തമിഴിലെ പുതുതലമുറ കഥാകൃത്തുക്കളിൽ ശ്രദ്ധേയനും 2023ലെ കേന്ദ്ര സാഹിത്യ അക്കാദമിയുെട യുവകഥാ പുരസ്കാര ജേതാവുമാണ് റാം തങ്കം. അദ്ദേഹം തന്റെ എഴുത്തുജീവിതത്തെയും രചനകളെയും കുറിച്ച് സംസാരിക്കുന്നു.
കന്യാകുമാരിയിലെ നിഗൂഢമായ ഇൗറൻവനങ്ങളും അവിടത്തെ കഠിനജീവിതവും പ്രമേയമായ ‘രാജവനം’ നോവലിന്റെ തുടർച്ചയായ ‘വാരണ’ത്തിന്റെ അതിനിർണായക ഭാഗങ്ങൾ എഴുതിക്കൊണ്ടിരിക്കുേമ്പാഴാണ് റാം തങ്കത്തിന് സാഹിത്യ അക്കാദമിയുടെ 2023ലെ തമിഴ് യുവകഥാ പുരസ്കാരം ലഭിച്ചിരിക്കുന്നത്. അപ്രതീക്ഷിത വാർത്തയായിരുന്നു റാമിന് അത്. എഴുത്തിൽ ഗോഡ്ഫാദർമാരില്ലാത്ത, പ്രമുഖ മാഗസിനുകൾ കഥകൾ പ്രസിദ്ധീകരിക്കാൻ വിമുഖത കാട്ടുന്ന ഒരു യുവകഥാകൃത്തിന് അത് എങ്ങെന വിശ്വസിക്കാനാകും.
എഴുത്തുകൊണ്ട് ജീവിതമാർഗം നഷ്ടപ്പെട്ടയാളാണ് നാഗർകോവിൽ സ്വദേശിയായ റാം തങ്കം. അക്ഷരം കൊേണ്ടറ്റ മുറിവുകൾ അയാളെക്കൊണ്ട് 30ാം വയസ്സിൽ ജോലി ഉപേക്ഷിപ്പിച്ചു. എഴുത്തുകൊണ്ടു മാത്രം ഒരാൾക്ക് ജീവിക്കാനാകുമെന്ന് പറഞ്ഞാൽ തമിഴ്നാട്ടിൽ മനുഷ്യർ ചിരിക്കുമെന്ന് റാമിനും അറിയാം. പക്ഷേ, അത് നടപ്പാക്കി കാണിക്കുകയെന്നത് വെല്ലുവിളിയായി സ്വീകരിച്ചിട്ട് ഇപ്പോൾ വർഷങ്ങൾ കഴിയുന്നു. ഒാരോ ദിവസവും അതുകൊണ്ടുതന്നെ റാമിന് പരീക്ഷണമാണ്. മണ്ണിന്റെ ആഴങ്ങളിൽനിന്ന് മഴയുടെ ഗന്ധം പ്രാപിക്കാൻ ചിറകടിച്ചുയരുന്ന ഇൗഷലിനെ (മലയാളത്തിൽ ഇൗയൽ) പോലെയാണ് ജീവിതമെന്ന് റാം പറയുന്നു. എത്രകാലം ആയുസ്സെന്ന് അറിയില്ലെങ്കിലും അവ ഭ്രാന്തമായി ചിറകടിച്ചുകൊണ്ടേയിരിക്കുന്നു. ചിറകിന്റെ
കരുെത്താഴിയുന്നതുവരെയും ഇങ്ങനെ സജീവമായി ഉയർന്നുതന്നെ പറക്കണം. അതിനിനി ആരുടെയും ഒൗദാര്യവും ശിപാർശക്കത്തുമൊന്നും വേണ്ടന്ന് റാമിന്റെ രചനാജീവിതം സാക്ഷി. ഒരു പതിറ്റാണ്ടിൽ താഴെമാത്രം പഴക്കമുള്ള ആ രചനാസപര്യയിൽ കഥയും നോവലും ചരിത്രവും യാത്രാവിവരണവും ജീവചരിത്രവുമൊക്കെയുണ്ട്. ‘തിരുകാർത്തിയൽ’ എന്ന പ്രഥമ കഥാസമാഹാരത്തിനാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ കഥാപുരസ്കാരം ലഭിച്ചത്. 2019ൽ പുറത്തുവന്നതു മുതൽ ഏറെ ശ്രദ്ധനേടിയ ‘തിരുകാർത്തിയലി’ന് ലഭിക്കുന്ന ഏഴാം അവാർഡാണ് യുവകഥാ പുരസ്കാരം. ‘പുലികുത്തി’ എന്ന ചെറുകഥാസമാഹാരവും നോവലായ ‘രാജവന’വും പ്രശസ്തമാണ്. പ്രാദേശിക ചരിത്രരചനകളായ ‘മീനവ വീരനുക്കൊരു കോയിൽ’, ‘ഉൗർ സുറ്റി പറവൈ’, ‘ഗാന്ധിരാമൻ’, യാത്രാവിവരണമായ ‘കടവുളിൻ ദേശത്തിൽ’ എന്നിവയാണ് പ്രധാന കൃതികൾ. റാം പറയുന്നു, അയാളുടെ ജീവിതം...
ആരാണ് റാം തങ്കം? എന്താണ് താങ്കളുടെ പശ്ചാത്തലം?
റാം തങ്കം: മലയാളികേളാട് സംസാരിക്കുേമ്പാൾ ഞാനൊരു തെൻ തിരുവിതാംകൂർ, അഥവാ നാഞ്ചിൽനാട്ടുകാരൻ. ’57ൽ കേരളത്തിൽനിന്ന് വിട്ടുപോന്ന നാലു താലൂക്കുകളിൽ ഒന്നായ അഗസ്തീശ്വരമാണ് എന്റെ ദേശം. തമിഴ്നാടിന്റെ മറ്റു മേഖലകളെ താരതമ്യംചെയ്തു നോക്കുേമ്പാൾ വായനയുടെയും എഴുത്തിന്റെയും വലിയൊരു പശ്ചാത്തലം ഇവിടെയുണ്ട്. വിദ്യാഭ്യാസപരമായി മുന്നേറിയ ഒരു നാടായിരുന്നല്ലോ ഇത്. തിരുവിതാംകൂർ രാജഭരണകാലത്തു തന്നെ ധാരാളം സ്കൂളുകളും കോളജുകളും ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ക്രിസ്ത്യൻ മിഷനറികളുടെ പങ്കും എടുത്തുപറയണം. പഠനവും ജ്ഞാനസമ്പാദനവും ഇവിടെ അനായാസമായിരുന്നു. വായനയുടെ സംസ്കാരം ഇല്ലാത്ത വീടുകൾ നാഞ്ചിൽനാട്ടിൽ കുറവായിരുന്നു. എന്റെ വീട്ടിലെ കാര്യവും വിഭിന്നമായിരുന്നില്ല. വീട്ടിൽ മുത്തശ്ശിയും മറ്റും വാരികകളും പത്രങ്ങളും വായിച്ചിരുന്നു. തമിഴ് ആയിരുന്നു പ്രധാന വായന. മുത്തശ്ശിക്ക് പക്ഷേ, മലയാളവും അറിയാമായിരുന്നു. കേരള അതിർത്തിയോട് ചേർന്ന കൊല്ലേങ്കാടായിരുന്നു അവരുടെ നാട്. മുൻതലമുറകൾക്ക് ഇങ്ങനെ അറിവിന്റെ പശ്ചാത്തലം ഉണ്ടായിരുന്നത് ഞങ്ങളെപ്പോലുള്ള പിൻഗാമികൾക്ക് കാര്യങ്ങൾ കുറേ എളുപ്പമാക്കി. മറ്റു പലയിടത്തെയുംപോലെ ആദ്യം സ്കൂളിൽ പോയ തലമുറ ആയിരുന്നില്ല ഞങ്ങൾ.
’56ൽ കന്യാകുമാരി ജില്ല തമിഴ്നാടിനോട് ചേരുന്ന ഘട്ടത്തിൽ നാഗർകോവിലിലെ എസ്.എൽ.ബി സ്കൂളിൽ ഒരു പൊതുയോഗം നടന്നിരുന്നതായി കേട്ടിട്ടുണ്ട് (1931ൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവായി അധികാരം ഏൽക്കുന്നതുവരെ റീജന്റായി ഭരിച്ചിരുന്ന സേതുലക്ഷ്മി ഭായിയുടെ ഭരണത്തിന്റെ തുടക്കത്തിൽ സ്ഥാപിതമായതാണ് അവരുടെ പേരിലുള്ള സേതുലക്ഷ്മി ഭായ് ഹയർസെക്കൻഡറി സ്കൂൾ അഥവാ, എസ്.എൽ.ബി സ്കൂൾ. നാഗർകോവിൽ നഗരമധ്യത്തിൽ കോർട്ട് റോഡിലാണ് പ്രശസ്തമായ ഇൗ വിദ്യാലയം നിലകൊള്ളുന്നത്). ആ പൊതുയോഗത്തിൽ കാമരാജും മാർഷൽ നേശമണിയും പെങ്കടുക്കാനെത്തിയിരുന്നു. പരിപാടി നടക്കുന്നതിനിടെ ഒരു വാഹനത്തിൽ സ്കൂളിലേക്ക് എന്തോ കൊണ്ടുവരുന്നത് കാമരാജ് കണ്ടു. നല്ല മണവുമുണ്ട്. എന്താണ് ഇൗ മണമെന്ന് കാമരാജ് നേശമണിയോട് ചോദിച്ചു. സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള കഞ്ഞിയാണിെതന്ന് നേശമണി. വിശന്നിരുന്നാൽ കുട്ടികൾക്ക് എങ്ങനെയാണ് പഠിക്കാനാകുക. അതിനാൽ ഇവിടെ കാലങ്ങളായി സ്കൂളിൽ കഞ്ഞി നൽകുന്നുണ്ടെന്ന് നേശമണി വിശദീകരിച്ചു. അത്ഭുതത്തോടെയാണ് കാമരാജ് ഇത് കേട്ടത്. ഇതേപോലെ മിഷനറി സ്കൂളുകളിലും ഭക്ഷണം ഉണ്ടായിരുന്നു. ഇതൊക്കെ കൊണ്ടാണ് കന്യാകുമാരിയിൽ വിദ്യാഭ്യാസമേഖല മറ്റിടങ്ങളേക്കാൾ ഏറെ മുന്നിൽ പോയത്. അതിന്റെയൊക്കെ ഗുണഭോക്താക്കളാണ് എന്റെ തലമുറ.
