ഓർമകളുടെ നീരുറഞ്ഞ്
കല്ലുരല് പോലായ കാലുകളെ
കുതിരകളായി സങ്കൽപിച്ച്
കുമാരൻ,
നിറഞ്ഞ മീശയുണ്ടായിരുന്ന
കാലങ്ങളിലേക്കൊരു
പൊന്മയെ പറത്തിവിട്ടു...
പണ്ട് പേരെടുത്തൊരു
ജാലവിദ്യക്കാരനായിരുന്നു
കുമാരൻ.
കൈവേഗതകൊണ്ട്
കോട്ടിലൊളിപ്പിച്ച തത്ത.
ഓട്ടപ്പാത്രത്തിൽ നിറഞ്ഞ്
തുളുമ്പിയ പാൽ തുള്ളികൾ.
നീളൻവടി പാമ്പായി ഇഴഞ്ഞ് ചുറ്റി
മണത്തുകിടക്കുന്ന മടിക്കുത്ത്.
മാന്ത്രിക ദണ്ഡിലൊളിപ്പിച്ച
രാസവസ്തുപ്പൊടി!
അരക്കെട്ടി- ലീർക്കിലുരച്ച്
കത്തിച്ച് കാണികളെ ഞെട്ടിക്കാനുള്ള
കുമാരന്റെ കരുതലാണത്.
കൈലേസ് ചുഴറ്റി അടർത്തിയിട്ട
പൂക്കൾ, പേനകൾ, പുള്ളിയുടുപ്പുകൾ...
മുറിവേറ്റവരുടെ മുരൾച്ച കലർന്ന
പാതിരാത്രിയിൽ,
നായ്ക്കളുടേതല്ലാത്ത കുര.
അഴുക്കുകൊണ്ട് പെയിന്റ് ചെയ്ത
കയ്യിലള്ളിപ്പിടിച്ചൊരു വെള്ളിമൂങ്ങ
കണ്ണിൽ കാമത്തിളക്കം.
വെയിൽ തിളയ്ക്കുന്ന പകലാണ്
മൂങ്ങക്ക് കാമകാലം.
വൈകുന്നേര കോപ്പയിലൊരു വ്യാളി
അത്ഭുതവിളക്കുകളുടെ വെട്ടത്തിൽ
കുപ്പിവെള്ളത്തിലെ കൊടുംഭൂതം.
മറവിക്കാരനാം അരണയുടെ
ഓന്തായിട്ടുള്ള പകർന്നാട്ടം...
ചുകചുകപ്പൻ പന്തിനുള്ളിലെ
നീലപ്പന്തുകൾ!
ആശ്ചര്യം!
മുള്ളാണിപ്പലകമേലുറക്കി,
ഉണരും മുമ്പുയർത്തി
ഉയർത്തി, ഉയരത്തിലേക്കുയർന്നു
പോകുമാറുയർത്തിയ പെൺകുട്ടി-
യിലൂടുയർന്നു കയറിയ
ഹാരികെല്ലർ!*
ആരാധന മൂത്ത
ഭൂതകാലത്തിലൂടൊഴുകി നടന്നു കുമാരൻ.
പറക്കാൻ കഴിയാതെ
കുമാരന്റെ മടിയിലേക്ക്
മടങ്ങിയെത്തി പൊന്മ.
* * *
കുമാരനിപ്പോൾ തെരുവിലെ
പ്രേക്ഷകനാണ്.
തെരുവ് ഭിത്തിയുടെ സ്ക്രീനിൽ
യുദ്ധമിരമ്പുന്നു ഒന്നുറങ്ങിത്തെളിഞ്ഞ
പകലുറക്ക-ക്കിനാവുപോലിന്നലെകൾ.
ബങ്കറുകളിലെ നീലവെളിച്ചം പുസ്തകമൊഴിഞ്ഞ സ്കൂൾ ബാഗുകൾ.
ഗലീലക്കടലിന്റെ മരവിപ്പ്
ശിരേച്ഛദം, ഗളേച്ഛദം
മൂന്ന് സുഷിരങ്ങളിലൂടെ
ലോകത്തെ അളക്കുന്ന തലയോട്ടി.
എല്ലുകളുടെ മൂർച്ചകൊണ്ടെഴുതിയ
സമാധാനവാക്യങ്ങളിലെ തമാശ.
തീക്കാടുകളെ തലയിലണിഞ്ഞ്
നടന്ന് പോകുന്നൊരു വൃദ്ധ.
