ജയ് ഗോസ്വാമി കൊല്‍ക്കത്തയില്‍ 1954ല്‍ ജനിച്ചു. ജീബനാനന്ദ ദാസും ശംഖാ ഘോഷും ആയിരുന്നു ആദ്യകാല മാതൃകകള്‍. ഭാഷയുടെ സാധാരണമായ തുടര്‍ച്ച മുറിക്കാന്‍, കവിതയിലെ പഴയ കെട്ടുകള്‍ പൊട്ടിക്കാന്‍, ഈ കവിയെ പഠിപ്പിച്ചത് ശംഖാ ആയിരുന്നു. ഒപ്പം ശക്തി ചതോപാധ്യായയുടെ കവിതയുടെ ഹ്രസ്വതയും ധ്വന്യാത്മകതയും ജയ് ഗോസ്വാമിയെ ആകര്‍ഷിച്ചു. പത്തൊമ്പതാം വയസ്സില്‍ ലിറ്റില്‍ മാഗസിനുകളില്‍ കവിതകള്‍ എഴുതിത്തുടങ്ങി. ബംഗാളി കവികളെക്കുറിച്ച് ഉള്‍ക്കാഴ്ചയോടെ നിരൂപണങ്ങള്‍ എഴുതിയിട്ടുമുണ്ട് ജയ്. അനേകം സമാഹാരങ്ങള്‍, സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ അനേകം ബഹുമതികള്‍. ശംഖാ ഘോഷിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ബംഗാളി കവിയായി പണ്ടേ അംഗീകാരം നേടി ഈ കവി. ഏറെ പരോക്ഷമാണ് ജയ് യുടെ രാഷ്ട്രീയം. അത് ശിഥിലമായ ഭാഷയിലും ബിംബങ്ങളിലും പ്രതീകങ്ങളിലുംകൂടി മനുഷ്യാവസ്ഥയെ സംബോധനചെയ്യുന്നു. പലകുറി ഞങ്ങള്‍ ഒന്നിച്ചുണ്ടായിട്ടുണ്ട്, ഇന്ത്യയിലും വിദേശത്തും. ഇംഗ്ലീഷ് കാര്യമായി അറിയില്ലെങ്കിലും പരിഭാഷകളിലൂടെ ലോകകവിതയുമായി നല്ല പരിചയം അദ്ദേഹം നേടിയിട്ടുണ്ട്. വിജനമായ പ്രകൃതിദൃശ്യങ്ങള്‍, ഭാഷ കണ്ടുപിടിച്ച കുട്ടിയെപ്പോലുള്ള വാക്കുകളോടുള്ള സമീപനം, ബന്ധുക്കളെയും മൃഗങ്ങളെയും വൃക്ഷങ്ങളെയും കുറിച്ചുള്ള ഓർമകൾ, പ്രപഞ്ചവുമായുള്ള സംവാദങ്ങള്‍: ഇവയെല്ലാം ആ കവിതയെ വ്യത്യസ്തമാക്കുന്നു. വാക്കുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കാനുള്ള നിരന്തര പരിശ്രമമാണ് ജയ് നടത്തുന്നത്. ആ കവിതയുടെ രണ്ടു രീതികളാണ് ഇവിടെ അവതരിപ്പിക്കുന്ന കവിതകളിലുള്ളത്.
1
ഭൂമിയുടെ ലോഹനിലത്തില്
ഉരുക്കിന്റെ പുല്ലുകള്‍ വളരുന്നു
രാത്രിയുടെ പുതപ്പില്‍ ആകാശം ഉറങ്ങുന്നു.
കൈയില്‍ വായിക്കാത്ത 'ഇടിമിന്നലിന്റെ പുസ്തക'വുമായി
അടിമ നടക്കുന്നു, ജയിലുകള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ട്.
2
മേല്‍ക്കൂരയില്‍ ഒരു പശുക്കുട്ടി.
അതിന്റെ കഴുത്ത് നീണ്ടുനീണ്ട്
ദൂരെയുള്ള കുളത്തില്‍നിന്ന്
വെള്ളം കുടിക്കാന്‍ ചെല്ലുന്നു
റോഡില്‍ രാത്തള്ള മുറിഞ്ഞു മുറിഞ്ഞു നിലവിളിക്കുന്നു
പാതിരാവോടെ മേഘങ്ങളുടെ തീരത്ത്
നടന്നുവിൽപനക്കാരനായ ഒരസ്ഥികൂടം
വിളിച്ചു പറയുന്നു:
''തൈര് വേണോ, തൈര്?''