അതേസമയം, ജാതിപ്രശ്നങ്ങളും ഇവിടെ വലിയതോതിൽ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി നല്ലൊരുവിഭാഗം നാട്ടുകാർ ക്രിസ്തുമതം സ്വീകരിച്ചു. ആശുപത്രികൾ തുടങ്ങിയും മറ്റ് ആതുരസേവന പ്രവർത്തനങ്ങളുമായും മിഷനറികൾ ഇവിടെ സജീവമായിരുന്നല്ലോ. നെയ്യൂരിലെ കുഷ്ഠരോഗാശുപത്രിയും മറ്റും പ്രശസ്തമാണ്. നെയ്യൂരിലെ സി.എസ്.െഎ മിഷൻ ഹോസ്പിറ്റൽ ദക്ഷിണേന്ത്യയിലെ തന്നെ പഴക്കമേറിയ ആശുപത്രികളിലൊന്നാണ്. സാൽവേഷൻ ആർമി സ്ഥാപകനായ വില്യം ബൂത്തിന്റെ പത്നി കാതറിൻ ബൂത്തിന്റെ പേരിലുള്ള വടശേരിയിലെ ആശുപത്രി ഇപ്പോൾ 300ലേറെ കിടക്കകളുള്ള ജനറൽ ആശുപത്രി നിലവാരത്തിലുള്ളതാണ്. രാജഭരണകാലത്ത് ക്ഷയരോഗാശുപത്രിയും നാഗർകോവിലിൽ ഉണ്ടായിരുന്നു.
പുറത്തെ സുഹൃത്തുക്കേളാട് ഞാനെേപ്പാഴും പറയാറുണ്ട്: ‘‘മറ്റിടങ്ങളിലെല്ലാം ഭരിക്കാനാണ് ബ്രിട്ടീഷുകാർ വന്നത്. ഇവിടെ പക്ഷേ, അവരുടെ സേവനമുഖമാണ് തെളിഞ്ഞത്’’ എന്ന്. ഇൗ സാഹചര്യങ്ങൾക്കൊപ്പം അക്കാലത്ത് നിലനിന്ന സാമൂഹിക ഉച്ചനീചത്വങ്ങളും ജാതിവിവേചനവും തൊഴിലിട പീഡനങ്ങളും എല്ലാം ക്രൈസ്തവ വിശ്വാസത്തിലേക്ക് മനുഷ്യരെ ആകർഷിച്ചു. ജാതിവിവേചനത്തിനെതിരായ അയ്യാ വൈകുണ്ഠ സ്വാമികളെപ്പോലെ സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനവും വിസ്മരിക്കപ്പെടരുത്. സങ്കീർണവും ഗുണകരവുമായ ഇൗ സവിശേഷ സാഹചര്യങ്ങളാണ് കന്യാകുമാരി ജില്ലയെ മറ്റിടങ്ങളിൽനിന്ന് വേറിട്ടുനിർത്തിയത്. പിന്നെ ഇവിടത്തെ കാർഷികസംസ്കാരവും ദീർഘവീക്ഷണമുള്ള രാഷ്ട്രീയ നേതൃത്വവും. ഇൗ സമൃദ്ധമായ ഭൂമികയാണ് എന്റെ എഴുത്തിന്റെ നിലം. ഇൗ മണ്ണും മലയും കാറ്റും മഴയും ഇവിടത്തെ വിശ്വാസങ്ങളും കെട്ടുകഥകളും ഇല്ലാതെ എന്റെ കഥകളില്ല.
ബാല്യകാല അനുഭവങ്ങളാണോ എഴുത്തിനുള്ള ഇന്ധനം?
ചെറുപ്പത്തിലേ കന്യാകുമാരി ജില്ലയിലെമ്പാടും അലഞ്ഞുതിരിഞ്ഞിട്ടുണ്ട്. ഒാരോ സ്ഥലത്തെ കുറിച്ചും അവിടത്തെ കഥകളെ കുറിച്ചും അറിയാനുള്ള ആഗ്രഹംകൊണ്ടായിരുന്നു ഇൗ യാത്രകളെല്ലാം. കടൽ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ബാല്യത്തിൽ കന്യാകുമാരിയിൽ ചെന്ന് നിന്നിട്ട് ഒരാളോട് ചോദിച്ചു. ഇൗ കടൽ എവിടെയാണ് അവസാനിക്കുന്നത്. അയാൾ പറഞ്ഞു, കുളച്ചലിൽ. അടുത്ത ദിവസം ബസ് കയറി കുളച്ചലിൽ പോയി. അവിടെ ചെന്ന് നോക്കുേമ്പാൾ, പിന്നെയുമുണ്ട് കടൽ. അവിടെയും ചോദിച്ചു, കടൽ എവിടെ അവസാനിക്കുമെന്ന്. കോടിമുനയിലെന്ന് മറുപടി കിട്ടി. ബസ് കയറിയും ബൈക്കിൽ ലിഫ്റ്റടിച്ചും നടന്നും എങ്ങനെയോ കോടിമുനയിലെത്തി. കടലിന്റെ അവസാനം കണ്ടുപിടിക്കാനാകില്ലെന്ന് പിന്നീടാണ് മനസ്സിലായത്. ഇതേപോലെ ജീവിതത്തിൽ അനുഭവിച്ചും അറിഞ്ഞും മനസ്സിലാക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. മനുഷ്യജീവിതവും കടൽപോലെ തന്നെ.
അതിന്റെ ആഴവും പരപ്പുമൊന്നും നമുക്ക് കരയിൽനിന്ന് തിട്ടപ്പെടുത്താനാകില്ല. അനുഭവിച്ചുതന്നെ അറിയേണ്ടിവരും.
ശ്രീനാരായണ ഗുരു തപസ്സിരുന്ന മരുത്വാമലയിലും ഇങ്ങനെ പലതവണ പോയിട്ടുണ്ട്. കന്യാകുമാരിയെ കാർഷിക സമൃദ്ധമാക്കുന്ന പഴയാറിന്റെ ഉദ്ഭവം തേടി ഒരിക്കൽ മഹേന്ദ്രഗിരി പർവതമേഖലയിലേക്ക് നടന്നുകയറി. ഇത്തരം അന്വേഷണ തൃഷ്ണ ഉണ്ടായിരുന്നെങ്കിലും സ്കൂളിൽ വെറും ശരാശരിയിലും താഴ്ന്ന വിദ്യാർഥി മാത്രമായിരുന്നു ഞാൻ. സ്കൂൾ പഠനം എന്നത് വെറും സിലബസ് പഠനം മാത്രമാണെന്നും ഇതുകൊണ്ട് ജീവിതത്തിൽ വലിയ ഗുണമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നുമുള്ള ചിന്ത അന്നേയുണ്ടായിരുന്നു. ക്ലാസ് മുറിക്കുള്ളിൽ ഇരിക്കുേമ്പാഴും കണ്ണ് എപ്പോഴും പുറത്തായിരുന്നു. നിരത്തിൽ ഒാടുന്ന ബസിന്റെ ശബ്ദം. അതിൽനിന്ന് കേൾക്കുന്ന സിനിമാ ഗാനങ്ങൾ. സ്കൂളിന് ചുറ്റുമുള്ള വീടുകളിൽനിന്ന് വരുന്ന ഗന്ധങ്ങൾ. മീനോ കോഴിയോ പൊരിക്കുന്നതിന്റെ മണം. ഇതൊക്കെയായിരുന്നു എന്റെ താൽപര്യങ്ങൾ. സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള താൽപര്യം അന്നേയുണ്ടായിരുന്നിരിക്കണം.
പിന്നെ പതിവായി ക്ലാസ് കട്ട് ചെയ്ത് കന്യാകുമാരിക്ക് സമീപത്തെ കോവളം കടപ്പുറത്ത് കുളിക്കാൻ പോകും. വലിയ മാർക്ക് ഒന്നും വാങ്ങണമെന്നില്ലായിരുന്നു. എങ്ങനെയെങ്കിലും ഒന്ന് ജയിക്കണം എന്നതു മാത്രമായിരുന്നു ലക്ഷ്യം.
ഗൗരവമായി വായന തുടങ്ങുന്നത് എപ്പോഴാണ്?
ഹൈസ്കൂൾ കാലത്തിനു മുേമ്പ വായന ഉണ്ടായിരുന്നു. വലിയ ഗൗരവതരത്തിലുള്ള വായനയൊന്നുമല്ല. മാഗസിനുകൾ, പത്രങ്ങളുടെ സപ്ലിമെന്റുകൾ അങ്ങനെ. കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുേമ്പാൾ പൊതിഞ്ഞുകിട്ടുന്ന പത്രക്കടലാസുകളായിരുന്നു പ്രധാന ആശ്രയം. സാധനങ്ങൾ പൊതിഞ്ഞുകെട്ടി കൊടുക്കാൻ മിക്ക കടകളിലും വലിയ പത്രക്കെട്ടുകൾ സൂക്ഷിച്ചിരുന്നു. ആ കെട്ടുകളിൽനിന്ന് ആവശ്യമായ കടലാസുകളും പഴയ മാഗസിനുകളും എടുത്തുകൊണ്ടുപോയി വായിച്ചശേഷം മടക്കിവെക്കുമായിരുന്നു. മടക്കിവെച്ച ശേഷം പുതിയ കടലാസുകളും മാഗസിനുകളും എടുക്കും. യഥാർഥത്തിൽ ഇങ്ങെന പത്രക്കെട്ടുകൾ അടുക്കിവെച്ചിരുന്ന കടത്തിണ്ണകളായിരുന്നു എന്റെ ആദ്യ ലൈബ്രറി. ഇനി ഇങ്ങനെയൊന്നും കിട്ടാനില്ലാതാകുേമ്പാൾ മറ്റു ക്ലാസുകളിലെ തമിഴ്, ചരിത്രം പാഠപുസ്തകങ്ങൾ വായിക്കും.
ചെറുപ്രായത്തിലേ പല ജോലികൾക്കായി ഇറങ്ങേണ്ടിവന്നതിനാൽ കറസ്പോണ്ടൻസ് കോഴ്സിലാണ് ബിരുദം നേടിയത്. 20 വയസ്സിനു ശേഷമാണ് ഗൗരവമായി വായന തുടങ്ങുന്നതും. അപ്പോൾ ഞാൻ ‘ദിനകരൻ’ പത്രത്തിൽ ജോലിക്ക് കയറിയിരുന്നു. പിന്നീട് ‘ആനന്ദവികടനി’ലും ജോലിചെയ്തു. തൊഴിൽ ആവശ്യാർഥം പലയിടങ്ങളിലേക്കുള്ള യാത്രക്കിടെയാണ് പുസ്തകങ്ങൾ വായിച്ചുതുടങ്ങിയത്.
