7- ചക്രവാളക്കോട്ടത്തിന്റെ കഥ
സന്ധ്യയൊഴിഞ്ഞു; വളർചന്ദ്രനുദിച്ചു.
വമ്പുറ്റോർ തൻ ദോഷമതു ക്ഷണാ-
ലെന്നതുപോൽ തെളിഞ്ഞു കളങ്കവും
വെള്ളിക്കുട മതിങ്കലായ് പാലെന്നപോൽ-
പനിമതി കിരണങ്ങൾ ചൊരിഞ്ഞു ചുറ്റും.
അതു പൊഴുതില മധു തൂകിടുമുപവന-
ത്തിങ്കലംഗനാ രൂപമാർന്നൊരാ മിന്നൽ
പോലിന്ദ്രധനുസ്സിന്നൊളി ചിതറിയാഗത-
യായ തിരുമേനിയാർന്ന ദൈവം.
ധർമദേവനുടെ പാദപീഠമതു വണങ്ങി
പുരവാസിനീ രൂപം പൂണ്ടൊരാ ദേവി
സുധാമതി തൻ മുഖമതു നോക്കിയൻപി-
യന്നതാം വാണിയിലാരാഞ്ഞു ക്ഷേമവും.
ചൊല്ലിയവളാ കുമാരനുടെയിംഗിതമതു
നിശ്ചിതമെന്നുറച്ചൊരാ ദേവിയും,
താപസർ പാർത്തിടുമുപവനമിതതിനാല-
ലൗകികർ തിങ്ങിടും വീഥിയിൽ കണ്ടിടാം.
ചെറു തെരുവുകൾ വിട്ടകലെയായ് നഗരി
തൻ പശ്ചിമ ദിശിയിലാ മുനികൾ തങ്ങിടും
ചക്രവാളക്കോട്ടമതു പൂകിയാലേർപ്പെടില്ല
വ്യഥയും രജനിയും പോക്കിടാമെന്നൊരാ
മധുമൊഴിയാൽ സാന്ത്വനമേകി ദൈവതം
വഞ്ചകനാമവിദ്യാധരനും മാരുത വേഗനുമീ-
നിങ്ങളു മൊഴിയെയാരും ചുടുകാടെന്നിയേ-
പുരിയതിനു മറുപേരുരച്ചിടില്ലൊരിക്കലും.
പൊരുളിതെന്തു പുണ്യശാലികളാം നിങ്ങളൾ
ചക്രവാളക്കോട്ടമെന്നു വിളിച്ചിടാനെന്നവൾ
സുധാമതിയാരാഞ്ഞതി കാംക്ഷയാലപ്പോൾ.
കേൾക്കണമതിൻ പൊരുളവൾക്കൊപ്പമായ്
ഏതിരുൾ യാമം വരികിലുമെന്നായ ദൈവതം.
അരികളിലതി ഭീതി പരത്തിടുന്നൊരാ
പിണമെരിക്കും വളർ കാഷ്ടമടുക്കിയ
ചുടുകാടീയുപവനത്തിന്നരികെയായിടും.
ചിേത്രാപമമൊരു വിമാനമദ്യോവിലായ്
നിന്നിടുമ്പോൽ കൊടികൾ ചേർന്നിടും
ദേവരകം പൂകിടുമതി രമ്യമാം വാതിലും
നെല്ലു കരിമ്പു ജലമുദ്യാനമാദി വരച്ചൊരാ
ചാരു വാതായനങ്ങളും, വെണ്മ പൂണ്ടുള്ള
മാളിക തന്നിലാ ചിത്ര ശൂന്യമാം വാതിലും
ചെഞ്ചോര വായു മതി ക്രൂരമാം നോട്ടവും
പരബന്ധനം ചെയ്തതാരാപാശവും
കൈയിലേന്തിടും ശൂലവും ചേർന്നതാം
ഭൂതമിണങ്ങിടും വെണ്മ തിങ്ങുന്ന വാതിലും
വാതായനങ്ങൾ നാലുമായ് ചുറ്റിലും
കാവലാൾ ചേർന്നിടും മതിലുമായ്
പിശാചുലാത്തിടും ദിക്കിലായുലയാ-
ത്തമനമൊടുയിർ വെടിഞ്ഞവർ തൻ
തലകൾ ചേർന്നിടും തരുശാഖകൾ
ചൂഴ്ന്ന പെരും ബലിപീഠമുയർന്ന മുറ്റവും
പെരുതാം വനദുർഗതൻ കോവിലും
തപസ്വികളരചർ സതികളിവർക്കായ്
കാട്ടി ചതുർവർണഭേദമനൽപമായ്.
