കറുത്തമ്മത്തെയ്യം

‘‘പത്ത് രൂപയ്ക്കെട്ട് ചാള അക്കേ, പത്ത് രൂപയ്ക്കെട്ട് ചാള’’ അടുക്കളപ്പുറത്തൊരു കടൽവിളി, കറുത്തമ്മത്തെയ്യം കാക്ക ചിലമ്പൊലി, ‘‘പത്തുക്ക് പത്ത്വന്നെ വേണം’’ മുഖത്ത് ‘‘അല്ല്വെച്ചാ വേണ്ടെ’’ന്ന മ്ലേച്ഛം, കടലിന്റെ വറുതിയെ പുലയാട്ടിച്ചാരുന്ന കതകിന്റെ മറവിലൊരു ‘തറവാടി’ നെയ്ച്ചാള. ചളുങ്ങിയ ചരുവം ചുറ്റി പൊട്ടിട്ട നെറ്റിചുളിവ്... ‘‘കടപ്പുറത്ത് കെടന്നോളേ എടുക്കെടി മത്തി പത്തെന്ന’’ അഹമ്മതി. കൊരവള്ളി കീറുന്ന ചൂണ്ടനോവ് കറിച്ചട്ടി എറിഞ്ഞുടച്ച് കനലിൽ കറിക്കത്തി രാകി മീൻചരുവത്തിലൊരു കടലും ചുമന്നോണ്ട് അന്നൊരു ഓട്ടവാരുന്ന്. തല നനച്ച് തിരയുടെ കുത്തൊഴുക്ക് മേലാകെ തിര... ഉള്ളാകെ തിര തിരയോ തിര......

‘‘പത്ത് രൂപയ്ക്കെട്ട് ചാള

അക്കേ, പത്ത് രൂപയ്ക്കെട്ട് ചാള’’

അടുക്കളപ്പുറത്തൊരു കടൽവിളി,

കറുത്തമ്മത്തെയ്യം

കാക്ക ചിലമ്പൊലി,

‘‘പത്തുക്ക് പത്ത്വന്നെ വേണം’’

മുഖത്ത് ‘‘അല്ല്വെച്ചാ വേണ്ടെ’’ന്ന മ്ലേച്ഛം,

കടലിന്റെ വറുതിയെ

പുലയാട്ടിച്ചാരുന്ന

കതകിന്റെ മറവിലൊരു

‘തറവാടി’ നെയ്ച്ചാള.

ചളുങ്ങിയ ചരുവം ചുറ്റി

പൊട്ടിട്ട നെറ്റിചുളിവ്...

‘‘കടപ്പുറത്ത് കെടന്നോളേ

എടുക്കെടി മത്തി പത്തെന്ന’’ അഹമ്മതി.

കൊരവള്ളി കീറുന്ന ചൂണ്ടനോവ്

കറിച്ചട്ടി എറിഞ്ഞുടച്ച്

കനലിൽ കറിക്കത്തി രാകി

മീൻചരുവത്തിലൊരു

കടലും ചുമന്നോണ്ട്

അന്നൊരു ഓട്ടവാരുന്ന്.

തല നനച്ച് തിരയുടെ കുത്തൊഴുക്ക്

മേലാകെ തിര...

ഉള്ളാകെ തിര

തിരയോ തിര...

*ആമ്പൽ മുതൽ *അഴിക്കൊമ്പൻ വരെ

ചിലത് പതുങ്ങിവന്നുള്ള് നനയ്‌ക്കും

കടൽപോലുമറിയില്ല പോയതും വന്നതും.

കൊമ്പന്മാരാകട്ടെ മേലൊപ്പം കേറും

ചിലയ്‌ക്കും, നനയ്‌ക്കും, കിതയ്‌ക്കും

പിന്നെ മുങ്ങിപ്പൊങ്ങും മറ്റൊരു തീരം തേടി

വായിലും മേലിലും

ഉപ്പും തരികളും ബാക്കിയാക്കി.

ഓർമകളുടെ വലയിൽ

കുടുങ്ങിയിറുകിയ

കടലിൽ കുറുകുന്ന ഉപ്പ്

വിയർപ്പിലും കണ്ണീരിലും

രസത്തിൻ പരാഗങ്ങൾ.

ചാകരക്കാലത്ത്

കുടംപുളിയിട്ട് കൊഴമ്പനെയെടുത്ത

തെരണ്ടി കറിയിലെ മീനിന്റെ

ഉളുമ്പ് മണം, മേനിയാകെ

തൊടുന്നടുത്തൊക്കെയും

നെയ്യിന്റെ മണവും വഴുവഴുപ്പും

തെക്കൻ നീറ്റിലെ തോണിപ്പാതയിൽ

കുടുങ്ങിവീണത്, നൂറ് മത്തി.

*കമലപ്പരുന്തിന്റെ കാലിൻകുടുക്കിൽ

കൊരുത്ത് മോക്ഷം തേടി, കുഞ്ഞൻ മത്തി

കെട്ട്യോന്റെ മീങ്കണ്ണിൽ

മത്തിയെണ്ണം കൃത്യം

‘‘മീനായ മീനെല്ലാം നങ്കിൻ പൊറത്ത്’’

‘ചൊല്ലി’ൽ കടൽച്ചൊറി പാതിരായി പടരുന്നു

മഴയും വെയിലും കാക്കാൻ അടുപ്പുകല്ലിൽ മേലാപ്പ്

ഊതിയാറ്റുമ്പോൾ കാളുന്ന പട്ടിണിത്തീ

കടലേ നീല കടലേ

മീൻ ലേലക്കാരന്റെ ചുണ്ടിലെപ്പോഴും

നാണയപ്പാട്ടും തുട്ടും

കണ്ണിലെപ്പോഴും

വെലക്ക് വാങ്ങിയ കടലും...

ഓടിയോടി കൂരക്ക് മുമ്പിൽ

കടലിനെ ഇറക്കിവെച്ചപ്പോ

പെരുവിരലീന്നൊരു തരിപ്പ്.

കടലിനെ ഞാൻ ചുമന്നതോ

അതോ കടൽ എന്നെ ചുമന്നതോ?

Tags:    
News Summary - madhyamam weekly poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.