23. തടവിലാക്കപ്പെട്ട കഥ
പകലോനൊപ്പമായ് ഭക്തരനേകമായെത്തിയാ–
ക്കോവിലിൽ സ്തംഭ ദേവതയെ വണങ്ങിടാനൊ–
പ്പമവരറിഞ്ഞാനതിദാരുണമാം കൊലയതും.
ചക്രവാളക്കോട്ടത്തിലായ്മേവുമാ താപസരുമറി–
ഞ്ഞൊക്കെയുമതീവ വിഷണ്ണരായ് കേട്ടിതു കഥ–
യൊക്കെയുമാ പല്ലവാംഗിയോടിതാദ്രരായ്!
സംയമിയാമവളോതിനാൻ നിജസ്ഥിതിയൊക്കവേ!
മൃതനാം കുമാരനൊത്തവളെയുമൊളിപ്പിച്ചവർ
ചെന്നിതാ പെരും കോവിൽ തൻ വാതുക്കലായ്.
കാവലാളെയും കണ്ടവരേറെയവനമ്രരായ് പൂകി–
യരച സന്നിധിയിങ്കലാ ദുരന്തമറിയിപ്പതിന്നായ്!
അങ്ങുയരെയാ വിയത്തിങ്കലായ് വിളങ്ങിടു മിന്ദു–
പോൽ നിഴൽ ചേർത്തിടട്ടങ്ങുതൻ ഛത്രവും!
വേലുമാ കോലുമനുഗ്രഹമേകിടട്ടെ സതതമായ്!
കുളുർമയൊടു വാഴ്ക നീ ധരയിതലലസമായ്!
കാമാർത്തരായ് തരുണികൾ തന്നരികിലുമാ–
താപസികൾ തൻ പിറകിലും ചെന്നാ ദുഷ്–
ചെയ്തിയാലുയിരറ്റവരേറെയാണെപ്പൊഴും!
ക്ഷത്രിയാന്തകനാം പരശുരാമനുടെ മുന്നിലായ്
പെടരുതൊഴിഞ്ഞീടുകയീപുരിതന്നെയുമെന്നാ–
ചമ്പാപതിതന്നാജ്ഞയാലാരു കാത്തിടുമീ പുരി–
യെന്നോർത്തവനു ഗണികയിൽ പിറന്നവനാ
ശൂരനാം കഗന്ധനെ വാഴിച്ചൊരാ കാന്തനും
ദേവർഷിയാമഗസ്ത്യാനുഗ്രഹാലെത്തിടും വീണ്ടു
മതു വരെയ്ക്കായ് കാക്കുകെൻ പുരിയെന്നോതി–
വേഷമതു വേറെയായ് േപായ കാലമതിങ്കലായ്
തെളിനീരൊഴുകുമാ കാവേരിയിൽക്കുളിച്ചെഴുന്ന–
ള്ളുവോളാ മരുതിയെയേകയായ്ക്കണ്ടാ കഗന്ധ–
സുത ''നിവിടെ വാ''യെന്നോതിടുമ്പോളേറെയായ്
ഭീതി പൂണ്ടവൾ ''മാരി പെയ്യിച്ചിടാൻ ശക്തമാണി–
വൾ തൻ പാതിവ്രത്യമെങ്കിലുയരില്ല കാമ മന്യമാം–
ഹൃദയങ്ങളിലാപ്തവചനമതിന്നസത്യമായ്!
അന്യനാമിവനിലുണർന്നു കാമമെങ്കിലന്തണർ തൻ
ത്രിവിധമാമഗ്നി കാക്കുവതിനൊക്കുകില്ലെനിക്കൊട്ടുമേ!
ചെന്നവളതിതാപമാർന്നാ ഭൂത ചതുഷ്കത്തിലായ്.
ചെയ്തതില്ലപരാധമൊട്ടുമെൻ കണവനോടതെങ്കിലും
അന്യമാം മനമേറി ഞാനപഹാര്യമാം പാപിയായ്!
