27
വഞ്ചി മാനകർ പുക്ക കാതൈ (വഞ്ചി മാനഗരത്തിൽ പോയത്)
വ്യോമമാം മാർഗത്തിലൂടെയായ് ചെന്നാ–
സുഭഗയാളിറങ്ങിയാ വഞ്ചിപുരിയിങ്കലായ്!
തന്നിലിമ്പമെഴുമമ്മയാം കണ്ണകിയേയും---
ദാനശീലനാം പിതാകോവലൻ തന്നെയു–
മാദിതേയരരുമയായ് തീർത്തതാം പ്രതിമയൊട്ടു
വണങ്ങി സ്തുതി ചെയ് വതിനണഞ്ഞാനവളാ–
കോവിലകം തന്നിലാകൂതമോടാനീതയായ്!
വാഴ്ത്തിയവളമ്മതന്നതി വിശിഷ്ടമാം മനോ–
ഗുണത്തെയും മനസ്വിത തന്നെയും ചാരുവായ്!
പാതിവ്രത്യത്തിടമ്പായ് തപോമാർഗമാർന്നിടാ–
തെയുമതിയായുപചാരമതിങ്കലാഴ്ന്നിടാതെയും
ചൊൽക! വാഴ് വതു സാധ്യമാക്കിയതെങ്ങനെ!
പത്തിനിക്കടവുളതിനുത്തരമോതിയതി സത്വരം!
കോപാൽ ചാമ്പലാക്കി ഞാനാ മാനഗരി തന്നെയു–
മന്നാ മധുരാ പുരിക്കധിദേവതയാം മധുരാപതി
പൂർവ ജന്മ ദുഷ്കൃതിയൊക്കെയുമെന്നോതിനാൾ.
ചൊല്ലെഴുമുദ്യാനങ്ങളൊത്തൊരാ കലിങ്ക നാട്ടിലാ
തായ മന്നവർ സിംഹപുരത്തെയുമാ കപിലപുരം
തന്നെയും നൽ വൈരമൊടു വാഴും കാലം
മൂവിരുകാതം നടപ്പോരില്ലാ; ഇടമതിലാരും ചെന്നിടാ–
തതിങ്കലായ് ധനാർത്തിയാൽ വിഭൂഷിതയാം ജായ–
യൊത്താ സിംഹപുരം പൂണ്ടൊരാ രത്ന വണികൻ
സംഗമനെ ചൊല്ലിയോതിനാനകണ്ടവർതന്നെയും
രാജദാസൻ നിൻപതിയാം ഭരതനതിക്രൂരനവനെ
ബലമായവൻ ചാരനെന്നോതിയരച സന്നിധേ വധം
ചെയ്ത പോതിലാ സംഗമ പത്നിയാം നീലിയാർത്ത–
ലച്ചാ മാമലയിലേറി കീഴ്പ്പോട്ടു ചാടിയൊടുക്കി–
തന്നുയിരുമതുപൊഴുതിലവൾ ചൊന്നൊരാ ശാപ–
വചസ്സിൻ ഫലമിതൊക്കെയുമെന്നറിക നീ!
മുൻ പിറവിതൻ കർമഫലമാർക്കൊഴിവാക്കിടാം
സത്യമിതറിവതെങ്കിലും ചുട്ടു ഞാനാ പുരിതന്നെയും!
മുൻ ചെയ്തികൾ തൻ കൃപയാൽ ദേവരുമായിതു!
സൽവൃത്തി തന്നന്ത്യത്തിലുയർന്നതാം കോപത്തിൻ
പാപമൊക്കെയുമൊഴിയാതേൽക്കണം വിധി കല്പിതം!
ഉമ്പർ ലോകത്തിലാ സൽവൃത്തി തൻ ഫലമാക്കവേ
തീർന്നിടും മുറയായ് പിറക്കുമുയിർകളൊക്കെയും
കർമഫലാനുസാരിയായ് പതിച്ചിടും ഭവസാഗരത്തിങ്കലും
ജനിമൃതിയിൽപ്പെട്ടുഴന്നിടും പല കാലമതൂഴിയിൽ!
