കേരള സാഹിത്യ അക്കാദമി ഭാരവാഹിത്വം പ്രതിഷേധ സൂചകമായി രാജിവെക്കുകയും എമർജിങ് പോയട്രി എന്ന സേങ്കതത്തിനായി പോരാടുകയും ചെയ്യുന്ന കവി എസ്. ജോസഫ് തന്റെ നിലപാടുകളെക്കുറിച്ചും കവിതകളെക്കുറിച്ചും സംസാരിക്കുന്നു.
ഏകദേശം ഇരുപതു വര്‍ഷം മുമ്പാണ് കവി എസ്. ജോസഫുമായി, അവസാനമായി ഒരു അഭിമുഖസംഭാഷണം നടത്തി ‘സൂചകം’ മാസികയില്‍ പ്രസിദ്ധീകരിച്ചത്. അതിനുശേഷം കാലവും അവസ്ഥകളും പലകുറി മാറി. സാഹിത്യത്തിലും കവിതയിലും പുതിയ ചിന്തകളും ഭാവുകത്വവും കടന്നുവന്നു. ഇപ്പോൾ, സാഹിത്യ അക്കാദമി ഭാരവാഹിത്വം പ്രതിഷേധസൂചകമായി എസ്. ജോസഫ് രാജിവെച്ചു. അവഗണനകളെക്കുറിച്ച് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പറഞ്ഞു. നമുക്ക് അദ്ദേഹത്തിന്റെ നിലപാടുകൾ, കാഴ്ചപ്പാടുകൾ, എഴുത്തിലെ നിലപാടുകൾ എന്തെന്ന് അറിയാൻ ശ്രമിക്കാം.
ഇരുപത് വർഷം മുമ്പാണ് നമ്മൾ അവസാനം ഒരു സംഭാഷണത്തിൽ ഏർപ്പെട്ടത്. കവിതയോടും കവിതയുടെ രാഷ്ട്രീയത്തോടുമുള്ള അന്നത്തെ പല നിലപാടുകളും മാറിയിട്ടുണ്ടാകാം. ആ മാറ്റത്തില്‍നിന്ന് തുടങ്ങാമെന്ന് വിചാരിക്കുന്നു. വിയര്‍ക്കുക , തുപ്പുക തുടങ്ങി മനുഷ്യരുടെ ഏതൊരു ജൈവപ്രക്രിയയുംപോലെ സ്വാഭാവികമാണ് കവിതയെഴുത്തെന്നും അതിനൊരു വിശുദ്ധപരിവേഷം കൊടുക്കേണ്ട എന്നും പറഞ്ഞുകൊണ്ടാണ് അന്ന് സംസാരം താങ്കൾ തുടങ്ങിയത്. കൂടാതെ കവിതയിലെ വൃത്തം, അലങ്കാരം തുടങ്ങിയ പരമ്പരാഗത സങ്കൽപങ്ങളോട് വിയോജിക്കുകയും ചെയ്തു. ‘‘അവര്‍ നിന്നെ വൃത്തത്തിലും ചതുരത്തിലും പൂട്ടിയിട്ടു’’ എന്ന് ‘മലയാള കവിതക്ക് ഒരു കത്ത്’ എന്ന കവിതയിൽ പില്ക്കാലത്ത് എഴുതുകയും അത് പുതുകവിതയുടെ ചരിത്രത്തിലെ നിർണായകമായ രചനയായി മാറുകയും ചെയ്തു. അത്തരം നിലപാടുകളെ പുതിയ കാവ്യ-ജീവിത പശ്ചാത്തലത്തിൽ എങ്ങനെ നോക്കിക്കാണുന്നു?
നമ്മള് വര്‍ഷങ്ങള്‍ക്കുമുമ്പ് പറഞ്ഞ കാര്യങ്ങളിൽ ഇപ്പോൾ വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞാണല്ലോ തുടങ്ങേണ്ടത്. മാറ്റങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. പക്ഷേ, അന്ന് പറഞ്ഞ കാര്യത്തില്‍ അതായത്; അടിസ്ഥാനപരമായി അധ്വാനിക്കുക, വിയര്‍ക്കുക അല്ലെങ്കിൽ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെയാണ് ഇന്നും കവിതയെക്കുറിച്ചുള്ള എന്റെ ധാരണ. എന്നാല്‍, അതിനു മുകളിലായിട്ട് പിന്നീട് ഒരു വിപുലീകരണം നടക്കുന്നുണ്ട്. അതായത്, നമ്മള് ആദ്യം പറഞ്ഞത് ഒരു അസ്തിവാരമാണെങ്കില്, പെരത്തറയാണെങ്കില് പിന്നീട് കെട്ടിപ്പൊക്കിയ കാര്യങ്ങളുമുണ്ട്. അന്ന് പറയുമ്പോഴൊക്കെ ഞാൻ വൃത്തത്തിൽ കവിതകൾ എഴുതിയിരുന്നു. എന്നാല്‍, അലങ്കാരത്തെക്കുറിച്ച് അത്ര ബോധവാനായിരുന്നില്ല. അക്കാലത്തും പില്ക്കാലത്തും അലങ്കാരം എന്നുപറയുന്ന ഭാരതീയ സങ്കൽപത്തെക്കുറിച്ച് ഞാൻ താൽപര്യം കാണിച്ചിട്ടില്ല. അത് വളരെ കൃത്രിമമായാണ് അന്നും ഇന്നും തോന്നിയിട്ടുള്ളത്. വൃത്തമെന്ന് പറയുമ്പോൾ അത് ചില താളത്തിലുള്ള കാര്യങ്ങളാണ്. ‘മഹാരാജാസ് ഒരു ചിത്രണം’, ‘തടാകം’ പോലുള്ള കവിതകളിലെല്ലാം സംസ്കൃതവൃത്തങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, ഞാന്‍ അന്ന് പറഞ്ഞിരുന്നു അതൊരു പുതുക്കലായിരുന്നുവെന്ന്. പരമ്പരാഗതമായ ഛന്ദസ്സ് എടുത്ത് അതില്‍ അബ്സ്ട്രാക്ട് എക്സ്പ്രഷനിസത്തിന്റെ സാധ്യതകളുമായി ചേര്‍ക്കുകയാണ് ചെയ്തത്. നിരന്തരമായി ചിത്രങ്ങൾ കാണുകയും. അങ്ങനെ അമൂര്‍ത്തചിത്രങ്ങൾ കണ്ടതിന്റെ ഘടനയിൽനിന്നുമാണ് ‘മഹാരാജാസ് ഒരു ചിത്രണം’ എന്ന കവിതയെഴുതിയത്. അതിൽ നമുക്കറിയാം അധ്യാപകർ ആരുംതന്നെയില്ല. മഹാരാജാസിന്റെ ഒരു ചരിത്രം എന്ന് പറയുന്നത് അധ്യാപകരുള്ള ലോകമാണ്. അതൊന്നും അതിനകത്തില്ല. മനുഷ്യേതര ലോകത്തിനാണ് പ്രാധാന്യം. പിന്നെ കുട്ടികളുണ്ട്. ഗ്രൗണ്ടില്‍ മരങ്ങള്‍ക്കിടയിൽ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന കുട്ടികൾ. പക്ഷേ, ഇത് പറയുന്നത് ഒരു അധ്യാപകനാണ് എന്നുള്ളത് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ദൃശ്യവത്കരിച്ചുകൊണ്ട് പറയുന്നതാണ് ഇതിലെ രീതി. ഉദാഹരണത്തിന് രാത്രിയിലെ ഇരുട്ട്. ഇരുട്ടില്‍തന്നെ പലതരം