പരേതരെ സംസ്കരിച്ചിടത്തിലായ്
സുജനങ്ങൾ തീർത്തൊരാ കുടീരവും
പെരും ദുർഗയ്ക്കൊത്ത ബലിപീഠവും
കൽത്തിണ്ണയും; നാൽവഴിക്കവലയും
കൈയിലൂൺ പാത്രവും കോലുമായ്
കാവൽക്കാരുണ്ടുറങ്ങിടും കുടിലും
ധൂമമാം പതാകയുമഗ്നി തോരണവും
ചേർന്നതാമെങ്ങും പരന്ന പന്തലും
ചുടുവോരിടുവോർ കുഴിയതിലിടുവോർ
നിമ്നതലങ്ങളിലടച്ചിടുവോരും പെരും
മൺകലമതിലായ് മൂടിടുവോരും
പകലിരവവിടെ തങ്ങാ കലപില കൂട്ടും
വരുവോർ പോവോർ; ഭീതിദമാകും
നെയ്തൽപ്പറയുടെയൊലിയും താപസ-
മൃതിയിലെഴുമൊരു മന്ത്ര സ്തുതിയുമീ.
ലൗകിക മൃതിയുടെയലമുറയൊലിയും
ഓരിയിടുന്നൊരു കുറുനരിയൊപ്പം
മൃതരെ വിളിക്കുമുലൂക ധ്വനിയും
ആമിഷ ഭോജി കുരാലിന്നൊലിയും
തലച്ചോറുണ്ണും ആണ്ടലൈ കുരലും
തെളിനീരൊഴുകും കടലിന്നൊലിയും
പൊറുതി കെടുത്തി ജീവിതമെങ്ങും
താന്നിയുമൊടു വാകയുമുയർന്നു
കാന്റയും ചൂരയും കള്ളിയും നിറഞ്ഞും
പശിയേറിടും പിശാചുക്കൾ പാർത്തിടും
വാകമരംനിൽപതാം പൊതുസ്ഥലിയു
മാംസത്തൊടു ചുടുനിണം കുടിച്ചു
തോഷിച്ചിടും പറവകൾ പാർത്തിടും
വിളാമരം വളർന്നതാം വെളിയിടവുമീ
കാപാലികരഴിയാമനമൊടരി വെയ്ക്കാ-
നെരിതീയേകിടുമാ വന്നിമരം നിൽപോ-
രിടവും; തപസ്വികളുടഞ്ഞ ശിരസ്സാൽ
ഹാരം കോർത്തിടുമിലന്ത മരം നിൽപോ-
രിടവും; ശവമതുതിൻപോർ നിണമെഴും
കലത്തിൽ വിരുന്നൂട്ടിടുമാ വെളിയിടവും
തീയിട്ട പാനയും പുഴൽ നിറച്ച കിണ്ണവും
ശവമഞ്ചവുമകത്തുള്ളോരുറിയും
ഉടഞ്ഞ കുടങ്ങളും പൊട്ടിയ മാല്യങ്ങളും
നെല്ലും പൊരിയും ചെറു ബലിയരിയും
വിതറിയൊരാ പാഴ്നിലന്തന്നതിൽ
താപസർ, വിത്തേശർ, ചപലരാം-
ബാലകർ പേറടുത്തൊരാ സ്ത്രീകൾ
മുതിർന്നോരിളയോരെന്നു നിനച്ചിടാതെ
കാലപാശം മുറുകി ജീവനറ്റഗ്നിവാ
തുറന്നാഹരിച്ചിടുമ്പൊഴും മധു നുകർ-
ന്നുന്മത്ത നൃത്തമാടിയധർമിളായ്
വാഴ് വോരതി ബോധശൂന്യരാം.
പുറങ്കാടതു പത്തനമെന്നു നണ്ണി-
യേകനായ്പ്പോയൊരാ ശാർങ്കലൻ
അസ്ഥിമാംസരക്താദി മേനിയായിടു-
മെന്നറികതിൻ പ്രിയരെന്നോതി.
കൃമികൾ നിറഞ്ഞാമിഷ പിണ്ഡമാം
മേനിയിൽ ചെഞ്ചാറു പൂശിയൊരാ
കാലുകളകത്താക്കിയോരിടുന്നൊരാ
കുറുനരികളെ കണ്ടിടാമവിടെയായ്,
നഗ്നമാം നിതംബമിതാർത്തിയൊടു
കൊത്തിടും കഴുകനുടെയൊച്ചയും
വളയണിക്കൈകളരിശമൊടകത്താ-
ക്കിടും തീനായ്ക്കൾ തൻ മുരൾച്ചയും
പന്തണിമുല കവർന്നിടുമാ പശിയേറും
പരുന്തിൻ പേ പെടുത്തുമൊരൊലിയും
പ്രിയമേറിടും മേനിയൊരു ചാരക്കൂനയായ്
ക്കാണുന്നൊരാ ചുടല ഭൂമിയിൽ നന്നായ്
മുറുക്കിയ മൃദംഗത്തിനൊലിയൊത്തൊ
രംഗനയൊരു പിണശിരസ്സേന്തിയാടിടുന്നു
വിയദമോ കൂന്തലോ കയലോ കണ്ണോ
കുമിഴോ മൂക്കോ ചുണ്ടോ പല്ലോ മുത്തോ
യെന്നീ ഭേദമൊഴിഞ്ഞൊരാ പിശാചലസം
കൺ തൊട്ടുണ്ടുവിലസിടുന്നിതെവിടെയും
കൂത്തിതു കണ്ടു ഭയന്നും; പീഡിതനായും
പെരിയ പിശാചു കവർന്നിതു ജീവൻ
കടവും തറയും മരവും വീടും കോട്ടവു
മെല്ലാം കാത്തിടുവോനേ കേൾക്കകിതു.
അന്ധനെൻ കണവനെന്നു മറിക നീ!
ആശ്രയമായൊരാ സുതനും പോയി!
മുറവിളി കൂട്ടികടവുൾ മുന്നിൽ
മേനിയതൊന്നേ ചേർത്തുപിടിച്ചും:
ഗൗതമിയെന്നൊരു ബ്രാഹ്മണനാരി
ദുഃഖമതൊഴിയാതോതിയ നേരം
പാതിരാത്രിപ്പിശാചുക്കളലയും കതകി-
നടുത്തതിരുജയാലെന്നെ വിളിക്കുവ-
താരിവൾ; എന്തു നിൻ വ്യഥയോതുക-
യെന്നാ ഹേമാഭ പൂണ്ടൊരാ ചമ്പാപതീ.
വാക്യമതു കേട്ടാ തായ ചൊല്ലിയാൾ.
നിരാശ്രയനെൻ സുതൻ നിഷ്കളങ്കൻ
ചുടലപ്പറമ്പേറി വന്നിടുമ്പോളണങ്കോ
പേയോ കവർന്നാനെൻ പ്രിയനുയിർ!
കാൺക! കിടന്നിടുന്നുറങ്ങിടുമ്പോൽ!
അണങ്കും പേയുമുണ്ടിടാ േശ്രഷ്ഠാമാ-
മുയിരൊക്കിലുമെന്നറിക ദൈവമേ
പൂണൂലണിഞ്ഞവനുടെയറിവുകേടൊ-
പ്പമാ കർഫലവുമായിടാീ! പോയിതു
ജീവനും! ഏകമായിതെൻ ജന്മവും!
അരുതു വ്യഥയെന്നരികിലണഞ്ഞാ-
ചമ്പാപതിയാർദ്രമായോതിടുമ്പോൾ
എന്നുയിരെടുത്തവനുയിർ തരിക-
യന്ധനു രക്ഷയായിടുമവനെപ്പൊഴും
മൊഴിയതു കേട്ടളവിലാ വനദേവത-
യാർദ്രയായ് സാദരമേവം ചൊന്നാർ.
പാവനമാം ദേഹി ദേഹം വെടിഞ്ഞാ-
ലുയിർത്തിടും കർമാനുസാരിയായ്
പോയോരുയിർ തിരികെയെടുത്ത-
വ്യഥയകറ്റുകയെളുതല്ലതറിക നീ!
