മലയാള സിനിമയിലേക്ക് കാമറ തിരിച്ച് വെച്ച് ആക്ഷൻ പറഞ്ഞ സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. പുതിയ കാഴ്ചകളും പുതിയ പ്രമേയങ്ങളുമായിരുന്നു ആ സംവിധാനമികവിൽ പുറത്തിറങ്ങിയത്. മുൻനിര നായകന്മാരുടെ നിരയായിരുന്നു 'ഉദയനാണ് താര'മെന്ന ആദ്യചിത്രം. എന്നാൽ, രണ്ടാമത്തെ ചിത്രമായ 'നോട്ട് ബുക്കി'ൽ പുതിയ മുഖങ്ങളെകൊണ്ടായിരുന്നു പരീക്ഷണം. മണ്ണ്, സ്ത്രീ, ജെൻഡർ, ഭക്ഷണം, പ്രണയം തുടങ്ങിയവയുടെ രാഷ്ട്രീയം ചർച്ചചെയ്ത സിനിമകളായിരുന്നു മിക്കതും. സിനിമയിൽ രണ്ട് പതിറ്റാണ്ട് പിന്നിടുന്ന റോഷൻ ആൻഡ്രൂസ് സംസാരിക്കുന്നു-തന്റെ സിനിമകളെപറ്റി, സിനിമാ ലോകത്തിലെ പ്രവണതകളെപറ്റി, സിനിമകളുടെ പ്രതിസന്ധികളെപറ്റി.
എന്താണ് താങ്കളെ സംവിധായകനായി രൂപപ്പെടുത്തിയത്? എന്തായിരുന്നു കുട്ടിക്കാലം?
ഫോർട്ട് കൊച്ചി മൂലംകുഴി നസ്രത്തിലാണ് ഞാൻ ജനിച്ചത്. അപ്പച്ചൻ എൻ.എ. ആൻഡ്രൂസ്, അമ്മ ബേണി ചേട്ടൻ രഞ്ജിത്ത്. ലെറേേട്ടാ ആംേഗ്ലാ ഇന്ത്യൻ യു.പി സ്കൂളിൽ ആയിരുന്നു ആറു വരെ പഠിച്ചത്. 'നല്ല സ്വഭാവം' ആയതുകൊണ്ട് തൃശൂർ സെൻറ് അലോഷ്യസ് ബോർഡിങ് സ്കൂളിലേക്ക് മാറി. ഏഴ്, എട്ട്, ഒമ്പത്, പത്ത് ബോർഡിങ്ങിലായിരുന്നു. വലിയ തറവാടായിരുന്നു ഞങ്ങളുടേത്. ധാരാളം മരങ്ങളും കുളവും അവിടെയുണ്ടായിരുന്നു. കൂട്ടുകാരും സൗഹൃദങ്ങളുമൊക്കെയുള്ള കാലത്ത് നിന്നാണ് ബോർഡിങ്ങിലേക്ക് മാറുന്നത്. ഹോസ്റ്റൽ ആദ്യം ജയിലായിട്ടാണ് കരുതിയത്. പിന്നീട് അത് സെക്കൻഡ് ഹോം ആയി മാറി. സി.എം.െഎ അച്ചന്മാരോടൊപ്പമുള്ള സ്കൂളിലെ കാലമാണ് കലാകാരൻ എന്ന രീതിയിലേക്ക് എന്നെ മാറ്റിയത്. എല്ലാ ആക്ടിവിറ്റികളിലും പെങ്കടുക്കണമെന്ന് നിയമമുണ്ടായിരുന്നു അവിടെ. കായിക മത്സരങ്ങൾക്കൊപ്പം കലാപരിപാടികളിലും പെങ്കടുക്കണം. 140 കുട്ടികളുണ്ടായിരുന്നു അവിടെ. അവർ 140 പ്രദേശത്ത് നിന്നുള്ളവരായിരുന്നു. അതിനാൽ പലതരത്തിലുള്ള ഭാഷകളും കാര്യങ്ങളും അറിഞ്ഞു. പള്ളി, സ്കൂൾ, തൊട്ടടുത്തെ പുഴ എന്നിങ്ങനെ നൊസ്റ്റാൾജിക് ഫീലുള്ള സ്ഥലമായിരുന്നു അത്. പലതരത്തിലുള്ള നാടക ആൾക്കാർ വരും. ഇപ്പോൾ ടെലിവിഷൻ പരിപാടികളിൽ സജീവമായിട്ടുള്ള മനു, ബെന്നി അച്ചൻ തുടങ്ങിയവർ ഉണ്ടായിരുന്നു. ബെന്നി അച്ചൻ പിന്നീട് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി എഡിറ്റിങ് പഠിച്ചു. ചേതന ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഡയറക്ടറുമായി. അദ്ദേഹമാണ് ആദ്യമായിട്ട് നാടകത്തെപ്പറ്റി സംസാരിക്കുന്നത്. അധ്യാപകരും കൂട്ടുകാരും അന്തരീക്ഷവുമൊക്കെയാണ് എന്നെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചത്.
അസിസ്റ്റൻറ് ഡയറക്ടറാകുന്നതിന് മുമ്പുള്ള, അതായത് പഠനകാലത്തൊക്കെയുള്ള സിനിമാ അനുഭവം എന്തൊക്കെയായിരുന്നു?
ബോർഡിങ് വലിയ അനുഭവങ്ങളാണ് തന്നത്. എല്ലാ ശനിയാഴ്ചയും വൈകുന്നേരം മൂന്നിന് അവിടെ സിനിമ പ്രദർശിപ്പിക്കും. അത് നൽകിയ സ്പിരിറ്റ് വലുതായിരുന്നു. അന്ന് സിനിമ കണ്ട് നിരൂപണങ്ങൾ എഴുതും. സിനിമാഭ്രാന്ത് തന്നെയായിരുന്നു അന്ന്. തിരിച്ച് കോളജിലെത്തിയപ്പോഴും സിനിമതന്നെയായിരുന്നു. അന്ന് ഒരു ഗാങ്ങുണ്ടായിരുന്നു. ആൽബർട്സിൽ നിന്ന് അജിത്ത് വരും. ഞങ്ങളൊരുമിച്ചാണ് സിനിമക്ക് പോവുക. 'കാലാപാനി' റിലീസായപ്പോൾ ഞങ്ങൾക്ക് ആദ്യ ഷോയ്ക്ക് തന്നെ ടിക്കറ്റ് എടുത്ത് കയറി കൈയടിക്കണമെന്ന മൈൻഡായിരുന്നു. എങ്ങും ടിക്കറ്റ് കിട്ടാനില്ല. ടിക്കറ്റ് സംഘടിപ്പിക്കാൻ കൊച്ചിൻ കോർപറേഷനിൽ ഒാഫിസിൽ പോയി. അവിടെയാണ് ടിക്കറ്റിന് സീൽ അടിക്കുന്നത്. ഞങ്ങൾ ടിക്കറ്റിന് സീൽ അടിച്ച് കൊടുത്തു. അവരെ സോപ്പിട്ട് അവിടന്ന് കത്ത് വാങ്ങി എറണാകുളം കവിത തിയറ്ററിൽ കൊണ്ട് പോയി നൽകിയാണ് സിനിമ കാണുന്നത്. 'കിഴക്കൻ പത്രോസ്', 'പപ്പയുടെ സ്വന്തം അപ്പൂസ്', 'യോദ്ധ' ഇൗ മൂന്ന് സിനിമകൾ ഒരു ദിവസമാണ് ഞാൻ തിയറ്ററിൽ കണ്ടത്. നൂൺഷോയ്ക്കും മാറ്റിനിക്കും ഫസ്റ്റ്ഷോയ്ക്കും കയറി കണ്ട സിനിമയാണ് 'ബാൻഡിറ്റ് ക്വീൻ'. ചില സിനിമകൾ ഒന്നു രണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട്. പിന്നെ വീട്ടിൽ കാസറ്റ് വാടകക്ക് എടുത്ത് ഭരതൻ, പത്മരാജൻ ഫെസ്റ്റിവലുകൾ നടത്തും. സിനിമാ ഭ്രാന്തനെന്ന് തന്നെയായിരുന്നു നാട്ടിലെ അന്നത്തെ വിളിപ്പേര്. വീട്ടിൽ അപ്പച്ചനും അമ്മയും തന്ന പിന്തുണയും സ്വാതന്ത്ര്യവുമാണ് നമ്മളിങ്ങനെ ഇരിക്കാൻ കാരണം.
സിനിമാ പശ്ചാത്തലം ഒന്നും ഇല്ലാതെ, താങ്കൾ എങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്?
കൊച്ചിൻ കോളജിൽ കോമേഴ്സായിരുന്നു പഠിച്ചിരുന്നത്. അവിടെയും നാടകം ഒപ്പമുണ്ടായിരുന്നു, ബെസ്റ്റ് ആക്ടറായിരുന്നു. രണ്ട് വർഷം നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചു. ആ സമയത്ത് തന്നെ ചന്ദ്രദാസൻ സാറിെൻറ നാടകശാലയിൽ പോയിരുന്നു. ഞായറാഴ്ചകളിൽ അവിടെ നാടക പരിപാടികളുണ്ടായിരുന്നു. നാല് വർഷം അവിടെയായിരുന്നു. അക്കാലത്ത് തിക്കുറിശ്ശി സാർ തുടങ്ങിയ കേരള ഫിലിം അക്കാദമിയിൽ ആക്ടിങ് ആൻഡ് ഡയറക്ഷൻ പഠിപ്പിക്കാൻ കുറച്ച് നാൾ പോയി. അവിടെനിന്നാണ് സഹസംവിധാനത്തിലേക്ക് വരുന്നത്. അപ്പച്ചെൻറ സുഹൃത്തുക്കളായിരുന്ന, 'നിന്നിഷ്ടം എന്നിഷ്ടം' എന്ന സിനിമ നിർമിച്ച, ദിവ്യ ഫിലിംസിെൻറ മാത്യൂസേട്ടനും നടൻ റിയാസ് ഖാെൻറ പിതാവും പറഞ്ഞാണ് വേണു വി. നായരിെൻറ സംവിധാനത്തിൽ റശീദിക്ക നിർമിക്കുന്ന 'മിസിസ് സൂസന്ന വർമ' എന്ന സിനിമയിൽ ഞാൻ സഹസംവിധായകനായി എത്തുന്നത്. കുശ്ബുവായിരുന്നു നായിക. 15 ദിവസമേ ഷൂട്ട് നടന്നുള്ളൂ. പാതിവഴിയിൽ അത് മുടങ്ങി. റശീദിക്ക തന്നെയാണ് എന്നെ ഉദയേട്ടനെയും (ഉദയ്കൃഷ്ണ) ബൈജു കൊട്ടാരക്കരയെയും പരിചയപ്പെടുത്തുന്നത്. ഉദയേട്ടനായിട്ടും വലിയ കമ്പനിയായി. അദ്ദേഹമാണ് 1997ൽ റിലീസ് ചെയ്ത 'ഹിറ്റ്ലർ ബ്രദേഴ്സ്' സംവിധാനം ചെയ്ത സന്ധ്യാമോഹനനെ പരിചയപ്പെടുത്തുന്നത്. അവർക്കൊപ്പം 'അമ്മ അമ്മായിയമ്മ'യിലും ബൈജു കൊട്ടാരക്കരക്കൊപ്പം 'ജയിംസ് ബോണ്ടി'ലും വർക്ക് ചെയ്തു. അസിസ്റ്റൻറ് ഡയറക്ടറാക്കി മാറ്റുന്നതിൽ ഉദയേട്ടന് വലിയ പങ്കുണ്ട്. അത് കഴിഞ്ഞ് ഒന്നൊന്നര വർഷം കഴിഞ്ഞ് കമൽസാറിനൊപ്പമാണ് സിനിമ ആരംഭിക്കുന്നത്. കമൽസാറിെൻറ 'അയാൾ കഥയെഴുതുകയാണ്' എന്ന സിനിമയിലും അതിന് ശേഷം ഷാജി കൈലാസിെൻറ 'നരസിംഹം' എന്ന സിനിമയിലും അസിസ്റ്റൻറായി വർക്ക് ചെയ്തു.
