നീലിം കുമാര്‍ അസമീസ് ഭാഷയിലെ മധ്യതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ കവിയാണ്. മുന്‍ഗാമികളായ നീല്‍മണി ഫൂക്കന്, നവകാന്ത് ബറുവാ എന്നിവരുടെ ഭാവുകത്വങ്ങളെ നീലിം കുമാര്‍ സമന്വയിക്കുന്നുണ്ട്.
ഒരേസമയം ഉള്ളിലേക്കും പുറത്തേക്കും നോക്കുന്ന കവിതകളാണവ. ചരിത്രം, പുരാണം, ആഗ്രഹം, പ്രണയം ഇതെല്ലാം നീലിം പ്രമേയമാക്കുന്നുണ്ട്. കാൽപനികതക്കും ആധുനികതക്കും ഇടയിലെവിടെയോ ആണ് അവയുടെ പൊതുഭാവുകത്വമെന്നു പറയാം. ഒപ്പം, യാഥാർഥ്യത്തിനും സ്വപ്നത്തിനും ഇടയിലൂടെ നീങ്ങുന്നവയുമാണ് പല കവിതകളും. ചരിത്രത്തെക്കാള്‍ പഴയ ഒരു തീവണ്ടിയില്‍ സഞ്ചരിക്കുന്ന, വായനക്കാരുടെ കവിയായാണ് നീലിം സ്വയം വിശേഷിപ്പിക്കുന്നത്. വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രം സ്നേഹമാണെന്ന് കവി പറയുന്നു.
''കൊടുങ്കാറ്റിനും മഴക്കും എത്താനാകാത്ത, നീലപ്പതാകപോലെ തിളങ്ങുന്ന, താഴ്വരയിലേക്കാണ്" തന്റെ കവിതകള്‍ വായനക്കാരെ കൊണ്ടുപോകുന്നതെന്ന് നീലിം കുമാര്‍ പറയുന്നു. അനേകം ഇന്ത്യനും വിദേശിയുമായ ഭാഷകളില്‍ നീലിമിന്റെ കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇരുപത്തിയാറ് കവിതാസമാഹാരങ്ങളും മൂന്നു നോവലുകളും (അവയിലൊന്ന് നോവെല്ലകളുടെ സമാഹാരമാണ്) ഒരു ഗദ്യരചനയും നീലിം കുമാറിന്റേതായുണ്ട്; ഹിന്ദിയിലും ഇംഗ്ലീഷിലും മൂന്നുവീതം പരിഭാഷാ സമാഹാരങ്ങളും ബംഗാളിയില്‍ ഒരു സമാഹാരവുമുണ്ട്.
ഡല്‍ഹിയിലെ Red River ഇൗയിടെ പ്രസിദ്ധീകരിച്ച 'I'm Your Poet' ( 'ഞാന്‍ നിങ്ങളുടെ കവിയാണ്'; വിവ. ദിബ്യജ്യോതി ശര്‍മ) എന്ന തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരത്തില്‍നിന്നാണ് ഈ കവിതകള്‍.
1. എന്താണ് കവിത?
എന്താണ് കവിത?
പ്രണയിക്കും മുമ്പേ നഷ്ടപ്പെട്ട ഒരു കാമുകി?
ഒരു മൂളലിനെ പാട്ടാവാന്‍
പ്രേരിപ്പിക്കുന്ന രണ്ടു ചുണ്ടുകള്‍?
പാതിയും പുഴുതിന്ന ഒരു വിത്ത്
വീണ്ടും ജീവിക്കാനാഗ്രഹിക്കുന്ന ഒരുപിടി മണ്ണ്?
ഒന്നിലും ശ്രദ്ധ ഉറച്ചുനില്‍ക്കാത്ത ഒരു പക്ഷി?
കിണറില്‍നിന്ന് ഉയരാന്‍ കൂട്ടാക്കാത്ത ഒരു ബക്കറ്റ്?
കാട്ടുപൂക്കള്ക്കടിയില് ഉറങ്ങാന്‍ പോകുന്ന ഒരു നദി?