പശുക്കുട്ടിയുടെ മേല്‍ക്കൂരയില്‍.
അതിന്റെ പാറപോലെ കടുത്ത ദാഹത്തിന്നു കൂട്ടായി
ഞാന്‍ കുളത്തില്‍നിന്ന് മൊത്തിക്കുടിക്കുന്നു:
വെള്ളത്തിന് പകരം രക്തം–
അതെ, ഞാന്‍ കുടിക്കുന്നു.
3
ഇരുട്ട്. എന്റെ അതിര്‍ത്തി വെള്ളമാണ്
വെള്ളത്തിനു മുകളില്‍ മണല്‍ത്തിട്ടില്‍
ഒരുദിവസം ഭൂമിയോളം കനമുള്ള ഒരു പക്ഷി വന്നിരുന്നു
ഭൂഗോളത്തിന്റെ മർദം പണ്ടേ അലിഞ്ഞുപോയി
അലിയാതെ കിടക്കുന്നത്
ഭൂമിയോളം കനമുള്ള പാപമാണ്
അതിനടിയില്‍ കിടക്കുന്നു നഖം കൊക്ക് തൂവല്‍
ഇവയുടെ അവശിഷ്ടങ്ങള്‍
ഇരുട്ട്. എന്റെ അതിരിന്റെ വാക്കുകളില്‍
കാടുകള്‍, ലോലമായ ചിരിയില്‍ കുളിച്ചുകിടക്കുന്ന
സ്വസ്ഥമായ വീടുകള്‍, വഞ്ചികള്‍,
നീന്തുന്നവരുടെ ചാട്ടം
അവര്‍ക്കറിയില്ല, രാത്രി നക്ഷത്രങ്ങളുടെ അടയാളങ്ങള്‍
ചിലപ്പോള്‍ തെളിഞ്ഞുവരുന്നു
മണല്‍ പുരണ്ട എന്റെ മുതുകില്‍
ആ അസുരന് പക്ഷിയുടെ കാലടികള്‍!
4
ശാന്തി ശാന്തി ശാന്തി ശാന്തി
സ്വർണനിറമുള്ള ഉന്മാദിനി
അസ്തമയങ്ങള്‍ ഓരോന്നായി തിന്നു തീര്‍ത്തു
തീരത്തിരിക്കുമ്പോള്‍
വാ തുറക്കുന്ന കടലിലെ തിരകള്‍ ചോരപുരണ്ട
കുഴികളായി ഉണങ്ങുന്നു
പിറകില്‍ മരിച്ച പട്ടണങ്ങള്‍
ഇഷ്ടികയുടെയും മരത്തിന്റെയും കൂനകള്‍
പുലരിയും ഉച്ചയും മരിച്ചു, സായാഹ്നവും
പാതിരായും കഴിഞ്ഞു
കരക്കിരുന്നു ശാന്തി ശാന്തി ശാന്തി എന്നുരുവിടുന്ന
ദുഷ്ടയായ ഭ്രാന്തിയുടെ കൈക്കുമ്പിളിലെ വെള്ളത്തില്‍
സൂര്യന് തുടര്‍ച്ചയായി താണുപോകുന്നു.
5
എന്റെ അമ്മയുടെ പേര് അർധചന്ദ്രന്
എന്റെ കാമുകന്റെ പേര് നിഴല്‍
എന്റെ ഓളങ്ങള്‍ ഒരു തുറന്ന വീട്
അതിന്റെ മേല്‍ക്കൂരയില്‍നിന്ന്
അടിച്ചോടുന്ന കളികള്‍ പൊഴിയുന്നു
എന്റെ മുഴുത്തെറ്റ് ഒരു കുയില്‍
ആകാശം ഒന്ന് മാന്തിയാല്‍ മതി, മണല്‍ കാണും
എന്റെ അച്ഛന്റെ വായില്‍ ഒരു വെറ്റിലക്കഷണം
അദ്ദേഹത്തിന്റെ വിരിപ്പില്‍നിന്ന് വാല്നക്ഷത്രങ്ങള്
തെന്നിപ്പോകുന്നു
എന്റെ അമ്മ, ഇവിടെ, നിലത്തു,
കടലില്‍ തകര്‍ന്നു വീഴുന്നു.