കൊല ധർമമെന്നു നിനച്ചിടുവോര-
സത്യഭാഷിതമെന്നോതിടാമൊക്കെയും.
ലോകപാലകരാമരചർക്കുയിർക്കുയിർ-
നൽകുവോരാരാനുമില്ലെന്നാവതോ?
ഇച്ചുടുകാടതിൽ കണ്ടിടാം കോട്ടങ്ങളേ
റെയാണതിനാലരുതു ക്രൂര ഭാഷിതീ
ഏകിടും നിത്യമയ് വരം ദേവരെന്നല്ലോ
മറകളുരച്ചീടുന്നതതിനാലീ പെരും
ദൈവമങ്ങേകീടുക വരമെനിക്കല്ലായ്കി-
ലിവിടെ വെടിഞ്ഞിടുമെന്നുയിരീക്ഷണം.
കരുണാദ്രമീ വാക്കു കേട്ടൊരാ ദേവത
ആകാശത്താഴിൽ കറങ്ങിടുമാദിതേയ-
ക്കുയിരേകിടാനൊക്കുമെങ്കിലിക്ഷണം
നിന്മകനുയിർ തിരികെയേകിയേനേ!
എങ്കിലെൻ കരുത്തിവ്വിധമെന്നറിക നീ.
നാലായ് പകുത്തോരരൂപ ബ്രഹ്മഗണങ്ങളു–
മീരെട്ടായിടുമാസരൂപ ബ്രഹ്മഗണങ്ങളും
അർക്ക ചന്ദ്രരുമഴകുറ്റൊരാ ദേവരാറു-
ഗണങ്ങളുമസുരരും നരകരും താരക-
ക്കൂട്ടവും നാളും കോളുമൊക്കെയായ്
തന്നിലുൾച്ചേർന്നിടും ചക്രവാളത്തി-
ലാദിതേയരൊക്കെയും സാക്ഷിയായ്
ഗുണവതിയാമിവൾ തൻ വ്യഥയകറ്റുകെ
ന്നാ ചമ്പാപതി വാക്യമൊക്കെയും കേട്ടാ-
യുലകമൊക്കെയും വാണിടും ദേവർ
തന്നനുഗ്രഹാലൊഴിഞ്ഞിതു വ്യഥയും.
പിന്നെയാ ദേഹിപോയ് മറഞ്ഞൊരാ
സുതനെ ചിതയിൽക്കിടത്തിയവളും
ദേവപുരിയതു പൂകി യഥോചിതം.
ചമ്പാപതി തൻ പെരുമ പ്രകടമാം വിധം
ദേവരൊക്കെയുമൊത്തു ചേർന്നതാം
സമുദ്രപരീതമാം മാമല ചേരും ദിക്കി-
ലൊത്ത നടുവിലായ് മേരു പർവതവു-
മതിൻ ചാരെയായേഴു കുല പർവതങ്ങളും
ചതുർവിധമാം ദ്വീപുമതിനെ ചൂഴ്ന്നിടു-
മിരണ്ടായിരം ദ്വീപു മിതരദിക്കുമവ
കാൺവോർക്കറിവുദിക്കുമാറു കാട്ടി
പ്രാണികുലം തങ്ങിടുന്നൊരാ ദിക്കും
മയ നിർമിതമാം ചക്രവാളക്കോട്ടവും
വെളിയിടമാം ചുടുകാട്ടു കോട്ടവും
ചരിതമിതൊക്കെയും പറഞ്ഞാ
ദൈവതമീട്ടമാർന്നിരുട്ടു ചൂഴ്ന്നിടും
പാതിരാത്രിയിലാ സുധാമതിയെയും
വിട്ടാപ്പൂങ്കൊടി തന്നെയുമെടുത്താ
കാശത്തിങ്കലായ് മുപ്പതു യോജന
തെക്കാ സമുദ്രപരീതമാം മണിപല്ലവ
ദ്വീപിലാക്കി മറഞ്ഞിതു ദൈവതം.