ആദ്യം വായിച്ച പുസ്തകം ഏതാണ്?
തമിഴ് എഴുത്തുകാരൻ ഏക് നാഥിന്റെ ‘ആട് മാട് മറ്റും മനിതർകൾ’ എന്ന കഥ. തെങ്കാശി സ്വദേശിയായ ഏക്നാഥ് മാധ്യമപ്രവർത്തകനും നോവലിസ്റ്റും അറിയപ്പെടുന്ന ചലച്ചിത്രഗാന രചയിതാവുമാണ്. സംവിധായകൻ പ്രഭുസോളന്റെ സിനിമകളിലൂടെയാണ് ഏക് നാഥ് ഗാനരചനാ രംഗത്ത് എത്തുന്നത്. ശശിയുടെ ‘പിച്ചൈക്കാരൻ’ എന്ന സിനിമയിലെ പ്രശസ്തമായ ‘‘നൂറു സാമികൾ ഇരുന്താലും, അമ്മാ ഉന്നൈപ്പോൽ ആകിടുമാ’’ എന്ന ഗാനം രചിച്ചത് ഏക് നാഥാണ്.
തിരുനെൽവേലിക്ക് സമീപത്തെ തന്റെ ഗ്രാമത്തെ കുറിച്ചുള്ള ഒാർമക്കുറിപ്പുകളാണ് ഏക് നാഥിന്റെ ‘ആട് മാട് മറ്റും മനിതർകൾ’. സുജാതയുടെ ‘ശ്രീരംഗത്തു ദേവതൈകൾ’ ആണ് ആദ്യകാല വായനകളിൽ മറ്റൊന്ന്. കന്യാകുമാരിയിൽ ഏതു ഗ്രാമത്തിൽ േപായാലും ചെറിയൊരു ഗ്രാമീണവായനശാല ഉണ്ടാകും. മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി ഇങ്ങനെ പോയ ഇടങ്ങളിൽനിന്നെല്ലാം പുസ്തകങ്ങൾ എടുത്തു വായിക്കാൻ തുടങ്ങി. എല്ലായിടത്തും മെംബർഷിപ് എടുത്തിട്ടുണ്ട്. ഒരിക്കൽ പോകുേമ്പാൾ എടുക്കുന്ന പുസ്തകങ്ങൾ അടുത്ത തവണ വീണ്ടും വരുേമ്പാൾ മടക്കിനൽകി പുതിയത് എടുക്കും. വായിച്ച മിക്ക പുസ്തകങ്ങളും പ്രാദേശിക, നാട്ടു ചരിത്രങ്ങളുമായി ബന്ധപ്പെട്ടവയാണ്. അങ്ങനെയാണ് കന്യാകുമാരിയെ കുറിച്ച് എഴുതാെമന്ന ആശയം വരുന്നത്. ‘ദിനകരനി’ൽ വരുന്നതിന് മുമ്പ് മറ്റൊരു ചെറിയ മാഗസിനിൽ ജോലിചെയ്തിരുന്നു. എഴുത്തിന്റെ ഉൾവിളി ഉണ്ടാകുന്നത് അവിടെ വെച്ചാണ്. ‘ഉൗർ സുറ്റി പറവൈ’ എന്ന പേരിൽ കന്യാകുമാരിയെ കുറിച്ച് പരമ്പര എഴുതാൻ തീരുമാനിച്ചു. ദീർഘമായ പരമ്പരയുടെ ആദ്യഭാഗം മാഗസിനിൽ സമർപ്പിച്ചു. ആദ്യമായി എഴുതുന്ന ഏതൊരു പുതുമുഖക്കാരനെയുംപോലെ അത് അച്ചടിച്ചുവരാൻ ഞാൻ ആവേശപൂർവം കാത്തിരുന്നു. ഒടുവിൽ അതിന്റെ പ്രസിദ്ധീകരണം നിശ്ചയിക്കുകയും അവരത് ലേഒൗട്ട് ചെയ്യുകയുംചെയ്തു. പക്ഷേ, എന്തോ കാരണങ്ങളാൽ അവസാന നിമിഷം അത് പേജിൽനിന്ന് എടുത്തുമാറ്റപ്പെട്ടു. എല്ലാ ഒാഫീസുകളിലും പലവിധ പ്രശ്നങ്ങൾ ഉണ്ടാകുമല്ലോ. അത്തരത്തിൽ എന്തൊക്കെയോ ഉപജാപങ്ങളുടെ ഇരയായി എന്റെ ആദ്യ രചന. അച്ചടിമഷി പുരളുന്നതിനു മുമ്പേ അത് നിഷ്കാസിതമായി. അജ്ഞാതമായ കരങ്ങൾ അതിനെ ഞെരിച്ചുകളഞ്ഞു. അതോടെ, അവിടത്തെ ജോലി ഞാൻ ഉപേക്ഷിച്ചു.
ഗാന്ധി രാമന്റെ ജീവചരിത്രം എന്തു ബുദ്ധിമുട്ടുകളാണ് താങ്കൾക്ക് ഉണ്ടാക്കിയത്?
‘ദിനകരനി’ൽ ജോലിചെയ്യുേമ്പാഴാണ് ‘ഗാന്ധി രാമനി’ലേക്ക് ശ്രദ്ധ തിരിയുന്നത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹം വൈക്കം സത്യഗ്രഹം, ശുചീന്ദ്രം സത്യഗ്രഹം, തെർക്ക് എല്ലൈ പോരാട്ടം (കന്യാകുമാരിയെ തമിഴ്നാടിനോട് ചേർക്കാൻ സ്വാതന്ത്ര്യാനന്തരം നടന്ന പ്രക്ഷോഭം) തുടങ്ങിയവയിലെ മുന്നണി പോരാളിയായിരുന്നു. മഹത്തായ ചരിത്രമുള്ള വ്യക്തിയാണെങ്കിലും ഒപ്പമുണ്ടായിരുന്ന പല നേതാക്കളെയും പോലെ വലിയതോതിൽ അദ്ദേഹത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടില്ല. പല ചരിത്രഗ്രന്ഥങ്ങളിലും അദ്ദേഹത്തെക്കുറിച്ച് ഒന്നോ രണ്ടോ വരികൾ മാത്രമാണുള്ളത്. അദ്ദേഹത്തിന്റെ സംഭാവനകൾ എന്തെന്ന് പുതിയ തലമുറക്ക് അതുകൊണ്ടുതന്നെ അറിയുകയുമില്ല. അദ്ദേഹത്തിന്റെ ജീവചരിത്രം വിശദമായി എഴുതി ഗാന്ധി രാമന്റെ ഒരു അടുത്ത ബന്ധുവിന് വായിക്കാനായി നൽകി.
വായിച്ച് പറയാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം മറുപടി തന്നില്ല. ചോദിക്കുേമ്പാഴൊക്കെ എന്തെങ്കിലും പറഞ്ഞ് ഒഴിയും. ഒടുവിൽ പ്രിന്റ് ചെയ്യാൻ സമയമായി എന്ന് പറഞ്ഞ് സമീപിച്ചേപ്പാൾ അദ്ദേഹം എന്നോട് കോപിച്ചു. ‘‘എന്റെ ബന്ധുവിനെക്കുറിച്ച് എഴുതാൻ താനാരാണ്’’ എന്ന് ചോദിച്ച് എന്നെ വിരട്ടി. അദ്ദേഹം സ്വയം ഇത് പബ്ലിഷ് ചെയ്യുമെന്നും കൂട്ടിച്ചേർത്തു. ഇൗ ബന്ധുവിന് അന്ന് 80 വയസ്സെങ്കിലും ഉണ്ടാകും. തമിഴ്നാട്ടിലെ അത്യാവശ്യം അറിയപ്പെടുന്ന ഒരു പ്രമുഖനുമാണ്. പല മുൻ മുഖ്യമന്ത്രിമാരുമായും വലിയ രാഷ്ട്രീയക്കാരുമായും അടുപ്പമുള്ളയാളുമാണ്.
നിങ്ങളുടെ ബന്ധുവാണെങ്കിലും ഗാന്ധി രാമൻ ഇൗ നാട്ടിലെ ഒരു പൊതുപ്രവർത്തകനാണ്, പൊതുസ്വത്താണ്. അദ്ദേഹത്തെക്കുറിച്ച് വേറെ ആരും എഴുതരുതെന്ന് പറയാൻ എങ്ങനെ കഴിയുമെന്ന് ഞാൻ തിരിച്ചു ചോദിച്ചു. അങ്ങനെ അദ്ദേഹവുമായി തെറ്റി. പിന്നീട് അദ്ദേഹം ആ പുസ്തകം പ്രസിദ്ധീകരിക്കാൻ പോകുകയാണെന്ന വാർത്ത പുറത്തുവന്നപ്പോൾ ഞാൻ വേഗം അത് സ്വന്തം ചെലവിൽ പ്രസിദ്ധീകരിച്ചു. അതിന്റെ പ്രകാശന ചടങ്ങിലേക്ക് വരാനിരുന്ന പല പ്രമുഖരെയും പക്ഷേ, അവർ പിന്തിരിപ്പിച്ചു. വെട്രിമാരന്റെ ‘അസുരൻ’ എന്ന സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. ‘‘നമുക്കിട്ട കാട് ഇരുന്താ എടുത്തിട്ടീവാനുവ, രൂപാ ഇരുന്താ പുടുങ്കിട്ടുവാനുവ, ആനാ പടിപ്പ് മട്ടും ഉൻകിട്ട ഇരുന്താ എടുത്തിടവേ മുടിയാത്’’ (നമുക്ക് കൃഷിയിടങ്ങൾ ഉണ്ടെങ്കിൽ അതവർ പിടിച്ചെടുക്കും.
