മലയാളത്തിലെ ശ്രദ്ധേയ വിവർത്തകരിൽ ഒരാളാണ് രമാ മേനോൻ. നിരവധി ലോക കൃതികൾ അവർ മലയാള വായനക്കാരിലേക്ക് എത്തിച്ചിരിക്കുന്നു. തന്റെ മൊഴിമാറ്റ അനുഭവങ്ങളും നിലപാടുകളും പറയുകയാണ് ഇൗ സംഭാഷണത്തിൽ രമാ മേനോൻ.
ലോകസാഹിത്യത്തിലെ ക്ലാസിക് കൃതികള്‍ പലതും വിവര്‍ത്തനത്തിലൂടെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ എഴുത്തുകാരിയാണ് രമാ മേനോന്‍. ഇതിനകം അറുപതോളം കൃതികള്‍ അവര്‍ വിവര്‍ത്തനം ചെയ്തുകഴിഞ്ഞു. സാഹിത്യകാരനും നിയമജ്ഞനും പണ്ഡിതനുമായ പുത്തേഴത്ത് രാമന്‍ മേനോന്റെ ഇളയമകളായ രമാ മേനോന്‍ കഥകള്‍ എഴുതിയാണ് രംഗത്തു വന്നത്. ‘സ്മാരകം’, ‘പൈതൃകം’ എന്നീ കഥാസമാഹാരങ്ങള്‍ നേരത്തേതന്നെ പ്രസിദ്ധീകരിച്ചു. ഭര്‍ത്താവ് ഐ.വി. നാരായണ മേനോനൊപ്പം 30 വര്‍ഷത്തോളം അഹ്മദാബാദിലായിരുന്നു ജീവിതം. അവിടെ അധ്യാപികയായി പ്രവര്‍ത്തിച്ചു. ആയിടക്കും കഥകള്‍ എഴുതിയിരുന്നു.
പൗലോ കൊയ്ലോയുടെ ‘ആല്‍ക്കെമിസ്റ്റ്’ വിവര്‍ത്തനം ചെയ്താണ് ഈ രംഗത്തേക്ക് കടന്നുവന്നത്. റഷ്യന്‍, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളില്‍നിന്നായി നിരവധി ഉല്‍കൃഷ്ട കൃതികള്‍ മലയാളത്തിലെ വായനക്കാര്‍ക്കായി ഒരുക്കി. സിമോണ്‍ ദെ ബുവെയുടെ ‘ജീവിതം’, ‘കത്തുകള്‍’, സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ ‘ക്ലാവ് പിടിച്ച കാലം’, ‘യുദ്ധഭൂമിയിലെ സ്ത്രീ പോരാളികള്‍’, അഫ്ഗാന്‍ എഴുത്തുകാരന്‍ ഖാലിദ് ഹുസൈനിയുടെ ‘പട്ടം പറത്തുന്നവന്‍’, ‘പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു’, ‘തിളക്കമാര്‍ന്ന ആയിരം സൂര്യന്മാര്‍’ എന്നിവ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ വിവര്‍ത്തനം ചെയ്തു.
ഇ.എം. ഫോസ്റ്ററിന്റെ ‘എ പാസേജ് ടു ഇന്ത്യ’, ഹെര്‍മന്‍ ഹെസ്സേയുടെ ‘സിദ്ധാർഥ’ എന്നിവ അടുത്തകാലത്ത് മൊഴിമാറ്റം നടത്തി. 79കാരിയായ രമാ മേനോന്‍ തന്റെ വിവര്‍ത്തന തപസ്യ തുടരുകയാണ്. മോപ്പസാങ്, ഹെമിങ്‌വേ, കാഫ്ക എന്നിവരുടെ കഥകള്‍ വിവര്‍ത്തനം ചെയ്യുകയാണ് ഇപ്പോള്‍. തൃശൂര്‍ എ.ആര്‍. മേനോന്‍ റോഡിലെ ലക്ഷ്മിനിലയം എന്ന വീട്ടിലാണ് ഭര്‍ത്താവുമൊത്ത് താമസം. മകന്‍ മാധവചന്ദ്രന്‍ ഫോഡ് മോട്ടോഴ്‌സില്‍ ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ ചൈനയിലെ ഷാങ്ഹായിലാണ്. മരുമകള്‍ സബീന്‍ ഫ്രഞ്ചുകാരിയാണ്. സൈക്കോളജിസ്റ്റായി പ്രവര്‍ത്തിക്കുന്നു. പേരക്കുട്ടികളായ പ്രിയങ്ക ന്യൂയോര്‍ക്കിലും ജൂലിയന്‍ കാനഡയിലുമാണ്. രമാ മേനോനുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ചുവടെ:
മൊഴിമാറ്റത്തിലേക്ക് എത്തിപ്പെടുന്നത് എങ്ങനെയാണ്?
നേരത്തേ കഥകള്‍ എഴുതിയിരുന്നുവെങ്കിലും വിവര്‍ത്തനത്തിലേക്ക് തിരിയുന്നത് തികച്ചും യാദൃച്ഛികമായാണ്. മകന്‍ മാധവചന്ദ്രന്‍ ജോലിയുമായി ബന്ധപ്പെട്ട് അർജന്റീനയിലെ ബ്വേനസ് ഐറിസില്‍ ആയിരിക്കുമ്പോള്‍ കുറച്ചുകാലം ഞാന്‍ അവിടെ പോയി താമസിച്ചിരുന്നു. 1998ലായിരുന്നു ഇത്. അവിടെവെച്ചാണ് പൗലോ കൊയ്ലോയുടെ ‘ആല്‍ക്കെമിസ്റ്റ്’ വായിക്കുന്നത്. പോർചുഗീസ് ഭാഷയില്‍ എഴുതിയ കൃതിയുടെ സ്പാനിഷ് പരിഭാഷയാണ് മകന്‍ വായിച്ചത്.
അതിനിടെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങിയിരുന്നു. സ്പാനിഷ് വേര്‍ഷന്‍ രസമായി തോന്നിയതിനാല്‍ മകന്‍ ഇംഗ്ലീഷ് പരിഭാഷ എനിക്ക് വായിക്കാന്‍ തന്നു. വായിച്ചപ്പോള്‍ കൗതുകം തോന്നി. ഇത് മലയാളത്തിലേക്ക് ആക്കിക്കൂടെ എന്ന് മകന്‍ ചോദിച്ചു. പുസ്തകത്തിന്റെ പ്രമേയം, അവതരണശൈലി, എഴുത്ത് എല്ലാം എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ മകന്റെ നിര്‍ദേശം തള്ളിക്കളയാനായില്ല. മലയാളത്തിലേക്ക് ‘ആല്‍ക്കെമിസ്റ്റ്’ മൊഴിമാറ്റം നടത്തിയാല്‍ നല്ല അനുഭവമായിരിക്കുമെന്ന് തോന്നി. എന്നാല്‍, എനിക്ക് അത് ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നുമില്ല.
ഏതായാലും മകന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ പരിഭാഷ നടത്താം എന്ന തീരുമാനത്തിലെത്തി. ഒരു വെല്ലുവിളിയായാണ് അത് ഏറ്റെടുത്തത്. 1999ലെ കര്‍ക്കടക മാസത്തിലാണ് വിവര്‍ത്തനം തുടങ്ങിയത്. ഒരുമാസംകൊണ്ട് പൂര്‍ത്തിയാക്കി. വിവര്‍ത്തനം നടത്താന്‍ പൗലോ കൊയ്ലോയുടെ അനുവാദം ഇ-മെയില്‍ വഴി ചോദിച്ചിരുന്നു. അദ്ദേഹം സന്തോഷപൂര്‍വം അനുമതി നല്‍കി. പരിഭാഷ എവിടെ പ്രസിദ്ധീകരിക്കും എന്ന് ആലോചിച്ചപ്പോള്‍ ഡി.സി ബുക്സിന് എഴുതാം എന്ന് തീരുമാനിച്ചു. ഇതുസംബന്ധിച്ച് എഴുതിയപ്പോള്‍ ഡി.സി രവി വിവര്‍ത്തനം അയക്കാന്‍ പറഞ്ഞു.
അയച്ചപ്പോള്‍ താമസിയാതെ പ്രസിദ്ധീകരിക്കുന്നു എന്നായിരുന്നു മറുപടി. 2000ല്‍ പുസ്തകം പുറത്തുവന്നു. ‘ആല്‍ക്കെമിസ്റ്റ്’ മലയാളത്തിലേക്ക് എത്തിക്കാനുള്ള നിയോഗം എന്നില്‍ എത്തുകയായിരുന്നു എന്ന് ചുരുക്കം. ഇംഗ്ലണ്ടില്‍ പുസ്തകങ്ങളുടെ പ്രമോഷനുമായി എത്തിയ പൗലോ കൊയ്ലോയെ മകനും മരുമകളും കാണുകയുണ്ടായി. വിവര്‍ത്തനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ പൗലോക്ക് സന്തോഷമായി. അദ്ദേഹത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയ പുസ്തകങ്ങള്‍ കൊടുത്തയച്ചു.
