുകുന്ന അമ്മ... ഓരോ ദിവസവും ദൃശ്യങ്ങളങ്ങനെ മാറിമാറി വന്നു. വരച്ചു പൂർത്തിയായ ശേഷം എഴുന്നേറ്റ് അൽപം ദൂരെ മാറിനിന്നുകൊണ്ട് തന്റെ കലാസൃഷ്ടിയെ മാറിയും ചരിഞ്ഞും നോക്കി സ്വയം വിലയിരുത്തുമ്പോൾ മനസ്സിൽ തോന്നുന്ന പറഞ്ഞറിയിക്കാനാവാത്ത വികാരമുണ്ടല്ലോ, അതുമാത്രമായിരുന്നു ആ ബാലനെ നിരന്തരം വരക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്ന ആ എന്തോ ഒരു ഒന്ന്.
ഒരിക്കൽ വരച്ചുകൊണ്ടിരിക്കുമ്പോൾ കൈവിരലിൽ 'ആര്' കുത്തിക്കയറി. കുറച്ചുനേരത്തേ അവിടെവെച്ച് കീറിയ വിറകിന്റെ അവശിഷ്ടം കിടന്നതാണ്. മുറിവ് പഴുത്തതിന്റെ വേദനയൊന്നും അവനെ പിന്തിരിപ്പിച്ചില്ല. അതിശയമതൊന്നുമല്ല, ആ വീട്ടിലെ ആരും, ഒറ്റയൊരാളുപോലും ഗോപാലന്റെ ഈ കലാവിരുത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മനഃപൂർവമായിരുന്നില്ല, അവിടെയാർക്കും അതിന് നേരമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
കുമ്പളത്തു ശങ്കുപിള്ള,വി.എം. ബാലൻ,മാരിയോ മിരാൻഡ
ചവറ പുതുക്കാട് പുത്തൻവീട്ടിൽ വേലായുധനോ ഭാര്യ ജാനകിക്കോ പൊടിയൻ എന്നവർ വിളിച്ചിരുന്ന രണ്ടാമത്തെ മകൻ ഗോപാലന്റെ ചിത്രകല ആസ്വദിക്കാനുള്ള കഴിവോ ജ്ഞാനമോ വിദ്യാഭ്യാസയോഗ്യതയോ ഉണ്ടായിരുന്നില്ല. ആ പ്രദേശത്തെ ഏറ്റവും സമ്പന്നമായ വീട്ടുകാരായിരുന്നു അവർ. ചുറ്റുവട്ടത്തുള്ള ഉയർന്ന സമുദായക്കാരേക്കാൾ വസ്തുവകകൾ കൈവശംവെച്ചനുഭവിക്കുന്ന, ഈഴവ സമുദായത്തിലുള്ള മറ്റുള്ളവരേക്കാൾ അൽപം മുന്തിയ ചാന്നാർ വിഭാഗത്തിൽപെട്ടവർ. പരമ്പരാഗതമായി കൃഷിപ്പണിയിൽ ഏർപ്പെട്ടവരാണവർ. അക്ഷരം കൂട്ടി വായിക്കാനും അത്യാവശ്യമൊക്കെ എഴുതാനുമറിയാം. വീട്ടിൽ കേരള കൗമുദി പത്രം വരുത്തുന്നുണ്ട്. ജാനകിയാണെങ്കിൽ 'കരുണ'യൊക്കെ നല്ല ഈണത്തിൽ നീട്ടിച്ചൊല്ലും. ആൺമക്കളായ പത്മനാഭനെയും ഗോപാലനെയും മാത്രമല്ല, ഇളയവളായ സാവിത്രിയെയും സ്കൂളിൽ വിട്ട് പഠിപ്പിക്കുന്നുമുണ്ട്.
എന്നാൽ, ആ കുടുംബത്തിൽ ആരുംതന്നെ ഇന്നേവരെ പടം വരക്കുന്നതിലോ മറ്റേതെങ്കിലും കലകളിലോ എന്തെങ്കിലും തരത്തിലുള്ള വാസന പ്രകടിപ്പിച്ചതായി അറിവില്ല. അതുകൊണ്ടൊക്കെയാകാം, എപ്പോഴും പൊടിയൻ മണ്ണിലെന്തെങ്കിലുമൊക്കെ ഓരോന്ന് കുത്തിവരച്ചുകൊണ്ടിരിക്കുന്നത് ആരുമങ്ങനെ ശ്രദ്ധിക്കാൻ പോയിട്ടില്ല. പക്ഷേ, ഒരുദിവസം അതിന് ചെറിയൊരു മാറ്റമുണ്ടാകുന്ന സംഭവം നടന്നു. മുൻവശത്ത് കൂറ്റൻ ആർക്ക വാതിലും വീടിന് ചുറ്റിനും നീണ്ട വരാന്തയും ഉള്ളിൽ വലിയൊരു നടുമുറ്റവും ഒക്കെയുള്ള സാമാന്യം വലിയൊരു വീടാണ് ഗോപാലന്റേത്. അമ്മയുടെ തറവാട്.
