19
ഉദയകുമാരൻ അമ്പലത്തിൽ പോയ കഥ
അന്നമൂട്ടിടുന്നുണ്ടവളുലകവറവിയിലെന്നു
കേട്ടേറെ വ്യഥയാർന്നിതാ ചിത്രാവതിയും
നൊന്തിടും പുണ്ണിലൊരു തീ കൊള്ളിപോൽ
നൊമ്പരമേകിയവൾക്കഹിതമാം വൃത്തിയും.
നെടുതാം വീർപ്പിട്ടെഴുന്നേറ്ററെ വിഷണ്ണയായ്
മാറ്റിടാമവൾതൻ മാർഗമെന്നോർത്താ നാടക–
ഗണികമാരെയരികിൽ വിളിച്ചോതിയേവമായ്.
തൻപതി കോവലനിറന്തതിൽ പിന്നെയാ മാധവി
ആശ്രമമതിങ്കലായ് ചെന്നതേറെയപഹാസ്യമാം
പതിതൻ വിയോഗത്തിലുയിർ പോക്കിടും പുരാ–
നഗരിയിൽപ്പിറന്നൊരാ പതിവ്രതകളല്ല നമ്മൾ
പലരേകിടുമൂൺ കഴിച്ചുപജീവനം നടത്തുവോർ!
മീട്ടിടും യാഴ് പാണനുടെ മൃതിക്കപ്പുറമെന്നോർക്ക നാം!
തേൻ നുകർന്നപ്പൂവിനെ വിട്ടിടും വണ്ടിനു സദൃശരീ–
നാം കൈവിട്ടിടും പുരുഷരെയാ ലക്ഷ്മിയെപ്പോൽ.
താപസീ വേഷമതു പരിഹാസ്യമാമതു നിശ്ചയം.
ചേലിളം വള്ളിയാളാ മാധവീസുത പുഷ്പിണി–
യായിടുവതോർത്തുലകംവാണോരുദയനനാം –
വണ്ടിനോടു ചേരണമാ സുകേശിനി ക്ഷണാൽ.
അതുമല്ലാ ഭിക്ഷാപാത്രവുമൊഴിഞ്ഞിടണമവൾ.
വേൾക്കണമിനി വൈകാതെയാകുമാരനവളെ–
അല്ലായ്കിലവളൊത്തിടില്ലീ ഗണിക കുലത്തിനും.
നെഞ്ചു പുകയുമാറുഗ്ര ശപഥമതു ചെയ്തവളാ–
വേർപ്പണിത്തുമുഖമമർത്തിത്തുടച്ചാ തോഴിമാ–
രോടൊത്തപ്പുര വീഥിയിലൂടമിത വേഗമാർന്നെ–
ത്തിയാ കുമാരകനേകനായ് മേവുമിടത്തിലായ്.
അവിടെയൊളിചിതറിടുമാപ്പളുങ്കുമണ്ഡപത്തി–
ലതുല്യകാന്തി ചിതറിടുന്നൊരാ മലർ പീഠത്തി.
ലതി രമ്യമാം വെൺചാമരം വീശിയിരിക്കുമൊ
രുദയപാദം വണങ്ങി വാഴ്ത്തിയാ ചിത്രാവതി.
കുലാംഗനയാം വാരനാരിയെക്കണ്ടരികിലാ–
യരചകുമാനൊരു പാൽ പുഞ്ചിരി തൂകീടവേ
മണിമേഖലയാ മാധവിയൊത്താ താപസീ വേഷ–
മാർന്നതുചിതമോയെന്നാരിഞ്ഞതാ ചിത്രാവതി.
സുമങ്ങളേറെയായ് വിടർന്നും ചേലെഴും കിളികൾ
ചേക്കേറിയുമതുല്യമായ് നില്പതാമാറ്റു കാഞ്ചിയതു–
വാഴ്ത്തിടും ഭാരതത്തിലവിടവിടെയായ് പൂക്കൾ
വിടർന്നു ഗന്ധം പകരുന്നൊരാ പെരും കോവിലു
ലകവറവിയിലുണ്ടവൾ പോരിക! നീ വാർവണ്ടേ!
യെന്നോതിടുമ്പോളവനാ വൻ കടൽ നടുവിലൊരു
പൊങ്ങുതടി കിട്ടിയപോലവളൊടുരച്ചിതു സാദരം.
അന്നാ പളുങ്കറയിലവളെയൊരു ചിത്രമായ് നിനച്ചാ–
കാന്തൾപ്പൂവൊത്തതാം ചെം കൈകൾ കവർന്നതു–
മിളം മുലകളൽപ്പാൽപ്പമായ്ത്തഴുകി ചെന്തൊണ്ടി വാ–
നുകർന്നിടാനിച്ഛിച്ചതുമാ നറു പുഞ്ചിരി തൂകിപ്പുതുതാ–
മുയിർപകർന്നാ വേൽ മിഴികളറിവു വേർപെട്ടെന്നോ
തിടാനാ ചേലെഴും ചെവികൾക്കരികിലായ്ച്ചെന്നതു–
മൊക്കവേയുയിർകാത്തെൻ മനമതിലാരൂഢമായ്.
ഇരുളിലാപ്പാതി യാമത്തിലൊരു പൊൻമേനിയാ–
ളോതിരാജധർമമൊപ്പമായ് മറന്നിടാനനുയും.
അറിയില്ലവളീശ്വരിയോ മറ്റു വല്ലതുമോയെന്ന–
വനോതിടുമ്പോളല്പാൽപ്പമായ് ചിരച്ചവളുമേവം
മൊഴിഞ്ഞാൾ സുതയിലതീവ പഥ്യമാർന്നോൾ.