ഇരുട്ടുകളുണ്ട്. ഓടിട്ട മേല്‍ക്കൂര കാണുമ്പോൾ, കോളജിന്റെ ഭിത്തി കാണുമ്പോള്‍ എല്ലാം വ്യത്യാസമുണ്ട്. പച്ചമരങ്ങള് രാത്രി കാണുമ്പോള്‍ കടും കറുപ്പായിട്ടു തോന്നും. പിന്നെ മഹാരാജാസിന് തൊട്ടടുത്തുള്ള കടൽ. സമുദ്രത്തിനു വർണന ചേര്‍ത്തിട്ടുണ്ട്. ഇത് എങ്ങനെയെന്നാല്‍ കോളജുമായി ബന്ധപ്പെട്ട സംഗതിയാണ്. സമുദ്രം എന്നത് നമ്മള് പുറമെ കാണുന്ന ഒന്നല്ല. അതിന്റെ അടിത്തട്ട് നമുക്ക് കാണാന്‍ കഴിയില്ല. ഇങ്ങനെ കാണാന്‍ കഴിയാത്ത ഒന്ന് ഈ സ്ഥാപനത്തിന്/കോളജിന് ഉണ്ടെന്നു പറയുകയാണ്. ഈ കോളജിലെ കെട്ടിടങ്ങളുടെ ഭാഗമായാണല്ലോ മരങ്ങൾ വരുന്നത്. ഈ കവിതയില്‍ തിരിച്ചാണ്. മരങ്ങളുടെ ഭാഗമായാണ് കെട്ടിടങ്ങള്‍ വരുന്നത്. പിന്നെ മരപ്പട്ടികൾ വരുന്നു. അവ അധ്യാപകര്‍ മേശപ്പുറത്തു വെച്ച ബുക്കും പെന്സിലുമെല്ലാം തട്ടിത്തെറിപ്പിച്ചിട്ടു പോകുന്നതായും ഉണ്ട്. നമ്മള് ജീവിതത്തെ സാമ്പ്രദായികമല്ലാത്ത രീതിയില്‍, മനുഷ്യകേന്ദ്രിതമല്ലാത്ത രീതിയില്‍ കാണുന്നതാണിത്. ഇങ്ങനെയെല്ലാമുള്ള ഒരുപാടു വ്യത്യാസമുള്ള രചനയാണത്. വളരെ ബുദ്ധിമുട്ടിയാണ് ആ വര്‍ക്ക് ചെയ്തത്. പുതിയകാലത്ത് വളരെ സങ്കീർണവും ലളിതവുമായ കലാരൂപങ്ങളുണ്ട്. ബിനാെലയിലൊക്കെ അത് കാണാന്‍ കഴിയും. ഞാന്‍ ആദ്യം പറഞ്ഞപോലെ വീടിനു തറ കെട്ടിയിടുന്നു. ഇതിലാണ് വെർട്ടിക്കലായി ഉയര്‍ത്തുന്നത്. ഹൊറിസോണ്ടലായ സംഗതികളില്‍ വെര്‍ട്ടിക്കലായി ഉയര്‍ത്തുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ വൈവിധ്യങ്ങള്‍ കടന്നുവരും. നമ്മള് ഇതിൽ ഒരേസമയം ഏത് ഉയരത്തിലേക്കും പോകുന്ന രീതിയിലാണ് കവിത പോകുന്നത്. വളരെ ലളിതമായ കവിതകള്‍ ഉണ്ട്. സങ്കീർണമായ, ഗാനാത്മകമായ കവിതകളുണ്ട്. അങ്ങനെ വ്യത്യസ്തമായ അഭിരുചികള്‍ ഉണ്ടാകുന്നു. വളരെ സാധാരണക്കാരായ മനുഷ്യര്‍ക്കുപോലും പല അഭിരുചികളുണ്ട്. ഓരോരുത്തരുടെയും താൽപര്യങ്ങളെ നമ്മൾ മാനിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള വൈവിധ്യങ്ങളാണ് കവിതകളിൽ ഉള്ളതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
സമീപകാലത്തു സോഷ്യൽ മീഡിയ ഇടപെടലുകൾ ശ്രദ്ധിക്കുമ്പോൾ തോന്നിയ ചില കാര്യങ്ങളാണ് ഇനി ചോദിക്കുന്നത്. കലാകാരനോ കലാകാരിക്കോ അവരുടെ കലാസൃഷ്ടികൾക്കോ പ്രായം മാനദണ്ഡമല്ലെങ്കിലും പുതുകവിതയെന്ന് തൊണ്ണൂറുകള്‍ക്കുശേഷം വിശേഷിപ്പിക്കപ്പെട്ട കാവ്യഭാവുകത്വം, അതിന്റെ മുന്നില്‍നിന്ന ആളുകൾ ഇന്ന് അമ്പതുകൾ പിന്നിട്ടവരായി മാറിയിരിക്കുന്നു. അവർക്കുശേഷം കവിതയില്‍ വന്ന ഒരു തലമുറയും സജീവമാണിപ്പോൾ. താങ്കളുടെ ഉള്‍പ്പെടെയുള്ളവരുടെ നിരീക്ഷണങ്ങളില്‍ ഈ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘര്‍ഷം പ്രകടമാണ്. അത് ഒരുതരത്തില്‍ പാരമ്പര്യവും പുതിയ മാറ്റങ്ങളും നേര്‍ക്കുനേർ നില്‍ക്കുന്നതാണോ? ഭാഷയിലും ഭാവുകത്വത്തിലും അനുഭവലോകത്തിലുമെല്ലാം പുതിയകാലത്തെ എഴുത്തുകളിൽ പൊളിച്ചെഴുത്തു നടക്കുന്നില്ല എന്നാണോ വിമര്‍ശനത്തിന്റെ കാതൽ?
വളരെ പ്രധാനപ്പെട്ട ചോദ്യമാണിത്. കവിതയില്‍ വരുന്ന പ്രശ്നം എന്താണെന്ന് വെച്ചാല്‍ 1990കളുടെ പകുതിയിലാണ് പുതിയ കവിത ഉണ്ടായതെന്ന് പറഞ്ഞല്ലോ. അത് അവിടെ നിൽക്കട്ടെ. രണ്ടായിരം മുതല്‍ രണ്ടായിരത്തി പത്തുവരെ ഏറ്റവും സജീവമായിനിന്നത് കവിതയാണ്. പിന്നീട് ഒരു സജീവത കിട്ടിയത് ചെറുകഥക്കാണ്. ഉണ്ണി ആര്, എസ്. ഹരീഷ് പോലുള്ളവര്‍, സുഭാഷ് ചന്ദ്രന് നേരത്തേ വന്നയാളാണ്. സ്ത്രീകളായിട്ടുള്ള കെ.ആര്. മീര, കെ. രേഖ തുടങ്ങി ധാരാളം എഴുത്തുകാര്‍ കടന്നുവന്നു. പിന്നെ വരുന്നൊരു ഘട്ടമെന്നത് നോവലിന്റെയാണ്. അതായത്, ഇപ്പോള്‍ നോവലിന്റെ ഒരു ഘട്ടമാണ്. 