തമിഴിലും മൊഴിമാറ്റത്തിലൂടെ രാജ്യാന്തരതലത്തിലും ശ്രദ്ധേയനായ എഴുത്തുകാരൻ പെരുമാൾ മുരുകനുമായി നടത്തിയ സംഭാഷണത്തിന്റെ കഴിഞ്ഞ ലക്കം തുടർച്ച. പെരുമാൾ മുരുകൻ തന്റെ ഇപ്പോഴത്തെ ജീവിതവും നിലപാടുകളും പറയുന്നു.
അങ്ങനെ സെൻസർ ചെയ്യുന്നത് എഴുത്തിന്റെ മൗലികതയെ ബാധിക്കില്ലേ?
എല്ലാത്തിനും സെന്സർ ഇല്ലേ. സിനിമക്കുപോലും ഇല്ലേ. ഇങ്ങനെ സെൻസർ ചെയ്യേണ്ടിവരുന്ന സാഹചര്യം എഴുത്തിൽ വരുമ്പോൾ അതിനെ വേറെ ഏത് വിധത്തിൽ കൈകാര്യംചെയ്യാം എന്ന് ആലോചിക്കും. അതിന് ചില ടെക്നിക്കുകൾ ഒക്കെ ഉണ്ടല്ലോ. അതിനെ ഉപയോഗിക്കും. എഴുതാൻ ഉദ്ദേശിച്ച ഒരു കാര്യം ഈ പ്രശ്നം കാരണം എഴുതാതെ വിടാറില്ല. വേറെ രീതിയിൽ എഴുതും. റിയലിസ്റ്റിക്കായിതന്നെ എഴുതണമെന്നില്ലല്ലോ.
താൻ കരുതിയത് മുഴുവൻ അതേപടി എഴുതാൻ കഴിയാതിരുന്ന ഒരാളാണ് പെരുമാൾ മുരുകനെന്ന് ഭാവിതലമുറ വിലയിരുത്തുമോ?
എല്ലാവർക്കും ഈ പ്രശ്നമുണ്ട്. നിങ്ങൾ അവരോട് സ്വകാര്യമായി കേട്ടുനോക്കൂ. ഞാനത് തുറന്നുപറയുന്നുവെന്നുമാത്രം. എനിക്ക് നേരിട്ട പ്രതിസന്ധി കാരണമാണ് ഞാൻ പറയുന്നത്. ഞാനുമായി ബന്ധപ്പെട്ട വിവാദങ്ങൾ കഴിഞ്ഞശേഷം ഒരു എഴുത്തുകാരൻ എന്നോട് പറഞ്ഞത് അദ്ദേഹത്തെ ഇത് എങ്ങനെ ബാധിച്ചുവെന്ന് വിലയിരുത്തി എന്നാണ്. അടുത്തിടെ എഴുതിയ ഒരു കഥ അദ്ദേഹം പത്തുദിവസം കഴിഞ്ഞ് വായിച്ചുനോക്കി. അപ്പോഴാണ് അദ്ദേഹം അക്കാര്യം ശ്രദ്ധിക്കുന്നത്. ജാതിനാമങ്ങളൊന്നും അതിൽ ഉപയോഗിച്ചിട്ടില്ല. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ എഴുതിയതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, എഴുതിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം അക്കാര്യം തിരിച്ചറിഞ്ഞില്ല. അറിയാതെ തന്നെ ഒരു സെൻസർ തനിക്കുള്ളിൽ ഉണ്ടായെന്ന് അദ്ദേഹം പിന്നീടാണ് മനസ്സിലാക്കിയത്.
താങ്കൾക്കുണ്ടായ ദുരനുഭവം കൂടുതൽ ശ്രദ്ധാലുക്കളാകാൻ മറ്റു എഴുത്തുകാരെയും നിർബന്ധിതരാക്കി?
ഉറപ്പായും. തമിഴിൽ മാത്രമല്ല, രാജ്യവ്യാപകമായി എല്ലാ എഴുത്തുകാരെയും അത് ബാധിച്ചിട്ടുണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.
എന്ത് എഴുതാനിരിക്കുമ്പോഴും ഇതിന് എന്ത് രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്നത് ഒരു അസൗകര്യമല്ലേ?
അതെ. പക്ഷേ, ആ അവസ്ഥക്ക് ഞാനെന്തിന് ആശങ്കപ്പെടണം. സമൂഹത്തിനാണ് ആ ആശങ്ക ഉണ്ടാകേണ്ടത്. ഒരു എഴുത്തുകാരന് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നതിൽ സമൂഹമാണ് വേദനിക്കേണ്ടത്. എനിക്കെന്ത് ചെയ്യാൻ കഴിയും. എല്ലാക്കാലവും പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കാൻ എനിക്ക് കഴിയില്ല. കൂട്ടമായി എതിരിടാൻ വരുന്നവരോട് സംസാരിച്ച്, അവർക്ക് വിശദീകരണം നൽകി എന്നും കഴിയാൻ പറ്റുമോ? കഴിയില്ലല്ലോ. സാഹിത്യത്തെ വായിക്കുന്നതിലും മനസ്സിലാക്കുന്നതിലുമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടാണ് മാറേണ്ടത്. സമൂഹത്തിന് അതിനുള്ള വിദ്യാഭ്യാസം ലഭിക്കണം. അപ്പോഴേ എഴുത്തുകാരന് അയാൾ നിനക്കുന്നത് എഴുതാൻ കഴിയൂ.
ഒരു സെൻസറും ഉള്ളിലില്ലാത്ത ഒരു പെരുമാൾ മുരുകനെ ഇനി എന്നെങ്കിലും നമുക്ക് വായിക്കാൻ പറ്റുമോ?
എനിക്കറിയില്ല. കാലം തന്നെ അതിന് മറുപടി പറയണം. എന്തായാലും എന്റെ ആയുസ്സ് കഴിയുന്നതിനുമുമ്പ് അതിന് അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല.
ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന രാഷ്ട്രീയ അന്തരീക്ഷം എഴുത്തുകാരന് എന്തുതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്?