പൗലോയുടെ ‘ദ ഡെവിള്‍ ആൻഡ് മിസ് പ്രിം’, ‘ദി ഫിഫ്ത്ത് മൗണ്ടന്‍’ എന്നീ പുസ്തകങ്ങളും എന്റെ ഇഷ്ടപ്രകാരം മലയാളത്തിലാക്കി. ചെകുത്താനും ഒരു പെണ്‍കിടാവും ഉള്‍പ്പെടെ മറ്റു രണ്ടു പുസ്തകങ്ങള്‍കൂടി പ്രസാധകരുടെ അഭ്യർഥനയനുസരിച്ച് മൊഴിമാറ്റം നടത്തി. ആല്‍ക്കെമിസ്റ്റിന്റെ ഒരു ഭാഗം എട്ടാം ക്ലാസ് മലയാള പാഠപുസ്തകമായി വന്നിരുന്നു. തുടര്‍ന്നും പുസ്തകങ്ങള്‍ അയച്ചുകിട്ടിയിരുന്നുവെങ്കിലും അവയുമായി അത്രതന്നെ ഇഴുകിച്ചേരാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ വിവര്‍ത്തനത്തിന് മുതിര്‍ന്നില്ല.
അച്ഛന്‍ പുത്തേഴത്ത് രാമന്‍ മേനോന്‍ എങ്ങനെയൊക്കെയാണ് സ്വാധീനിച്ചത്? എഴുത്തിന്റെ ലോകത്ത് അദ്ദേഹത്തിന്റെ സഹായം എന്തെല്ലാമായിരുന്നു?
അച്ഛന്റെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിച്ചാണ് ഞാന്‍ വളര്‍ന്നത്. എല്ലാതരം പുസ്തകങ്ങളും അവിടെ ഉണ്ടായിരുന്നു. അഭിഭാഷകന്‍, ഹൈകോടതി ജഡ്ജി, കൊച്ചി രാജാവിന്റെ സര്‍വാധികാര്യക്കാര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്നു. അച്ഛന്റെ പത്തു മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു ഞാന്‍. തൃശൂര്‍ മണലൂരിലായിരുന്നു അച്ഛന്റെ തറവാട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഭരണസമിതിയിലും അച്ഛന്‍ ഉണ്ടായിരുന്നു.
നിരൂപണങ്ങളും ലേഖനങ്ങളും എഴുതുന്നതിനാല്‍ പുസ്തകാഭിപ്രായം രേഖപ്പെടുത്താന്‍ പ്രസാധകര്‍ പുതിയ കൃതികള്‍ അച്ഛന് അയക്കുന്നതും പതിവാണ്. അതെല്ലാം ഞങ്ങള്‍ കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാന്‍ ഉതകി. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഭരണസമിതി അംഗമെന്ന നിലയില്‍ വര്‍ഷംതോറും പുസ്തകങ്ങള്‍ ലഭിക്കുമായിരുന്നു. ഏതെല്ലാം പുസ്തകങ്ങളാണ് വേണ്ടതെന്ന് നിര്‍ദേശിക്കാന്‍ അച്ഛന്‍ കുട്ടികളായ ഞങ്ങളെ ചുമതലപ്പെടുത്തും. അങ്ങനെ ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കും.
ഇരുപതാം വയസ്സിലാണ് വിവാഹം. ഭര്‍ത്താവ് ടെക്സ്‌റ്റൈല്‍ മേഖലയില്‍ ആയിരുന്നു. അഹ്മദാബാദില്‍. വിവാഹം കഴിഞ്ഞ് അവിടേക്ക് തിരിച്ചു. അച്ഛന്‍ എനിക്ക് പട്ടുവസ്ത്രങ്ങളോ ആഭരണങ്ങളോ തരുന്നതിന് പകരമായി പുസ്തകങ്ങളാണ് വിവാഹസമ്മാനമായി നല്‍കിയത് എന്ന് ഓര്‍ക്കാറുണ്ട്. നവവരനുമായി അന്യദേശത്തേക്ക് യാത്ര തിരിക്കുമ്പോള്‍ അമ്മ അരിയും പരിപ്പും മറ്റ് പലവ്യഞ്ജനങ്ങളും തന്നുവിട്ടു. അച്ഛനാകട്ടെ എന്റെ വായന മുരടിക്കരുതെന്ന് കരുതി രാമായണവും കാളിദാസ കൃതികളും, തകഴി, എസ്.കെ. പൊറ്റെക്കാട്ട്, ലളിതാംബിക അന്തർജനം തുടങ്ങിയവരുടെ കഥകളും നോവലുകളും ടാഗോറിന്റെ ഗീതാഞ്ജലിയുടെ തർജമയും ശ്രീരാമകൃഷ്ണ പരമഹംസരുടെ കൃതികളും മറ്റുമാണ് പെട്ടികളിലാക്കി തന്നയച്ചത്.
അമ്മയും എന്റെ സാഹിത്യപ്രവര്‍ത്തനങ്ങളെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. ജാനകിയെന്നായിരുന്നു അമ്മയുടെ പേര്. കഥകള്‍ എഴുതുന്ന കാലത്ത് അത് വായിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യും. അക്കാലത്തെ രചനകള്‍ക്ക് പിന്നിലുള്ള സംഭവങ്ങള്‍ കണ്ടെത്തി പറയാനും അമ്മക്ക് ഉത്സാഹമായിരുന്നു. നീ എഴുതിയത് ഇന്നയാളുടെ കഥയല്ലേ എന്നൊക്കെ ചോദിക്കും. 96 വയസ്സ് കഴിഞ്ഞാണ് അമ്മയുടെ വിയോഗം. അതുവരെ നിരന്തരമായി എന്റെ എഴുത്തുജീവിതത്തിന് ഉത്സാഹം പകര്‍ന്നു എന്നത് വിസ്മരിക്കാനാവില്ല.
വിവര്‍ത്തനത്തിന്റെ രീതി എന്താണ്?
മൂലകൃതിയില്‍ പറയുന്ന വാക്കുകളില്‍ കടിച്ചുതൂങ്ങാതെ ആശയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വിവര്‍ത്തനത്തില്‍ ഞാന്‍ സ്വീകരിക്കുന്ന മാര്‍ഗം. പ്രമേയം മനസ്സിലാക്കി ആശയത്തില്‍ ഊന്നുമ്പോള്‍ വിവര്‍ത്തനം എളുപ്പമാവും എന്നാണ് അനുഭവം. മലയാളത്തിലെ വായനക്കാര്‍ക്ക് ഏറ്റവും സുഖമായി വായിക്കാന്‍ കഴിയണം. അവരുടെ സ്വാഭാവികമായ വായനക്ക് തടസ്സം വരുന്ന ഒന്നും വിവര്‍ത്തനത്തില്‍ ഉണ്ടാവരുത് എന്ന് സ്വയം നിഷ്‌കര്‍ഷിക്കാറുണ്ട്. ഇംഗ്ലീഷില്‍ പല സന്ദര്‍ങ്ങളിലും പറയുന്ന വാക്കുകള്‍ മലയാളത്തില്‍ ഉപയോഗിക്കുന്നുണ്ടാവില്ല. എക്സ്‌ക്യൂസ് മി, സോറി, താങ്ക്സ് തുടങ്ങിയ പ്രയോഗങ്ങള്‍ ഇംഗ്ലീഷില്‍ അനിവാര്യമായിരിക്കാം. എന്നാല്‍ മലയാളത്തില്‍ അത് അത്രതന്നെ ആവശ്യമില്ല.
കേരളീയ കുടുംബത്തിലെ അംഗങ്ങള്‍ സഹായങ്ങള്‍ ചെയ്യുമ്പോള്‍ നന്ദിപ്രകടനം വാക്കുകളിലൂടെ പതിവില്ലല്ലോ. അങ്ങനെ ചെയ്യുമ്പോള്‍ കൃത്രിമവും അരോചകവും ആയി മാറുകയാണ് പതിവ്. സാഹചര്യം അനുസരിച്ചാണ് ഭാഷ പ്രയോഗിക്കേണ്ടത് എന്ന് ഇതിലൂടെ വ്യക്തമാകുന്നു. ഞാന്‍ വിവര്‍ത്തനംചെയ്ത ഒരു കഥയില്‍ ബര്‍ത്ത എന്ന് പേരുള്ള പ്രായമായ ഒരു സ്ത്രീയെ ഓള്‍ഡ് ബര്‍ത്ത എന്നാണ് വിശേഷിപ്പിക്കുന്നത്. വിവര്‍ത്തനത്തില്‍ ഞാന്‍ ബര്‍ത്ത മുത്തശ്ശി എന്നാക്കി മാറ്റി. ഇതോടെ മലയാളത്തിലെ വായനക്കാര്‍ക്ക് ആശയവ്യക്തത അനായാസമായി. ചുരുക്കത്തില്‍ നമ്മുടെ ഭാഷയിലേക്ക് മാറ്റുമ്പോള്‍ നമുക്ക് ചില സ്വാതന്ത്ര്യങ്ങള്‍ എടുക്കാന്‍ സാധിക്കണം. അപ്പോള്‍ മാത്രമേ വിവര്‍ത്തനത്തിന് ജീവന്‍ ഉണ്ടാവുകയുള്ളൂ. നമ്മുടെ ഭാഷ, സംസ്‌കാരം, ജീവിതം എന്നിവയുമായി അന്യഭാഷാ കൃതിയെ ബന്ധിപ്പിക്കാന്‍ സാധിക്കണം.