എന്താണ് കവിത?
ഉപ്പു തിന്നാന്‍ കൊതിക്കുന്ന ഒരു പുല്‍പ്പരപ്പ്?
ദൈവം ചെയ്ത മനോഹരമായ ഒരു പാപം?
സ്വന്തം ജഡവുമായി ചിതയിലേക്കുള്ള യാത്ര?
ഒരു യാചകന്റെ കീറയുടുപ്പില് കുരുങ്ങിപ്പോയ കാറ്റ്?
പൊതിഞ്ഞുകെട്ടിയ ഒടിഞ്ഞ കാലിന്റെ യാത്ര?
എന്താണ് കവിത?
ആര്‍ക്കും അറിയില്ല.
അത് വേട്ടക്കാരന്റെ കൂരമ്പേറ്റു മരിക്കാന്‍ കിടക്കുന്ന
ഒരു പേടമാനിന്റെ കണ്ണുകളില്‍
പ്രതിഫലിക്കുന്ന സൂര്യനാണോ?
അല്ല. തീര്‍ച്ചയായും അല്ല.
അല്ലേയല്ല.
എന്താണ് കവിത?
പുരുഷന്മാര് പുരുഷന്മാരും സ്ത്രീകള്‍ സ്ത്രീകളും ആണെന്ന്
മറക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന ഒരു ഭാഷ?
എന്താണ് കവിത?
കല്ലുകള്‍ പരസ്പരം ആശ്ലേഷിക്കുമ്പോള്‍
പിറവി കൊള്ളുന്ന മരണം?
2. സ്വപ്നങ്ങളുടെ തീവണ്ടി
പുരാതനമായ ഒരു തീവണ്ടിയില്‍
ഇതാണ് ഞങ്ങളുടെ യാത്ര,
ഭൂമിയില്‍നിന്ന് സ്വർഗത്തിലേക്കും നരകത്തിലേക്കും.
എന്റെ അച്ഛന് സ്വര്‍ഗസ്ഥനാണ്,
അമ്മയുമതെ.
പിന്നെ മുത്തശ്ശനും മുത്തശ്ശിയും
മുതുമുത്തശ്ശനും മുതുമുത്തശ്ശിയും.
സ്വർഗത്തില്‍നിന്ന് നരകത്തിലേക്ക്
ഒരു ഒറ്റവരിപ്പാളമാണ്
അങ്ങോട്ടും ഇങ്ങോട്ടും
ഇങ്ങോട്ടും അങ്ങോട്ടും
ഭൂമി ഒരു ജങ്ഷന്.
ഞങ്ങളുടെ തീവണ്ടി ശബ്ദത്തിന്റെ വേഗത്തില്‍
ഭൂമിയുടെ മുകളില്‍ പറക്കുന്നു
പല കടലുകള്‍ കടന്ന്, പല മരുഭൂമികള്‍ കടന്ന്,
പല കാടുകള്‍ കടന്ന്, കാര്‍ബണ്‍ കാലടികള്‍ വിട്ട്,
ചുഗ്-ചുഗ്, ചുഗ്-ചുഗ്... ചരിത്രത്തെക്കാള്‍
പുരാതനമായ ഒരു തീവണ്ടി.
യാത്രയുടെ അവസാനം,
വിവരിക്കാനാകാത്ത ഏതോ സമയത്ത്
ഞങ്ങള്‍ സ്വർഗത്തില്‍ എത്തുന്നു
അച്ഛനമ്മമാരെ കണ്ടുമുട്ടുന്നു,
പിന്നെ കാരണവന്മാരെ.
അമ്മ എന്നെ എടുത്തു മടിയിലിരുത്തുന്നു
എന്നിട്ട് പറയുന്നു, സ്വർഗത്തില്‍ ഒരു സമാധാനവുമില്ല
സ്വര്‍ഗം ഭൂമിപോലെ തന്നെ.