മുറതെറ്റാതെപ്പൊഴും മാരി വർഷിച്ചിടും മഗധയ്ക്കൊരു
തൊടുകുറിയായ് വിലസിടുന്നൊരാ കപില മാപുരിയിൽ
സംഖ്യയെഴാ ഗുണത്താൽ ചലനമറ്റൊരാ ബുദ്ധനാം
സൂര്യനുദിച്ചരശു മരച്ചോട്ടിലിരുന്നൂനമറ്റതാം സത്യമതു
നാലുമീരാറു നിദാനവുമൊപ്പവസ്ഥ തൻ നാശവുമിതെ–
ന്നോതിയാകാമാദികളുറുത്തു മുക്തനായുലകമഖിലം
ധർമ രശ്മി ചൊരിഞ്ഞിടുമ്പോൾ നിൻ താതനൊത്തു–
ഞാനിന്ദ്ര വിഹാരങ്ങളേഴും വണങ്ങിത്തുമ്പമിയറ്റും
പിറവിയകന്നൻപിയന്നാ ധർമവാണിയൊക്കെയും
കേട്ടു തപസ്വിയായ് നേടിയനശ്വരമാം മുക്തിയും!
എങ്കിലുമേകിടാമുയിർകൾക്കായ് സിദ്ധികളനേകവും!
നീയുമീ പുരാനഗരിയിൽപ്പലതാം തത്ത്വമൊക്കെയും
കേട്ടുൽബോധിതയായ്ചരിക്ക ധർമാർഗമതിങ്കലായ്!
യുവതിയാം നിന്നോടോതിടില്ലൊരു തത്ത്വവുമാരുമേ
കൊൾക നീയന്യമാം രൂപമാ മന്ത്രസിദ്ധിയാലീക്ഷണം.
തായതൻ വചസ്സീവിധം കേട്ടൊരകന്യയാളവികല–
മൊരു താപസവേഷവും പൂണ്ടപ്പൊയ്കയുമുദ്യാനവും
കടന്നറിവുകളേതും തികഞ്ഞോർക്കൊപ്പമായ്
എങ്ങും വിളങ്ങിടും പുറമതിൽ പുറത്താമുപധാന–
മൊത്തൊരാ ചെങ്കുട്ടുവനാം ചെങ്കോൽവേന്തനും
വഞ്ചിയിൽ പോർത്തൊഴിലാളരാ വഞ്ചിപ്പു ശിരസ്സി–
ലായ്ച്ചൂടവേച്ചെന്നിടമെല്ലാം തന്നിടമായ്ക്കരുതും
പെരും കൈയാർന്നതാമാനകൾക്കൊപ്പമായ് തേർ,
തുരഗാദിയും വീരക്കഴൽ വീരരുമൊപ്പമായ് മുഴങ്ങിടും
നേരമാ ഗംഗതൻ കരയിലായ് തങ്ങി വങ്കമേറി–
യണഞ്ഞു ഞാനാ നദിതന്നുത്തര ദിശയിങ്കലായ്!
കനകവിജയാദി തൊട്ടുത്തരൻ, വിചിത്രൻ മുതല്ക്കാ
ര്യരാജരെ ജയിച്ചവർതൻ കിരീടമണിഞ്ഞൊരാ
ശിരസ്സിൽ സ്വർണഖചിതമാമൊരു വാകപ്പൂ ചൂടും
ചേരനും ശസ്ത്രാസ്ത്ര പടുവാം വെയ്യോനുടെ
കീർത്തി പകരും വഞ്ചിക്കൊടി ചേരുമഴകുറ്റതാം
വഞ്ചിയിൽ ചേർന്നിതവളാ സത്യ കാംക്ഷയാൽ!