6
ഇന്ന് ശരീരം ഒരു ചെടിയാണ്
കാറ്റ് അലയുന്ന ഒരു പയ്യന്
പെണ്‍കുട്ടി ഒരു വിളക്ക്
മുറ്റം, അമ്മ!
7
ഓരോ കുറിയും എന്റെ ഉടല് തുറന്നു നോക്കുമ്പോള്‍
മൃഗങ്ങളുടെ രക്തം കാണും
എന്നെ ഒരു കൊടുമുടിയില്‍
തലകീഴായി തൂക്കിയിട്ടാല്‍
പക്ഷികള്‍ കരയും, ആകാശം ചുവക്കും
കടലില്‍ എന്റെ പോത്തിന് തല,
സൂര്യന് പകരം കാണും
അതിന്റെ പിരിയന്‍ കൊമ്പുകള്‍
8
ആയിരക്കണക്കിന് ശവങ്ങള്, യുദ്ധങ്ങള്‍
ഭൂതകാലത്തേക്കുയരുന്നു
മഞ്ഞ് വീണുകിടക്കുന്ന കൊടുമുടികള്‍
അവക്ക് പിറകില്‍ ഇരിക്കുന്നു കൊച്ചു വീടുകള്‍
അവക്ക് നഷ്ടപ്പെട്ട മനുഷ്യര്‍ക്കായി
വിളക്കുകള്‍ കത്തിച്ചുവെച്ച്.
9
അമ്മ ജനലരികില്‍ വന്നുനില്ക്കുന്നു
നദിയില്‍ വേലിയിറക്കം
രണ്ടു കത്തുന്ന പാമ്പുകള്‍ വെള്ളത്തില്‍നിന്നു
എടുത്തു ചാടുന്നു
ഞാന്‍ പുഴയില്‍നിന്ന്
എന്റെ ഇരുമ്പുചങ്ങലയിലിട്ട
ഓടക്കുഴലെടുക്കാന് വന്നെത്തുന്നു
ആകാശത്തിന്റെ ഉയര്‍ന്ന ജനലരികില്‍
അമ്മ വന്നുനില്ക്കുന്നു
പിന്നെ തെന്നിനീങ്ങുന്നു.
10
അകറ്റിവെച്ച കാല്മുട്ടുകള്പോലെ
കശാപ്പുകല്ല്
അവിടെ തല ചായ്ക്കൂ
ഒന്ന് ഇമ ചിമ്മുമ്പോഴേക്കും
തല നേരെ വയലിലേക്ക് തെറിച്ചുവീഴും.
11
അടച്ച ജനല്‍
അടച്ച ജനലിന്റെ ഉടലില്‍ ഞാന്‍ എന്റെ കൈ വെക്കുന്നു,
വെളുത്ത ചുവരിന്റെ ഉടലിലും.
രണ്ടിടത്തും തുളവീഴുന്നു.
അവയിലൊന്നില്‍ ദൂരദര്‍ശിനി കണ്ണില്‍ ചേര്‍ത്തുവെച്ച്
ഗലീലിയോ മാനം നോക്കുന്നു, പള്ളിയുടെ
കൽപനകള് മാനിക്കാതെ. മറ്റേതില്‍ ബോറിസ്
പാസ്റ്റര്‍നാക്
മേശമേല്‍ തന്റെ പുസ്തകങ്ങളുമായി ഇരിക്കുന്നു.
ആ രണ്ടു കുഴികള്‍ക്കിടയില്‍ ഒരു വലിയ തുറസ്സ്:
തിയാനൻമെന്.
വിദ്യാർഥികളുടെ ജഡങ്ങള്‍ ചിതറിക്കിടക്കുന്നു
ചിലര്‍ ഇപ്പോഴും പിടയുന്നുണ്ട്.
അവരുടെ ഉടലിനു മീതേ ഇതാ ഒരു പീരങ്കിവണ്ടി
കടന്നുപോയതേയുള്ളൂ.
