ശിക്ഷ കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ
ചുള്ളിക്കമ്പെറിഞ്ഞ നാരായണിയെ
ഞാൻ ചെന്ന് പെണ്ണു കണ്ടു
എന്റെ ജാതകത്തിൽ
ചൊവ്വയും ശനിയും
കുടുംബമായി താമസിക്കുന്ന കാലമാണ്
അവർക്കു ശല്യമാവാതെ
കൊച്ചിയിലേക്കോ മദ്രാസിലേക്കോ
വണ്ടികേറാമെന്ന് പറഞ്ഞു
അവസ്ഥയറിഞ്ഞപ്പോൾ
നാരായണിയും സമ്മതിച്ചു.
കെട്ടുകഴിഞ്ഞന്നു രാത്രി
ഞാനൊന്ന് കെട്ടിപ്പിടിക്കുന്നതിൽ
എതിർപ്പുണ്ടോയെന്ന് തിരക്കി
നാരായണി പറഞ്ഞു:
കെട്ടിപ്പിടിച്ചാൽ മാത്രം പോര.
പണ്ട് ജയിലിലായിരുന്നപ്പോൾ
ഞാനെന്നും സ്വപ്നത്തിൽ
ഒരു മുള്ളൻപന്നിയെ കെട്ടിപ്പിടിച്ചാ
ഉറങ്ങാറ്…
മുള്ളൻപന്നിയോ?
അതെ.
ഉണരുമ്പോൾ വീണുകിടക്കുന്ന
അതിന്റെ മുള്ളുകൾ ചേർത്ത്
ചുള്ളിക്കമ്പുകളുണ്ടാക്കും
ആ മുള്ളുകളത്രയും
അതിന്റെ ചുണ്ടുകളായിരുന്നു
അത്ഭുതം!
ഒരു മനുഷ്യൻ മാത്രം
അതെടുത്ത്
ഉമ്മവെച്ചുമ്മവെച്ച്
പൂന്തോട്ടമുണ്ടാക്കി
അതിന്റെ മണം വിട്ടുപോകുന്നില്ല
എനിക്കത് പ്രസവിച്ച് കളയണം.
നിങ്ങൾ സഹായിക്കുമോ ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.