നമുക്ക് പണം ഇരുന്നാൽ തട്ടിപ്പറിക്കും. എന്നാൽ അറിവ്, വിദ്യാഭ്യാസം എന്നതിനെ ആർക്കും നമ്മിൽനിന്ന് പിടിച്ചെടുക്കാൻ ആകില്ല). എന്നാൽ വെട്രിമാരൻ പറഞ്ഞത് തെറ്റെന്ന് ഞാൻ പറയും. അറിവ് സുരണ്ടൽ (ജ്ഞാന കൊള്ള) എന്നൊരു കാര്യമുണ്ട്. നമ്മുടെ അറിവിനെയും ജ്ഞാനത്തെയും മോഷ്ടിച്ചുകൊണ്ടുപോകാൻ കഴിയുമെന്ന് എനിക്ക് ബോധ്യമുണ്ട്. എന്റെ കാര്യത്തിൽ അങ്ങനെയൊക്കെയാണ് സംഭവിച്ചത്. ഞാൻ ആദ്യമെഴുതിയ രചന പുറത്തുവന്നില്ല. രണ്ടാമത്തേത് എന്നിൽനിന്ന് തട്ടിപ്പറിക്കപ്പെടുന്നതിന്റെ വക്കിലെത്തി. അതിനാൽതന്നെ, ഇനിയൊരു സിനിമ എടുക്കുേമ്പാൾ വെട്രിമാരൻ ഇൗ ഡയലോഗ് പരിഷ്കരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഫിക്ഷനിലേക്ക് അപ്പോഴും കടന്നിരുന്നിേല്ല?
ഫിക്ഷൻ എഴുതുന്നതിനെക്കുറിച്ച് അപ്പോൾ ആലോചനയേയില്ല. ‘ആടുമാട് മറ്റും മനിതർകൾ’ ആയാലും ശ്രീരംഗത്ത് ദേവതൈകൾ ആയാലും ഒരു ദേശത്തെക്കുറിച്ചുള്ള രചനകളാണ്. അതേപോലെ നമ്മുടെ തട്ടകമെന്നത് നാഞ്ചിനാടും കന്യാകുമാരിയുമാണ്. എഴുതേണ്ടതും അതിനെക്കുറിച്ച് തന്നെ. അതിനപ്പുറം കാണേണ്ട കാഴ്ചകളെക്കുറിച്ച് അക്കാലത്ത് അറിയുകയുമില്ല. ഇൗ എഴുതുന്നതൊക്കെ മധുരയിലോ ചെന്നൈയിലോ ആരെങ്കിലും വായിക്കുന്നുണ്ടോ എന്ന ചിന്തയുമില്ല. ‘ഞാനെഴുതുന്നത് ഇൗ ദേശത്തെക്കുറിച്ച്, എന്റെ വായനക്കാരും ഇവിടെയുള്ളവർ’ എന്നതായിരുന്നു നയം. അതിനപ്പുറം ഫിക്ഷൻ പരിഗണനയിൽ ഉണ്ടായിരുന്നില്ല. ഗാന്ധി രാമൻ ജീവചരിത്രം വന്നതോടെ റാം എന്നൊരു എഴുത്തുകാരനെക്കുറിച്ച് വായനക്കാർ ചെറിയ േതാതിൽ അറിഞ്ഞുതുടങ്ങി. ആ കാലത്താണ് ‘ദിനകരനി’ൽനിന്ന് പിരിയുന്നതും.
ഗാന്ധി രാമൻ പുസ്തകം റിവ്യൂവിനായി ‘ആനന്ദവികടനി’ലേക്ക് അയച്ചിരുന്നു. പലവിധമായ മാനസിക സംഘർഷങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ഒരുദിവസം അപ്രതീക്ഷിതമായി ആനന്ദവികടൻ എഡിറ്റർ പാ. തിരുമാവേലൻ ഫോണിൽ വിളിച്ചു. അദ്ദേഹം ഇൗ പുസ്തകത്തെക്കുറിച്ച് വാതോരാെത പറഞ്ഞുകൊണ്ടേയിരുന്നു. അന്നെനിക്ക് ജോലിയൊന്നും ഇല്ല. ഒരു ജോലി തരുമോ എന്ന് അദ്ദേഹത്തോട് തുറന്നുചോദിച്ചു. അദ്ദേഹത്തിന്റെ സഹായത്താൽ ‘വികടനി’ൽ ജോലി കിട്ടി. അതിനുശേഷമാണ് ആദ്യം നിരസിക്കപ്പെട്ട ‘ഉൗർ സുറ്റി പറെവെ’ പ്രസിദ്ധീകരിക്കപ്പെടുന്നത്. നാഗർകോവിൽ സ്വദേശിയായ പാതി മലയാളി ജബ എന്ന ഒരു സുഹൃത്താണ് അത് പ്രസിദ്ധീകരിക്കാൻ സഹായിച്ചത്. എന്റെ പുസ്തകമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പബ്ലിഷിങ് സംരംഭം. ‘ജയ്’ എന്നായിരുന്നു ആ പ്രസിദ്ധീകരണാലയത്തിന്റെ പേര്. കടം വാങ്ങിയാണ് ഇൗ പുസ്തകം പ്രസിദ്ധീകരിച്ചത്. വലിയ പുസ്തകമായതിനാൽ തന്നെ 25,000 രൂപക്കും പുറത്തായിരുന്നു ചെലവ്. വാങ്ങിയ കടം മുഴുവൻ ഞങ്ങളിരുവരും ചേർന്ന് പിന്നീട് അടച്ചുതീർക്കുകയായിരുന്നു. ഇപ്പോൾ ഒേട്ടറെ പുസ്തകങ്ങൾ അവർ ഇറക്കുന്നുണ്ട്.
ഫിക്ഷനിലേക്കുള്ള വാതിൽ തുറക്കപ്പെട്ടത് എങ്ങനെയാണ്?
എഴുത്തിൽ ഉപദേശങ്ങൾക്കായി വലിയ എഴുത്തുകാരായി അറിയപ്പെടുന്ന പലരെയും കാണാൻ അക്കാലത്ത് ശ്രമിച്ചിരുന്നു. പക്ഷേ, ആശാവഹമായിരുന്നില്ല പലരുടെയും പെരുമാറ്റം. ഒരുതവണ കണ്ടവർ പിന്നീട് മെല്ലെ ഒഴിഞ്ഞുമാറാൻ തുടങ്ങി. പലരും വീട്ടിനുള്ളിൽ ഇരുന്നിട്ട് സ്ഥലത്തില്ല എന്ന് പറയിപ്പിച്ചു. അവരിൽ പലരും യഥാർഥ എഴുത്തുകാരായിരുന്നില്ല എന്ന് പിന്നീടാണ് മനസ്സിലായത്.
ആ കാലത്താണ് ഗാന്ധി രാമൻ ജീവചരിത്രത്തിന് ആമുഖം എഴുതി വാങ്ങാനായി ചരിത്രകാരനും അറിയപ്പെടുന്ന എഴുത്തുകാരനുമായ അ.ക പെരുമാളിനെ ബന്ധപ്പെട്ടത്. ആദ്യം സംസാരിക്കുേമ്പാൾ എന്താണ് എഴുത്തിലെ ലക്ഷ്യം എന്ന് അദ്ദേഹം ചോദിച്ചു. അതിന് കൃത്യമായ മറുപടി പറയാൻ എനിക്കായില്ല. വിഖ്യാത നോവലിസ്റ്റ് പൊന്നീലനെ കാണാൻ അദ്ദേഹം പോകാനിറങ്ങുന്ന സമയമായിരുന്നു അത്. പൊന്നീലൻ എന്ന പേര് എനിക്കറിയാം. പക്ഷേ, കാര്യമായി ധാരണയില്ല. എന്തായാലും ഞാനും വരാമെന്ന് പറഞ്ഞ് അ.ക പെരുമാളിനൊപ്പം കൂടി. ഒരു മാധ്യമപ്രവർത്തകനാണെന്നും എഴുതുന്നതിന് താൽപര്യമുള്ളയാളാണെന്നും പറഞ്ഞ് അ.ക പെരുമാൾ എന്നെ പൊന്നീലന് പരിചയപ്പെടുത്തി. പേരെന്താണെന്നായിരുന്നു പൊന്നീലന്റെ ആദ്യ ചോദ്യം. ‘റാം’ എന്ന മറുപടിക്ക് പിന്നാലെ ‘ഹേ റാം’ എന്ന് പറഞ്ഞത് ആരെന്നായി അദ്ദേഹം. ഗാന്ധിയെന്ന് എന്റെ മറുപടി. ഇതായിരുന്നു ഒരു യഥാർഥ എഴുത്തുകാരനുമായുള്ള എന്റെ ആദ്യ ഇടപെടൽ. പിന്നീട് അ.ക പെരുമാളും പൊന്നീലനും ചർച്ചകളിലേക്ക് മുഴുകി. തമിഴ് ചരിത്ര, സാഹിത്യ മേഖലകളിലെ രണ്ട് അതികായരുടെ സംസാരം അടുത്തുനിന്ന് കേൾക്കുന്നതിന്റെ ആവേശത്തോടെ ഞാൻ അതെല്ലാം സൂക്ഷ്മമായി ശ്രദ്ധിക്കുകയായിരുന്നു. അന്ന് കന്യാകുമാരി ജില്ലയിൽ ഉച്ചക്ക് ശേഷം ബന്ദാണ്. ഇരുവരും സംസാരം കഴിഞ്ഞിറങ്ങുേമ്പാൾ നിരത്തിൽ വാഹനമൊന്നുമില്ല.
കുറേനേരം ഒാേട്ടാക്ക് കാത്തുനിന്നെങ്കിലും കിട്ടിയില്ല. വിരോധമില്ലെങ്കിൽ ഞാൻ ബൈക്കിൽ കൊണ്ടുവിടാമെന്ന് പൊന്നീലനോട് പറഞ്ഞു. സന്തോഷത്തോടെ അദ്ദേഹം സമ്മതിച്ചു. നാഗർകോവിലിന് സമീപത്തെ മണികട്ടി പൊട്ടലിലാണ് അദ്ദേഹത്തിന്റെ വീട്. അതുവരെയും അദ്ദേഹത്തോട് സംസാരിക്കാമല്ലോ എന്നതായിരുന്നു എന്റെ ചിന്ത. ഒാരോന്നും എഴുതുന്നതിനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരുന്നു. എഴുതൂ, എഴുതൂ എന്ന് പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിച്ചു. വീട്ടിലെത്തിയപ്പോൾ അകത്തേക്ക് വരാൻ അദ്ദേഹം നിർബന്ധിച്ചു. തോ.മു.സി എന്നറിയെപ്പടുന്ന എഴുത്തുകാരൻ ടി.എം. ചിദംബര രഘുനാഥനെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം എടുത്ത് എനിക്ക് സമ്മാനിച്ചു. ആഹ്ലാദം എനിക്ക് അടക്കാനായില്ല. സുഹൃത്തുക്കളോട് പോയി പറഞ്ഞാൽ ഇതു വിശ്വസിക്കില്ലെന്നും ‘റാം എന്റെ വീട്ടിൽ വന്നപ്പോൾ ഞാൻ സമ്മാനിച്ചത്’ എന്ന് പുസ്തകത്തിൽ എഴുതി ഒപ്പിട്ട് തരണമെന്ന് ഞാൻ അഭ്യർഥിച്ചു. അദ്ദേഹം അതേപോലെ എഴുതിത്തന്നു. ഒരാഴ്ച ഞാൻ ഇൗ പുസ്തകം കൊണ്ടുനടന്ന് എല്ലാവരെയും കാണിച്ചു.