12
പുരാതനം
ഭൂമി മുഴുവന്‍ എത്ര പഴയത്, എത്ര തണുത്തത്!
അതുകൊണ്ട് കിടക്കാന്‍ എനിക്ക് പേടിയാണ്.
അച്ഛനോടൊപ്പമാണ് ഞാന്‍ വന്നത്. അച്ഛന് തണുത്തു
മരവിച്ചിരിക്കുന്നു, അങ്ങേരെ തൊടാന്‍ തന്നെ
എനിക്ക് പേടിയാണ്
ചുണ്ടുകള്‍ ഇടതുവശത്തേക്ക് കോടിയ
അമ്മയുടെ മുഖവും
മരം പോലെ. അതില്‍ നെയ്യ് തളിക്കാന്‍ പോലും
എനിക്ക് പേടിയാണ്.
കിയോരത്തോല? ഹാലി ശോഹോര്?
രണ്ടിടത്തും ഗംഗയുണ്ട്. അച്ഛന്റെയും അമ്മയുടെയും
മുറികള്‍ വെവ്വേറെയാണ്. എല്ലാ മുറികളും പ്രാചീനം
ഞാന്‍ അമ്മയോടൊത്തു ചുറ്റിനടക്കാറുണ്ട്,
ഇപ്പോഴും നടക്കുന്നുണ്ട്.
ഇന്ന് ഞാന്‍ കണ്ടെത്തുന്നു: മുറിയില്‍ ഒന്നുമില്ല,
കണ്ണുകള്‍ ചൂഴ്ന്നെടുത്ത ഒരു ചന്ദ്രനും
കരിഞ്ഞു ചാരമായ വിറകുകെട്ടുകളും മാത്രം.
13
ഉവ്വോ?
ഉച്ചക്ക് കഴുക്കോലുകള്‍ പൊട്ടിയ
പഴയ വീടു തിരിച്ചുവരുമോ?
വിളിച്ചാല്‍ അത് എന്റെ മുന്നില്‍ വന്നു നില്‍ക്കുമോ,
കൈയിലും കാലിലും ചുമലിലും മുതുകിലും
ആല്‍മരങ്ങളുള്ള ആ പഴയ വീട്?
മഞ്ഞപ്പൂക്കള്‍ നിറയെ പുഴുക്കള്‍ ഇഴഞ്ഞുനടക്കുന്ന
മുള്ളുകള്‍ നിറഞ്ഞ നൂറായിരം പോപ്പിച്ചെടികള്‍
അതിനു കാവല്‍ നില്ക്കുന്നുണ്ടാകുമോ?
പുഴുക്കളെ കരിച്ചു കൊല്ലാന്‍ ആരെങ്കിലും തീയിടുമോ?
ചെമ്പരത്തിയില്‍നിന്ന് നീണ്ട, പാതി കരിഞ്ഞ പാമ്പുകള്‍
പുളഞ്ഞിറങ്ങി വരുമോ?
നീയും രഘുവും വീട്ടില്‍നിന്നിറങ്ങി വരുമോ?
വിളിച്ചാലുടന്‍ വിള്ളല്‍ വീണ ആ നിലം കാണാനാകുമോ?
നിലത്തെ പൊടിയില്‍ നിങ്ങളുടെ ആസക്തി നിറഞ്ഞ
പ്രണയലീലയുടെ അടയാളങ്ങള്‍ കാണുമോ?
14
അടൂരി
അടൂരി ഞങ്ങളുടെ വളര്‍ത്തുപൂച്ചയായിരുന്നു.
അവള് വലിയ തീറ്റക്കാരിയായിരുന്നു: അവില്,
മധുരപലഹാരങ്ങള്‍, ഉരുളക്കിഴങ്ങ് വറുത്തത്-
അവള് തിന്നാത്തത് ഒന്നുമില്ല. എഴുത്തുമേശമേലിരുന്നു
ഞാന്‍ എഴുതുന്നത് അവള് എത്തിനോക്കും.
ഇടക്കിടക്ക് എന്റെ കൈയിലെ പേന കാലുകൊണ്ട്
തട്ടിക്കളയും. അവള്‍ക്കു ഒരു പേന നിലത്തിട്ടു
കളിക്കാന്‍ കൊടുത്തു ഞാന്‍ എഴുത്തു തുടരും.
