1
കാഴ്ചക്കുറ്റം
ഞാൻ തെന്നൽ
മാന്ത്രിക അപ്സരസ്സ്
മഴത്തുള്ളി
ചിലന്തിവല
അല്ലെങ്കിൽ,
കാലത്തിനുമപ്പുറം
വളർന്നുനിൽക്കുമൊരു
സസ്യം.
ചോരയുടെ ശീതം
നുകർന്നു വളർന്നൊരു പൂവ്.
മണ്ണ്
ജലം
ആകാശം.
ഇതിലേക്കും
ഇതിൽക്കൂടുതലായ പലതിലേക്കും
നിന്റെ വാക്കുകൾ
എന്നെത്തന്നെ പ്രതീകമാക്കി
തൊടുത്തുവിടുന്നു.
നീയൊരിക്കലും
എന്റെ ശരീരത്തിനകത്തുള്ള
മറ്റൊരു ശരീരത്തെ
തിരിച്ചറിഞ്ഞിട്ടില്ല.
ചന്ദ്രൻ
നക്ഷത്രം
അങ്ങനെയുള്ള
ചില വാക്കുകളാൽ
നിന്നിലേക്ക്
പ്രണയം വർഷിക്കാൻ
ഞാൻ ശ്രമിക്കുന്ന
നിമിഷങ്ങളിൽ
അനുഭവപ്പെടുന്നെനിക്ക്
തീവ്രമായ നഷ്ടം.
നീ എല്ലായ്പോഴും
ശരീരമായ് മാത്രം-
ശരീരം മാത്രമായ്
അവശേഷിക്കുന്നു
എന്ന ആ സത്യം
എങ്ങനെ ഞാൻ പറയണം?
2
സ്വാതന്ത്ര്യത്തിന്റെ നിയമം
നിതാന്തനിരീക്ഷണത്തിലാണെന്ന
തോന്നലിൽനിന്ന്
രക്ഷനേടുന്നു കാറ്റിൻ കനിവാൽ
രാസവസ്തുക്കൾ നിറഞ്ഞ കുപ്പികൾ
തൊലിയിഴുകി നദിയിലേക്കൊഴുകുമ്പോഴും
പരിരക്ഷിക്കുന്നുവെന്ന നാട്യത്തിൽ
നിരീക്ഷണങ്ങൾ സമാരംഭിക്കുന്നു
നിരീക്ഷണത്തിന്റെ പേരിൽ
അടിച്ചമർത്തി-
അത്തരത്തിൽ കീഴടക്കി
ഓ... ഒളികാമറകൾ ഇല്ലാത്ത
ഒരിടം ഏതാണ് ബാക്കിയുള്ളത്
പെരുമ്പാതകൾക്ക് തുണിക്കടകൾക്ക്
ആഭരണക്കടകൾക്ക്
കോളേജ് കാമ്പസുകൾക്കുമായി
വർണച്ചെടികളുടെ ചട്ടികളിൽ
പ്രദർശിപ്പിക്കപ്പെട്ട വീടുകൾ...
നിരീക്ഷണവിധേയമാകുന്ന വീട്
അവയെപ്പോലെയുള്ളത്-
സൗന്ദര്യവത്കരിക്കുന്നതിന്
അനുയോജ്യമായി ഒരുക്കുന്നതിന്
അതിന്റെ വളർച്ച തടയുന്നതിന്
എപ്പോഴുമത് വെട്ടിയൊതുക്കപ്പെടുന്നു.
വ്യവസ്ഥതീർക്കുന്ന പദ്ധതികളുടെ
നിരീക്ഷണങ്ങളിൽനിന്ന്
രക്ഷപ്പെടാനാവാതെ
കഴുതകളെപ്പോലെ വിഴുപ്പുകൾ ചുമന്ന്
കഴുത്തിൽ കത്തിമൂർച്ചയറിഞ്ഞ്
ആവശ്യാനുസരണം
മാളങ്ങളിലേക്ക്
ഒഴിവാക്കലുകളില്ലാതെ
അവയെ ആട്ടിപ്പായിക്കുന്നു.
നിരീക്ഷണങ്ങളെ എതിർക്കൽ
അതിനെ ഒഴിവാക്കൽ-
തീർച്ചയായും അതാണ് സ്വാതന്ത്ര്യത്തിന്റെ നിയമം.
നിരീക്ഷണത്തിന്റെ ശക്തമായ ആക്രമണത്തിന്റെ
അതിന്റെ ശിഥിലീകരണത്തിന്റെ
സന്ദർഭങ്ങളെ അടയാളപ്പെടുത്തുക
അഗ്നിസ്ഫുലിംഗങ്ങളാവും.