1997ലാണ് മലയാള സിനിമയോട് ചേർന്നുനിൽക്കാൻ തുടങ്ങിയത്. രണ്ട് പതിറ്റാണ്ടായി സിനിമയോടൊപ്പമുണ്ട്. എന്താണ് ഇൗ 20 വർഷത്തിനുള്ളിൽ മലയാള സിനിമയിലുണ്ടായ മാറ്റങ്ങൾ?
മലയാള സിനിമ ബിൽഡ് അപ്പ് ആയിട്ടുണ്ട്. തിരക്കഥാകൃത്തുക്കളുടെ അഭാവം മലയാള സിനിമാലോകത്തുണ്ടായിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സിനിമയുടെ ബേസിക് എന്ന് പറയുന്നത് തിരക്കഥയാണ്. ഞാൻ എന്നും അതിനെയാണ് ബഹുമാനിക്കുന്നത്. സിനിമയെ ഭ്രമിച്ച് തുടങ്ങിയ കാലഘട്ടത്തിൽ എം.ടി. വാസുദേവൻ നായർ, ടി. ദാമോദരൻ, ലോഹിതദാസ്, പത്മരാജൻ, ശ്രീനിവാസൻ, ജോൺപോൾ, കലൂർ ഡെന്നീസ്, ഡെന്നീസ് േജാസഫ്, ബാലചന്ദ്രമേനോൻ, സത്യൻ അന്തിക്കാട് അങ്ങനെ വ്യത്യസ്തരായ തിരക്കഥാകൃത്തുക്കൾ ഉണ്ടായിരുന്നു. എല്ലാവരും വ്യത്യസ്തരായ ഫിലിം റൈറ്റേഴ്സായിരുന്നു. ബാലചന്ദ്രമേനോൻ, ശ്രീനിവാസൻ, സത്യൻ അന്തിക്കാട് തുടങ്ങിയവർ കുടുംബവും ഇടത്തരക്കാരുടെ ജീവിതവുമൊക്കെയായിരുന്നു സിനിമയിലൂടെ പറഞ്ഞത്. ദാമോദരൻ മാഷും ഡെന്നീസ് ജോസഫുമൊക്കെ വേറൊരു തരത്തിലുള്ള സിനിമയായിരുന്നു പറഞ്ഞിരുന്നത്. പത്മരാജനും എം.ടിയും മറ്റൊരു തരം സിനിമ പറഞ്ഞു. അങ്ങനെ പലരും പലതരത്തിലുള്ള സിനിമകളാണ് പറഞ്ഞത്. ഇങ്ങനെ മിക്സ് ഒാഫ് തോട്ട്സിൽ നിന്ന് മിക്സ് ഒാഫ് സിനിമകളാണ് വന്നിരുന്നത്്. ആ വ്യത്യസ്തത ഇന്ന് ഉണ്ടോ എന്ന് ചോദിച്ചാൽ, എനിക്ക് അറിയാൻ പാടില്ല. അത്തരത്തിലുള്ള വ്യത്യസ്തരായ കഥാകൃത്തുക്കളും വ്യത്യസ്തരായ സംവിധായകരും മലയാളത്തിലുണ്ടായിരുന്നതുകൊണ്ടാണ് മമ്മൂട്ടിയും മോഹൻലാലും ജയറാമും സുരേഷ് ഗോപിയുമൊക്കെ വർഷങ്ങളോളം നിന്നത്. അവർ മലയാളസിനിമയിൽ നിന്നതിെൻറ കാരണം ഇതുതന്നെയായിരിക്കാം. ഇന്നിവിടേക്ക് വന്നാൽ റൈറ്റേഴ്സിെൻറ അഭാവം ഭയങ്കരമായിട്ടുണ്ട്. ഒരു ബോബി സഞ്ജയും ശ്യാം പുഷ്കരനും അല്ലെങ്കിൽ മുരളീഗോപിയോ നവീൻ ഭാസ്കറോ ആണ് ഉള്ളത്. പിന്നെ ആരൊക്കെ ഉണ്ട്? നമുക്ക് തിരക്കഥാകൃത്തുക്കൾ എന്ന് പറയാൻപറ്റുന്നവർ ആരൊക്കെയുണ്ട്? മാക്സിമം നമുക്ക് പറയാൻ പറ്റിയാൽ ഒരു മൂന്നോ നാലോ പേരെയുള്ളൂ. ആ നാല് പേര് തന്നെ എങ്ങനെയാണെന്ന് നമുക്ക് അറിയാൻ പാടില്ല. അത് വലിയ പ്രശ്നമായിട്ട് തോന്നുന്നു. സ്ക്രീൻ റൈറ്റേഴ്സിെൻറ അഭാവം ഭീകരമാണ് എന്നാണ് എനിക്ക് തോന്നിയ ഒരു പ്രശ്നം. രണ്ട്, സാേങ്കതികപരമായിട്ട് സിനിമ വികസിച്ചിട്ടുണ്ട്. ശബ്ദത്തിലായാലും വിഷ്വലിലായാലും ടെക്നിക്കലായിട്ടായാലും സിനിമയെ സമീപിക്കുന്ന രീതിയിലായാലും വളർച്ചയുണ്ടായിട്ടുണ്ട്, അതിൽ സംശയമില്ല. കൂടുതൽ വിഷ്വൽ ഇംപാക്ട് വന്നു. സാേങ്കതികപരമായി വികസിച്ചിട്ടുണ്ടെങ്കിലും കണ്ടൻറ്പരമായി താഴേക്ക് തന്നെയാണ് പോയേക്കുന്നത്. നല്ല കഴിവുള്ള ആക്ടേഴ്സ് വരാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ കാണുന്നത് മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തിരക്കഥാകൃത്തുക്കളുടെ അഭാവംതന്നെയാണ്.
പ്രമേയത്തിലുണ്ടായ മാറ്റത്തെ കുറിച്ച്?
കെ.ജി. ജോർജ് സാറിെൻറ സിനിമയെടുത്താൽ, അല്ലെങ്കിൽ പത്മരാജൻ സാറിെൻറ സിനിമയെടുത്താൽ തന്നെ അന്നും അവർ ന്യൂജെൻ സിനിമകളാണ് എടുത്തിരുന്നത്. എല്ലാതരത്തിലുള്ള സിനിമകളും അന്നുണ്ടായിട്ടുണ്ട്. നമ്മൾ ഞെട്ടിപ്പോകുന്ന സിനിമകളും ബോൾഡായിട്ട് പറയുന്ന സിനിമകളും അന്നും ഉണ്ടായിട്ടുണ്ട്. ഇന്ന് മാത്രമല്ല, അന്നും ഗംഭീരമായ ശ്രമം ഉണ്ടായിട്ടുണ്ട്. 'പഞ്ചവടിപ്പാലം' എന്ന സിനിമ കണ്ടിട്ട് പൊട്ടിച്ചിരിക്കുന്നു. അതേസമയം 'ആദാമിെൻറ വാരിയെല്ലും' തൊട്ടപ്പുറത്ത് 'രണ്ട് പെൺകുട്ടികളും' വരുന്നു. അപ്പോൾതന്നെ പത്മരാജൻ സാറിെൻറ വേറൊരു സിനിമ വരുന്നു. പലതരത്തിലുള്ള പ്രമേയങ്ങൾ പറയുന്ന സിനിമകൾ അന്നും ഉണ്ടായിട്ടുണ്ട്. മുംബൈ പൊലീസിൽ ഗേയുടെ കാര്യം പറഞ്ഞപ്പോൾ ഭയങ്കര പുതുമയെന്നായിരുന്നു. അന്ന് ലെസ്ബിയനുകളുടെ ജീവിതം ഇവിടെ മലയാളത്തിൽ പറഞ്ഞിട്ടുണ്ട്. അതുപോലെ പല കാര്യങ്ങളും മലയാള സിനിമ പറഞ്ഞിട്ടുണ്ട്. 'ലോറി' എന്ന സിനിമ കണ്ട് മലയാളി ഞെട്ടിയിട്ടുണ്ട്. 'വൈശാലി', ' ഒരു വടക്കൻ വീരഗാഥ' അത്തരം സിനിമകളും ഇവിടെയുണ്ടായിട്ടുണ്ട്. ഇതിനെല്ലാമപ്പുറം പറയേണ്ടത്, 'പടയോട്ടം', 'മൈ ഡിയർ കുട്ടിച്ചാത്തൻ' എന്നിവയെടുത്ത ജിജോ എന്ന ഫിലിംമേക്കറുണ്ട്. കുറച്ച് സിനിമകളെടുത്ത ശേഷം അദ്ദേഹം മലയാള സിനിമയിൽനിന്ന് വിട്ടുപോയി. അദ്ദേഹത്തെ ഇന്ത്യൻ സ്പിൽസ്ബർഗ് എന്ന് വേണേൽ പറയാം. 'മൈ ഡിയർ കുട്ടിച്ചാത്ത'നെ കുറിച്ച് ആലോചിച്ച് നോക്കിയേ? ഒരു മലയാളി ചിന്തിച്ച് ഉണ്ടാക്കിയ ഒരു സിനിമയാണത്. 'പടയോട്ടം' ഇന്നും ഞെട്ടിക്കുന്ന ഒരു സിനിമയാണ്. അത് എങ്ങനെ ഉണ്ടായെന്ന് ഇപ്പോഴും ആലോചിക്കാറുണ്ട്. മലയാളത്തിൽ അത്ഭുതകരമായ സിനിമകൾ ഉണ്ടാക്കിയ ആളുകളുണ്ട്. 'വടക്കൻ വീരഗാഥ', 'വൈശാലി', 'പെരുന്തച്ചൻ', 'ആവനാഴി', 'ന്യൂഡൽഹി', 'നായർ സാബ്', 'ഇൻസ്പെക്ടർ ബൽറാം', 'സന്മനസ്സുള്ളവർക്ക് സമാധാനം', 'സന്ദേശം' ഇങ്ങനെ വൈവിധ്യങ്ങളായ സിനിമകളായിരുന്നു അന്ന് തിയറ്ററിലെത്തിയിരുന്നത്.
'ഉദയനാണ് താര'ത്തിലെ ഉദയനിൽ സിനിമ മാത്രം സ്വപ്നം കണ്ടു ജീവിക്കുന്ന കഥാപാത്രത്തിൽ എത്രത്തോളമാണ് താങ്കളുടെ സ്വന്തം അനുഭവം ഉള്ളത്? അത് ഉദയനും (മോഹൻലാൽ ) രാജപ്പനും സരോജ്കുമാറുമൊക്കെ (ശ്രീനിവാസൻ) മലയാള സിനിമ ഇൻഡസ്ട്രിയുടെ ഭാഗമായുള്ളവരാണോ?