കൊല്ലത്തുകാരനായ വേലായുധൻ -നാട്ടുകാരുടെ ‘വേലാം ചോവൻ’ -വിവാഹം കഴിഞ്ഞ് ഭാര്യയുടെ വീടിന്റെ ഭരണമേറ്റെടുക്കുകയായിരുന്നു. ചുറ്റുപാടുമുള്ളവരിൽ കൂടുതലും സമ്പത്തുകൊണ്ട് ക്ഷയിച്ചുപോയെങ്കിലും, ആഢ്യത്വവും പ്രതാപവുമൊന്നും ഒട്ടും കൈവിട്ടിട്ടില്ലാത്ത നായർ കുടുംബങ്ങളായിരുന്നു. അക്കൂട്ടത്തിൽ ഒരുകൂട്ടർക്ക് തൊട്ടപ്പുറത്തായി ചെറിയൊരു വയലുണ്ട്. ആവശ്യത്തിന് പഠിത്തമൊക്കെയുണ്ടെങ്കിലും, അവിടത്തെ ഭാര്യയും ഭർത്താവുംതന്നെയാണ് പാടത്തെ പണിയൊക്കെ എടുക്കുന്നത്. ഒരു ദിവസം രാവിലെ അവർ വയലിലേക്ക് പോകുമ്പോൾ വഴിയിലുള്ള ഗോപാലന്റെ വീടിന്റെ അടുക്കളഭാഗത്തായി ഒരു സവിശേഷ കാഴ്ച കണ്ട് പരിസരം മറന്നങ്ങു നിന്നുപോയി.
സാമാന്യം വീതിയുള്ള, വെള്ളപൂശിയ അടുക്കളയുടെ പുറം ചുമരിലായി വലിയ ഒരു കാറിന്റെ ചിത്രം. അവിടെയെങ്ങും ആരും കണ്ടിട്ടുള്ള തരം കാറൊന്നുമല്ല. അതിസമ്പന്നർ ഉപയോഗിക്കുന്ന, സിനിമയിൽ മാത്രം പ്രത്യക്ഷപ്പെടുന്ന സ്റ്റുഡി ബേക്കർ ആയിരുന്നു അത്. കേരള കൗമുദി പത്രത്തിൽ വന്ന തിരുവനന്തപുരത്തെ മരക്കാർ മോട്ടോഴ്സിന്റെ പരസ്യത്തിലെ കാറിന്റെ പടം നോക്കി കരിക്കട്ടകൊണ്ട് ഗോപാലൻ വരച്ചുവെച്ചതാണ് നല്ല വലുപ്പത്തിലുള്ള ആ ചിത്രം. അടുക്കളയുടെ പുറംഭാഗത്തായി ഭിത്തിയോടുചേർന്ന് വിറകു വെട്ടിക്കീറി നല്ല പൊക്കത്തിൽ അടുക്കിവെച്ചിട്ടുണ്ടായിരുന്നു. വിറകുകൂനയുടെ പുറത്ത് പണിപ്പെട്ടു കയറിനിന്നുകൊണ്ടായിരുന്നു ഗോപാലൻ സാഹസികമായി കാര്യം സാധിച്ചത്.അയൽക്കാരായ ദമ്പതികൾ ചിത്രം കൗതുകത്തോടെ നോക്കിനിൽക്കുന്നതുകണ്ട് വേറെയും കാഴ്ചക്കാർ കൂടി. അതിശയം കൂറി എല്ലാവരുമങ്ങനെ നിൽക്കുമ്പോൾ ആ സ്ത്രീ പറഞ്ഞു.
‘‘ഞങ്ങടെ മോനോ വല്ലോമായിരുന്നു ഇങ്ങനെ വരക്കുന്നതെങ്കി ഞങ്ങളവനെ വെളിയിലെങ്ങാനുമയച്ച് നല്ലോണം പഠിപ്പിച്ചേനെ.’’
അതുകേട്ടുനിന്ന മറ്റൊരു അയൽക്കാരി വീട്ടിൽ വന്ന് ജാനകിയോട് പൊടിപ്പും തൊങ്ങലും വെച്ച് ഇക്കാര്യം അറിയിച്ചു. പിടിപ്പതു പണി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ, പറഞ്ഞ കാര്യം വെറുതെ കേട്ടുനിന്നതല്ലാതെ സംഗതി കുടുംബത്ത് ഒരു ചർച്ചാവിഷയമായതൊന്നുമില്ല.