വേണ്ടാ വിചാരമാമൊഴിയോർത്തിളയ രാജനേ
കാമമാം മദ്യമേറീടിലാ സുരരും ബോധമറ്റിടും
ഗൗതമ മുനീന്ദ്രനുടെ ധർമപത്നിയാമഹല്യ തൻ
കാഴ്ചയിലാദിധേയാധിപനുടെ കൺചുവന്നതും
അഗ്നിദേവനായ് ജായയാം സ്വാഹ സപ്ത വേഷ
മതു പൂണ്ടാകാമമൊഴിച്ചതുമോർക്കരചനേ നീ !
ചാരിത്യ്രമതു കാത്തിടും കുലനാരിമാരിതെപ്പൊഴും
മനസ്വിത ഗുണമാക്കിടും ഭർതൃവിയോഗത്തിങ്കലും
ശാസ്േത്രാക്തമായരങ്ങിലാടിയതി കാന്തിയാർന്ന–
യ്യമ്പുകളാ മലർശര നെയ്തീടവേ പോർമിഴികളാം
വലയിൽപ്പെടുത്തി മനമതു കട്ടും സ്വഗേഹമതു–
പൂകി മധുവാണിയാലാഭരണാദികൾ കവർന്നും
തേൻ നുകർന്നതിൽപ്പിൻ പൂവതുപേക്ഷിച്ചിടും
വണ്ടുപോലുള്ളൊരാ വേശ്യതൻ കപട വാണി–
യൊതുക്കൽ നിൻ ധർമമെന്നറികയരചനേ!
ചിത്രാവതി തൻ മൊഴിയഖിലവും കേട്ടവൻ
വേഗമാർന്നിടും രഥത്തിലേറിയതി ക്ഷണാൽ
ഉലക വറവിയിലെത്തി പശിതീർത്തിടാനായ്
അന്നമൂട്ടിടുന്നൊരാ തപസ്വിനിയെ കണ്ടവൻ
പെരുതാം കാമമാർന്നാ മേനിയൊത്തെൻ
മനവും കവർന്നൊരാ പാപിനി കൊടുതാ–
മുപവാസമാർന്നു യാചിച്ചിടാനൊരു ഹേതു–
വെന്തെന്നാരാഞ്ഞണഞ്ഞിതരികിലായ്.
ചൊൽക നീയുത്തമേ! എന്തിതിൻ ഹേതു!
താപസവൃത്തിക്കെന്തിതു ന്യായമതോതുക!
പൂർവജന്മത്തിലെൻ കണവനിവൻ രാഹുലൻ
പാദമിതു വണങ്ങുവതുചിതമെന്നായവളും.
ഉള്ളമിവൻ കവർന്നീടിലും കൈപിടിക്കിലും
പൂർവ കാമുകനവനുടെ വാക്കതുല്ലംഘിയാ–
യെന്നവളൊരു പെരും ജ്ഞാനിയെപ്പോൽ
സദ് കാര്യങ്ങളിതു കേൾക്കുകെങ്കിലെന്നായ്.
നേരാണു ജനിയുമതുപോൽ സ്ഥിതി
രോഗാതുരത മൃതിയെന്നതു മറിക നീ !
തനുവിതു വളർ ദുഃഖഭാജനമെന്നതും!
ഉയിരിൻ പൊരുളിതെന്നറിഞ്ഞു മുന്നമേ–
ധർമമാർഗമതിൽ ചേർന്നു നിർവിശങ്കമായ് !
യുക്തമ്പോൽ ചെയ്തിടാമെനി നിനക്കരചനേ
പോരാടിടും ഹസ്തികൾക്കാരുപദേശമേകിടും!
ചരിതമതൊക്കെയും ചൊല്ലിയരചനിൽ–
നിന്നകന്നവളെത്തിയാ ചെറു കോവിലിൽ.
ആൺ മനമറിവോരാരുണ്ടെന്നറിഞ്ഞിടാ–
നാദി ദേവതയാം ചമ്പാപതിയെയും വണങ്ങി
മായാമന്ത്രമോതി കായചണ്ഡികാ വടിവി–
ലവൾ വെളിയിലെത്തിടുന്നേരമകുമാര–
നണഞ്ഞിതവൾതൻ നികടത്തിലായ്.
ചെറുകോവിലകമേ ചെന്നാ ചമ്പാപതിയെയും
വണങ്ങിയോടതു കായചണ്ഡികയ്ക്കേകി–
മായയാൽ മറഞ്ഞൊരവളെയറിയുന്നില്ല–
ഞാനീ പാവതൻ ഗണത്തിലായെങ്ങുമേ!
കാട്ടണം വേർതിരിച്ചവളെ നീയല്ലായ്കിലോ
പാടുകിടന്നിടും ഞാനിവിടെ ദിനമേറെയായ്.
പവിഴംപോൽ വായുമൊളിചിതറും ദന്തവും
അഞ്ജനമെഴുതായതമാം മിഴികളുമറ്റം വള–
ഞ്ഞൊരാ പുരികങ്ങളുമതി ചതുരമാം വാക്–
പടുത്വവുമുള്ളൊരാ ചന്ദ്രമുഖിയെങ്ങു പോയ്.
സ്വർവാസികൾക്കൊക്കെയും നാഥയാമങ്ങു–
തൻ കോവിലിലാ പുത്തനായ് പിടിച്ചേരാന–
യാപ്പെട്ട പോൽ ചെന്നോരിന്ദു വദനയെ വെടി–
ഞെങ്ങുമേ പോവതില്ല ഞാനെന്നറിക നീ.