റാമിന് ആരാണ് അ.ക പെരുമാൾ?
ഇൗ കാലങ്ങളിൽ അ.ക പെരുമാളുമായുള്ള ബന്ധവും ദൃഢമായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം ഞാൻ അദ്ദേഹത്തെ കാണാൻ പോകും. മണിക്കൂറുകളോളം സംസാരിച്ചിരിക്കും. കന്യാകുമാരിയുടെ ചരിത്രവും ഫോക് ലോറും മറ്റുമായിരുന്നു ചർച്ച. അദ്ദേഹത്തെ പോലെ ഒരു വലിയ ചരിത്രകാരൻ ആകണമെന്നായിരുന്നു അന്നത്തെ ആഗ്രഹം. ഗാന്ധി രാമൻ ജീവചരിത്രത്തിന് പിന്നാലെ ‘ഉൗർ സുറ്റി പറവൈ’ക്കും അദ്ദേഹം ഇതിനിടക്ക് ആമുഖം എഴുതിത്തന്നു. ഒരുദിവസം സംസാരത്തിനിടെ കന്യാകുമാരിക്ക് സമീപത്തെ മന്നൻ മതിപ്പൻ കോവിൽ എന്നൊരു ക്ഷേത്രത്തിന്റെ കഥ പറഞ്ഞു. മത്സ്യത്തൊഴിലാളി ജീവിതവും ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു നാടോടി കഥയായിരുന്നു അത്. പാണ്ഡ്യ സാമ്രാജ്യത്തിലെ ഒരു പ്രാദേശിക യുദ്ധവീരന്റെ പോരാട്ടങ്ങളും വീരമരണവുമാണ് ഇതിവൃത്തം. കൂടുതൽ അറിയാനായി ആ മേഖലയിലും പിന്നീട് വള്ളിയൂരിലുമൊക്കെ പോയി പഠനം നടത്തി. ഇൗ മേഖലയിൽ ക്രിസ്തീയ വിശ്വാസം പ്രചരിക്കുന്ന പോർചുഗീസ് കാലത്തിനും മുമ്പുള്ള സംഭവമാണ്. ‘മീനവ വീരനുക്കൊരു കോയിൽ’ എന്ന ഇൗ േഫാക് ലോർ പുസ്തകമാണ് മൂന്നാമതായി പുറത്തിറങ്ങിയത്. അ.ക പെരുമാളുമായുള്ള സൗഹൃദം എന്നിലെ എഴുത്തുകാരനെ ഏറെ സഹായിച്ചു. അതുവരെ അറിയാത്ത കഥകളും നാടോടി ചരിത്രങ്ങളും മിത്തുകളുമൊക്കെ അദ്ദേഹത്തിൽ നിന്ന് കേട്ടു. ഒരുപാട് വായിക്കണമെന്നും യാത്രചെയ്യണമെന്നുമൊക്കെ അദ്ദേഹം പറഞ്ഞുകൊേണ്ടയിരുന്നു.
അങ്ങെന ഗൗരവതരത്തിലുള്ള വായനക്കായി നാഗർകോവിൽ ജില്ല ലൈബ്രറിയിൽ ഒരു അംഗത്വമെടുക്കാൻ ചെന്നു. പക്ഷേ, അവർ അംഗത്വം തരുന്നില്ല. പലപല കാരണങ്ങൾ പറഞ്ഞ് മടക്കിവിട്ടു. അക്കാലത്ത് ഞാൻ താമസിക്കുന്ന സ്ഥലത്തിന് ചില്ലറ പേരുദോഷമൊക്കെ ഉണ്ടായിരുന്നു. അതിനാലാകാം അവർ എന്നെ ഒാരോ തവണയും മുടക്കുന്യായങ്ങൾ പറഞ്ഞ് തിരിച്ചയച്ചുകൊണ്ടേയിരുന്നു. ഒടുവിൽ അവർ കാര്യം തുറന്നു പറഞ്ഞു: ‘‘നിങ്ങളൊക്കെ ഗുണ്ടകളാണ്, നിങ്ങളെപ്പോലുള്ളവർ പുസ്തകവുമെടുത്ത് മുങ്ങിയാൽ ഞങ്ങളെന്ത് ചെയ്യും.’’ ആ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി. വായിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ നേരിേടണ്ടിവരുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്. ഇനി അഥവാ ഒന്നോ രണ്ടോ പേർ പുസ്തകം മടക്കിക്കൊണ്ടുവരാതിരുന്നാൽ തന്നെ ലൈബ്രറിക്ക് എന്തു നഷ്ടമാണ് സംഭവിക്കാനിരിക്കുന്നത്. വായനയെ പ്രോത്സാഹിപ്പിക്കുകെയന്ന മഹത്തായ ദൗത്യവുമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് അത്രയും ചെറിയ നഷ്ടംപോലും സഹിക്കാൻ കഴിയില്ലേ. അവിടെ വെച്ച് ഞാനൊരു തീരുമാനമെടുത്തു. എങ്ങനെയെങ്കിലും പുസ്തകങ്ങൾ എഴുതണം. ആ പുസ്തകങ്ങൾ ഇൗ ലൈബ്രറിയിൽ എത്തിയശേഷം മാത്രമേ ഇനി ഇവിടെ കാലുകുത്തുകയുള്ളൂ. ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ച് അപേക്ഷാ േഫാറം കീറിയെറിഞ്ഞ് ഞാൻ ലൈബ്രറിയുടെ പടിയിറങ്ങി. ഫിക്ഷൻ എഴുത്തിലേക്ക് മെല്ലെ മാറുന്ന കാലമായിരുന്നു അത്.
മനോജ് കൂറൂർ എങ്ങനെയാണ് റാമിനെ സ്വാധീനിച്ചത്?
2017ലാണ് മനോജ് കുറൂറിന്റെ ‘നിലം പൂത്ത് മലർന്ത നാളി’നെക്കുറിച്ച് കേൾക്കുന്നത്. ഇവിടെ ധാരാളം സുഹൃത്തുക്കൾ ഇൗ പുസ്തകം വായിച്ചിട്ടുണ്ടായിരുന്നു. മലയാളത്തിൽ വന്ന് അധികം കഴിയും മുമ്പേ കെ.വി. ജയശ്രീ ‘നിലം പൂത്ത് മലർന്ത നാൾ’ തമിഴിലേക്ക് വിവർത്തനംചെയ്തിരുന്നു. മികച്ച വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ജയശ്രീക്ക് ലഭിച്ചു. ‘ദിനകരനി’ലെ ഒരു സുഹൃത്താണ് ഇൗ പുസ്തകത്തെക്കുറിച്ച് ആദ്യമായി പറയുന്നത്. അയാൾ കാര്യമായി മലയാള സാഹിത്യം ശ്രദ്ധിക്കുന്നയാളായിരുന്നു. ആദ്യം വായിച്ചേപ്പാൾതന്നെ പുസ്തകത്തിന്റെ ഭാഷയും അതിലെ പ്രതിപാദ്യ വിഷയവും വല്ലാതെ ആകർഷിച്ചു. അങ്ങനെയൊരു കൃതി അതിനുമുമ്പ് വായിച്ചിേട്ടയില്ലായിരുന്നു. സാഹിത്യതൽപരരായ സുഹൃത്തുക്കളോടൊക്കെ അതിനെക്കുറിച്ച് പറഞ്ഞു. അവർക്കൊക്കെ പുസ്തകം പരിചയപ്പെടുത്തി. പുസ്തകത്തിന്റെ നൂറു കോപ്പികൾ വാങ്ങി എഴുത്തുകാർക്കും സെലിബ്രിറ്റികൾക്കുമൊക്കെ ഞാൻതന്നെ നൽകി. അതിനുള്ള ചെലവ് ഒരു ചെലവായി എനിക്ക് തോന്നിയില്ല. ആ പുസ്തകം വായിക്കപ്പെടണമെന്ന് അത്രയും ആഗ്രഹിച്ചിരുന്നു. െഎ.എസ്.ആർ.ഒയിലെ കെ. ശിവന്റെ അഭിമുഖത്തിന് ഒരിക്കൽ പോയപ്പോൾ അദ്ദേഹത്തിനും പുസ്തകം സമ്മാനിച്ചു. തിരുവനന്തപുരത്ത് ചാലയിൽ പണ്ട് പാത്രക്കട നടത്തിയിരുന്ന പ്രശസ്ത തമിഴ് നോവലിസ്റ്റും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ അ. മാധവനെ കാണാനെത്തിയപ്പോഴും ‘നിലം പൂത്തതി’ന്റെ തമിഴ് പതിപ്പ് കരുതിയിരുന്നു.