സത്യവതിയാണീ ദേവി ഭൂത ചതുഷ്കത്തിൽ വാഴുവോൾ''
എന്നീ വിധം പുലമ്പിടുമവൾ തൻ മുന്നിലായണഞ്ഞിതാ–
ഭൂതവും ''അംഗനമാർ മൗലിമാലികേ! കേൾക്ക ഞാ–
നോതുവതൊക്കെയും: കണവനെ ദേവനായ് തൊഴു–
തെഴും മങ്കമാർ പെയ്യിച്ചിടും മഴയുമതി സമൃദ്ധമായ്
സത്യജ്ഞ വചനമതു ഗ്രഹിക്ക നീ നിതാന്തമായ്.
വ്യാജോക്തികൾക്കൊപ്പമായ് പരിഹാസോക്തികളു–
മന്യരിൽനിന്നായ് കേട്ടു മിഴാവിന്നൊലിക്കൊപ്പമായു–
ത്സവം കണ്ടാ കണവനൊപ്പമായന്യരാം ദേവരെ തൊഴും
നീയാജ്ഞാപിക്കലാ മേഘമാലകൾ വർഷിച്ചിടില്ല
ഹേ സുഭഗിനീ! മാറ്റുക നിൻ ശീലമതൊക്കെയുമതു–
പൊഴുതിലാ മേഘമൊക്കെയും നന്നായ് വർഷിച്ചിടും!
യഥേച്ഛയാലലയുമംഗനമാർക്കൊപ്പമായ് കെട്ടില്ല നിന്നെ!
ഏഴുനാൾക്കകമാവിടനേറ്റിടും കഗന്ധാസിയറിക നീ!
കൊന്നാനവനെയച്ഛനതിദാരുണമരചർക്കുമരചനേ!
കേട്ടീടുക നീ ധർമദത്തനുമവൻ തൻ മാമനുടെ മകളാ –
യതാക്ഷിയാം വിശാഖയുമപൂർവ സൗന്ദര്യധാമങ്ങള–
വർവരസ്ഥാനീയരൊത്തു പോലവൾ ഗാന്ധർവത്തി
നവനുമായെന്നൂരിലൊക്കെയും ശ്രുതി പരന്നതിലാർ–
ത്തയായവളൊരു പ്രതിമ പോലുലകവറവിയിലെത്തി
''ഉലകരോതിടുമപരാധമതു നീക്കണം ദേവി നീ''യെന്ന
പേക്ഷിച്ചിടുമ്പോളാ പ്രതിമ മാരിപെയ്യിച്ചാടാൻ കെൽപി–
യന്നവളെന്നാ വിശാഖയെ വാഴ്ത്തിടുമ്പോളിരുൾ നീങ്ങി–
ടില്ലയെങ്കിലാ, വരും പിറവിയിൽ വേട്ടിടാം ധർമദത്തനെ–
യെന്നവളാ കന്യാമഠത്തിലായ് പോയിടുമ്പോളാ മാതാ–
പിതാക്കളോടൊത്താ ധർമദത്തനൊഴിഞ്ഞിതാ നഗരിയും!
പോക്കി നീ ദുഃഖമൊക്കെയുമെന്നവർ വാഴ്ത്തിയാ ദേവിയെ
ചേർന്നവരാ വിത്ത പ്രതാപികൾ പാർത്തിടും തെൻ മധുര–
തന്നിലായോർത്തിടില്ലൊരുവളെ വേറെയീ പിറവിയിങ്ക–
ലെന്നവൻ മുഴുകി തൻ വൃത്തിയിലഗാധമായെപ്പൊഴും.
ധനാഢ്യനായരചനിൽനിന്നെട്ടി പദവുമാപ്പൂവും നേടി–
യവനതി സമൃദ്ധിയാർന്നെത്തിയറുപതിൽ!
''പത്നിയില്ലാത്തോരേറെയായ് ധർമതു ചെയ്കിലും
ലഭിയാ സ്വർലോകമവർക്കൊരിക്കലുമെന്നറിക നീ'' –
യെന്നൊരന്തണോക്തി കേട്ടവൻ പൂകിയിന്നഗരിയും!