വളരുന്നതിനോടൊപ്പം ഗോപാലന്റെ വര മറ്റു പ്രതലങ്ങളിലേക്ക് കടന്നു. വേലായുധന്റെ ഒരു ചേഴക്കാരനായ തങ്കപ്പൻ എന്നൊരു പയ്യൻ പുത്തൻവീട്ടിൽ വന്നു താമസിച്ചുകൊണ്ടാണ് കൊല്ലം എസ്.എൻ കോളജിൽ ഇന്റർമീഡിയറ്റിന് പഠിക്കാൻ പോയിരുന്നത്. ക്ലാസിലെ നോട്ടെഴുതാനുള്ള ബുക്കിൽനിന്ന് കടലാസ് കീറിയെടുത്ത് വരക്കാൻ കൊടുത്തുകൊണ്ട് തങ്കപ്പൻ ചേട്ടൻ ഗോപാലനെ പ്രോത്സാഹിപ്പിക്കും. പന്മന താമസിക്കുന്ന അമ്മയുടെ അനുജത്തിയുടെ, സ്വാധീനമില്ലാത്ത കാലുള്ള മകൻ ചെറുക്കനെ വരച്ചതങ്ങനെയാണ്. മുക്കിലെ ഗോപാലൻ നായരുടെ പലചരക്കുകടയിൽനിന്ന് പെൻസിലും കടലാസും ആവശ്യംപോലെ പോയി വാങ്ങിക്കുന്നതിന് അച്ഛനെന്തുകൊണ്ടോ എതിരൊന്നും പറഞ്ഞില്ല. അതുകൊണ്ട് ഒരിക്കലും ഗോപാലന്റെ വര മുടങ്ങിയതേയില്ല.
ചവറ കൊറ്റൻകുളങ്ങരയിലെ മിഡിൽ സ്കൂളിലാണ് പഠിത്തത്തിന്റെ തുടക്കം. അന്നൊക്കെ മഹാരാജാവിന്റെ തിരുനാൾ ആഘോഷിക്കുന്ന ചടങ്ങിന്റെ ഒരുക്കങ്ങൾ ഭംഗിയായി നടത്താൻ വേണ്ടി വിദ്യാർഥികളിൽനിന്ന് സംഭാവന പിരിക്കുന്ന ഒരു സമ്പ്രദായം സ്കൂളിലുണ്ടായിരുന്നു. പാവപ്പെട്ട വീടുകളിൽനിന്നുള്ളവർക്ക് നാലു കാശും എട്ടു കാശുമൊക്കെ കൊടുക്കാനുള്ള പാങ്ങേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഗോപാലന് വീട്ടിൽനിന്ന് കൊടുത്തുവിടുന്നത് ഒരു ചക്രമാണ്. തിരുനാളിന്റെയന്ന് ക്ലാസ് മുറിയിൽ അലങ്കരിച്ചിരിക്കുന്ന കൊടിതോരണങ്ങളിലെ ഏറ്റവും പകിട്ട് കൂടിയതിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ലക്ഷ്മി ടീച്ചർ പറയും: ‘‘ഗോപാലാ, ദോണ്ടെ കാണുന്നതാ നിന്റെ കൊടി.’’
ആർട്ടിസ്റ്റ് ഗോപാലൻ കഥകൾക്കുവേണ്ടി വരച്ച ചിത്രങ്ങൾ. രണ്ടാമത്തേത് മാലിഭാരതത്തിന് വേണ്ടി വരച്ചതാണ്
പുത്തൻ വീടിന്റെ ചുറ്റുമായി കിടക്കുന്ന 12 ഏക്കർ പുരയിടത്തിൽ പത്തോളം കുടികിടപ്പുകാരുണ്ടായിരുന്നു. ആശാരി, കൊല്ലൻ, മണ്ണാൻ, തണ്ടാൻ, പുലയൻ...ഇങ്ങനെ ജാതിയുടെ വ്യത്യസ്ത ശ്രേണിയിൽപെട്ടവർ. അതിവിശാലമായ പറമ്പിലും ധാരാളം ഏക്കറുകളിലായി പരന്നുകിടക്കുന്ന പാടത്തും എടുപ്പതുള്ള ജോലിയൊക്കെ ചെയ്യാൻ നിയുക്തരായ അടിയാളന്മാരാണവർ. പ്രതാപശാലിയായി നിന്ന് ആ മനുഷ്യരെക്കൊണ്ട് നിർദാക്ഷിണ്യം പണിയെടുപ്പിക്കുന്ന അച്ഛൻ, ചില ദിവസങ്ങളിൽ തോർത്തെടുത്ത് കക്ഷത്തുവെച്ച്, കൈയെടുത്ത് വായ പൊത്തിപ്പിടിച്ച് ഓച്ഛാനിച്ചങ്ങനെ നിൽക്കുന്ന കാഴ്ച കണ്ട് കുട്ടിയായ ഗോപാലൻ അമ്പരന്നുപോകാറുണ്ട്.
