കവിയുടെ മരണം -ഷാജു വി.വിയുടെ കവിത

ടെഡി ബിയറിന്റെ

ചിത്രങ്ങളുള്ള തലയിണ.

തലയിണയെ

ആലിംഗനം ചെയ്ത നിലയിൽ

മൃതദേഹം.

ആത്മസമർപ്പണംപോലെ,

തലയിണയിപ്പോളുടലിണ.

ഉറങ്ങിക്കൊണ്ടിരിക്കേ

ദേഹം,

മൃതദേഹമായി പരിണമിച്ചു.

എല്ലാ ദേഹങ്ങളും

മൃതദേഹങ്ങളെ ഒളിച്ചു കടത്തുന്നു.

അവസരം കിട്ടുമ്പോൾ

അവതരിപ്പിക്കുന്നു.

ശരീരത്തിന്റെ

അന്തിമകല.

സ്വയം ത്യജിക്കുമാവിഷ്കാരം.

സാഹസികൻ

വിഗ്രഹഭഞ്ജകൻ

വഴക്കാളി

ഏകാകി

നിത്യസഞ്ചാരി

ഒറ്റയാൻ

സ്ഫോടകവസ്തുക്കൾ നിറച്ച ഭാഷാസഞ്ചിയുമായി

അലഞ്ഞു നടക്കുന്ന കവി,

തലയിണയെ

ആലിംഗനം ചെയ്തുറങ്ങി.

അനന്തരം മരിച്ചു.

കൂട്ടുകാരിലൊരാൾ,

ഒരു കവി

വേറൊരു കവിയുടെ

കാതിൽ രഹസ്യം പറയുന്നത്

ഇനിയുമൊരു കവി

ഒളിച്ചു കേട്ടു:

എന്തൊരശരണത,

വൈകാരികാശ്രിതത്വം,

ഏകാകിത,

യാചന,

നിരാലംബന്റെ ഭീരുത,

തലയിണയുടെ

നെഞ്ചിൽ വെച്ച അഭയാന്വേഷിയായ

കയ്യ് നോക്കൂ.

നാം കാണുന്ന മനുഷ്യരേയല്ല,

അകത്തു പാർക്കുന്നത്.

അകത്തു വസിക്കുന്നവർ

വല്ലപ്പോഴും മാത്രം

ഒളിച്ചും പാത്തും

പുറത്തിറങ്ങും വിചിത്ര ഗൃഹം,

മനുഷ്യൻ.

ഒളിച്ചു കേട്ട കവി

സർവരും

കേൾക്കുമാറുച്ചത്തിൽ

ആത്മഗതം ചെയ്തു:

തലയിണ, കേവലം തലയിണയാകുമോ?

ഇമേജറികളും

പ്രതീകങ്ങളുംകൊണ്ട്

ഭാഷയിലാറാടിയ കവിയാണ്.

ഏകാകിയായ കവി

ടെഡി ബിയറിന്റെ ചിത്രങ്ങളുള്ള

തലയിണയെ

കെട്ടിപ്പിടിക്കുന്നു.

കവിയുറങ്ങുന്നു.

കവി മരിക്കുന്നു.

എന്താണീ

വിചിത്ര മരണത്തിന്റെ അർഥം?

തലയിണ എന്തിന്റെ പ്രതീകമാണ്?

ടെഡി ബിയർ

ആരുടെ പ്രതിനിധാനമാണ്?

തലയിണ കവിതയോ?

കാമിനിയോ?

ആരോ കവി അവസാനമെഴുതിയ

കവിത കണ്ടെത്തി വായിച്ചു:

പൂച്ച

ഒന്നിനെയും പ്രതിനിധാനം ചെയ്യുന്നില്ല.

മേഘവുമതെ,

പൂവിന്റെ കാര്യവും മറിച്ചല്ല.

പൂച്ചയതിന്റെ വർഗത്തെ

പ്രതിനിധാനം ചെയ്യുന്നില്ല.

പൂച്ച അതിൽത്തന്നെ

പല പല പൂച്ചകൾ.

ചിലപ്പോൾ പൂച്ച എലിപോലുമാണ്.

ഓരോ നേരത്തും പലർ

നടിക്കുമരങ്ങ്,

ഉടൽ.

ഉപമകളുമുൽപ്രേക്ഷകളും

രൂപകങ്ങളുമിമേജറികളും

പോയിത്തുലയട്ടെ.

ഭാഷയൊരു തടവറ.

ഒന്നിനെയും പ്രതിഫലിപ്പിക്കാനാവാത്ത

കണ്ണാടി.

നോക്കൂ.

ഒരു മരണം മറ്റൊരു മരണത്തിന്റെയും

തുടർച്ചയോ

ആവർത്തനമോ അല്ല.

ഓരോ മരണവും

മരണം മൗലികമായി പരിശീലിക്കുകയാണ്.

ട്രയലും റിയലും ഒന്ന്.

മരണമൊരു നടിപ്പാണ്.

എന്റെ പ്രകാശനം കൊള്ളാമോ

ഇഷ്ടമായെങ്കിൽ

കരഘോഷങ്ങൾ മുഴക്കൂ എന്നാണ്

ഓരോ മരണവും

ആവശ്യപ്പെടുന്നത്.

അഭിനന്ദിക്കുക,

അതല്ലെങ്കിൽ വിമർശിക്കുക

വിരസമായ് തോന്നുന്നെങ്കിൽ

ഉള്ളിൽത്തട്ടി കോട്ടുവായിടുക.

മരണം

പ്രേക്ഷകരിൽനിന്ന്

അതേ പ്രതീക്ഷിക്കുന്നുള്ളൂ.

മരണസന്ദർശകരിൽച്ചിലർ

കയ്യടിച്ചു.

ചിലരുടെ ചുണ്ടുകൾ

Wow എന്ന മൂന്നക്ഷരം.

ഇനിയും ചിലർ ഉറക്കെക്കൂവി.

പ്രേക്ഷകരപ്രത്യക്ഷരായി.

കല ബാക്കിയായി.

ആരെങ്കിലും

ആ കലാശിൽപം

കത്തിക്കുകയോ

കുഴിച്ചിടുകയോ ചെയ്തേക്കും.

എന്തെങ്കിലും അവശേഷിപ്പിക്കുന്നില്ല

നല്ല കവിത.

അതു പ്രത്യക്ഷമാവുകയും

അപ്രത്യക്ഷമാവുകയും ചെയ്യുന്നു.

മരണവുമതുപോലെ.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.