പൊട്ടിയടർന്ന ഓടിൻവിടവുകൾക്കിടയിലൂടെ മാനം വെട്ടിവിട്ട നീർച്ചാലുകൾ ഞെരുങ്ങിവന്നുച്ചിതൊടുമ്പോൾ ഞെട്ടിയുണർന്നെണീക്കും അവരിൽച്ചിലരൊക്കെ. ജാലകപ്പാളി തള്ളിത്തുറന്ന്അകത്തുകയറും കുരുത്തംകെട്ട കാറ്റിൻ മൽപിടുത്തത്തിൽ കുതറിമാറി അലമാരക്കുള്ളിലെ പൂപ്പൽമണത്തിൽ ശ്വാസം കൊറിച്ച്, ഉറക്കച്ചടവിൽനിന്നൂർന്നിറങ്ങി മുറിയിൽ മൂലയിൽ മാറി നനയാതെ നിൽക്കും. കനക്കും മഴയിലാദ്യംരവി നനഞ്ഞോടിയെത്തും. കൂമൻകാവിലെ ഒറ്റനിൽപ്പോർമിക്കും. ഇടയിൽ പാദങ്ങളിൽ നോട്ടമെറിയും. കരിനീലപ്പാടിൽ പല്ലുകിനിഞ്ഞതു- നോക്കി സങ്കടപ്പെടും. തിരുവാതിര ഞാറ്റുവേലയിൽതിരമുറിയാപെയ്തരോർമയുണരും രണ്ടാമൻ...
പൊട്ടിയടർന്ന ഓടിൻ
വിടവുകൾക്കിടയിലൂടെ
മാനം വെട്ടിവിട്ട നീർച്ചാലുകൾ
ഞെരുങ്ങിവന്നുച്ചിതൊടുമ്പോൾ
ഞെട്ടിയുണർന്നെണീക്കും
അവരിൽച്ചിലരൊക്കെ.
ജാലകപ്പാളി തള്ളിത്തുറന്ന്
അകത്തുകയറും കുരുത്തംകെട്ട
കാറ്റിൻ മൽപിടുത്തത്തിൽ
കുതറിമാറി അലമാരക്കുള്ളിലെ
പൂപ്പൽമണത്തിൽ ശ്വാസം കൊറിച്ച്,
ഉറക്കച്ചടവിൽനിന്നൂർന്നിറങ്ങി
മുറിയിൽ മൂലയിൽ മാറി
നനയാതെ നിൽക്കും.
കനക്കും മഴയിലാദ്യം
രവി നനഞ്ഞോടിയെത്തും.
കൂമൻകാവിലെ
ഒറ്റനിൽപ്പോർമിക്കും.
ഇടയിൽ പാദങ്ങളിൽ
നോട്ടമെറിയും.
കരിനീലപ്പാടിൽ പല്ലുകിനിഞ്ഞതു-
നോക്കി സങ്കടപ്പെടും.
തിരുവാതിര ഞാറ്റുവേലയിൽ
തിരമുറിയാപെയ്തരോർമയുണരും
രണ്ടാമൻ ഗോവിന്ദൻകുട്ടിയിൽ;
മരണപ്പരുന്തിൻ പത്രങ്ങളിൽ
കൊരുത്ത ശരീരങ്ങൾ ചുമന്നൊടുക്കം
നടന്നു തീർന്നയൊറ്റയടിപ്പാതകൾ
പുല്ലുവിരിച്ചു നനഞ്ഞു കിടക്കുന്നതു
നോക്കി,യേറെനേരം നിൽക്കും
ദ്രുതതാളത്തിൽ നൃത്തം
ചവിട്ടിയൊഴുകും ഗംഗാതീരംപോൽ
നിറഞ്ഞൊഴുകുന്നു റോഡുകൾ,
കാഷായങ്ങളായി മഴവെള്ളം.
ദശാശ്വമേധഘട്ടിലെയിരുപ്പുപോൽ
മൂന്നാമൻ കാലഭൈരവൻ,
മൂലയിലേകനായ് തന്നിലേക്കുനീണ്ട
ഗൗരിനോട്ടത്തിനാഴങ്ങളിൽ
നീറി മേശമേലിരിക്കുന്നു.