● അടിക്കുറിപ്പ്
നെയ്തൽപ്പറ – മരണയാത്രയിലടിക്കുന്ന പറ
ഉലൂകം – മൂങ്ങ
ആമിഷഭോജി – മാംസഭോജി
കുരാൽ – ഒരിനം പക്ഷി
ആണ്ടലൈ – പുരുഷന്റേതു പോലെ തലയുള്ള ഒരിനം പക്ഷി
കാന്റ – ഒരിനം ചെടി
തീനായ് – ശ്മശാനത്തിൽ അലയുന്ന നായ്
താഴി – വലിയ വാവട്ടമുള്ള പാത്രം
● വിശദീകരണം
ചന്ദ്രൻ ഉദിച്ചുയർന്നു. മണിമേഖലാ ദൈവം വീണ്ടും പാദപീഠികയെ വലംവെച്ചു. സുധാമതിയോട് അവിടെയെത്തുവാനുണ്ടായ കാരണം അന്വേഷിച്ചു. ഉദയകുമാരൻ പറഞ്ഞ കാര്യങ്ങൾ അവൾ ദൈവത്തോടു പറഞ്ഞു. ഉദയകുമാരന് മണിമേഖലയോടുള്ള താൽപര്യം കുറഞ്ഞിട്ടില്ലെന്നും ധർമവനമാണെന്നു കരുതി ഇവിടെനിന്ന് പോയതാണെന്നും ഇവിടെനിന്ന് പുറത്തെത്തിയാൽ ബലാൽക്കാരമായി കൊണ്ടുപോകുമെന്നും അതുകൊണ്ട് തപസ്വികൾ പാർക്കുന്ന ചക്രവാളക്കോട്ടത്തിൽപോയി താമസിക്കുക എന്നും ഉപദേശിച്ചു. എല്ലാവരും ചുടുകാട്ടു കോട്ടമെന്നു വിളിക്കുന്ന പ്രദേശത്തെ നിങ്ങളും മാരുത വേഗനും ചക്രവാളക്കോട്ടമെന്ന് വിളിക്കാനുള്ള കാരണമെന്തെന്ന് സുധാമതി ചോദിച്ചു.
ആ കാട്ടിൽ ഒറ്റക്കു സഞ്ചരിച്ച് അപമൃത്യു വരിച്ച ബ്രാഹ്മണ ബാലന്റെയും അവനെ ചുടുകാട്ടിൽ വെടിഞ്ഞ് ജീവത്യാഗംചെയ്ത അമ്മയായ ഗൗതമിയുടെയും കഥ മണിമേഖല വിശദമാക്കി. ചക്രവാളക്കോട്ടം ചുടുകാട്ടുക്കോട്ടം എന്നിവയെക്കുറിച്ചും വിശദീകരിച്ചു. അപ്പോഴേക്കും മണിമേഖലക്ക് സമീപമിരുന്ന സുധാമതി ഉറങ്ങിപ്പായി. അപ്പോൾ ദൈവം മണിമേഖലയെയുംകൊണ്ട് ആകാശത്തിലൂടെ മണിപല്ലവ ദ്വീപിൽ ചെന്ന് അവളെ അവിടെയാക്കി മറഞ്ഞു.
8- ഉറക്കം ഉണർത്തിയ കഥ
മണിമേഖലാ ദൈവമാമണി മേഖലയെ
മണിപല്ലവത്തിങ്കലാക്കി നിഷ്ക്രമിച്ചാൾ.
ഉപവനമതിങ്കലാ പല്ലവാംഗിയെത്തന്നെയും
കണ്ടോരുദയകുമാരനുമാർത്തനായേറ്റവും.
വശഗയായിടും രജനിയൊഴിഞ്ഞിടും നേര-
മവൾ തനിക്കെന്നോർത്ത കുമാരകൻ
മസൃണ തൽപ്പോപരി ശയിച്ചിടുന്നേരമാ-
കമിതാവിന്നരികിലെത്തിയാ ദൈവതം
നീതിയതു ധർമമരചർക്കറിക കുമാരകാ
കൈവിടുകിലതു കാലദോഷമായ് വരും:
പെയ്തിടില്ല മേഘമാകെട്ട കാലത്തി-
ലുയിർകൾക്കുയിരുമനാഥമായിടാം.
ജീവജാലമിതരചനുയിരായിരുന്നിടണ-
മതുതാൻ സത്യമതോർക്ക നീ നിത്യമായ്.
തപസ്വിനിയിവൾ തൻ നേർക്കരുതു
കാമിതമെന്നോതിയാ ദൈവതമവിടെ-
യുപവനമതിൽ ഗാഢനിദ്ര പൂണ്ടൊരാ-
സുധാമതിയെണർത്തിയോതിനാൾ.