എത്രയോ എഴുത്തുകാർ മൗനികളായി. എത്രയോ പേർ ഒതുങ്ങിപ്പോകുന്നു. പോരാടണമെന്ന് ഒക്കെ പറയാം. എഴുതുക എന്നതാണ് എഴുത്തുകാരന്റെ പ്രഥമ ബാധ്യത. അതിനെ വിട്ടിട്ട് നിങ്ങൾ അതു ചെയ്യൂ, ഇതു ചെയ്യൂ എന്നൊക്കെ പറഞ്ഞാൽ എങ്ങനെ കഴിയും. അതിനാൽതന്നെ നിരവധി എഴുത്തുകാർ തങ്ങളുടെ രചനാരീതി മാറ്റി. ഇന്ത്യയിലെങ്ങും ഇപ്പോൾ അങ്ങനെ തന്നെയാണ്. ഒരു സ്വാമിയെ കുറിച്ച് എഴുതാനാകില്ല, ആഘോഷത്തെ കുറിച്ച് എഴുതാനാകില്ല. എസ്. ഹരീഷിന് എന്ത് പ്രശ്നം ഉണ്ടായി എന്ന് നമുക്ക് അറിയാം.
ഹരീഷിന് പ്രശ്നം വന്നപ്പോൾ കേരളത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി ഏറെ പേർ വന്നു. താങ്കൾക്ക് ബുദ്ധിമുട്ട് ഉണ്ടായപ്പോഴും കേരളത്തിൽ നിരവധി ആൾക്കാർ പിന്തുണച്ചു. അന്ന് തമിഴ്നാട്ടിലെ എഴുത്തുകാരുടെ നിലപാട് എന്തായിരുന്നു?
ധാരാളം പേർ പിന്തുണച്ചു. ഒന്നുരണ്ടു പേർ മാത്രമാണ് വേറെ കാരണങ്ങളാൽ എതിർത്തത്. എനിക്കുവേണ്ടി കോടതിയിൽ പോയത് തന്നെ ഇവിടത്തെ പ്രോഗ്രസിവ് റൈറ്റേഴ്സ് അസോസിയേഷനാണ്. ഞാനല്ല പോയത്. വിവാദത്തിനിടെ നടന്ന ഒരു ചർച്ചയിൽ എനിക്ക് വേണ്ടി വന്ന അഭിഭാഷകനോട് ആർ.ഡി.ഒ ചോദിച്ചു: ‘‘നിങ്ങൾ ഇപ്പോൾ ഇതൊക്കെ പറഞ്ഞിട്ട് പോകുമല്ലോ സർ. പെരുമാൾ മുരുകനല്ലേ ഈ നാട്ടിൽ ജീവിക്കേണ്ടത്.’’ പ്രായോഗികമായി നോക്കുമ്പോൾ അവർ ചോദിച്ചതാണ് ശരി. കേരളത്തിലും എനിക്കുവേണ്ടി പ്രതിഷേധങ്ങളും യോഗങ്ങളും നടന്നത് അറിയാം. ‘മാതൊരുഭാഗൻ’ നോവലിനെ ഒരു പരിപാടിയിൽ പൂർണമായി വായിക്കുക വരെ ചെയ്തിരുന്നു. അതെല്ലാം നല്ലതാണ്. അതിലെനിക്ക് നന്ദിയുമുണ്ട്. പക്ഷേ, (ഒരുപാട് എതിരിട്ട് നിന്നാൽ) എനിക്കിവിടെ താമസിക്കാനാകില്ല. ഞാൻ വേറെ എവിടേക്കെങ്കിലും വിട്ടു പോകേണ്ടിവരും. 50 വയസ്സിലേറെ കഴിഞ്ഞ ഞാൻ മറ്റൊരിടത്ത് പുതിയൊരു ജീവിതം തുടങ്ങേണ്ടിവരും. ഞാനൊരു കാർഷിക കുടുംബത്തിൽനിന്ന് വന്നയാളാണ്. എനിക്ക് അതെല്ലാം വലിയ ബുദ്ധിമുട്ടാണ്.
ഒരു ആട് നായക കഥാപാത്രമാകുന്നതാണ് ‘പൂനാച്ചി’. എന്തായിരുന്നു അതിലെ ട്രിക്ക്?
ഇതുവരെ എഴുതിയതിൽ വ്യത്യസ്തമായി എഴുതിയ ഒരു നോവലായിരുന്നു ‘പൂനാച്ചി’. മുഴുവനായി മനസ്സിൽ രൂപം ആർജിച്ചാൽ മാത്രമാണ് ഒരു നോവൽ എഴുതാൻ കഴിയുകയെന്ന് നേരത്തേ ഞാൻ പറഞ്ഞുവല്ലോ. എന്നാൽ, ‘പൂനാച്ചി’ അങ്ങനെയായിരുന്നില്ല. എഴുതിക്കൊണ്ടിരിക്കുമ്പോൾ വികസിച്ചുവന്ന നോവലായിരുന്നു അത്. ‘മാതൊരുഭാഗൻ’ വിവാദത്തെ തുടർന്നുള്ള കോടതി ഉത്തരവു വന്നതിനുശേഷം രണ്ടു വർഷത്തേക്ക് ഒന്നും എഴുതിയിരുന്നില്ല. എഴുത്ത് എന്നത് ഒരു അഭ്യാസമാണല്ലോ. അതിന്റെ സിദ്ധി എന്നിൽനിന്ന് അകന്നുപോയോ എന്ന് എനിക്ക് അക്കാലത്ത് വലിയ ആശങ്കയുണ്ടായിരുന്നു. ആഗ്രഹിക്കുന്നതുപോലെ എഴുതാൻ ഇനി കഴിയില്ലേ എന്ന ഭയം പിടികൂടി.