വാർത്തയതു കേട്ടാ കന്യയാൾ വിശിഖ നാണമെന്നിയേ–
ചെന്നിതവനരികിലായ് ''അറിഞ്ഞതില്ല നാമേറെയായ്
പിന്നിട്ടറുപതങ്ങയും നരകലർന്നേറെയായ്ച്ചുരുങ്ങി–
താരുണ്യവുമാശകളുമെങ്ങോ മറഞ്ഞുപോയ്!
പ്രാപിച്ചിടില്ല നിൻ പാദമീ പിറവിയിലെങ്കിലുമായിടും
നിൻ ദാസി, വരും പിറവിയിങ്കൽ ഞാനതു നിശ്ചയം!
നശ്വരമീ തനുവുമതുപോൽ താരുണ്യവുമർഥവും!
ഏകിടില്ല സ്വർലോകമതു പുത്രരുമെന്നറിക നീ!
ധർമിഷ്ഠനായ് വാഴ്കിലതാലംബമായിടാം.
അതു നേരമവൻ കാട്ടിയാ വൻ പൊരുളൊക്കവേ!
ധർമമതേറെയായ് ചെയ്തവരൊപ്പമായതേറിടും
വിയദമതിങ്കലേ താരക ജാലമതേക്കാട്ടിലും.
കന്യയായ് വയസ്സിതേറെയായപവാദമുക്തയായ്
വള്ളിപ്പടർ വഴിയിലൂടേകയായ് നീങ്ങിടുമവൾ തന്ന–
രികിലായ് കാമിയായ് മരുതി തൻ ജ്യേഷ്ഠനൊരു–
വനെത്തിയാ വാർമുടിയിൽനിന്നാപ്പൂമാലയെ
മോഹാലെടുത്തണിയിക്കാനൊരുങ്ങീടവേ–
കറും കുടുമയിൽനിന്നനങ്ങിയതില്ലാക്കൈകൾ
ഒത്തതില്ലതിനെന്നറിഞ്ഞതിലതി കോപിയായ്
ദുഃഖമേതുമോർത്തിടാതകഗന്ധനവനെ വെട്ടിനാൻ!
വാഴ്ക നീ കൽപാന്തകാലമായെങ്ങൾക്കരചനേ–
യെന്നായ തപസ്വികളിലൊരുവനതൊക്കെയും
കേട്ടതി സന്തുഷ്ടനായിന്നുമുണ്ടോ തിന്മയിതൊ–
ക്കെയുമെന്നതി കാംക്ഷയാൽ കേട്ടതിരചനും!
''തിന്മയറ്റതാകട്ടെയീ ചെങ്കോലെ''ന്നായൊരു–
മുനിവനതിനുത്തരമായ് ധർമതത്ത്വങ്ങള–
''കള്ളു കള്ളം കളവ് കൊല കാമ''മിവയഞ്ചു
മോതി സവിസ്തരമായരചഹിതാനുസാരം!
പോക്കിടില്ല കാമമന്യമാം കുറ്റമൊന്നുമേ!
കാമം വെടികിലറികയില്ലയന്യമാം നാലുമേ!
അവരറികയീലുകിൽ പെരും തപസ്വികൾ!
കാമമൊഴിയാത്തോർ പെട്ടിടും വൻ നരക–
ത്തീയതിലില്ല മോചനവുമൽപർക്കരചനേ!
ചെവ്വരി പടർന്നായതാക്ഷിയാം ചിത്രാവതി–
തൻ സുത മാധവി കാമുകനിറന്തതി രുജ–
പൊറാതെത്തിയാ ധർമശാലയതിങ്കലായ്.
മുറ്റാ മുലയും കിളിമൊഴിയുമാണവൾ തൻ
സുതയാ മണിമേഖല തപസ്വിയായിരന്നൊ–
ടുവിലെത്തിയുലകവറവിയിങ്കലായവിടെ–
യവൾ കായ ചണ്ഡികാ വേഷവുമാർന്നിതു!