ചൈനീസ് ഫുഡ് കേരളത്തിന്റെ മുക്കിലും മൂലയിലും സുലഭമാണ്. എന്നാല്‍, ചൈനയില്‍വെച്ച് ഇത് കഴിച്ചപ്പോള്‍ എനിക്ക് സ്വാദിഷ്ഠമായി തോന്നിയില്ല. ഇവിടത്തേത് ഇഷ്ടമാവുകയും ചെയ്തു. ഇവിടെ നമുക്ക് പ്രിയമായ ചില ചേരുവകള്‍ ചേര്‍ക്കുന്നതാണ് കാരണം. നമ്മുടെ രുചിക്ക് പറ്റുന്നവിധം വിളമ്പുന്നു. അതുതന്നെയാണ് ഭാഷയുടെ കാര്യത്തിലും നടക്കുന്നത് അഥവാ നടക്കേണ്ടത്. അന്യഭാഷാ കൃതികളെ നമ്മുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും അന്തരീക്ഷത്തിലേക്ക് കൊണ്ടുവന്നില്ലെങ്കില്‍ വായനക്ക് കല്ലുകടിയാവും. അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഭാഷാന്തരീകരണത്തില്‍ അത് നിര്‍വഹിക്കുന്ന ആളിന്റെ സ്ഥാനം എത്രത്തോളമാണ്? വിവര്‍ത്തകനെ അഥവാ വിവര്‍ത്തകയെ കോ-ഓതര്‍ എന്ന് വിശേഷിപ്പിക്കാറുണ്ടല്ലോ?
വിവര്‍ത്തനത്തിലൂടെ ലഭിക്കുന്ന കൃതികള്‍ തനത് രചനകളെപ്പോലെതന്നെ നാം ഇഷ്ടപ്പെടുകയും സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. അങ്ങനെ നടക്കുന്നുണ്ടോ എന്ന് ഉറപ്പിച്ചുപറയാന്‍ പറ്റില്ല. വിവര്‍ത്തന കൃതികള്‍ വായനക്കാരിലേക്ക് വേണ്ടപോലെ എത്തുന്നുണ്ടോ എന്നതും സംശയമാണ്. വിവിധ രാജ്യങ്ങളിലെ ജീവിതം, സംസ്‌കാരം എല്ലാം അറിയാന്‍ വിവര്‍ത്തന കൃതികള്‍ സഹായിക്കും. മനസ്സുകൊണ്ട് കുറേനേരം വിദേശരാജ്യങ്ങളില്‍ കഴിയുന്നതിന്റെ ഒരു സുഖം ഇവ വായിക്കുമ്പോള്‍ ലഭിക്കും എന്നാണ് തോന്നുന്നത്. വിവര്‍ത്തകന്‍ കോ-ഓതര്‍ ആവുന്നുണ്ടോ എന്നറിയില്ല.
അത്തരത്തില്‍ ഒരു പരിഗണന കിട്ടുന്നുണ്ടെങ്കില്‍ നല്ലതാണ്. എന്നാല്‍, അതൊരു സുഖിപ്പിക്കല്‍ മാത്രമാവാനാണ് സാധ്യത. ഒരു ഓമനപ്പേരായി മാത്രം അതിനെ കണ്ടാല്‍മതി എന്നാണ് എനിക്ക് തോന്നുന്നത്. അമ്മ വെച്ചത് ഞാന്‍ വിളമ്പുന്നു. വിളമ്പുന്ന ഞാന്‍ ഒരിക്കലും പാചകക്കാരിയാവില്ലല്ലോ. അതാണ് വിവര്‍ത്തനം ചെയ്യുന്ന ആളിന്റെയും റോള്‍. വിളമ്പുന്നവന്റെ പരിധിയില്‍ മാത്രമേ വിവര്‍ത്തകർ വരുന്നുള്ളൂ. അതിനപ്പുറം ഒന്നും അവകാശപ്പെടേണ്ടതില്ല. എന്നെ സംബന്ധിച്ചിടത്തോളം വിവര്‍ത്തനം ഇഷ്ടമുള്ള ജോലിയാണ്. അതിലുപരിയായി അതിനെ കാണുന്നില്ല. സമയം നല്ലനിലയില്‍ ചെലവഴിക്കാന്‍ കഴിയുന്നു. ചെറിയ പ്രശസ്തിയും സാമ്പത്തിക നേട്ടവും കൈവരുന്നു എന്നതും നിഷേധിക്കുന്നില്ല.
ബാക്കിയൊക്കെ വായനക്കാര്‍ തീര്‍ച്ചയാക്കട്ടെ. അഭിനേതാക്കള്‍ക്ക് ശബ്ദം കൊടുക്കുന്ന ഡബിങ് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടല്ലോ. എഴുത്തിന്റെ ലോകത്ത് അവരുടെ ധര്‍മമാണ് വിവര്‍ത്തകർ ചെയ്യുന്നത്. മനസ്സിലുള്ളത് പുറത്തേക്ക് പറയുമ്പോഴാണല്ലോ ഭാഷ ശക്തമാകുന്നതും സൗന്ദര്യമാർജിക്കുന്നതും. അതുപോലെ മറ്റൊരു ഭാഷയിലെ രചനയുടെ ശക്തിയും സൗന്ദര്യവും സ്വന്തം ഭാഷയിലേക്ക് ആവാഹിക്കുകയാണ് വിവര്‍ത്തകന്റെ ധർമം.
റഷ്യന്‍ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയും നൊേബല്സമ്മാന ജേതാവുമായ സ്വെറ്റ്ലാന അലക്‌സിവിച്ചിന്റെ ‘ടൈം സെക്കൻഡ് ഹാന്‍ഡ്’ എന്ന കൃതി ‘ക്ലാവു പിടിച്ച കാലം’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്യുകയുണ്ടായല്ലോ. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട ഈ പുസ്തകം ഏറെ ചര്‍ച്ചക്ക് വിധേയമായതാണ്. അതിന്റെ വിവര്‍ത്തനാനുഭവം വിശദമാക്കാമോ?
സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ ‘ടൈം സെക്കൻഡ് ഹാന്‍ഡ്’ എന്ന കൃതി 2013ലാണ് പുറത്തിറങ്ങുന്നത്. 2017ലാണ് എന്റെ വിവര്‍ത്തനം വരുന്നത്. പത്രപ്രവര്‍ത്തകയായ സ്വെറ്റ്‌ലാനയുടെ അന്വേഷണാത്മക കൃതിയാണിത്. യു.എസ്.എസ്.ആറിന്റെ പതനത്തിനുശേഷം അതിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും അന്വേഷിക്കുന്ന രചന എന്ന നിലയില്‍ ഇത് വളരെ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. സാധാരണ ജനങ്ങളെയും പട്ടാളഭരണത്തിലും മറ്റും ഉണ്ടായിരുന്ന നേതാക്കളെയും കണ്ടു സംസാരിച്ചാണ് സ്വെറ്റ്‌ലാന തന്റെ രചന നിര്‍വഹിച്ചത്.
അറുന്നൂറില്‍പരം പേജുള്ള ബൃഹത്തായ പുസ്തകമാണിത്. 2015ല്‍ നൊേബല്‍ സമ്മാനത്തിന് അര്‍ഹമായ നോണ്‍ ഫിക്ഷൻ കൃതി എന്ന പ്രത്യേകതയും ഉണ്ട്. ബെലോറഷ്യയില്‍ എഴുതിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് വേര്‍ഷനാണ് എന്റെ പരിഭാഷക്ക് ആധാരം. റഷ്യന്‍ ഭരണകൂടത്തിന്റെ ഇരുമ്പുമറ പൊളിച്ചുമാറ്റാന്‍ ഗ്രന്ഥകാരി അവിടെ ശ്രമിക്കുന്നുണ്ട്. വ്യക്തിയുടെ ഓര്‍മയിലൂടെ ചരിത്രം കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. റഷ്യയില്‍ ലെനിനുശേഷം സ്റ്റാലിനും ക്രൂഷ്‌ചേവും ബ്രഷ്‌നേവും ആന്ത്രോപ്പോവും ഭരണം നടത്തുകയുണ്ടായി.