2000 മുതല്‍ 2010 വരെ, ഇത് ഒരു ഏകദേശ കണക്കാണ് എങ്കിലും ആ സമയത്താണ് കവിതയില്‍ കൂടുതൽ ചലനങ്ങൾ ഉണ്ടായത്. ആ കാലത്താണ് ‘മീന്കാരൻ’ (2003), ‘ഐഡന്റിറ്റി കാര്‍ഡ്’ (2005), ‘കറുത്തകല്ല്’ (2000), ‘ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു’ (2009) തുടങ്ങിയ എന്റെ സമാഹാരങ്ങള്‍ വരുന്നതും മറ്റുപലരുടെയും പ്രധാനപ്പെട്ട കൃതികൾ വരുന്നതും ഇക്കാലത്താണ്. കവിതക്ക് കിട്ടിയ അംഗീകാരം കൂടിയായിരുന്നു അത്. ഏതൊരു കാര്യവും കുറച്ചുകഴിയുമ്പോൾ താഴേക്ക് ഇറങ്ങും. അപ്പോഴാണ് ഈ പറയുന്ന ചെറുപ്പക്കാര്‍ വരുന്നത്. അവര്‍ വരുമ്പോള്‍ ഇവിടത്തെ പ്രധാനപ്പെട്ട ധാര ചെറുകഥയുടേതാണ്. ഇവര്‍ ശരിക്കും ചെറുകഥയോടാണ് കലഹിക്കേണ്ടത്. പക്ഷേ, ഇവര്‍ കവിതകളോടാണ് കലഹിക്കാന്‍ നോക്കിയത്. ഇവര്‍ കുറെക്കൂടി പിറകിലോട്ട് ഇറങ്ങി ചിന്തിച്ചു, ആധുനികതയെ മടക്കിക്കൊണ്ടുവരുകയാണ് ചെയ്തത്. ശരിക്കും ഒരു ഉത്തരാധുനിക ഭാവുകത്വമാണെന്ന് പറയാന്‍ കഴിയില്ല. മറിച്ച് മോഡേണിസത്തിന്റെ തന്നെ ഒരു ഉയര്‍ന്ന രൂപം. ഞങ്ങള്‍ മോഡേണിസത്തിന്റെ നിഷേധമാണ് (Negation) കൊണ്ടുവന്നതെങ്കിൽ അവർ അതിന്റെ വിപുലീകരണമാണ് (Extension) നടത്തിയത്. അതില്‍ പൊതുവേ സർറിയലിസം പോലുള്ള കാര്യങ്ങൾ കടന്നുവന്നു. അത് അവര്‍ വിശദീകരിച്ചിട്ടില്ല. വിശദീകരിക്കാനായിട്ടു പരിസ്ഥിതിബോധം എന്നുപറയാവുന്ന സംഗതി ഉണ്ടായിട്ടില്ല. അതുപോലെ എടുത്തുപറയാവുന്ന രീതിയില്‍ പെണ്ണെഴുത്ത് എന്നതിൽ ശ്രദ്ധിച്ചിരുന്നില്ല. വിചിത്രമായ ഒരുപാട് ഭാവനകള്‍ ഉണ്ടായി. ലതീഷ് മോഹനെപ്പോലുള്ളവരുടെ കവിതകള്‍ സാധാരണക്കാര്‍ക്ക് വായിച്ചെടുക്കാൻ പ്രയാസമാണ്. അങ്ങനെ പെട്ടെന്നൊന്നും കമ്യൂണിക്കേറ്റ് ചെയ്യുന്ന കവിതയല്ല. അതിൽ ദലിതെഴുത്തിൽ കുറച്ചുകൂടി പോപുലറായ കാര്യങ്ങൾ ഉള്‍പ്പെടുത്തി. പലരും സിനിമയെയും മറ്റു കലാരൂപങ്ങളെയും ഉപയോഗിച്ച് കവിതയെ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഇവരുടെ പ്രശ്നം എന്നുപറഞ്ഞാല്‍ ഞങ്ങളുടെ തലമുറയിലുണ്ടായിരുന്ന ഭാഷാപരമായ ബലമില്ലാതെ പോയി. അത് മറ്റൊന്നുമല്ല, കേരളത്തിലെ വിദ്യാഭ്യാസത്തില്‍വന്ന മാറ്റമാണ്. കാരണം മലയാളംപോലൊരു ഭാഷ വലിച്ചെറിയപ്പെട്ടു. പിന്നെ ഇവരിൽ പലരും നാട്ടിലും വീട്ടിലും സംസാരിച്ച ഭാഷ വെച്ചാണ് കവിതയെഴുതുന്നത്. ബഷീറിനെ വായിച്ച രീതിയിലുള്ള ഭാഷയല്ല അവര്‍ നിർമിച്ചെടുത്തിരിക്കുന്നത്. ബഷീറിനെ വായിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. വായിച്ചിട്ടുണ്ടാവും. എന്നാല്‍, സ്വാംശീകരിച്ചിട്ടുണ്ടോ എന്ന് നിശ്ചയമില്ല. പിന്നെ അവര്‍ക്ക് പറ്റിയ പരാജയം എന്താണെന്നുവെച്ചാൽ കവിതയുടെ എണ്ണത്തില്‍ അവര്‍ വളരെയധികം ശ്രദ്ധിച്ചു. എണ്ണം കൂടിപ്പോയി. അതുകൊണ്ട് അവരുടെയൊന്നും കവിതകളിൽ എടുത്തുപറയത്തക്ക പേരുകൾ ഇല്ലാതെ പോയി. നമുക്കറിയാം ‘കൊട്ട’ എന്നുള്ള കവിത, അതുപോലെ ‘പട്ടാമ്പിപുഴ മണലില്‍’, ‘മാമ്പഴക്കാലം’ ഇങ്ങനെ കവിതകളുടെ പേരുകള്‍ ഉണ്ടല്ലോ. പുതിയ കാലത്തെ കവികളില്‍ അതില്ലാതെപോയി. അവര്‍ ഒരു പുസ്തകത്തില്‍തന്നെ നൂറിലധികം ഗദ്യകവിതകള്‍ അങ്ങ് എഴുതുകയാണ്. ഈ കവിതകൾ തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. ഒന്നാമത് ഒരു നോവല്‍ വായിക്കുന്നപോലെ ഒരു കവിതാ പുസ്തകം വായിക്കാൻ പറ്റില്ലല്ലോ. കാരണം ഇവിടെ തുടര്ച്ചയില്ലല്ലോ. ഒരു കവിത കഴിഞ്ഞാല്‍ അടുത്ത കവിതയിലേക്ക് ആദ്യംമുതലേ വായനക്കാരും തുടങ്ങണം. മൂന്നാല് പ്രാവശ്യം വായിച്ചാലേ അതിന്റെ സത്ത കിട്ടുകയുള്ളൂ. നോവലും ചെറുകഥയും ഒറ്റ വായനയില്‍തന്നെ പിടികിട്ടും. പെട്ടെന്ന് നമ്മെ വഹിച്ചു കൊണ്ടുപോകും. പക്ഷേ, കവിതക്ക് അങ്ങനെ പറ്റില്ല. കവിത വേണ്ടത് ആര്‍ക്കാണ്? സാധാരണക്കാര്‍ക്കാണ്. അവര്‍ വായിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല, അവരുടെ ഉള്ളിലേക്ക് മറ്റുപല കാരണങ്ങൾകൊണ്ടും കവിതയിറങ്ങി ചെല്ലുന്നുണ്ട്. കോളജില്‍ പഠിക്കുന്ന ഒരു കുട്ടി കവിത വായിക്കുമ്പോൾ, ചൊല്ലുമ്പോള്‍ അവരുടെ അച്ഛൻ അത് കേള്‍ക്കുന്നു, ശ്രദ്ധിക്കുന്നു. അപ്പോള്‍ അത് അയാളുടെ മനസ്സിൽ തങ്ങിനില്ക്കും. അതും ഒരുതരം വായനയാണ്. പിന്നെ നമുക്ക് അറിയാമല്ലോ കവിതയിലിന്നും തുടര്‍ന്നുപോരുന്ന ആധുനികരുടെ ആധിപത്യം. കെ.ജി. ശങ്കരപ്പിള്ള, സച്ചിദാനന്ദന്, ബാലചന്ദ്രന് ചുള്ളിക്കാട് തുടങ്ങിയ ആധുനികരുടെ ആധിപത്യം ഇന്നും അവസാനിച്ചിട്ടില്ല. അവര്‍ ഇന്നും എഴുതുന്ന കവിതകൾ ആള്ക്കാർ പെട്ടെന്ന് ശ്രദ്ധിക്കും. അവര്‍ക്ക് കിട്ടുന്ന മാധ്യമശ്രദ്ധയൊന്നും പുതിയ കവികള്‍ക്ക് ലഭിച്ചിട്ടില്ല. ഞങ്ങളുടെ തലമുറയില്‍തന്നെ വലിയ ശ്രദ്ധയൊന്നും എല്ലാവര്ക്കും കിട്ടിയില്ല.