സ്വർഗത്തിലെ വെളിച്ചം ഭേദിച്ച്
ഞങ്ങളുടെ വണ്ടി താഴേക്കിറങ്ങുന്നു,
സര്‍പ്പംപോലെ, അതിവേഗം,
ഒരു വലിയ കുഴിയിലൂടെ നരകത്തിലെത്തുന്നു
ആത്മഹത്യ ചെയ്ത എന്റെ അനിയത്തി
അവിടെയാണ്. വെടിയുണ്ട കൊന്ന
എന്റെ വിപ്ലവകാരിയായ ചങ്ങാതിയും.
നരകത്തിന്റെ ഇരുട്ടില്‍
ഞാന്‍ എന്റെ അനിയത്തിയെ ഉമ്മവെക്കുന്നു,
സുഹൃത്തിനെ ആശ്ലേഷിക്കുന്നു
അവരും പറയുന്നു,
നരകത്തില്‍ ഒരു സമാധാനവുമില്ല,
നരകം ഭൂമിപോലെ തന്നെ.
സ്വര്‍ഗം ഭൂമിപോലെ
നരകം ഭൂമിപോലെ
ഭൂമിക്കപ്പുറം ഭൂമി
മോക്ഷത്തിന്നപ്പുറം ഭൂമി
നരകത്തിലെ ഇരുട്ട് ഭേദിച്ചു
ഞങ്ങള്‍ ഭൂമിയിലേക്ക് കയറുന്നു
ചരിത്രത്തിനെ ഈ വശത്തു നിന്ന്
ആളുകള്‍ക്ക് മറുവശത്തേക്ക്
സഞ്ചരിക്കുവാന്‍ ഒരു ഒറ്റവരിപ്പാളം
ചരിത്രത്തെക്കാള്‍ പ്രാചീനമായ വണ്ടിയില്‍
ഞങ്ങള്‍ ചരിത്രത്തിലൂടെ സഞ്ചരിക്കുന്നു.
ഒടുവില്‍ ഞങ്ങളുടെ വാച്ചില്‍
വര്‍ത്തമാനകാലം കണ്ടു
ഞങ്ങള്‍ വണ്ടിയില്നിന്നിറങ്ങുന്നു
യാത്രാപരിപാടിയില്‍ ഞങ്ങള്‍ക്ക്
വര്‍ത്തമാനകാലത്തേക്കാള്‍ പുതിയ
ഒരു വണ്ടിയിലുള്ള യാത്ര കൂടിയുണ്ട്–
ഭാവിക്കും അപ്പുറമുള്ള ദിനങ്ങളിലേക്ക് ഒരു യാത്ര.
3. ചങ്ങാതി
നീ എങ്ങോട്ടാണ് യാത്ര, അനിയാ?
ഈ മരിച്ച പക്ഷികളെ ചുമലില്‍വെച്ച്
എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?
ഏടത്തീ, ഞാന്‍ അമ്മയുടെ അടുത്ത് പോകുന്നു
മഴയാണ് പക്ഷികളെ കൊന്നത്
അവയെ ഉയിർത്തെഴുന്നേല്‍പ്പിക്കാനാണ്
ഞാന്‍ പോകുന്നത്
അനിയാ, നിന്റെ അമ്മ
എവിടെയാണ് താമസം?
കഴുകന്മാരെപ്പോലെ കുത്തിയിരിക്കുന്ന
ആ മലകള്‍ക്കുമപ്പുറം,
കാറ്റിന്റെ വീടും കടന്ന്,
മേഘങ്ങളുടെ ഘോഷയാത്രയിലൂടെ
നക്ഷത്രഭരിതമായ ആകാശവും
ശ്മശാനത്തിലെ പാട്ടുകളും
നെടുവീര്‍പ്പുകളും കടന്നു ചെല്ലുമ്പോള്‍
പട്ടുപോലെ തിളങ്ങുന്ന ഒരു കുളമുണ്ട്,
അതില്‍ ഒരു ആമ്പല്പ്പൂവിലാണ്
അമ്മയുടെ വാസം.
നീ എങ്ങനെ മല കടക്കും, അനിയാ?
കാറ്റ് നിന്നെ ഞെരിക്കും, മേഘങ്ങള്‍ കുഴിച്ചുമൂടും
നക്ഷത്രങ്ങള്‍ നിന്നെ പൊള്ളിക്കും.