അറിക നീ! അരുതു ഭയം നിനക്കംഗനേ!
പുരിയിതിലിേന്ദ്രാത്സവത്തിനായണഞ്ഞതാം
മണിമേഖലാ ദൈവതമിതു ഞാനറിക നീ.
ധർമദേവനുടെ മാർഗമതിലെഥേഷ്ടമായ്
ചരിച്ചിടാമിളം കൊടിയാൾക്കിതെപ്പൊഴു–
മതിനാലകമനീയാംഗിയാം സഖി തന്നെയുമീ
മണിപല്ലവത്തിങ്കലാക്കിനാൻ ചതിപ്പെടില്ലവൾ!
പൂർവജന്മ സ്മൃതിയാലിന്നു തൊട്ടേഴു നാള-
കമീ പെരും പുരിയിലാ തപസ്വനിയെത്തിടും
വിത്ത പ്രതാപമിയന്നൊരീ പത്തനംതന്നില-
വള ദൃശ്യയായീടിലും നിനക്കു ദൃശ്യയായിടാം.
സുഭഗയാമവൾ തിരികെ വന്നിടും ദിനമുണ്ടാ-
മിവിടെപ്പലതുമതിനാലോതുക മാധവിയൊടു
ഞാൻ വന്ന കാര്യവുമതുപോലാ ധർമകാരിണി
ബുദ്ധമാർഗമതിങ്കലായ് ചേർന്ന കാര്യവും.
അറിയുമവളേറെയായെന്നെ മുന്നമേ
കോവലനീയരുമയാം ബാലികക്കെൻ
നാമമേകിയൊരാ സുദിനമതിങ്കലായ്
പാതിരാവിലനംഗാരിയായിടുന്നൊരാ-
സുതയ്ക്കേകി പിറവിയെന്നാ കിനാവി-
ലെന്നപോൽ നേരിലറിയിച്ച കാര്യവും
മാധവിയോടറിയിക്ക നീ യഥോചിത-
മെന്നവളഭ്ര വീഥിയിൽ മറഞ്ഞനന്തരം
ഏറിയ രുജയാലെഴുന്നേറ്റരങ്ങിലാ-
ഗുരുവരരൊപ്പമഭിനയച്ചിടുന്നൊരാ-
നർത്തകീ സമാനയായ് വാദ്യങ്ങ-
ളെല്ലാമുറങ്ങിക്കിടക്കവേ പലതരം
രാഗങ്ങൾ മീട്ടിടും യാഴിന്റെ തന്തി-
യതി ചതുരയാം ലലനകൾക്കൊപ്പ-
മായ് സ്വദിച്ചാ കാപ്പണി കൈകൾ
തന്നംഗുലിയാൽ മീട്ടിയാ തന്വിയാ-
ളകറ്റി തൻ വിരഹമതു തെല്ലിട.
നിർഗുണനാം പതിതൻ പരസ്ത്രീഗമന-
മസഹ്യമായ് ചേലെഴും കണ്ണിണ തുടുത്തും
മധുവചനമതു തള്ളിപ്പിണങ്ങിയുറങ്ങിയും
മെത്തയിൽ കണവനെ ഗാഢം പുണർന്നും
കളിത്തേരുന്തി താന്തരായിടും കിടാങ്ങളെ
ഐമ്പടത്താലി ചേർന്നൊരാ മാറിടം തഴുകി
യുറക്കിയും; ബാധ മാറ്റിടാനായ് മന്ത്രമോതി
ധൂപം ചുഴറ്റിയുമുറങ്ങിടും പോറ്റമ്മമാർ.
മേൽക്കൂരകളിലലസമായ് മേവിടും പ്രാവും
നീർപ്പക്ഷിയുമുരിയാട്ട മൊഴിഞ്ഞ ഖഗവും
മൗനമാർന്നൊരാമദ്ദളത്തിനൊപ്പമായപ്പുരി-
യുറങ്ങിടും പാതിരാവിലാ രാജസ്തുതിക്കൊ-
പ്പമാ വൈതാളികരറിയിച്ചിടുന്നിതു നേരവും.