കുറിപ്പ്: അറിവു വേർപെടുക – ബുദ്ധിപതറുക.
ഓട് – ഭിക്ഷാപാത്രം.
വിശദീകരണം: ഉലകവറവിയിൽ മണിമേഖല യാചകീവേഷത്തിൽ കഴിയുന്നുണ്ടെന്നറിഞ്ഞ ചിത്രാവതി ഏറെ സങ്കടപ്പെട്ടു. മണിമേഖലയെ ഏതെങ്കിലും വിധത്തിൽ പിന്തിരിപ്പിക്കണമെന്ന് ചിന്തിച്ച് ചിത്രാവതി വിയർപ്പുതുള്ളികൾ നിറഞ്ഞ മോഹനമുഖത്തോടുകൂടി അതിവേഗത്തിൽ ഉദയകുമാരനെ ചെന്നു കണ്ടു. അവിടെ പളുങ്കുമണ്ഡപത്തിൽ ഇരുവശത്തും സുന്ദരിമാർ വീശിക്കൊണ്ടിരിക്കുന്ന ഉദയകുമാരനെ ചിത്രാവതി വണങ്ങി. മാഹാത്മ്യമുള്ള ഈ പഴയ നഗരത്തിൽ പുറങ്കാടിനോടു ചേർന്ന് ഉലകവറവിയെന്നൊരു കോവിലുണ്ടെന്നും മണിമേഖല താപസീവേഷം പൂണ്ട് മറ്റുള്ളവരെ ഊട്ടിക്കൊണ്ടിരിക്കുകയാണെന്നും അവളെ അവിടെനിന്ന് തേരിലേറ്റിെക്കാണ്ടുവരണമെന്നും ചിത്രാവതി ഉദയകുമാരനോടു പറഞ്ഞു. പളുങ്കറയിൽ മണിമേഖലയെക്കണ്ട് പുതുമയുള്ള ചിത്രമാണെന്ന് കരുതി കൈകളിലും മുലകളിലും പിടിച്ചതും അവൾ തന്റെ ഉള്ളം കവർന്നതുമായ പൂർവകഥ ഉദയകുമാരൻ പറഞ്ഞു. മാത്രമല്ല, ഇരുണ്ടയാമത്തിൽ ഉറങ്ങാതിരുന്ന തന്റെ മുന്നിൽ മണിമേഖലാ ദൈവം പ്രത്യക്ഷമായി രാജധർമം ഓർമിപ്പിച്ചതും മണിമേഖലയെ മറന്നുകളയണമെന്ന് നിർദേശിച്ചതും പറഞ്ഞു. മറുപടിയായി കാമമാകുന്ന മദ്യം ദേവന്മാരുടെപോലും മനോനില തെറ്റിച്ച കാര്യം അഹല്യയെ കാമിച്ച ദേവേന്ദ്രന്റെയും അഗ്നിദേവന്റെ ഭാര്യയായ സ്വാഹയുടെയും അനുഭവങ്ങളിലൂടെ ചിത്രാവതി വിശദീകരിച്ചു. ഇതു കേട്ട ഉദയകുമാരൻ ഗതിവേഗമുള്ള കുതിരകളെ കെട്ടിയ തേരിലേറി ഉലകവറവിയിലെത്തി. കാമമടക്കാൻ സാധിക്കാതെ തന്റെ ഹൃദയം കവർന്ന മണിമേഖല വഞ്ചകിയാണെന്നും ഇപ്രകാരം തപസ്വിനീവേഷം കൈക്കൊള്ളാൻ കാരണമെന്താണെന്നും ചോദിച്ചു. ഇയാൾ പൂർവജന്മത്തിലെ തന്റെ ഭർത്താവായ രാഹുലനായതുകൊണ്ട് പാദങ്ങളിൽ വണങ്ങുന്നത് യോഗ്യമാണെന്ന് കരുതി വണങ്ങുകയും കൈകൾ കടന്നുപിടിച്ചാലും ലംഘിക്കുന്നതു ശരിയല്ലെന്ന് കരുതി മറുപടി പറയുകയും ചെയ്തു. ''ജനിക്കുക, വളരുക, രോഗം പിടിപെടുക, മരിക്കുക എന്നതൊക്കെ യാഥാർഥ്യമാണ്. മനുഷ്യശരീരം എന്നും ദുഃഖത്തിനു കാരണമാണ്. ഞാൻ മഹത്തായ ധർമമാർഗത്തെ കൊതിച്ചു. ഇതൊക്കെ കേട്ട് നിങ്ങൾ യഥേഷ്ടം പ്രവർത്തിച്ചുകൊള്ളുക. പോരിനെ നശിപ്പിക്കുന്ന കൊമ്പനാനക്ക് സ്ത്രീകൾ ഉപദേശം നൽകാറില്ല.'' ഇത്രയും പറഞ്ഞ് അവൾ വീണ്ടും ചമ്പാപതിക്കോവിലിൽ പ്രവേശിക്കയും മായാമന്ത്രം ഉപയോഗിച്ച് കായചണ്ഡികയുടെ രൂപത്തിൽ പുറത്തുവരുകയും ചെയ്തു. ഉദയകുമാരന് മണിമേഖലയെ തിരിച്ചറിയാനായില്ല. മണിമേഖലയെ തിരിച്ചറിഞ്ഞാൽ മാത്രമേ താൻ ഇവിടെനിന്ന് പോകൂ എന്ന് ഉദയകുമാരൻ ചമ്പാപതിയോട് ശഠിച്ചു.
