കവിതോത്സവം (ടി.പി. രാജീവന്)

‘‘നിത്യവാലായ്മയിൽ വലഞ്ഞ്, ഒരിക്കലും ആഘോഷിക്കപ്പെടാത്തതിൽ നിന്നിലെ ഉത്സവങ്ങൾക്ക് സങ്കടമുണ്ടോ?’’ ഞാനെന്നോടു ചോദിച്ചു:‘‘ഒരിക്കലുമില്ല;പടക്കമായിരുന്നുവെങ്കിൽ, ഞാനെപ്പോഴേ പൊട്ടിത്തെറിച്ചേനേ. പൂവായിരുന്നുവെങ്കിൽ, ഞാനെപ്പോഴേ പിരിഞ്ഞു കൊഴിഞ്ഞു മണ്ണിൽ കലർന്നേനേ. മൈക്കായിരുന്നുവെങ്കിൽ, ഞാനെപ്പോഴേ പറഞ്ഞു തീർന്നേനേ. വാലായ്മകൾ തീരുന്നഅനാദിയായ ഒരു കാലമുണ്ട്, അതിലേക്കാണ് നീട്ടിയുള്ള എന്റെയീ നടത്തം. അന്ന് നീയും ഞാനും, നമ്മുടെ ഉത്സവങ്ങൾതന്നെയും, ഇങ്ങനെയൊന്നുമാകണമെന്നില്ല. ബലൂണുകളാണ്ഉത്സവങ്ങളുടെ കൊടിയടയാളം. അവ മാനത്ത് പറന്നുകളിക്കുന്നു.കടലിലെ കുമിളകൾ അവരെ നോക്കി, ‘സഹോദരാ...

 ‘‘നിത്യവാലായ്മയിൽ വലഞ്ഞ്,

ഒരിക്കലും ആഘോഷിക്കപ്പെടാത്തതിൽ

നിന്നിലെ ഉത്സവങ്ങൾക്ക്

സങ്കടമുണ്ടോ?’’

ഞാനെന്നോടു ചോദിച്ചു:

‘‘ഒരിക്കലുമില്ല;

പടക്കമായിരുന്നുവെങ്കിൽ,

ഞാനെപ്പോഴേ പൊട്ടിത്തെറിച്ചേനേ.

പൂവായിരുന്നുവെങ്കിൽ,

ഞാനെപ്പോഴേ

പിരിഞ്ഞു കൊഴിഞ്ഞു

മണ്ണിൽ കലർന്നേനേ.

മൈക്കായിരുന്നുവെങ്കിൽ,

ഞാനെപ്പോഴേ

പറഞ്ഞു തീർന്നേനേ.

വാലായ്മകൾ തീരുന്ന

അനാദിയായ ഒരു കാലമുണ്ട്,

അതിലേക്കാണ്

നീട്ടിയുള്ള എന്റെയീ

നടത്തം.

അന്ന് നീയും ഞാനും,

നമ്മുടെ ഉത്സവങ്ങൾതന്നെയും,

ഇങ്ങനെയൊന്നുമാകണമെന്നില്ല.

ബലൂണുകളാണ്

ഉത്സവങ്ങളുടെ കൊടിയടയാളം.

അവ മാനത്ത് പറന്നുകളിക്കുന്നു.

കടലിലെ കുമിളകൾ

അവരെ നോക്കി,

‘സഹോദരാ

ഞങ്ങളെക്കൂടി’യെന്നു നീട്ടിവിളിച്ച്,

പൊടുന്നനെ

മരിച്ചുപോകുന്നു.

പറന്ന ബലൂണുകൾ പൊട്ടിത്തകർന്ന്,

ആ കരച്ചിലിനോടു ചേരുന്നു.

ഉള്ളിലെന്റെ

കവിതയുടെ ഉത്സവങ്ങൾക്ക്

കൊടികയറുന്നു.’’


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.