'ഉദയനാണ് താര'ത്തിൽ ഞാനുണ്ട്. ഒരു സിനിമ സ്വപ്നം കാണുന്ന എല്ലാ മനുഷ്യെൻറയും പെയിൻ ഉണ്ട് അതിൽ. ആ വേദനയാണ് ആ സിനിമയുടെ വികാരം.13 വർഷം കഴിഞ്ഞിട്ടും ആ സിനിമ നിൽക്കുന്നുണ്ടെങ്കിൽ ആ വികാരം കറക്ടാണ് എന്നാണ് തെളിയിക്കുന്നത്. ഇന്നും ഉദയഭാനുമാർ കേരളത്തിലുണ്ട്. ഇനിയും ഉണ്ടാകും അവർ. രാജപ്പനുമുണ്ടാകാം. രാജപ്പൻ കുറവാണെന്നാണ് എനിക്ക് തോന്നുന്നത്. ടോട്ടൽ സിനിമയുടെ, ആൾക്കാരുടെ മനോഭാവവും അവരുടെ കാര്യങ്ങളെ പറ്റിയുള്ള കാരിക്കേച്ചറായിട്ടാണ് രാജപ്പനെ അവതരിപ്പിച്ചത്.
മലയാളസിനിമയുടെ ഇൻഡസ്ട്രിയിലേക്ക് തുറന്ന് വെച്ച കാമറയായിരുന്നു ആ സിനിമ എന്നു പറയാം. അതിൽ അഭിനയിച്ചവരെ പറ്റിയാണ് സിനിമ പറയുന്നത് എന്നൊക്കെ തരത്തിലുള്ള അഭിപ്രായങ്ങൾ വന്നിരുന്നു. അത്തരം അഭിപ്രായങ്ങളോട് താങ്കൾക്ക് എന്താണ് പറയാനുള്ളത്. സൂപ്പർ താരങ്ങളുടെ പേരിലാണ് വിമർശനങ്ങളൊക്കെ വന്നത്?
അത്തരം അഭിപ്രായങ്ങൾ ഇന്നും പറയുന്നുണ്ട്. ശരിക്കും അങ്ങനെയൊരു സംഭവമില്ല. കാരണം തിരക്കഥ വായിച്ചത് മോഹൻലാലാണ്. ലാലേട്ടന് വേണമെങ്കിൽ ആ സിനിമ വേണ്ടെന്ന് വെക്കാമായിരുന്നല്ലോ. ഇന്ത്യ ഏറ്റവും കൂടുതൽ സ്വീകരിച്ച സിനിമയായിരുന്നു അത്. മോഹൻലാൽ എന്ന വ്യക്തിയെ കുറിച്ച് അതിൽ പറഞ്ഞിെട്ടാന്നുമില്ല. ആൻറണിചേട്ടനെ പറ്റിയും പറഞ്ഞിട്ടില്ല. ആൾക്കാർ പറഞ്ഞുണ്ടാക്കിയതിൽ നിന്നായിരിക്കാം അങ്ങനെ തോന്നിയത്. സരോജ്കുമാർ എല്ലാവരിലും ഉള്ള ഒരു സരോജ്കുമാറാണ്. സൺ ഗ്ലാസിനെ കുറിച്ച് പറഞ്ഞത് മമ്മൂട്ടിയെ പറ്റിയാണെന്നാണ് ചിലർ പറഞ്ഞത്. അങ്ങനെ പലരെയും പറ്റി പറഞ്ഞു. കംപ്ലീറ്റ് ആളുകളുടെ മിശ്രിതമായ ഒരു വ്യക്തിയായിട്ടാണ് സരോജ്കുമാറിനെ അവതരിപ്പിച്ചിരിക്കുന്നത്. ആ സിനിമ ഉറപ്പായിട്ടും ഒരാളെ പറ്റിയല്ല. ഞാൻ അത്തരമൊരു രീതിയിൽ സിനിമ എടുക്കുകയും ഇല്ല. നവാഗതനായ എന്നെ സംബന്ധിച്ച് ഏറ്റവും രസകരമായി ഒരു സിനിമയുടെ കഥ പറയുക, ഒരു സിനിമ ഏറ്റവും ഭംഗിയായിട്ട് എങ്ങനെ പറയാൻ പറ്റുന്നോ, അത് പറയുക എന്നത് മാത്രമായിരുന്നു മനസ്സിൽ. ആ സിനിമക്ക് ശേഷം പലരും എന്നോട് പല അഭിപ്രായവും പറഞ്ഞിരുന്നു. എനിക്ക് തോന്നുന്നത്, മോഹൻലാലിനെയും സുരേഷ്ഗോപിയെയും മമ്മൂട്ടിയെയും പലരും മിമിക്രികാണിക്കുന്നു, അതിെൻറ പേരിൽ അവർക്ക് മിമിക്രികാണിക്കുന്നവരോട് ദേഷ്യം തോന്നാറില്ല. ഒരാൾ ഒരാളെ പറ്റിയുള്ള പിക്ചർ വരക്കുന്നു, മുഖം കണ്ടപ്പോൾ അയ്യാളല്ല ഞാനെന്ന് പറയാൻ പറ്റുമോ? കാരിക്കേച്ചേഴ്സ് ആണ്, കാരിക്കേച്ചേഴ്സിെൻറ രീതിയിലാണ് അത് പ്രസൻറ് ചെയ്തിരിക്കുന്നത്.
മോഹൻലാലടക്കമുള്ളവരുടെ പിന്നീടുള്ള പ്രതികരണം? അതിനെ പറ്റി എന്തെങ്കിലും പറഞ്ഞിരുന്നോ?
ഒന്നുമില്ല, അങ്ങനെയാണെങ്കിൽ അദ്ദേഹം എെൻറ അടുത്ത സിനിമ െചയ്യില്ലല്ലോ, ആ സിനിമ ഇറങ്ങിയ ശേഷം എന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചതും പിന്തുണച്ചതും അദ്ദേഹമാണ്.
1997ൽ ഇറങ്ങിയ 'ഹിറ്റ്ലർ ബ്രദേഴ്സ്' ആയിരുന്നു താങ്കൾ അസിസ്റ്റ് ചെയ്ത ആദ്യ സിനിമ, അസിസ്റ്റൻറ് ഡയറക്ടറായിട്ട്. എട്ട് വർഷം കഴിഞ്ഞാണ് 'ഉദയനാണ് താരം' വരുന്നത്. താങ്കൾക്ക് ഉദയെൻറ അനുഭവം ഉണ്ടായിട്ടുണ്ടോ?
എെൻറ രണ്ട് മൂന്ന് കഥകൾ ഭംഗിയായി മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആരാണെന്ന് പറയുന്നില്ല. ഇന്നും മോഷ്ടിക്കപ്പെടുന്നുണ്ട്. എെൻറ ഉള്ളിലുള്ള കഥ പലരോടും പറയുന്ന ഒരാളാണ് ഞാൻ. അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വേദന ഉണ്ടായിട്ടുണ്ട്, ഇഷ്യൂ ഉണ്ടായിട്ടുണ്ട്. സിനിമ നടക്കാൻ പറ്റാത്തതിെൻറ പ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ട്. എട്ട്^പത്ത് നിർമാതാക്കൾ വേണ്ടെന്ന് വെച്ച സിനിമയാണ് 'ഉദയനാണ് താരം'. കരച്ചിലുണ്ടായിട്ടുണ്ട്. അലഞ്ഞിട്ടുണ്ട്. ശ്രീനിയേട്ടനോട് ഒരു വൺലൈനാണ് ഞാൻ പറഞ്ഞത്. ആ ചിന്തയെ പുള്ളിക്ക് ഇഷ്ടമായി. അത് തിരക്കഥയായി അദ്ദേഹത്തിെൻറ കൈയിൽനിന്ന് കിട്ടാൻ നാല് വർഷം അലഞ്ഞു. പിന്നെ പ്രൊഡ്യൂസറായി കാൾട്ടൺ കരുണാകരൻ വന്നു. ഇതിനിടയിൽ ഒന്നു രണ്ടു തവണ നടന്മാർ മാറി മറിഞ്ഞു. ആദ്യം ലാലേട്ടനെയായിരുന്നു നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിെൻറ ഡേറ്റിെൻറ പ്രശ്നം വന്നതോടെ ജയറാമേട്ടനെ ഫിക്സ് ചെയ്തു. അദ്ദേഹത്തിന് അഡാൻസും കൊടുത്തു, അദ്ദേഹവും പോയി. അവസാനം ലാലേട്ടനിലേക്ക് തന്നെയെത്തി. ആ സിനിമയിൽ ആരൊക്കെ ചെയ്യണമെന്ന് ഒരു വിധി നേരത്തേ വന്നിട്ടുണ്ട്. അതുപോലെ സംഭവിച്ചു.
ലോഹിതദാസ് എന്ന സംവിധായകനെ ആ സിനിമയിൽ അഭിനേതാവായി ഉൾപ്പെടുത്തുന്നതിന് പിന്നിൽ എന്തായിരുന്നു?
ബാലചന്ദ്രമേനോനെ ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, അദ്ദേഹം വന്നില്ല. പിന്നെ ഫാസിൽ സാറിനെ ആലോചിച്ചിരുന്നു. പിന്നെയാണ് ലോഹിസാറിലേക്ക് വന്നത്. ആ ഡയലോഗ് അതുപോലൊരു ഫിലിം ഡയറക്ടർ പറയണമെന്ന് തോന്നി. ഫാസിൽ സാറായിരുന്നു എെൻറ മനസ്സിൽ ആദ്യമുണ്ടായിരുന്നത്. ഞാൻ വളരെയധികം ആദരിക്കുന്ന സംവിധായകനും തിരക്കഥാകൃത്തുമാണ് ഫാസിൽ സാർ. നല്ലൊരു അഭിനേതാവുംകൂടിയാണ്. 'നോക്കെത്താദൂരത്ത് കണ്ണുംനട്ടി'ലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഞാൻ ചെയ്താൽ ശരിയാവില്ല എന്ന രീതിയിൽ അദ്ദേഹം പറഞ്ഞപ്പോഴാണ് പിന്നെ ലോഹിസാറിലേക്ക് എത്തുന്നത്. സാർ വന്ന് ചെയ്യാമെന്ന് പറഞ്ഞ് അഭിനയിക്കുകയായിരുന്നു.
ശ്രീനിവാസനൊപ്പമാണ് 'ഉദയനാണ് താരം' ചെയ്തത്, അതിലെ കഥാപാത്രത്തിെൻറ പേരിലിറങ്ങിയ 'പദ്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ' സിനിമയിൽ എന്തുകൊണ്ടാണ് താങ്കളുണ്ടാകാതിരുന്നത്?