തപസ്വിയാണവളെങ്കിലും നിഴൽപോൽ
പിന്തുടർന്നേറെ കാമാർത്തനായിരുളിൽ
കോവിലിലെത്തിനാനുദയ കുമാരനും
മുന്നവിടെ വാണവൾ കായ ചണ്ഡികയതി
നാല കാഞ്ചനനുമവിടെയെത്തിയാദരാൽ!
ജാരനെന്നോർത്താ കുമാരനെയിരുളിൽ
വെട്ടിനാനവനും വിധവശാലരചനേ!
''യുവരാജനോടീ ഞാൻ ചെയ്യേണ്ടതവൻ
ചെയ്കയാല യോഗ്യനായ് വന്നു ഞാനും
അരചനുടെ കാവലിൽ പുലരുന്നു താപസ–
രൊപ്പമംഗനമാരുമീധരയിലെഥേഷ്ടമായ്!
കിടാവുപോയ്പോയോരാധേനുവിൻ തുമ്പ
മേല്ക്കയാലപുത്രനെ നിർദയം തേരിനടി
യിലിട്ട, ധർമചാരിയാം നീതി ചോഴ വംശത്തിൽ
പിറന്നവനീ ദുഷ്ടനെന്നതപമാനമാമതിനലാ–
ക്കീടുകവനെ ചുടുകാട്ടിലുമവളാ ഗണികതൻ–
മകളെ കാരാഗൃഹത്തിങ്കലുമെന്നായേനാദിയും!
കുറിപ്പ്:
ഭൂത ചതുഷ്കം – ഭൂതം നിൽക്കുന്ന കവല
ഏനാദി – ചോഴ സൈന്യാധിപൻ
വിശദീകരണം
കാലത്ത് കോവിലിൽ തൊഴാനെത്തിയവർ ഉദയകുമാരന് ആപത്ത് സംഭവിച്ചതു കണ്ട് പരിഭ്രാന്തരായി ചക്രവാളക്കോട്ടത്തിലെ മുനിമാരെ വിവരമറിയിച്ചു. അവർ മണിമേഖലയോട് കാര്യങ്ങൾ തിരക്കി. അവൾ വിശദമായിത്തന്നെ കാര്യങ്ങൾ പറഞ്ഞു. കുമാരന്റെ മൃതദേഹവും മണിമേഖലയെയും ഒരിടത്ത് ഒളിപ്പിച്ച് അവർ രാജാവിനെ ചെന്നു കണ്ട് വിവരമറിയിച്ചു. കാമത്തീയിൽ ദഹിച്ച് തപസ്വിനിമാരുടെയും പതിവ്രതമാരുടെയും ചാരിത്യ്രം കവർന്നവർ ധാരാളം ഉണ്ടായിട്ടുണ്ടെന്നും ഇന്നും അതു തുടരുന്നുണ്ടെന്നും അവർ പറഞ്ഞു. പണ്ട് കഗന്ധന് വേശ്യയിൽ പിറന്ന ഇളയ മകൻ മരുതി എന്ന ബ്രാഹ്മണ യുവതിയിൽ ആകൃഷ്ടനായി അച്ഛന്റെ വെട്ടേറ്റ് മരിച്ചതും, വിശാഖ എന്ന യുവതിയെ കാമിച്ച മറ്റൊരു മകനെ വെട്ടിക്കൊന്നതുമായ കഥകളും അവർ ഉദാഹരണമായി പറഞ്ഞു. ഇന്നും അതു തുടരുന്നുണ്ടോ എന്ന് രാജാവ് ചോദിച്ചപ്പോൾ ഉദയകുമാരനുണ്ടായ ദുരന്തവും അവർ വിവരിച്ചു. അതു കേട്ട രാജാവിന് ഒരുവിധ ദുഃഖവും തോന്നിയില്ലെന്നു മാത്രമല്ല താൻ നൽകേണ്ട ശിക്ഷയാണ് കാഞ്ചനൻ നൽകിയതെന്ന് പറയുകയും ചെയ്തു. തപസ്വികളെയും പതിവ്രതകളെയും സംരക്ഷിക്കുകയാണ് രാജധർമമെന്നും മകനെ വഴിയിൽ കിടത്തി മുകളിലൂടെ തേരോടിച്ച മനു നീതിചോഴന്റെ വംശത്തിൽ ഇതുപോലൊരു വിടനുണ്ടായത് മറ്റുള്ളവർ അറിയും മുമ്പ് ശരീരം സംസ്കരിക്കാനും മണിമേഖലയെ ബന്ധനസ്ഥയാക്കുകയും ചെയ്യുക എന്ന് ചോഴിക ഏനാദി രാജകൽപന നടത്തി.