‘നിലം പൂത്തതി’ന്റെ പരിഭാഷകയായ കെ.വി. ജയശ്രീയുമായും പിന്നീട് പരിചയമായി. പാലക്കാടുനിന്ന് തിരുവണ്ണാമലൈയിലേക്ക് കുടിയേറിയ കുടുംബമാണ് അവരുടേത്. തിരുവണ്ണാമലൈയിലെ അതിപ്രശസ്തമായ തിരുകാർത്തിക ദീപം ആഘോഷം കാണാൻ അവർ ഒരിക്കൽ എന്നെ അവിടേക്ക് ക്ഷണിച്ചിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് കാർത്തിക മാസത്തിൽ നടക്കുന്ന അണ്ണാമലൈ കുന്നിലെ മഹാദീപം കാണാൻ നിരവധിപേർ അവിടെ എത്താറുണ്ട്. സമാനമായ ആഘോഷം ഇവിടെ, കന്യാകുമാരിയിൽ മരുത്വാമലയിലുമുണ്ട്. ഇതേദിവസം മരുത്വാമലക്ക് മുകളിലും കാർത്തിക ദീപം തെളിയിക്കാറുണ്ട്. ആഘോഷദിവസം വൈകുന്നേരം പനയോലയിൽ കൊഴുക്കട്ട ഉണ്ടാക്കി ഇവിടെ എല്ലാപേരും കഴിക്കും. അന്നേദിവസം കൊഴുക്കട്ട ലഭിക്കാതെ ഒരു ബാലൻ ഗ്രാമം മുഴുവൻ അലയുന്നതിന്റെ ഒരു സംഭവം ജയശ്രീയുമായുള്ള സംസാരത്തിനിടയിൽ വന്നു. അതിലൊരു കഥയുണ്ടല്ലോ എന്ന് പറഞ്ഞ് അതെഴുതാൻ ജയശ്രീ പ്രോത്സാഹിപ്പിച്ചു. ഫിക്ഷൻ ഇതുവരെ എഴുതിയിട്ടില്ലെന്നും വഴങ്ങുമോ എന്ന് അറിയില്ലെന്നും പറഞ്ഞ് മടിച്ചുനിന്ന എന്നെ ജയശ്രീ നിർബന്ധിച്ചുകൊേണ്ടയിരുന്നു. അങ്ങനെയാണ് ആദ്യകഥ എഴുതുന്നത്: ‘ തിരുകാർത്തിയൽ’ (തിരുകാർത്തിയൽ ഉൾപ്പെടുന്ന കഥാസമാഹാരത്തിനാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023ലെ യുവ കഥാപുരസ്കാരം ലഭിച്ചത്).
എങ്ങനെയായിരുന്നു തിരുകാർത്തിയലിന്റെ അനുഭവം?
2017 ലാണ് ഇൗ കഥ എഴുതുന്നത്. ഇൗ നാടിന്റെ ലാൻഡ്സ്കേപ്പിലാണ് തിരുകാർത്തിയൽ സംഭവിക്കുന്നത്. കന്യാകുമാരി, അഗസ്തീശ്വരം, മരുത്വാമലയൊക്കെയാണ് അതിലെ ഭൂമിക. ആദ്യം കഥ തിരുത്തിനൽകുന്നതും ജയശ്രീ തന്നെയാണ്. ആ വർഷത്തെ തിരുകാർത്തിക ഉത്സവം വരുന്നതിന് മുന്നോടിയായി ‘ആനന്ദവികടനി’ൽ പ്രസിദ്ധീകരിക്കാൻ കഴിയുമോ എന്ന് നോക്കാമെന്ന് കരുതി. പരിചയമുള്ള അവിടത്തെ ഒരു സബ് എഡിറ്റർക്ക് കഥ നൽകി. വേദനകരമായ അനുഭവമുള്ള, മികച്ച കഥയാണെന്ന അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം തന്നെ മുൻകൈയെടുത്ത് പ്രസിദ്ധീകരിക്കാനായി എഡിറ്റർക്ക് അയച്ചുകൊടുക്കുകയായിരുന്നു.
കഥയുടെ ഒടുക്കത്തിൽ കൊഴുക്കട്ട ലഭിക്കാതെ ഹതാശനായ ബാലൻ സെന്തമിഴ് ‘‘എനിക്ക് കൊഴുക്കട്ട തരാത്ത ഇൗ ജില്ല നശിച്ചുപോകെട്ട’’ എന്ന് പറയുന്നുണ്ട്. കന്യാകുമാരി ജില്ല നശിച്ചുപോകെട്ടയെന്ന് പറയുന്നത് ശരിയല്ലല്ലോ എന്ന് പിന്നീട് എനിക്കൊരു ചിന്തയുണ്ടായി. അങ്ങെന ആ വാചകം ‘‘ഇൗ നാട് നശിക്കെട്ട’’ എന്ന് തിരുത്തി. പക്ഷേ, യാദൃച്ഛികമാകാം, ‘വികടനി’ൽ ‘തിരുകാർത്തിയൽ’ പ്രസിദ്ധീകരിച്ചുവന്ന 2017 നവംബർ ഒടുവിലെ ആ തീയതിയിൽ കന്യാകുമാരിയിൽ ഒാഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. വലിയ നാശനഷ്ടങ്ങളുണ്ടായി. ‘‘സെന്തമിഴിന്റെ ശാപം ഫലിച്ചു’’ എന്നൊക്കെ പറഞ്ഞ് ചിലർ േഫസ്ബുക്കിൽ അപ്പോൾ എഴുതിയിരുന്നു. ‘ജില്ല നശിക്കെട്ട’യെന്ന് എഴുതാതിരുന്നത് എത്ര നന്നായി എന്ന് പിന്നീട് തോന്നി. അറംപറ്റുന്ന രീതിയിൽ എഴുതുകയോ പറയുകയോ ചെയ്യരുതെന്ന് തമിഴിൽ ഒരു ചൊല്ലുണ്ട്. എഴുതുന്നത് ജാഗ്രതയോടെ വേണമെന്ന ചിന്ത ഇതോടെ ഉണ്ടായി.
േജാലി ചെയ്യുന്ന മാഗസിനിൽ ആദ്യകഥ പ്രസിദ്ധീകരിച്ചുവന്ന സന്തോഷത്തിൽ നിൽക്കവെ, എന്റെ ജോലി നഷ്ടമായി. കഥ പ്രസിദ്ധീകരിച്ച അതേദിവസം വൈകുന്നേരം ചെന്നൈയിലെത്താൻ ഒാഫിസിൽനിന്ന് കോൾ വന്നു. ജോലി രാജിവെക്കാൻ ആവശ്യപ്പെടാനാണ് വിളിപ്പിച്ചത്. അവിടത്തെ മുതിർന്ന എഡിറ്റർ ‘‘നന്നായി കഥ എഴുതുന്നുണ്ടല്ലോ, സിനിമയിലോ സീരിയലിലോ എഴുതൂ’’ എന്ന് പറഞ്ഞു. അതിനേക്കാെളാക്കെ എനിക്ക് ജോലിയാണ് പ്രധാനം. ഇനി ഞാനൊരിക്കലും കഥ എഴുതില്ല, ജോലി തിരികെ തരൂ എന്ന് അദ്ദേഹേത്താട് അപേക്ഷിച്ചു. അദ്ദേഹം വഴങ്ങിയില്ല. വായനക്കാർ കഥ വായിച്ച് അഭിനന്ദിക്കാൻ വിളിക്കുേമ്പാൾ തൊഴിൽ നഷ്ടപ്പെട്ടതിന്റെ വേദനയിലേക്ക് ഞാൻ ആഴ്ന്നുപോകുകയായിരുന്നു. എങ്കിലും ‘ആനന്ദവികടനി’ൽ ജോലി ചെയ്തിരുന്ന ആളെന്ന നിലയിൽ വേറെ എവിടെയും അനായാസം ജോലി കിട്ടുമെന്ന ഒരു വിശ്വാസം അന്നുണ്ടായിരുന്നു. അതിലൊന്നും വലിയ കാര്യമില്ല എന്ന് വൈകാതെ മനസ്സിലായി. പല പത്രങ്ങളിലും മാഗസിനുകളിലും അപേക്ഷിച്ചെങ്കിലും ഒരിടത്തുനിന്നും അനുകൂല മറുപടി ലഭിച്ചില്ല. ‘‘നിങ്ങൾ കഥയെഴുതുന്ന ആളല്ലേ, കഥയെഴുതൂ’’ എന്ന് പറഞ്ഞാണ് പലരും മടക്കി അയച്ചത്. ആരും ജോലി മാത്രം തന്നില്ല.
കഥയെഴുതുന്നുവെന്നത് അങ്ങനെ ഒരു ജോലിക്കുള്ള അയോഗ്യതയായി മാറി. ചിലരാകെട്ട ‘‘ഉടനെ ജോലി തരാം’’ എന്നുപറഞ്ഞ് മാസങ്ങളോളം കബളിപ്പിച്ചു. അങ്ങനെ മാധ്യമപ്രവർത്തനത്തിൽ നിന്ന് ദീർഘമായ ഇടവേള ഉണ്ടായി. ഗതിയില്ലാതെ, നാഗർകോവിലിലെ ഒരു ഇ-മാഗസിനിൽ ഇടക്ക് ജോലിക്ക് കയറി. മാഗസിന്റെ ഉടമ എന്റെ സ്റ്റോറികളെ അഭിനന്ദിക്കുന്നത് ഇഷ്ടമാകാതിരുന്ന എഡിറ്റർ ചെറിയ പ്രശ്നങ്ങൾ പർവതീകരിച്ച് മാനസികമായി ബുദ്ധിമുട്ടിച്ചുകൊണ്ടേയിരുന്നു. അേപ്പാഴേക്കും ‘തിരുകാർത്തിയൽ’ കഥാസമാഹാരത്തിലെ 11 കഥകളും പൂർത്തിയായിരുന്നു. അത് പുസ്തകമായി പബ്ലിഷ് ചെയ്യാൻ പ്രസിൽ അയക്കുന്ന ദിവസം അതിന്റെ തിരക്കിൽപെട്ട് അര മണിക്കൂർ വൈകിയാണ് ഒാഫിസിലെത്തിയത്. പ്രസിൽ അവസാനവട്ട തിരുത്തലുകളിൽ നിൽക്കുകയായിരുന്ന എനിക്ക് എഡിറ്ററുടെ കോളുകൾ എടുക്കാനായില്ല. അതൊരു പ്രശ്നമാക്കി അദ്ദേഹം വഷളാക്കി. അങ്ങനെ അവിെടനിന്നും പുറത്തുപോകേണ്ടി വന്നു. അങ്ങനെ ആദ്യ കഥാസമാഹാരം ‘തിരുകാർത്തിയൽ’ പുസ്തകമായി ഇറങ്ങിയപ്പോൾ മറ്റൊരു ജോലികൂടി നഷ്ടമായി. കെ.വി. ജയശ്രീയുടെ സഹോദരി കെ.വി. ശൈലജയുടെ വംശി ബുക്സ് ആണ് ‘തിരുകാർത്തിയൽ’ പ്രസിദ്ധീകരിച്ചത്.
ജോലി ഇല്ലാതെ എങ്ങനെയാണ് അക്കാലങ്ങളിൽ കഴിഞ്ഞത്?