3
കടംകഥയുടെ ഭൗമകേളി
കമ്പ്യൂട്ടറുകളുടെ
സ്പർശ തിരശ്ശീലയിൽനിന്നുണരുന്ന
സങ്കീർണശൃംഖലയിൽ
നാമ്പിടുകയും വിടരുകയും ചെയ്യുന്ന
റോസാപുഷ്പത്തിന്റെ ദളങ്ങളിൽനിന്ന്
മദിചക്രത്തിലെ പട്ടികൾ
കുതിരക്കുളമ്പടിയുടെ
താളത്തിനനുസൃതമായി
ഇണചേരുകയും
സംഭോഗത്തിന്റെ ആസ്വാദ്യത
അനുഭവിക്കുകയും ചെയ്യുന്നിടത്തുനിന്ന്
അർധരാത്രിയുടെ സമയശൂന്യനാഴികയിൽ
ഇരുൾ ചവക്കുകയും
ആർത്തിയോടെ തിന്നുകയും ചെയ്യുന്നു.
ഇന്റർനെറ്റിൽ
അർധനഗ്നതയുടെ ചിത്രങ്ങൾ
നീല സ്രവിക്കുന്ന വിരലുകളിലൂടെ
തെളിഞ്ഞുമായുന്നു.
അടുത്ത പ്രഭാതത്തിൽ
നേരത്തേയുണരണമെന്ന കാര്യം
ആനന്ദാതിരേകത്താൽ മറന്ന്
മോഹനിദ്രയിലമരുകയാവാം
രാവിൻ കിണർ.
ബാല്യങ്ങളിലെന്നപോലെ
ഗുണങ്ങൾ നഷ്ടപ്പെടുത്തിയും
രശ്മികളിൽ പൂർണമായും
മുങ്ങിത്താഴ്ന്നും
ചരിത്രത്തിന്റെ പതിപ്പുകൾ
നീക്കംചെയ്ത്
അതിന്റെ എല്ലാ മുദ്രകളും
കഴുകിക്കളഞ്ഞും
മണ്ണിനെ കശാപ്പുചെയ്തും
അതിനെ തുപ്പിക്കളഞ്ഞും
കമ്പ്യൂട്ടറുകളിലേക്ക്
കൃഷിഭൂമിയെ തിരുകിക്കയറ്റിയും
നാം കളിക്കുന്നു ഫാംവില്ലെ.
ഭയാനകമായ മുഖംമൂടികൾക്കടിയിൽ
ഒളിഞ്ഞിരിക്കുന്നു
രക്തപങ്കിലമായ സിംഹത്തേറ്റകൾ.
4
സാഗരകന്യക
എന്റെ കഴിവുകൾ
എന്റെ വിനയം
എന്റെ അടിയറവ്
എന്റെ ആസക്തി
ഇവയെല്ലാംതന്നെ
നിന്റെ മെനയലിനു
വിധേയമെങ്കിലും
നീ നിന്റെ തലക്കനം
എനിക്കുമേൽ പതിപ്പിക്കുകയും
എന്നെ ദുർവാശിയുള്ളവൾ
എന്നു വിളിക്കുകയും ചെയ്യുന്നു.
നിന്റെ തീവ്രനൈരാശ്യത്തിന്റെ
പൊത്തുകളിലെല്ലാം
നിറഞ്ഞുകവിയുന്ന
നിന്റെ അസഹിഷ്ണുതയോട്
എല്ലായ്പോഴും രോഷാകുലമാകുന്ന
എന്റെ ഉടലിന്റെ നിഗൂഢരേഖകൾക്കുള്ളിൽ
ചില മത്സ്യങ്ങളെ ഞാൻ നീന്താൻ
അനുവദിച്ചിട്ടുണ്ട്
ഒരുനാൾ
ഞാൻ കുറച്ചു പായലും
വെള്ളാരങ്കല്ലുകളും വെച്ചപ്പോൾ
നീയത് നിഷേധിക്കുകയും
എന്റെ ഉടലിനെ
ഉൾക്കൊള്ളാനുള്ള കഴിവുകേടോടെ
ആഴമുള്ള ഉൾപ്പകയേറ്റി
അകന്നുപോയി.
തുടക്കത്തിൽ ജലകന്യയായിരുന്ന ഞാൻ
അപ്പോൾ ഒരു സാഗരമായ് മാറി
ആ മഹാസാഗരത്തിലിപ്പോൾ
അനേകമനേകം ജീവജാലങ്ങൾ
നീന്തിത്തുടിക്കുന്നു.
5
കിനാവിലെ പ്രതിച്ഛായകൾ
അപ്പോൾമാത്രം അറ്റകുറ്റപ്പണി തീർത്തു
പുതുക്കിയ ദേശീയപാതയിൽ
അവർ കുഴിയെടുക്കുംപോലെ
നീ വരുന്നു; മുന്നറിയിപ്പുകൾ ഇല്ലാതെ.
എന്നിൽനിന്ന് സ്രവിച്ചതത്രയും
തുടച്ചുകളയാൻ ഞാൻ ആലോചിക്കുമ്പോൾ
നാം എത്തിച്ചേരുന്നു ഒരുടമ്പടിയിൽ.