പലപ്പോഴും പുതിയ തലമുറയിൽപെട്ടവർ പുസ്തകങ്ങൾ ഇറക്കുമ്പോൾ അതിന് അവതാരിക, രണ്ടോ മൂന്നോ പഠനങ്ങള്‍ ഒക്കെ കാണാം. സച്ചിദാനന്ദനെക്കൊണ്ട് ഒരു ബ്ലർബ് എങ്കിലും എഴുതിക്കുകയെന്നത് ഒരു ആചാരംപോലെ തുടരുന്നതും ശ്രദ്ധയിൽപെടുന്നു. ആധുനിക കവിതകളില്‍നിന്നും മാറി വലിയ പരിവര്‍ത്തനങ്ങൾ സൃഷ്ടിക്കുന്നു എന്ന് അവകാശപ്പെടുന്നവരിൽപോലും ഇത്തരം ചടങ്ങുകള്‍ ഒഴിയാബാധയായി നില്ക്കുന്നു. സച്ചിദാനന്ദന്റെ തലമുറക്ക് ശേഷം വന്ന, ഏറ്റവും വ്യത്യസ്തമായി കാവ്യഭാഷയെ അഴിച്ചുപണിത താങ്കളുടെ ഇക്കാര്യത്തിലുള്ള അഭിപ്രായം എന്താണ്? ‘കറുത്തകല്ലി’ന്റെ ആമുഖത്തില്‍ ആദിവാസികള്‍ക്കും കടല്‍ജീവിതം നയിക്കുന്നവര്ക്കുമൊക്കെ സമര്‍പ്പിക്കുന്നത് വായിച്ചത് ഓര്‍ക്കുന്നു. ആ സമാഹാരത്തില്‍ ചില കവിതകളും ഈ പ്രമേയത്തിലുണ്ട്. ഗോത്രകവിതയും മറ്റും ശ്രദ്ധിക്കപ്പെടുന്ന ഇക്കാലത്ത് അത്തരം ജീവിതങ്ങളെ ആവിഷ്കരിച്ച ഒരാളെന്ന നിലയിൽ എന്താണ് പറയാനുള്ളത്?
സച്ചിദാനന്ദൻ എന്ന് പറയുന്നത് പുതുകവികള്‍ക്ക് ഒരു സംരക്ഷണത്തിന്റെ രൂപമാണ്. അദ്ദേഹം ഒരു വലിയ കവിയാണ്. ഇന്ത്യയിലും ലോകത്താകമാനവും അറിയപ്പെടുന്നയാള്‍. കേരളത്തില്‍ മാത്രമല്ല പ്രശസ്തൻ അതുപോലെ റേഞ്ച് ഉള്ളൊരു കവി മലയാളത്തില്‍ ഉണ്ടായിട്ടില്ല. മാത്രമല്ല, മഹാജ്ഞാനിയുമാണ്.സാധാരണക്കാരുടെയും കീഴാളരുടെയും സ്ത്രീകളുടെയുമൊക്കെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരുപാടു കാര്യങ്ങള്‍ ചെയ്തിട്ടുള്ള മഹാവ്യക്തിത്വവുമാണ്. അങ്ങനെയൊക്കെ സംരക്ഷണം കൊടുക്കുന്ന പിതൃരൂപമാണ്. ഞാന്‍ അങ്ങനെയൊരു പിതൃരൂപമല്ല. ഞാനൊരു ഭീഷണമായ രൂപമാണ്. എന്നുവെച്ചാൽ അവർ അങ്ങനെയാണ് കാണുന്നത്. എന്തെന്നാല്‍ നമ്മളെ അവര്‍ക്ക് ഭയമാണ്. കാരണം അവർ ആരെങ്കിലും ഒരു കവിതയെഴുതുമ്പോൾ അതിനകത്തൊരു വരി, എന്റെ കവിതയുടെ വരിപോലെയുണ്ടെങ്കിൽ അവരെ ആള്ക്കാർ ചോദ്യംചെയ്യും. ജോസഫിന്റെ കവിതയുടെ അനുകരണമാണെന്ന് പറയും. അങ്ങനെ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ വളരെ പ്രശസ്തരായ ചില കവികൾ ജോസഫിന്റെ അനുകര്ത്താക്കളാണെന്നു ഒരുപാടുപേര് പറഞ്ഞിട്ടുണ്ട്. ഞാന്‍ അതൊന്നും അത്ര ഗൗരവത്തില്‍ എടുത്തിട്ടില്ല. അത് അവര്‍ അങ്ങനെ എഴുതട്ടെ. അതാണല്ലോ നമ്മള് ഉണ്ടാക്കുന്ന ലോകം. പുതിയ ലോകം എന്ന് പറഞ്ഞാൽ സബാള്ട്ടനിറ്റിക്ക് വളരെ പ്രാധാന്യമുള്ള ഒന്നാണ്. മാത്രമല്ല; സബാള്‍ട്ടന്‍ പശ്ചാത്തലത്തില്‍നിന്ന് ഒരുപാടുപേർ എഴുത്തിലേക്ക് കടന്നുവന്ന ഒരു കാലവുമാണ്. പലതരത്തില്‍. ദലിത്, ആദിവാസി, പെണ്ണെഴുത്തു മാത്രമല്ല. അല്ലാതെതന്നെ ഒരുപാട് വിഭാഗങ്ങള്‍ കടന്നുവന്നിട്ടുണ്ട്. എല്ലാവരുടെയും കവിതകള്‍ എന്റെ സ്വാധീനത്തില്‍നിന്ന് വന്നതാണെന്നു ഞാന്‍ പറയില്ല. അത് ശരിയല്ല. പേക്ഷ, അതില്‍ കുറെയേറെ കവികൾ അങ്ങനെ വന്നിട്ടുണ്ട്. അത് വളരെ നല്ലതാണ്. അവരുടെയൊക്കെ കവിതകള്‍ മെച്ചപ്പെട്ടതുമാണ്. പക്ഷേ, അവര്‍ വന്നപ്പോള്‍ വളരെ തന്ത്രപൂർവം അവരെ വേറൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. എം.എല്‍.എമാരെ ബസിലും റിസോര്‍ട്ടിലുമൊക്കെ കൊണ്ടുപോകുന്നപോലെ. അങ്ങനെ നമ്മള് പരാജയപ്പെടുകയാണ്. അതാണ് പ്രശ്നം. നമ്മള് മുന്നോട്ടു കൊണ്ടുവന്ന പ്രശ്നം, ആദ്യം പറഞ്ഞത് ജാതീയമായ പ്രശ്നങ്ങളെക്കുറിച്ചാണ്. നമ്മുടെ സങ്കടങ്ങളെക്കുറിച്ചാണ്. ദുഃഖങ്ങളെക്കുറിച്ച്, വേദനകളെക്കുറിച്ച്, നമ്മുടെ സാഹചര്യങ്ങളെക്കുറിച്ച് ആണ്. പിന്നെ എമര്‍ജിങ് പോയട്രിയൊക്കെ പറയാൻ ശ്രമിച്ചത് ജാതിരഹിതമായ ഒരു കൂട്ടായ്മയിലേക്ക് മാറാന്‍ കഴിയും എന്ന കാര്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാവരും കവികളെന്ന് വിളിക്കപ്പെടണമെന്ന് കരുതുന്നതിന്റെ കാര്യമിതാണ്. ഇപ്പോള്‍ ആരെയാണ് കവികളെന്ന് വിളിക്കുന്നത്? സവര്‍ണ പുരുഷന്മാരെ മാത്രമാണ് കവികളെന്ന് വിളിക്കുന്നത്. സവര്‍ണസ്ത്രീകളെ വിളിക്കുന്നത് പെണ്‍കവി. ദലിത് കവി, ആദിവാസി കവി, ഗോത്രകവി, ട്രാന്‍സ് ജെന്‍ഡർ കവി എന്നൊക്കെയാണ് മറ്റുള്ളവരെ വിളിക്കുന്നത്. ഇപ്പോള്‍ അങ്ങനെ വിളിക്കേണ്ട കാര്യമില്ല. നമുക്ക് അറിയാം പണ്ട് നമ്മുടെയൊക്കെ പേര് ജോസഫ് എന്നാണെങ്കില്‍ ഔത എന്നാണ് വിളിക്കുക. ഔസേപ്പ് എന്നൊക്കെയാണ് വിളിക്കുന്നത്. ആ രീതിയൊക്കെ മാറിയില്ലേ? കുറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും മനസ്സിലാക്കാതെയാണ് ഇേപ്പാൾ കാര്യങ്ങൾ പോകുന്നത്. എമര്‍ജിങ് പോയട്രി അങ്ങനെയൊരു കാഴ്ചപ്പാട് നല്‍കാനാണ് ശ്രമിച്ചത്. അതിന് സച്ചിദാനന്ദൻ മാഷിന്റെയൊക്കെ പിന്തുണയും ഉണ്ടായിട്ടുണ്ട്. അദ്ദേഹം അത് വേഗം തിരിച്ചറിയുകയും കവിതകൾ തരുകയും സഹകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഒരു മീറ്റിങ്ങിന് ഉദ്ഘാടന പ്രസംഗം തന്നത് അദ്ദേഹമാണ്. അങ്ങനെ പലതരത്തിലും അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഇത് പുതിയ തലമുറയിലുള്ളവര്‍ക്ക് മനസ്സിലാകുന്നില്ല. അവർ ഇതിനെ എതിര്‍ത്ത് നില്‍ക്കുകയും എമര്‍ജിങ് പോയട്രിയുടെ പരിപാടിക്ക് വരാമെന്ന് പറഞ്ഞു വരാതിരിക്കുകയുമാണ് ചെയ്തത്. അവരുടെ താൽപര്യം അങ്ങനെയാണെങ്കിൽ അവർ സ്വന്തമായി കവിയില്‍ നില്‍ക്കണം. അവര്‍ അങ്ങനെ നില്ക്കുന്നുമില്ല. ആരുടെയൊക്കെയോ കീഴിൽ പോയി തണലിൽ നില്‍ക്കുകയാണ്. അങ്ങനെ തണലില്‍ നില്‍ക്കേണ്ട കാര്യമില്ല. ഞങ്ങളൊന്നും തണലില്നിന്നിട്ടല്ലല്ലോ വളര്‍ന്നത്. ഇവിടെ സച്ചിദാനന്ദൻ മാഷിന്റെ തണലിൽ പോയി നില്‍ക്കേണ്ട കാര്യമില്ല. അവതാരികയൊന്നും എഴുതിക്കേണ്ട കാര്യമില്ല. കൂട്ടുകാർ എഴുതിയാലും മതി. ധാരാളം കവികൾ ഉണ്ടായി. ഇത് വേറൊരുതരത്തില്‍ കാണാവുന്നതാണ്. അതായത്; ജ്ഞാനാന്വേഷണമായിട്ട്. ബൈബിളിലെ പുതിയ നിയമം എടുത്താല്‍ ആകെ നാല് സുവിശേഷങ്ങളേയുള്ളൂ. എന്നാല്‍, സുവിശേഷങ്ങൾ വേറെയുമുണ്ട്. യൂദാസ് എഴുതിയ സുവിശേഷം, മഗ്ദലനമറിയം എഴുതിയ സുവിശേഷം. അതില്‍ ചിലതു മാത്രമേ സ്വീകരിക്കപ്പെട്ടുള്ളൂ. ഇതാണ് അതിന്റെ പ്രശ്നം. ഞാന്‍ പറഞ്ഞല്ലോ നമ്മളെ ഒരു ഭീഷണരൂപമായി കാണുകയാണ്. Demonize ചെയ്യുകയാണ്. ജോസഫ് ശരിയല്ല, ഇപ്പോള്‍ പറയുന്നതല്ല പിന്നെ പറയുന്നത്, ജോസഫിനു സ്ഥിരതയില്ല, അതില്ല ഇതില്ല, അതുപോലെ ജാതിബാധയാണ്, സംഘ്പരിവാറിന്റെ യുക്തിയാണ് പറയുന്നത്, കമ്യൂണിസ്റ്റ് ഐഡിയോളജിയാണ് പറയുന്നത്. പലതരത്തില്‍ പറഞ്ഞുകൊണ്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. കവിതയില്‍ ആദ്യകാലത്ത് ബ്രാഹ്മണരായിരുന്നു ഉണ്ടായിരുന്നത്. അവരായിരുന്നു കവിതയുടെ അലകും പിടിയും മാറ്റിക്കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോൾ കീഴാളസമൂഹങ്ങള്‍ക്കും കടന്നുവരാം. അങ്ങനെയാണ് ഞാനും വരുന്നത്. അപ്പോള്‍ നമ്മൾ പുതിയൊരു സംഗതി മുന്നോട്ടുവെക്കുന്നു. അതിനെതിരെയുള്ള പ്രവര്‍ത്തനംകൂടി ഇതിനകത്ത് ഉണ്ടെന്നു തോന്നിയിട്ടുണ്ട്. സംശയിക്കുന്നുണ്ട്.
ഐഡന്റിറ്റി എന്ന് പറയുന്നത് സ്വത്വരാഷ്ട്രീയത്തിന്റെ ഭാഗമായിട്ടല്ല മറിച്ച്; ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ഒരുപാട് ഭയസംഘര്ഷങ്ങളുണ്ട്. അടുത്തകാലത്ത് താങ്കള്‍ എഴുതിയ ഒരു കുറിപ്പില്‍ അതിന്റെ പ്രതിഫലനവും തീക്ഷ്ണതയും കണ്ടു. സാമൂഹിക-സാംസ്കാരിക ഒറ്റപ്പെടലില്നിന്നാണോ അത്തരം എഴുത്തുകളിലേക്ക് വരുന്നത്? പ്രത്യേകിച്ച് ദലിത് വാദത്തെക്കുറിച്ച്. മുമ്പുതന്നെ ദലിത് വാദത്തിന്റെ ഹിന്ദു മേധാവിത്വത്തെക്കുറിച്ച്, സാംസ്കാരിക-രാഷ്ട്രീയ പക്ഷപാതിത്വത്തെക്കുറിച്ച് എഴുതിയും പറഞ്ഞും നില്ക്കുന്ന ഒരാളെന്നനിലക്കാണ് ഈ ചോദ്യമുന്നയിക്കുന്നത്. എന്താണ് യഥാർഥത്തിലുള്ള വിമര്‍ശനം?