സർക്കാറിൽനിന്ന് നെല്ലിന്റെ ലെവി പിരിക്കാൻ വന്ന പാർവത്യാക്യാരുടെ മുന്നിലാണ് വേലാം ചോവന്റെ ഈ ദയനീയമായ നിൽപ്. ഒരു ചെറിയ കുട്ടിക്ക് കഷ്ടിച്ച് കയറിനിൽക്കാൻ മാത്രം വലുപ്പമുള്ള പത്തായത്തിനകത്തുകയറി നെല്ലൊക്കെ വാരി കുട്ടയിലാക്കാൻ ഗോപാലനെയാണ് അച്ഛൻ നിയോഗിക്കാറുള്ളത്. ഒരു മണിപോലും ബാക്കിവെക്കാതെ നെല്ല് തൂത്തുവാരിയെടുത്ത് വലിയ ചാക്കുകളിൽ കെട്ടിയെടുപ്പിച്ചുകൊണ്ട് പാർവത്യാക്യാർ പോകാൻ തുടങ്ങുമ്പോൾ അച്ഛൻ പിറകെ ചെന്ന് അപേക്ഷിക്കും: ‘‘വിത്തിടാനെങ്കിലും വല്ലതും ബാക്കിവെച്ചിട്ടു പോണേ ഏമാനെ.’’ അതു കേട്ടഭാവം കാണിക്കാതെ പാർവത്യാക്യാരും പരിവാരങ്ങളും സ്ഥലംവിടുമ്പോൾ നിസ്സഹായനായി നോക്കിനിൽക്കുന്ന അച്ഛനെക്കണ്ട് ഗോപാലന്റെ ഉള്ളു പിടയാറുണ്ട്. അതേസമയം, ഈ മേലാളന്മാർ ചുറ്റുപാടുമുള്ള മേൽജാതിക്കാരുടെ വീടുകളുടെ ഭാഗത്തേക്ക്, ലെവി പിരിക്കാൻ ചെല്ലുന്നതുപോയിട്ട്, എത്തിയൊന്നു നോക്കുകപോലുമില്ല.
അതുപോലെത്തന്നെ, പ്രദേശത്തെ ചില നായർ പ്രമാണിമാർ വന്ന്, വേലായുധൻ കഷ്ടപ്പെട്ട് വളർത്തിയ ആഞ്ഞിലിയും തേക്കുമൊക്കെ വെട്ടി അവരുടെ വീട്ടിൽ കൊണ്ടുചെന്നിടാൻ ആജ്ഞാപിക്കുമ്പോൾ മറുത്തൊരക്ഷരം ഉരിയാടാതെ അനുസരിക്കുന്ന അച്ഛനെ കണ്ട് ഗോപാലന് അമർഷമാണ് തോന്നാറ്. അന്നു മനസ്സിലുറപ്പിച്ചതാണ്, ജാതിയുടെയോ പണത്തിന്റെയോ പേരിലുള്ള മേൽക്കോയ്മയുടെ മുന്നിൽ തലകുനിക്കില്ലെന്നും ഓച്ഛാനിച്ചു നിൽക്കില്ലെന്നും. അതേസമയം, കലാപരമായ സർഗശേഷിയുള്ളവരോടും പ്രതിഭയുള്ളവരോടും ഗോപാലനെന്നും ഒടുങ്ങാത്ത ആദരവായിരുന്നുതാനും.
ആർട്ടിസ്റ്റ് ഗോപാലന്റെ ചിത്രമെഴുത്തുകൾ
സിനിമ കാണുന്നതായിരുന്നു ഗോപാലന് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം. അതിവിശാലമായ തട്ടാശ്ശേരി പുരയിടത്തിന്റെ ഒത്ത നടുവിലുള്ള സുദർശനാ ടാക്കീസിൽ സിനിമ കാണാൻ പോകുന്നതാണ് ആദ്യത്തെ ഓർമ. വഴിയിലുള്ള ഒരു ചെറിയ കുളത്തിലിറങ്ങി, അതിലെ മുട്ടറ്റത്തോളം ആഴമുള്ള വെള്ളത്തിലൂടെ നടന്നുവേണം പോകേണ്ടത്. ടി.ആർ. മഹാലിംഗവും കുമാരി രുക്മിണിയും എൻ.എസ്. കൃഷ്ണനും ടി.എ. മധുരവുമൊക്കെ നടിച്ച ശ്രീ വള്ളിയായിരുന്നു ആദ്യമായി ഓർമയിലുള്ള സിനിമ. ടിക്കറ്റ് കൗണ്ടറിന്റെ മുന്നിൽ ക്യൂ പാലിക്കാൻ നിൽക്കാതെ എല്ലാവരുംകൂടി ഭയങ്കര ഇടിയായിരുന്നു.