അക്കാലത്തൊക്കെ ചില കവിതകൾ മാത്രമാണ് എഴുതിയത്. ഗദ്യമൊന്നും പരീക്ഷിച്ചില്ല. അങ്ങനെ ആ ഭയത്തിന്റെ പുറത്ത് എന്തെങ്കിലും എഴുതിനോക്കണമല്ലോ എന്ന ചിന്ത വന്നപ്പോഴാണ് ‘കീഴാളൻ’ നോവലിലെ ചെമ്മരിയാടുകളുടെ ആലോചന വന്നത്. ഇത്തവണ വെള്ളാടിനെ കുറിച്ച് എഴുതിയാലോ എന്നായി ചിന്ത. ഒരു ചെറുകഥക്ക് ശ്രമിക്കാം എന്ന് കരുതിയാണ് തുടങ്ങിയത്. പക്ഷേ, എഴുതിക്കൊണ്ടിരിക്കവേ, ഒരു ഒഴുക്കുപോലെ അത് വികസിച്ചുകൊണ്ടിരുന്നു. എഴുതാൻ കഴിയുന്ന അത്രയും എഴുതാം, ബാക്കി പിന്നീട് നോക്കാം എന്ന് ഉറപ്പിച്ചു. അങ്ങനെയാണ് ‘പൂനാച്ചി’ ജനിക്കുന്നത്.
ചെറുപ്പത്തിൽ ആടുകളെ മേയ്ച്ചിട്ടുണ്ടെന്ന് വായിച്ചിരുന്നു. അവയുമായുള്ള ഈ സഹവാസം നോവലിൽ എന്തുതരത്തിലാണ് ഗുണംചെയ്തത്?
കുട്ടിക്കാലം മുഴുവൻ ആടുമാടുകൾക്കൊപ്പം ആയിരുന്നു. അവയുടെ ജീവിതമൊക്കെ നന്നായി അറിയാം. ആ അനുഭവം ഉണ്ടായിരുന്നതിനാലാണ് ‘പൂനാച്ചി’ എഴുതാൻ കഴിഞ്ഞത്. അവയുടെ ലോകം വളരെ രസകരമാണ്. ഈ നോവലിനെ പലരും പലതരത്തിൽ വ്യാഖ്യാനിക്കുന്നുണ്ട്. പൂനാച്ചി എന്നത് ഒരു ആടല്ല, അതൊരു പെണ്ണ് ആണെന്ന് പലരും പറയുന്നു. പക്ഷേ, എനിക്ക് പൂനാച്ചി ഒരു ആട് തന്നെയാണ്. ആട് ഈ രീതിയിൽ ചിന്തിക്കുമോ, പ്രവർത്തിക്കുമോ എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്. ഏതാണ്ട് ആ രീതിയിലൊക്കെ ആടുകൾ ചിന്തിക്കും എന്നുതന്നെയാണ് എന്റെ മറുപടി.
ആടിന് ഒരുപാട് കാര്യങ്ങൾ അറിയാം. നിങ്ങൾ അതുമായി ഇടപഴകണം. അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും. ആടു വളർത്തുന്നവർക്ക് അതറിയാം. നൂറ് ആടുകൾ ഉണ്ടെങ്കിൽ ആദ്യമായി കാണുന്ന ആൾക്ക് ഈ ആടുകൾ തമ്മിൽ ഒരു വ്യത്യാസവും കാണില്ല. പക്ഷേ, എനിക്ക് അതു കണ്ടുപിടിക്കാൻ കഴിയും. ഞാൻ പേര് ചൊല്ലി വിളിച്ചാൽ ആട് ഓടിവരും. ചെറുപ്പകാലത്ത് ആടുകളെ വീട്ടിൽനിന്ന് വിറ്റുകൊണ്ടുപോകുമ്പോൾ ഞാനൊക്കെ കരഞ്ഞ് ബഹളംവെച്ചിട്ടുണ്ട്. ഞങ്ങൾ അറിയാതെ രാത്രിയും മറ്റുമാണ് അപ്പനും അമ്മയും ആടുകളെ കൈമാറുക. ആടുകളുമായി അങ്ങനെ അഗാധമായ അനുഭവങ്ങൾ ഉള്ളതിനാൽതന്നെയാണ് ആ നോവൽ എഴുതാൻ കഴിഞ്ഞത്.
ആട്ടിൻകുട്ടികൾ ജനിക്കുമ്പോൾ കാതുകുത്തി രേഖപ്പെടുത്തുന്നുവെന്നും മറ്റുമുള്ള പരാമർശങ്ങൾ മുന്നിൽവെച്ച് പിൽക്കാലത്ത് രാജ്യത്ത് വന്ന പൗരത്വനിയമത്തെയും മറ്റും പ്രവചനാത്മകമായി സൂചിച്ചതാണെന്ന വായനകൾ ഉണ്ടല്ലോ?
യാദൃച്ഛികമായാണ് അത് എഴുതിയത്. ഇടക്കൊരിക്കൽ ദക്ഷിണ കൊറിയയിൽ പോയപ്പോൾ അവിടെ ആടുമാടുകൾക്ക് കൃത്യമായി രജിസ്ട്രേഷനുള്ള കാര്യം ശ്രദ്ധയിൽപെട്ടിരുന്നു. ആ രജിസ്ട്രേഷൻ രേഖ കാതിൽ പിൻ ചെയ്തിരിക്കും. അവിടെയൊക്കെ മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും കണക്കുണ്ട്, രേഖയുണ്ട്. ആ ഓർമവെച്ചാണ് അതെഴുതിയത്.
അതിന് രണ്ടു വർഷത്തിന് ശേഷമാണ് സി.എ.എ പോലുള്ള നിയമങ്ങൾ വന്നത്?
അത് യാദൃച്ഛികമായി സംഭവിച്ചത് മാത്രമാണ്. അപ്പോഴും, ഒരു ഗവൺമെന്റ് ഇങ്ങനെയൊക്കെ ചിന്തിക്കുമെന്ന് നമുക്കും ചിന്തിക്കാമല്ലോ.
താങ്കളുടെ നോവലുകളിൽ വലിയ വൈകാരികരംഗങ്ങൾ ധാരാളമായുണ്ട്. പക്ഷേ, അതിന്റെ വിവരണം വളരെ സാധാരണമായാണ്. സാഹചര്യങ്ങളാൽ വായനക്കാരൻ വലിയ സംഘർഷം അനുഭവിക്കുമ്പോഴും എഴുത്ത് നിർവികാരമായി തുടരുന്നു. ഭാഷാപ്രയോഗങ്ങൾ കൊണ്ട് അന്തരീക്ഷത്തെ കൂടുതൽ കലുഷിതമാക്കാൻ എഴുത്തുകാരൻ ശ്രമിക്കാതിരിക്കുന്നതാണോ നല്ലത്?
