‘ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ അവർ ഉന്നയിക്കുന്നത് തെറ്റായ ചോദ്യം’

അമേരിക്കൻ ചരിത്രകാരിയും ഇന്ത്യയുടെ കൊളോണിയൽ കാലത്തെക്കുറിച്ച് ഗൗരവമായ പഠനങ്ങൾ നടത്തുന്ന ഗവേഷകയുമായ ഒൗഡ്രി ട്രൂഷ്​കി സംസാരിക്കുന്നു. ഗ്യാൻവാപി മസ്​ജിദും വർത്തമാനകാല ഇന്ത്യയുമാണ്​ ഇൗ സംഭാഷണത്തി​ന്റെ മുഖ്യവിഷയങ്ങൾ.നെവാർകിലെ റട്ട്ഗേഴ്സ് യൂ​നിവേഴ്സിറ്റിയിൽ ദക്ഷിണേഷ്യൻ പ്രഫസറാണ് ഒൗഡ്രി ട്രൂഷ്​കി. ‘Culture of Encounters: Sanskrit at the Mughal Court’ (2016), ‘Aurangzeb’ (2016), ​‘The Language of History: Sanskrit narratives of Indo Muslim rule’ (2021) എന്നീ പ്രശസ്തമായ മൂന്ന് കൃതികളുടെ കർത്താവാണ്​ അവർ. പ്രിൻസ്ടൺ യൂനിവേഴ്സിറ്റി പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘From Mohenjo Daro to ​Today’ എന്ന പേരിൽ ഇന്ത്യയുടെ സമഗ്ര ചരിത്രമടങ്ങിയ ഒറ്റ വോള്യം പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോൾ. ഗ്യാൻവാപി...

അമേരിക്കൻ ചരിത്രകാരിയും ഇന്ത്യയുടെ കൊളോണിയൽ കാലത്തെക്കുറിച്ച് ഗൗരവമായ പഠനങ്ങൾ നടത്തുന്ന ഗവേഷകയുമായ ഒൗഡ്രി ട്രൂഷ്​കി സംസാരിക്കുന്നു. ഗ്യാൻവാപി മസ്​ജിദും വർത്തമാനകാല ഇന്ത്യയുമാണ്​ ഇൗ സംഭാഷണത്തി​ന്റെ മുഖ്യവിഷയങ്ങൾ.

നെവാർകിലെ റട്ട്ഗേഴ്സ് യൂ​നിവേഴ്സിറ്റിയിൽ ദക്ഷിണേഷ്യൻ പ്രഫസറാണ് ഒൗഡ്രി ട്രൂഷ്​കി. ‘Culture of Encounters: Sanskrit at the Mughal Court’ (2016), ‘Aurangzeb’ (2016), ​‘The Language of History: Sanskrit narratives of Indo Muslim rule’ (2021) എന്നീ പ്രശസ്തമായ മൂന്ന് കൃതികളുടെ കർത്താവാണ്​ അവർ. പ്രിൻസ്ടൺ യൂനിവേഴ്സിറ്റി പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘From Mohenjo Daro to ​Today’ എന്ന പേരിൽ ഇന്ത്യയുടെ സമഗ്ര ചരിത്രമടങ്ങിയ ഒറ്റ വോള്യം പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോൾ. ഗ്യാൻവാപി മസ്ജിദ് നിർമിക്കും മുമ്പ് അതേ സ്ഥലത്ത് ‘വലിയ ക്ഷേത്രം’ സ്ഥിതി​ചെയ്തുവെന്ന് പറയുന്ന എ.എസ്.ഐ റിപ്പോർട്ടിനെക്കുറിച്ചും ഇന്ത്യയുടെ സമകാലിക അവസ്ഥകളെക്കുറിച്ചും ഒൗഡ്രി ട്രൂഷ്​കി പ്രതികരിക്കുന്നു.