1985ല്‍ മിഖായേല്‍ ഗോര്‍ബച്ചേവ് അധികാരത്തില്‍ വന്നതോടെ മാറ്റങ്ങള്‍ക്ക് തുടക്കമായി. പെരിസ്‌ട്രോയിക്ക, ഗ്ലാസ്‌നോസ്ത് എന്നീ പുരോഗമനാശയങ്ങളുടെ വെള്ളിവെളിച്ചം വന്നു. അതിന്റെ പ്രതിഫലനം പക്ഷേ വിചാരിച്ചപോലെയായില്ല. രാജ്യം ശിഥിലമായി. സോവിയറ്റ് യൂനിയന്റെ പതനം പലവിധത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു. താത്ത്വികമായ അവലോകനങ്ങള്‍ ഏറെ നടന്നു. ഇന്നും നടന്നുകൊണ്ടിരിക്കുന്നു. പ്രത്യയശാസ്ത്രപരമായി ഉണ്ടായ പിഴവുകള്‍, പ്രായോഗികതലത്തില്‍ ഉണ്ടായ പാളിച്ചകള്‍ എല്ലാം ചര്‍ച്ചയായതാണ്. സ്റ്റാലിന്‍, ബ്രഷ്‌നേവ്, യെത് സിന്‍, ഗോര്‍ബച്ചേവ് തുടങ്ങിയ ഭരണാധികാരികളെല്ലാം വിമര്‍ശനത്തിന് വിധേയരായി.
അവരെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് നില്‍ക്കുകയാണുണ്ടായത്. അത്തരം വ്യത്യസ്തമായ അഭിപ്രായപ്രകടനങ്ങളുടെയും ഓര്‍മകളുടെയും വിശദമായ സഞ്ചയമാണ് ‘ക്ലാവ് പിടിച്ച കാല’ത്തില്‍ തെളിയുന്നത്. സാധാരണ ജനങ്ങളുടെ രാഷ്ട്രീയബോധം വിളംബരം ചെയ്യുന്ന കൃതിയാണിത്. അവരുടെ വിചാരം, വികാരം, സ്വപ്നം, നഷ്ടബോധം എന്നിവയെല്ലാം കാണാം. യെത് സിന്‍, പുടിന്‍ എന്നീ ഭരണാധികാരികളും വിചാരണക്ക് വിധേയമാവുന്നുണ്ട്.
റഷ്യന്‍ വിപ്ലവത്തോടൊപ്പം വളര്‍ന്നവരും ഇടക്കുവെച്ച് അതിന്റെ ഭാഗമായി മാറിയവരും സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കുശേഷം ജനിച്ചവരും സ്വെറ്റ്‌ലാനയുമായി അഭിപ്രായം പങ്കിടുന്നുണ്ട്. വിപ്ലവം ഒരു കെട്ടുകാഴ്ച മാത്രമാണെന്ന് ജനം തിരിച്ചറിയുന്നു. പെരിസ്‌ട്രോയിക്കയോടെ മുതലാളിത്തം ഇറങ്ങിവന്നു. ഹരേകൃഷ്ണ പ്രസ്ഥാനക്കാരുടെ സൗജന്യ ഭക്ഷണത്തിന് മാന്യരായ വൃദ്ധജനങ്ങള്‍ കാത്തിരുന്നു എന്നു പറയുമ്പോള്‍ ദുരന്തം പൂര്‍ത്തിയാവുകയാണ്. മാർക്സിന്റെ കൃതികള്‍ വായിച്ചിട്ടുള്ളവരാണ് കമ്യൂണിസ്റ്റുകള്‍, എന്നാല്‍ അത് മനസ്സിലാക്കിയിട്ടുള്ളവര്‍ കമ്യൂണിസ്റ്റ് വിരോധികളും എന്നിങ്ങനെയുള്ള ചിന്തകള്‍ പലരും പങ്കുവെക്കുന്നു.
കമ്യൂണിസ്റ്റുകാരെ ഞാന്‍ കുറ്റപ്പെടുത്തില്ല, കുറ്റപ്പെടുത്തേണ്ടത് കമ്യൂണിസത്തെയാണ് എന്ന അഭിപ്രായവും സ്വെറ്റ്‌ലാനയോട് സംസാരിക്കുന്നവര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഭരണകൂടത്തെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ തയാറായിരുന്നു. എന്നാല്‍, വിമര്‍ശിക്കുന്നവര്‍ പലരും രഹസ്യപൊലീസിന്റെ നോട്ടപ്പുള്ളികളായി. പലര്‍ക്കും ദീര്‍ഘകാലം തടവറയില്‍ കഴിയേണ്ടിവന്നു. യുദ്ധവും അധികാരവും എങ്ങനെയെല്ലാം ജനജീവിതത്തെ മാറ്റിമറിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രം ഇതില്‍കാണാം.
നീല ജീന്‍സ് വില്‍പന നടത്തുന്നവരെപ്പറ്റി സ്വെറ്റ്‌ലാന പറയുന്നുണ്ട്. ഒരു ദിക്കില്‍നിന്ന് ആണിയും മറ്റൊരിടത്ത് നിന്ന് ലാടവും വാങ്ങി രണ്ടും കൂടി ഒരു സഞ്ചിയിലിട്ട് പുതിയ ഒരു സാധനമായി അവതരിപ്പിക്കുന്ന വിപണനതന്ത്രം പരീക്ഷിക്കാനും ആളുകള്‍ക്ക് അക്കാലത്ത് മടിയുണ്ടായിരുന്നില്ല. അയല്‍വാസിയെ പോലും ഒറ്റുകൊടുക്കുന്ന രീതി സർവസാധാരണമായിരുന്നു. വില്‍ക്കാന്‍ പഠിക്കൂ, കമ്പോളമാണ് നമ്മെ രക്ഷപ്പെടുത്തുക എന്ന ആപ്തവാക്യം എങ്ങും മുഴങ്ങിക്കേട്ടിരുന്നു. സ്വാർഥരും ധനമോഹികളും ആഡംബരപ്രിയരുമായ നേതാക്കള്‍ വിമര്‍ശിക്കപ്പെടുകയുണ്ടായി. മറ്റു രാജ്യങ്ങള്‍ നൂറ്റാണ്ടുകള്‍കൊണ്ടു സ്ഥാപിച്ച മുതലാളിത്ത വ്യവസ്ഥിതി മൂന്നു കൊല്ലംകൊണ്ട് നടപ്പാക്കാന്‍ റഷ്യക്ക് സാധിച്ചുവെന്നും സ്വെറ്റ്‌ലാന പറയുന്നുണ്ട്.
യു.എസ്.എസ്.ആര്‍ ആണോ പുതിയ റഷ്യയാണോ നല്ലത് എന്ന വിചാരവും പുസ്തകം ചര്‍ച്ചചെയ്യുന്നുണ്ട്. സോവിയറ്റ് യൂനിയന്റെ കീഴില്‍ ജീവിതം സുഖകരമായി തോന്നിയിരുന്നില്ല. ഇന്നാകട്ടെ അത് ഭയാനകമായി മാറിയിരിക്കുന്നു. ഇപ്രകാരം അവ്യവസ്ഥയുടെയും ഇച്ഛാഭംഗത്തിന്റെയും അലയടികളാണ് ‘ക്ലാവ് പിടിച്ച കാല’ത്തില്‍ പൊതുവായി കാണാന്‍ സാധിക്കുന്നത്.
‘വാര്‍സ് അണ്‍വുമന്‍ലി ഫേസ്’ എന്ന കൃതി യുദ്ധഭൂമിയിലെ സ്ത്രീ പോരാളികള്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്യുകയുണ്ടായല്ലോ. റഷ്യന്‍-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അതെങ്ങനെ ഓര്‍ക്കുന്നു?