ഞാന്‍ ഒരു പാട്ടില്‍ സഞ്ചരിക്കും, ഏടത്തീ,
പാറകള്‍ക്കിടയില്‍,
ഇലകള്‍ പറത്തിക്കൊണ്ട്.
എന്നെയും കൊണ്ടുപോകാമോ, അനിയാ?
നിന്റെ അമ്മയെ ഞാന്‍ അമ്മ എന്ന് വിളിച്ചോളാം
നിന്റെ പാട്ടില്‍ ഞാന്‍ മുടി അഴിച്ചിടും
കൈ നീട്ടും, ഹൃദയം തുറന്നുകാട്ടും.
ഏടത്തീ, നിന്നെ കൊണ്ടുപോയാല്‍
അമ്മ കോപിക്കും, എന്റെ വിധി
ഏകാകി ആകാനാണ്.
എന്നാല്‍ ഞാന്‍ ഒരു പക്ഷി ആയേക്കാം, അനിയാ,
മഴ എന്നെ കൊല്ലും, അപ്പോള്‍ ഒരു മരിച്ച പക്ഷിയായി
ഞാന്‍ നിന്റെ ചുമലില്‍ സഞ്ചരിക്കും.
4. കവി
ഒരു പുലരിയില്‍
ഒരാള്‍
കടല്‍ത്തീരത്തു പോയി
തിരമാലകളില്‍
നടക്കാന്‍ തുടങ്ങി
എല്ലാവരും കരുതി
അയാള്‍ ഇപ്പോള്‍ മുങ്ങിപ്പോകുമെന്ന്
പക്ഷേ അയാള്‍ നടന്നുകൊണ്ടിരുന്നു
കടലിനോ, അടങ്ങാത്ത ആഹ്ലാദം.
5. ചെങ്കുപ്പായം
അയാള്‍ ഇപ്പോഴും നടക്കുന്നത്
ചക്രവര്‍ത്തിയെപ്പോലെയാണ്
അയാള്‍ തന്റെ ചെങ്കുപ്പായം
പാറകള്‍ക്കിടയില്‍ ഒരു വിടവില്‍ ഉപേക്ഷിക്കുന്നു
ഇപ്പോള്‍ അയാള്‍ വരുമ്പോള്‍
ആരും സിതാര്‍ വായിക്കുന്നില്ല
വൃക്ഷങ്ങള്‍ തണല്‍ വിരിക്കുന്നില്ല
ആരും പച്ചക്കാര്പ്പറ്റ് വിരിക്കുന്നില്ല
ആരും അയാള്‍ക്ക്
ചോരയുടെ മദ്യം നീട്ടുന്നില്ല
അയാളുടെ കുതിര പാറകള്‍ക്കിടയില്‍നിന്ന്
കുലംപടിച്ചു വരുന്നു, തളര്‍ന്ന്, ചോരയൊലിച്ച്.
കാര്‍മേഘം നിറഞ്ഞ ആകാശത്തിനു
കീഴില്‍ നില്ക്കുമ്പോള്
പ്രജകള്‍ അയാളെ തിരിച്ചറിയുന്നില്ല
കാരണം
അയാള്‍ ചെങ്കുപ്പായം ധരിച്ചിട്ടില്ല.
6. വെള്ളത്തിന് ഒരു കവിത
ഞാന്‍ വെള്ളത്തിനു മാപ്പ് കൊടുത്ത്
പറഞ്ഞു:
ഇഷ്ടമുള്ളപ്പോള്‍ വന്നോളൂ
ദാഹം ശമിപ്പിക്കാന്‍ വന്നോളൂ
മഴയുടെ പാട്ടായി വന്നോളൂ
സ്തീകളുടെ കണ്ണീരായി വന്നോളൂ
തുലാവര്‍ഷക്കാലത്തെ പ്രളയമായി വന്നോളൂ
നിനക്കിഷ്ടമുള്ളപോലെ വന്നോളൂ
ഞാന്‍ പുഴയരികില്‍ പോയി പറഞ്ഞു:
നിനക്കു ഞാന്‍ മാപ്പ് തന്നിരിക്കുന്നു,
നിന്റെ എല്ലാ മത്സ്യങ്ങള്‍ക്കും,
നിന്റെ മുതലകള്‍ക്കും ഡോള്‍ഫിനുകള്‍ക്കും.