20
കാരാഗൃഹത്തെ ധർമശാലയാക്കിയ കഥ
മധു മലർമാലയണിഞ്ഞോരുദയകുമാരകനാ–
ചമ്പാപതീ പാദമതു വണങ്ങിശ്ശപഥം ചെയ്തി–
ടുമ്പോളശരണർക്കാശ്രയമേകിടും ദേവിയാൾ
ചിത്രപടത്തിനുൾവസിച്ചിടുന്നോളതി ദയയൊടാ–
ചൂടേറിന മുറിക്കുള്ളിലാപ്പെട്ട പോൽ മനോ–
വ്യഥയാർന്നോരുദയകുമാരനോടതി സത്വരം.
ചിന്തയെന്തു തേ! അരുതു ശപഥമിതനുചിതം!
നിൻ വാണിയതു വ്യർഥമാക്കിടൊല്ലരചനേ!
മറന്നീടുക നീയവളെയെന്നേക്കുമായ്
ഓർത്തീടുകരചധർമമതെപ്പൊഴും നീ
ഓതിയന്നാ ദൈവതമതതിവിസ്മയം!
കമനീയാംഗിയവളമൃതസുരഭിയുമായ്
തീർത്തിതു പൈയനേകർക്കുദാരമായ്,
അനുചിതമെൻ ശപഥമെന്നാ ദൈവത–
മരുളിയതുമോർത്തിടുവതുമത്ഭുതം.
നിജസ്ഥിതിയറിഞ്ഞാടാമിളംവള്ളിയിൽ
നിന്നു പിന്നെയാമെന്നു കരുതിയരചനാ
പുരിയിൽ നിന്നകന്നിതു രജനിയിൽ.
സന്ധ്യയാം നെറ്റിയും പിറയാം കൊമ്പും
ചേർന്നൊരാ രാത്രിയാമാനയേകനായ്
മദനീർ ചൊരിഞ്ഞാ പെരും കൈയാട്ടി–
കാറ്റു പോലുയർന്നേറെയായ് പടരവേ
മകരയാഴിൻ തന്തിമീട്ടിയാ യുവാക്കൾ
വീഥിയിലനുരാഗ നൃത്തം തുടരവേയിമ്പ–
മേകിടും ലയത്താൽ മനം പിളർന്നതി
കാമമാർന്നൊരു നെടുതാം വീർപ്പിട്ടവൻ
പോയ നേരമാ മറുരൂപമാണ്ടവളൊരു
മാധവീസുതയായുലകവറവിയിൽ നടന്നാ–
ലൊഴിയില്ലരചകുമാരനെന്നു നണ്ണിയാ–
കായചണ്ഡികാ രൂപമാർന്ന ശരണർക്കാ
ശ്രയമായേറ്റലുമിടുതലും ഇരപ്പോർ തൻ
കടമയാമതിനാൽ ചെന്നിടാമെവിടെയു
മെന്നാജ്ഞാനികളോതിടുവതു സാരമാം.
ചമ്പാപതി കോവിലിനുള്ളിലിരിപ്പതാമമൃത–
സുരഭിയുമായ് ചെന്നിതവളരചനോടധർമം
ചെയ്തുരുദണ്ഡമേറ്റിടുവോർ പാർത്തിടും
കാരാഗൃഹത്തിങ്കലായതികാംക്ഷയാൽ.
നെടുതാം വീർപ്പിട്ടു പലമട്ടിൽ പുലമ്പിയും
പശിയാലർത്തരായുറങ്ങുമുയിർകളെ
വാങ്ങിടും കൈനൊന്തിടുമ്പോലൂട്ടിയ പാത്ര–
മിതൊന്നെന്നുമൂട്ടിയവൾ തൻ സദ്ധർമവു–
മറിയണമരചനെന്നായ കോട്ടം കാവലർ.
നെടിയോൻ വാമനനായവതരിച്ചൊരു–
വിശ്വരൂപമാർന്നീ ധരയെ കാൽക്കീഴി–
ലാക്കിയ നാളതിലിളയെയുദകമൊത്ത
ഭിജാതമായ് ദാനം ചെയ്തൊരാ ബലി–
വംശത്തിൽപ്പിറന്നോരരചനുടെ പുത്രി–
സൗഭാഗ്യവതി ചീർത്തിയാം ദേവിയൊ–
പ്പമായ് ചെന്നിതുപവനമതിങ്കലായ്!
യാഴൊലി മുഴക്കിടുന്നവിടെ വരിവണ്ടുകൾ
വളർ കൊമ്പിൽ തുമ്പികളാ കുഴൽ നാദവും.
പാടിടും കുയിലുകളൊത്താ മയിലുമാടിടുന്നൂ.
മണമോലും മലർ പന്തലുമൊക്കവേ കണ്ട–
വനേറെയാർന്നിതു മോദവും സാദവുമറ്റിതു.
ഇണയെ വിട്ടേകനായിരിപ്പൊരന്നവും ചേലെഴും
ചിറകുയർത്തി പറക്കുമാ മയിലിണയെയുമുദ്യാന–
മതിങ്കലായ് കണ്ടവനതീവ തോഷമാർന്നാൻ.