ഒരു ബന്ധവുമില്ല എനിക്ക്, അങ്ങനെയൊരു രണ്ടാം ഭാഗം ചെയ്യുന്നതിനോട് എതിർപ്പ് തന്നെയായിരുന്നു. എനിക്ക് ഒരു െഎഡിയയുണ്ടായിരുന്നു, അത് തികച്ചും വേറൊരു രീതിയിലായിരുന്നു. അതിന് മുെമ്പ ശ്രീനിയേട്ടൻ ഒരാൾക്ക് വാക്ക് കൊടുത്ത് പോയി. ശ്രീനിയേട്ടൻ എന്നോട് ചോദിച്ചിട്ടാണ് ചെയ്തത്. ഞാൻ ചെയ്തോളാനും പറഞ്ഞു. അതിെൻറ കഥാപരമായിേട്ടാ തിരക്കഥാപരമായിേട്ടാ ആ സിനിമയുമായിേട്ടാ ഞാനൊഴികെ ബാക്കി എല്ലാവരുമുണ്ട് ആ സിനിമയിൽ. 'ഉദയനാണ് താര'ത്തിലെ റൈറ്ററുണ്ട്, കാമറാമാനുണ്ട്, മ്യൂസിക് റൈറ്ററുണ്ട്, സകല ടീമുമുണ്ട്. റോഷൻ ആൻഡ്രൂസ് എന്ന വ്യക്തി ഒഴിെക എല്ലാവരും കൂടി ചെയ്ത സിനിമയാണ്. അപ്പോൾ അതിെൻറ രണ്ടിെൻറയും ഡിഫറൻസുമുണ്ട് അതിെൻറ ഉള്ളിൽ. (ചിരിക്കുന്നു) ആ സിനിമ എന്താെണന്നുള്ള കാര്യം നമുക്ക് അറിയാം.
ആ സിനിമ കണ്ടിരുന്നോ, എന്താണ് അഭിപ്രായം?
ഞാൻ കണ്ടില്ല ആ സിനിമ, കാണാനുള്ള ശക്തിയുമില്ലായിരുന്നു. ആ സിനിമ കാണണമെന്നും തോന്നിയില്ല. എനിക്ക് അങ്ങനെ താൽപര്യമില്ലായിരുന്നു കാണാൻ.
ഗർഭവും ആർത്തവവും ഉറക്കെ പറയാൻ മടിച്ചിരുന്ന ഒരു കാലത്താണ് പുതുമുഖ താരങ്ങളുമായി താങ്കൾ 'നോട്ട് ബുക്ക്' എന്ന സിനിമയുമായി വരുന്നത്. കുട്ടികളുടെ കാരക്ടർ ഫോർമേഷൻ, മാതാപിതാക്കളുടെ അവഗണന, ബോർഡിങ് കൾചർ എന്നിങ്ങനെ നിരവധി പ്രമേയങ്ങളാണ് ആ സിനിമ ചർച്ച ചെയ്തത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു പ്രമേയവുമായി റിസ്ക്കെടുക്കാൻ അക്കാലത്ത് തയാറായത്?
ആ സിനിമ പറയാനുള്ള രീതിയിൽ പറഞ്ഞുവെന്ന് തന്നെ പറയാം ഒരു തരത്തിൽ. അങ്ങനെെയാരു സിനിമ ചെയ്യാനുള്ള ധൈര്യവും ധൈര്യക്കുറവൊന്നുമില്ലായിരുന്നു. മലയാള സിനിമയിലെ സ്റ്റാർസിനെ വെച്ചാണ് 'ഉദയനാണ് താരം' ചെയ്തത്. അടുത്ത പടം വിത്തൗട്ട് സ്റ്റാർസിനെ വെച്ച് ചെയ്യണമെന്ന ഒരു ചിന്ത വന്നു. അതുകൊണ്ട് അടുത്ത സിനിമ പ്രൂവ് ചെയ്യെട്ടന്ന് പലരും പറയാൻ തുടങ്ങി. ഇദ്ദേഹം ഇത്രയും നടന്മാെരയൊക്കെ വെച്ചല്ലേ ചെയ്തേ. ഇനി ഒരു നടനുമില്ലാതെ ചെയ്ത് കാണിക്കേട്ടയെന്ന് പലരും പലരോടും പറഞ്ഞു. അങ്ങനെയാണ് ബോബി - സഞ്ജയ് ഇങ്ങനെയൊരു െഎഡിയ വന്ന് പറയുന്നത്. ആ കഥക്ക് ആവശ്യമുള്ളതുകൊണ്ടാണ് ഞങ്ങൾ ആ സിനിമയുണ്ടാക്കിയത്. ശരിക്കും പറഞ്ഞാൽ പിന്നീട് ഇത് ചർച്ചയാകുമെന്നൊന്നും അറിയില്ലായിരുന്നു. ചെയ്തതിന് ശേഷമാണ് ബോൾഡായിട്ട് ഇൗ സബ്ജക്ട് പറഞ്ഞുവെന്ന് മാധ്യങ്ങളടക്കം പറയുന്നത്.
താരങ്ങളായിരുന്നു 'ഉദയനാണ് താര'ത്തിൽ. എന്നാൽ രണ്ടാമത്തെ സിനിമയിൽ എല്ലാവരും പുതുമുഖങ്ങൾ. അതൊരു വെല്ലുവിളിയായിരുന്നില്ലേ?
'ഉദയനാണ് താരം' ഉണ്ടായതുകൊണ്ടാണ് 'നോട്ട് ബുക്ക്' ഉണ്ടായത്. പ്രിയൻ സാർ (പ്രിയദർശൻ) രണ്ടു മൂന്നു മാസം മുമ്പ് എന്നെ വിളിച്ചിട്ട് ഞാൻ 'നോട്ട് ബുക്ക്' വീണ്ടും കണ്ടെടാ എന്ന് പറഞ്ഞു. (ഞാൻ 'ഉദയനാണ് താരം' തുടങ്ങുന്നതുതന്നെ ''ഒാം പ്രിയദർശനായ നമഃ'' എന്നൊക്കെ പറഞ്ഞാണ് തുടങ്ങിയതെന്നോർക്കണം.) ഇത്ര വർഷം കഴിഞ്ഞിട്ട് ആ ഫിലിംമേക്കർ ഇങ്ങോട്ട് പറയുകയാണ് ഇറ്റ്സ് ഫെൻറാസ്റ്റിക് ഫിലിം. അത് ഭയങ്കര സന്തോഷം നൽകുന്ന അനുഭവമാണ്. അതിൽ വന്ന പാർവതി, റോമ, മറിയ ഇവരൊക്കെ പിന്നീട് മലയാളത്തിലെ മികച്ച നടിമാരായി മാറി. ഗോപി സുന്ദർ, മെജോ ജോസഫ് എന്നീ മ്യുസിഷ്യന്മാർ വന്നു. അങ്ങനെ ഒരുപാട് ന്യൂ കമേഴ്സിന് അവസരം കൊടുത്ത സിനിമകൂടിയാണത്. എൻജോയ് ചെയ്താണ് ആ സിനിമ ഞാൻ മേക്ക് ചെയ്തത്. ഒപ്പം വേറിട്ടിട്ടുള്ള ഒരു സബ്ജക്ട്, നമുക്ക് മലയാളത്തിൽ ഇതും പറയാൻ പറ്റും എന്ന് ബോധ്യപ്പെടുത്തി. അന്നത്തെ കാലത്തെ മലയാളത്തിലെ ഏറ്റവും ന്യൂജെൻ സിനിമ എന്ന് അതിനെ പറയാം. പിന്നീട് പല സിനിമകൾ വന്നിട്ടുണ്ടെങ്കിലും 2007ലാണ് ഇത്തരത്തിലുള്ള ഒരു സിനിമ വരുന്നത്. എന്നാൽ ഇതാണ് ന്യൂജെൻ സിനിമ എന്ന് അവകാശപ്പെടാൻ ഞങ്ങൾ തയാറായില്ല. കാരണം ഇതിനപ്പുറത്തെ കാര്യങ്ങൾ പറഞ്ഞവരാണ് കെ.ജി. ജോർജും പത്മരാജനും ഭരതനുമൊക്കെ. അതുകൊണ്ട് തന്നെയാണ് ആ സിനിമയെ അങ്ങനെയൊരു പേരിട്ട് വിളിക്കാൻ പോകാതിരുന്നത്. ഞങ്ങൾ കഥ പറയാൻ ശ്രമിച്ചു. അത്രയേ ഉണ്ടായിട്ടുള്ളൂ.
'നോട്ട് ബുക്കി'ലൂടെ വന്ന പാർവതിയെയും ഇപ്പോഴത്തെ പാർവതിയെയും എങ്ങനെ വിലയിരുത്തുന്നു?
അന്നും പറയാനുള്ളത് പറയുന്ന, അതിന് കരുത്തുള്ള ഒരു പെൺകുട്ടിയായിരുന്നു പാർവതി. വളരെ ടാലൻറഡായ, കലാപരമായ കഴിവുകൾ ദൈവം കനിഞ്ഞ് നൽകിയിട്ടുള്ള പെൺകുട്ടിയാണ് പാർവതി. ജീവിതത്തിനോട് അവളുടേതായ കാഴ്ചപ്പാട് അന്നേയുള്ളവൾ. നന്നായിട്ട് വായിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്ന പെൺകുട്ടിയാണ്. അന്നും ആ പെൺകുട്ടിയുടെ പെർഫോമൻസ് നമുക്ക് അറിയാം, 'നോട്ട് ബുക്കി'ൽ പ്രേത്യക രീതിയിൽ അഭിനയിക്കേണ്ട വേഷമായിരുന്നു പൂജ എന്ന കഥാപാത്രത്തിനുള്ളത്. അന്ന് ആ സിനിമ കഴിഞ്ഞ ശേഷം, അവരുടെ കൾചറും, അവർ വായിക്കുന്ന പുസ്തകങ്ങളും അവരെ മാറ്റുന്നതും ഇൗ സൊസൈറ്റിയാണ്. അങ്ങനെ മാറിയിട്ടുള്ള സമൂഹത്തിൽനിന്ന് അവരായി ജനിച്ച ഒരു മനോഭാവം ഉണ്ടാകും. ആ മനോഭാവത്തിൽ അവർ പറയുന്ന അഭിപ്രായമാണത്. അത് അവരുടെ മാത്രം അഭിപ്രായമാണ്. ശരിയാവുകയും ശരിയാവാതിരിക്കുകയും ചെയ്യാം. എന്നെ സംബന്ധിച്ചിടത്തോളം ഒാരോ വ്യക്തിയും വളരുന്നത് അവരുടെ വായനയും സുഹൃദ്വലയവും ഒക്കെവെച്ചാണ്. ആ വളർച്ചയിൽ എത്തിക്കഴിയുേമ്പാൾ ആ സമയത്ത് അവർക്ക് പറയേണ്ട കാര്യങ്ങൾ അവർ പറയുന്നു. അതിൽ പലകാര്യങ്ങളോടും യോജിപ്പും വിയോജിപ്പുമുണ്ടാകാം. കുറഞ്ഞപക്ഷം അവർ എന്തെങ്കിലും പറയാൻ ശ്രമിക്കുന്നുണ്ടല്ലോ. ഒന്നും മിണ്ടാതിരിക്കുന്നില്ലേല്ലാ, അവരുടേതായ രീതിയിലുള്ള ശബ്ദങ്ങൾ ഉയർത്തുന്നുണ്ട്. അതിനോട് ബഹുമാനമുണ്ട്.
മൂന്നുവർഷത്തെ ഇടവേളക്ക് ശേഷമാണ് 'ഇവിടം സ്വർഗ്ഗമാണ്' (2009ൽ) ചെയ്യുന്നത്. എന്തുകൊണ്ടാണ് അങ്ങനെയൊരു കാലദൈർഘ്യം സംഭവിച്ചത്?
ഭാര്യ ആൻസി, ഗർഭിണിയായിരുന്നു. 'നോട്ട് ബുക്ക്' റിലീസ് ചെയ്ത സമയത്താണ് മകൾ ആഞ്ജലീന ജനിക്കുന്നത്. അവർക്കൊപ്പം നിൽക്കണമെന്ന് തീരുമാനിച്ചതുകൊണ്ടാണ് ഒരു ഗ്യാപ് എടുത്തത്.