സമകാലിക കാലഘട്ടം വിഷയമാകുകയും വർഗീയത, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങി കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ ഉരുവമെടുത്ത ആശയങ്ങൾ സ്വാധീനിക്കുകയുംചെയ്ത ചരിത്രകാരിയാണല്ലോ താങ്കൾ. ഈ പശ്ചാത്തലത്തിലിരുന്ന് എങ്ങനെയാണ് ഈ വിശ്വാസ സംവിധാനങ്ങളൊന്നും നിലവിൽ വന്നിട്ടില്ലാത്ത, പകരം ആധുനിക ആശയങ്ങളും ആദർശങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പഴയ ചിന്താരീതികൾ നിലനിന്ന മധ്യകാല ചരിത്രത്തെ രേഖപ്പെടുത്തുന്നതിലെ സത്യസന്ധത ഉറപ്പിച്ചു പറയാനാകുക?

ചരിത്രം പഠിക്കുന്നതിൽ എന്റെ ലക്ഷ്യം ഗതകാലത്തെ അറിയലാണ്, അതിനെ കുറിച്ച് വിധി പറയലല്ല. ആധുനിക ദർശനങ്ങൾ ശരിക്കും ആധുനികമായതാണ്. അതുകൊണ്ടുതന്നെ പഴയകാല ആശയങ്ങളും കഴിഞ്ഞുപോയ സംഭവങ്ങളും ഖനനം ചെയ്തെടുക്കുന്നതിൽ അവ അത്രമേൽ പ്രസക്തമല്ല. എന്നാലും, ആധുനിക കാലത്ത് ഗതകാലത്തെ കുറിച്ച സത്യസന്ധമായ വിവരണം ഏറെ മതിപ്പോടെ കാണുന്നവരാണ് നാമേറെപ്പേരും. ആധുനിക ചരിത്രകാരിയെന്നനിലക്ക് എന്റെ അടിസ്ഥാന പ്രചോദനം ബോധപൂർവമായി ആധുനികമാണ്. ആധുനികരിൽ അത് പങ്കുവെക്കാത്തവരുമുണ്ടെങ്കിലും, ഗതകാലത്തെ ഐതിഹ്യത്തിന്റെ ഭാഗമാക്കി അവതരിപ്പിക്കുന്നവരാണ് ഇത്തരക്കാർ.

ബനാറസിലെ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) പുറത്തുവിട്ട ഏറ്റവും പുതിയ സർവേ റിപ്പോർട്ടിലെ കണ്ടെത്തലിനെക്കുറിച്ച് എന്തു പറയുന്നു? നിലവിലുള്ള മസ്ജിദ് നിർമിക്കും മുമ്പ് അവിടെ ‘ഒരു വലിയ ഹിന്ദു ക്ഷേത്രം’ നിലനിന്നുവെന്നാണ് എ.എസ്.ഐ റിപ്പോർട്ടിലുള്ളത്. ബാബരി മസ്ജിദ് വിഷയത്തിലും ആരംഭത്തിൽ എഴുന്നള്ളിക്കപ്പെട്ട ആഖ്യാനം ഇതേപോലുള്ളതായിരുന്നു. മധ്യകാല ചരിത്രകാരിയെന്നനിലക്ക് മസ്ജിദിനെക്കുറിച്ച എ.എസ്.ഐയുടെ വാക്കുകളെ എങ്ങനെ നിരീക്ഷിക്കുന്നു?

വിവരത്തിനും അപഗ്രഥനത്തിനും നിലവിൽ വിശ്വാസ്യമായ സ്രോതസ്സായി എ.എസ്.ഐയെ ഞാൻ കാണുന്നില്ല. ബനാറസിലെ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ അവർ ഉന്നയിക്കുന്നത് തെറ്റായ ചോദ്യമാണ്. അവിടെ ചോദിക്കേണ്ട നിർണായക ചോദ്യം, ‘‘പൂർവകാല മനുഷ്യർ തകർത്ത ഒരു ക്ഷേത്രം നൂറ്റാണ്ടുകൾക്ക് മുമ്പ് അവിടെ ഉണ്ടായിരുന്നു’’ എന്നതേയല്ല. അക്കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ പൊതുവെ തർക്കമുണ്ടാവാനിടയില്ല. പകരം ഉന്നയിക്കേണ്ടത്, ‘‘നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു മസ്ജിദ്, മുസ്‍ലിംകളെ അടിച്ചമർത്തുകയും ഇന്ത്യൻ ജനാധിപത്യം തരിപ്പണമാക്കുകയും ചെയ്യുകയെന്ന അജണ്ടയുടെ ഭാഗമായി ഹിന്ദുത്വ ശക്തികൾ തകർത്തുകളയുമോ’’ എന്നാകേണ്ടിയിരുന്നു.