‘ക്ലാവ് പിടിച്ച കാല’വും ‘യുദ്ധഭൂമിയിലെ സ്ത്രീ പോരാളികളും’ പരസ്പരപൂരകങ്ങളായ കൃതികളാണ്. യുദ്ധം, അടിച്ചമര്‍ത്തലുകള്‍, തടങ്കല്‍പാളയങ്ങളിലെ ദുരിതജീവിതം, അധികാരികളുടെ പീഡനം എന്നിവയാണ് ഇരു കൃതികളിലും കാണാന്‍ കഴിയുന്നത്. റഷ്യന്‍-യുക്രെയ്ന്‍ യുദ്ധസാഹചര്യത്തില്‍ ഈ കൃതികളുടെ പാരായണത്തിന് പ്രസക്തിയുണ്ട്. യുദ്ധത്തിന് പിന്നിൽ ആരുടെയോ സ്വാർഥതക്കുവേണ്ടി ഇറങ്ങിപ്പുറപ്പെട്ട ഒരു സംഘത്തെ കാണാം. യുദ്ധം വാസ്തവത്തില്‍ ഒന്നും നേടുന്നില്ല. റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ പലതും അപലപിച്ചിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്ന്‍ സന്ദര്‍ശിക്കുകയുണ്ടായി. ചൈന ഇടപെടണമെന്ന് കേട്ടിരുന്നു. എന്നിട്ടും യുദ്ധത്തിന്റെ അന്തരീക്ഷത്തിന് ശമനം വന്നിട്ടില്ല. 1944ലാണ് ഞാന്‍ ജനിച്ചത്. 1945 കാലയളവിലാണ് രണ്ടാം ലോകയുദ്ധം. അത് നമ്മെ നേരിട്ട് ബാധിച്ചിരുന്നില്ല. എന്നാലും നിത്യോപയോഗസാധനങ്ങള്‍ക്കുള്ള ക്ഷാമമായി അത് അനുഭവപ്പെടുകയുംചെയ്തു. അരിയും മറ്റും കിട്ടാനില്ലാതെയായി. എവിടെയോ നടക്കുന്ന യുദ്ധമാണ് ഇതിന് കാരണമെന്ന് ആളുകള്‍ പറയുമായിരുന്നു. യുദ്ധം സമാധാനത്തിനു വേണ്ടിയാണെന്നൊക്കെ പറയും. അത് പക്ഷേ, വെറും പറച്ചിലാണ്. യുദ്ധം നഷ്ടവും നാശവും മാത്രമേ ഉണ്ടാക്കുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.
സ്വെറ്റ്ലാന അലക്‌സിവിച്ചിന്റെ ‘യുദ്ധഭൂമിയിലെ സ്ത്രീ പോരാളികള്‍’ എന്ന കൃതിയിലേക്ക് വന്നാല്‍, രണ്ടാം ലോകയുദ്ധത്തില്‍ ജർമനിയും റഷ്യയും പരസ്പരം ഏറ്റുമുട്ടിയ യുദ്ധരംഗത്ത് സ്ത്രീകള്‍ നടത്തിയ പോരാട്ടമാണ് വിഷയം. ‘വാര്‍സ് അണ്‍വുമണ്‍ലി േഫസ്’ എന്നാണ് മൂലകൃതിയുടെ പേര്. യുദ്ധത്തിന്റെ സ്ത്രീ വിരുദ്ധമുഖം. രണ്ടാം ലോകയുദ്ധത്തിന്റെ സ്ത്രീപക്ഷ വായനയാണ് ഈ കൃതി. അന്ന് യുദ്ധരംഗത്ത് ഉണ്ടായിരുന്ന നൂറുകണക്കിന് സ്ത്രീകളുമായി അഭിമുഖം നടത്തിയാണ് പുസ്തകം തയാറാക്കിയത്.
യുദ്ധത്തിന്റെ ഭീകരത, ദുരന്തങ്ങള്‍, ദാരിദ്ര്യം, രാഷ്ട്രീയമായ അവ്യവസ്ഥ, നിര്‍ബന്ധ തൊഴില്‍ ഇടങ്ങളിലെ പീഡനം, സ്ത്രീ-പുരുഷ വിവേചനം, ജയിലറകളിലെ ദുരിതങ്ങള്‍ തുടങ്ങിയ വിഷയങ്ങളെല്ലാം ഇതില്‍ വിശദമാക്കുന്നുണ്ട്. യുദ്ധം കഴിഞ്ഞ് പതിറ്റാണ്ടുകള്‍ക്കുശേഷം അതില്‍ പങ്കെടുത്ത സ്ത്രീകള്‍ നടത്തുന്ന തിരിഞ്ഞുനോട്ടം ആശ്വാസത്തിന്റെയും വിഭ്രമത്തിന്റെയും ചിത്രങ്ങളിലൂടെയാണ് തെളിയുന്നത്. മരണം എല്ലാവരുടെയും മനസ്സില്‍ മാത്രമല്ല കണ്‍മുന്നിലും പ്രത്യക്ഷപ്പെടുന്നു. യുദ്ധത്തിന്റെ ഭാഗമായി ക്രൂരതയുടെ മുഖം മാത്രമല്ല ഉള്ളത്.
സ്‌നേഹവും പ്രണയവും സഹാനുഭൂതിയും പല ഘട്ടങ്ങളില്‍ പ്രകാശിതമാവുന്നു. അത്യന്തം ക്ഷോഭജനകമായ സംഭവങ്ങള്‍ ഉണ്ടെങ്കിലും അതിന് അയവു നല്‍കുന്ന നിമിഷങ്ങളും യുദ്ധഭൂമിയിലെ അനുഭവങ്ങളില്‍നിന്ന് ധീരവനിതകള്‍ക്ക് ഓര്‍ത്തെടുക്കാനുണ്ട്. വെടിവെപ്പിനും മരണത്തിനും കണ്ണീരിനും മാത്രമല്ല, ഫലിതത്തിനും സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഇവിടെ സ്ഥാനമുണ്ട്.
യുദ്ധമേഖലയിലെ സ്ത്രീകളുടെ വാക്കുകള്‍ ടേപ് റെക്കോഡറില്‍ പകര്‍ത്തിയെടുത്താണ് സ്വെറ്റ്‌ലാന രചന നിര്‍വഹിച്ചത്. പോരാളികളുടെ ശബ്ദങ്ങള്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടു. അവരുടെ മൗനങ്ങള്‍, കരച്ചിലുകള്‍, വാക്കുകള്‍ കിട്ടാതുള്ള പരുങ്ങലുകള്‍ ഒക്കെ തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് സ്വെറ്റ്‌ലാന പറയുന്നുണ്ട്. എന്നാല്‍, അവരുടെ നോട്ടം, കരചലനങ്ങള്‍ എന്നിവ റെക്കോഡ് ചെയ്യാന്‍ കഴിഞ്ഞില്ല എന്ന പരിമിതിയും സ്വെറ്റ്‌ലാന തിരിച്ചറിയുന്നു.
യുദ്ധരംഗത്തെ റേഡിയോ ഓപറേറ്ററായ സ്ത്രീ ആഴ്ചകളോളം വെള്ളത്തില്‍ മുങ്ങിനിന്നാണ് ജോലിചെയ്തിരുന്നത്. അവരുടെ ചെറിയ കുട്ടിക്ക് മുല കൊടുക്കാന്‍പോലും പറ്റിയില്ല. കുട്ടി കരഞ്ഞപ്പോള്‍ ശത്രുസൈന്യത്തിന്റെ ശ്രദ്ധയില്‍പെടുമെന്നതിനാല്‍ കുട്ടിയെ വെള്ളത്തില്‍ താഴ്ത്തിവെച്ചു. കുട്ടി മരിച്ചുവെങ്കിലും ശത്രുസൈന്യത്തിന്റെ പിടിയില്‍പെടാതെ 30 അംഗ സംഘം രക്ഷപ്പെട്ടു. ഇതെല്ലാം വായിക്കുമ്പോള്‍ വല്ലാത്ത ഹൃദയവികാരമാണ് വിവര്‍ത്തക എന്ന നിലയില്‍ എനിക്ക് ഉണ്ടായത്. സ്വെറ്റ്‌ലാന ബെലോറഷ്യയില്‍ എഴുതിയ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ഞാന്‍ വായിച്ചത്.
യുദ്ധരംഗത്തെ അനുഭവങ്ങള്‍ പല സ്ത്രീകളുടെയും മാനസികജീവിതത്തിന്റെ താളംതെറ്റിച്ചിരുന്നു. ആദ്യം എന്നെ ഒരു സ്ത്രീയായി മാറ്റിയെടുക്കൂ, എനിക്ക് പൂക്കള്‍ സമ്മാനമായി തരൂ, എന്നോട് പ്രണയപൂര്‍വം പെരുമാറൂ –എന്ന് ഒരു സ്ത്രീ പറയുന്നുണ്ട്. പട്ടിണി മരണവും യുദ്ധത്തോടൊപ്പം നടക്കുന്നുണ്ട്. അക്കാലത്ത് യുക്രെയ്നില്‍ ഒരു തവളയെയോ എലിയെയോ കാണാന്‍ കിട്ടാറില്ലായിരുന്നു. ഉള്ളവയെയെല്ലാം പിടിച്ചുതിന്നു കഴിഞ്ഞിരുന്നു!
യുദ്ധരംഗത്ത് എത്തുന്ന സ്ത്രീകളെ പിന്തിരിപ്പിക്കാന്‍ പരമാവധി നീക്കം നടന്നിരുന്നു. എന്നാല്‍, 18 വയസ്സുള്ള യുവതികള്‍ നാടിന്റെ മോചനം കാംക്ഷിച്ച് രംഗത്തെത്തുകയായിരുന്നു. യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീട്ടുകാര്‍പോലും തിരിച്ചറിഞ്ഞില്ല എന്നാണ് ചിലരുടെ പരിഭവം.