വിഷം ചേരാത്ത പച്ചക്കറികളും ശുദ്ധമായ പാലുമൊക്കെയായി ഒരു കർഷകെൻറ ജീവിതത്തിലൂടെ മണ്ണിെൻറ രാഷ്ട്രീയം പറഞ്ഞ സിനിമകൂടിയായിരുന്നു അത്. റിയൽ എസ്റ്റേറ്റ് മാഫിയകൾക്കെതിരെ അത്തരം രാഷ്ട്രീയം പറഞ്ഞത് എന്തുകൊണ്ടായിരുന്നു?
ഇൗ വീടും സ്ഥലവും വിൽപനക്കുള്ളതല്ല, എന്ന് പറഞ്ഞ് ഒരു ബോർഡ് ഒരാൾ എറണാകുളത്ത് സ്വന്തം പറമ്പിൽ കുത്തിവെച്ചു. വിൽക്കുന്നില്ല എന്ന് പറഞ്ഞിട്ടും ബ്രോക്കർമാർ അയാളുടെ വീട് കയറിയിറങ്ങുകയാണ്. ജയിംസ് ആൽബർട്ടിനോട് ഇതിനെ പറ്റി സംസാരിക്കുകയും അതിെൻറ പിന്നാലെ അന്വേഷിച്ചപ്പോഴാണ് റിയൽ എസ്റ്റേറ്റ് മാഫിയയിേലക്ക് എത്തുന്നത്. 'ഇവിടം സ്വർഗ്ഗമാണ്' എന്ന ടൈറ്റിൽ ഞാൻ അഭിനയിച്ച് ബെസ്റ്റ് ആക്ടറിനുള്ള അവാർഡ് കിട്ടിയ നാടകമാണ്. റിയൽ എസ്റ്റേറ്റ് ബൂമിെൻറ കാലത്തുതന്നെയാണ് അങ്ങനെയൊരു പ്രമേയമൊരുക്കിയത്.
18ാം വയസ്സിൽ വീട് പോലും നഷ്ടപ്പെട്ടയാളാണ് താങ്കൾ. 'ഇവിടം സ്വർഗ്ഗമാണ്' ജീവിതമാണോ?
'ഇവിടം സ്വർഗ്ഗമാണ്' എന്നതിൽ എെൻറ ജീവിതം പറയുന്നുണ്ട്. അപ്പച്ചനൊരു വർക്ഷോപ്പുണ്ടായിരുന്നു. കെ.എഫ്.സിയിൽ നിന്ന് വായ്പയെടുത്ത് തുടങ്ങിയതായിരുന്നു. കമ്പനി ലേ ഒാഫ് ആയി.15 ജീവനക്കാരുണ്ടായിരുന്നു. ശമ്പളം കൂട്ടി നൽകണമെന്നാവശ്യപ്പെട്ട് അവർ സമരം തുടങ്ങിയിരുന്നു. ഇതോടെ വായ്പ അടയ്ക്കാൻ പറ്റാതെയായി. പലിശയും മുതലും മുടങ്ങി. വീടിെൻറ ആധാരം വെച്ചാണ് വായ്പ എടുത്തത്. ൈമസൂർ ബാങ്ക് വന്ന് വീട് ജപ്തി ചെയ്തു. കമ്പനി കെ.എഫ്.സിയും കൊണ്ടുപോയി. േലലത്തിന് വെച്ചു കടം പിടിച്ചതിന് ശേഷം ഒന്നരലക്ഷം രൂപ കിട്ടി. അതുംകൊണ്ടാണ് വാടകക്ക് താമസിക്കാൻ പോകുന്നത്. സ്വന്തം വീട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമമേ ആയിട്ടുള്ളൂ. 'ഉദയനാണ് താരം', 'നോട്ട് ബുക്ക്', 'ഇവിടം സ്വർഗ്ഗമാണ്', 'കാസനോവ' വരെ വാടക വീട്ടിലായിരുന്നു താമസം. അത് കഴിഞ്ഞിട്ടാണ് ഇവിടേക്ക് വരുന്നത്. സിനിമകൾ ചെയ്തുതന്നെയാണ്, കടം വീട്ടിയാണ് ഇപ്പോൾ പിടിച്ച് നിൽക്കുന്നത്.
മലയാള സിനിമയിലെ വലിയ ബജറ്റിൽ എടുത്ത സിനിമയായിരുന്നു 'കാസനോവ'. അത് താങ്കൾക്ക് നൽകിയ പാഠം എന്തായിരുന്നു?
'കാസനോവ' വൻ പരാജയമായിരുന്നു. ആ സിനിമയിലൂടെ ഞങ്ങൾ ഉദ്ദേശിച്ചത് പ്രണയമൊരാളുടെ ക്രൈമിനെ ഉണർത്തുമെന്ന പ്രമേയമായിരുന്നു. അത് വർക്ക് ഒൗട്ട് ആയില്ല. തിരക്കഥയിലും മേക്കിങ്ങിലും വർക്ക് ഒൗട്ടായില്ല. അതാണ് പരാജയത്തിെൻറ ഒരു കാരണം. ആ സിനിമ ആദ്യം പറയാൻ പോയത് േകരളത്തിലേക്ക് വിജയ് മല്യയെ പോലൊരു വ്യക്തി വരുന്നതും. അതുവഴി കേരളത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ഹ്യൂമർ ലെവലിൽ അഡ്രസ് ചെയ്യാനായിരുന്നു ശ്രമിച്ചത്. ആ സിനിമക്ക് ദുബൈ പ്രൊഡ്യൂസർ വന്നു. തുടർന്ന് മറ്റ് പല ഒത്തുതീർപ്പുകളും ചെയ്യേണ്ടിവന്നു. അങ്ങനെ അത് ദുബൈയിലേക്ക് പോയി. പല പല കാര്യങ്ങൾ അതിലേക്ക് കയറി വന്നു. അതുവരെ കൊണ്ടുവന്ന ഒരു മനോഭാവവും ബോൾഡായ തീരുമാനങ്ങളും ഇത്രയും സാധനങ്ങൾ കയറി വന്നപ്പോൾ ചെയ്തില്ല. അതാണ് പഠിച്ച ആദ്യത്തെ പാഠം. നമ്മൾ ഇഷ്ടപ്പെട്ട രീതിയിൽ സിനിമ ചെയ്യുക എന്ന പാഠം. തിരക്കഥയാണ് ഒരു സിനിമയുടെ താരം. അത് എനിക്ക് ഉറപ്പാണ്. കഴിഞ്ഞ മൂന്നു സിനിമയിലും അതുതന്നെയായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെ ഒരു പ്രമേയം എടുത്തപ്പോൾ ഇൗ പ്രമേയം നമ്മൾ പറയണോ, പറയണ്ടയോ എന്ന് തീരുമാനിക്കാമായിരുന്നു. ഇഷ്ടപ്പെട്ട പ്രമേയം ആയിരിക്കും, എന്നാലും ഇത് പറയണ്ട എന്ന് പറഞ്ഞ് മാറ്റിവെക്കാമായിരുന്നു. മൂന്നാമത് പഠിച്ച പാഠം എന്താണെന്ന് വെച്ചാൽ, അന്നത്തെക്കാലത്ത് ആ സിനിമക്ക് 12 കോടിയാണ് ചെലവ് വന്നത്. അന്നൊരു സിനിമയുടെ വിജയവും അതിെൻറ ബജറ്റും വെച്ച് കണക്ക് കൂട്ടുേമ്പാൾ അത് കലക്ട് ചെയ്ത് വരാൻ കുറച്ച് പാടായിരുന്നു. ആ ഒരു സാഹചര്യത്തിൽ അത്തരമൊരു സിനിമ വേേണാ വേണ്ടയോ എന്ന് ചിന്തിക്കാമായിരുന്നു. സിനിമയെടുക്കുേമ്പാൾ എഗ്രിമെൻറുകൾ കൂടുതലായി വെക്കാതിരിക്കുക, അതാണ് മറ്റൊരു പാഠം. സിനിമാ സ്നേഹിയായ ആൾക്കാർക്ക് വേണ്ടി മാത്രമെ സിനിമ ചെയ്യാൻ പാടുള്ളൂ. സിനിമ നിർമിക്കാൻ വരുന്ന ഒരാൾ കലാകാരനായിരിക്കണം.സിനിമയെ മനസ്സിലാക്കുന്ന ഒരാൾക്ക് വേണ്ടിയേ സിനിമ ചെയ്യാൻ പാടുള്ളൂ എന്നുള്ള ചിന്തയുമുണ്ടായി. പല പാഠങ്ങളും പഠിച്ചു. ആ അബദ്ധങ്ങളാണ് 'മുംബൈ പൊലീസി'ലൂടെ തിരുത്താൻ ശ്രമിച്ചത്. അടി കിട്ടിയത് നന്നായി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിെൻറ എല്ലാ ഉത്തരവാദിത്തങ്ങളും ഞങ്ങൾ ഏറ്റെടുക്കുന്നു. ഒരാളുടെയും തലയിൽ വെക്കുന്നില്ല. സംവിധായകനായ ഞാനും തിരക്കഥാകൃത്തായ ബോബി^ സഞ്ജയും അതിെൻറ പൂർണ കുറ്റങ്ങൾ ഏറ്റെടുക്കുന്നു. ഞങ്ങളുടെ പാളിച്ചയായിരുന്നു അത്. എല്ലാ സിനിമയും ഗംഭീരമാക്കണമെന്ന് നിർബന്ധമില്ലല്ലോ. അത് നടക്കില്ല. മെസ്സി എപ്പോഴും ഗോൾ അടിക്കാറില്ലല്ലോ. ഒരു പരാജയവും വിജയവും സിനിമയുടെ ഭാഗമാണ്.
12 കോടിയാണ് 'കാസനോവ'യുടെ ബജറ്റ്. മലയാള സിനിമക്ക് അത്രയും വലിയ ബജറ്റിെൻറ ആവശ്യമുേണ്ടാ?
പറയുന്നത് സബ്ജക്ടാണ്. ''ഞാൻ കാസനോവ പ്രണയിച്ച് കൊതി തീരാത്തവൻ'' എന്ന് പറഞ്ഞ് എറണാകുളം ബസ്സ്റ്റാൻഡിൽ കുറച്ച് പെണ്ണുങ്ങളുമായി വന്നിറങ്ങുകയാണ്. ആൾക്കാർ കൂവും. അപ്പോൾ അയാൾ പ്രൈവറ്റ് ജെറ്റിൽ വരണം, ലംബോർഗിനിയിൽ വന്നിറങ്ങണം. പകരം അയാൾക്ക് ഒാേട്ടാറിക്ഷയിലോ സൈക്കിളിലോ വന്നിറങ്ങാം. അപ്പോൾ ഒരു സിനിമയെ എങ്ങനെ കാണുന്നു എന്നതിനെ അനുസരിച്ചാണ് ബജറ്റ്. നമുക്ക് ചായ താജിൽനിന്നും കുടിക്കാം, തട്ടുകടയിൽ നിന്നും കുടിക്കാം. താജിൽ 150 ആണെങ്കിൽ തട്ടുകടയിൽ 10 രൂപയായിരിക്കും. അതിെൻറ വ്യത്യാസമുണ്ട്. അതാണ് ബജറ്റ്. വിഷയം പറയാനുള്ള ബജറ്റ് വേണം. വിഷയം പറയാൻ എന്താണോ ബജറ്റ് വേണ്ടത്, അതാണ് റിയൽ ബജറ്റ്.