കുറിപ്പ്
തായമന്നവർ – ബന്ധുക്കളായ വസു, കുമരൻ എന്നീ രാജാക്കന്മാർ
വങ്കം – ഒരിനം കപ്പൽ
പോർത്തൊഴിലാളർ – പടയാളികൾ
വിശദീകരണം
ആകാശമാർഗമായി വഞ്ചി നഗരത്തിലെത്തിയ മണിമേഖല തന്റെ പിതാവായ കോവലനും അമ്മ കണ്ണകിക്കുമായി തീർത്ത കോവിലിൽ ചെന്ന് തൊഴുതു. പാതിവ്രത്യത്തെ കർത്തവ്യമായിക്കണ്ട് ചുമതല നിറവേറ്റിയതിന്റെ കാരണം പറഞ്ഞുതന്ന് അനുഗ്രഹിക്കണമെന്ന് അവൾ അമ്മയോട് അപേക്ഷിച്ചു. അപ്പോൾ പത്തിനിക്കടവുൾ ആയ കണ്ണകി തന്റെ ഭർത്താവ് അനുഭവിച്ച ദുഃഖം പൊറുക്കാതെ മധുരാപുരിയെ അഗ്നിക്കിരയാക്കിയ ദിവസം മധുരയുടെ അധിദേവതയാം മധുരാപതി പ്രത്യക്ഷമായി പറഞ്ഞ പൂർവജന്മ കഥ വിശദീകരിച്ചു. മധുരാപുരിയെ ചാമ്പലാക്കിയ പാപം തീരാൻ കാലങ്ങൾതന്നെ വേണ്ടിവരുമെന്നും ഒടുവിൽ ബുദ്ധധർമം കേട്ട് മുക്തി കൈവരുമെന്നും ദേവത പറഞ്ഞു. നീ ഈ വഞ്ചിനഗരത്തിൽവെച്ച് സർവമത തത്ത്വങ്ങളും ഗ്രഹിക്കണമെന്ന് മണിമേഖലയെ കണ്ണകി ഉപദേശിച്ചു. തുടർന്ന്, ബുദ്ധധർമ തത്ത്വങ്ങൾ കേട്ട് ജ്ഞാനോദയം സാധ്യമാകുമെന്നും അവർ പറഞ്ഞു. യുവതിയായതിനാൽ തന്നോടാരും സംസാരിക്കുകയില്ലെന്നും വേഷം മാറിച്ചെല്ലണമെന്നും മണിമേഖലയെ അമ്മ ഉപദേശിച്ചു. മണിമേഖല മണിമേഖലാദൈവതം അരുളിച്ചെയ്ത മന്ത്രത്തിന്റെ ശക്തിയാൽ രൂപം മാറി പണ്ഡിതന്മാരോടൊത്ത് നാലുവക സത്യവും ഗ്രഹിക്കുന്നതിനായി വഞ്ചി നഗരത്തിൽ പ്രവേശിച്ചു.
മതവിജ്ഞാനം നേടിയ കഥ
സത്യങ്ങൾ നാലും ഗ്രഹിച്ചൊരാ താപസി ചെന്നിതാ
സമയവാദികൾ തന്നരികിലായ്!
അവികലമാം മെയ് പ്പൊരുളോതുകെന്നായ–
വളണഞ്ഞാന വൈദികമാർഗാനുസാരിയായ്
മേവും പ്രമാണവാദികൾ പാർക്കുമിടത്തിലും.
അതു പൊഴുതിലാ വ്യാസനും കൃത കോടിയും
ജൈമിനി തൊട്ടുള്ളോരാചര്യരേവരുമോതിനാ–
നൊത്തപോലതി സാരഗർഭമാം മധു വാണിയാ–
ലാറുമെട്ടും പത്തുമായൊരാ പ്രമാണമൊക്കവേ!
പ്രമാണങ്ങൾ
പ്രത്യക്ഷമനുമാനമുപമാഗമമർഥാപത്തി
സ്വഭാവമൈതിഹ്യമഭാവമതു പോൽ സംഭവ–
പാരിശേഷമെന്നാ പ്രമാണം പത്തായിടും.
1. പ്രത്യക്ഷ പ്രമാണം
പ്രത്യക്ഷമാം പ്രമാണമതു പ്രത്യക്ഷമായിടും
അവിതർക്കിതമതഞ്ചു വകയെന്നറിക നീ.
പഞ്ചേന്ദ്രിയങ്ങളാൽ നേടുമറിവതു പ്രത്യക്ഷമാം
നക്കിയും തൊട്ടും കേട്ടും കണ്ടും മണത്തുമുള്ളോ–
രറിവൊക്കെയുമന്യൂനമാമതു സുഖദുഃഖ കാരണം!
പാവകനിനനിന്ദുവെന്നപോൽ തെളിഞ്ഞിടുമതിടവു–
മർഥവും പഴുതുമോരാ പൊരുളതു വ്യക്തമാക്കിടും!