മധ്യകാലഘട്ടത്തെ കുറിച്ച താങ്കളുടെ ഗവേഷണങ്ങളിൽനിന്ന് അക്കാലത്തെ ഭരണാധികാരികൾ, വിശിഷ്യാ മുസ്‍ലിം ഭരണാധികാരികളും ഹിന്ദു സമൂഹവും തമ്മിലെ ബന്ധം എങ്ങനെയായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്? മുഗൾ ഭരണം ഹിന്ദുക്കൾക്ക് പീഡനമായിരുന്നോ അതോ സന്തോഷകരമായിരുന്നോ?

ഇന്ത്യൻ മുസ്‍ലിം രാജാക്കന്മാരും അവരുടെ ഹിന്ദുപ്രജകളും തമ്മിലെ ബന്ധം വേറിട്ടുപറയൽ ദുഷ്‍കരമാണ്. അത് പലതരത്തിലായിരുന്നുവെന്നു മാത്രമല്ല, ഇന്ത്യയിലെ രാജാക്കന്മാർ ഹിന്ദു സമുദായത്തെ ഒറ്റപ്പെടുത്തി ചിന്തിച്ചവരുമായിരുന്നില്ല. സവിശേഷ സ്വാധീനമുണ്ടായിരുന്ന ഒരു സഖ്യമായിരുന്നു മുഗളന്മാരും രജപുത്രരും തമ്മിലേത്. വിധേയത്വം പാലിച്ച നിരവധി രജപുത്ര വംശാവലികൾക്കുംമേൽ സൈനികമായും സാംസ്കാരികമായും മുഗളന്മാർ ആശ്രയിച്ചുനിന്നു. മുഗൾ ഭരണത്തിൽ അവരുടെ നിക്ഷേപത്തിന് സാമ്പത്തികമായും അല്ലാതെയും ആ രജപുത്രർക്ക് അതിന്റെ ഫലമുണ്ടായി. മുഗളന്മാരും രജപുത്രരും ചേർന്നാണ് നാം ഇന്നുപറയുന്ന ‘മുഗൾ ഭരണ സംസ്കാരം’ തന്നെ രൂപപ്പെടുത്തിയത്.

താങ്കളുടെ ‘Aurangzeb: The Man and the Myth’, ‘Culture of Encounters’ എന്നീ രചനകളെല്ലാം മധ്യകാലത്ത് മുഗൾ ഭരണാധികാരികളും ഹിന്ദു സമുദായവും തമ്മിലെ സാംസ്കാരിക വിനിമയങ്ങളും സൗഹൃദങ്ങളുടെ ആഘോഷവും പങ്കുവെക്കുന്നവയാണല്ലോ. ഇന്ത്യൻ ദർശനങ്ങൾ അടുത്തറിയാൻ മുഗളന്മാർ സംസ്കൃതം പഠിച്ചതും ഔറംഗസീബിനെ പോലുള്ള ഭരണാധികാരികൾ മുസ്‍ലിം ആക്രമണങ്ങളിൽനിന്ന് ഹിന്ദുക്കളെ സംരക്ഷിച്ചതും മറ്റും. വസ്തുത ഇതായിരുന്നിട്ടും ഇന്ത്യൻ ചരിത്രരചനകളിൽ എങ്ങനെയാണ് മുഗൾ ഭരണാധികാരികൾ ഹിന്ദുക്കളെ കവർച്ചചെയ്യുന്നവരും ക്ഷേത്രം തകർക്കുന്നവരുമായത്? ചരിത്രകാരന്മാർ​ക്കാണോ വീഴ്ച പറ്റിയത്, അതല്ല, ചരിത്രം വായിക്കുന്നതിൽ അനുവാചകർക്ക് പറ്റിയ പിഴവാണോ?