24. മോചനം നേടിയ കഥ
പരാജാജ്ഞയാലക്കിഴവിയാം വാസന്തവ
പുത്രവിയോഗാർത്തയാം രാജ്ഞിയെ
സമാശ്വസിപ്പിച്ചിതേറെയായ് സാന്ത്വനോ–
ക്തിയാൽ തുമ്പമകന്നിമ്പമാർന്നിടുമ്പോൽ.
കാതരയാം ദേവിയെ നന്നായ് സ്തുതിച്ചും
വിജയിയായ് പ്രജകളെയരുമയായ് കാത്തും
അരികളെ വെന്നാ നാടു തന്റേതാക്കിയുമീ
ചോഴാധിപനൂഴിവാണരചർക്കരചനായ്!
മുതു കിഴവനായ് മരിപ്പതുമാഹവത്തിലന്യ–
ഖഡ്ഗപാതമേറ്റിഹ ലോകം വെടിവതുമീ–
ചോഴർക്കനഭിമതമാണതിനാലുയർന്നിടു–
ന്നില്ലെൻ നാവീ നാണക്കേടിതോതുവാൻ!
നിൻ മകനിറന്തതു ധരാ പാലനത്താലല്ല
സ്വരാജ്യമതു വിസ്തൃതമാക്കിയതിനാലു–
മല്ലാ, മൃതി ഗണമേതിൽ ചേർത്തോതിടാം!
തുയിരരുതുയിർകളെ പോറ്റുമരചസന്നിധി–
യിലെന്നോതിയ കിഴവി മറഞ്ഞിടുമ്പോൾ
സംയമിയായേറെയാ വ്യഥയൊട്ടടക്കിയും
വഞ്ചിച്ചിടും മണിമേഖലയെയെന്നുറച്ചാ–
കറ്റവാർക്കുഴലിയാളാ മഹാദേവിയൊരു–
ദിനമരചനോടോതിയതി രഹസ്യമായ്!
താപസീ രൂപമതു കണ്ടേറെ മയങ്ങിയാ–
നാടുവാഴാനനർഹനായജ്ഞനാം കുമാരൻ
മൃതനായ് ധർമവിലോപമാർന്നവൻ തന്നെയും!
കാമനും നാണിച്ചിടുമ്പോലലഭ്യമാം യൗവനം
പാഴാക്കിയോളവളാ തരുണി തന്നെയും
തടവറയിലടച്ചതനുചിതമാണരചനേ!
അരചർക്കു സുതർ സുപുത്രരതായിടേണ–
മല്ലായ്കിലവർ വിസ്മൃതരാകണമെളുപ്പമായ്!
മോചനമേകണമവൾക്കതിങ്കൽനിന്നിപ്പൊഴേ
തടുത്തിടില്ലവളെയോടുമായ് ചെൽകിലാരുമേ
പല്ലവാംഗിയവളിരിക്കണമെന്നൊടൊപ്പമായെന്നാ
ദേവിതൻ മൊഴി കേട്ടവളെ മുക്തയാക്കിയരചനും!