ചേരുമിടം, പേർ, ജാതി, വൃത്തി ശീലമിവ പ്രമാണമായ്
വന്നിടുമവയ്ക്കെന്നറിക നീ ലോകഹിതകാരിണീ!
2. അനുമാന പ്രമാണം
കാര്യകാരണ ബന്ധമതിനു പ്രമാണമാം.
പൊരുളിൻ പ്രകൃതിയതു വ്യക്തമാക്കിടാം!
പൊതു, ശേഷം, പൂർവം ത്രി വിധമാമീ–
പ്രമാണമൊക്കെയുമെന്നുമറിക നീ.
ഇല്ല നേർക്രമം കാര്യകാരണത്തിനെങ്കിലു–
മാനതൻ രവം കേട്ടാലാനയുണ്ടെന്നൂഹിപ്പതു
സാമാന്യവുമതുപോൽ നീർ കണ്ടു മലയിൽ
മാരിയൂഹിപ്പതു ശേഷവുമായിടും.
മേഘപംക്തിയിൽ മഴയൂഹിപ്പതു പൂർവവും.
3. ഉപമാ പ്രമാണം
ഒന്നിനോടൊന്നു സാദൃശ്യം ചൊൽവ–
തുപമാ പ്രമാണമായിടുമറിക നീ.
കാട്ടു പശു പശുവേ പോലിരിക്കുമെ–
ന്നോതുവതുതതിനു നിദർശനമായിടും.
4. ആഗമ പ്രമാണം
മേൽ കീഴുലകമുണ്ടു സുഖത്തിനായെ–
ന്നുത്തമ ഗ്രന്ഥമാധാരമായ് ചൊൽവ–
താഗമ പ്രമാണമെന്നതുമായിടും.
5. അർഥാപത്തി പ്രമാണം
ആയന്മാർ പാർത്തിടും കുടി ഗംഗയിലാവ–
തെന്നാലതു ഗംഗതൻ തീരമതെന്നർഥ–
മുരൈപ്പതർഥാപത്തിയതായിടും.
6. സ്വഭാവപ്രമാണം
ആനപ്പുറമേറിടുന്നോനൊരു കോലു
കൊടുത്തെന്നാലതു തോട്ടിയതായിടു–
മെന്നു ചൊൽവതു സ്വഭാവപ്രമാണമായിടും.
7. ഐതിഹ്യ പ്രമാണം
പ്രത്യക്ഷമല്ലാതൊന്നിനെ കേൾവി പ്രമാണമായ്
നിനൈപ്പതൈതിഹ്യ പ്രമാണമായിടും.
പേ തങ്ങിടുന്നുണ്ടൊരാ തരുവിലെന്നു–
രൈപ്പതിനു കേൾവിതന്നെ പ്രമാണമാം!
8. അഭാവ പ്രമാണം
ഇല്ലൊരു വസ്തുവാവിടത്തിലെന്നുരൈപ്പത–
ഭാവ പ്രമാണമായിടുമെന്നുമറിക നീ!
9. പാരിശേഷ പ്രമാണം
വിജയിയായ് രാമനെന്നാലധാർമികനാം
രാവണൻ തോൽവി നിശ്ചയമെന്നൂഹിപ്പതീ–
പാരിശേഷിക പ്രമാണമതായിടും!
10. സംഭവ പ്രമാണം
നാരായം തിരിയുന്നേരമതു കാന്തമെന്നു–
നിനൈപ്പതു സംഭവപ്രമാണമതായിടും!
11. പ്രമാണാഭാസങ്ങൾ –
മുൻചൊന്നതാം പ്രമാണങ്ങൾ പത്തിലും
പെടാത്തൊതൊക്കെയുമാഭാസമായിടും.
പൊരുളിൽ സത്യമതു കാൺവതു ചട്ടുണർവെ–
ന്നതുമതു നിർവികല്പമെന്നു മറിക നീ.
സുനിശ്ചിതമാമറിവതകറ്റിടുമവ്യക്തതയൊക്കയും
ഒന്നിനെ മറ്റൊന്നായ് നിനൈപ്പതു തിരിയവു–
മൊന്നിനെയേറെയായ് സന്ദേഹിപ്പതൈയവും.