അതായത് സാഹിത്യ അക്കാദമിയില്‍നിന്ന് രാജിവെച്ചതുമായി ബന്ധപ്പെട്ട് എന്നെ അത്ഭുതപ്പെടുത്തിയ കാര്യം പറയാം. ഞാന്‍ ഒരു ജാതിയിലാണ് ജനിച്ചത്. പക്ഷേ, അതിനപ്പുറത്തേക്കു പോയി. പോയി എന്നു പറഞ്ഞാൽ ആളുകൾ പറയുന്നത് പോയില്ലാ എന്നാണ്. പോയില്ലെന്നു പറഞ്ഞാല്‍ ആളുകൾ പറയും പോകണമെന്ന്. അതായത് നമ്മള് എവിടെനിന്നാലും മാറിനില്‍ക്കെടാ എന്ന രീതിയിലുള്ള പൊലീസുകാരുടെ പറച്ചിലുണ്ടല്ലോ. നിന്ന സ്ഥാനത്തുനിന്ന് അവനെ തെന്നിമാറ്റുകയെന്ന് കെ.എം. വേണുഗോപാല്‍ ഒരിക്കൽ പറയുകയുണ്ടായി. എവിടെ നിര്ത്തപ്പെടുന്നുവോ അവിടെനിന്ന് എപ്പോഴും മാറ്റിനിര്‍ത്തപ്പെടും. ഇപ്പോള്‍ ഇന്ത്യയിലെ പ്രശ്നങ്ങളെന്നു പറയുന്നത് അതിസങ്കീർണമാണ്. കേരളത്തിലുമുണ്ട്. ഇന്ത്യയിലെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ പാകത്തിലുള്ള വിപുലമായ ഇന്ത്യന്‍ അനുഭവം നമുക്കില്ല. നമ്മുടെ അനുഭവങ്ങള്‍ കേരളത്തില്‍മാത്രം പരിമിതപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെമ്പാടും സഞ്ചരിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. കേരളത്തില്‍ ജാതിസംഘര്ഷങ്ങളില്ലാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനവുമില്ല. എന്റെ രാജിവെപ്പുമായി ബന്ധപ്പെട്ട്, എന്തിനാണ് രാജിവെച്ചത് എന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നത്. രാജിവെച്ച് ഒളിച്ചോടിപ്പോകുന്നത് ശരിയല്ലെന്നാണ് അവര്‍ പറയുന്നത്. എന്താണ് അങ്ങനെ ശരിയല്ലെന്ന് പറയുന്നത്? ഞാന്‍ എന്നെ അങ്ങോട്ട് കയറ്റണമെന്ന് പറയുന്നില്ലല്ലോ. ഞാന്‍ അവിടെനിന്നു പോവുകയാണ് ചെയ്തത്. ഇന്നത്തെ കാലത്തെ അധികാരവുമായി ബന്ധപ്പെട്ട് വിപരീതമായ ധാരയാണ് പോവുകയെന്നുള്ളത്. എങ്ങനെയെങ്കിലും എവിടെയെങ്കിലും കയറിപ്പറ്റാൻ വേണ്ടി ഉന്തിത്തള്ളിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പണ്ടൊക്കെ മനുഷ്യർ ധാർമികതയുടെ പേരിൽ രാജിവെക്കുമായിരുന്നു. ഇന്ന് എങ്ങനെയെങ്കിലും കയറുക മാത്രമേയുള്ളൂ. എന്‍ട്രന്‍സ് മാത്രമേയുള്ളൂ. എക്സിറ്റ് ഇല്ല. ഇവിടെ എന്റെ കാര്യത്തില്‍ എക്സിറ്റ് ചെയ്തതുപോലും കുറ്റമായി മാറുകയാണ്. അയാൾ രാജിവെച്ചു പോയാല്പോകട്ടെ, സമാധാനമായി കവിതയെഴുതട്ടെ എന്നു പറഞ്ഞാല്‍ മതി. കവികളെ സംബന്ധിച്ച് അധികാരവുമായി ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കേണ്ട കാര്യമില്ല. അതെനിക്ക് മനസ്സിലായത് എന്തെന്നുവെച്ചാൽ ഞാൻ ഈ സ്ഥാനത്ത് ഇരുന്നപ്പോൾ എന്നെ കവിയല്ലാതാക്കുവാൻ ശ്രമിക്കുകയാണ്. രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിൽ കിട്ടിയിരുന്ന ഒരു അംഗീകാരവും പല സ്ഥലത്തും കവിതകൾ അവതരിപ്പിക്കാൻ കിട്ടിയ അവസരവും ഇല്ലാതായി. സംസാരിക്കാനും കവിതകൾ അവതരിപ്പിക്കാനും കേരളത്തിൽ ഒട്ടുമിക്കയിടങ്ങളിലും സഞ്ചരിച്ചിട്ടുള്ള ഒരു മനുഷ്യനാണ് ഞാന്‍. അതൊക്കെ മാറിയിട്ട് ഞാൻ ഒരു അധികാര കസേരയില്‍ പോയിരുന്നാൽ, ‘പിന്നെ നീ അവിടെ ഇരുന്നോ ’ എന്നുള്ള രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്നു. അപ്പോൾ എനിക്കതിന്റെ ആവശ്യമില്ല. കേരളത്തില്‍ എന്നെപ്പോലെ ഒരാളെ ഈ സ്ഥലത്ത് ഇങ്ങനെ വെച്ചിരിക്കുന്നത് ഒരുതരം ഉപേക്ഷിക്കലാണ്. അത് എനിക്ക് മനസ്സിലായി. കേരളത്തിൽ നൂറുകണക്കിന് സാഹിത്യകാരന്മാർ ഉണ്ടെങ്കിലും പ്രശസ്തി മുഴുവനും സവർണര്‍ക്കാണ്.അതിപ്രശസ്തനായ ഒരു അവര്‍ണ എഴുത്തുകാരനെ നിങ്ങള്‍ക്ക് കാണിച്ചുതരാമോ? മൈക്കിള്‍ ജാക്സൺ ലോകപ്രശസ്തനാണ്. ബോബ് മാര്‍ലി ലോകപ്രശസ്തനാണ്. ടോണി മോറിസന്, ആലീസ് വാക്കര്‍, മായ എയ്ഞ്ചലോ, വില്‍സ്മിത്ത് അങ്ങനെ ലോകപ്രശസ്തരായ എത്രയോ പേര്. അപ്പോള്‍ ലോകത്ത് എല്ലായിടത്തും ഏതൊരു വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാര്‍ക്കും വലിയ നിലയിൽ എത്താനുള്ള സാഹചര്യമുണ്ട്. ഇവിടെ അതില്ല. എല്ലാവരും ഒരുപോലെ ആദരിക്കുന്ന അവര്‍ണ വിഭാഗത്തില്‍പ്പെട്ട ഒരു എഴുത്തുകാരനെയോ എഴുത്തുകാരിയെയോ നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ പറ്റുമോ? അതൊക്കെ നമ്മള് നോക്കുമ്പോൾ ഒന്നുകിൽ മേല്‍ജാതി-മതവിഭാഗത്തില്‍പ്പെട്ടവർ ആയിരിക്കും. സി. അയ്യപ്പന് വലിയ എഴുത്തുകാരനാണ് ഞാന്‍ സമ്മതിച്ചു. പക്ഷേ, പുള്ളിക്ക് എന്തുകിട്ടി? എഴുത്തിന്റെ പേരില്‍ ജനങ്ങളുടെ സ്നേഹം കിട്ടിയോ? ജനങ്ങളുമായി സംവദിച്ചോ? ആ പേരില്‍ അദ്ദേഹം ബഹുമാനിക്കപ്പെട്ടോ? ഇത് വളരെ പ്രധാനപ്പെട്ട ചോദ്യമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. ഈ ഉത്തരം കൃത്യമായോ എന്ന് എനിക്കറിയില്ല.
ഉത്തരം വളരെ വ്യക്തമാണ്. അപ്പോള്‍ വിവാദങ്ങളിലേക്ക് വന്നതുകൊണ്ടുതന്നെ അതിന്റെ തുടര്‍ച്ചയെന്നനിലയിൽ ചില വിശദീകരണംകൂടി ആവശ്യമുണ്ടെന്നു തോന്നുന്നു. കാരണം മാധ്യമതാൽപര്യങ്ങളും സമൂഹമാധ്യമ ഇടപെടലുകളും അവ്യക്തതകളും ആവേശങ്ങളും ഉണ്ടാക്കുന്നതില്‍ വിദഗ്ധരാണ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ പങ്കെടുപ്പിക്കുന്നത് സാഹിത്യ അക്കാദമിയുടെ പരിധിയില്‍പ്പെട്ട കാര്യമല്ലല്ലോ എന്ന യുക്തിയിലൂന്നിയ വിമര്‍ശനമാണ് പലരും ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇംഗ്ലീഷിലേക്കുള്ള താങ്കളുടെ കവിതകളുടെ നിരവധി വിവര്‍ത്തനമുള്‍പ്പെടെ ചെയ്യുകയും ഒട്ടേറെ സ്ഥലങ്ങളിൽ കവിതകളെക്കുറിച്ച് എഴുതുകയും ചെയ്ത സച്ചിദാനന്ദനാണ് കെ.എല്‍.എഫിന്റെ ഡയറക്ടര്‍. അതുകൊണ്ട് ഇപ്പോൾ സംഭവിച്ച പ്രശ്നങ്ങൾ ഒരു വ്യക്തിയോടുള്ള പ്രതിഷേധമായി ചുരുക്കുന്നത് എത്രത്തോളം ശരിയാണ്? അതോ അക്കാദമിപോലുള്ള സര്‍ക്കാർ സ്ഥാപനവത്കൃത ഘടനയോടുള്ള വിയോജിപ്പാണോ?