യുദ്ധം കഴിഞ്ഞാല്‍ യാഥാർഥ്യമാക്കേണ്ട സ്വപ്‌നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ബസില്‍ യാത്രചെയ്യണം, നല്ല വെളുത്ത റൊട്ടി കഴിക്കണം, വെള്ള വിരിപ്പില്‍ കിടന്നുറങ്ങണം –എന്നൊക്കെയായിരുന്നു സ്വപ്‌നങ്ങള്‍. യുദ്ധരംഗത്ത് തമാശക്കും സ്ഥാനമുണ്ടായിരുന്നു. യുദ്ധമുഖത്തെ ചീഫ് ഓഫ് സ്റ്റാഫ് പൊളിഞ്ഞുകിടക്കുന്ന കുടിലിലാണ് കഴിയുന്നത്. തകര്‍ന്ന ഒരു കട്ടില്‍ മാത്രമാണ് ഫര്‍ണിച്ചറായി ഉള്ളത്. ചീഫിന്റെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. സൈന്യത്തിന്റെ ദൈന്യതയാണ് ഇവിടെ പ്രകടമാവുന്നത്. ഭക്ഷണം, ഉടുപ്പുകള്‍, ബൂട്ടുകള്‍ എന്നിവക്കെല്ലാം ക്ഷാമമാണ്.
ജീവിതത്തിന്റെ നിര്‍ണായകവേളയില്‍പോലും യുദ്ധം വന്നു വിളിച്ചപ്പോള്‍ മറ്റൊന്നും നോക്കാതെ രംഗത്തിറങ്ങിയവര്‍ നിരവധി. മേയില്‍ വിവാഹം കഴിഞ്ഞ യുവതി ജൂണ്‍ 22ന് യുദ്ധത്തിലിറങ്ങിയത് ഇത്തരം പ്രതിബദ്ധതയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മരിക്കുന്നതിനേക്കാള്‍ ഭയാനകമാണ് കൊല്ലുന്നത്. ശത്രുവിനെ വക വരുത്തുമ്പോള്‍ കണ്ണുകളിലേക്കായിരിക്കും നോക്കുക. ബോംബ് എറിയുന്നതുപോലെയോ, കിടങ്ങില്‍നിന്ന് വെടിയുതിര്‍ക്കുന്നതുപോലെയോ അല്ല അത്. ഒരു വനിതാ പോരാളി പറയുന്നുണ്ട്. പട്ടാളത്തില്‍ ചേര്‍ന്നശേഷം ഞാന്‍ ചിരിച്ചിട്ടേയില്ലെന്ന് സ്ത്രീകളില്‍ ഒരാള്‍ പറയുന്നു. യുദ്ധരംഗത്തും ചാരക്കണ്ണുകള്‍ സജീവമായിരുന്നു.
പിടിക്കപ്പെട്ടാല്‍ ഇലക്ട്രിക് ചെയറില്‍ ഇരുത്തും. അതുകാരണം ഇലക്ട്രിസിറ്റി എന്നു കേള്‍ക്കുന്നതേ സഹിക്കാന്‍ പറ്റാത്ത അനുഭവം പറയുന്ന സ്ത്രീയെപ്പറ്റി സ്വെറ്റ്‌ലാന പറയുന്നുണ്ട്. ഇലക്ട്രിസിറ്റിയോടുള്ള വെറുപ്പ് കാരണം ഇസ്തിരിയിടാന്‍പോലും പറ്റാതെ വരും. വൈദ്യുതി പ്രവഹിക്കുന്നത് തന്റെ ശരീരത്തിലൂടെയാണെന്ന് തോന്നും എന്നാണ് സ്ത്രീ പറയുന്നത്. യുദ്ധം കഴിഞ്ഞിട്ടും വളരെക്കാലം എനിക്ക് ആകാശത്തേക്ക് നോക്കാന്‍ ഭയമായിരുന്നുവെന്ന് യുദ്ധരംഗത്ത് പ്രവര്‍ത്തിച്ച ഒരു സ്ത്രീ പറയുന്നുണ്ട്. പറവകള്‍ എത്ര വേഗമാണ് യുദ്ധം മറന്നത് എന്നും കൃതിയുടെ അവസാനം പറയുന്നു. എല്ലാ യുദ്ധങ്ങള്‍ക്കും മേലെയാണ് മനുഷ്യന്‍ എന്ന തത്ത്വവും പുസ്തകം പുറത്തുവിടുന്നുണ്ട്.
സ്വെറ്റ്‌ലാനയുടെ പുസ്തകങ്ങള്‍ പലവട്ടം വായിച്ചശേഷമാണോ വിവര്‍ത്തനം തുടങ്ങിയത്?
അങ്ങനെയല്ല. വായനയും വിവര്‍ത്തനവും ഒരുമിച്ച് നീങ്ങി. ‘ക്ലാവ് പിടിച്ച കാല’വും ‘യുദ്ധഭൂമിയിലെ സ്ത്രീ പോരാളികളും’ കൂടുതല്‍ സമയമെടുക്കാതെയാണ് വിവര്‍ത്തനം ചെയ്തത്. ഓരോന്നിനും രണ്ടുമാസം എടുത്തിട്ടുണ്ടാവും. കമ്പ്യൂട്ടറില്‍ ടൈപ് ചെയ്യാനൊന്നും ഞാന്‍ പഠിച്ചിട്ടില്ല. പേപ്പറില്‍ എഴുതുന്നതാണ് രീതി. നൂറ് പേജൊക്കെ ആവുമ്പോള്‍ പ്രസാധകര്‍ക്ക് അയക്കും. തൃശൂരിലെ ഗ്രീന്‍ ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. എഴുതുന്നതിനനുസരിച്ച് അവരുടെ ആള്‍ വന്ന് വാങ്ങിക്കൊണ്ടുപോവുകയായിരുന്നു.
അഫ്ഗാന്‍ എഴുത്തുകാരന്‍ ഖാലിദ് ഹുസൈനിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യുകയുണ്ടായല്ലോ. അതിനെപ്പറ്റി എന്താണ് പറയാനുള്ളത്?
ഖാലിദ് ഹുസൈനിയുടെ ‘പട്ടം പറത്തുന്നവന്‍’ (കൈറ്റ് റണ്ണര്‍) ആണ് ആദ്യം വിവര്‍ത്തനം ചെയ്തത്. അദ്ദേഹത്തിന്റെ ആദ്യത്തെ കൃതിയും അതാണല്ലോ. ഇംഗ്ലണ്ടില്‍ മകന്റെ അടുത്ത് പോയി തിരിച്ചുവരുമ്പോള്‍ വിമാനത്തിലിരുന്നാണ് ‘കൈറ്റ് റണ്ണര്‍’ വായിച്ചത്. കൊളംബോ വഴിയായിരുന്നു മടക്കയാത്ര. ദീര്‍ഘയാത്രയായതിനാല്‍ നേരംപോക്കുന്നതിനുവേണ്ടി മരുമകളാണ് വായിക്കാന്‍ പുസ്തകം കൈയില്‍ തന്നത്. വായിച്ചു തുടങ്ങിയപ്പോള്‍ താഴെവെക്കാന്‍ തോന്നിയില്ല. ഇത് ഏതായാലും മലയാളത്തിലേക്ക് മൊഴിമാറ്റണമെന്ന് തീരുമാനിച്ചു. വിവര്‍ത്തനത്തിനുശേഷം ഡി.സിയുമായി ബന്ധപ്പെട്ടു. അവര്‍ പ്രസിദ്ധീകരിക്കാന്‍ തയാറായി. ‘എ തൗസന്റ് സ്‌പ്ലെന്‍ഡിഡ് സണ്‍സ് ’ എന്ന പുസ്തകം വന്നപ്പോള്‍ ‘തിളക്കമാര്‍ന്ന ഒരായിരം സൂര്യന്മാര്‍’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു.
സ്വന്തം താല്‍പര്യമനുസരിച്ചായിരുന്നു ഇതും. പിന്നീട് ഡി.സി ആവശ്യപ്പെട്ടപ്രകാരം അദ്ദേഹത്തിന്റെ പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു എന്ന നോവലും മലയാളത്തിലേക്ക് മാറ്റി. ഇതിന് വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. ‘പട്ടം പറത്തുന്നവന്‍’ മാനുഷികബന്ധങ്ങളുടെ ഇഴയടുപ്പം പല പ്രകാരത്തില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍തന്നെ അഫ്ഗാന്‍ജനതയുടെ ദുരിതജീവിതവും അവിടെയുള്ള അസ്ഥിരമായ ഭരണവ്യവസ്ഥയും രാഷ്ട്രീയവും വ്യക്തമാക്കുന്ന കൃതികൂടിയാണെന്ന്് കാണാം. അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയ ഖാലിദ് ഹുസൈന്‍ ഡോക്ടര്‍ എന്ന നിലയില്‍ ജോലി ചെയ്യുന്നതിനിടെയാണ് നോവല്‍ എഴുതിയത്. ‘പട്ടം പറത്തുന്നവന്‍’ എന്ന നോവലിലെ നായകന്‍ അമീറും പിതാവും തമ്മിലുള്ള ആത്മബന്ധം നോവലിലെ പ്രധാന വിഷയമാണ്.