കണ്ടുണരാമൈ, ഇൽ വഴക്കം, നിനൈപ്പെ–
ന്നതുമതുപോൽ പ്രമാണാഭാസമായിടും!
ലോകായതം, ബൗദ്ധം, സാംഖ്യം, വൈശേഷികം,
മീമാംസകമാം മതത്തിനാചാര്യരാരെന്നുമറിക നീ.
ബൃഹസ്പതി, ബുദ്ധൻ, കപിലൻ, അക്ഷപാദൻ,
കണാദൻ പിന്നെ ജൈമിനിയെന്നിവരായിടും.
പ്രത്യക്ഷമനുമാനമാഗമമുപമാനമർഥാപത്തി–
പിന്നെയഭാവമെന്നീയാറും പ്രമാണമാമിന്നാ–
ചാര്യരവർക്കെന്നതുമോർക്കയെന്നുരച്ചൊരാ–
പ്രമാണവാദിയെവിട്ടാ ശൈവവാദിയോടാ–
രാഞ്ഞിതവർ തൻ മൂർത്തിയെങ്ങനെയെന്നതും.
സൂര്യനൊടു ചന്ദ്രൻ, യജമാനനിളയൊപ്പമാ–
കാറ്റും വെള്ളമഗ്നി പിന്നെയാ വിഹായസ്സെ–
ന്നെട്ടിനേയും തൻ തനുവാക്കിയും താന്താ–
നതിൻ ജീവനായിടുന്നൊരാ നടരാജമൂർത്തി
സൃഷ്ടി സ്ഥിതി സംഹാര മൂർത്തിയനന്യനാദി–
പുരുഷനെങ്ങൾ നാഥനെന്നുരച്ചാന ശൈവനും.
ബ്രഹ്മദേവനുടെ മുട്ടയിളയെന്നാ ബ്രഹ്മവാദിയും
നാരായണനെങ്ങൾ നാഥനെന്നാ വൈഷ്ണവനും
കൽപ്പമാം പാണിയും ഛന്ദസ്സാം ചരണവു
ഗണിതമാമക്ഷിയും നിരുക്തമാം കാതും
ശിക്ഷയാം മൂക്കും വ്യാകരണമാം വദനവും
ചേർന്നു സ്വയം ഭൂവാമാരണ വേദ പുരുഷനില്ലാ–
ദിയുമന്തവുമാ വേദ വിധി താൻ മതമെങ്ങൾക്കെ–
ന്നറികെന്നോതിനാൻ പൊരുളാ വേദവാദിയും!
ലിഖിത പാഠമതുപോലാ നിത്യമാം ജീവിതപാഠവു–
മൊത്തിടാമൊഴിയോതുവോനാജീവനെ കണ്ടവൾ
ആരു നിൻ ദേവൻ പൊരുളാം കൃതിയേതെന്നരികി–
ലണഞ്ഞവധാനമായതി വിനയമൊടു കേട്ടാൻ!
അനന്തമാം പൊരുളൊടു ചേർന്നു വിളങ്ങിടു–
മെങ്ങൾ തൻ ദേവനാ മർകലിയോതിയൊരാ–
വാണികളഞ്ചാണെന്നറിക മിതഭാഷിണി നീ!
ഉറപ്പേറുമുയിരുമണുക്കൾ ചതുർവിധവുമാവ.
ചേർന്നിടുമണുക്കളൊന്നായ് പിരിയും പുനഃ–
രേകമായിടാനെന്നതാം പൊരുളു മറിക നീ!
നിലം, നീർ, തീ, കാറ്റെന്നിവയാമണുക്കളവ–
യാർന്നിടും മല, മരം, തനു രൂപമൊക്കവേ!
വേവ്വേറായ് പ്പിരിഞ്ഞു പരന്നിടുമവയൊക്കവേ!
പിറവി തൻ ഭേദമിതറിയുവതുയിയിരായിടും!
ദൃഢമാം നിലം നീരോ താഴ്ന്നു ശൈത്യ–
മിയന്നേറെ രുചിയാർന്നതാമറിക നീ!
ഇഴിൻ രവമാർന്നേറെയാഴമായ് ചെന്നിടു–
മതാ മണ്ണിലെന്നതതിൻ രീതിയായിടും.