പൈദാഹമാർന്നോരാനതൻ ചിന്നവും
തേരുരുളും വളർവീഥിയുമിടവഴികളും
ഊരുകാപ്പോർ തൻ തുടിയടിയൊലിയും
അലയടിയൊലിയാൽ മുഖരിതമാമൊരു
തുറയിൽ നാവികർ കള്ളിൻ മത്താലാടി-
പ്പാടി ഗർവൊടുയർത്തും പെരുതാം രവവും.
വേപ്പില കൊണ്ടും കടുകില കൊണ്ടും ധൂമം
തീർത്തതുമതേന്തിയ പെണ്ണാളൊപ്പം.
പുത്രനെപ്പെറ്റോരു നാരിമാരെല്ലാരും
വാപിയിൽച്ചെന്നു കുളിക്കും ശബ്ദം
പോരായിരിക്കുന്ന വീരന്മാരില്ലേലും
പുലി പോലിരിക്കുമാ വീരർ തന്നെ
ഭൂതത്താൻ കവലയിൽ കൊടി പാറും
തേരിലായരചനെഴുനള്ളും നാദമൊപ്പം
ഇടിനാദംപോലുള്ള ബലിദാന ശബ്ദവും
അർഭകരൊത്തുള്ള കേളികളും
ഗർഭവും പുണ്ണുമായ് നൊന്തിടും മങ്കമാർ
തന്നുടെ തുമ്പത്തെ തീർത്തിടാനായ്
മന്ത്രങ്ങൾ ചൊല്ലിയും ഭേഷജമേകിയും
മന്റപ്പിശാചിനെ വാഴ്ത്തും നാദം.
ശബ്ദങ്ങളിത്യേവം കേട്ടുള്ളം കലങ്ങിയ
ചേലെഴും ദന്തങ്ങൾ ചേർന്നൊരാ കന്യയും
ഉപവന കവാടം കടന്നാ ദൈവതം കാട്ടിയ
ചക്രവാളക്കോട്ടത്തിലൊരു വെളിയിടം
തന്നിലേകയായിരുന്നിതധോമുഖിയായ്.
അതുപൊഴുതിലാ മയ നിർമിതമാമൊരു
പാവയവളേറെ ഭയന്നു മയങ്ങിടുമ്പോൽ
ഹിതമായ് ചൊല്ലിയേവം ദേവവാണിയായ്.
തുരഗ സൈന്യാധിപനാം ദുർജയ പത്നീ!
രമ്യമാം പുഷ്പഹാരമണിഞ്ഞൊരാ താര
മരിച്ചിടുമ്പോലാനതൻ മുന്നിൽ മരിച്ചവളേ!
കരാള ചെൺപക പുരിയതിൽ വാണിടും
കൗശിക പുത്രീ! മാരുത വേഗനൊത്തീ-
പുരിയിതിൽ സോദരിയൊപ്പമെത്തിയോളേ
കേൾക്ക! ഇന്നേക്കേഴാം നാൾ ഇരുളേറും
പാതിരാവിലെത്തിടുമിവിടെയാ പൂർവകഥ-
യഖില മറിഞ്ഞവൾ ശ്രീയാളും മണിമേഖല,
കളക ഭയമെന്നൊരാ വചനമതു കേട്ടവൾ
നടുങ്ങിയാ നഗരപാലകർ കണ്ണടച്ചിടുമ്പോൾ
പാവന സ്നിഗ്ധ തൽപത്തിലുറങ്ങീടുന്നൊരാ
ദമ്പതികളുണർന്നും ശംഖധ്വാനമുയർന്നും
വിദ്വത് ജനഭാഷണത്തോടൊപ്പമായാന
ചിന്നം വിളിക്കയും കോഴികൾ കൂവിയും
കുതിരകളാടിയും പക്ഷികൾ ചിലക്കയും
വണ്ടിണ്ട തൻ മുരൾച്ചയും പല്ലവാംഗികൾ
തൻ കൈവളക്കിലുക്കവും പൊങ്ങിയാ-
ദേവ പീഠത്തിലാ ബലികൾ നിലയ്ക്കയും
ഗേഹങ്ങൾ തോറുമായ് വാദ്യം മുഴങ്ങയും
ദാനത്തിനായ്ധനധാന്യാദി നിറകയും
ചെയ്തിടുമൊരു നേരത്തിലാ പുരിയെ
നിദ്രവിട്ടുണർത്തുവതിനായിനനുമുദിച്ചി-
ടുമ്പൊളമ്പേറ്റു തളർന്നൊരാ മയൂഖം
പോലാ സുധാമതി ദീർഘദൂരം നടന്നാ-
വൻ പത്തന വീഥി പൂണ്ടാ മാധവിയോ-
ടോതിനാൻ കഥയുമതി വിസ്തരം.
