മരിപ്പ് നടന്ന വീട്ടിലേക്കാദ്യമെത്തുകഇരിപ്പുറയ്ക്കാത്ത പലജാതി കസേരകളാവും. നടക്കാൻ പറ്റുമായിരുന്നെങ്കിലവ മനുഷ്യർക്കു മുമ്പേ മരണവീട്ടിലെത്തുമായിരുന്നു. എന്നാൽ, അതിനും മുമ്പേയെത്തുക നെഞ്ചത്തടിച്ചാർത്തു കരഞ്ഞ് വടക്കുനിന്നുളള കാറ്റാവും, തീർച്ച മരിച്ചുകിടക്കുന്നവനെ, ഒന്ന് നോക്കി നെടുവീർപ്പിട്ട് അടഞ്ഞ കണ്ണുകളിൽ ചുംബിച്ച് നിശ്ശബ്ദമായ് കരയും കാറ്റ്. പതിയെപ്പതിയെ മരിച്ചവനെ കൈകളിൽ കോരിയെടുത്ത് വന്ന വഴിയേ പായും കാറ്റ്. അവൻ...
മരിപ്പ് നടന്ന വീട്ടിലേക്കാദ്യമെത്തുക
ഇരിപ്പുറയ്ക്കാത്ത
പലജാതി കസേരകളാവും.
നടക്കാൻ പറ്റുമായിരുന്നെങ്കിലവ
മനുഷ്യർക്കു മുമ്പേ
മരണവീട്ടിലെത്തുമായിരുന്നു.
എന്നാൽ,
അതിനും മുമ്പേയെത്തുക
നെഞ്ചത്തടിച്ചാർത്തു കരഞ്ഞ്
വടക്കുനിന്നുളള കാറ്റാവും, തീർച്ച
മരിച്ചുകിടക്കുന്നവനെ,
ഒന്ന് നോക്കി നെടുവീർപ്പിട്ട്
അടഞ്ഞ കണ്ണുകളിൽ ചുംബിച്ച്
നിശ്ശബ്ദമായ് കരയും കാറ്റ്.
പതിയെപ്പതിയെ
മരിച്ചവനെ കൈകളിൽ കോരിയെടുത്ത്
വന്ന വഴിയേ പായും കാറ്റ്.
അവൻ കാണാത്ത കുന്നുകൾ
മുറിച്ചു കടക്കാത്ത പുഴകൾ
അതുവരെ പോകാത്ത കാടുകൾ
ഒക്കെയും താണ്ടിക്കിതച്ച്
താഴ്വാരത്തിലെത്തും.
അവിടെ ചിറകടിച്ച് പറക്കും
പലജാതി പറവകളേയും
തേനുണ്ട് നൃത്തം ചെയ്യും
മഴവിൽ ശലഭങ്ങളേയും കാണിച്ച്
അതേ വേഗതയിൽ
മരിച്ചിടത്തെത്തും കാറ്റ്.
മരിച്ചവന്റെ ചുണ്ടിൽ
പൂവിട്ട പുഞ്ചിരി കണ്ട്
അതിശയിക്കും ഉറ്റവർ.
കുന്തിരിക്ക മണത്തോടൊപ്പം
അതുവരെ ശ്വസിക്കാത്തൊരു ഗന്ധം
അവിടമാകെ ഉലാത്തും...
ചിതയിലേക്കെടുക്കും വരെ
ഉമ്മറത്തെ ചായ്പിലും
തൊടിയിലെ ചാമ്പമരത്തിലും
തലതല്ലിക്കരയും കാറ്റ്.
ഒന്നോ രണ്ടോ ഇലകളെ
മരത്തിൽനിന്നും പൊഴിച്ചിട്ട്
ഒച്ചവെയ്ക്കാതെ വിതുമ്പും.
ചിത കത്തിത്തീരുംവരെ
അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞ്
മറ്റൊരു മരണവീട്ടിലേക്ക്
മിന്നൽ വേഗം കൊള്ളും കാറ്റ്.
കയ്യാലക്കൽ ഇരിക്കുന്ന ഒരു കാക്ക മാത്രം
എല്ലാം അറിഞ്ഞിട്ടെന്നവണ്ണം
ഒന്ന് കരയും
അത്രതന്നെ.
ഒന്നോർത്താൽ,
മരിച്ചവനേയും
മരിപ്പ് നടന്ന വീടിനേയും
കാറ്റിനേക്കാൾ മനസ്സിലാവുന്നതാർക്കാണ്?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.