മാമണി വർണനുമണ്ണനും പ്രിയയാം ജായയു–
മൊപ്പമായാടിയ കുരവൈക്കൂത്തിതോയെ–
ന്നൊട്ടിടശങ്കയാർന്നുമാ കൊങ്കലർ ചേർന്നിടും
മാങ്കനിക്കരികിലിരിപ്പൊരാക്കേകിയെ പൊൻ–
ചഷകമതിലൊരു തത്തയെയൂട്ടിടുമംഗനയെ
ന്നോർത്തവനൊട്ടുലാത്തിയവിടെയേകനായ്!
ഊയലാട്ടിടുന്നു ചേലിലൊരാൺ കുരങ്ങു–
തന്നിണയെയാമുത്തണിത്തൊട്ടിലിലതും
പച്ചില തൊങ്ങൽ ചേരും മുളങ്കാടിനൊപ്പമാ–
വെൺപൂവാർന്നതാം വെൺ കടമ്പതും കണ്ടാ–
മണിവർണനൊപ്പമാ രാമനും നിൽപതോയെന്നു–
രുബലമൊടു ശങ്കയാൽത്തൊഴുതു വാഴ്ത്തിയും
കൂത്തിനൊപ്പമായ് മുദ്രയതുമറിയുവോർകളും
നാടകാദികളിലവധാനതയേറിടുവോർകളും
ചേലിയന്നാ മദ്ദളം വായിച്ചിടുവോർകളും
കുഴലൊത്തതിരമ്യമായ് പാടിടുവോർകളും
സംഘമായ് പല പാട്ടുകൾ പാടിയാനന്ദിപ്പവരുമാ–
ചിന്നിടും മുത്തുകളൊന്നായ് കോർത്തിടുവോരും
കൊങ്കത്തടങ്ങളിലാ ചെം ചന്ദനം പൂശിടുവോരും
മണമോലും തൈലമാ മുടിയിഴകളിൽപ്പൂശി
നൽ ചെങ്ങഴിനീർപ്പുമാല കെട്ടിടുവോർകളും
പൊൻ ചട്ടയ്ക്കുള്ളിലിരിപ്പതാം നൽകണ്ണാടി–
നോക്കിയാനന്ദിപ്പവരുമൊപ്പമായ് ചേർന്നിതു–
പലകേളികളിലുമമരാധിപനാമിന്ദ്രനെപ്പോൽ.
കുരുന്തും മുല്ലയും നൽ മലരണിച്ചെരുന്തിയും
കുരുവിളക്കൂട്ടവും ചേരുമുദ്യാനമതിങ്കലായ്
കുറുങ്കാൽ കീരിയും നീൾ ചെവിയൻ മുയലു–
മോടിടും മാനുമതുപോലാടും വരികയെ–
ന്നോതി ദേവിയൊത്താ ചെം കൈകൾ കാട്ടി
കളിച്ചിതവിടെയൊക്കെവേയരചനുമയ്യമ്പനും.
തെന്നിളം കാറ്റുമിളം വേനലു യന്ത്രക്കിണറും
കൃതിമക്കുന്നും പതിച്ചിടു മരുവിയും മലർ
വിതാനിച്ചൊരാപ്പന്തലും പൊയ്കയും കൂപവും
ഒളിയിടങ്ങളും പളുങ്കറകളും ചുറ്റിയുമരചൻ–
കേളി ചെയ്താൻ വാടിയിൽ സോല്ലാസമായ്!
മഗധയിൽപ്പിറന്നൊരാനൈഞരും മാരാഷ്ട്ര–
ക്കമ്മരുമവന്തിക്കൊല്ലരും യവനത്തച്ചരും
തമിഴ് വിനൈഞരുമതിരമ്യമായ് തീർത്തതാം
പവിഴക്കൽ തൂൺകളാലൊളി വിതറിടുമാ–
പൊൻ മേലാപ്പു ചേരും മണ്ഡപമതിങ്കലായ്
ഇന്ദ്ര തുല്യനരചൻ ചെന്നേറിടുമ്പോൾ;
ദ്വാരപാലകരെതിരേറ്റുപചാരമായോതിയേവം
''അമിതമാം മണ്ണിലാശയാൽ മനമതു പതറിയും
വഞ്ചിയിൽപ്പാർത്തതി രമ്യമാം വഞ്ചിമാല ചൂടിയും
മുറം ചെവിയാനയും തേരും കുതിരയും വീരരും
വമ്പിയന്നൊരാ ചേര പാണ്ഡ്യരച കേതനങ്ങളേ
പെരും വേലണിക്കൈയാലേറ്റിയോരരചനാം–
മാവൺകിള്ളി വാഴ്ക നീ കൽപ്പാന്തമൊഴിയട്ടെ
നിന്നരികളെങ്ങൾ നാഥനാം നീ വാഴ്കരചനേ!
ആനത്തീയാലേറെ വലഞ്ഞാർത്തയാം–
മങ്കയൊരുവളാ തടവറയ്ക്കുള്ളിലേറി
വാഴ്ത്തിയങ്ങയെയൂട്ടി പലരെയുമൊരു
പാത്രമതിനാലേറെ നാളായെന്നറിക നീ.
വാഴ്ക! നീയേറെ യുഗങ്ങളായ് വാഴ്ക!
എന്നവളെങ്ങൾ നാഥനെ വാഴ്ത്തിനാൾ!
എങ്കിലവൾ വരട്ടെയെൻ മുന്നിലെന്ന–
രചാജ്ഞയെ കേട്ടാ ദ്വാരപാലരാനയി–
ച്ചീടിനാനവളെയാ സന്നിധിയിങ്കലായ്!
വീരക്കഴലണിഞ്ഞോരരചനേ ചൊരിക–
കാരുണ്യമെങ്ങളിലെന്നായ തപസ്വിനി.