സാധാരണമായി എഴുതുന്നു എന്ന് പറയാനാകില്ല. പലപ്പോഴും വൈകാരികരംഗങ്ങൾ എഴുതുമ്പോൾ വല്ലാതെ വികാരങ്ങൾക്ക് വശംവദനാകാറുണ്ട്. എഴുത്തുകാരനും ആ അവസ്ഥ ഫീൽ ചെയ്യും. എഴുതാൻ കഴിയാതെ പോയ സാഹചര്യങ്ങൾ വരെയും ഉണ്ടായിട്ടുണ്ട്.
‘മാതൊരുഭാഗനി’ൽപോലും ഇടക്കൊരു ഘട്ടത്തിൽ സ്റ്റക് ആയി നിന്നുപോയിട്ടുണ്ട്. പൊന്ന (നായിക കഥാപാത്രം) ആ തിരുവിഴക്ക് പോകുന്ന സാഹചര്യം. അവിടെ എത്തിയശേഷം എന്തുചെയ്യാൻ പോകുന്നു എന്നതിനെ കുറിച്ച് പൊന്നയെ പോലെ ചിന്തിക്കുമ്പോൾ എനിക്ക് ഒരു പിടിത്തവും കിട്ടുന്നില്ല. അവൾ അമ്മക്കൊപ്പമാണ് പോകുന്നത്. അടുത്ത ഘട്ടത്തിൽ എന്തുചെയ്യാൻ പോകുന്നു? ആലോചിക്കുംതോറും സമ്മർദം ഏറിവരുന്നു. പൊന്ന നേരിടുന്ന പ്രതിസന്ധി എന്നെയും മാനസികമായി ബാധിച്ചു. ഒരു ദിവസം, രണ്ടു ദിവസം... അങ്ങനെ അത് നീണ്ടുപോകുന്നു. എഴുതാൻ കഴിയുന്നില്ല. ‘മാതൊരുഭാഗൻ’ എഴുതാൻ സേലത്തെ ആ ഹോട്ടലിൽ മുറിയെടുത്ത് നൽകിയ സുഹൃത്തിനോട് പറഞ്ഞിട്ട് അവിടെനിന്ന് വെക്കേറ്റ് ചെയ്തു.
ഈ മാനസികനില കുറച്ച് മാറട്ടെ, അതിനുശേഷം പിന്നീട് നോക്കാം എന്ന് തീരുമാനിച്ചു. എഴുത്തുകാരന് എല്ലാ കാര്യത്തിലും എപ്പോഴും സമ്പൂർണമായ ക്ലാരിറ്റി ഉണ്ടാകില്ല. കഥാപാത്രത്തിന് വരുന്ന പ്രശ്നങ്ങൾ നമുക്കും വരും, നമ്മെയും ബാധിക്കും. ‘കീഴാളൻ’ നോവലിൽ കൂലയ്യനെ പീഡിപ്പിക്കുന്ന രംഗം എഴുതുമ്പോഴും ഇതേ പ്രശ്നം ഉണ്ടായിരുന്നു. എന്താണ് നടക്കാൻ പോകുന്നത് എന്ന് എനിക്കറിയാം. പക്ഷേ, എഴുതാനാകുന്നില്ല. മനസ്സിൽ ആ കാഴ്ച ഉണ്ട്, എങ്ങനെ എഴുതണമെന്ന് കൃത്യമായ ധാരണയുണ്ട്. പക്ഷേ, എഴുതാൻ മാത്രം കഴിയുന്നില്ല. വല്ലാതെ ബുദ്ധിമുട്ടിലായി. വളരെ സമയമെടുത്ത്, ഓരോ പാരഗ്രാഫ് വീതം മെല്ലെ മെല്ലെയാണ് എഴുതി പൂർത്തിയാക്കിയത്.
എഴുത്തിലെ ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ജീവിതം എങ്ങനെയാണ്? എഴുത്തുകാരൻ എന്ന നിലയിൽ മേൽപറഞ്ഞ വെല്ലുവിളികൾ നേരിടുമ്പോഴും താങ്കൾ ഒരു അതിസാധാരണ ജീവിതം നയിക്കുന്ന ആളാണല്ലോ. വീട്ടിൽ കുടുംബം ഉണ്ടാകും, ഇടക്ക് പുറത്തു പോകുന്നുണ്ടാകും, കടകളിൽ പോയി സാധനങ്ങൾ വാങ്ങും, ചടങ്ങുകളിൽ പങ്കെടുക്കും. എഴുത്തിലെ വികാരങ്ങൾ പുറംജീവിതവുമായി ബാലൻസ് ചെയ്യുന്നതെങ്ങനെ?
ഒരു വലിയ ആൾക്കൂട്ടത്തിനിടയിൽകൂടി എനിക്ക് തനിച്ചിരിക്കാൻ കഴിയും. എന്റെ മനോലോകം അപ്പോൾ പുറംലോകത്തിൽനിന്ന് വിട്ട് സ്വന്തമായി ചലിക്കുകയായിരിക്കും. രണ്ടും സമാന്തരമായി ഓടിക്കൊണ്ടിരിക്കും. രണ്ടിനെയും കണക്ട് ചെയ്യാതെ കൊണ്ടുപോകാൻ എനിക്ക് കഴിയുന്നുണ്ട്.
എഴുത്തിൽ സംഘർഷം അനുഭവിക്കുകയാണെന്ന് അപ്പോൾ വീട്ടുകാർക്ക് മനസ്സിലാകുമോ?
നിരീക്ഷിക്കുകയാണെങ്കിൽ അവർക്ക് മനസ്സിലാകും. ചിലസമയം ഒന്നുമേ സംസാരിക്കുന്നില്ലല്ലോയെന്ന് ഭാര്യ പറയാറുണ്ട്. ബസിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യുമ്പോൾ എന്റെ ചുണ്ടുകൾ ചലിച്ചുകൊണ്ടിരിക്കുന്നത് കാണാറുണ്ടെന്നും ഭാര്യ പറയും. ഞാൻ ഏതോ ലോകത്തെ കഥാപാത്രങ്ങളായി സംസാരിക്കുകയാവും അപ്പോൾ. പക്ഷേ, എനിക്കത് മനസ്സിലാകില്ല.