ജ്വലിച്ചുയർന്നിടുമഗ്നിയുമതുപോലാ വായു–
ചെന്നിടുമീ വിലങ്ങനെയെന്നതുമറിക നീ!
അനാദിയാമിവയ്ക്കില്ലൊരന്തവുമീ.
പിളർന്നിടില്ലവ പരന്നിടില്ലവിൽ പോലെയും
താഴ്ന്നിടുമവയേറെയായുർന്നിടുമതുപോല–
ലിഞ്ഞു മണലായ് ചേർന്നിടുമേതുമായുമേ!
പുനരതുമാറിടുമേകമായ് മരവും വൈരവു–
മുളയിയന്നൊരാ വിത്തുമൊരു തേയാ മതി–
പോലതി പുഷ്കലമാം നിലവുമായിടാം!
പൊരുളേതിലുമുൾച്ചേർന്നൊരീ നിലമാദിയാം
മണുക്കളൊക്കവേ ഭൂതമായിരുന്നാലതു–
ലോപിച്ചാടാ സമവുമായിടാമെന്നറിയണം.
ഒന്നു മുക്കാൽ അര കാലെന്നായിടും ക്രമാൽ!
നീരും കരയും തീയും കാറ്റുമായ് ധർമമോരോ
ന്നനുഷ്ഠിച്ചിടുമണുക്കളാ ചേർച്ചയിൽ!
അറിഞ്ഞിടും ജ്ഞാനികളണുവോരോന്നായ്
പൊരുളതറിഞ്ഞിടില്ലജ്ഞാനികളെന്നുമേ!
അന്തിയിൽ മുടിയിഴയായ് കാണാതൊന്നായ്
കാതു പോലെയാമതെന്നുമറിക നീ!
കരും പിറ, കരുനീലപ്പിറ, പച്ചപ്പിറ, ചെമ്പിറ,
പൊൻപിറ, വെൺപിറയെന്നാറുവകയാം
പിറപ്പിനൊടുവിലാ വെൺപിറപ്പിൽ പിറന്നു
നേടിടും മോക്ഷമേവരുമെന്നു മറിക നീ!
ഇപ്പിറവിയുമൊപ്പമാ മോക്ഷവും ചെമ്പോക്കു–
മതിൻ വിപരീതമാവുകിൽ മണ്ഡലവുമായിടും!
മഗ്ഗലി കോശലരുടെ
കൃതി
നേട്ടവും കോട്ടവും ചേർച്ചയുമകൽച്ചയും
നീക്കവും തുമ്പവുമിമ്പവുമാ ജനിമൃതിയു–
മേറ്റിടുമുയിർകളേ പിറവി തൻ മുന്നമായ്!
തുയിരിമ്പമാമിവ രണ്ടുമണുവെന്നോതിടു–
മതിൻ തുടർച്ചയോ തലവിധിയായിടും!
മഗ്ഗലി കോശലർ തൻ വാണിസാരവു–
മിതെന്നറിക സർവജന ഹിത കാരിണീ?
അതു കേട്ടാ നിർഗ്രന്ഥവാദിതന്നരികി–
ലണഞ്ഞവർ തൻ പൊരുളൊപ്പമായു–
യിർകൾ തൻ ബന്ധവുമതിൻ മുക്തിയു–
മോതുക തെളിമയായെന്നായവൾ!
ഇന്ദ്രാദികൾ വണങ്ങീടുമർഹപരമേഷ്ടി–
യെങ്ങൾക്കീശ്വരനവനരുളിടും പൊരുൾ
ധർമാസ്തികായമധർമാസ്തികായം,
കാലമാകാശവുമന്യൂനമാം ജീവനും
പരമാണുവും ശുഭാശുഭകർമവുമതിൻ
ഫലമാം ബന്ധവും മോക്ഷവുമൊക്കെയായ്
പത്തായിടുമതിൻ തത്ത്വമാഗമായിടും!
സൃഷ്ടിസ്ഥിതിസംഹാരമെന്നു മൂന്നു വകയാം
ഭാവമാർന്നിടുമയിർകളുലകിലെന്നു മറിക നീ!
വിത്തു മുളച്ചു വേപ്പായിടുവതു നിത്യമാ
മുളയിൽ വിത്തു പട്ടു പോവതനിത്യവും.