ആരു നീയമലേ! കൊടും തപസ്വിനീ!
ഏകിയതാരീ പാത്രമിതതി വിസ്മയം!
മലർമാല്യമണിഞ്ഞോരരചനേ വാഴ്ക.
മനോജ്ഞമാമീ പുരാ നഗരി തന്നിലായ്
പ്രച്ഛന്നയായലയുമൊരു വിദ്യാധരി ഞാൻ!
വാഴ്ക നീയരചനേ നീണാളെങ്ങളെ!
ഇളയതു സമൃദ്ധമായിടട്ടെ മാരിയാൽ
ദേവദത്തമാമമൃതസുരഭിയിതെന്നറിക നീ
കൊടും പശി പോക്കിടുമോടിതെപ്പൊഴും!
ഇംഗിതമെന്തനി വേണ്ടു ഞാനെന്നായാ–
നരചനവളതിനുപചാരമായ് ചൊല്ലിയേവം.
തടവറകളതു ധാർമശാലയായ് മാറ്റുകെന്ന
തരചകുല ധർമമാകണം വിഭോ! വാഴ്ക നീ!
അതു പൊഴുതിലരചനാ ബന്ധനസ്ഥരെ വിട്ടാ–
താപസർ വാണിടുമൊരു ജ്ഞാനശാലയായ്
മാറ്റുകീ തടവറയെന്നനുജ്ഞ ചെയ്തീടിനാൻ!
കുറിപ്പ്: ഏറ്റലും ഇടുതലും –വാങ്ങലും കൊടുക്കലും
കാവലർ –കാവൽക്കാർ
നെടിയോൻ – വിഷ്ണു
സാദം – ക്ഷീണം
നൈഞർ – രത്നപ്പണിക്കാർ
കമ്മർ – കമ്മാളർ
തമിഴ് വിനൈഞർ – തമിഴ്നാട്ടിലെ കരകൗശലപ്പണിക്കാർ
കേതനം – കൊടി
ഓട് – അക്ഷയപാത്രം
യാഴ് – ഒരു തരം വീണ
കുരവൈക്കൂത്ത് – രാസക്രീഡ
കുറിയോൻ – വാമനൻ
ബലിവംശം -മഹാബലിയുടെ വംശം
വിശദീകരണം: മണിമേഖലയെ തനിച്ചാക്കി താനെങ്ങും പോവുകയില്ലെന്ന് ഉദയകുമാരൻ ശഠിച്ചപ്പോൾ; നിന്റെ ശപഥം വെറുതെയാണെന്നും അത് ഫലിക്കാൻ പോകുന്നില്ലെന്നും ചമ്പാപതി പറഞ്ഞു. മണിമേഖലാ ദൈവം പണ്ട് ഇതേ കാര്യം പറഞ്ഞത് അപ്പോൾ രാജാവ് ഓർത്തു. ഏതായാലും മണിമേഖലയുടെ യാഥാർഥ്യം അറിഞ്ഞേതീരൂ എന്ന് രാജകുമാരൻ ഉറപ്പിച്ചു. മണിമേഖലയാകട്ടെ നാട്ടിലേവരുടെയും വിശപ്പാറ്റുകയും കാരാഗൃഹത്തിൽ ചെന്ന് മധുരമൊഴിയാൽ അവരെ സമാധാനിപ്പിക്കുകയും യഥേഷ്ടം ഭക്ഷണം നൽകുകയും ചെയ്തു. കാരാഗൃഹം സൂക്ഷിപ്പുകാർ ഇതു മനസ്സിലാക്കുകയും പ്രസ്തുത വിവരം രാജാവിനെ അറിയിക്കാൻ തീരുമാനിക്കുകയും ചെയ്തു. രാജസന്നിധിയിൽ ചെന്ന് അവർ പറഞ്ഞു: ''ഒരു സ്ത്രീ അത്ഭുതകരമായ ഒരു പാത്രവുമെടുത്ത് ജയിലിലെത്തി എല്ലാവർക്കും നല്ല ആഹാരം നൽകി വിശപ്പു ശമിപ്പിക്കുന്നുണ്ട്. ആ വിവരം തിരുമനസ്സറിയിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്.'' അതു കേട്ട രാജാവ് ആ സ്ത്രീയെ ഉടനെ ഇവിടെ വരുത്തുകയെന്ന് നിർദേശിച്ചു. രാജസന്നിധിയിലെത്തിയ അവൾ രാജാവിനെ തൊഴുത് വാഴ്ത്തി. നിങ്ങൾ ആരാണെന്നും, ഈ പാത്രം ഏതാണെന്നും ചോദിച്ചപ്പോൾ; ഞാനൊരു വിദ്യാധര സ്ത്രീയാണെന്നും നഗരത്തിൽ വേഷപ്രച്ഛന്നയായി അലയുകയാണെന്നും ഈ പാത്രം ഉലകവറവിയിലെ ദൈവം തന്നതാണെന്നും കഠിനമായ വിശപ്പുരോഗം മാറ്റാൻ പ്രാപ്തമാണിതെന്നും അവൾ വ്യക്തമാക്കി. അപ്പോൾ രാജാവ് ഞാനിനിയെന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ''തടവറയെ ധർമശീലന്മാർ വാഴുന്ന ജ്ഞാനശാലയാക്കി മാറ്റുക'' എന്നതാണ് രാജധർമമെന്ന് അവൾ പ്രതിവചിച്ചു. അപ്പോൾ രാജാവ് കാരാഗൃഹത്തെ ധർമശാലയാക്കി മാറ്റാനുള്ള നിർദേശം നൽകി.