''ബോധമെല്ലാ മകറ്റണം കോലമതു മാറ്റണം
ഊരിലുള്ളോർ വെറുക്കണം പ്രഹരമതേല്ക്കണം
ഉന്മാദിനിയായ് മാറണം മരുന്നതിന്നായ് നൽകണം''
നിശ്ചയിച്ചവളിതൊക്കെയും വരുത്തിനാനൊരു–
മൂഢനെ. നൽകി ധനമേറെയായ് ചൊല്ലി ഹിത–
മൊക്കെയുമാ സുത വാത്സല്യാന്ധ മോഹിനി!
''മണിമേഖലതന്നിളം മുലകൾ ചേർന്നിതെൻ
നെഞ്ചൊടതിനായ് ചെയ്തു ഞാനായതെല്ലാ
ചെന്നറിയിക്കണമീ ലോകരെ''യെന്നുമോതിയാ
ദേവി യാത്ര ചൊല്ലിനാനവനൊടതി കാംക്ഷയാൽ!
മൂഢനവൻ ചെന്നാനവളിരുന്നേടത്തക്ഷണീ
ബോധ്യമായവൾക്കാ ദേവിതൻ ചതിയഖിലവും.
രസന തൻബലത്തിനായവളരുവിട്ടൊരു മന്ത്രവും
പൂരുഷവേഷം പൂണ്ടവളിരുന്നൊരു ഭീതിയെന്യേ!
രാജകന്യമാർ പാർക്കുമിടത്തെ തീണ്ടിടില്ല
പൂരുഷരതിക്രൂരയിവളെന്നോർത്തവനെങ്ങോ–
പോയതിൽപിൻ കുമാരനെ കൊല ചെയ്തവൾ–
ക്കരുതു സഫലമാം ജന്മമെന്നാമാദേവിയാൾ
വ്യാജോക്തിയാൽ ഭക്ഷ്യപേയങ്ങൾ വിലക്കിയും
ചുടു മുറിക്കുള്ളിലായടച്ചുമുരു പീഡയേകിനാൾ!
പശിയാറ്റിടും മന്ത്രമറിവോളവളാറ്റിനാൻ സാദ–
മതിനാലാ ദേവി ചകിതയായാർന്നു തുമ്പവും!
''സുതനുടെ വിയോഗാൽ വിവേകമറ്റു പോയ്
പൊറുക്കയെൻ ചതിയൈശ്വര്യ ദേവതേ!
തുമ്പമൊക്കെയൊതുക്കി കാക്കനീയെന്നെയും!''
സാന്ത്വനോക്തികളീവിധം കേട്ട തപസ്വിയാൾ
''നീലപതി തൻ ജഠരത്തിലായ് പിറന്നവനാ
തൂ മലർമല്യമെഴും രാഹുലൻ തന്നുയിരിനെ
വിഷദൃഷ്ടിബാധയേറ്റ നാളിലായ് പോക്കി
ഞാനെന്നുയിരിനെയാ ചിതയിങ്കലായ്!
പൂങ്കൊടി സമാനനേ! ദേവി വിലപിച്ചതെവിടെ–
യിരുന്നന്നുനീയില്ല പൊരുത്തമിതിനൊട്ടുമേ!
വിലാപമതുയിരിനോ തനുവിനോ ചൊൽക നീ!
തനുവിനെങ്കിലതു ചുടുകാട്ടിലെറിഞ്ഞതാർ?
ഉയിരിനെങ്കിലറിഞ്ഞിടായതു ചെല്ലുമിടമൊട്ടുമേ!
അവനുയിരിലൻപിയന്നവളെങ്കിൽ നീ കാട്ടണ–
മൻപഖിലമാമുയിർകളൊടു സതതമായ്!
ചോറ്റുകലമൊപ്പമായ് വീണതന്നാപ്പാചകൻ
നിരാർദ്രമായ് നുറുക്കിയാത്തനുയരച കുമാരനും!
നിമിത്തമായിതപമൃത്യുവിന്നതു നീയറിയണം.
അറിഞ്ഞു പൂർവ ചരിതമിതൊക്കെയും സ്തംഭ–
ദേവതയോതിയും''മെന്നു തെല്ലിട നിർത്തിയവൾ
തുടർന്നു സംയമമാർന്നു കഥയതു പിന്നെയും.
