മൂന്നുകവിതകൾ

1. പാതിരാപ്പാട്ട് ഇരുളിൻ ഘനപടലം ചെറു- മഴയായ് പൊഴിയുന്നൂ... പലതുള്ളിപ്പലതുള്ളി- പ്പെരുമഴയാവുന്നൂ..! ഇരവിൻ തടമാകേ, കര- കവിയുന്നൂ ശോകം... കരയാനും വയ്യാതതി- നരികിൽ ഞാൻ മൂകം! കടലാണെൻ മന,മുള്ളിൽ തിരതല്ലും മൗനം കടലാസുതോണിയിലാ,ണതിലെന്റെ യാനം... മരണത്തിൻ തീരം, അനതിവിദൂരം അരനിമിഷത്തിന്റെ നിശ്വാസനേരം... ഇരുളിൻ ഘനപടലം ചെറു മഴയായ് പ്പൊഴിയുന്നൂ... പല തുള്ളിപ്പലതുള്ളി പ്പെരുമഴയാവുന്നൂ... പുലരാനൊരു താരം അകലത്തില്ലെന്നോ? പുലരിപ്പൊൻവെട്ടം വരുവാനില്ലെന്നോ? അണയും ശുഭകാമന തൻ തിരി നീട്ടി നീട്ടി തുടരും ഞാൻ കാത്തിരി- പ്പിരുളാറുവോളം... തുടരും ഞാൻ കാത്തിരി- പ്പിരുളാറുവോളം..! 2. ഋതുപർവം തനു...

1. പാതിരാപ്പാട്ട്

ഇരുളിൻ ഘനപടലം

ചെറു-

മഴയായ് പൊഴിയുന്നൂ...

പലതുള്ളിപ്പലതുള്ളി-

പ്പെരുമഴയാവുന്നൂ..!

ഇരവിൻ തടമാകേ, കര-

കവിയുന്നൂ ശോകം...

കരയാനും വയ്യാതതി-

നരികിൽ ഞാൻ മൂകം!

കടലാണെൻ മന,മുള്ളിൽ തിരതല്ലും മൗനം

കടലാസുതോണിയിലാ,ണതിലെന്റെ യാനം...

മരണത്തിൻ തീരം,

അനതിവിദൂരം

അരനിമിഷത്തിന്റെ

നിശ്വാസനേരം...

ഇരുളിൻ ഘനപടലം ചെറു

മഴയായ് പ്പൊഴിയുന്നൂ...

പല തുള്ളിപ്പലതുള്ളി

പ്പെരുമഴയാവുന്നൂ...

പുലരാനൊരു താരം

അകലത്തില്ലെന്നോ?

പുലരിപ്പൊൻവെട്ടം

വരുവാനില്ലെന്നോ?

അണയും ശുഭകാമന തൻ

തിരി നീട്ടി നീട്ടി

തുടരും ഞാൻ കാത്തിരി-

പ്പിരുളാറുവോളം...

തുടരും ഞാൻ കാത്തിരി-

പ്പിരുളാറുവോളം..!

2. ഋതുപർവം

തനു പാതിയും കത്തിക്കരിഞ്ഞോരിടവത്തിൻ

മറുപാതി നീ നീരാൽ കുളിർപ്പിച്ചുയിർക്കുക!

ഘനനിർഭരം മേഘാഛാദിതം മിഥുനത്തിൽ

വെയിലിൻ ചൂടുള്ളൊരു ചുംബനമണയ്ക്കുക

കരി കർക്കിടത്തിന്റെ വറുതിപ്പടർപ്പിന്മേൽ

നിറ സൗഭാഗ്യത്തിന്റെ സിംഹസാന്നിധ്യം തൂക!

