സെറീനാ,
തകർന്നു വീണ ഒരു കെട്ടിടത്തിന്റെ
അവശിഷ്ടങ്ങൾക്കിടയിൽ നിന്നും
നിന്നെയെനിക്ക് കിട്ടി.
നിന്നെപ്പോലൊരു കുഞ്ഞിന് ശ്വാസം മുട്ടി
മരിക്കാൻ പോന്നത്രയും ഭാരമുണ്ടായിരുന്നു
നിന്നെ മൂടിയിരുന്ന ഇരുമ്പ് കട്ടകൾക്ക്,
സിമന്റ് കൂമ്പാരത്തിന്.
എന്റെ കുഞ്ഞേ,
ഒരിക്കൽ ഞാൻ വരുമെന്നും
മുറിവുകളോടെ നിന്നെ പുറത്തെടുക്കുമെന്നും
നിലയ്ക്കാറായ നെഞ്ചിടിപ്പിൽ
വായോട് വാ ചേർത്ത് ശ്വാസമൂതുമെന്നും
നീയറിഞ്ഞിരുന്നോ?
എത്ര ക്ഷമയോടെയാണ് നീ കാത്തിരുന്നത്!
സെറീനാ,
എന്റെ പെൺകുരുന്നേ
ഇങ്ങനെ വീണ്ടെടുക്കും മുമ്പ്
നിന്നെ ഞാൻ എവിടെയൊക്കെ കണ്ടിട്ടുണ്ട്.
ഇനി വയ്യെന്നുറപ്പിച്ചു നീയിറങ്ങിപ്പോയ
ജലാശയത്തിന്റെ കരയിൽ,
മുറിഞ്ഞ മനസ്സിനെ കൂട്ടിത്തുന്നുന്ന
ആശുപത്രികളുടെ
ആരും കൂട്ടില്ലാത്ത വരാന്തയിൽ,
തീ പിടിച്ച വാക്കുകളുടെ പൊള്ളൽക്കിടക്കയിൽ
ഇരുട്ടിൽ, വെറുമിരുട്ടിൽ
പിന്നെയുമെവിടെയെല്ലാം!
കൈത്തണ്ടയിൽ സ്വന്തം പേരെഴുതി വെച്ച്
അന്ത്യദിനങ്ങളിലേക്കുള്ള ക്യൂവിൽ
വരിനിൽക്കുന്ന കുഞ്ഞുങ്ങൾക്ക്
നിന്റെ മുഖമായിരുന്നു.
കൊതിപ്പിച്ചു നീട്ടിയ മിട്ടായി മധുരത്തിനു പിന്നാലേ
മരണത്തിലേക്ക് നടന്നുപോയ
ആ പെൺകുട്ടിയും നീയായിരുന്നു.
കൈലേസിനാൽ മുറിവുകളുടെ മുഖചിത്രമൊപ്പിയ
സഹനത്തിന്റെ അമ്മയും
നീ തന്നെയായിരുന്നു.
ഇന്നിപ്പോൾ,
തകർന്നുപോയ ജീവന്റെ
മണ്ണടരുകൾക്കുള്ളിൽനിന്ന്
നീ വരുന്നു,
എല്ലാ തകർച്ചയും ഉറപ്പുകളുടെ
ഉയിർപ്പിലേക്കെന്ന് പറയുന്നു.
പേറിൽ പിളരുന്ന ദേഹം
ലോകത്തിന്റെ മടിയിലേക്ക് വെയ്ക്കുന്ന
ജീവന്റെ വെളിച്ചം പോലൊരു രഹസ്യം
നിന്റെ കുഞ്ഞുവിരൽ എന്റെ
നെറുകയിലെഴുതുന്നു.
ഇളം വായ് തുറന്നു നീ കാട്ടുന്നു,
ഈരെഴു ലോകങ്ങൾ.
തലയ്ക്ക് മുകളിൽ വഴികാട്ടും
ബത്ലഹേമിലെ നക്ഷത്രം.
പൊടിയിൽ നിന്നുയിർത്തവളേ,
കഴുകിത്തുടച്ചു നിന്നെ നെഞ്ചോട് ചേർക്കുമ്പോൾ
മുല ചുരക്കുന്ന കരുണയിൽ
ഞാനീ പ്രപഞ്ചത്തെ തൊട്ടുനോക്കുന്നു.
ഉറക്കിൽ ചിരിക്കുന്ന കുഞ്ഞിന്റെ
ചുണ്ടിൽ നിന്നൊഴുകും പാല് പോലൊരു
നിലാവ് തെളിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.