ഒരു വാഹനത്തിന്റെ ഹോൺ ആ വാഹനമോടിക്കുന്ന മനുഷ്യന് പ്രതിഷേധിക്കാനുള്ള ഏറ്റവും മികച്ച സാധ്യതയാകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? കുറെയേറെ വാഹനങ്ങൾ ഒരു സർക്കാർ വണ്ടിക്ക് പിന്നാലെ ഉച്ചത്തിൽ കൂകിപ്പായുന്നത്, പ്രതിഷേധിക്കാൻ മറ്റ് അവസരങ്ങൾ ലഭ്യമല്ലാത്ത മനുഷ്യർ അവരുടെ ശ്വാസോച്ഛ്വാസംപോലും പ്രതിഷേധിക്കാനുള്ള സാധ്യതയാക്കുന്നത്, നിങ്ങൾ കണ്ടിട്ടുണ്ടോ? ഉണ്ടാകും, കണ്ടിട്ടുണ്ടാകുമെങ്കിലും നിങ്ങൾ കരുതുക ആ മനുഷ്യർ എത്ര അനുസരണയോടെ, അതിലേറെ...
ഒരു വാഹനത്തിന്റെ ഹോൺ
ആ വാഹനമോടിക്കുന്ന മനുഷ്യന്
പ്രതിഷേധിക്കാനുള്ള
ഏറ്റവും മികച്ച സാധ്യതയാകുന്നത്
നിങ്ങൾ കണ്ടിട്ടുണ്ടോ?
കുറെയേറെ വാഹനങ്ങൾ
ഒരു സർക്കാർ വണ്ടിക്ക് പിന്നാലെ
ഉച്ചത്തിൽ കൂകിപ്പായുന്നത്,
പ്രതിഷേധിക്കാൻ മറ്റ് അവസരങ്ങൾ
ലഭ്യമല്ലാത്ത മനുഷ്യർ
അവരുടെ ശ്വാസോച്ഛ്വാസംപോലും
പ്രതിഷേധിക്കാനുള്ള സാധ്യതയാക്കുന്നത്,
നിങ്ങൾ കണ്ടിട്ടുണ്ടോ?
ഉണ്ടാകും,
കണ്ടിട്ടുണ്ടാകുമെങ്കിലും നിങ്ങൾ കരുതുക
ആ മനുഷ്യർ എത്ര അനുസരണയോടെ,
അതിലേറെ സമാധാനത്തോടെ
ജീവിക്കുന്നു എന്നാകും.
അബു എന്ന വൃദ്ധൻ
എന്നോട് ചേർന്ന് ഇവിടെ,
ഈ പാർക്കിലെ ബെഞ്ചിലിരിക്കുന്നു.
അയാൾ പറയുന്നു
സഹോദരാ,
ഈ നാട്ടിലെ മരങ്ങൾ വരെ പ്രതിഷേധിക്കുന്നുണ്ട്
അവ ഒരേ ഋതുവിൽതന്നെ
പതിവില്ലാത്ത വിധം
പലവട്ടം പുഷ്പിക്കുന്നു
ആവശ്യത്തിലധികം കായ്ഫലം തരുന്നു.
പലവട്ടം തളിർക്കുകയും
ഇല പൊഴിക്കുകയും ചെയ്യുന്നു.
അവ ആയുസ്സെത്താതെ മരിക്കാൻ
സ്വയം തയാറെടുക്കുകയാണ്.
നിങ്ങളെ കേൾക്കാതിരിക്കാൻ
മനുഷ്യർ തയാറാകുന്നതുപോലെയാണത്.
ഹോണുകളുടെ ഒച്ച
ബധിരതയിലേക്കുള്ള വഴിയാണ് എന്നറിയാതെയല്ല,
അവർ വാഹനങ്ങളുടെ ഹോണുകളെ
ഇത്രയധികം പ്രണയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.