ഒരു അക്ഷരത്തെറ്റിന് പറയാനെന്തുണ്ട്?
ആരും വായിക്കാനിഷ്ടപ്പെടാത്ത
ആത്മകഥയുടെ നൊമ്പരം മാത്രം.
മൃതിയിൽ ലയിച്ച അക്ഷരത്തെറ്റിന്റെ
പരിഭവം കേൾക്കാനാരുണ്ട്?
ശകാരവർഷം തീമഴ പെയ്ത
വിറങ്ങലിച്ച അധ്യായം മാത്രം.
പഠിക്കാൻ മടികാണിച്ചവന്റെ, പുസ്തകത്തിൽ
അക്ഷരത്തെറ്റായി ഞാൻ ജന്മമെടുത്തു.
അധ്യാപകന്റെ തൂലിക ചുവന്ന മഷിയിൽ
എനിക്കുചുറ്റും കോട്ടമതിലുകൾ തീർത്തപ്പോൾ
രക്ഷകനായി വരേണ്ടവൻ, തോറ്റു പിന്മാറി.
ശരിയുത്തരങ്ങൾ എന്നെ പുറംതള്ളിയപ്പോൾ
ഒളിക്കാൻ താവളമില്ലാതെ, പലവുരു
ഞാൻ പിടഞ്ഞുമരിച്ചു.
തിരസ്കരിക്കപ്പെട്ടവന്റെ വേദന,
അലങ്കാരമാക്കാൻ കാലം എന്നെ പഠിപ്പിച്ചു.
പത്താവർത്തി എഴുതാൻ ശിക്ഷിച്ച നേരത്തും
നിന്റെ അശ്രദ്ധയിൽ, എന്നെ നീ ശപിച്ചു
വെട്ടി മുറിവേൽപിച്ചു, അംഗവിച്ഛേദനം നടത്തി
എന്നെ വിരൂപയാക്കി.
പാപം ചെയ്യുന്നവർ കല്ലെറിയുന്ന-
യീ യുഗത്തിൽ, നിന്റെ ശിക്ഷ ഏറ്റുവാങ്ങാൻ,
വേദപുസ്തകത്തിന്റെ ഏത് അധ്യായമാണ്
നിനക്ക് പ്രചോദനം നൽകിയത്?
കാഴ്ചയുണ്ടായിട്ടും അന്ധനായവൻ നീ,
നിന്റെ ഏകാഗ്രത വിഭ്രാന്തികൾക്ക്
പണയപ്പെടുത്തിയപ്പോൾ,
എന്നെ ശപിച്ചതെന്തിന്?
കാലം കഥയെഴുതിയ ജന്മത്തിന്റെ താളുകൾ
മറവിയുടെ മാറാല തുടച്ചുമാറ്റി നോക്കുമ്പോൾ
അക്ഷരത്തെറ്റുകളിൽ തോറ്റ ജീവിതം
ചോദ്യചിഹ്നത്തിന്റെ തൂക്കുകയറിൽ ആടിയുലയുന്നു.
അജ്ഞതയുടെ ഇരുട്ടു നീക്കാൻ
നിയോഗിക്കപ്പെട്ട ഗുരുക്കന്മാരെല്ലാം
പുതിയ ശിഷ്യരെ തേടി
യാത്ര പുറപ്പെട്ടിരിക്കുന്നു.
അക്ഷരത്തെറ്റില്ലാതെ അച്ചടിശാലകളിൽ നിന്നു-
മൊഴുകിയെത്തുന്ന ഗ്രന്ഥങ്ങളിൽ,
അവകാശികളുടെ അഹങ്കാരം, അലങ്കാരമാകുന്നു.
തെറ്റുതിരുത്തിയ യന്ത്രങ്ങൾക്ക്
പാരിതോഷികം ആര് നൽകും?
അക്ഷരത്തെറ്റില്ലാതെ എഴുതിയ ജാതകം
ഒരു വലിയ അക്ഷരത്തെറ്റായി തീരുമ്പോൾ
ആയുസ്സ് തീറെഴുതി നൽകിയ ഭാഗപത്രത്തിലെ
നക്ഷത്രങ്ങളെ സാക്ഷിയാക്കി
പ്രയാണം തുടരുമ്പോൾ,
ഒരു സത്യം മനസ്സിലാക്കുന്നു.
അക്ഷരത്തെറ്റുകൾക്കുമുണ്ട് ആരുമറിയാത്ത കഥകൾ,
പറയാതെപോകുന്ന കുറെ കടങ്കഥകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.