‘ആളാണ്ടപച്ചി’ കുടിയേറ്റത്തിന്റെ കഥയാണല്ലോ. അത് സ്വന്തം കുടുംബത്തിന്റെ കഥയാണെന്നും പറഞ്ഞിരുന്നു...
അതെ. ഒന്ന് രണ്ട് തലമുറകൾക്കപ്പുറം എന്റെ കുടുംബത്തിലുണ്ടായ ഒരു അനുഭവംതന്നെയാണ്. അത്തരം കുടിയേറ്റ കഥകൾ ധാരാളമുണ്ട്. അതിൽനിന്ന് ഒന്നെടുത്തതാണ്. എന്റെ മുത്തശ്ശന്റെ പിതൃസഹോദരങ്ങൾ അങ്ങനെ പല നാടുകളിലേക്ക് ജീവിതവൃത്തിക്കും കൃഷിസൗകര്യത്തിനുമായി പലായനം ചെയ്തവരാണ്. ഒരാൾക്ക് പത്തേക്കർ നിലമുണ്ടാകും. അതിൽ കൃഷിചെയ്ത് ജീവിക്കുന്നു. അയാൾക്ക് മൂന്നോ നാലോ മക്കളെങ്കിൽ ഓരോരുത്തർക്കും കൃഷിയിടങ്ങൾ വീതംവെക്കുമ്പോൾ ആർക്കും അധികമൊന്നും ഉണ്ടാകില്ല. അപ്പോൾ കൂടുതൽ സാധ്യതകൾ തേടി മറ്റിടങ്ങളിലേക്ക് അടുത്ത തലമുറ നീങ്ങും. മുത്തശ്ശൻ ജീവിച്ചിരുന്നപ്പോൾ അങ്ങനെ മാറിപ്പോയ കുടുംബങ്ങളുടെ ഊരുകളിലൊക്കെ പോകുമായിരുന്നു. ഇപ്പോൾ ആ ഓർമകൾ മാത്രമാണ് ബാക്കി.
‘മാതൊരുഭാഗൻ’ വിവാദം വന്നപ്പോൾ ലോകം ശ്രദ്ധിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടാണ് അങ്ങ് എഴുത്തിൽനിന്ന് വിരമിച്ചത്. ‘‘പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചു. അയാൾ ഒരു ദൈവമല്ലാത്തതിനാൽ ഇനി ഉയിർത്തെഴുന്നേൽക്കുകയില്ല. പി. മുരുകൻ എന്ന അധ്യാപകൻ മാത്രമാണ് മേലിൽ ജീവിക്കുന്നത്’’ എന്നായിരുന്നു ആ പോസ്റ്റ്. പിന്നീട് അതേ വ്യാപ്തിയിൽതന്നെ അറിയപ്പെട്ട ഒരു കോടതിവിധി താങ്കൾക്ക് അനുകൂലമായി വന്നു. എഴുത്തിലേക്ക് തിരിച്ചുവരാൻ പ്രേരണയായത് ഈ കോടതിവിധി മാത്രമാണോ?
ആ കോടതിവിധി സൂക്ഷ്മമായി വായിച്ചാൽ കേവലമൊരു നിയമവ്യാഖ്യാനം എന്ന് മാത്രം പറയാനാകില്ല. യഥാർഥത്തിൽ അതൊരു സാഹിത്യവിമർശനംപോലെ തോന്നും. ആ ജഡ്ജ്മെന്റ് തമിഴിലേക്ക് വിവർത്തനംചെയ്ത് പുസ്തകമായിട്ടുണ്ട്. മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും ജസ്റ്റിസ് പുഷ്പ സത്യനാരായണയുമാണ് ആ വിധി എഴുതിയത്. ജസ്റ്റിസ് കൗൾ പിന്നീട് സുപ്രീംകോടതി ജഡ്ജി ആയി, അടുത്തിടെ വിരമിച്ചു. അതിഗംഭീരമായ കാഴ്ചപ്പാടോടെയാണ് ആ വിധിന്യായം തയാറാക്കപ്പെട്ടത്. ഈ നോവൽ പൂർണമായി വായിച്ച് അതിനെ കുറിച്ച് ഒരു നിരൂപണംതന്നെ ഉത്തരവിൽ ചേർത്തിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട്, ലോകവീക്ഷണം തുടങ്ങിയവ അതിൽ പ്രകടമാണ്.
വിധി വന്ന ഉടൻ തന്നെ എഴുത്തിലേക്ക് മടങ്ങിവരുകയാണെന്ന് ഞാൻ പറഞ്ഞില്ല. വിധിന്യായം സൂക്ഷ്മമായി പഠിച്ച സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എന്നെ എഴുതാൻ പ്രേരിപ്പിച്ചു. അതിന്റെ അവസാന വാചകം നിങ്ങൾ ശ്രദ്ധിച്ചിരുന്നോ. We conclude by observing this: Let the author be resurrected to what he is best at. Write. ‘എഴുതുക’ എന്ന അവസാന വാക്കിലാണ് സകലതും ഉൾക്കൊണ്ടിരിക്കുന്നത്. ‘എഴുതൂ’ എന്ന് കോടതി നമ്മോട് ഉത്തരവിടുകയാണ്. ആ വാക്ക് എന്നിൽ പ്രകമ്പനം ഉണ്ടാക്കി. ഇത്തരമൊരു അനുകൂല ഉത്തരവ് വന്നിട്ടും ഞാൻ എഴുത്തിലേക്ക് മടങ്ങിവന്നില്ലെങ്കിൽ നമ്മുടെ നീതിവ്യവസ്ഥയെ മതിക്കുന്നില്ല എന്നത് മാത്രമല്ല, എഴുത്തുകാരുടെ തലമുറകളോട് ചെയ്യുന്ന പാതകം കൂടിയായിരിക്കും.
‘എഴുത്’ എന്ന് ഒരു കോടതിക്ക് ഉത്തരവിടാം. പക്ഷേ, അതുകൊണ്ട് സമൂഹത്തിൽ ജീവിക്കുന്ന ഒരാൾക്ക് അതിനുള്ള ധൈര്യം കിട്ടുമോ. എന്നും വീട്ടിൽ പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ കഴിയുമോ?