പിതാവില്‍നിന്ന്് സ്നേഹവും സംരക്ഷണവും ആവോളം നേടിയ മകന്‍ പിന്നീട് അത് തിരിച്ചുനല്‍കുന്നതാണ് കാണുന്നത്. ഹസന്‍ എന്ന സുഹൃത്തിനോടുള്ള ബന്ധവും ആഴമേറിയതാണ്. എന്നാല്‍, സ്വാർഥതയുടെയും ശത്രുതയുടെയും പ്രതികാരത്തിന്റെയുമെല്ലാം അവസ്ഥകളിലൂടെ അമീര്‍ കടന്നുപോകുന്നുണ്ട്. തന്റെ വീട്ടില്‍ കഴിയുന്ന ഹസനെയും പിതാവ് അലിയെയും ഒഴിവാക്കാന്‍ അമീര്‍ ശ്രമിക്കുന്നുണ്ട്. അതില്‍ അയാള്‍ വിജയിക്കുകയും ചെയ്യുന്നു.
പട്ടം പറത്തുക എന്നത് അഫ്ഗാന്‍ ജനതയുടെ തന്നിഷ്ടത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രഖ്യാപനമാണ്. ചെറുപ്പത്തില്‍ അമീറും ഹസനും പട്ടം പറത്തി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. എന്നാല്‍, ഇതിന്റെ പേരില്‍ വസീഫിനെ പോലുള്ള ചിലരുടെ എതിര്‍പ്പും പ്രഹരവും ഏറ്റുവാങ്ങിയിട്ടുണ്ട്. അമീറിനുവേണ്ടി ഹസനാണ് ദുരനുഭവങ്ങള്‍ ഏറ്റുവാങ്ങിയത്.
എന്തൊക്കെയോ കാരണങ്ങളാല്‍ ഹസനെ മനസ്സില്‍നിന്ന് ഉപേക്ഷിച്ച അമീര്‍ വര്‍ഷങ്ങള്‍ക്കുശേഷം ഹസന്റെ മകന്‍ സോറാബിനെ ഏറ്റെടുക്കുകയാണ്. താലിബാന്‍ സംഘം ഹസനെയും ഭാര്യയെയും കൊലപ്പെടുത്തിയിരുന്നു. സോറാബിനെ ഏറ്റെടുക്കുന്നതിന് പലതരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടായെങ്കിലും അതെല്ലാം അതിജീവിക്കാന്‍ അമീറിന് സാധിച്ചു. നോവലിന്റെ ഒടുവില്‍ പട്ടം പറത്തല്‍ മത്സരത്തില്‍ സോറാബ് വിജയിക്കുകയാണ്.
ഭരണകൂടത്തിന്റെ അസ്ഥിരത കാരണം അഫ്ഗാന്‍ ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഖാലിദ് ഹുസൈനിയുടെ മറ്റു രചനകളിലും കാണാം. വിവിധ ഗോത്രങ്ങള്‍ തമ്മിലുള്ള ചേരിപ്പോരും റഷ്യയുടെ സഹായത്തോടെയുള്ള തദ്ദേശീയ ഭരണത്തിന്റെ കെടുതികളും ഒടുവില്‍ താലിബാന്റെ നിഷ്ഠുരമായ നിയമങ്ങളുമെല്ലാം ഖാലിദിന്റെ കൃതികളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളും അവരുടെ ചെറുത്തുനില്‍പും ഒക്കെയാണ് ‘തിളക്കമാര്‍ന്ന ഒരായിരം സൂര്യന്മാര്‍’ എന്ന നോവലിന്റെ ഉള്ളടക്കം. ഇതിലെ മറിയം ചെറുപ്പം മുതൽ പോരാട്ടപാതയിലാണ്. പിതാവിന്റെ സ്‌നേഹവും സംരക്ഷണയും കിട്ടാനായിരുന്നു ആദ്യത്തെ പോരാട്ടം. സമ്പന്നനായ ഒരാള്‍ക്ക് താഴെക്കിടയിലുള്ള സ്ത്രീയില്‍ ജനിച്ച കുട്ടിയായിരുന്നു മറിയം. അതുകൊണ്ടുതന്നെ അവരെ അംഗീകരിക്കാന്‍ സമൂഹം തയാറായിരുന്നില്ല.
പിതാവിന്റെ വീട് തേടിപ്പിടിച്ചെത്തിയ മറിയത്തിന് കൗമാരകാലത്ത് തന്നെ പ്രായംകവിഞ്ഞ റഷീദിന്റെ ഭാര്യയാകേണ്ടിവരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ ലൈലയെക്കൂടി റഷീദ് വിവാഹം ചെയ്യുന്നതോടെ മറിയം സ്വാഭാവികമായും അവഗണിക്കപ്പെടുന്നു. ലൈല ഒരു മകള്‍ക്ക് ജന്മം നല്‍കിയതോടെ മറിയം കുറേക്കൂടി ഉദാരമതിയായി പെരുമാറാന്‍ തുടങ്ങുന്നു. റഷീദുമൊത്തുള്ള ദുരിതജീവിതത്തില്‍നിന്ന് മോചനം നേടാന്‍ ഇരുവരും സന്ധിചെയ്യുകയാണ്.
നാടുവിടാനുള്ള ഇവരുടെ ശ്രമം പിടിക്കപ്പെടുന്നതോടെ റഷീദില്‍നിന്ന് ക്രൂരമർദനം ഏല്‍ക്കേണ്ടിവരുന്നു. എന്നാല്‍, ഒരു ഘട്ടത്തില്‍ ഇവര്‍ തിരിച്ചടിച്ചപ്പോള്‍ റഷീദ് മരണത്തിന് കീഴടങ്ങി. ഇതിന്റെ പേരില്‍ വധശിക്ഷ ഏറ്റുവാങ്ങാന്‍ മറിയം തയാറായപ്പോള്‍ ലൈലക്ക് ജീവിതം തിരിച്ചുകിട്ടി. പഴയ കാമുകന്‍ താരിഖുമൊത്ത് ലൈല ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. താലിബാന്‍ സംഘത്തിന്റെ പീഡനങ്ങളും സ്‌ഫോടന പരമ്പരകളും അഫ്ഗാനിസ്താനിലെ എത്രയോ നിരപരാധികളെയാണ് കൊന്നൊടുക്കുന്നത്. അതെല്ലാം നോവലില്‍ പറയുന്നുണ്ട്.
പര്‍വതങ്ങളുടെ നാടാണല്ലോ അഫ്ഗാനിസ്താന്‍. അതിന്റെ പശ്ചാത്തലത്തിലാണ് ‘പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു’ എന്ന നോവല്‍ വരുന്നത്. പര്‍വതങ്ങളുടെ താഴ്‌വരയിലുള്ള വീടുകളെപ്പറ്റി അതില്‍ പറയുന്നുണ്ട്. റഷ്യന്‍ അധിനിവേശവും താലിബാന്‍ കൈയേറ്റവും വരുന്നതിന് മുമ്പ് പാശ്ചാത്യ സംസ്‌കാരവും ജീവിതരീതിയും അഫ്ഗാന്‍ ജനത രുചിച്ചുനോക്കിയിരുന്നു എന്നതിന്റെ തെളിവാണ് ഈ നോവലിലെ കഥാപാത്രങ്ങളും സംഭവങ്ങളും. കാബൂള്‍ അത്തരം സംസ്‌കാരത്തിന്റെ കേന്ദ്രമായിരുന്നു. അഫ്ഗാനിസ്താന്‍കാരുടെ ജീവിതം പാരിസിലേക്കും സാന്‍ഫ്രാന്‍സിസ്‌കോയിലേക്കും ഗ്രീസിലേക്കും മറ്റും പറിച്ചുനടപ്പെട്ടു.