ഒരുവിധത്തിൽ തള്ളിക്കയറി മുന്നിൽ ചെന്നപ്പോൾ ആരോ കൊച്ചു ഗോപാലനെ എടുത്തുപൊക്കി അപ്പുറം കാണിച്ചുകൊടുത്തു. വിരിച്ചിട്ട ഒരു തോർത്ത് നിറയെ ടിക്കറ്റ് ചാർജായി കിട്ടിയ ചക്രം കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്ന അതിശയക്കാഴ്ച മനസ്സിൽ ഇപ്പോഴും തങ്ങിനിൽപുണ്ട്. പിന്നീടൊരിക്കൽ ചവറ കെ.സി ടാക്കീസിൽ അമ്മയുടെയും പരിവാരത്തിന്റെയും കൂടെ പോയിക്കണ്ട ചന്ദ്രലേഖയും, അതുകഴിഞ്ഞ് ചേട്ടനും കൂട്ടുകാരുമൊത്ത് പോയിക്കണ്ട ജീവിതനൗകയും മറന്നിട്ടില്ല. ജീവിതനൗകയിൽ ബേബി പുഷ്പ പാടുന്ന ‘‘ആനത്തലയോളം വെണ്ണ തരാമെടാ ആനന്ദ ശ്രീകൃഷ്ണാ വാ മുറുക്ക്’’ കുറേനാൾ മൂളി നടന്നിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു രാത്രിയിൽ സുദർശന ടാക്കീസിൽ ഒരു നാടകം കാണാൻ പോകുന്നത്. ഒരു തറവാട്ടു കാരണവരും വിപ്ലവകാരിയായ മകനും ദുഷ്ടനായ ജന്മിയും ചൊടിയുള്ള ഒരു പുലയ പെൺകൊടിയുമൊക്കെയുള്ള, ഒരുപാട് പാട്ടുകളുമൊക്കെയായി കണ്ടിരിക്കാൻ രസമുള്ള ഒരു നാടകം. കാണാൻ ഒരുപാട് ആളുകളുണ്ടായിരുന്നു. നാടകത്തിന്റെ അവസാനരംഗത്തിൽ സ്റ്റേജിലും സദസ്സിലുമുള്ളവരെല്ലാം ചേർന്ന് ‘‘ഇങ്ക്വിലാബ് സിന്ദാബാദ്, കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്’’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയത് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. കെ.പി.എ.സിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന ഐതിഹാസിക നാടകത്തിന്റെ ഉദ്ഘാടനമായിരുന്നു അന്നവിടെ നടന്നതെന്ന് പിന്നീടെപ്പോഴോ ആണ് മനസ്സിലാകുന്നത്.
ഗോപാലന്റെ അച്ഛൻ വേലായുധൻ, അമ്മ ജാനകി
ചെറിയ ക്ലാസിൽ വെച്ച് പാഠപുസ്തകത്തിൽനിന്ന് കാളിയമർദനത്തിന്റെ പടം അതേപടി പകർത്തിയിരിക്കുന്നത് കണ്ടിട്ടാണ് അധ്യാപകർ ഗോപാലനിലെ പ്രതിഭയെ തിരിച്ചറിയുന്നത്. പിന്നീട് ശങ്കരമംഗലം ഹൈസ്കൂളിൽ ചേർന്നതോടെ ആളങ്ങ് നല്ലതുപോലെ പേരെടുത്തു. ആദ്യമായിട്ട് ക്ലാസിൽ പഠിപ്പിക്കാൻ വന്നാൽ ആരായാലും ആദ്യംതന്നെ ചോദിക്കുന്നത് ‘‘ഇതിലാരാ ഗോപാലൻ?’’ എന്നാണ്. അത്രക്കുണ്ടായിരുന്നു ഗോപാലന്റെ വരയുടെ പ്രശസ്തി. ഒരിക്കൽ ഡ്രോയിങ് പഠിപ്പിക്കുന്ന കൊക്കോ സാർ ഒരു ഭിക്ഷക്കാരന്റെ ചിത്രം ബോർഡിൽ വരച്ചു. ഗോപാലൻ അസ്സലായി പകർത്തിവെച്ച ഭിക്ഷക്കാരനെ കണ്ടപ്പോൾ കൊക്കോ സാറിന് ഒരുപാടിഷ്ടമായി.
‘‘നീ തിരുവനന്തപുരത്ത് ഫൈൻ ആർട്സ് സ്കൂളിൽ ചേരണം’’ എന്ന് അപ്പോൾതന്നെ പറയുകയും ചെയ്തു.
