തോട് എന്നത് ഒരു സൂചനയാണ്
ആഴമത്രയില്ലെങ്കിലും
അത് മുറിച്ചുകടന്ന് വേണം
ഞങ്ങളുടെ *സങ്കേതത്തിലേക്കെത്താന്
ചെളിപറ്റാനും തീട്ടം മണക്കാനും
കുപ്പിച്ചില്ല് തറയ്ക്കാനും
സാധ്യതയുള്ളതിനാല്‍,
പെറ്റിക്കോട്ടിട്ട കൊലുന്നനെയൊരു പെണ്‍കുട്ടി
തോടിനെ മുറിച്ച് കടക്കാന്‍
ചില സൂത്രവാക്യങ്ങള്‍
നിങ്ങള്‍ക്ക് പറഞ്ഞുതരും
മഞ്ഞുവീണ പുല്ലിലൂടെ
ചാണകത്തില്‍ ചവിട്ടാതെ
നിങ്ങള്‍ നടന്ന് തുടങ്ങുമ്പോള്‍
കറുത്തതോടിനെ ചൂണ്ടി
കടലെന്ന് അവള് പറയും
അതിലെപ്പോഴെങ്കിലും വിരിയുന്ന
ആമ്പലുകളാണ് അവളുടെ
വസന്തമെന്ന് മൂക്കുവിടര്‍ത്തും
കണ്ടല്‍ക്കാടുകള്‍ക്കിടയില്‍നിന്ന്
കുറുക്കന് ഓരിയിടുന്നതാണ്
അവളുടെ സംഗീതമെന്ന് താളം പിടിക്കും
നേരംനോക്കാതെ കൂവുന്ന
നെടൂളനിലാണ് മരണത്തെ
ഭയന്നതെന്ന് അവള് കാത്പൊത്തും
കൊള്ളാലോ ഇവളെന്ന നിങ്ങളുടെ
അതിശയക്കുമിളകളെ
മുള്ളന്‍പന്നിയുടെ മുള്ളുകൊണ്ട്
നിർദയം അവള് പൊട്ടിച്ച് കളയും.
അഞ്ച് വീട് കാണിച്ച്
ഇതിലേത് ചേതിയില്പ്പോയിരുന്നാലും
കിട്ടുന്ന വെള്ളത്തിന് ഒരേ ഉപ്പായിരിക്കുമെന്ന്
അവളുറപ്പിച്ച് പറയും.
ഞങ്ങളുടെ ആകാശത്തിനും
വേരിനും കാറ്റിനും കിണറിനും
ഉപ്പിന്റെ ചൂരാണെന്ന്
അവളുറക്കെ കവിത ചൊല്ലും
തിരിച്ച് പോവാന്‍ സമയമായില്ലെങ്കില്‍
ഇനിയും കാതങ്ങള്‍
അവള് നിങ്ങളെ നടത്തിക്കും.
അവളും അവളുടെ ആള്‍ക്കാരും
കുളിക്കുന്ന, കുടിക്കുന്ന, അലക്കുന്ന
വലിയ വീട്ടിലെ പിന്നാമ്പുറത്തെ
ഓലപ്പുരയില്‍
കുളിക്കുന്ന വെള്ളം
പഞ്ചാരവെള്ളം പോലെ കുടിച്ച്
കുമ്പനിറയ്ക്കുന്ന കുട്ടികളെ നോക്കി
കൗതുകത്തോടെ
നിങ്ങള്‍ കണ്ണുനിറയ്ക്കും.
പഞ്ചാരവെള്ളത്തില് ഉപ്പ് ചേര്ക്കല്ലേയെന്ന്
അവള് നിങ്ങളോട് തമാശ ചൊല്ലും.