യഥാർഥത്തിൽ ഉത്തരവിലെ ആ വാക്ക് തന്നെയാണ് എനിക്ക് ധൈര്യം പകർന്നത്. നാം വിശ്വസിക്കുന്നത് നിയമവ്യവസ്ഥയെ ആണല്ലോ. ഇല്ലെങ്കിൽ ജീവിതത്തിൽ നിങ്ങൾക്ക് ഒന്നിനോടും വിശ്വാസമുണ്ടാകില്ല. കോടതിയാണ് ആ വിശ്വാസം നൽകുന്നത്. ഇത് എന്റെ മാത്രം പ്രശ്നമല്ല. കോടതി ഉത്തരവിട്ടിട്ടും ഞാൻ എഴുതുന്നില്ല, എനിക്ക് ഭയമാണ് എന്ന് പറഞ്ഞിരുന്നാൽ എന്തു സംഭവിക്കും. ഇനി വേറൊരു എഴുത്തുകാരന് ഇങ്ങനെയൊരു പ്രശ്നം വന്നാൽ എവിടെ പോയി നിൽക്കും.
യഥാർഥത്തിൽ അത് എനിക്കുവേണ്ടി മാത്രമുള്ള ഒരു വിധിയല്ല. ഞാൻ പറഞ്ഞുവല്ലോ, ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് അതിവിശാലമായി അതിൽ പ്രതിപാദിക്കുന്നുണ്ട്. ഇഷ്ടമല്ലാത്ത നോവൽ വായിക്കുന്നതെന്തിന് എന്നാണ് കോടതി ചോദിക്കുന്നത്. ഇഷ്ടമല്ലെങ്കിൽ വലിച്ചെറിയാമല്ലോ. ആ അവകാശം വായനക്കാരന് ഉപയോഗിക്കാം. എല്ലാവരും നിങ്ങൾക്ക് ഇഷ്ടപ്പെടുന്നപോലെ എഴുതണമെന്ന് നിങ്ങളെന്തിന് വാശിപിടിക്കണം. ഇതു ഭാവിയിലെ സമൂഹത്തിനും എഴുത്തുകാർക്കും ഒരു പാഠമാണ്.
വിവാദം ഉണ്ടാകുന്നതിനും കോടതിവിധിക്കും ഇടയിൽ കുറേ മാസങ്ങൾ ഉണ്ടായിരുന്നല്ലോ. എങ്ങനെയായിരുന്നു അനിശ്ചിതാവസ്ഥയുടെ ആ കാലത്തെ ജീവിതം?
ഞാൻ ഇവിടെ (നാമക്കൽ) നിന്ന് ട്രാൻസ്ഫർ വാങ്ങി ചെന്നൈക്ക് പോയി. എനിക്ക് ട്രാൻസ്ഫർ കൊടുക്കാൻ കോടതി തന്നെ പറഞ്ഞിരുന്നു.
നാമക്കലിൽ വലതു തീവ്ര കക്ഷികൾ അത്ര ശക്തമാണോ?
ഈ പ്രശ്നം ഉപയോഗിച്ചുതന്നെയാണ് അവർ സ്വാധീനം ഉണ്ടാക്കിയത്. ഇത്തരത്തിൽ എന്തെങ്കിലും വിഷയങ്ങളെ പർവതീകരിച്ചാണല്ലോ അവർ സ്വാധീനവും പിന്തുണയും ഉണ്ടാക്കുന്നത്. ജാതിവികാരവും വിശ്വാസങ്ങളും അവർ ഇളക്കിവിടും.
ഇപ്പോൾ ഇവിടെ ഭീഷണി ഒക്കെ ഇല്ലാതായോ... താങ്കൾ നാമക്കലിൽ റോഡിൽ ഇറങ്ങിനിന്നാൽ ആരെങ്കിലും തിരിച്ചറിയുമോ?
ഇല്ല. ആരും തിരിച്ചറിയില്ല. നമ്മുടെ ജനത പെെട്ടന്ന് കാര്യങ്ങൾ മറക്കുന്നവരാണ്. അവർക്ക് സിനിമ താരങ്ങളെയാണ് ഓർമയുണ്ടാകുക.
താങ്കളെ ശത്രുവായി കരുതുന്നവർ ഈ സമൂഹത്തിൽ ഇപ്പോഴുമുണ്ടെന്ന് ഭയപ്പെടുന്നുണ്ടോ?
അങ്ങനെയൊന്നും ഞാൻ കരുതുന്നില്ല. പുസ്തകം വായിച്ചവർ വന്ന് സംസാരിക്കാറുണ്ട്. എങ്കിലും എന്റെ സ്വന്തം നാട്ടിൽ (നാമക്കലിന് സമീപത്തെ തിരുച്ചെങ്കോട്) ഇപ്പോഴും എനിക്ക് ധൈര്യത്തോടെ പോകാനാകില്ല. എന്തെങ്കിലും ആവശ്യമുണ്ടായാൽ കാറിൽ പോയി വേഗത്തിൽ കാര്യം കഴിഞ്ഞ് തിരിച്ചുവരും. ഉടനെ ഇവിടേക്ക് വരേണ്ടെന്ന് നേരേത്ത ബന്ധുക്കളൊക്കെ ഉപദേശിച്ചിരുന്നു. തിരുച്ചെങ്കോട് മലയിലൊക്കെ പോയിട്ട് പത്തു വർഷത്തിലേറെയായി. പോകണമെന്ന് വല്ലാതെ ആഗ്രഹമുണ്ട്. എന്റെ ഊരല്ലേ അത്. അവിടെയല്ലേ ഞാൻ പിറന്നത്. അവിടെ റോഡിലൊക്കെ ഇറങ്ങിനടന്നാൽ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ എന്ന ഭയം ഇപ്പോഴുമുണ്ട്. അവിടെ പലർക്കും എന്നെ അറിയാം.
വിവാദത്തിന്റെ കാലത്ത് എങ്ങനെ ജീവിച്ചുവെന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ലല്ലോ?
ആ കാലത്തെ കുറിച്ച് അധികം സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ കഷ്ടപ്പാടുകൾ വീണ്ടും ഓർക്കാൻ ഇഷ്ടമല്ല.