മുഗൾകാലത്ത് ഹിന്ദു-മുസ്‍ലിം ബന്ധങ്ങളുടെ ഇഴയടുപ്പം മനസ്സിലാക്കുന്നതിൽ ലോകമൊട്ടുക്കുമുള്ള ചരിത്രകാരന്മാരുടെ അതേ സമീപനംതന്നെയാണ് ഇന്ത്യയിലെ പ്രഫഷനൽ ചരിത്രകാരന്മാർക്കും. എന്നാൽ, സമീപകാല ഇന്ത്യയിൽ ജനപ്രിയരും ഒപ്പം ഹിന്ദുത്വപ്രചാരണം ദൗത്യമായി ഏറ്റെടുത്തവരുമായ ചരിത്രകാരന്മാർ വർധിച്ചുവരുന്നതായി തോന്നുന്നു. അവർ നിരന്തരം പുസ്തകങ്ങൾ (പലപ്പോഴും ​േബ്ലാഗുകളും ട്വീറ്റുകളും) പടച്ചുവിടുന്നു. ഹിന്ദുത്വ ദേശീയ അജണ്ടക്ക് ചേരുവകൾ നിർമിച്ച് നൽകുംവിധം ഇന്ത്യൻ മുസ്‍ലിംകളുടെ ഭൂതവും വർത്തമാനവും ഒരുപോലെ അപകീർത്തിപ്പെടുത്തി ​തെറ്റായ വിവരങ്ങൾ, മോഷണം, അപവാദങ്ങൾ എന്നിങ്ങനെയാണ് അവയിലെ ചേരുവകൾ.

 

മധ്യകാല​ത്തിൽ സവിശേഷ ശ്രദ്ധയൂന്നുന്ന ഒരു ചരിത്രകാരിയെന്നനിലക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളെ കുറിച്ച ഹിന്ദുത്വ വലതുപക്ഷ​ത്തിന്റെ അവകാശവാദങ്ങളെ കുറിച്ച് എന്തുപറയുന്നു?

നിയമപരമായും ധാർമികമായും ഹിന്ദുത്വ ശക്തികൾ പൗരാണികമായ ഒരു മസ്ജിദും തകർക്കാൻ പാടില്ല. അവർ പക്ഷേ, യഥാർഥത്തിൽ തുടക്കമിടുന്നത്, ന്യൂനപക്ഷങ്ങ​ൾ കൊടിയ അടിച്ചമർത്തലിനും ഹിംസക്കുമിരയാകുന്ന വം​ശീയത വാഴുന്ന ദേശീയ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുന്ന പ്രക്രിയക്കാകാം.

നിലവിലെ ചരിത്ര കാലഘട്ട വിഭജനം കോളനികാല സൃഷ്ടിയാണല്ലോ. കോളനിവാഴ്ചയെ മാന്യമായി അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇന്നത്തെ നമ്മുടെ ചരിത്രവർത്തമാനം മനസ്സിലാക്കുന്നതിന്, ചരിത്രപരമായ കാലഘട്ടങ്ങളെ ഈയർഥത്തിൽ വിഭജിക്കുന്നതിന്റെ നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെ?

എന്റെ പുറത്തുവരാനിരിക്കുന്ന പുസ്തകത്തിൽ ദക്ഷിണേഷ്യൻ ചരിത്രത്തെ നിലവിലുള്ള കാലഘട്ടങ്ങളായല്ല ഞാൻ അതിരിടുന്നത്. ചില വായനക്കാരിൽ അത് അസ്ക്യതയുണ്ടാക്കിയേക്കാം. എന്നാലും, അതാണ് വസ്തുത. ദക്ഷിണേഷ്യൻ ചരിത്ര കാലഘട്ടത്തെ കുറിച്ചുള്ള നശിച്ച കോളനികാല സങ്കൽപങ്ങൾ മാറ്റിവെച്ച് മുന്നോട്ടുപോകാനാകണം. എന്നിട്ട്, കാര്യങ്ങളെ പുതുമാർഗങ്ങളിൽ കാണാനുമാകണം.

ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുന്നതിൽ വിഷയം കേന്ദ്രീകരിക്കുന്നത് ചിലപ്പോൾ ചരിത്രപരമായി പഴയകാലത്തെ കുറിച്ച മറ്റെല്ലാ വശങ്ങളെയും തമസ്കരിച്ചു കളയുംവിധമാണ്. ഇത്തരം സംഭവങ്ങളെ മനസ്സിലാക്കുന്നതിൽ വല്ല പശ്ചാത്തലവും പങ്കുവെക്കാനാകുമോ? ക്ഷേത്രങ്ങൾ മതത്തിന്റെയും ആത്മീയതയുടെയും എന്നതിനൊപ്പം അധികാരത്തിന്റെയും സമ്പത്തിന്റെയും കൂടി അടയാളങ്ങളായിരുന്നു. എതിരാളികളായ രാജാക്കന്മാരുടെ ക്ഷേത്രങ്ങൾ ഹിന്ദു രാജാക്കന്മാരും തകർത്തിട്ടുണ്ട്. ദേശീയതയിലൂന്നിയ ചരിത്രനിർമിതിയിൽ എന്തുകൊണ്ടാണ് തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങൾ അത്രമേൽ പ്രധാനപ്പെട്ടതാകുന്നത്?

മുസ്‍ലിംകൾക്കെതി​രായ വെറുപ്പ് ഊതിവീർപ്പിക്കാൻ തങ്ങൾ അനുഭവിച്ച വേദനകളുടെ കഥകളെ ആശ്രയിക്കുകയാണ് ഹിന്ദുത്വ ദേശീയവാദികൾ. ഹിന്ദു പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച നിരവധി ഉദാഹരണങ്ങൾ അതിൽ വന്നില്ലെന്നും മറ്റുമായി ഈ തലത്തിൽ അവർക്ക് മുന്നിൽ ഇന്ത്യൻ ചരിത്രം നിരവധി വിഷയങ്ങൾ ഉയർത്തുന്നു.

കിട്ടുന്ന പൊട്ടുംപൊടിയും ഊതിവീർപ്പിക്കുകയും തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നതിനൊപ്പം പീഡനകഥകൾ നിർമിച്ചെടുക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ, ഹിന്ദുത്വ ദേശീയവാദികൾക്ക് തങ്ങളുടെ ആധുനിക മുൻവിധികളെ കൂടുതൽ പടർന്നുകയറാൻ സഹായിക്കുന്നതാണ് ക്ഷേത്രം തകർക്കൽ സംഭവങ്ങൾ. അതിന് ചരിത്രവുമായി ഒരു ബന്ധവുമില്ല. അതിനായി, ശകലം ആസൂത്രണവും ഉണ്ടാകാം. അന്തിമമായി, നമ്മുടെ കാലത്തെ വലിയ വിഗ്രഹഭഞ്ജകരിൽ ഒരു വിഭാഗമാണ് ഹിന്ദുത്വ ദേശീയ വാദികൾ. അവർ സമകാലിക ഇന്ത്യയിൽ നിരവധി ആരാധനാലയങ്ങൾ തകർത്തിട്ടുണ്ട്.

 

പൗരാണിക സിന്ധുനദീതട സംസ്കാരം മുതൽ ആധുനിക കാലഘട്ടം വരെ നീളുന്ന ഒരു ചരിത്രരചനയുടെ പണിപ്പുരയിലാണ് നിങ്ങൾ. ആ പുസ്തകത്തെ കുറിച്ച് വല്ലതും?

ദക്ഷിണേഷ്യൻ ചരിത്രത്തെ കുറിച്ച് ഒറ്റ വോള്യത്തിലുള്ളതാണ് പുസ്തകം. ബിരുദ വിദ്യാർഥികളെയും ഒപ്പം വിദ്യാസമ്പന്നരായ പൊതുവായനക്കാരെയും ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യൻ ശബ്ദങ്ങളിലെ വൈവിധ്യം –അഥവാ, കൂടുതൽ സ്ത്രീകൾ, താഴ്ന്ന ജാതിക്കാർ, താഴ്ന്ന വർഗങ്ങൾ എന്നിങ്ങനെ– മുൻ ചരിത്രകാരന്മാർ പകർന്നുനൽകിയതിൽ കൂടുതൽ പങ്കുവെക്കുന്നത് കൂടിയാകും ഈ ഗ്രന്ഥം.

(മൊഴിമാറ്റം: കെ.പി. മൻസൂർ അലി)

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.