മടങ്ങിവരുമ്പോള്‍
അവളുടെ അമ്മമാരുടെ
തലയിലും ഒക്കത്തുമായി
തുള്ളിപോലും തുളുമ്പാതെ
വലിയ പാത്രങ്ങള്‍ മുഴച്ച് നില്ക്കും
കുഞ്ഞുപാത്രങ്ങളില്‍
നിറഞ്ഞ് തുളുമ്പിയതെല്ലാം
വഴിയിലടയാളങ്ങളാവും
ഇനിയെത്ര വേനലാവര്ത്തിച്ചാലും
വറ്റാത്ത
ഞങ്ങളുടെ ബാല്യത്തിന്റെ
ജലരേഖകളാണതെന്ന്
അവള് പറഞ്ഞത് പോലെ
നിങ്ങള്‍ക്ക് തോന്നും
നിങ്ങള്‍ കണ്ണിറുക്കി തുറക്കുമ്പോഴേക്ക്
ഒന്ന്
രണ്ട്
മൂന്ന്
വലിയ തറവാടിന്റെ കോണിപ്പടികളില്‍
ചാടിക്കയറി
പാതിയിലേറെയും എണ്ണിക്കഴിഞ്ഞ്
ഉടുമ്പിനെപോലെ തലപൊക്കി
അവളുറക്കെ ഏതോ പേര് വിളിക്കുന്നുണ്ടാവും
‘‘അവളിവിടെയില്ല’’ എന്ന്
തെറിച്ചൊരു വാക്ക്
ആ വീട് അവള്‍ക്ക് നേരെ തുപ്പും
ഒന്ന്
രണ്ട്
മൂന്ന്
കോണിപ്പടികള്‍ ചാടിയിറങ്ങി
തിണ്ടിന്മേല് കേറി
മുള്ളുകള്‍ക്കിടയിലൂടെ *വൈശ്യപ്പൂ പറിച്ച്
പൊട്ടുകുത്തുന്നത് കാണുമ്പോള്‍
പരാതിപ്പെടാനോ പരിഭവിക്കാനോ
അവള്‍ക്ക് സമയമില്ലെന്ന്
നിങ്ങളൂഹിക്കും.
കറങ്ങിത്തിരിഞ്ഞ് തോട്ടിന്കരയില്
അവള് നിങ്ങളെയെത്തിക്കും.
ഈര്ക്കിലിന്റെയറ്റത്ത് കുടുക്കിട്ട്
ഞണ്ടിനെ പിടിക്കുന്ന വിദ്യ
മറ്റാര്‍ക്കും കൈമാറരുതെന്ന ഉറപ്പിൽ
നിങ്ങളോടവള്‍ രഹസ്യം പറയും.
ഞണ്ടിനിടുന്ന കട്ടയില്‍ കേറിത്തൂങ്ങി
അവളെ പറ്റിക്കുന്ന *മെലിഞ്ഞിലിനെ
ശത്രുവിനെയെന്ന പോലെ
നിങ്ങള്ക്കവള് പരിചയപ്പെടുത്തും.
തോടും അവളും
ഭൂപടങ്ങളിലെവിടെയും കാണാത്ത
ഒരു രാജ്യത്തെ നിങ്ങള്‍ക്ക്
സമ്മാനിച്ച് കഴിയുമ്പോള്‍
ഉപ്പുകാറ്റ് നിങ്ങളെ ശ്വാസം മുട്ടിക്കും.
തിരിച്ച് പോവാന്‍ സൂത്രവാക്യത്തിനായി
നിങ്ങളവളെ നോക്കും
അവള് കണ്ണടയ്ക്കും.
നെറുകയില്‍ ഉമ്മ വെക്കാന്‍
നിങ്ങള്‍ കുനിയുമ്പോള്‍
അവിടെയാകെ ഉപ്പുമഴ.
* സങ്കേതം –അഞ്ചോ അതില്‍ കൂടുതലോ SC വീടുകള്‍ ഒരുമിച്ച് വരുന്നതിനെ കുറിക്കുന്നു
* വൈശ്യപ്പൂവ് -Hibiscus diversifolius എന്ന് ശാസ്ത്ര നാമം, പയിശിപ്പൂവെന്നും പ്രാദേശിക ഭേദം
* മെലിഞ്ഞില്‍ -പാമ്പ് പോലെയുള്ള മത്സ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.