അടൂരി അതാ പുലിയെപ്പോലെ ആകാശത്തുകൂടി
പായുന്നു
അവളുടെ വായില്‍ എന്താണെന്ന് പറയാമോ?
പേനയല്ല, ഒരെല്ല്. നക്ഷത്രരാശിയില്നിന്ന് ഒരു
എല്ലിന് കഷണം.
ഇനിയിപ്പോള്‍ അവള്‍ക്ക് കാവേരി നല്കുന്ന
ചോറും മീനും
തീരെ ഇഷ്ടമാവില്ല. ഇന്നു രാത്രി ആകാശം അവള്‍ക്കു
വിളമ്പിയിരിക്കുന്നത് തിളങ്ങുന്ന ഗോളങ്ങളുടെ ഒരു സദ്യ!
15
യജമാനന്
നീ എന്റെ പല കഥകളിലും കടന്നുവരും, തീര്‍ച്ച
നീ നിറച്ച ബക്കറ്റുകള്‍, നീ കൈകൊണ്ട്
കഴുകിയ പ്ലേറ്റുകള്‍,
എന്നും നീ ഉണക്കാനിട്ട തുണികള്‍, അവ നീ
തിരിച്ചെടുക്കുന്നത്,
നീ കടയില്‍ പോകുന്നത്, നീ ഉണ്ടാക്കാറുള്ള
അത്യാവശ്യ സാധനങ്ങളുടെ ലിസ്റ്റ്... ഇതെല്ലാം കാണും,
അങ്ങുമിങ്ങുമായി ചിന്നിച്ചിതറി.
എന്താണ് ഇല്ലാതിരിക്കുക?
നീ എന്റെ വിഷം മുഴുവന്‍ വലിച്ചെടുത്തത്,
അതിനെക്കുറിച്ച് ഒരു സൂചനയും ഉണ്ടാവില്ല.
16
രണ്ടു പേജുകള്‍
ആകാശം രണ്ടായി മടക്കിയിരുന്നു,
അത് തുറന്നയുടന്‍ പുലരിയുടെ കണ്ണുകളില്‍നിന്നു
രണ്ടു രശ്മികള്‍ വന്നു സന്ധ്യയുടെ നെറ്റി പിളര്‍ന്നു
ഇപ്പോള്‍ ദൈവം തന്നെ തന്റെ പ്രിയമേറിയ
കൈകള്‍കൊണ്ട്
വാത്സല്യത്തോടെ പകലിന്റെ ചിതയൊരുക്കുകയാണ്
അവന് ഇതാ പോയി
അർധചന്ദ്രന് വന്നു ചക്രവാളത്തില്‍ നിലയായി
ഒരവസാന നോട്ടത്തില്‍, അവന് കണ്ടു,
കിഴക്കും പടിഞ്ഞാറും,
മൃത്യുവിന്റെ കവിതകൊണ്ട് തിളങ്ങുന്ന രണ്ടു താളുകള്‍.
17
ബന്ധങ്ങള്‍
ബന്ധങ്ങള്‍ നീണ്ടുനില്‍ക്കില്ല. പതുക്കെപ്പതുക്കെ
അവ മുങ്ങിമരിക്കുന്നു
വെള്ളം പിന്‍വാങ്ങുമ്പോള്‍ ചളി മാത്രം ബാക്കിയാകുന്നു
അതില്‍ പുല്ല് വളരുന്നു.
ഇലകള്‍, വള്ളികള്‍, കളകള്‍, പിറക്കുന്നു.
ഒരു തെണ്ടിപ്പട്ടി എവിടെനിന്നോ
ഒരു കാക്കയെ വലിച്ചുകൊണ്ടുവന്ന്
കളകളുടെ ഒരു കാട്ടില്‍ ഒളിപ്പിച്ചുവെക്കുന്നു
വേറൊരു പട്ടി അതിന്റെ പിറകേ ഓടിവന്നു
അത് അവനില്‍നിന്ന് തട്ടിപ്പറിക്കുന്നു
അതാണ് നമുക്കിടയില്‍ സംഭവിച്ചത് -അത്
അംഗീകരിക്കയല്ലാതെ നമുക്കു വഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.