21
ഉദയകുമാരനെ വാളാൽ വെട്ടിയ കഥ
ധർമനികേതനങ്ങളായ് മാറിയാപുരിയിൽ
നരക ദുഃഖമേകുന്നൊരാ തടവറയതെല്ലാം...
പോയ പിറവി തൻ ധർമത്താലാ പാപികൾ–
സുകൃതികളായതി ശോഭനമായ് വാഴ് വതും.
സത്യജ്ഞനാ ബുദ്ധദേവനുടെ കോവില–
തെല്ലാം ധർമശാലയായ് മാറിയെന്നതുമല്ലാ–
സുഭിക്ഷമായ് തീർന്നിതാ ഭോജനശാലയും
മലർക്കൊടിയാമവളരച സന്നിധേ ചെന്നതും
തടവറയതു പർണശാലയായ് മാറിവന്നതും
സുഭഗയവൾ തൻ സംയമത്തെ കരുതിയു–
മറിവോർ മതമതു ഗണിയാതരച ഹിത–
മതു നിനയാതേറി രഥമതിലുദയകുമാരൻ
ഹരിക്കുമവളെ ഞാൻ ബലാലെന്നതു–
മറിഞ്ഞിടും വിദ്യസകലതുമതു നിശ്ചയം.
തേനൂറിടും മാല്യമണിഞ്ഞൊരുദയകുമാര–
നണഞ്ഞിതതി ജവേന കോവിലിലൊപ്പമാ–
കാഞ്ചനനുമെത്തിനാനവിടെയാർത്തനായ്!
എവിടെയെൻ പ്രിയ! ഈരാറു വർഷമതു–
തീർന്നു പോയ്! മുനിശാപമതുമൊഴിഞ്ഞിതു!
വന്നതില്ലവളാ കായചണ്ഡികതന്നെയുമെന്നോ–
ർത്തുരു പീഡയൊടണഞ്ഞിതവിടെയാ കാഞ്ചനൻ!
ഭൂതചതുഷ്കവുമതുപോലാ പൂമലർച്ചോലയും
പർണശാലയുമനവദ്യമായിടുന്നൊരാ കോവിലും
അലഞ്ഞിതെവിടെയുമൊടുവിലവനണഞ്ഞാന–
മലയാം കായചണ്ഡികാ രൂപിണി തന്നരികിലായ്.
പാത്രമിതൊന്നെങ്കിലുമൂട്ടിടുന്നിതു പലരെയും
ആനത്തീ തീർപ്പതിനാദിതേയരിതേകിയോ?
പ്രിയമായവനോതിടും വചസ്സുകളസഹനീയ–
മായവളണത്തിതാ കുമാരനുടെയരികിലായ്!
വൃദ്ധയാമൊരുവളെ കാട്ടിയാ വെൺമുടിയു–
ചുളിഞ്ഞൊരാത്തൊലിയുമതി വികലമാം
നെറ്റിയുമിരാൽ മീൻ പോൽ പിരിഞ്ഞൊരാ–
പുരികവും പഴുപ്പുറ്റൊരാ കൺകളും നീരൊലി–
നിലയ്ക്കാ നാസികയുമിളകിടും ദന്തവും ദുർ–
ഗന്ധമോലും വായും തൂങ്ങിടും കാതും പാക്കു–
പോലാടും മുലകളുമൊപ്പമാ തോൾകളും നേർ–
ത്തിടും വിരൽകളുമുണങ്ങിടുമൂരുക്കളുമെല്ലു–
ന്തിടും കാലും വരണ്ടൊരാ പാദവും കാൺക നീ.
മാംസഗന്ധമുതിരുമുടലിതു മലരാൽ മറച്ചതി
വിസ്തരമായ് ചന്ദനം പൂശി നൽ ഭൂഷയാൽ
തീർത്തതാം ചതിയിതറിക നീയരച കുമാരകാ!
മൃൺമയമാം മേനിയിതോർക്കരചനേ ക്ഷണാ–
ലറ്റിടും ശ്രീയതൊക്കവേ രുജയിതേക സത്യമാം!
തത്ത്വോക്തികളേവം കേട്ടൊരാ കാഞ്ചനനേറെ–
യസഹിഷ്ണുവായക്കോവിലിലൊരഹി പുറ്റിലെന്ന–
പോലൊളിച്ചിതസിയേന്തിടുന്നൊരാ കാമുകൻ!
കാമുകനിവനവൾക്കതവിതർക്കിതമാമെന്നാലിനി–
വരില്ലിവൾ തിരികെയെന്നേറെയാർത്തനായവനും!
ഉള്ളിലാശയൊടവൾ തൻ വചനമതു കേട്ടാ കുമാരനും
കാപ്പണിക്കൈയാളവളന്യനാമവനോടൊത്തു പോയിടി–
ല്ലിടയാമത്തിലെന്നനുമാനിച്ചതി മോഹിതനായൂരിലേവരു–
മുറങ്ങും നിശീഥത്തിലാനയ്ക്കായൊരു പുലിയെന്ന പോല–
കൊട്ടാരം വിട്ടവനെത്തീയവൾ പാർത്തിടും കോവിലിൽ!
പുറ്റിലൊരഹി പോൽ കളഭ ഗന്ധത്തൊടേറിയാക്കോവിലിൽ!
അതു പൊഴുതിലാ കാഞ്ചനനതി കോപിയാമഹി തുല്യനായ–
കുമാരനെ വെട്ടിവീഴ്ത്താനാനതി ദാരുണാൽ ക്ഷണാൽ!