പൊരുളഖിലത്തിലുമുൾച്ചേർന്നതാം
ധർമാസ്തികായമുലകുയിർ ചേർച്ച–
യതുപോൽ മോചന ഹേതുവുമായിടും
ദ്രവ്യമൊക്കെയും നിശ്ചേഷ്ടമാക്കിടും
പൊരുളിതധർമാസ്തികായവുമായിടും.
കണികയെന്നും കല്പമെന്നും രണ്ടാം കാലം
കണികമതു ക്ഷണികമാം കല്പമോ നീണ്ടതാം
പൊരുൾക്കതിവിസ്തൃതമാമിടമാകാശീ
ഉയിരോ തനുവാർന്നെപ്പൊഴും സ്വദിക്കുമാ
പലതാം ഗുണമഞ്ചിന്ദ്രിയങ്ങളിലൂടെയായ്!
പുലർകാലം പരമാണുവാം പൊരുളിൻ പുറം
പുറം രൂപവുമതുതാനെന്നറിയുകമലേ നീ!
നന്മതിന്മകളേകിടും തോഷവുമതു പോലാ–
തുമ്പവുമൊതുക്കി കർമഫലമനുഭവിപ്പതു
മോക്ഷമായിടുമെന്നായ നിർഗ്രന്ഥവാദിയും!
സംഖ്യാ വാദി
പൊരുളുകൾക്കൊക്കെയും ഹേതു
പൊതുവാം മൂലമെന്നായ സാംഖ്യവാദിയും.
ചിത്തമാം മൂലത്തിൽ നിന്നുയിർക്കൊണ്ടിടുമീ
ചൊല്ലെഴും മതിതത്ത്വമാ മാനെന്നറിക നീ!
മാൻ വിയത്തിനതു വായുവിനുമതിൽ നിന്ന–
ഗ്നിയുമഗ്നിയിൽ നിന്നംഭസ്സുമതിൽ നിന്നിടവു–
മതിലൊക്കെയായ് മനവും മനമതിൽ ദർപ്പവും
ചെവിയിലൊലിയും വായുവിൽ സ്പർശവും
തീയിലൊളിയും നീരിലൊക്കെയായ് രസവും
ഗന്ധമാമൂക്കിലും കൂടെയായ് വായ്, കാൽ,
കൈ, വയറുപസ്ഥമിവ മേനി തൻ വികാരവും.
ഭൂതങ്ങളഞ്ചിൻ കലർപ്പിൽ മലമരമൊക്കെയാ
യുലകമായൊന്നായ് പരന്നൊടുവിലതു നിത്യമാം
പൊരുളാമെന്നായവളൊടാ സാംഖ്യവാദിയും!
നിത്യമാം പൊരുളൊക്കെയുമറിയുമെങ്ങും
പരന്നുണർവായിരിക്കും പുരുഷത്വവും!
അതിനാലറിയും പൊരുളൊക്കെയും
നിലം, നീർ, തീ, വായു, ആകാശമെന്നഞ്ചും
മെയ്യും വായും കണ്ണും മൂക്കും ചെവിയു–
മെന്നഞ്ചിന്ദ്രിയങ്ങളുമതിനോടിണങ്ങിടും
രസ രൂപ സ്പർശ ശബ്ദ ഗന്ധാദിയഞ്ചും
വാണി, പാണി, കാൽ, വയറുപസ്ഥമാ–
മഞ്ചുമവയെ തീർത്തിടും മനോബുദ്ധ്വാദ്യ–
ഹങ്കാരചിത്തമെന്നുനാലു മുയിരാം പുരുഷ–
നൊപ്പമായിരുപതുമഞ്ചമായിടുമറിക നീ!
വൈശേഷിക വാദി
അറുതിയെഴാപ്പൊരുൾ ഗുണം കർമമെന്നും
പൊതുവിശേഷം സമവായമെന്നാ പൊരുളാ
റായിടുമെന്നായാ വൈശേഷികനാം വാദിയും.
ഗുണീ കർമമിവ ചേർന്നതാം പൊരുളേതിനും
ഹേതുവായിടുമപ്പൊരുളൊൻപതായിടും!
നിലം നീർ, തീ, വായുവാകാശം, ദിക് കാലം
ആത്മാവ്, മനസ്സെന്നിവയാമവയെന്നറിക നീ!