സച്ചിദാനന്ദന് എന്നെക്കുറിച്ച് നിരവധി എഴുതിയിട്ടുള്ളയാളാണ്. പുതിയ തലമുറയിലുള്ള കവികളില്പ്പെട്ട എന്നെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും കൂടുതൽ എഴുതിയിട്ടുള്ളതും അദ്ദേഹമാണെന്ന് പറയാം. അദ്ദേഹവുമായി എനിക്ക് ഇപ്പോഴും നല്ല ബന്ധമുണ്ട്. പക്ഷേ, ഈ ഒരു സന്ദര്‍ഭത്തില്‍ ഒറ്റക്കാരണംമൂലം രാജിവെക്കുക എന്നതല്ല; പല കാരണങ്ങള്‍മൂലം രാജിവെക്കുക എന്നു കാണുന്നതാണ് ശരി. ഡി.സി ബുക്സ് നടത്തിയ ഈ പരിപാടിയിൽ രണ്ടുമൂന്ന് വര്‍ഷമായി എന്നെ പങ്കെടുപ്പിക്കാറില്ല. ഏഴെട്ട് പുസ്തകങ്ങള്‍ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചതിലൂടെ അവരുടെ മുഖ്യ എഴുത്തുകാരില്‍ ഒരാളായാണ് ഞാൻ മനസ്സിലാക്കുന്നത്. ഇനിയുള്ള എന്റെ പുസ്തകങ്ങളും അവര്‍ ചെയ്യാമെന്ന് പറഞ്ഞിരുന്നു. അപ്പോൾ ഈ പരിപാടിക്ക് മൂന്നു വര്‍ഷമായി എന്നെ എന്തുകൊണ്ട് ക്ഷണിച്ചില്ലായെന്നു ആലോചിച്ചപ്പോൾ ഇതിന്റെ ഡയറക്ടർ സച്ചിമാഷാണല്ലോ. അദ്ദേഹം അത്ര ശ്രദ്ധിച്ചിട്ടില്ല എന്നാണ് വിശദീകരിക്കുന്നത് എങ്കിലും ഞാന്‍ അങ്ങനെ വിചാരിക്കുന്നില്ല. ഒരു ബ്രോഷർ കാണുമ്പോള്‍ നോക്കണ്ടേ? നോക്കിയിട്ടും പുള്ളിയെന്റെ പേര് കണ്ടില്ലെങ്കിലും ശ്രദ്ധിക്കാത്തതിന്റെ കാരണമെനിക്ക് അറിയില്ല. അദ്ദേഹം അത്രക്ക് കൺസേൺ ആയിരുന്നില്ല എന്ന് കരുതുന്നില്ല. അങ്ങനെയാണെങ്കിലും ജോസഫിനെക്കൂടി പങ്കെടുപ്പിക്കണം എന്ന് പറയാമല്ലോ. പക്ഷേ, ഇവിടത്തെ പ്രശ്നം ഞാൻ മനസ്സിലാക്കുന്നത് മറ്റൊന്നാണ്. ഞാന്‍ ഇപ്പോൾ ഒരു ദലിത് ചോയ്സല്ല. പലപ്പോഴും ദലിതനാണ്, ദലിതനല്ല എന്നൊക്കെ സന്ദേഹിച്ചുകൊണ്ട് പറയുന്ന ഒരാളാണ് ഞാന്‍. നിങ്ങള്‍ക്ക് അറിയാമല്ലോ അത് എന്റെ ഒരു സന്ദേഹമാണ്. ‘Either or’ എന്നുള്ളത് ഡാനിഷ് ചിന്തകനായ കിര്‍ക്കെ ഗാഡിന്റെ ഒരു പുസ്തകത്തിന്റെ പേരാണ്. Either or എന്നുള്ള പ്രശ്നം ഇവിടെ എന്റെ ജീവിതത്തിലുണ്ട്. എന്റെ ജീവിതത്തിലുണ്ടെന്നല്ല നമ്മളെപ്പോലെയുള്ള മനുഷ്യരുടെയെല്ലാം ജീവിതത്തിലുണ്ട്. ജാതിരഹിതമായിട്ട് നമ്മള് പെരുമാറുന്നവരാണ്. ജാതീയമായിട്ടു പലപ്പോഴും നമുക്ക് ജീവിക്കേണ്ടിയും വരുന്നുണ്ട്. ഇത് രണ്ടും ശരിയാണല്ലോ. അപ്പോള്‍ ഈ either or എന്ന് പറയുന്ന പ്രശ്നം ഇവിടെയുമുണ്ട്. ഡി.സി ബുക്സ് എന്റെ എട്ട് പുസ്തകം ചെയ്തതില്‍ രണ്ടു പുസ്തകമൊഴികെ ബാക്കിയെല്ലാംതന്നെ പ്രശസ്തമായവയാണ്. മലയാള കവിതയില്‍ വലിയ മാറ്റങ്ങൾ വരുത്തിയവയാണ്. കവിതയില്‍ മാറ്റം വരുത്തിയ കവിയെന്നനിലയിലാണ് ഞാന്‍ എന്നെ കാണുന്നത്. അതിനുവേണ്ടി അത്ര കഷ്ടപ്പെട്ടിട്ടുണ്ട്. ഭാഷയെ മാറ്റിപ്പണിയാനായിട്ട് ഞാന്‍ ഒരുപാടു ശ്രമിച്ചിട്ടുണ്ട്. ഭാഷ മാറ്റിപ്പണിതാലേ കവിതയിൽ എന്‍ട്രന്‍സ് കിട്ടുകയുള്ളൂ എന്നെനിക്ക് അറിയാമായിരുന്നു. ഭാഷയാണ് പ്രശ്നമെന്ന് നമ്മള് എപ്പോഴും പറയുമല്ലോ. അതൊക്കെ നമ്മള് ഇപ്പോൾ പഠിച്ച കാര്യങ്ങളാണ്. കവിതയില്‍ നൂറ് വാക്കുകൾ ഉണ്ടെങ്കില്‍ അതില്‍ ഒരു എഴുപതുവാക്കെങ്കിലും മലയാളം ഉണ്ടായിരിക്കണമെന്ന് എനിക്ക് തോന്നി. അതൊന്നും കൃത്യമായ കണക്കുകള്‍വെച്ചു പറയുന്നതല്ല. ഇപ്പോള്‍ നിങ്ങള്‍ക്കറിയാമല്ലോ ‘‘പുഴുവിൽനിന്നും മരപ്പൊത്തുകള്‍ എടുക്കരുതേ’’ പോലുള്ള വരികൾ ഈ ശ്രമത്തിന്റെയും നിര്‍ബന്ധത്തിന്റെയും ഭാഗമായുണ്ടായതാണ്. അങ്ങനെ ആ രീതിയിൽ ഭാഷ നിർമിക്കുവാൻ കഴിഞ്ഞതുകൊണ്ടാണ് ഇത്രയും എഴുത്തുകാര്‍ക്ക് കൂടുതുറന്നു പുറത്തേക്കു വരാന്‍ കഴിഞ്ഞത്. ഇനി അവര്‍ക്ക് വേണ്ടെന്നുവെക്കാന്‍ പറ്റുമോ? അത് വലിയ ഒരു ലോകമാണ്. ഭാഷയുടെയും കവിതയുടെയും ലോകം. അങ്ങനെ കവിതയെ മാറ്റിപ്പണിത ഒരാളെ ഒഴിവാക്കി നിർത്താൻ കഴിയുമോ? സച്ചിദാനന്ദന് മനപ്പൂര്‍വം എന്നെ ഒഴിവാക്കിയെന്നു ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ, അദ്ദേഹം അത് ശ്രദ്ധിക്കേണ്ടതായിരുന്നു. ഞാനുമായി നല്ല ബന്ധമുള്ള ഒരാളാണ് അദ്ദേഹം. ഇവിടെ പറ്റിയിട്ടുള്ള ഒരു പ്രശ്നം നമ്മള് അടുത്തുള്ളവരെ മറക്കുന്നു എന്നതാണ്. ഭാര്യയെക്കാൾ ഇഷ്ടം ആളുകള്‍ക്ക് കാമുകിയോടാണെന്നു പറയുംപോലെ, അടുത്തുള്ളതിനെ നമ്മള് അവഗണിക്കുന്നുണ്ട്. നമുക്ക് എപ്പോഴും അക്കരപ്പച്ചയോടാണ് താൽപര്യം. അങ്ങനെ വല്ലതുമാകാം. എനിക്ക് അറിയില്ല.
സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്
ഈ തിരസ്കാരങ്ങളെയും അതിന്റെ യുക്തിയെയും വ്യക്തിപരമായി മാത്രം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എസ്. ജോസഫിലൂടെ മലയാള കവിത സൃഷ്ടിച്ച ഭാവുകത്വമാറ്റം പലനിലയിൽ ചരിത്രത്തില്‍ ഉണ്ടാവുകയും തുടരുകയും ചെയ്യും. വ്യക്തിപരമായി ഒരു അനുഭവം പറഞ്ഞാല്‍ നാലഞ്ചുമാസം മുമ്പ് കാലടി സംസ്കൃത സര്‍വകലാശാലയുടെ തുറവൂർ സെന്ററിൽ ഒരു സെമിനാറിൽ പങ്കെടുത്തപ്പോള്‍ അധ്യാപകരുടെയും ഗവേഷകരുടെയും പ്രബന്ധങ്ങളിൽ മൂന്നെണ്ണം എസ്. ജോസഫിന്റെ കവിതകളെക്കുറിച്ച് ഉള്ളതായിരുന്നു. മഹാരാജാസ് കോളജിലെ മലയാള വിഭാഗം അധ്യാപിക ധന്യ എസ്. പണിക്കരുടെ ഉള്‍പ്പെടെയുള്ള അവതരണം ഞാൻ ഓര്‍ക്കുന്നു. എങ്കിലും ഈ സംഭാഷണത്തിലൊരിടത്തു പറയുന്നപോലെ, ഏതൊരു കാവ്യപ്രവണതക്കും ഏറ്റിറക്കങ്ങള്‍ ഉണ്ടാവാം. എസ്. ജോസഫിന്റെ എഴുത്തുകളും അങ്ങനെയൊരു പ്രതിസന്ധി നേരിടുന്നുണ്ടോ?
ആരെ തള്ളി ആരെ ഉള്‍ക്കൊണ്ടുവെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. കെ.എല്‍.എഫില്‍ ഉള്‍പ്പെടെ. മുക്കുവരുടെയും ആദിവാസികളുടെയും ലോകം എന്റെ ആദ്യസമാഹാരങ്ങളിലുണ്ട്. അത്തരം ലോകങ്ങളെ ആദ്യം കവിതയിൽ കൊണ്ടുവന്നത് ഞാനാണ്. ഞാനൊരു മുക്കുവനല്ല എങ്കില്‍പ്പോലും. ട്രൈബല്‍ സമൂഹത്തെക്കുറിച്ച് എട്ടോളം കവിതകൾ എഴുതിയിട്ടുണ്ട്. ‘ഏറുമാടം’, ‘അലക്കുകല്ല്’ തുടങ്ങി. ഇതില്‍ ‘അലക്കുകല്ല്’ സി.കെ. ജാനുവിനെ പൊലീസ് അറസ്റ്റ്ചെയ്തപ്പോൾ എഴുതിയതാണ്. ആദിവാസികളുടെ പ്രശ്നത്തിൽ പണ്ടേ വ്യാകുലതയുള്ളയാളായിരുന്നു ഞാൻ. അപ്പോള്‍ ഇവിടെ ഉയര്‍ന്നുവന്ന ട്രൈബല്‍ പോയട്രിയും കോസ്റ്റൽ പോയട്രിയുമൊക്കെ അല്ലെങ്കിൽ മറ്റു മേഖലകളില്‍നിന്ന് ഉയര്‍ന്നു വന്ന എഴുത്തുകാരുമൊക്കെതന്നെ നമ്മൾ കവിതയിൽ സൃഷ്ടിച്ചുവെച്ച ലോകത്തിന്റെ തുടര്‍ച്ചയാണ്. അതങ്ങനെ വന്നോട്ടെ. എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ, അവരാരും എന്റെ കൂടെയില്ലെന്നതാണ് പ്രശ്നം. സവർണബെല്റ്റിലൊക്കെപെട്ടിട്ട് ഞാനൊക്കെ മീറ്റിങ് വിളിച്ചാൽ വരാത്ത അവസ്ഥയിലേക്ക് അവര്‍ വന്നിരിക്കയാണ്. പുറപ്പെട്ടു എന്ന് പറയും. വരില്ല അവർ. അടുത്തുണ്ടെന്നു പറയും. തൊട്ടടുത്തിരിക്കുന്നവര്‍പോലും വരില്ല. നമ്മൾ ഒരാവശ്യം പറഞ്ഞാൽ അല്ലെങ്കിൽ കവിതയിലെ ഒരു കാര്യം സംസാരിക്കണം എന്ന് പറഞ്ഞാല്‍ വരാത്ത ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ പോയി എന്നുള്ളതാണ്. ഈ കോണ്ടെക്സ്റ്റിലാണ് ഈ പരിപാടിക്ക് എന്നെ വിളിക്കാത്തതും. ആരെങ്കിലുമൊക്കെ ചെയ്തതിനെ തുടരാനേ നമുക്ക് കഴിയൂ. അല്ലാതെ പുതിയതൊന്നു കണ്ടുപിടിക്കുക സാധ്യമല്ല. ഞാന്‍ ഒരു ഫിക്ഷൻ വായനക്കാരനായിരുന്നു. കവിതപോലെ ഞാന്‍ വായിച്ചിട്ടുള്ള അനുഭവലോകമാണ് നോവലിന്റെയും ചെറുകഥയുടെയുമൊക്കെ. അതില്‍നിന്ന് ഒരുപാട് അംശങ്ങൾ ഞാൻ കവിതയിലേക്ക് സ്വീകരിച്ചിട്ടുണ്ട്. അത് എനിക്ക് മാത്രമല്ല പലര്‍ക്കുമുണ്ട്. തല മറന്ന് എണ്ണ തേക്കുക എന്ന രീതിയിലുള്ള ഒരു പ്രവർത്തനം ഇവിടെ നടന്നിട്ടുണ്ട്. അതിന്റെ പിന്നില്‍ ചിലയാളുകൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. കാരണം, ഡി.സി ബുക്സിന്റെ പ്രതിനിധികളിലൊരാൾ എന്റെ വീട്ടില്‍വന്ന് എന്റെ പുസ്തകങ്ങളെല്ലാം പ്രസിദ്ധീകരിക്കാനുള്ള അവകാശം എഴുതിവാങ്ങിച്ചിട്ടുള്ളതാണ്. പക്ഷേ, അവര്‍ എന്നെ വിളിച്ചില്ല എന്നുള്ളതാണ്. നമുക്ക് എതിരെ വരുന്ന കാര്യങ്ങൾ പലതും ദൃശ്യതയില്ലാത്തതാണ്. ഇപ്പോൾ ജാതിയെക്കുറിച്ച് പറഞ്ഞാൽ ആളുകൾ പറയും, ‘‘ഏയ് ഞങ്ങൾ അങ്ങനെയൊന്നും നിങ്ങളോട് പെരുമാറില്ല’’ എന്ന്. ഞങ്ങള്‍ നിങ്ങളെ മനുഷ്യരെപ്പോലെയാണ് കാണുന്നത്. ഞങ്ങള്‍ നിങ്ങളുടെ വീട്ടില്‍വന്നു ചോറുണ്ണുന്നുണ്ട്. ഞങ്ങള്‍ നിങ്ങളുടെ കൂട്ടുകാരാണ്. പക്ഷേ, ഇതൊക്കെയായിട്ടും ജാതിചിന്ത അവരുടെ മനസ്സില്‍നിന്നും പോകുന്നില്ല. കാരണം, ഇത്തരം കാര്യങ്ങൾ അദൃശ്യമാണ്. അത് വ്യക്തമല്ല. പക്ഷേ, ഒരു കവിയെന്നനിലയിൽ എനിക്ക് അത് ശരീരംകൊണ്ടും മനസ്സുകൊണ്ടും വ്യക്തമാവും. അതാണെന്റെ തിരിച്ചറിവ് എന്ന് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.