''മറന്നതില്ലയീ പൂർവകഥയൊന്നുമേ നീയേകിയ
മരുന്നിനാലെന്നറിയണം നീ സ്നിഗ്ധരൂപിണീ!
പുരുഷരൂപവുമാണ്ടു ഞാനാ മൂഢനെ ചെറുത്തിടാൻ!
പചിയാറ്റിടുമോടിനാലൊഴിഞ്ഞു നിൻ ചതിയൊക്കവേ!
കരുതിയില്ല ഞാനാകാശയാത്രയുമന്യമാം രൂപവും
ദുഃഖമൊക്കെയകലണം നീ മോഹമുക്തയാകണം
മുൻപിറവിയിലെൻ പതിതൻ തായയാം നീയതിനായ്
കേട്ടീടുകെൻ വചസ്സിതു ധർമസാധകം!
പരിതാപമിയന്നരച വാഴ് വിലേറെയായൊരു തന്വി
തൻ കണവനൊപ്പമായ കുഞ്ഞുമൊഴിഞ്ഞൊരു–
ദിക്കിലായ് പാർത്തീടവേ സുതനവനെയതി രഹസ്യ–
മായ് പോറ്റീടിനാനൊരന്തണൻ സാധുശീലൻ!
തായയെന്നോരാതവനവളെ പുണർന്നതുമതു മേൽ
വിവേകിയായ് തന്നുയിർ വെടിഞ്ഞതു മറിവതോ നീ!
തണ്ണീർ കൊതിച്ചു കാട്ടിലുഴന്നിടുമൊരു മാനിൻ
മുറ്റിടും ഗർഭമിയന്നൊരുദരമതു കീറിടുമ്പോൽ
വേടനൊരമ്പയച്ചീടവേ കിടാവൂർന്നു വീണതിൻ
ചാരത്തണഞ്ഞൊരാ തായ തൻ കണ്ണീർ കണ്ടാ–
വേടനുയിർ വെടിഞ്ഞതറിഞ്ഞതോ നീ!
മദ്യപനൊരുവനാ മദയാനതൻ കൊമ്പിൽ വീഴ് വതു–
മമിതമാം തോഷത്താൽ കാട്ടിടും കേളിയും കണ്ടിതോ?
പൊയ് ചൊൽവതൊരു വേലയായ്ക്കാണുവോർ
കർമഫലമതിങ്കലുഴന്നിടും മുക്തരല്ലൊരിക്കലും!
കളവാം കലപ്പകൊണ്ടുഴുകുവോറേർപ്പെട്ടിടും
തുയിരിന്നാഴമതു ഞാനോതേണ്ടതുണ്ടോ?
പെരിയോരുലകമതിൽ വസിപ്പോരതുമ്പമേകിടും
കാമാദികൾ വെടിയണമതോർക്ക ധർമവും!
നേടിടുമറിവൊന്നുമേ മെയ്യുണർവായിടില്ല
കോപമടക്കിയോർ ജ്ഞാനികളാമെന്നു മറിക നീ!
വറുതിയെഴുന്നോർക്കേകിടുന്നോരീയുലകിൽ
ശരിയായ് വാഴ് വോരല്ലാത്തോർ നികൃഷ്ടരാം!
പശിയാർന്നിടുവോർ തൻ പശിയാറ്റുവോർ
ചെല്ലുലകമറിഞ്ഞവരവരാണെന്നറിക നീ!
തുയിർകളോടൻപു കാട്ടി തുമ്പമറുക്കുവോർ
മെയ്പൊരുളറിഞ്ഞവരാണുലകിലെന്നു മറിക നീ!''