ഞാന്‍ കടലിനോടു പറഞ്ഞു:
ഞാന്‍ നിനക്കു മാപ്പ് തരുന്നു
നിന്റെ എല്ലാ തിരമാലകള്‍ക്കും മാപ്പ് തരുന്നു
നീയുണ്ടാക്കുന്ന ശബ്ദങ്ങള്‍ക്ക്,
നീ ഒളിപ്പിച്ചുവെക്കുന്ന ജീവികള്‍ക്ക്,
നിന്റെ അഗാധമായ നീലനിഗൂഢതക്ക്-
വരൂ, ഒരു ഒച്ചിന്റെ പുറന്തോടില്‍
എന്റെ രക്തം ശേഖരിച്ചോളൂ.
ഞാന്‍ മഴയോടു പറഞ്ഞു:
നോക്ക്, എനിക്ക് കുടയില്ല
വന്നു എന്നെ മുഴുവന്‍ നനച്ചോളൂ,
ഉണക്കാനിട്ട തുണികളും നനച്ചോളൂ.
ദാഹജലത്തോടു ഞാന്‍ പറഞ്ഞു:
നീ അമൃതാണ്, നീ അമൃതാണ്.
ഞാന്‍ പുറത്തുപോയി, അവരുടെ കണ്ണീരിനു
ഞാന്‍ മാപ്പ് നല്കുന്നു എന്ന് പറയാന്‍
ഒരു സ്ത്രീയെയും കണ്ടില്ല
ഒരുദിവസം അവ എന്റെ ചുമല് നനയ്ക്കും.
എവിടെനിന്നോ ഒരു തുള്ളി വെള്ളം
എന്റെ മേല്‍ വീണു,
ഞാന്‍ ലോകത്തെ മുഴുവന്‍ വെള്ളത്തിനും
മാപ്പ് കൊടുത്തു.
7. നമ്മുടെ ആകാശത്ത് നാലു ചന്ദ്രന്മാരുണ്ട്
നമ്മുടെ ആകാശത്ത് ഇപ്പോള്‍
നാലേ നാലു ചന്ദ്രന്മാരേ ഉള്ളൂ.
അവയില്‍ മൂന്നെണ്ണം പാല് തരുന്നത് നിര്‍ത്തി,
ഒരെണ്ണം മാത്രം വെള്ളിയുറവ ഒഴുക്കുന്നു
ആകാശത്തിനു കീഴില്‍ ഒട്ടേറെ കവികള്‍
ചന്ദ്രനു വേണ്ടി പാടി, ഒരുപാട് കവികളുടെ കൈയില്‍
ഒരുപാട് ചന്ദ്രന്മാര് മരിച്ചുപോയി
ഒരുപാട് കവികള്‍ ഒരുപാട് പെണ്ണുങ്ങളുടെ മുടിയിലേക്ക്
ഒരുപാട് ചന്ദ്രന്മാരെ പറത്തിവിട്ടു-
അവയൊന്നും തിരിച്ചുവന്നില്ല
ഇപ്പോള്‍ നമ്മുടെ ആകാശത്ത്
നാലേ നാലു ചന്ദ്രന്മാര് മാത്രം
എനിക്കവരെയെങ്കിലും കുട്ടികള്‍ക്കു വേണ്ടി
കവികളില്‍നിന്ന് രക്ഷിച്ചുനിര്‍ത്തണം.
8. പുല്ല്
മണ്ണു
തിന്നുന്നു
മഞ്ഞില്‍
കുളിക്കുന്നു
ഇളംകാറ്റില്‍
നൃത്തം ചെയ്യുന്നു
പച്ചയായ
ചുണ്ടുകള്‍
ആടിനും പശുവിനും തെറ്റു പറ്റില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.