എം.എൻ. രാമചന്ദ്രൻ നായർ,വി.പി. നായർ
സ്കൂളിലെ കൈയെഴുത്തുമാസികയായിരുന്നു ഗോപാലന്റെ വിഹാര രംഗം. ഗോപാലന്റെ സഹപാഠിയും ഉറ്റ ചങ്ങാതിയുമായ സദാശിവൻ പിള്ള സെക്രട്ടറിയായിട്ടുള്ള സാഹിത്യ സമാജമാണ് കൈയെഴുത്ത് മാസിക പുറത്തിറക്കുന്നത്. സാഹിത്യ സൃഷ്ടികളൊക്കെ അതിമനോഹരമായ കൈപ്പടയിൽ പകർത്തിയെഴുതുന്നതും അതിലെ സന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കുമെല്ലാം ദൃശ്യരൂപം പകരുന്നതുമൊക്കെ ഗോപാലനായിരുന്നു. അക്ഷരാർഥത്തിൽത്തന്നെ ഒരു വൺമാൻ ഷോ.
‘‘നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’’ എന്ന കവിതാശകലത്തോടൊപ്പം പാടവരമ്പത്തിന്റെ പശ്ചാത്തലത്തിൽ കലപ്പയും നുകവും ഏന്തിനിൽക്കുന്ന കർഷകത്തൊഴിലാളി ദമ്പതികളെ ഗോപാലൻ വരച്ചുചേർത്തത് എല്ലാവരുടെയും പ്രശംസ നേടി. ഒരുപാട് അഭിപ്രായം പിടിച്ചുപറ്റിയ മറ്റൊന്ന് കവിയുടെയും കർഷകന്റെയും വീടുകൾ എന്ന ആശയം അവതരിപ്പിച്ച കവർചിത്രമാണ്. വൃത്തിയും മെനയുമൊന്നുമില്ലാതെ ആകെ അലങ്കോലമായി കിടക്കുന്നതാണ് കവിയുടെ വീടായി ഗോപാലൻ വരച്ചത്. അതേസമയം, നിറയെ പൂക്കളും ധാരാളം സസ്യങ്ങളും പഴങ്ങളുമൊക്കെ കായ്ച്ചുനിൽക്കുന്ന തോട്ടത്തിന്റെ നടുവിലുള്ള വൃത്തിയുള്ള വീട് കൃഷിക്കാരന്റേതും.
കൈയെഴുത്ത് മാസിക വീട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ടി പിള്ളേർ തമ്മിൽ മത്സരമായിരുന്നു. ആദ്യത്തെ ചാൻസ് ലഭിച്ചത് ഗോപാലന്റെ വീടിന്റെ ചുറ്റുവട്ടത്ത് താമസിക്കുന്ന ഒരു പെൺകുട്ടിക്കാണ്. ചവറയിലെ പ്രസിദ്ധമായ ശങ്കരമംഗലം തറവാട്ടിൽപെട്ട ഒരു ശാലീന സുന്ദരി. രണ്ടുപേരും വീട്ടിലേക്ക് പോകാറുള്ളത് ഒരേ ഇടവഴിയിലൂടെയാണ്. അന്നു വൈകുന്നേരം അവിടെ വെച്ച് ഗോപാലനെ കണ്ടുമുട്ടിയപ്പോൾ അവൾ മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു. മാറോട് അടുക്കിപ്പിടിച്ചിരിക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മുകളിൽ ഇരിക്കുന്ന കൈയെഴുത്ത് മാസിക ഗോപാലൻ കണ്ടു. ഗോപാലന് മറുപടിയായി ഒന്നു ചിരിക്കാൻകൂടി ഭയമായിരുന്നു. പക്ഷേ, ഉള്ളിൽ വല്ലാത്തൊരു കുളിരുതോന്നി. അതോടൊപ്പംതന്നെ മനസ്സിൽ വലിയൊരു ഭാരം കയറ്റിവെച്ചതുപോലെ.
സ്കൂളിൽ ഗോപാലന് ഒരുപാട് ആരാധകരുണ്ടായിരുന്നു. കൂടുതലും പെൺകുട്ടികളാണ്. ഇംഗ്ലീഷിലും മലയാളത്തിലും മാത്രമല്ല, വരച്ചു ഫലിപ്പിക്കാൻ സാമർഥ്യമുള്ളതുകൊണ്ട് ശാസ്ത്ര വിഷയങ്ങളിലും ഭേദപ്പെട്ട മാർക്ക് കിട്ടിയിരുന്നു. എന്നാൽ, കണക്കിലും ഹിന്ദിയിലും വളരെ പിറകോട്ടായിരുന്നു. അങ്ങനെ ഫോർത്ത് ഫോമിൽ -എട്ടാം ക്ലാസിൽ- ഒരു പ്രാവശ്യം തോറ്റു. തേഡ് ഫോമിൽനിന്ന് ജയിച്ചെത്തിയ പെൺകുട്ടികളുടെ കൂട്ടത്തിൽ ചെന്നിരിക്കണം. അതായിരുന്നു ശിക്ഷ.