വാരിയെല്ലുകളിൽ മുളച്ച
തോക്കുകൾ പങ്കിടുന്ന ചെറുപ്പക്കാർ...
തുരുമ്പിച്ച ട്രക്കുകളിലിരുന്ന്
ചത്ത് പോയ വെടിയുണ്ടകൾ
പ്രേതമയം പൂണ്ട കെട്ടിടങ്ങൾ.
മുള്ളുവേലിയിൽ ഉടക്കിനിൽക്കുന്ന
വെളുത്ത പന്ത്.
മരിച്ചെന്ന് തീർച്ചയില്ലാത്ത കുഞ്ഞുങ്ങളുടെ കണ്ണുകൾ,
തീക്കൊള്ളികളായി ചുറ്റി പറക്കുന്ന നഗരം...
രക്തത്തുള്ളികളുടെ ജപമാല.
മരിക്കാറായവരെ അടക്കംചെയ്ത
കല്ലറകൾ.
ദൈവത്തിന്റെ കൈക്കുമ്പിളിലൊരു
കടൽ.
‘‘എവിടെയാണമ്മേ കടൽ’’
കുഞ്ഞുമീൻ ചോദിക്കുന്നു.
നിന്റെ അകത്തും പുറത്തും.
അമ്മമീന്റെ ഉത്തരം തുളച്ചെത്തിയ
വെടിയുണ്ടയിൽ ചെകിളപ്പൂക്കൾ.
ലോകത്തെ കറുത്ത ബോക്സിലടക്കം
ചെയ്ത് സ്ക്രീൻ നിശ്ചലമായി...
*
കുമാരൻ കരുതി
കണ്ടതൊക്കെയും മാജിക്കാെണന്ന്...
ദൈവങ്ങളേ...
ദൈവങ്ങളേ...
തെരുവോരങ്ങളിലൂടെ ഓടിയോടി
നിലവിളിക്കുമ്പോൾ,
കുമാരന്റെ വിളിയിൽ ദൈവങ്ങൾ
ജാലവിദ്യക്കാരായി...
കറുത്ത കോട്ടണിഞ്ഞു.
കണ്ണുകൾ മൂടിക്കെട്ടി.
പടക്കമാലകളാക്കി കഴുത്തിലണിഞ്ഞ
ഭൂമിയുടെ പൊക്കിൾക്കൊടി.
ബങ്കറുകളിലൊളിപ്പിച്ച
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും.
ദൈവങ്ങളുടെ മാജിക് കഴിഞ്ഞു.
കുമാരനിപ്പോൾ
മാജിക്കിന്റെ ഭൂതകാലവും കടന്ന്
പിന്നോട്ട് വളരുകയാണ്
*എപ്പിസോഡിക് കാലഘട്ടത്തിലെ
ഇരുട്ടിലമർന്നിടിഞ്ഞു താണ
വിരിഞ്ഞ മാറ്.
ശിലായുഗത്തിലേക്ക്
ചുമലു കൂനി നെറ്റിയുന്തി
കുഴിഞ്ഞ കണ്ണുകളുമായി
പൂട നിറഞ്ഞ ഉടല് മാന്തി മാന്തി
കൈപ്പത്തികളിൽ മേനി താങ്ങി
പ്രാകൃതത്തിലേക്ക് മടങ്ങിയ
കുമാരൻ
ഇതിനിടയിലെപ്പോഴോ നഗ്നനുമായി.
* * *
തെരുവിപ്പോളൊരു ഗുഹ.
കയ്യിൽ കമ്പും കവണയും കല്ലും,
കണ്ണു രണ്ടിലും പകയും പേടിയും
കലർന്ന കുറ്റിരുട്ട്.
നാലു കാലിൽനിന്ന് കുമാരൻ
ചെവി വട്ടംപിടിച്ചു
പുറത്തിരമ്പം, യുദ്ധത്തിന്റെയതേയിരമ്പം.
============
ഹാരികെല്ലർ –പ്രശസ്തനായ അമേരിക്കൻ മാന്ത്രികൻ
എപ്പിസോഡിക് കാലഘട്ടം –ആദ്യകാല ശിലായുഗങ്ങളുമായി ബന്ധപ്പെട്ട് ഉത്തേജനങ്ങളോട് പ്രതികരിച്ചു തുടങ്ങിയ ആദ്യ ഘട്ടം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.