ആ കാലത്തെ ചിന്തകളുമായി ‘കോഴയിൻ പാടൽകൾ’ എന്ന കവിതാസമാഹാരം എഴുതിയത് അറിയാം. തനിക്കെതിരെ ഫത് വ പുറപ്പെടുവിക്കപ്പെട്ട കാലത്തെ ഒളിവുജീവിതത്തെ കുറിച്ച് സൽമാൻ റുഷ്ദി പിന്നീട് വിശദമായി ഒരു പുസ്തകം തന്നെ എഴുതിയിരുന്നു. താങ്കളും എപ്പോഴെങ്കിലും അങ്ങനെയൊരു പുസ്തകം എഴുതുമോ?
അറിയില്ല. എന്തായാലും ഇപ്പോൾ അങ്ങനെയൊരു പ്ലാൻ ഇല്ല. എഴുതാനൊക്കെ ഒരുപാട് ഉണ്ട്.
ഇപ്പോഴത്തെ അവസ്ഥയൊക്കെ മാറി മനസ്സ് കൂടുതൽ ശാന്തമാകുമ്പോൾ, ഒരു പത്തുവർഷംകൂടി കഴിഞ്ഞാൽ ഈ പ്രശ്നത്തെയൊക്കെ അകന്ന് മാറിനിന്ന് കാണാൻ കഴിയില്ലേ?
അങ്ങനെയൊരു കാലം വന്നാൽ, മനസ്സ് അതിന് സന്നദ്ധമായാൽ എഴുതുന്ന കാര്യം നോക്കാം.
‘കോഴയിൻ പാടൽകൾ’ അഥവാ ഭീരുവിന്റെ പാട്ടുകൾ എന്ന കവിതകളിൽ സ്വന്തം അവസ്ഥ തന്നെയല്ലേ വിവരിക്കുന്നത്?
അന്ന് ഞാനെടുത്ത തീരുമാനം (എഴുത്തിൽനിന്ന് പിന്മാറിയത്) ഭീരുത്വമാണെന്ന് പലരും ആക്ഷേപിച്ചിരുന്നു. അങ്ങനെയൊന്നും വഴങ്ങിക്കൊടുക്കരുതായിരുന്നു, ശക്തമായി നിൽക്കണമായിരുന്നു എന്നൊക്കെ അവർ വിമർശിച്ചു. അതിന് മറുപടിയായാണ് ആ കവിതകൾ എഴുതിയത്. പറയാൻ എളുപ്പമാണ്, പക്ഷേ പ്രയോഗതലത്തിൽ ഏറെ ബുദ്ധിമുട്ടാണ്. തീരുമാനമെടുക്കുന്നത് ഞാൻ മാത്രമല്ല. ഭാര്യയോടൊക്കെ ആലോചിച്ചിരുന്നു. കുടുംബത്തെയൊക്കെ ബാധിക്കുന്ന വിഷയമല്ലേ. ആ ‘ഭീരുത്വ’ത്തെ പരാമർശിച്ച് 200ലേറെ കവിതകൾ എഴുതി.
പെരുമാൾ മുരുകൻ സംഘർഷഭരിതമായ ജീവിതം നയിക്കുമ്പോൾ എഴുതിയ കവിതകളാണല്ലോ അത്. അന്നത്തെ മനോനില വ്യക്തമാകുന്ന വരികൾ. എന്തുകൊണ്ടാണ് അങ്ങയുടെ മറ്റു രചനകളെ പോലെ അതൊന്നും മലയാളത്തിൽ വരാത്തത്?
മലയാളത്തിൽ കവിതകൾ ആരും വലുതായി ആവശ്യപ്പെടാറില്ല. ആരും ചോദിച്ചില്ല, കൊടുത്തില്ല. അത്രതന്നെ. എന്തായാലും കണ്ണനോട് (കാലച്ചുവട് പബ്ലിക്കേഷൻസ്) ഇനി പറയാം.
ടി.എം. കൃഷ്ണയുമായുള്ള ബന്ധമെന്താണ്?
‘മാതൊരുഭാഗൻ’ വിവാദത്തിനുമുമ്പ് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നില്ല. കർണാടക സംഗീതം കേൾക്കുന്ന ആളെന്ന നിലയിൽ അറിയാം എന്നുമാത്രം. വിവാദം ഉണ്ടായപ്പോൾ കൃഷ്ണ എന്നെ പിന്തുണച്ച് എഴുതുകയും സംസാരിക്കുകയും ചെയ്തു. ‘കോഴയിൻ പാടൽകൾ’ പോലെ ചിലത് എഴുതുന്ന കാലമായിരുന്നു അത്. കർണാടക സംഗീത കച്ചേരിക്ക് മുമ്പ് വിരുത്തം എന്നൊരു സംഗതിയുണ്ട്. അത് പാടിയിട്ടാണ് കീർത്തനത്തിലേക്ക് പോകുന്നത്. തമിഴ് വിദ്യാർഥി ആയതിനാൽതന്നെ ആ പാരമ്പര്യത്തിൽനിന്നുകൊണ്ടുള്ള വിരുത്തം ഞാൻ എഴുതുമായിരുന്നു. അങ്ങനെ 40 വിരുത്തങ്ങൾ ഞാൻ എഴുതിയിരുന്നു. അന്നത്തെ ആ സംഘർഷാത്മക മാനസികാവസ്ഥയിൽനിന്ന് രക്ഷപ്പെടാൻ ചെയ്ത നിരവധി കാര്യങ്ങളിലൊന്നായിരുന്നു ഇതും. ആ വിരുത്തമെല്ലാം ‘മാതൊരുഭാഗനേ’ എന്നാണ് അവസാനിക്കുക.