ഗോപാലന്റെ കൂടെ തോറ്റ പാക്കരൻ ‘‘ഞാനിനി പഠിക്കുന്നില്ല’’ എന്നു പറഞ്ഞുകൊണ്ട് പുസ്തകമെടുത്ത് വഴിയിലെ തോട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് വീട്ടിലേക്ക് ഓടിപ്പോയി. പിന്നെ സ്കൂളിലേക്ക് വന്നതേയില്ല. അത്രക്ക് നാണക്കേടുള്ള കാര്യമായിരുന്നു അത്. ഗോപാലനും വലിയ ക്ഷീണമായിപ്പോയി ആ സംഭവം. പക്ഷേ, അതുകൊണ്ട് പ്രയോജനമുണ്ടായത് പിന്നീടൊരിക്കലാണ്. ഒരിക്കൽ കണക്കു ക്ലാസിൽ ബോർഡിൽ ഒരു വഴിക്കണക്ക് വിശദമായി എഴുതേണ്ടിവന്നു. ഗോപാലന് വഴിയൊക്കെ എഴുതാനറിയാം. പക്ഷേ, ക്രിയ ചെയ്യേണ്ടതെങ്ങനെയെന്ന് അറിഞ്ഞുകൂടാ. ആരാധികമാരായ പെൺകുട്ടികൾ സഹായിച്ചു. ബോർഡിന്റെ തൊട്ടടുത്തുള്ള ബെഞ്ചിലിരിക്കുന്ന ആ പിള്ളേർ ഗോപാലന് മാത്രം കേൾക്കാൻ പാകത്തിൽ പതുക്കെ ക്രിയ പറഞ്ഞുകൊടുത്തു. ‘പ്രശ്നം പരിഹരിച്ച്’ ഗോപാലൻ വിജയശ്രീലാളിതനായി മടങ്ങി.
പത്താം ക്ലാസിൽ വെച്ച് ഇംഗ്ലീഷ് പഠിപ്പിക്കുന്ന മാത്യൂസ് സാർ എന്ന അധ്യാപകൻ ഒരു ദിവസം എന്തോ ഒരു ചോദ്യം ചോദിച്ചു. ഗോപാലന് അതിന്റെ ഉത്തരം അറിയില്ലായിരുന്നു.
‘‘ഇയാളെന്താ വീട്ടിലിരുന്ന് ഇതൊന്നും പഠിക്കത്തില്ലേ? ഇങ്ങനെ പോകുവാണേൽ അതുമിതുമൊക്കെ കുത്തിവരച്ചോണ്ട് ആർട്ടിസ്റ്റെന്നും പറഞ്ഞ് വെറുതെ വീട്ടിൽത്തന്നെയിരിക്കാം.’’
സാർ പറഞ്ഞത് ശാപവാക്കുപോലെയാണെങ്കിലും അതുകേട്ടപ്പോൾ ഗോപാലന്റെ മനസ്സിൽ സന്തോഷമാണ് തോന്നിയത്. ശാപമങ്ങ് ഫലിച്ചാൽ മതിയായിരുന്നു. സാറു പറഞ്ഞതുപോലെയുള്ള ഒരാർട്ടിസ്റ്റായി തീരാൻ എന്താണൊരു മാർഗം? കെ. ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പിൽ ആയിടക്കെപ്പോഴോ കണ്ട ഒരു ചിത്രവും അതോടൊപ്പമുണ്ടായിരുന്ന പേരും മേൽവിലാസവും മനസ്സിൽ തെളിഞ്ഞുവന്നു. കൗമുദിയിലും കേരള കൗമുദിയിലും മറ്റും വരക്കുന്ന വി.എം. ബാലൻ എന്ന ചിത്രകാരന്റേതായിരുന്നു അത്. അന്നുതന്നെ ഒരു കത്തെഴുതി.
‘‘എനിക്ക് അങ്ങയുടെ കീഴിൽ ചിത്രകല അഭ്യസിക്കാൻ ഒരവസരം തരണം.’’
വരച്ച ചില ചിത്രങ്ങൾകൂടി അടക്കംചെയ്ത കത്ത് പോസ്റ്റ് ചെയ്തു.
‘വി.എം. ബാലൻ, ചിത്രശാല, ടി.ബി റോഡ്, എറണാകുളം.’