ജ്ഞാനത്തെളിനീരൊഴുക്കി വണ്ടുകളാർത്തിടും
കറ്റവാർക്കുഴലിയാം ദേവിതൻ ചെവിയിലുള്ളം
നീറ്റിടും തുയിരിൻ തീയണയ്ക്കവേ മനം തെളി–
ഞ്ഞേറെ പ്രസന്നയായ് പകയറ്റോളായ് വണങ്ങിടും
ദേവിയെ തടഞ്ഞഭിവാദ്യം ചെയ്തെൻ ''പതിതൻ
മാതാവാണരച പത്നിയുമാണങ്ങതിനാലീ ചെയ്തി–
യനുചിതമാണെ''ന്നോതിയവൾ വീണ്ടും വണങ്ങി
കുറിപ്പ്:
ചെല്ലുലകം –സ്വർഗം
മെയ്പൊരുൾ –പൂർണ ജ്ഞാനം
വിശദീകരണം
രാജാവിന്റെ ആജ്ഞപ്രകാരം വൃദ്ധയായ വാസന്തവ രാജ്ഞിയെ സമാധാനിപ്പിക്കാനായി ചെല്ലുന്നു. അവൾ തിരിച്ചുപോയപ്പോൾ തന്റെ മകന്റെ മരണത്തിനു കാരണക്കാരിയായ മണിമേഖലയെ വഞ്ചിച്ച് കഷ്ടപ്പെടുത്താൻ രാജ്ഞി തീരുമാനിക്കുന്നു. താപസീവേഷം പൂണ്ട മണിമേഖലയെ രാജകുമാരൻ കാമിച്ചത് ശരിയല്ലെന്നും അവൻ രാജാവാകാൻ യോഗ്യനല്ലെന്നും ജ്ഞാനിയായ മണിമേഖലക്ക് കാരാഗൃഹം വിധിച്ചത് ശരിയല്ലെന്നും അവർ രാജാവിനോട് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ രാജാവ് മണിമേഖലയെ മോചിപ്പിച്ചു. തുടർന്ന് മണിമേഖലയെ മരുന്നു കൊടുത്ത് മയക്കാനും മൂഢനായ ഒരുവനെ വിട്ട് ബലാൽക്കാരം ചെയ്യിക്കാനും ശ്രമിച്ചു. തന്റെ മന്ത്രശക്തിയാലും പുരുഷവേഷം ധരിച്ചു മണിമേഖല പ്രതിസന്ധികളെ തരണംചെയ്തു. ഭക്ഷണം നൽകാതെ ഉഷ്ണമുറിക്കുള്ളിലടച്ചപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇതൊക്കെ കണ്ട് അമ്പരന്ന രാജ്ഞിയെ ധർമതത്ത്വങ്ങളോതി മണിമേഖല സമാധാനിപ്പിച്ചു. പൂർവജന്മകഥ പറഞ്ഞ് സമാശ്വസിപ്പിച്ചു. കാമം, കൊല, കള്ള്, അസത്യം, കളവ് എന്നിവ ദുഃഖകാരണമാണെന്നും ഇവയെ അകറ്റണമെന്നും കോപത്തെ ജയിച്ചവരാണ് യഥാർഥ ജ്ഞാനികളെന്നും പറഞ്ഞു. ദരിദ്രർക്ക് അന്നം നൽകുന്നവരാണ് ജീവിക്കുന്നവർ. വിശപ്പു തീർക്കുന്നതാണ് മോക്ഷമാർഗം. വിശ്വേപ്രമം അറിഞ്ഞവരാണ് തത്ത്വജ്ഞാനികൾ എന്നിങ്ങനെ സാരഗർഭമായ കാര്യങ്ങൾ പറഞ്ഞ് രാജ്ഞിയുടെ ദുഃഖമാകുന്ന തീയെ അണച്ചു. അപ്പോൾ റാണി മണിമേഖലയെ തൊഴുതു. മറുപടിയായി നിങ്ങൾ എന്റെ ഭർത്താവിന്റെ അമ്മയും രാജാവിന്റെ പട്ടമഹിഷിയുമാണെന്നും അതുകൊണ്ട് എന്നെ തൊഴുന്നത് ശരിയല്ലെന്നും പറഞ്ഞ് മണിമേഖല നമസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.