റാക്കിലെ കാത്തിരിപ്പിൽനിന്ന്
നോക്കിലെ കണ്ണാടിയിൽ
തെളിഞ്ഞുനോക്കി അവൾ.
നിയോൺ തെരുവിൻ നിറമോലും
റാന്തൽ വെളിച്ചച്ചെരുവിലൂടെ
സ്റ്റേഷനിൽ ജാരനെത്തിരഞ്ഞപോൽ
ഒടിഞ്ഞൊരു ചാരുബഞ്ചിനോരത്തെ
ഓർമയിൽക്കുരുങ്ങി
നാലാമതായി ദേവിയിരിക്കുന്നു.
പ്രണയം വിടർന്ന വാടിയിൽ
മധുരമോഹമായൊഴുകുന്നു നീലാംബരി.
അതിനുമാഴത്തിൽ
പെയ്യുന്നപ്പോഴും വാനം;
പാടുന്നമൃതവർഷിണി.
ശാസ്ത്രിതൻ, ശബ്ദം സുഭഗം,
സുന്ദരം സുഭദ്രതന്നോർമയിൽ
പ്രണയത്തീ,യറിയുന്നതില്ലവൾ
മഴതൻ രാഗം.
കൈയിൽ തൊട്ടുവിളിച്ചു പത്മ,
ഞെട്ടലിൽ പൊട്ടിയ പൂവുപോലവൾ
കെട്ടിപ്പിടിച്ചെഴുന്നേൽക്കുന്നു,
ഒട്ടിനിൽക്കുന്നു പ്രണയിനികൾ.
നാട്ടിലേക്ക് പോയ നജീബ്
തിരികെ വന്നിതില്ലിതേവരെ.
മസ്രയിലെ കാഴ്ചകൾ കണ്ടവർ
മടക്കിയയച്ചില്ലിന്നുവരെ.
തപ്പിയും തടഞ്ഞും
എഴുന്നേറ്റുമാറുന്നു ചിലർ.
കെട്ടിക്കിടക്കും വെള്ളത്തിൽ
നീന്തിക്കളിക്കുന്നു മറ്റു ചിലർ.
കെട്ടമഴയിൽ കെട്ടിപ്പിടിച്ചു,
ചത്തുമലച്ചുകിടക്കുന്നു വേറെ ചിലർ.
അലമാരക്കുള്ളിൽ
തളച്ചിരുന്നവർ
നോട്ടങ്ങൾ പരസ്പരം
കൈ കൊടുത്തുപോകുന്നു.
വർഷകാല രാത്രികളെത്ര
വന്നുംപോയും പെയ്തുതോരുന്നു.
പുറത്തിറങ്ങാൻ കൊതിക്കുന്നു,
കണ്ണിലൂടക്ഷരമൊട്ടുകളെത്ര-
വിടരാനാഗ്രഹിക്കുന്നു.
എങ്ങുമില്ലൊരുപദനിസ്വനം,
പുത്തനാമകത്തിൽ
പതിയുന്നില്ലൊരു കരാംഗുലിയും.
കാര്യദർശിതൻ കസാലയിൽ
മൂഷികനിരുന്നു കണക്കുനോക്കുന്നു.
വെയിലും മഴയും കാറ്റും വന്നുറഞ്ഞു-
കുത്തിക്കലിതുള്ളിപ്പോകുന്നു.
കള്ളിക്കുള്ളിലെയിരുട്ടിൽ
ചിലന്തിവേലിക്കെട്ടിത്തിരിക്കുന്നു.
ഭിത്തിയിൽ അനാദായകരം,
ബലക്ഷയം, സൂക്ഷിക്കുക,
എന്നാരോ കോറിയിട്ടിരിക്കുന്നു.
വാതിലിൽ മുന്നിലാരോ കീറക്കൊടിയും
തൂക്കിയിരിക്കുന്നു.
മഴതോരുന്നു, പതം പറഞ്ഞവർ
പഴയ കൂട്ടിൽ തിരികെക്കയറുന്നു,
നെടുവീർപ്പുകൾ തമ്മിലുരുമ്മി
റാക്കുകൾക്കുള്ളം നിറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.