മറുപടി അയച്ചുതരാനായി സ്കൂളിന്റെ മേൽവിലാസമെഴുതിയ ഒരു കവറുംകൂടി കത്തിനോടൊപ്പം വെച്ചിരുന്നു. താമസിയാതെ സ്കൂളിലേക്ക് ബാലൻ മാഷിന്റെ മറുപടിയെത്തി. ‘‘പരീക്ഷ കഴിഞ്ഞിട്ട് നേരെ ഇങ്ങോട്ടേക്ക് പോരൂ.’’ ഹെഡ് മാസ്റ്ററുടെ റൂമിൽ വെച്ച് ആ കത്ത് കാണാനിടവന്ന ഇംഗ്ലീഷ് അധ്യാപകനായ ദേവരാജൻ സാർ ക്ലാസിൽ വന്നപ്പോൾ, അൽപം അതിശയഭാവത്തിൽ ഗോപാലനോട് തിരക്കി:
കെ.എസ്. ചന്ദ്രൻ,എസ്.എം. പണ്ഡിറ്റ്
‘ഗോപാലന് വി.എം. ബാലൻ കത്തയച്ചായിരുന്നോ?’’ ഒരു നല്ല ചിത്രകാരൻകൂടിയായിരുന്ന സാർ അക്കാലത്ത് മലയാളരാജ്യത്തിലും മറ്റും വരക്കാറുണ്ടായിരുന്നു. ഗോപാലൻ വരച്ച പടങ്ങൾ കണ്ട് പലപ്പോഴും അഭിനന്ദിക്കാറുമുണ്ട്. മറ്റൊരു ദിവസം ഇമ്പോസിഷൻ എഴുതിക്കൊണ്ടുവരാത്തതിന്റെ പേരിൽ ദേഷ്യപ്പെട്ട് ദേവരാജൻ സാർ ഗോപാലനെ ക്ലാസിൽനിന്ന് ഇറക്കിവിട്ടു. 10 മിനിറ്റ് കഴിഞ്ഞപ്പോൾ വേറൊരു കുട്ടിയെ വിട്ട് തിരികെ വിളിപ്പിച്ചു. ഗോപാലൻ ക്ലാസിൽ കയറിയിരുന്നപ്പോൾ പറഞ്ഞു:
‘‘നിനക്കൊരു കാര്യമറിയാമോ? ഗോപാലന്റെ പ്രായത്തിൽ ഞാനിങ്ങനെയൊന്നും വരച്ചിട്ടില്ല. നിനക്ക് വളരെ വലിയൊരു ഭാവിയുണ്ട്. അതെപ്പോഴും ഓർമയുണ്ടാകണം.’’
സ്കൂൾ ജീവിതകാലത്തെ ഏറ്റവും നല്ല അനുഭവം ഇനിയാണ് ഉണ്ടാകുന്നത്. സ്കൂൾ ഫൈനലിനു പഠിക്കുമ്പോഴാണ്. സാഹിത്യ സമാജത്തിന്റെ അക്കൊല്ലത്തെ മീറ്റിങ്ങിന്, സെക്രട്ടറി കെ.എസ്. പിള്ള (നല്ലൊരു കവിയും സംഘാടകനുമൊക്കെയായ സദാശിവൻ പിള്ള അങ്ങനെയാണ് പിന്നീട് അറിയപ്പെട്ടത്) ക്ഷണിച്ചുകൊണ്ടുവന്നത് മലയാള സാഹിത്യരംഗത്ത് ഉദിച്ചുയർന്നു നിൽക്കുന്ന രണ്ടു യുവതാരങ്ങളെയാണ്. ആയിഷ എഴുതി പ്രശസ്തനായ വയലാർ രാമവർമയും സ്കൂളിലെ പൂർവവിദ്യാർഥി കൂടിയായ ഒ.എൻ.വി കുറുപ്പുമായിരുന്നു ആ വിശിഷ്ടാതിഥികൾ. വയലാർ കൈയെഴുത്തുമാസിക കൈയിലെടുത്ത് അതിലെ പേജുകൾ മറിച്ചുനോക്കിയശേഷം സദസ്സിനെ നോക്കിപ്പറഞ്ഞു:
‘‘ഇതു വരച്ച ഗോപാലൻ എന്ന കുട്ടി സദസ്സിലുണ്ടെങ്കിൽ സ്റ്റേജിലേക്കൊന്നു വരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.’’
കുട്ടികളും അധ്യാപകരും ആവേശത്തോടെ കൈയടിക്കുന്നതിനിടയിലൂടെ ഗോപാലൻ അൽപം ലജ്ജയോടെ വേദിയിലേക്ക് കയറിച്ചെന്നു. വയലാറും ഒ.എൻ.വിയും ഗോപാലന്റെ കൈപിടിച്ച് അഭിനന്ദിച്ചു. അതിനുശേഷം വയലാർ തന്റെ പോക്കറ്റിൽ നിന്ന് ഒരു പാർക്കർ പേനയെടുത്ത് ഗോപാലന്റെ പോക്കറ്റിൽ കുത്തിക്കൊടുത്തു. ഗോപാലന്റെ സ്കൂൾ ജീവിതത്തിന്റെ അഭിമാനകരമായ പരിസമാപ്തി അങ്ങനെയായിരുന്നു.
==========
മാധ്യമം ആഴ്ചപ്പതിപ്പിന്റെ ലക്കം 1388ൽ (സെപ്റ്റംബർ 30) തുടരും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.