താങ്കളിൽ കണ്ട ഗുണമാണ്, 'കാസനോവ'ക്ക് ഉണ്ടായ തിരിച്ചടി സംവിധായകനായ എെൻറ ഉത്തരവാദിത്തമാണ് എന്ന് സമ്മതിച്ചത്. താങ്കൾ കാണിച്ച ആ ഒരു സത്യസന്ധത പലരും കാണിക്കാത്തതാണ്?
എനിക്ക് ഭയമില്ല, സത്യസന്ധനായിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. സിനിമയുടെ പരാജയവും വിജയവും സംവിധായകേൻറത് മാത്രമാണ്. അതിൽ നടന്മാർക്കൊന്നും പങ്കില്ല. മമ്മൂട്ടിയുടെ പടം പൊട്ടി, മോഹൻലാലിെൻറ പടം പൊട്ടി എന്നല്ല പറയേണ്ടത്. ആ സംവിധായകെൻറ പടം പൊട്ടിയെന്ന് തന്നെയാണ് പറയേണ്ടത്. സിനിമയിൽ ക്യാപ്റ്റൻ സംവിധായകനാണ്. മോഹൻലാലോ മമ്മൂട്ടിയോ ദുൽഖർ സൽമാനോ നിവിൻ പോളിയോ അല്ല ഒരു സിനിമയുടെ പരാജയത്തിന് കാരണം. ആ സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ്. കാരണം അവരാണ് ആ സിനിമ അവതരിപ്പിക്കുന്നത്. സിനിമ പൊട്ടിക്കഴിഞ്ഞാൽ അതിെൻറ കാരണക്കാർ ഞാനാണെന്ന് സംവിധായകൻ മനസ്സിലാക്കണം. ഇത് പറഞ്ഞ രീതി ശരിയായില്ല, ഇൗ കഥ സെലക്ട് ചെയ്തത് ശരിയായില്ല എന്ന് വേണം മനസ്സിലാക്കാൻ. നിർമാതാവിനൊന്നും അതിലൊരു പങ്കുമില്ല. ഒരു നടനുമില്ലാതെ 'സുഡാനി ഫ്രം നൈജീരിയ' ഇവിടെ ഹിറ്റായി. പുതുമുഖങ്ങളെ വെച്ച് എടുത്ത 'റാംജി റാവു സ്പീക്കിങ്' ഹിറ്റായി. 'നോട്ട് ബുക്ക്' ഹിറ്റായി. സിനിമ പൊളിഞ്ഞത് ഏറ്റെടുക്കാൻ ഞാൻ തയാറായി. ഭാവിയിൽ ഇനി നിർമാതാവു വരുമോ ഇല്ലയോ, അങ്ങനെയൊന്നുമില്ല. എെൻറ മൂന്നു സിനിമകൾ ഇതിന് മുമ്പ് ഇറങ്ങിയിട്ടുണ്ടല്ലോ. പൊളിയുന്നതിനെ കുറിച്ച് സംസാരിക്കാനാണ് മലയാളികൾക്ക് ഇഷ്ടം. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തുകയാണ് സംവിധായകൻ ചെയ്യേണ്ടത്. അത് ചെയ്തില്ലെങ്കിൽ നമ്മൾ അവിടെ തന്നെ നിൽക്കും. ഉറക്കെ പറഞ്ഞതിെൻറ പേരിൽ എനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല. ഞാനിനിയും ഉറക്കെ പറയും. ഇപ്പോഴും പറഞ്ഞോണ്ടിരിക്കുവാണല്ലോ. എനിക്ക് ആവശ്യത്തിന് നിർമാതാക്കൾ ഉണ്ട്. എക്സ്പെൻസിവായ സംവിധായകനാണ്. എന്നിട്ടും ആൾക്കാർ പിന്നെയും പിന്നെയും സിനിമ ചെയ്യാൻ വരുന്നുണ്ടല്ലോ, 'ഉദയനാണ് താര'ത്തിലെ ഡയലോഗുണ്ട്. ''നമുക്ക് ടാലൻറ് ഉണ്ടെങ്കിൽ നമ്മളെ തേടി ആൾക്കാർ വരും. ടാലൻറിെല്ലങ്കിൽ വീട്ടിലിരിക്കും.'' അടുത്ത പരിപാടിക്ക് പോകും. ഞാൻ ഇത്രകാലം സിനിമചെയ്യാമെന്നും ആർക്കും എഴുതിക്കൊടുത്തിട്ടില്ല. സിനിമയിൽ ഞാൻ വന്നത് വെറും പൂജ്യത്തിൽനിന്നാണ്. ഇൗ ഇരിക്കുന്ന വീടടക്കം സീറോയിൽ നിന്നുണ്ടാക്കിയതാണ്. ഒന്നുമില്ലാത്തതിൽനിന്ന് തുടങ്ങിയതുകൊണ്ട് ഭയമില്ല. അതുകൊണ്ടാണ് ബോൾഡായി ചിലകാര്യങ്ങൾ ചെയ്യാനും പറയാനും പറ്റുന്നത്. സ്വാഭാവികമായി ശത്രുക്കൾ ഉണ്ടാകും.
'മുംബൈ പൊലീസ്' എന്നത് മലയാളികളുടെ കാഴ്ചപ്പാടുകളെയും തച്ചുടച്ച സിനിമയായിരുന്നു. ഗേ ആയ നായകൻ. പക്ഷേ ആ ചിത്രം ഫാമിലിക്ക് പറ്റിയതല്ലെന്നായിരുന്നു അന്ന് വന്ന നിരൂപണങ്ങൾ. പൃഥ്വിരാജിനെപോലെ ഒരാളെ ഗേ ആയി അവതരിപ്പിക്കുക, അങ്ങനെയൊരു നായകനെ മലയാളികൾ എങ്ങനെയാണ് സീകരിച്ചത്?
ഒരു സംവിധായകൻ എന്ന നിലയിൽ 'നോട്ട് ബുക്കി'നെക്കാളും ബോൾഡായ ശ്രമമാണ് 'മുംബൈ പൊലീസ്'. പൃഥ്വിരാജിനെ പോലൊരു ഹീറോയെ കൊണ്ട് വന്നിട്ട് റീസൺ ഒാഫ് കില്ലിങ്, നമ്മുടെ സൊസൈറ്റിയാണിതിെൻറ മുഖ്യ കാരണം എന്ന് പറയാനാണ് ആ സിനിമ ശ്രമിച്ചത്. ഗേ എലമെൻറ് എന്ന ഇഷ്യുവും. മനുഷ്യൻ അങ്ങനൊരു കവചം ഇടാനുള്ള കാരണവും പറയുകയാണ് ആ സിനിമ. അവരെ നമ്മൾ അക്സപ്റ്റ് ചെയ്യാൻ തയാറാകണം. ഗേ എന്ന് പറഞ്ഞാൽ തെറ്റൊന്നുമല്ല . ഗേ എന്നത് ഒരു പുരുഷെൻറയോ െലസ്ബിയൻ എന്നത് ഒരു സ്ത്രീയുടെയോ ഒരു അടിസ്ഥാന ആവശ്യമാണ്. നമ്മളുടെ കാഴ്ചപ്പാടാണ് പ്രശ്നം. അവരുടെ ജനിതകപരമായ വിഷയമാണത്. നമ്മൾ അതിനെ സിനിമാറ്റിക്കിലേക്ക് കൊണ്ടുവന്നപ്പോൾ കൊല്ലാനുള്ള കാരണം പലതുമാകാമായിരുന്നു. റീസൺ ഒാഫ് കില്ലിങ് വ്യതിരിക്തമാക്കാൻ വേണ്ടിയാണ് ഗേ എലമെൻറുകൊണ്ട് വന്നത്. ഒപ്പം റിഗ്രറ്റും ചെയ്യണം. രണ്ട് കാര്യങ്ങളുണ്ടതിൽ. ഒന്ന് ''െഎ കിൽഡ് ഹിം, ഇറ്റ്സ് മീ'' എന്ന് ഫോണിലൂടെ പറയണമെങ്കിൽ, ആ റിഗ്രഷൻ വരണമെങ്കിൽ അവന് ആന്തരികമായ ഒരു വിഷയമായിരിക്കണം അത്, അതുകൊണ്ടാണ് ഗേ എലമെൻറ് വന്നത്.
'മുംബൈ പൊലീസി'െൻറ ൈക്ലമാക്സ് കേട്ടപ്പോൾ പൃഥ്വിരാജിെൻറ പ്രതികരണം?
ഇൗ കഥ മനസ്സിൽ വന്നപ്പോൾ തന്നെ പൃഥ്വിരാജിനെ തന്നെയാണ് മനസ്സിൽ കണ്ടിരുന്നത്. സിനിമക്ക് വേണ്ടി എന്തും ചെയ്യുമെന്നും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് കണ്ട് ഞാൻ പൃഥ്വിയെ വിളിച്ചു. നീ എന്തും ചെയ്യുമെന്ന് പറഞ്ഞത് കറക്ടാണോ എന്ന്. പൃഥ്വി പറഞ്ഞു എന്തും ചെയ്യുമെന്ന്. അപ്പോൾ ഞാൻ ഇൗ സിനിമയുടെ ൈക്ലമാക്സ് പറഞ്ഞു. ഗേയോ എന്ന് ചോദിച്ചു. ഞാൻ ചോദിച്ചു നീ എന്തും ചെയ്യുമെന്നല്ലേ പറഞ്ഞത്. യെസ് ഞാൻ െചയ്യാമെന്നായിരുന്നു അയാളുടെ മറുപടി. അയാൾ കാണിച്ച ഒരു ധൈര്യം കൂടിയുണ്ട് ആ സിനിമക്ക് പിന്നിൽ.
ട്രാൻസ്ജെൻഡേഴ്സ്, ഗേ, െലസ്ബിയൻ തുടങ്ങി എൽ.ജി.ബി.ടി കമ്യൂണിറ്റികളെ അഭിമുഖീകരിക്കുന്ന മലയാളി മനോഭാവത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്? 'ചാന്ത് പൊട്ട്' എന്ന സിനിമപോലും അവരെ അവഹേളിക്കുന്ന തരത്തിലാണ് ട്രീറ്റ് ചെയ്തത്?
മലയാളികൾ മാറണം. കുറെയൊക്കെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മൾ എൽ.ജി.ബി.ടിയെ മനസ്സിലാക്കണം. അതിനെ അംഗീകരിക്കണം. അവരെ നമ്മൾ കാണുന്ന മനോഭാവത്തിെൻറ പ്രശ്നമാണ്. 'മുംബൈ പൊലീസി'ൽ മോശമായി ആരെയും ചിത്രീകരിച്ചിട്ടുമില്ല. ഒരു റീസണായിട്ടും ഒരു ഇഷ്യൂവായിട്ടും മാത്രമെ കാണിച്ചിട്ടുള്ളൂ. ഒരു ഭാര്യാഭർതൃ ബന്ധം പോലെയാണ് ഗേയിലെ രണ്ട് പാർട്ട്ണേഴ്സ് ജീവിക്കുന്നത്. ഇന്ന് അവരെ കല്യാണം കഴിക്കുന്നതിെന അംഗീകരിക്കുന്നതിലേക്കുപോലും സമൂഹം മാറിയിട്ടുണ്ട്. ഒാരോ വ്യക്തികളുടെ സ്വാതന്ത്ര്യമാണത്. ഒാരോ വ്യക്തികളുെടയും ഇഷ്യുവാണത്. നമ്മൾ അതിനെ അങ്ങനെതന്നെ കാണണം. മറ്റൊരു തലത്തിൽ കാണേണ്ടതില്ല. എെൻറ സിനിമയിൽ വർക്ക് ചെയ്യുന്നവരിൽ ചിലർ അത്തരം െഎഡൻറിറ്റിയുള്ളവരാണ്. ഞാനവരോട് മാറിയിരിക്കാൻ പറയുകയോ മാറിയിരുന്നു ഭക്ഷണം കഴിക്കുകയോ മാറ്റി നിർത്തുകയോ ചെയ്യാറില്ല. നമ്മളെപോലെതന്നെ അവരെയും കാണാൻ കഴിയണം.