നിലമതിലൊലി വർണ സ്പർശ ഗന്ധരസ–
മിയന്നതാം പൊരുളായിടുന്നതുമിതരമാം
നാലിലിവയിലൊന്നൊന്നായ് കുറഞ്ഞിടും!
ഒലിസ്പർശ വർണ രസഗന്ധാദിയുമന്യൂനമാം
പെരുമയുമല്പത്വവും മൃദുലത േശ്രഷ്ഠത ക്ഷീണം
രൂപമിവയാം ഗുണങ്ങളുമതുപോലിരുവശങ്ങളും
മേന്മ താഴ്മ മുൻപിൻ നിലകളും പൊരുളിൻ
ഗുണമായിടുമെന്നാ വൈശേഷികനോതിനാൻ!
ഗുണവും ഗുണിയും ചേർന്നാലതു സമവായവുമാം!
ഭൂതവാദി
താതകിപ്പൂ കട്ടിയെന്നിവ ചേർന്നതാം കള്ളിനു
വീര്യമേറിടുമ്പോലാ ഭൂതങ്ങളൊന്നായ് ചേർന്നി–
ടുമ്പോളുണർവേറിടുമതയഞ്ഞിടുമ്പോളകന്നിടും.
പെരുമ്പറയൊലി നേർത്തിടുമ്പോൽ ചേർന്നിടു
മതാദിവസ്തുവിലതുപോലുയിരിനൊപ്പമായ്!
ഉണർവറ്റിടും ഭൂതമോ തനുവിനൊപ്പമറിക നീ!
ഭിന്നമാം പൊരുളൊക്കെയും ചാർവാക സമ്മതം
തേടില്ല മറുതാം ജന്മമുയിരൊരിക്കലുമില്ല കർമ–
ഫലവുമതിനൊപ്പമായ് തീർന്നിടുമുയിരിൻ തുമ്പവു–
മിമ്പവുമതുപോൽ പ്രത്യക്ഷം പ്രമാണമേതിനും!
മതസാരമതൊക്കെയു കേട്ടവ ധർമല്ലെങ്കിലു–
മെതിർത്തൊന്നുമുരിയാടില്ലെന്നുറച്ചുണ്ടൊരു–
പിറവി വേറെയെന്നുറച്ചവനോടു ചിരിച്ചോതിയും
സ്ഥിതപ്രജ്ഞയാ പല്ലവാംഗിനിന്നിടുമ്പോൾ
ദൈവ വചനമതിൽ മയങ്ങുവോർ സ്വപ്ന–
ദർശികളവരുക്തിയൊന്നുമേ സത്യമായിടാ–
യെന്നാ ഭൂതവാദിയൊരു മറുവാദമോതിനാൻ!
സത്യമൊക്കെയുമതിനുതകിടുമനുമാനാ–
സ്പദമെന്നറിക നീ! ധരിയിതിലച്ഛനമ്മമാർ
ക്കനുമാനമല്ലാതെന്തറിക നിദർശനം!
മറു പ്രമാണമൊക്കെയും പൊയ്യെന്നോതു–
വതപ്രമാണമാമെന്നുരച്ചാ പും വേഷധാരി
മതസാരമേതും ഗ്രഹിച്ച പ്രമാദമായ്!
വിശദീകരണം
വഞ്ചി മഹാനഗരത്തിലെ വ്യത്യസ്ത മതപണ്ഡിതന്മാരുമായി മണിമേഖല നടത്തുന്ന അഭിമുഖമാണ് ഈ കാണ്ഡത്തിലെ ഉള്ളടക്കം. പ്രമാണവാദി, ശൈവവാദി, ബ്രഹ്മവാദി, വൈഷ്ണവവാദി, വേദവാദി, അജീവക വാദി, മഗ്ഗലി കോശർ, നിർ ഗ്രന്ഥവാദി, സംഖ്യാ വാദി, വൈശേഷിക വാദി, ഭൂതവാദി തുടങ്ങിയവരിൽനിന്ന് വിവിധ മതതത്ത്വങ്ങളും ധർമശാസ്ത്രങ്ങളും മോക്ഷസങ്കൽപവും കാല സങ്കൽപവുമെല്ലാം മണിമേഖല ഗ്രഹിക്കുന്നു.
(തുടരും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.