അശാന്തപ്രദേശങ്ങളിൽ
ഉണ്ടാക്കുന്ന സമാധാനസന്ധികൾപോലെ
വളരെ വേഗത്തിൽ അത്
അനാദരിക്കപ്പെടുന്നു.
ഉറപ്പില്ലാത്ത പ്രതീക്ഷകളെ
നമ്മുടെ വികാരങ്ങളുമായി കലർത്തി
തീർക്കുന്നു നാം ഒരു ലേപം.
തളിക്കുന്നു നാമതു നമുക്കുമേൽ
പിന്നെ നീങ്ങുന്നു
കിനാവിലെ പ്രതിച്ഛായകൾപോലെ.
6
മെഡൂസയുടെ മൗനം
രാവിൻ ഹൃദയത്തിൽ
എന്റെ പുണ്ണുകളിൽനിന്നൊലിക്കുന്ന
ചലത്തിലേക്ക്
വിടർന്ന കണ്ണുകളോടെ
നോക്കിയിരുന്നു ഞാൻ
ഉള്ളിലൊരു പ്രളയമെന്നപോലെ
വേദനയെ വളർത്താനും
അതാസ്വദിക്കാനും
ശീലിച്ചിരുന്നു ഞാൻ.
അതെന്നെ കീഴ്മേൽ മറിക്കുകയും
അപ്പോൾ ഒരു ചീറലോടെ
എന്റെ അകമതിലുകളിലേക്ക്
ഞാൻ അതിശക്തമായി
വീഴുകയും ചെയ്തിരുന്നു.
വിചിത്രസ്വഭാവത്തോടെ
ഞാൻ വേദനകളും മുറിവുകളുമായി
ഇണചേർന്നുകൊണ്ടിരുന്നു.
ഒരിക്കലുമവ വടുക്കളാവാൻ
ഞാൻ അനുവദിച്ചതേയില്ല.
നക്ഷത്രങ്ങളെ മറച്ച്
മേഘത്തിന്റെ കമ്പിളിക്കൂട്ടം
എനിക്കൊപ്പം കളിച്ചു.
ആ കേളിക്ക് പക്കവാദ്യമായി
ഏതോ പ്രാചീന വാദ്യോപകരണംപോലെ
നിന്റെ ശബ്ദം മുഴങ്ങി.
നിന്റെ ഗാനത്തിലെ
ഓരോ ശകലവും
എന്നെ കീഴ്പ്പെടുത്തുവാൻ ശ്രമിച്ചു.
തോൽവിയറിഞ്ഞ് അവ
പുതപ്പിൻ കീഴിലേക്ക്
വലിഞ്ഞുകൊണ്ടേയിരുന്നു.
നാഗങ്ങൾ പുളയുന്ന എന്റെയുടലിൽ
മഹാവിസ്ഫോടനത്തിന്റെ
ചിതറലിന്റെ തീക്ഷ്ണത പടരുന്ന
ആ നിഗൂഢനിമിഷത്തിൽ
എന്റെ ശബ്ദം
മേഘങ്ങൾക്കു മുകളിൽ
അലയടിക്കുന്നു.
7
ഭൂമി
എന്റെ ഭൂമി തട്ടിയെടുക്കുന്നതിൽ
ജാഗരൂകരാണ് നിങ്ങളെപ്പോഴും
വിതച്ചവരായിരുന്നില്ല കൊയ്ത്തുകാർ.
അവരതിനു വളംചേർക്കുമ്പോൾ
രഹസ്യമായി
ഹാനികരമായ വസ്തുക്കളാൽ
അതിനെ വിഷമയമാക്കുന്നു.
ഇതല്ലാതെ
വിളവെടുപ്പിൽ മാത്രം
ശ്രദ്ധപുലർത്തുന്ന
ഈ മനുഷ്യർക്ക് മറ്റെന്തു ചെയ്യാനാവും?
ഞാനാണു ഭൂമി
ഞാൻ സ്വയം ജലസേചനം നടത്തുന്നു
ഞാൻ നട്ടുപിടിപ്പിച്ചു ധാന്യങ്ങൾ
എന്റെ വിരലുകളാണ്
എന്റെ തൊഴിൽശേഷി
വിള കൊയ്യാൻ മാത്രമെത്തുന്നവർക്ക്
എന്തു പേർ കൊടുക്കണം?
എനിക്കാവും കളകൾ പറിച്ചെറിയാൻ
എനിക്കറിയാം കളനാശിനികൾ
ഉപയോഗിക്കാൻ
ഞാൻ തീരുമാനിക്കും വളമേതെന്ന്
പക്ഷേ, അധികാരികളുടെ
വാക്കുകളും ഉത്തരവുകളും
അന്തിമം; അനുസരിക്കേണ്ടവ.
ആകയാൽ ഇതാ ഇവിടെ
ലാഭത്തിന്റെ വൻകൃഷി
നടക്കുന്നതെൻ ഭൂമിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.