ഒന്നര പതിറ്റാണ്ടിന് ശേഷം മഞ്ജുവാര്യർ തിരിച്ച് വന്ന സിനിമയായിരുന്നു 'ഹൗ ഒാൾഡ് ആർ യു'. ഇൗ ഒരു തിരഞ്ഞെടുപ്പ് എന്തുകൊണ്ടായിരുന്നു?
ശ്രീകുമാർ മേനോനാണ് മഞ്ജു സിനിമയിലേക്ക് തിരിച്ച് വരുന്നുണ്ട്, കഥകൾ കേൾക്കുന്നു എന്ന് പറഞ്ഞത്. അങ്ങനെ ഞങ്ങൾ ദിലീപിനെ വിളിച്ചു. ദിലീപ് ഫോണെടുത്തില്ല. മെസേജും നൽകി. മറുപടി ഒന്നും തന്നില്ല. വീണ്ടും ശ്രീകുമാർ മേനോനെ വിളിച്ച് മഞ്ജുവുമായിട്ട് അപ്പോയിൻറ്മെൻറ് എടുക്കാൻ പറഞ്ഞു. അദ്ദേഹം വിളിച്ച് പറഞ്ഞതുകൊണ്ടാണ് മഞ്ജുവിെൻറ അടുത്ത് പോവുന്നതും കാണുന്നതും സംസാരിക്കുന്നതും കഥ പറയുന്നതും ഇൗ സിനിമയിലേക്ക് അവർ വരുന്നതും. ഒരു ദിവസം രാവിലെ ഉണർപ്പോൾ ആദ്യം കാണുന്നത് എെൻറ െനഞ്ചിലെ മുടികളിൽ ചിലത് നരച്ചതാണ് അങ്ങനെയൊരു സിനിമ ഉണ്ടാകാൻ കാരണം. വീടിെൻറ ബാക്ക് സൈഡിൽ പുഴയാണ്. അതിെൻറ അടുത്ത് വന്നിരുന്നിട്ട് ഭാര്യയെ വിളിച്ച് നരയൊക്കെ കാണിച്ചു. ആശങ്കയൊക്കെ പറഞ്ഞപ്പോൾ, ആൻസിയും തലമുടിക്കുള്ളിൽ നിന്ന് നരച്ചമുടികളെ കാണിച്ചാണ് മറുപടി നൽകിയത്. നരയുടെ തുടക്കത്തിൽ മനുഷ്യർ എങ്ങനെ ആയിരിക്കും, ഇങ്ങനെ ചിന്തിക്കുന്ന ആൾക്കാരുടെ മനോഭാവം എന്തായിരിക്കും അത്തരം ആലോചനകളുമായി ഇരുന്നു. എക്സർസൈസിനെ പറ്റി, സ്പോർട്സിനെ പറ്റിയുമൊക്കെ ആ നരയിൽ ചുറ്റിപ്പറ്റി നിന്ന് ആലോചന തുടങ്ങി. എന്നിട്ട് തിരക്കഥാകൃത്ത് സഞ്ജയിനെ വിളിച്ച് ആശയം പറഞ്ഞു. ഡെവലപ് ചെയ്യാമെന്ന് പറഞ്ഞ് ഫോൺ വെച്ച് കുറച്ച് കഴിഞ്ഞുതന്നെ ഞാൻ ആ സിനിമക്ക് 'ഹൗ ഒാൾഡ് ആർ യു' എന്ന ടൈറ്റിലിട്ടു.
തമിഴിൽ '36 വയതിനിലെ' എന്നപേരിൽ 'ഹൗ ഒാൾഡ് ആർ യു' റിമേക്ക് ചെയ്തു. തമിഴിലെ താങ്കളുടെ ആദ്യസിനിമ. അവിടെയും ഇനി സിനിമ ചെയ്യുന്നില്ല എന്ന് ജ്യോതിക പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. അവരായിരുന്നു തമിഴിൽ നായിക. അതുപോലെ തിരിച്ച് വന്ന മഞ്ജുവാര്യരാണ് മലയാളത്തിലും നായിക. സിനിമയുടെ പ്രമേയം പറയുന്നതുതന്നെയാണ് സിനിമയുടെ അണിയറയിലും സംഭവിച്ചത്. അത് യാദൃച്ഛികതയായിരുന്നോ?
ജ്യോതിക ഇനി അഭിനയിക്കുന്നില്ല എന്ന് പറഞ്ഞിരുന്നുവെന്ന് തോന്നുന്നു, കൃത്യമായി അറിയില്ല. സൂര്യ കേരളത്തിൽ വന്നപ്പോൾ ഞാൻ 'ഹൗ ഒാൾഡ് ആർ യു'വിെൻറ സീഡി കൊടുത്തു. ജ്യോതിക ഇൗ സിനിമ കണ്ടിട്ട് എന്നെ വിളിച്ചു, അവിടെ ചെന്ന് അന്നുതന്നെ സൈൻ ചെയ്തു. സിനിമ പറഞ്ഞ സ്ത്രീ സ്വത്വം സിനിമയുടെ അണിയറയിലും ഏതോ അർഥത്തിലൊക്കെ സംഭവിച്ചിട്ടുണ്ട്. മഞ്ജുവിെൻറ കാര്യത്തിൽ അത് ശരിയാണ്. ജ്യോതികയുടെ കാര്യത്തിൽ ആ വാർത്ത ശരിയാണെങ്കിൽ അതും ശരിയാണ്. ഇപ്പോൾ ആലോചിക്കുേമ്പാഴാണ് അങ്ങനെ ഒന്ന് സംഭവിച്ചിട്ടുണ്ട് എന്നു പോലും തോന്നുന്നു. അതെ, അത് യാദൃച്ഛികമായി സംഭവിച്ചതാണ്. മലയാളത്തിൽ മഞ്ജു, തമിഴിൽ ജ്യോതിക, ഹിന്ദിയിൽ കാജോൽ ഇവരെ വെച്ച് ചെയ്യണമെന്നായിരുന്നു എെൻറ പദ്ധതി. അതിൽ രണ്ടെണ്ണം നടന്നു. മികച്ച സിനിമാ നിർമാണ കമ്പനികളിലൊന്നാണ് സൂര്യയുടേത്. എല്ലാ അർഥത്തിലും മനോഹരമായ അനുഭവമായിരുന്നു തമിഴ്.
താങ്കൾ സിനിമയിൽ ഡീറ്റെയിലിങ്ങിന് കൂടുതൽ പരിഗണന നൽകുന്നത് എന്തുകൊണ്ടാണ്?
'ഉദയനാണ് താരം' മുതൽ വിശദാംശത്തിനായി കൂടുതൽ ശ്രദ്ധ നൽകാറുണ്ട്. ആ ഡീറ്റെയിലിങ് ചില സമയത്ത് ലാഗ് ആവാറുണ്ട്. അതിനെ ഞാൻ മൈൻഡ് ചെയ്യാറില്ല. പക്ഷേ, അത് പിന്നീട് ആ സിനിമകണ്ടിട്ട് സംസാരിക്കുേമ്പാൾ പ്രേക്ഷകർക്ക് അത് എൻജോയ് ചെയ്യാൻ പറ്റും. 'ഹൗ ഒാൾഡ് ആർ യു' ഇവിടെ ചെയ്തപ്പോൾ ഭയങ്കര ഡീറ്റെയിലിങ്ങായിരുന്നു. അവിടെ ചെന്നപ്പോൾ ഡീറ്റെയലിങ് കുറച്ചു. എങ്ങനെ വേണമെങ്കിലും കഥ പ്രസൻറ് ചെയ്യാൻ പറ്റും ഡീറ്റെയിലിങ് വേണോ വേണ്ടയോ എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്.
വിഷം കലരാത്ത പച്ചക്കറി ഒരു 'ആശങ്ക'യായി കേരളത്തിൽ മാറി. പലരും ജൈവ കൃഷി തുടങ്ങി. അങ്ങനെയൊരു ഭീതിയുണ്ടാക്കിയോ 'ഹൗ ഒാൾഡ് ആർ യു'?
ആ സിനിമ പറഞ്ഞത് സത്യമല്ലേ. വാർത്തകൾ തന്നെ ശ്രദ്ധിക്കൂ. സർക്കാർ തന്നെ ഇടപെടാൻ തുടങ്ങിയില്ലേ. കേരളത്തിലാണ് ഏറ്റവും കൂടുതൽ വിഷമയമായ ഉൽപന്നങ്ങൾ വിൽക്കുന്നത്. റിയൽ ഫുഡ് എന്താണെന്ന് മലയാളികൾക്ക് അറിയില്ല. ഇൗ സിനിമ ഒരു വിപത്തിനെ പറ്റിയാണ് സംസാരിക്കുന്നത്. ആ സിനിമ മുന്നോട്ട് വെച്ച പ്രമേയം, മലയാളിയെ മാറ്റി. എന്നാൽ ചെന്നൈയിൽ ട്രെൻഡായത് 35^40 വയസ്സുള്ള സ്ത്രീകൾ തൊഴിൽ ചെയ്യാൻ തയാറായി എന്നതാണ്. അതായിരുന്നു അവിടെ ആ സിനിമ ഉണ്ടാക്കിയ മാറ്റം.
ഒരു നിർമാതാവിനെ തിരഞ്ഞെടുക്കുേമ്പാൾ, എന്തൊക്കെ പരിഗണനയാണ് താങ്കൾ നൽകുക?