എനിക്കൊരു വളർത്തമ്മയുണ്ട്. നാഗർകോവിലിലെ പ്രശസ്ത ഡോക്ടറായ കണ്ണന്റെ ഭാര്യയും വ്യവസായിയുമായ ഉമ കണ്ണൻ. അവരാണ് എനിക്ക് വേണ്ട സഹായങ്ങൾ ചെയ്തിരുന്നത്. ഇന്നത്തെ പോലെ സന്തോഷവാനായിരുന്നില്ല അക്കാലങ്ങളിൽ ഞാൻ. ജോലി നഷ്ടം, മറ്റ് പ്രശ്നങ്ങൾ തുടങ്ങിയവയിൽ കുരുങ്ങി സദാ വിഷാദത്തിലായിരുന്നു. എന്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരങ്ങൾ നിർദേശിക്കാനും സഹായിക്കാനും അവർ എേപ്പാഴുമുണ്ടായിരുന്നു. ‘‘നീ എഴുതിക്കോ, ഞാൻ സഹായിക്കാം’’ എന്ന് എപ്പോഴും അവർ പറയുമായിരുന്നു. എനിക്കെഴുതാൻ അവർ ലാപ്ടോപ് വാങ്ങിത്തന്നു. വസ്ത്രങ്ങൾ, പുസ്തകങ്ങൾ, യാത്രകൾക്കുള്ള സഹായം അങ്ങനെ ഒരുപാട് കാര്യങ്ങൾ. എന്നെക്കാളും എന്നെക്കുറിച്ച് അവർക്ക് വിശ്വാസമുണ്ടായിരുന്നു. എന്റെ ആദ്യ കഥാസമാഹാരം ‘തിരുകാർത്തിയൽ’ സമർപ്പിച്ചിരിക്കുന്നത് തന്നെ ഉമ കണ്ണനും കെ.വി. ജയശ്രീക്കുമാണ്. മനുഷ്യന് പ്രാഥമികമായി വേണ്ടത് നന്ദിയാണ്. ഇവരല്ലാതെ വേറെ വലിയ എഴുത്തുകാർക്കോ വഴികാട്ടികൾക്കോ ഒന്നും നന്ദി പറയാൻ എനിക്കില്ല. ഇവരൊന്നും ഇല്ലായിരുന്നെങ്കിൽ ഇവിടെയിരുന്ന് ഇങ്ങനെ സംസാരിക്കാൻ റാം തങ്കം ഉണ്ടാകുമായിരുന്നില്ല.
പിന്നീട് ജോലി ഒന്നും ലഭിച്ചില്ലേ?
കഥയെഴുത്ത് ഞാൻ ആഗ്രഹിച്ച് വന്ന രംഗമല്ല. പക്ഷേ, അതു കാരണമാണ് എന്റെ ജോലികൾ നഷ്ടപ്പെട്ടത്. പിന്നീടൊരിക്കലും ജോലി കിട്ടാത്ത അവസ്ഥയിലുമാക്കിയത്. എഴുത്താണ് ജീവിതത്തിന്റെ പാതാളങ്ങളിലേക്ക് എന്നെ തള്ളിവിട്ടത്. എഴുത്ത് എന്നത് സരസ്വതി ദേവിയാണെന്ന് പറയും. പക്ഷേ, എഴുതിയതിനാലാണ് എനിക്ക് നഷ്ടങ്ങളുണ്ടായത്. ഒരുദിവസം ആലോചിച്ചിരിക്കവെ, ഇനി ജോലി തേടി നടക്കില്ല എന്നൊരു തീരുമാനമെടുത്തു. എഴുത്തിനൊരു ദൈവമുണ്ടെങ്കിൽ അതെന്നെ ജീവിക്കാൻ സഹായിക്കണം. ഇൗ എഴുത്തുതന്നെ എന്റെ വഴി. മറ്റൊരു ജോലിയും ഇനി സ്വീകരിക്കില്ല.
പക്ഷേ, അടുത്തദിവസം മറ്റൊരു ട്വിസ്റ്റ്. പൊന്നീലൻ സാറിനെ സന്ദർശിക്കാൻ നാഗർകോവിലിൽ വന്ന ‘ദിനമണി’ പത്രത്തിന്റെ എഡിറ്റർ വൈദ്യനാഥൻ സാറിനെ കാണാനിടയായി. കാര്യങ്ങൾ തിരക്കിയ അദ്ദേഹം ‘ദിനമണി’യിൽ സബ്എഡിറ്ററായി ജോലിക്ക് വരാൻ എന്നോട് ആവശ്യപ്പെട്ടു. അതൊരു വലിയ ഒാഫർ ആയിരുന്നു. ജോലിക്ക് പോകണോ വേണ്ടയോ എന്ന ആശയക്കുഴപ്പമായി. ഒടുവിൽ എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കാൻതന്നെ മനസ്സ് പറഞ്ഞു. അങ്ങനെ ആ വാഗ്ദാനം നിരസിച്ചു. അപ്പോഴേക്കും എഴുത്തിൽനിന്നും മറ്റ് അവാർഡുകളിൽനിന്നും മറ്റും വരുമാനം വരാൻ തുടങ്ങിയിരുന്നു. അതിനൊപ്പം ഒരു സുഹൃത്തിനൊപ്പം ചേർന്ന് ടി.വി ചാനൽ പരിപാടികൾക്ക് സ്ക്രിപ്റ്റ് വർക്ക് എടുത്തു ചെയ്യാൻ ആരംഭിച്ചു. വലിയ ആഡംബരമായല്ലെങ്കിലും ഒരു ശരാശരിജീവിതം നയിച്ചുപോകാനുള്ള വരുമാനം അങ്ങനെ എഴുത്തിൽനിന്ന് ഇപ്പോൾ ലഭിക്കുന്നു. എഴുത്തുകാരൻ മുകിലാണ് ടി.വി ചാനൽ സ്ക്രിപ്റ്റ് എഴുത്തിന് സഹായിക്കുന്നത്. അദ്ദേഹം എനിക്കൊരു സഹോദരനെപ്പോലെയാണ്.
പുസ്തകങ്ങളുടെ വിൽപന എങ്ങനെ?
‘തിരുകാർത്തിയൽ’ രണ്ട് എഡിഷനിലായി 2000 കോപ്പികൾ വിറ്റു കഴിഞ്ഞു. ഇവിടെ ആയിരം കോപ്പികൾ വിൽക്കുന്നതുതന്നെ വലിയ കാര്യമാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചശേഷം ഇപ്പോൾ മൂന്നാമത്തെ എഡിഷൻ അടിച്ചിരിക്കുന്നു. ഇവിടെ ഒരു കോളജിലെ സിലബസിൽ ഇൗ കഥയുണ്ടായിരുന്നു. സിംഗപ്പൂർ ലൈബ്രറി ശൃംഖലയിൽ ഇൗ പുസ്തകം അടുത്തിടെ അവർ ഉൾപ്പെടുത്തി.
മുകിലിന്റെ പരിചയത്തിൽ ഒരിക്കൽ ചെന്നൈ ബുക്ഫെയർ കാണാൻ പോയി. അവിടെ പോയപ്പോഴാണ് സെലിബ്രിറ്റി എഴുത്തുകാരുടെ പ്രാധാന്യം മനസ്സിലായത്. മുകിലൊക്കെ അന്നേ പ്രശസ്തനായ എഴുത്തുകാരനാണ്. അദ്ദേഹത്തെ അവിടെ തിരിച്ചറിയപ്പെടുകയും ഒപ്പം ഫോേട്ടാ എടുക്കാൻ ആളുകൾ തിരക്കുകൂട്ടുകയും ചെയ്യുന്നതും കണ്ടു. പ്രാദേശിക ചരിത്രവും മറ്റും എഴുതുേമ്പാൾ പരിമിതമായ മേഖലയിൽ മാത്രമാകും വായിക്കപ്പെടുന്നതും നമ്മൾ അറിയപ്പെടുന്നതും. പൊതുവായ ഫിക്ഷൻ രചനയിലേക്ക് കടക്കാനുള്ള പ്രചോദനങ്ങളിെലാന്ന് ചെന്നൈ ബുക്ഫെയറിൽ മറ്റ് എഴുത്തുകാർക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ടതുംകൂടിയാണ്. അടുത്തതവണ ചെന്നൈ ബുക്ഫെയർ നടക്കുേമ്പാൾ ‘തിരുകാർത്തിയൽ’ പുസ്തകമായി കഴിഞ്ഞിരുന്നു. ചെറിയതോതിൽ വായനക്കാർക്കിടയിൽ തിരിച്ചറിയപ്പെടാനും തുടങ്ങി. ‘തിരുകാർത്തിയലി’ന് ആറു അവാർഡുകളാണ് ലഭിച്ചത്. പക്ഷേ, അതിനുശേഷവും കഥകൾ എഴുതി അയച്ചാൽ മാഗസിനുകൾ പ്രസിദ്ധീകരിക്കാറില്ലായിരുന്നു. കഥയുടെ റിവ്യൂകളും വരില്ലായിരുന്നു. എന്താണ് കാരണമെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല.
പിന്നീടാണ് ചെറു നോവലായ ‘രാജവനം’ എഴുതുന്നത്. സിംഗപ്പൂരിലെ മായാ ഇലക്കിയ വട്ടം സംഘടിപ്പിച്ച ലോക തമിഴ് നോവൽ മത്സരത്തിലേക്ക് അയക്കാൻ വേണ്ടി എഴുതിയതാണ് ‘രാജവനം’. കന്യാകുമാരിയിലെ വനമേഖലയിലെ ട്രൈബൽ വിഷയങ്ങളാണ് ‘രാജവന’ത്തിന്റെ ഇതിവൃത്തം. ഒരു ഫോറസ്റ്റ് ഗാർഡിന്റെ ജീവിതത്തിലൂടെ വനത്തിനുള്ളിലെ ജീവിതത്തെ കാണാനുള്ള ശ്രമമായിരുന്നു അത്. ചാരു നിവേദിത ജൂറി ആയിരുന്ന 2020ലെ ആ നോവൽ മത്സരത്തിൽ ‘രാജവന’ത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. അതാണ് എന്റെ ആദ്യ നോവൽ. അതിനുശേഷം രണ്ടു നോവലുകൾ കൂടി പുറത്തുവന്നിട്ടുണ്ട്.
