നിലാവിലലിയാത്ത നഗരവെളിച്ചത്തിന്റെ
കണ്ണഞ്ചും കുറുമ്പിൽ
ഒരുതരി ഇരുട്ടായി
ഒഴുകിപ്പോവുന്നു ഞാനും ഞാനും.
ഭയത്തിന്റെ കാളികൂളിത്തോടുപൊളിച്ച്,
നഗരം വായിലിട്ടു തന്ന രാവിന്റെ ലിച്ചിപ്പഴമധുരം.
ഞങ്ങളെ ഏറ്റിപ്പറക്കും ചക്രങ്ങൾ,
കെട്ടിപ്പിടിക്കും കുളിര്,
നഗരത്തിലാരുമില്ല
ഒരുപാടാളുകളുള്ളിടത്ത് ഒരാളുമില്ല.
ഓടയുടെ വിളുമ്പുകളിൽ
പായലിരുട്ടുകളിൽ
വാലിളക്കി ഇരതിരയും വെളിച്ചപ്പുഴുക്കൾ.
തിര പോലെ തീരാത്ത തിരക്ക്,
ഇരുട്ടിനെ മുറിച്ചെടുക്കും വെളിച്ചം,
അതിലധികം ഏകാന്തത തരുന്ന ഒരേകാന്തതയുമില്ല.
ഞങ്ങൾ കുടിക്കുന്നു, ഡിവൈഡറിൽ ഇരുമുലകൾ
ചുരത്തുന്ന അമ്മവെളിച്ചം.
നഗരം പിരിയുമെന്നോർക്കെ കൂടെ വരുന്നു,
ഭയം നിലം തൊടാതെ നടക്കും
ഗ്രാമബാല്യ സന്ധ്യകൾ.
മലർന്നുകിടക്കും മലയുടെ മുലകളിലേക്കാണ്
തിരിച്ചു പോക്ക്.
അവിടെ ഇരുളുള്ള രാപ്പകലുകൾ,
കാപ്പിപ്പൂ മണക്കുന്ന രാവിലെകൾ
കുടിച്ചു ഞാനുണരുന്നത്
കോടയുടെ മൂടിയ കണ്ണുകൾ നോക്കിയിരിക്കും.
വാഴയിലപ്പൂതങ്ങൾ മാടിവിളിക്കും.
വഴിയുടെ കാതുകൾ കേട്ടിരിക്കും
'പറ' 'പറ' എന്ന് എന്റെ മൗനത്തിന്റെ
അടമുട്ടകൾ കൊത്തിയുടയ്ക്കും.
നഗരത്തിലെ ഭൂമി ഉരുണ്ട പന്ത്.
നാട്ടുവഴികളോ അനന്തമായ ഇടവഴികളുടെ
അടുക്കുപാത്രം,
ഒന്നിനുള്ളിൽനിന്ന് ഉള്ളിലേക്ക്
ചുരുങ്ങിനീളുന്നവ
അതിന്റെ മൊഴി അനന്തതയിലവസാനിക്കുന്ന
കഥകളുടെ ചുരുട്ടുപായ.
ഹാ! എന്റെ നിശ്ശബ്ദത ഞാനഴിച്ചുവെച്ച,
ഒച്ചപ്പാടുകളുടെ നഗരത്തെ ഞാനാഗ്രഹിക്കും.
അതിന്റെ അത്യധികമായ ഏകാന്തതയെ,
വെളിച്ചപ്പെട്ടു കിടക്കുന്ന ആ കാൽവിരലുകളിൽനിന്ന്
താഴ്വരയുടെ ഇരുട്ടുശാന്തിയിലൂടെ
മുകളിലെത്തുമ്പോൾ, താഴെ
നിര നുരയായ് ഒഴുകും വെട്ടങ്ങൾക്കിടയിൽ
ഒരുമ്മ പറത്തിവിടുന്നു എനിക്ക്,
എന്റൊപ്പം നഗരത്തിൽ പാർത്ത ഞാൻ.
അങ്കലാപ്പിന്റെ പടപട മിടിപ്പ്!
''നീ വരുന്നില്ലേ?''
ചിലമ്പു തുള്ളിപ്പായും സന്ധ്യ,
അകലെ ബീഡിവെട്ടക്കലുങ്ക്,
ശ്മശാനത്തിലെ ഫോസ്ഫറസ് വെളിച്ചം
നടന്നുപോകുന്ന രാത്രി,
ചാവൊഴുകും പുഴനീർ,
കടുത്ത അന്യതാബോധത്തോടെ എനിക്കു
സ്വന്തമായിരുന്നവ,
അവയിലേക്കെന്നെ ഒറ്റയ്ക്ക് തള്ളല്ലേ
നഗരത്തിലെ എന്റെ ഞാനേ,
നീ കൂടെ വന്നപ്പോൾ ഭയമഴിഞ്ഞ
മഞ്ഞവെളിച്ചം പൊഴിയുന്ന
രാത്രി കണ്ടു നഗരത്തിൽ.
മാളുകളിൽ വെളിച്ചം പൂക്കുന്നതു കണ്ടു.
തട്ടുദോശയിൽനിന്നൊന്ന് ആവിയോടെ
തെറിച്ചുവീണു തിളങ്ങി വാനിൽ,
രാത്രിയുടെ ഇരുട്ടിനെ നീ ചുരുട്ടിയെറിഞ്ഞു.
ഒറ്റയാവാതെന്നെ കാത്തവളേ
കൂടെവരുന്നില്ലേ എന്ന ചോദ്യത്തിന്
കൂടെയാണ് എന്നുത്തരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.