പൊടുന്നനെ ഒരുനാൾ എന്റെ ആയുസ്സടുത്തേക്കാം. ആത്മാഹുതിയായിരിക്കില്ല. ഹൃദയസ്തംഭനമായിരിക്കും. ചാക്കാലക്കാരും വരേണ്ടതില്ല. വന്നിരുന്നാൽതന്നെ, കടം ചുമന്നു തേഞ്ഞ തോളിലാരും പുഷ്പഹാര ചുമടെടുപ്പിക്കരുത്. പട്ടിണികിടന്നൊട്ടിയ, ഒരുവൻ കാമിച്ചുകളഞ്ഞ, പേറ്റുവരകളില്ലാത്ത, വെളുത്ത പാണ്ടു പായൽപിടിച്ച കറുത്തയുടലിനെ, പൂച്ചെണ്ടുകൾകൊണ്ടു വീർപ്പുമുട്ടിക്കരുത്. ഉടുതുണിക്ക് മറുതുണി- യില്ലാതിരുന്നവൾക്ക് പുതുകോടികളുടെ പശമണം...
പൊടുന്നനെ ഒരുനാൾ എന്റെ ആയുസ്സടുത്തേക്കാം.
ആത്മാഹുതിയായിരിക്കില്ല.
ഹൃദയസ്തംഭനമായിരിക്കും.
ചാക്കാലക്കാരും വരേണ്ടതില്ല.
വന്നിരുന്നാൽതന്നെ,
കടം ചുമന്നു തേഞ്ഞ
തോളിലാരും
പുഷ്പഹാര ചുമടെടുപ്പിക്കരുത്.
പട്ടിണികിടന്നൊട്ടിയ,
ഒരുവൻ കാമിച്ചുകളഞ്ഞ,
പേറ്റുവരകളില്ലാത്ത,
വെളുത്ത പാണ്ടു പായൽപിടിച്ച കറുത്തയുടലിനെ,
പൂച്ചെണ്ടുകൾകൊണ്ടു വീർപ്പുമുട്ടിക്കരുത്.
ഉടുതുണിക്ക് മറുതുണി-
യില്ലാതിരുന്നവൾക്ക്
പുതുകോടികളുടെ പശമണം
തേട്ടലുണ്ടാക്കുമെന്നോർമ വേണം.
സ്നേഹം കടുക്മണിക്ക്
കടം തരാതിരുന്നവരാരും,
നെറ്റിമേൽ അന്ത്യചുംബന
വർഷം പൊഴിക്കരുത്.
എണ്ണകാണാത്ത,
അകാലനര ബാധിച്ച,
തലനാരിഴകളെ തഴുകരുത്.
രക്തയോട്ടം നിലച്ച
ഹൃത്തടങ്ങൾ, വീണ്ടും നുറുങ്ങുമാറാരും
നിലവിളിക്കരുത്.
തീച്ചൂളയിൽ പ്രാണനെയേറ്റി നടന്നവളെ,
വെയില് തൊടാതിരിക്കാൻ നീലപ്പടുത വലിച്ചുകെട്ടരുത്.
മണിയനീച്ചകൾ ചെകിടിൽ
ഹാജരു പറയുന്നതിനൊപ്പം,
കണ്ണീരിലുപ്പുള്ളവരുടേം ഇല്ലാത്തവരുടേം
പേരുകളെന്നോട് പിറുപിറുക്കുന്നുണ്ടാവും.
എന്നെ അഗ്നിശുദ്ധി വരുത്തേണ്ടതില്ല.
കരിപുരണ്ട കറുപ്പാണ്,
മെഴുപുരണ്ട മേലാണ്,
എങ്കിലും,
ഉള്ളൊരു തണൽമരമായിരുന്നു.
മരച്ചില്ലകൾ എന്നോടൊപ്പം
കത്തിയമരുമ്പോൾ,
മുറിവ് വേദനിക്കുന്ന വടവൃക്ഷമുണ്ടാവാതിരിക്കാനായി,
എന്നെ ദഹിപ്പിക്കേണ്ടതില്ല.
‘ശുദ്ധി’ വെറും കെട്ടുകഥയാണ്.
മരപ്പെട്ടിപോലും വേണ്ടതില്ലെനിക്ക്,
കയറിൽ കെട്ടിതൂക്കിയ ഇറയത്തെ തഴപ്പായയിൽ
നഗ്നയായ് പൊതിഞ്ഞുകെട്ടി,
നാലടി മൺകുഴിയിലിറക്കി,
ചാറ്റൽ മഴപോലെ മെല്ലെ
ഉടലുതൊട്ടു കന്നിമണ്ണ് പെയ്യിച്ചു, പെയ്യിച്ചുറക്കണം.
ഒടുവിൽ,
പൂഴിമല കെട്ടിപ്പൊക്കണം.
നടുവിലായി,
വരിക്കപ്ലാം തൈ നടണം.
മണ്ണു വിഴുങ്ങിയ മേനി
എന്റെ വിയർപ്പുണ്ടവരെപ്പോലെ
പുഴുക്കൾ ആഹാരമാക്കട്ടെ.
മരവേരുകൾ
എന്റെയസ്ഥിയെ ചുറ്റിപ്പിണരട്ടെ.
ഇലകാണാതെ കായിച്ചവ പക്ഷികളുണ്ണട്ടെ.
ആണ്ടറുതിക്കു തെണ്ടിപ്പിള്ളേർ
ചക്കക്കുരു ചുട്ടുതിന്നട്ടെ.
ശേഷക്രിയ നടത്തരുത്.
ജീവൻ നനക്കാതിരുന്നിടത്തു,
മരണാനന്തരം വളമെറിയേണ്ടതില്ല.
ചാവുകിളി ചാക്കാല
ചൊല്ലുന്ന നേരത്ത്,
ഈ ഭൂമിയിൽനിന്ന്
ഞാൻ
ബന്ധം വേർപിരിയും.
യാത്രയയപ്പ് വേണ്ടത്
തിരികെ വരേണ്ടവർക്കാണല്ലോ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.