കാവുംഭാഗത്തെ കേളുകൊച്ചാട്ട൯
‘ഉച്ചയ്ക്ക് മുമ്പെ ഉച്ചതിരിഞ്ഞു.’
മുറ്റത്തെ മൂപ്പിലാ൯ നെല്ലിച്ചോട്ടിൽ
ഇച്ഛയിമാരെല്ലാം സൊറ പറഞ്ഞിരുന്നു.
‘‘കേളുകൊച്ചാട്ടന്റെ പൊറുതിക്ക്,
നാടുമൊഴവൻ ആണുങ്ങളൊണ്ട്.’’
അമ്മിണിയിച്ഛയി ചിറിയിലെ വെറ്റനീര്,
തോർത്തോണ്ടു തൊടച്ചു.
‘‘കനാലുപണിക്ക് വന്നേരം
രാമന്റടുത്തൂന്ന് മാറുന്നില്ലാരുന്നു.’’
ലീലച്ഛായിയടക്കം പറഞ്ഞു.
‘‘കൊയത്തിന്റന്നെല്ലാം
കോവാലനെയാരുന്നു നോട്ടം.’’
മണിയിച്ഛയി ചുറ്റും നോക്കി കുറുകി.
‘‘എറങ്ങിനെടാ എന്റെ മുറ്റത്തൂന്നു എല്ലായെണ്ണവും.’’
വെള്ളപുതച്ചു കിടക്കുന്ന
കേളുകൊച്ചാട്ടനലറി.
കൂട്ടികൊണ്ടുപോകാൻ വന്ന,
അപ്പനപ്പൂപ്പന്മാരു ചിരിച്ചു.
കൊച്ചുങ്ങളെല്ലാം
ചരലിനിടയിൽ കൊഴിഞ്ഞ നെല്ലിക്ക
തെരഞ്ഞു.
കേളുകൊച്ചാട്ടന്റെ പൊറുതി,
വീണ്ടും വീണ്ടും പിഴയ്ക്കുമെന്നോർത്തവരെല്ലാം
പിറുപിറുത്തു.
കനവുകളിൽ,
അവരിലെ പെണ്ണുങ്ങൾ
കേളുകൊച്ചാട്ടനു പായ വിരിച്ചവരും
ആണുങ്ങൾ കറുമ്പിയിച്ഛയിക്കിരുട്ടിൽ,
മുറുക്കാൻ വച്ചവരുമായിരുന്നു.
തോട്ടുവെള്ളത്തിന്റിടയിലെ
തണുപ്പുകുടിച്ചു ചില്ലുകുപ്പിക്കുള്ളിൽ
കൊല്ലങ്ങളുറങ്ങിയ വീഞ്ഞുപോലെ,
കൊറോനും കൊറത്തിയു-
മെന്നും രാത്രിക്ക്
പതഞ്ഞു പൊന്തുമാരുന്നു.
ഇന്നുവരെയാർക്കും കഴിയാത്തവണ്ണം,
ഉടുമുണ്ടിന്റെ ചൂടുപറ്റി-
യവർ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ,
കറുമ്പിയുടെ ദുർനടപ്പ്
കേട്ടുകേൾവികൾ ചൊല്ലി
ഊറിചിരിച്ചുറങ്ങിയിരുന്നു.
ഉറ്റവരും ഉടയവരും പെറ്റപൈതങ്ങളേതുമില്ലാത്ത കറുമ്പി,
അടക്കത്തിനു വന്നവർക്കെല്ലാം
കഞ്ഞി വിളമ്പാൻ ദേഹണ്ണിച്ചു.
മീൻ ചിതമ്പലോളം പോന്ന താലി,
കറുത്ത ചരടിൽ മിന്നി.
ചാവെടുക്കാൻ നേരം
കറമ്പി അരികത്തു വന്നു പറഞ്ഞു,
‘‘കൊച്ചാട്ടൻ പേടിക്കാതെ പൊക്കോ.
ഇവന്മാർക്ക് മറുപടി പറയുന്നത് എന്റെ അരിവാളും,
അവളുമാർക്ക് എന്റെ നാവുമായിരിക്കും.’’
അപ്പൂപ്പന്മാരുടെ പുറകെ
ഒതുങ്ങി ചിരിച്ചോണ്ട് കേളു
തിരിഞ്ഞുനോക്കി നടന്നു.
കെട്ടിപ്പിടിക്കാതെയുറങ്ങാൻ കഴിയാത്തയന്നു രാത്രി
കേളൂന്റെ പൊറുതി,
മുറ്റത്തെ നെല്ലിമരത്തെ വട്ടംപിടിച്ചു,
പുതുമണ്ണിൽ കുഴിച്ചുവെച്ച
തെങ്ങുംതൈയിലകളനങ്ങുന്നതും നോക്കി നിന്നു.
അടഞ്ഞ നെല്ലിയിലകൾക്കിടയിൽനിന്നും,
രാവു മെല്ലെ പൊഴിച്ചിട്ടു.
നിലാവും നെല്ലിക്കയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.