വംശി ബുക്സ് തന്നെ പ്രസിദ്ധീകരിച്ച ‘പുലിക്കുത്ത്’ ആണ് രണ്ടാമത്തെ കഥാസമാഹാരം. ‘പുലിക്കുത്തി’ലെ ഒരു കഥയും അതിനുമുമ്പ് മാഗസിനുകളിൽ അടിച്ചുവന്നവയായിരുന്നില്ല. മാഗസിനുകൾ എന്റെ കഥകൾ കൊടുക്കാതിരുന്ന കാലമായിരുന്നു അത്. അതിനാൽതന്നെ ഇനി എഴുതുന്നവയെല്ലാം നേരിട്ട് പുസ്തകങ്ങളാക്കിയാൽ മതിയെന്ന തീരുമാനം അങ്ങനെ എടുത്തതാണ്. അങ്ങനെ വരുേമ്പാൾ വായനക്കാരന് ഒാരോ കഥയും ഒരു സർപ്രൈസ് ആയിരിക്കും.
ഇടക്ക് യാത്രാവിവരണവും എഴുതിയിരുന്നല്ലോ?
ചെറുപ്പം മുതൽ യാത്രകൾ ചെയ്യാൻ വലിയ താൽപര്യമായിരുന്നു. ആ യാത്രകളിൽനിന്നാണ് പലപ്പോഴും എഴുത്തിനുള്ള ഇന്ധനം ലഭിക്കുന്നത്. പക്ഷേ, ഗൗരവമായ ഒരു യാത്രാ വിവരണം എഴുതിയത് കേരളത്തെക്കുറിച്ചാണ്. വൈക്കം, മാഹി, തിരുവനന്തപുരം, തലശ്ശേരി, കൊച്ചി തുടങ്ങി 13 സ്ഥലങ്ങളിലേക്കുള്ള യാത്രകൾ ‘കടവുളിൻ ദേശത്തിൽ’ എന്ന പുസ്തകമായി. ഇപ്പോൾ ചില സിനിമകൾക്കുള്ള പണിപ്പുരയിലാണ്. ചർച്ചകൾ നടക്കുന്നുണ്ട്. ‘തിരുകാർത്തിയൽ’ സിനിമയാക്കാൻ ഒരു പ്രമുഖ സംവിധായകൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്താണ് വായിക്കുന്നത്... മലയാളത്തിലെ രചനകൾ ശ്രദ്ധിക്കാറുേണ്ടാ?
സിർപ്പി ബാലസുബ്രഹ്മണ്യത്തിന്റെ പരിഭാഷകൾ വഴി എം.ടി. വാസുദേവൻ നായരുടെ കൃതികൾ വായിച്ചിട്ടുണ്ട്. ഒരു വലിയ പ്രചോദനമാണ് സിർപ്പി. അദ്ദേഹത്തിനിപ്പോൾ 87 വയസ്സെങ്കിലുമുണ്ടാകും. നൂറിനടുത്ത് പുസ്തകങ്ങൾ രചിച്ച അദ്ദേഹം ഇപ്പോഴും സജീവമാണ്. തർജമക്കും മൗലികരചനക്കും സാഹിത്യ അക്കാദമി അവാർഡ് നേടിയയാളാണ് അദ്ദേഹം. പത്മശ്രീയും ലഭിച്ചിട്ടുണ്ട്. പക്ഷേ, ഇത്രയും ഉയരത്തിലുള്ള ആ മനുഷ്യന്റെ ലാളിത്യം അവിശ്വസനീയമാണ്. ഇൗ 87ാം വയസ്സിൽ ഇരുന്ന് എഴുതേണ്ട ഒരു ആവശ്യവും അദ്ദേഹത്തിനില്ല. പ്രഭാവർമയുടെയും കെ.ആർ. മീരയുടെയും രചനകൾ ഒരു യുവാവിന്റെ ആവേശത്തോടെ അദ്ദേഹം ഇന്നും പരിഭാഷപ്പെടുത്തുന്നു.
എല്ലാതരം എഴുത്തുകാരുടെയും പുസ്തകങ്ങൾ വായിക്കാറുണ്ട്. മലയാളത്തിലെ വായന പരിഭാഷ വഴിയാണ്. കെ.ആർ. മീരയോടാണ് ഏറെ താൽപര്യം. മീരയുടെ നിരവധി പുസ്തകങ്ങൾ തമിഴിൽ വന്നിട്ടുണ്ട്. ‘ആരാച്ചാർ’ ഉൾപ്പെടെ സെന്തിൽകുമാറിന്റെ തർജമകൾ ഗംഭീരമാണ്. ബഷീർ, മുകുന്ദൻ, മനോജ് കുറൂർ, ഒ.വി. വിജയൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവരെയെല്ലാം ഇഷ്ടത്തോടെ വായിക്കുന്നു.
തമിഴിൽ നാഞ്ചിൽനാടൻ പ്രിയപ്പെട്ട എഴുത്തുകാരനാണ്. എപ്പോൾ േഫാണിൽ സംസാരിച്ചാലും ഇപ്പോൾ എന്താണ് വായിക്കുന്നതെന്നാണ് അദ്ദേഹം ചോദിക്കുക. നിരന്തരം എഴുതണമെന്നും ഉപദേശിക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ നാഞ്ചിൽ നാടന്റെ രചനാഭൂമികയും കന്യാകുമാരിയാണ്. അതുകൊണ്ടുതന്നെ എന്നെ കൂടുതൽ പ്രചോദിപ്പിച്ചിട്ടുള്ളത് നാഞ്ചിൽ നാടനാണ്.
വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധെപ്പട്ട വിഷയങ്ങളും താങ്കളുടെ രചനയിൽ വരുന്നുണ്ടല്ലോ. ഇന്നത്തെ കാലത്ത് ഇത്തരം കാര്യങ്ങൾ എഴുതുേമ്പാൾ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ?
അങ്ങനെ ഭയമൊന്നുമില്ല. എന്റെ മനഃസാക്ഷിക്ക് ശരിയെന്ന് തോന്നുന്നതാണ് ഞാൻ എഴുതുന്നത്. നോവലുകളിലും കഥകളിലുമൊക്കെ ഇത്തരം വിഷയങ്ങൾ ഒരുപാട് കൈകാര്യംചെയ്തിട്ടുണ്ട്. ഇതൊക്കെ വലിയ പ്രശ്നമായി സ്വീകരിച്ചാൽ പ്രശ്നമാണ്. അല്ലാതെയും കാണാം.
പെരുമാൾ മുരുകന് സംഭവിച്ചതെന്തെന്ന് നമുക്കറിയാം?
പെരുമാൾ മുരുകന്റെ വിഷയം വേറെയാണ്. അതൊരു സമുദായത്തിന്റെ വിഷയമായി എടുത്തതിനാലാണ് വലിയ വിവാദമായത്. പുസ്തകം ഇറങ്ങി നാലുവർഷങ്ങൾക്ക് ശേഷം ആരോ കുത്തിപ്പൊക്കിയതാണ്. എനിക്ക് പക്ഷേ, ആ പേടിയില്ല. എഴുത്താണ് നമ്മുടെ വഴിയെങ്കിൽ എഴുത്തിനുവേണ്ടി മരിക്കാനും തയാറാണ്. പെരുമാൾ മുരുകൻ ഒരു കോളജ് പ്രഫസർകൂടിയായിരുന്നു. ഞാൻ അങ്ങനെയല്ല, ഒരു സാധാരണക്കാരൻ. എഴുത്തുകൊണ്ട് മാത്രം ജീവിക്കുന്നയാൾ. അതുകൊണ്ട് എന്തും നേരിടാം. അങ്ങനെ ഭയമൊന്നുമില്ല. ഇൗഷൽ എന്ന് പറയുന്ന ഒരു പ്രാണിയുണ്ട്. വിട്ടിൽപൂച്ചി എന്നും പറയും. അതിന്റെ ആയുസ്സ് ഒരുദിവസമാണ്. അതിനറിയില്ല താൻ എത്രകാലം ജീവിക്കുമെന്ന്. എങ്കിലും അത് അതിവേഗതയിൽ ചിറകടിച്ച് പറന്നുകൊണ്ടേയിരിക്കും. അതുപോലെതന്നെ ജീവിതം. എത്രനാൾ ഉണ്ടാകുമെന്ന് അറിയില്ല. ഇരിക്കുന്ന കാലം മുഴുവൻ സന്തോഷമായി കഴിയണം.
ഞാൻ എഴുതുന്ന കാര്യങ്ങൾ ഇവിടെ നടന്നതാണ്, ഇവിടെ ഉള്ളതാണ്. പുതുതായി ഒന്നും സൃഷ്ടിച്ചുകൊണ്ടുവരുന്നില്ല.
എങ്ങെനയാണ് റാമിന്റെ രചനാശൈലി?
ഉൗഷരഭൂമിയിൽനിന്ന് പൊടുന്നനെ ഒരു ഉറവ പൊട്ടിപ്പുറപ്പെടുന്ന പോലെയാണ് എഴുത്ത് വരുന്നത്. ആ ഉറവ പിന്നീട് ശക്തി പ്രാപിച്ച് പ്രവാഹമായി മാറുന്നു. ഇൗ ഉറവപൊട്ടുന്നതിനുള്ള സമയം ഏറെയാണ്. അതിനായി ഏറെ കാത്തിരിക്കാറുണ്ട്. അതൊരിക്കൽ സംഭവിച്ചുകഴിഞ്ഞാൽ പിന്നീട് ബുദ്ധിമുട്ടുകളില്ല. ശരീരത്തിനുള്ളിലെ ഒരു ഹോർമോൺ വ്യതിയാനംപോലെയാണ് അത് സംഭവിക്കുന്നത്. അത് ചിലപ്പോൾ പകലിൽ സംഭവിക്കാം, പാതിരക്ക് സംഭവിക്കാം. ചിലപ്പോൾ ഉറക്കത്തിനിടയിലും സംഭവിക്കാം. ഒരു കഥയുടെ ആദ്യവരി എഴുതുന്നതാണ് ഏറ്റവും ശ്രമകരം. അതിനുവേണ്ടിയാണ് ഏറെ കാത്തിരിക്കുന്നത്.
‘രാജവനം’ എഴുതുേമ്പാൾ, എഴുതി കുറെ കഴിഞ്ഞശേഷമാണ് അതിലെ ഏറ്റവും പ്രധാന കഥാപാത്രം മനസ്സിൽ രൂപപ്പെട്ടത്. ജീവിതാനുഭവങ്ങളും എഴുത്തിന് കരുത്ത് പകരാറുണ്ട്. ‘തിരുകാർത്തിയലി’ൽ ആത്മകഥാംശം ഏറെയുണ്ട്. അത്തരം അനുഭവങ്ങളില്ലാതെ ആഴമേറിയ രചനകൾ സാധ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.