അങ്ങനെ അവരുടെ ജീവിതം പലയിടത്തും മാറ്റൊലികൊണ്ടു. ഷായുടെ ഭരണകാലത്ത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാമുഖ്യം നല്‍കിയിരുന്നു. കവിതകള്‍ എഴുതാനും പൊതുരംഗത്ത് പ്രവര്‍ത്തിക്കാനും സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. ഈ നോവലിലെ നീല വാഹ്ദതി എന്ന എഴുത്തുകാരി പരിഷ്‌കൃത ജീവിതത്തിന്റെ വക്താവാണ്. സംഗീതവും നൃത്തവും സിനിമയും ആസ്വദിക്കുന്ന ആധുനിക സമൂഹത്തിന്റെ പ്രതിനിധികളായി പലരെയും ഇവിടെ കാണാം. സിനിമാ നിര്‍മാണത്തില്‍ പങ്കാളിയാകുന്ന മാഡലിന്‍, മകള്‍ താഹിയ, മാഡലിന്റെ സുഹൃത്ത് ,മകന്‍ മാർക്കോസ് എന്നിവരെല്ലാം മനുഷ്യബന്ധങ്ങളുടെ കഥ പറയുകയാണ്. ആദ്യത്തെ രണ്ടു നോവലുകളില്‍നിന്ന് തുലോം വ്യത്യസ്തമാണ് ‘പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു’ എന്ന കൃതി.
ഗുജറാത്തിലെ ദീര്‍ഘമായ ജീവിതത്തെ എങ്ങനെയാണ് ഓര്‍ത്തെടുക്കുന്നത്?
ഭര്‍ത്താവ് ഐ.വി. നാരായണ മേനോനോടൊപ്പം അഹ്മദാബാദിലേക്ക് യാത്രയാകുമ്പോള്‍ കുറച്ചൊക്കെ ഉത്കണ്ഠ ഉണ്ടായിരുന്നു. അറിയാത്ത ഭാഷ, അറിയാത്ത ദേശം. അതൊക്കെ പ്രശ്‌നമായി തോന്നിയിരുന്നു. എന്നാല്‍, ക്രമേണ എല്ലാം പരിചയമായി. 30 വര്‍ഷത്തോളം അവിടെ കഴിഞ്ഞു. 26 വര്‍ഷം അധ്യാപികയായി ജോലിചെയ്തു. ഭര്‍ത്താവ് മഫത്ത്‌ലാല്‍ ടെക്‌സ്റ്റൈല്‍സ് കമ്പനിയില്‍ സാങ്കേതിക വിഭാഗത്തില്‍ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുകയായിരുന്നു. വീടിന് അടുത്തുതന്നെയായിരുന്നു ഓഫിസ്. ഞാന്‍ പഠിപ്പിച്ചിരുന്ന ഹെബ്രോണ്‍ സ്‌കൂളിലേക്കും വീട്ടില്‍നിന്ന് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ.
1965ലാണ് ഞാന്‍ എസ്.എസ്.എല്‍.സി പാസാവുന്നത്. ഔദ്യോഗിക വിദ്യാഭ്യാസം അത്രയേയുള്ളൂ. അതിന്റെ ബലത്തിലാണ് അധ്യാപികയായത്. കണ്ണിന് സുഖമില്ലാത്തതിനാലും മറ്റും എസ്.എസ്.എല്‍.സിക്ക് ശേഷം പഠനം നടന്നില്ല. എങ്കിലും പുസ്തകവായനയും എഴുത്തും കൈവിട്ടിരുന്നില്ല. തിയോസഫിക്കല്‍ സൊസൈറ്റി നടത്തിയിരുന്ന മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയ്നിങ്ങിന് പോവുകയുണ്ടായി. അധ്യാപിക എന്ന നിലയില്‍ അഡീഷനല്‍ ക്വാളിഫിക്കേഷന്‍ അതു മാത്രമായിരുന്നു.
എന്നാല്‍ അഹ്മദാബാദില്‍ ചെറിയ കുട്ടികളെയല്ല പഠിപ്പിക്കേണ്ടിവന്നത്. 5, 6, 7 ക്ലാസുകളിലെ കുട്ടികളെയായിരുന്നു. അതുകൊണ്ട് ട്രെയ്നിങ് കാലത്തെ പരിശീലനം പുറത്തെടുക്കേണ്ടിവന്നില്ല. ഇംഗ്ലീഷും സോഷ്യല്‍ സയന്‍സുമാണ് പഠിപ്പിച്ചത്. സ്‌കൂളില്‍ ധാരാളം മലയാളികളായ കുട്ടികളുണ്ടായിരുന്നു. അധ്യാപകരുടെ ഇടയിലും കേരളത്തില്‍നിന്നുള്ളവര്‍ കുറവായിരുന്നില്ല. എങ്കിലും ക്ലാസ്മുറിയില്‍ മലയാളം പറയുന്ന ശീലം ഉണ്ടായിരുന്നില്ല. കുട്ടികളെ പുറത്തു കാണുമ്പോള്‍ മലയാളത്തിലാവും കുശലാന്വേഷണം.
അക്കാലത്ത് സാഹിത്യരചനയും നടത്തിയിരുന്നു. ‘കുങ്കുമം’ വാരികയുടെ സാഹിത്യപുരസ്‌കാരം ലഭിക്കുന്നത് ഗുജറാത്തിലായിരിക്കുമ്പോഴാണ്. ‘അമ്മയുടെ ദുഃഖം’ എന്ന കഥക്കാണ് സമ്മാനം ലഭിച്ചത്. എന്‍.വി. കൃഷ്ണവാരിയരായിരുന്നു ‘കുങ്കുമ’ത്തിന്റെ ചീഫ് എഡിറ്റര്‍. ‘കുങ്കുമ’ത്തിന് പുറമെ വനിത, ഗൃഹലക്ഷ്മി, ചെന്നൈയില്‍നിന്നുള്ള കൈരളീസുധ എന്നിവയിലും എഴുതാറുണ്ടായിരുന്നു.
ഇ.എം. ഫോസ്റ്ററിന്റെ ‘പാസേജ് ടു ഇന്ത്യ’ വിവര്‍ത്തനം ചെയ്യുകയുണ്ടായല്ലോ. അത് നേരത്തേ വായിച്ചിരുന്നുവോ?
ഇല്ല. വിവര്‍ത്തനം ചെയ്യുന്നതിന്റെ ഭാഗമായാണ് വായിച്ചത്. നേരത്തേ വായിക്കേണ്ടിയിരുന്നു എന്നു തോന്നി. നൂറു വര്‍ഷം പിന്നിട്ട കൃതിയാണ്. എന്റെ ചെറുപ്പകാലത്ത് മുതിര്‍ന്ന കുട്ടികള്‍ക്ക് ഇത് പാഠപുസ്തകമായിരുന്നു എന്ന് കേട്ടിരുന്നു. ഏതായാലും അല്‍പം ആശങ്കയോടെയാണ് വിവര്‍ത്തനം തുടങ്ങിയത്. ഇന്ത്യന്‍ ജനതയുടെ ദുർബലമായ അവസ്ഥ, വിവിധ നാട്ടുരാജാക്കന്മാരുടെ ഐക്യമില്ലായ്മ, ഇന്ത്യക്കാരുടെ ഉള്‍വലിവ് എന്നിവയെല്ലാം ഇതില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. അതേസമയം, ഇംഗ്ലീഷുകാരുടെ ധാര്‍ഷ്ട്യവും താന്‍പോരിമയും വിവരിക്കുന്നുണ്ട്.
ഇന്ത്യക്കാരെ മോശമായി ചിത്രീകരിക്കാന്‍ ഇ.എം. ഫോസ്റ്റര്‍ ശ്രമിച്ചിട്ടില്ല. മനസ്സിന് വിശാലതയുള്ളവരും നല്ലവരുമാണ് ഇവിടെയുള്ളവര്‍ എന്ന് പറയുന്നുണ്ട്. അതേസമയം, പോരായ്മകളും കുറ്റങ്ങളും കുറവുകളും തീരെ മറച്ചുവെക്കുന്നുമില്ല. ഇന്ത്യയിലെ ഉത്സവാഘോഷങ്ങളും മറ്റും താല്‍പര്യത്തോടെയാണ് നോവലില്‍ വിവരിക്കുന്നത്. ഏതായാലും ഇന്ത്യയെപ്പറ്റി നല്ല കാര്യങ്ങള്‍ പറയാന്‍ പേജുകള്‍ നീക്കിവെച്ചിട്ടുണ്ട്.
ഇതര ഇന്ത്യന്‍ ഭാഷാകൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം നടത്താന്‍ ശ്രമിച്ചിരുന്നുവോ?
അത്തരത്തില്‍ ശ്രമിച്ചിട്ടില്ല. വേണമെങ്കില്‍ ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാമായിരുന്നു. ഇന്ത്യന്‍ ഭാഷകളിലെ കൃതികളില്‍ ഇവിടെയുള്ള ജീവിതമാണല്ലോ ആവിഷ്‌കരിക്കുക. അതുകൊണ്ട് ഉള്‍ക്കൊള്ളാന്‍ എളുപ്പവുമായിരുന്നു. എന്നാല്‍, അതുവഴി ശ്രമങ്ങള്‍ ഒന്നും നടത്തിയില്ല. അങ്ങനെ ആലോചിച്ചില്ല എന്നേ ഇപ്പോള്‍ പറയാന്‍ പറ്റുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.