പോയിടാമിനി പ്രിയയൊത്തെന്നവനവളരികി–
ലെത്തിടുമ്പോളച്ചിത്രപ്പാവയോതിനാളേവമായ്!
അരുതരുതു ഗന്ധർവ! പോകരുതവൾ തന്നരികി–
ലതു കാമനിയല്ലവളാ മണിമേഖലയെന്നറിക നീ!
ആനത്തീയണഞ്ഞവളാ ഗന്ധർവ കന്യയാളേക–
യായാകാശചാരിയായ് പോയിടുമ്പോളാ വിന്ധ്യ–
മലയിൽ വാഴും വിന്ധ്യാഘടികയെന്നവളാ നിഴൽ
വിഴുങ്ങുവോളുദരത്തിങ്കലാക്കിനാവൾ തന്നെയും!
ഏതായാലും മൃതിപ്പെട്ടാനകുമാരനിതു കാഞ്ചനാ
കർമഫലമതെന്നോർത്തിടാമെങ്കിലുമന്യായമായ്
ചെയ്തൊരാ ദുഷ്കൃതി തൻ ഫലമതു തുടർന്നിടു–
മനവരതമായ് നിന്നെയെന്നാ പാവയുമോതിനാൻ
അതു കേട്ടേറെ വിഷണ്ണനായെഴുന്നേറ്റപരാധിയാ–
മവൻ പോയിനാനംബര മാർഗത്തിങ്കലൂടെയായ്.
വിശദീകരണം: രാജാവിന്റെ നിർദേശമനുസരിച്ച് തടവറകളെല്ലാം ധർമനികേതനങ്ങളായി മാറി. പാപികൾ സുകൃതികളായി. ഭക്ഷണശാലകൾ സുഭിക്ഷങ്ങളായി. കോവിലുകൾ ധർമപ്രബോധന കേന്ദ്രങ്ങളായി. ഈ മാറ്റങ്ങളെ കുറിച്ച് ഗ്രഹിച്ച ഉദയകുമാരൻ ജ്ഞാനികൾ എന്തു തന്നെ കരുതിയാലും അവളെ ബലാൽ കൊണ്ടുവരണമെന്നും വിദ്യകൾ സകലതും ഗ്രഹിക്കണമെന്നും നിനച്ച് രഥത്തിൽ പുറപ്പെട്ടു. അയാളോടൊപ്പം പന്ത്രണ്ടു വർഷം കഴിഞ്ഞിട്ടും തിരിച്ചെത്താത്ത കായചണ്ഡികയെയും അന്വേഷിച്ച് കാഞ്ചനനും കോവിലിലെത്തി. കായചണ്ഡികാ വേഷമണിഞ്ഞ മണിമേഖല തന്റെ ഭാര്യയാണെന്നു തെറ്റിദ്ധരിച്ച് അവളെ സമീപിച്ച് പരിഭവം പറഞ്ഞു. മണിമേഖലയാകട്ടെ അതിൽ അതൃപ്തയായി ഉദയകുമാരനെ സമീപിച്ചു. ഉദയകുമാരനോട് ജീവിതത്തിന്റെയും ഐശ്വര്യത്തിന്റെയും നിരർഥകതയെക്കുറിച്ചും ക്ഷണികതയെക്കുറിച്ചും അവൾ സംസാരിച്ചു. തന്റെ വാക്കുകൾ കേൾക്കാതെ കുമാരനോട് സല്ലപിക്കുന്ന കായചണ്ഡികയെക്കണ്ട് കോപാകുലനായ കാഞ്ചനൻ ഉഗ്രവിഷമുള്ള പാമ്പ് പുറ്റിലെന്നപോലെ കോവിലിനകത്ത് ഒളിച്ചിരുന്നു. മണിമേഖലയിൽ വർധിച്ച ആശയോടുകൂടി ഉദയകുമാരൻ പാതിരാത്രിയിൽ അവളെ ബലാൽ കൊണ്ടുവരുന്നതിനായി അമ്പലത്തിലേക്കു ചെന്നു. തന്റെ ഭാര്യയെ അപഹരിക്കുന്നതിനായി കുമാരൻ വന്നിരിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് കാഞ്ചനൻ കുമാരനെ പിന്നിൽനിന്ന് വെട്ടിവീഴ്ത്തി. അപ്പോൾ സ്തംഭദേവത പ്രത്യക്ഷപ്പെട്ട് യാഥാർഥ്യം ബോധ്യപ്പെടുത്തുകയും കായചണ്ഡിക വിശപ്പു രോഗം മാറി ആകാശമാർഗം വിന്ധ്യ മലയുടെ മുകൾഭാഗത്തുകൂടെ പോകുമ്പോൾ നിഴൽഭക്ഷകയായ വിന്ധ്യാഘടകയുടെ ഉദരത്തിൽ അകപ്പെട്ട കഥ പറഞ്ഞുകൊടുക്കുകയും ചെയ്തു. മാത്രമല്ല കർമഫലംകൊണ്ടാണ് ഉദയകുമാരന് ദാരുണാന്ത്യംഉണ്ടായതെങ്കിലും പാപകർമത്തിന്റെ ഫലം ജീവിതാന്ത്യംവരെ അനുഭവിേക്കണ്ടിവരുമെന്നും ബോധ്യപ്പെടുത്തി. അതു കേട്ട് ദുഃഖിതനായ കാഞ്ചനൻ ആകാശമാർഗത്തിലൂടെ കടന്നുപോയി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.