ഫിസിയോതെറാപ്പി

ഉത്തരാധുനികത

തലയിൽനിന്നിറങ്ങി

ഇരുകാലുകളിൽ

നീരായ് മാറിയ പ്രഫസർ

സ്ട്രെച്ചിങ് ടേബിളിൽ

മുട്ടുമടക്കി നീർത്തുന്നു

നെറ്റിയിലും കഴുത്തിലും

സിന്ദൂരക്കുറി ചാർത്തിയ

കുലസ്ത്രീ

സ്വപ്നത്തിൽ

ജാരൻ ദംശിച്ച

തള്ളവിരൽ

ആവികൊള്ളിക്കുന്നു

മതദ്വേഷത്താൽ

സമനിലതെറ്റി

ഭാവനയാൽ

ബോംബെറിഞ്ഞ യുവാവ്

ഉളുക്കിയ കൈ

സ്പോഞ്ച് ബോളിൽ

മെല്ലെ, മെല്ലെ

അമർത്തുന്നു

കേറിയിറങ്ങുന്ന

ഓഹരിസൂചിക

കമ്പ്യൂട്ടറിൽ നോക്കി

മുറുകിയ

നിക്ഷേപകന്റെ കഴുത്ത്

ട്രാക്ഷൻ ബെൽറ്റ്‌

അയച്ചുവിടുന്നു

കരാട്ടെ പ്രകടനത്തിൽ

താഴെ വീണ ഫെമിനിസ്റ്റ്

തകർന്ന ഉപ്പൂറ്റി

മെല്ലെയിളക്കി

തറയിൽ നടക്കുന്നു

കാലഗ്രഹണം ബാധിച്ച്

ബോധാബോധങ്ങൾ കലങ്ങി

ഭാവനാനാഡികളഴിഞ്ഞ്

ഞാൻ ടേബിളിൽ കിടക്കുന്നു

മയക്കത്തിൽ

വാതിക്കൽ

മക്കളാൽ

മർദിക്കപ്പെട്ട്

ദേഹം മുഴുവൻ

ബാൻഡേജിട്ട്

ഭ്രാന്തിയെ പോലെ

മുടി പറത്തി

മരണത്തെ മുന്നിൽ കണ്ട്

ഒരു വൃദ്ധ

അറ്റൻഡറോട്

പേരും വയസ്സും പറയുന്നു

‘‘ഇൻഡ്യ, 77.’’

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.