തിരുവോണത്തിൻ മൂർത്ത മാനന്ദപ്പെരുക്കത്തി-

ന്നവസാനത്തിൽ കന്നിവെയിലായ് ജ്വലിക്കുക

പകലോൻ ജ്വലിക്കുന്ന പകലിന്നോടുക്കത്തിൽ

മുകിലിൻ മുഴക്കമായണയൂ തുലാവർഷം

വ്രതശുദ്ധി തൻ കാല,ത്തകലെക്കിഴക്കിന്റെ

ച്ചുരപാതകൾ താണ്ടി

ശരണാരവത്തിന്റെ തരംഗങ്ങളും പേറി

തരുണാനിലൻ ചാരേ വൃശ്ചിക കാറ്റായെത്തൂ

ധനുമാസത്തിൻ പൂർണചന്ദ്രിക പൊഴിക്കുന്ന

തിരുവാതിര രാവിൽ നീ നിശാസുമമാകൂ

മകരം മഞ്ഞായ്‌ തൂകെ നീ നിന്റെ കാരുണ്യത്താൽ

മലയാളത്തിൻ മനം കുളിരാൽ നിറയ്ക്കുക

പുതുനാമ്പുകൾ സൂര്യപ്രഭക്കു കൈനീട്ടുമ്പോൾ

ചെറുചൂടണയ്ക്കുക കുംഭത്തിൻ നറും വെയ്‌ലെ

കഠിനാതപത്തിന്റെ പടിവാതിലും കട-

ന്നണയും മീനത്തിന്റെ കടുതീപ്പകലുകൾ

അനുതാപമാർന്നു നിൻ കൊടുതാം തീനാമ്പുകൾ

ചെറുതായണയ്ക്കുക വേനലിൻ മഴക്കയ്യാൽ

പുതുവത്സരത്തിന്റെ പടഹധ്വാനത്തോടെ

കണികാണുവാൻ മേടം കൊന്നയായ് പുഷ്പിക്കുക

നറുമാമ്പഴത്തിന്റെ മധുരം നിറയ്ക്കുക

മകരന്ദമൂറുന്ന ചക്കയായ് കൊതിപ്പിക്ക!

3. കലണ്ടർ

ജീവസാന്ദ്രമായിരുന്ന ഒരിടം

ഒരു രാത്രികൊണ്ട് ശവപ്പറമ്പാകുന്നു!

തുടിപ്പകന്ന നാളുകളുടെ

ചതുരക്കല്ലറകൾ..!

ചിലത് ജോലിഭാരത്താൽ കറുത്തവ...

മറ്റു ചിലത് ആഘോഷങ്ങളാൽ തുടുത്തവ...

ചിലത് വിശന്നു കരഞ്ഞവ...

കുടിച്ചു മദിച്ചവ...

ഉറക്കമൊഴിഞ്ഞവ...

കണ്ണീരിന്റെ നനവുണ്ട് ചിലതിന്...

സന്തോഷത്തിന്റെ മധുരം മറ്റു ചിലതിന്...

ചിലതിന് പ്രണയത്തിന്റെ കുളിര്...

പ്രതീക്ഷയുടെ തിളക്കം...

വിരഹത്തിന്റെ മൂകത...

കെട്ടണയുന്നില്ല

ഒന്നും..!

ആരാണ് പറഞ്ഞത്,

മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്ന്?

യു.എസ്​. നാരായണൻ

കവി എന്നതിലുപരി തികഞ്ഞ കാവ്യാസ്വാദകനും സഹൃദയനും സംഘാടകനും കലാസ്വാദകനുമൊക്കെയായിരുന്നു യു. എസ്. നാരായണൻ. കാവ്യാലാപനം തുടങ്ങിയ വേദികളിൽ അദ്ദേഹം മലയാളത്തിലെ മികച്ച കവിതകൾക്ക് പുതിയ ശ്രവ്യാനുഭവം നൽകി. കേരളത്തിലെ കലാ സാഹിത്യ ലോകത്തിന് പ്രതീക്ഷ നൽകിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം അകാലത്തിൽ വിട്ടുപിരിഞ്ഞത്. അദ്ദേഹത്തിന്റെ ലഭ്യമായ കവിതകളും ശ്ലോകങ്ങളും സുഹൃത്തുക്കൾ ചേർന്ന് പ്രസിദ്ധീകരിക്കുന്നു. ആഗസ്റ്റിൽ, കേരള സാഹിത്യ അക്കാദമി ഹാളിൽ, ഒന്നാം ചരമവാർഷിക അനുസ്മരണ ചടങ്ങിൽ സച്ചിദാനന്ദൻ കാവ്യസമാഹാരം പ്രകാശനംചെയ്യും. യു.എസ്. നാരായണന്റെ കാവ്യസമാഹാരത്തിൽനിന്നുള്ള ചില കവിതകളാണ്​ ഇവ. 

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.