നന്മണി പോയൊരാ നാഗതുല്യയാം
മാധവി തൻ സുത വാരാഞ്ഞതിലതി
വ്യഥിതയായ്; കദനകഥകളോതിയൊരാ
സുധാമതിയുമുയിരറ്റ പോലായീടിനാൾ
● അടിക്കുറിപ്പ്
രജനി – രാത്രി
ഉയിർകൾക്കുയിർ – ജീവജാലങ്ങളുടെ ജീവൻ
മന്റപ്പിശാച് – പൊതുസ്ഥലത്തുള്ള പിശാച്
ദുർജയൻ – സുധാമതിയുടെ മുൻ ജന്മത്തിലെ ഭർത്താവ്
താര – സുധാമതിയുടെ പൂർവജന്മത്തിലെ മൂത്ത സഹോദരി
കാരാളർ – കർഷകർ
കൗശികൻ – സുധാമതിയുടെ അച്ഛൻ
● വിശദീകരണം
മണപല്ലവ ദ്വീപിൽനിന്ന് പോയ മണിമേഖലാ ദൈവം കാമാതുരനായ ഉദയകുമാരനെ സമീപിച്ച് ധർമോപദേശം നൽകുന്നു. രാജാവ് നീതി തെറ്റി പ്രവർത്തിച്ചാൽ നാട്ടിൽ ദാരിദ്ര്യമുണ്ടാകുമെന്നും അത് സർവനാശത്തിലേക്ക് നയിക്കുമെന്നും അതുകൊണ്ട് മണിമേഖലയിലുള്ള ആശ ഉപേക്ഷിക്കണമെന്നും മുന്നറിയിപ്പു നൽകി. പിന്നീട് സുധാമതിയെ സമീപിച്ച് ഉറക്കമുണർത്തുകയും മണിമേഖല മണിപല്ലവ ദ്വീപിലുണ്ടെന്നും തന്റെ പൂർവകഥയറിഞ്ഞതിനുശേഷം ഏഴാം ദിവസം അവൾ ഇവിടെയെത്തുമെന്നും അറിയിച്ചു. വേഷം മാറിയെത്തുന്ന മണിമേഖലയെ ആരും തിരിച്ചറിയുകയില്ലെന്നും, നിനക്കുമാത്രം തിരിച്ചറിയാൻ പറ്റുമെന്നും ദൈവം അറിയിച്ചു. താൻ ഇവിടെ വന്ന കാര്യവും കോവലൻ തന്റെ മകൾക്ക് കുലദൈവമായ മണിമേഖലയുടെ പേരിടാൻ നിർദേശിച്ച കാര്യവും അന്നു രാത്രി താൻ മാധവിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട കാര്യവും അവളെ ഓർമിപ്പിക്കാൻ സുധാമതിയോടു പറഞ്ഞു.
മണിമേഖലയുടെ വിരഹത്തിൽ ദുഃഖിതയായ സുധാമതി ചക്രവാളക്കോട്ടത്തിൽ ഉലക അറവിയുടെ സമീപത്തു ചെന്നിരുന്നു. അവിടെവെച്ച് സ്തംഭദേവത അവളോട് അവളുടെ പൂർവകഥ പറഞ്ഞു. മണിമേഖല അവർ ഇരുവരുടെയും പൂർവകഥ കേട്ട് ഏഴാം നാളിൽ ഇവിടെ എത്തുമെന്നും അവളെ ഓർത്ത് ദുഃഖിക്കേണ്ടതില്ലെന്നും ദൈവം പറഞ്ഞു. പിറ്റേന്ന് കാലത്ത് അവൾ മാധവിയുടെ അടുത്തെത്തി. നടന്ന കാര്യങ്ങളെല്ലാം മാധവിയോടു പറഞ്ഞു. ഇരുവരും ഏറെ ദുഃഖിതരായി നിശ്ചേതനരായിക്കഴിഞ്ഞു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.