കലാകാരനായിരിക്കണം അടിസ്ഥാനപരമായി. പിന്നീട് ആവശ്യത്തിന് സമ്പത്ത് വേണം. കാരണം പത്ത് കോടി ആസ്തിയുള്ളയാൾ എട്ട് കോടിയുമായി സിനിമ ചെയ്യാൻ വരുകയാണെങ്കിൽ അയാളുമായി സിനിമ ചെയ്യാതിരിക്കുന്നതാണ് നല്ലത്. അയാൾ സിനിമ ചെയ്യരുത്. സിനിമ നിർമിക്കാൻ വരുന്ന ഒരാൾ സാമ്പത്തികമായി നല്ല ഭദ്രതയുള്ള ഒരാളായിരിക്കണം. പെൺമക്കളുണ്ടെങ്കിൽ പെൺമക്കളുടെ കല്യാണമടക്കമുള്ള ആവശ്യങ്ങൾക്കുള്ള പണം വരെ മാറ്റിവെക്കണം. അത്തരം കാര്യങ്ങൾ ഞാൻ ചോദിക്കാറുണ്ട്. ഒരു സിനിമ ചെയ്ത് അഞ്ച് കോടിയോ, പത്ത് കോടിയോ ലാഭമുണ്ടാക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ ഞാൻ പലിശക്കെടുത്ത് നിർമാണം ചെയ്തേനെ. സിനിമയിൽ ഒരു ജഡ്ജ്മെൻറ് ആർക്കും പറയാൻ പറ്റില്ല.12 മണിക്ക് സിനിമ കണ്ടിറങ്ങുന്ന ഒാഡിയൻസാണ് ആ സിനിമ നല്ലതാണോ, മോശമാണോ എന്ന് തീരുമാനിക്കുന്നത്. ഇൗ സിനിമ നല്ലതാണ് എന്ന് നമുക്ക് വിശ്വാസം ഉണ്ടായിട്ട് കാര്യമില്ല. ഒാഡിയൻസ് അംഗീകരിച്ചില്ലെങ്കിൽ ഒരു കാര്യവുമില്ല. നമ്മുടെ ചിന്തയും അവരുടെ ചിന്തയും സിങ്കായില്ലെന്നാണ് മനസ്സിലാക്കേണ്ടത്. അപ്പോഴാണ് നമ്മൾ പരാജയം ഏറ്റെടുക്കുന്നത്. സിങ്കാകുന്ന സമയത്ത് വൻ ഹിറ്റുണ്ടാവുകയും ചെയ്യും. എെൻറ ഒരു ഭാഗ്യം എന്താെണന്ന് വെച്ചാൽ എെൻറ എല്ലാ പ്രൊഡ്യൂസർമാരിലും ആവശ്യത്തിന് പണമുണ്ടായിരുന്നു. ഒരു സിനിമ പരാജയപ്പെട്ടാലും വരുംതലമുറകൾക്ക് കൂടി സമ്പത്തുള്ളവെനാപ്പമാണ് ഞാൻ സിനിമ ചെയ്യുക.
സിനിമ താങ്കൾക്ക് നൽകിയ ദുഃഖം എന്തായിരുന്നു, അങ്ങനെ ഒന്നുണ്ടെങ്കിൽ?
എെൻറ സിനിമകളൊക്കെയും യുദ്ധങ്ങളാണ്. ഒാരോ സിനിമകളും ഫൈറ്റ് ചെയ്ത് സിനിമ ചെയ്യുന്ന ഒരാളാണ്. പ്രൊഡ്യൂസേഴ്സിെൻറ അടുത്തായാലും നടന്മാരുടെ അടുത്തായാലും ൈഫറ്റ് ചെയ്താണ് സിനിമ ചെയ്തിരിക്കുന്നത്. 'ഉദയനാണ് താര'ത്തിെൻറ സമയത്താണെങ്കിൽ, സിനിമ നടക്കുന്നില്ല, അനന്തമായി നീണ്ട് പോകുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളായിരുന്നു. എല്ലാ കമ്പനികളിലും ഉണ്ടാകുന്ന പ്രശ്നങ്ങൾപോലെതന്നെ സിനിമയിലും പ്രശ്നങ്ങളുണ്ട്. ഒരു സിനിമ തുടങ്ങി അത് റിലീസാകുന്നതുവരെ ഇഷ്യൂസും പ്രശ്നങ്ങളുമൊക്കെയുണ്ടാകും. കാര്യങ്ങളൊന്നും എളുപ്പത്തിൽ നടക്കില്ല. പിന്നീട് അത് യൂസ്ഡ് ആകും. നമുക്ക് അത് ഹാൻഡിൽ ചെയ്യാൻ പറ്റും.
ഗോഡ് ഫാദറില്ലാെത പുതിയ ഒരാൾക്ക് എൻട്രി സാധ്യമാകാത്ത തരത്തിൽ മലയാള സിനിമാലോകം കുറച്ച് കൂടി അതിെൻറ കാൻവാസിനെ ചുരുക്കിയിട്ടുണ്ടോ?
മലയാള സിനിമ മാറി. കഴിവുള്ളവർ കയറി വരും. ആർക്കും അവരെ തടയാൻ കഴിയില്ല. മൊബൈൽ ഉണ്ടെങ്കിൽ അവനൊരു ടെലിഫിലിം നിർമിക്കാം. സോഷ്യൽ മീഡിയ വഴി നൂറോളം പേരിലേക്ക് അത് എത്തിക്കുകയും ചെയ്യാം. ഞാനൊരു ടെലിഫിലിം ഷൂട്ട് ചെയ്ത്, അത് ഒരു വർഷത്തിന് ശേഷം സൂര്യ ടി.വിയിൽ വന്ന് അത് ശ്രീനിവാസനെ കൊണ്ട് പോയി കാണിച്ചിട്ടാണ് അദ്ദേഹത്തിെൻറ അപ്പോയ്ൻമെൻറ് എടുക്കാൻ പോകുന്നത്. എന്നിട്ടാണ് ഞാൻ 'ഉദയനാണ് താര'ത്തിെൻറ കഥ പറയാൻ പോകുന്നത്. ഇന്ന് യൂട്യൂബിലൊക്കെ ഫെസ്റ്റിവൽ നടത്താൻപോലുമുള്ള അവസരം ഉണ്ട്. ഇന്ന് ഒരു റോഷൻ ആൻഡ്രൂസ് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഷോർട്ഫിലിം ചെയ്തിേട്ടനെ. ഞാൻ കൂടുതൽ ഹാപ്പിയായേനെ. ആക്ടേഴ്സിനെ പോലും എപ്പോൾ വേണമെങ്കിലും കിട്ടും. പണ്ടതല്ലല്ലോ മദ്രാസിൽ പോയി കിടന്ന്, കഷ്ടപ്പെട്ട് എന്ന വാക്കുകൾ ഇന്നിവിടെ കുറവാ. കുറച്ച് നടക്കണം. കാണണം, മുട്ടി ഒന്ന് റെഡിയായാൽ അപ്പോൾ തന്നെ കയറാൻ പറ്റുന്ന ഒരിടമായി മാറി. ഇപ്പോൾ ഇൗസിയാണ്, പണ്ടത്തതിനേക്കാൾ 20 ശതമാനം കഷ്ടപ്പാട് മാത്രമെ ഇന്നുള്ളൂ. സാേങ്കതിക വിദ്യയുൾെപ്പടെയുള്ളവ, കഴിവുകളെ പുറംലോകത്തേക്ക് എത്തിക്കാൻ അവസരം നൽകുകയാണ്.
'കായംകുളം കൊച്ചുണ്ണി' ബിഗ്ബജറ്റ് ചിത്രമാണല്ലോ, നിവിൻ േപാളി എങ്ങനെയാണ് അതിലേക്ക് എത്തുന്നത്? പുതിയ സിനിമകൾ ഏതൊക്കെയാണ്?
ഒരു ചരിത്ര സിനിമ ചെയ്യണമെന്ന ആേലാചനയാണ് 'കായംകുളം കൊച്ചുണ്ണി'യിലേക്ക് എത്തുന്നത്. പത്തോ മുപ്പതോ മിനിറ്റ് പറയാനുള്ള കഥയെ 'കായംകുളം കൊച്ചുണ്ണി'യിലുള്ളൂ. രണ്ടര മണിക്കൂർകൊണ്ട് സിനിമ പറയണമെങ്കിൽ വലിയൊരു കാൻവാസ് വേണം. ആ ഒരു കാൻവാസിലേക്ക് ഇത് മാറ്റാനായി ചർച്ച നടത്തി. റിസർച്ച് ടീമിനെ കൊണ്ടുവന്നു. 1830 കാലഘട്ടമാണ് പറയുന്നത്. വലുപ്പമുള്ള സിനിമയിലേക്ക് മാറ്റണമെന്ന് തോന്നി. 45 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്. ഒരുപാട് സെറ്റുകളും ഒരുപാട് ലൊക്കേഷനുകളിലുമായാണ് ഷൂട്ട് നടന്നത്. 12 കോടിയോളം രൂപ ചെലവഴിച്ചാണ് സെറ്റുകൾ മാത്രമിട്ടത്. ഏത് കഥാപാത്രത്തിലേക്കും നിവിൻ പോളിയെ മാറ്റാൻ പറ്റും. നിവിെൻറ ശാരീരിക ഘടനയങ്ങനെയാണ്. മികച്ച ഒരു നടനാണ്. ഡയറക്ടേഴ്സ് ആക്ടർ കൂടിയാണ് നിവിൻ പോളി. നിവിനെ വർക്ക് ചെയ്യിക്കാനും സുഖമാണ്.
താങ്കളുടെ മിക്ക സിനിമയിലും മോഹൻലാൽ ഉണ്ട്. താങ്കളുടെ സിനിമയുടെ െഎശ്വര്യമാണോ മോഹൻലാൻ?
അദ്ദേഹത്തോടുള്ള കൊതി മാറിയിട്ടില്ല ഇപ്പോഴും. തൃശൂരിലെ ബോർഡിങ്ങിൽ ഏഴിലോ, എട്ടിലോ പഠിക്കുേമ്പാൾ ആണ്. അവിടെനിന്ന് കൊടൈക്കനാലിലേക്ക് ടൂറ് പോയി.1987ല് പുറത്തിറങ്ങിയ ജോഷി സാറിെൻറ 'ജനുവരി ഒരു ഒാർമ' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു അവിടെ. അന്നാണ് ഒരു സിനിമാനടനെ നേരിട്ട് കാണുന്നത്. മോഹൻലാലിനെ ആദ്യമായിട്ട് കാണുന്നത് അന്നാണ്. പിന്നീട് അതേ ലാലേട്ടനെ വെച്ച് എനിക്ക് നാല് സിനിമ എടുക്കാൻ പറ്റി. അന്നാണ് ലാലു അലക്സിനെയും സുരേഷ്ഗോപിയെയും കണ്ടത്. ഇൗ മൂന്ന് പേരും പിന്നീട് എെൻറ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലും സുരേഷ് ഗോപിയും തമ്മിലുള്ള ഒരു ഫൈറ്റ് സീൻ ആയിരുന്നു അന്നവിടെ ഷൂട്ട് ചെയ്തിരുന്നത്. ലാലു അലക്സ് ഒരു പൊലീസ് ഒാഫിസറായിട്ടായിരുന്നു. മോഹന്ലാല്, ലാലു അലക്സ് എന്നിവർക്കൊപ്പം നിന്ന് ഒരു ഫോേട്ടാ എടുത്തിരുന്നു. പിന്നീട് 'ഇവിടം സ്വർഗമാണ്' എന്ന സിനിമയിൽ ഇവർ രണ്ട് പേരും ഒരുമിച്ച് അഭിനയിച്ചു. സുരേഷ്ഗോപി 'നോട്ട് ബുക്കി'ൽ അഭിനയിച്ചു. മോഹൻലാലിനെകൊണ്ട് ഇനിയും നിരവധി കഥാപാത്രങ്ങളെ ചെയ്യിപ്പിക്കാൻ കഴിയും. നാല് സിനിമകൾ, ഉദയഭാനുവല്ല മാത്യൂസ്, മാത്യൂസല്ല കാസനോവ, ഇവരാരുമല്ല ഇത്തിക്കരപ്പക്കി. എനിക്ക് നാല് കഥാപാത്രങ്ങളെയും അയാളിൽ കാണിക്കാൻ പറ്റി. ഇനിയും വരും അയാളെ വെച്ച്.
കുടുംബം?
ഭാര്യ ആൻസി, മകൾ ആഞ്ജലീന, മകൻ റയാൻ, ഇളയ മകൾ അന്നബെല്ല.
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1067 പ്രസിദ്ധീകരിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.