വളവു കഴിഞ്ഞ് ഇരമ്പമെറിഞ്ഞു ഇര വിഴുങ്ങാൻ മുന്നിൽ, ബസ് വന്നുനിൽക്കുന്നു പിറുപിറുത്തു പിന്നാലെ വരുന്ന തണുത്ത കാറ്റിനോട്തലയാട്ടി ശരിയെന്നു പറഞ്ഞ് മേഘനിഴലുകൾ മേഞ്ഞു നടക്കുന്ന പാടങ്ങൾ കടന്ന് തിളച്ചു തണുത്ത ഭൂതകാലങ്ങളിൽ കുളിച്ചീറൻ മാറിയ നനവുമായി, അയാളതിൽ കയറിേപ്പാകുന്നു മുന്നിലും പിന്നിലും നിവരാതെ നീണ്ട നിരത്തിന്റെ കറുത്ത ഉടല് കണക്കെ ആദ്യം തുടുത്തും പിന്നെ നരച്ചുമുള്ള മാറ്റം കാണിക്കുന്ന ജിവിതം. അതിനെ മൂന്നു കാലങ്ങളായി, മനസ്സിനെ...
വളവു കഴിഞ്ഞ്
ഇരമ്പമെറിഞ്ഞു ഇര വിഴുങ്ങാൻ
മുന്നിൽ, ബസ് വന്നുനിൽക്കുന്നു
പിറുപിറുത്തു പിന്നാലെ വരുന്ന തണുത്ത കാറ്റിനോട്
തലയാട്ടി ശരിയെന്നു പറഞ്ഞ്
മേഘനിഴലുകൾ
മേഞ്ഞു നടക്കുന്ന പാടങ്ങൾ കടന്ന്
തിളച്ചു തണുത്ത
ഭൂതകാലങ്ങളിൽ കുളിച്ചീറൻ മാറിയ നനവുമായി,
അയാളതിൽ കയറിേപ്പാകുന്നു
മുന്നിലും പിന്നിലും
നിവരാതെ നീണ്ട നിരത്തിന്റെ
കറുത്ത ഉടല് കണക്കെ
ആദ്യം തുടുത്തും പിന്നെ നരച്ചുമുള്ള മാറ്റം കാണിക്കുന്ന ജിവിതം.
അതിനെ
മൂന്നു കാലങ്ങളായി,
മനസ്സിനെ തിരിച്ചു പിന്നിലേക്കും
ശരീരം നിവർത്തിയും
ആഗ്രഹംകൊണ്ട് മുന്നിലേക്കും,
പകുത്ത പ്രാർഥനകളിൽ പെടുന്നു
തവണ, ഓരോന്നിലുമുള്ള
ഈ സഞ്ചാരം
ഉണങ്ങിയ കൈത്തണ്ടകളിൽ
മാറി മാറി
തൂങ്ങിക്കിടക്കുന്ന മുഴിഞ്ഞ സഞ്ചി.
അതിലാകട്ടെ പണ്ടൊരച്ഛൻ കരുതിയ
പൊതിച്ചോറിലെ മാതൃത്വഭാവമല്ല.
പകരമകലെ,
അനാഥശാലയിലെ മകൾക്കുള്ള
പരീക്ഷ കഴിഞ്ഞു
ചിതല് വായിച്ചു തുടങ്ങാത്ത
അയലത്തെ പാഠപുസ്തകങ്ങൾ.
നുണ സത്യമാക്കുന്ന മഷിക്കൂട്ടിൽ
പ്രജയുടെ രക്തം ചേർത്ത്
നാടിന്റെ ദേഹത്ത്
നഗ്നത മറയ്ക്കാൻ പുരട്ടിനോക്കുന്ന
ദേശീയതാ പരസ്യങ്ങൾ നിറഞ്ഞ പത്രവായനകൾ
കണിശമായ ശീലമല്ലാത്തതിനാൽ
അയാൾ വെറുതെ
ചുമലിലേക്ക് മാറ്റിയ സഞ്ചിയിലെ ജ്ഞാനക്കെട്ടുകൾ അഴിച്ചു.
നിന്നുമിരുന്നുമുള്ള യാത്ര,
വക്കുപൊടിഞ്ഞ ചട്ടകൾക്കിടയിലെ വരികളോട് ശ്രമപ്പെട്ടു
ലോഗ്യം പറഞ്ഞും ചിരിച്ചും തുടർന്നു.
അറിഞ്ഞു തീർന്നവ
ഒപ്പമുള്ളവർക്കു കൗതുകത്തോടെ പകുത്തും, ചിലത്
മുന്നിലേക്ക് കരുതിയുമയാൾ,
ഇറങ്ങാനുള്ളയിടം മാറിമാറിനോക്കി.
ഒടുക്കം, കുട നിവർത്തിയത് നഗരമഴയിലേക്ക്.
അവസാന ബെല്ലിൽ
വേഗത നിലച്ച വാഹനത്തിൽനിന്നും
എഴുന്നേറ്റ അയാളുടെ കാതിൽ
മകൾക്ക് വേണ്ടതിനെ
മെലിഞ്ഞ കാറ്റ് ഓർമപ്പെടുത്തുന്നു
ഒന്നും മറക്കില്ലെന്ന
മറുപടിയ്ക്കിടെ മുന്നിൽ കനത്ത
പേമാരിയ്ക്കൊപ്പം
ഇരുതോളുകളിൽ പെയ്തമർന്നത്
ലാത്തിപിടിച്ച പല വിരലുകൾ.
ജലനിലയിലേക്ക്
കുമ്പിട്ടു വീണു പുസ്തക സഞ്ചി.
‘‘മാവോവാദികൾ നഗരത്തിലേക്ക്’’
ജീവിതം നഷ്ടപ്പെടുന്നവനെ
മുറിഞ്ഞ വാക്കുകളുടെ മൂർച്ചയുള്ള
വാർത്തകൊണ്ടു കീറി
പത്രവിൽപനക്കാരൻ കടന്നുപോയി
ഇപ്പോൾ മുന്നിലുള്ളത്,
ശബ്ദത്തിനപ്പുറം മഴമറയിൽ മകൾ.
കാറ്റ്, നനഞ്ഞു വീണുകിടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.