കോടതിവിധിക്ക് ശേഷം കാലച്ചുവട് മധുരയിൽ നടത്തിയ ഒരു പുസ്തകപ്രകാശന ചടങ്ങിൽ ഞാനും കൃഷ്ണയും പങ്കെടുത്തിരുന്നു. സംസാരിക്കില്ല, ഒരു കവിത മാത്രം ചൊല്ലും എന്ന് പറഞ്ഞാണ് ഞാൻ അവിടെ പോയത്. കൃഷ്ണയുടെ പ്രസംഗവും ഉണ്ടായിരുന്നു. അന്നാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. അവിടെ വെച്ച് ഞാനെഴുതിയ വിരുത്തം അദ്ദേഹത്തിന് കൈമാറി. അതിൽ ഒന്നോ രണ്ടോ തിരഞ്ഞെടുത്ത് എനിക്ക് വേണ്ടി പാടിത്തരണം എന്ന് അഭ്യർഥിച്ചു. നിങ്ങളുടെ സ്വരത്തിൽ കേട്ടാൽ നന്നായിരിക്കും എന്നും കൂട്ടിച്ചേർത്തു. നോക്കാം എന്ന് പറഞ്ഞ കൃഷ്ണ ആ വിരുത്തം വായിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഓരോ വിരുത്തത്തിനും ഒരു താളമുണ്ട്. ആ താളത്തോടെയാണ് ഞാൻ വായിച്ചത്. വായിച്ചുകേട്ടയുടൻ താങ്കൾക്ക് വേണ്ടി മാത്രമല്ല, കച്ചേരിയിൽ തന്നെ പാടാമെന്ന് കൃഷ്ണ പറയുകയായിരുന്നു. തൊട്ടടുത്ത ദിവസം കോയമ്പത്തൂരിൽ നടന്ന കച്ചേരിയിൽ അത് പാടി. അങ്ങനെയാണ് അദ്ദേഹവുമായി സൗഹൃദമാകുന്നത്.
രാഗാടിസ്ഥാനത്തിലുള്ള കീർത്തനങ്ങൾ എഴുതിക്കൂടേയെന്ന് പിന്നീട് അദ്ദേഹം ചോദിച്ചു. കർണാടക സംഗീതത്തിൽ പാടുന്ന കീർത്തനങ്ങളിൽ 90 ശതമാനവും ഭക്തി അധിഷ്ഠിതമാണ്. 200-300 വർഷമായി ഈ ഭക്തി തന്നെയാണ് ആലപിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, വേറെ വിഷയങ്ങളും പാടാമല്ലോ. അതിനും ഇടംകൊടുക്കണ്ടേ. ഭാരതിയാർ കൃതികളുണ്ട്. അതിൽ പ്രണയമുണ്ട്. സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളൊക്കെ പരിഗണിക്കാമല്ലോ. ഭക്തിരഹിത ആത്മീയതക്കും സ്ഥാനമുണ്ടാകണ്ടേ. അതൊക്കെ നിങ്ങൾ എഴുതിയാൽ, പാടാൻ ഞാൻ തയാറെന്ന് കൃഷ്ണ പറഞ്ഞു.
എനിക്കത് വലിയ പ്രചോദനമായി. കർണാടക സംഗീതം വളരെ പാരമ്പര്യമൂല്യങ്ങൾ കാക്കുന്നതാണ്. പുതിയ കാര്യങ്ങളെയൊന്നും അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. അങ്ങനെയുള്ള ഒരു സംവിധാനത്തിന് ഉള്ളിലേക്കാണ് കൃഷ്ണയെപ്പോലെ ഒരാൾ വ്യത്യസ്ത രചനക്കായി എന്നെ ക്ഷണിക്കുന്നത്. അങ്ങനെയാണ് കീർത്തനരൂപത്തിൽ അദ്ദേഹത്തിനായി എഴുതാൻ തുടങ്ങിയത്. പഞ്ചഭൂതങ്ങളെ കുറിച്ചായിരുന്നു ആദ്യരചന. പാരമ്പര്യ കീർത്തനങ്ങളിൽ പഞ്ചഭൂതങ്ങളെ കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. അതിൽ നിലത്തിനെ ഈശ്വരന്റെ ഒരു വടിവമായാണ് കാണുന്നത്. ഞാനെഴുതിയതാകട്ടെ ഒരു കർഷകന്റെ കാഴ്ചയിലെ നിലത്തെ കുറിച്ചാണ്. കാറ്റിനെ കാറ്റായി എഴുതും. വായു ഭഗവാനായി ചിത്രീകരിക്കില്ല. ആ കീർത്തനങ്ങൾ കൃഷ്ണക്ക് നന്നായി ബോധിച്ചു. പനമരത്തെ കുറിച്ച് എഴുതിയതും അദ്ദേഹത്തിന് ഇഷ്ടമായി.
ഇപ്പോൾ കൃഷ്ണക്ക് ധാരാളം വിമർശനങ്ങളേൽക്കുന്നു. ഒരുപാട് ശത്രുക്കളുമുണ്ട്. അതിന് താങ്കളും ഒരു കാരണമാണ്?
അതെ. അതിനൊക്കെ ഞാനും ഒരു കാരണംതന്നെയാണ്. 2022ൽ അംബേദ്കർ ജയന്തിക്ക് അദ്ദേഹത്തെ കുറിച്ച് ഒരു കീർത്തനം എഴുതിക്കൊടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അത് പാടി അദ്ദേഹം യൂട്യൂബിലിട്ടു. കച്ചേരിയിലും പിന്നീട് പാടി. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പെരിയാറിനെ കുറിച്ച് ഒരു കീർത്തനമെഴുതി. അതാണ് ഇപ്പോൾ അദ്ദേഹത്തിന് വലിയ പ്രശ്നമുണ്ടാക്കിയത്.
ഇപ്പോൾ എന്താണ് എഴുതുന്നത്?
കുറച്ച് ചെറുകഥകളാണ് ഇപ്പോൾ എഴുതുന്നത്. വളർത്തുമൃഗങ്ങളെ വെച്ച് ചില കഥകൾ. കഴിഞ്ഞ ജനുവരിയിൽ ഒരു സമാഹാരം വന്നു. പത്തു കഥകളുടെ ആ പുസ്തകം ചെന്നൈ ബുക്ഫെയറിൽ പ്രകാശനംചെയ്തു. അതിന് ശേഷവും ആറു കഥകൾ എഴുതി. നോവലൊക്കെ ആലോചനയിലുണ്ട്. ചെറുകഥകൾ എഴുതുന്ന മൂഡ് ആയതിനാൽ ബാക്കിയുള്ളതൊക്കെ മാറ്റിവെച്ചിരിക്കുകയാണ്. 2002ൽ എഴുതിയ ‘നെടുനേരം’ എന്നൊരു നോവൽ ഉടനെ ഇംഗ്ലീഷിൽ വരും. പെൻഗ്വിൻ ആണ് പ്രസാധകർ.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.