പുത്തൻപള്ളീലെ പഴയ പെരുന്നാളിന്,
ഉപ്പുകണ്ടത്തിലെ മറിയക്കുട്ടി സാറൊരു,
പൂവനെ നേർച്ച കൊടുത്തു.
ഒന്നാന്തരം കുടുംബത്തി പെറന്ന പൂവൻ.
കുർബാനേം കഴിഞ്ഞെറങ്ങിയ,
കെഴക്കേകുടിയിലെ ഇട്ടീര ചേട്ടൻ,
പൂവന്റെ പൂവിനിട്ടൊരു കണ്ണുവച്ചു.
ലേലം വിളിക്കാൻ ഉഷാറായി,
പ്ലാമൂട്ടിൽ അവറാനും വന്നു.
കെഴക്കേവീട്ടിൽ തൊമ്മൻ മകൻ
ഇട്ടീരാ തൊമ്മനും,
പ്ലാമൂട്ടിൽ പൈലി മകൻ
പി.പി. അവറാനും,
അയൽക്കാരും,
പഴയ ബഡാ ദോസ്ത്കളും,
ഇപ്പക്കണ്ടാ മിണ്ടാത്തോരുമാണ്.
ചേറക്കാട്ടെ വർക്കിമാഷ്,
പൂവനെ കാലിന് പൊക്കിപ്പിടിച്ച്,
ലേലം വിളി തൊടങ്ങി.
‘‘ഒന്നാന്തരം കുടുംബത്തി പെറന്ന നാടൻ പൂവൻ’’
നൂറ്റമ്പതു രൂപ.
ഇരുന്നൂറ്, അവറാൻ വിളിച്ചു.
മുന്നൂറ്,
ഇട്ടീര വിട്ട് കൊടുക്കാതെ വിളിച്ചു.
അങ്ങനങ്ങനെ,
നാനൂറ്റമ്പതും അറന്നൂറും,
എഴുന്നൂറും കടന്ന്,
എണ്ണൂറ്റമ്പത് രൂപക്ക്,
രണ്ട് തരവും മൂന്നു തരവും ഒറച്ചു.
കുടുംബത്തി പെറന്ന പൂവൻ,
കിഴക്കേവീട്ടിൽ ഇട്ടീരയുടെ പൂവനായി പരിണമിച്ചു.
എണ്ണൂറ്റമ്പത് രൂപ.
പള്ളീലച്ചന് കുശാൽ.
കർത്താവിന് സ്തോത്രം.
ഇട്ടീര ചേട്ടൻ,
കൊച്ചിനെ നോക്കണപോലെ,
പൂവനെ നോക്കി.
കുടുംബത്തി പെറന്ന പൂവൻ,
തടിച്ചു കൊഴുത്തു.
പക്ഷെണ്ടടാ...
പൂവന്റെ കണ്ണ്,
അയൽക്കാരൻ അവറാന്റെ പറമ്പിലാർന്നു!!
അടുത്ത കൊല്ലം,
പഴയ പെരുന്നാളിന്റെ തലേ ആഴ്ച,
പൂവനെ കാണാതായി.
വലിയ വായി നെലോളിച്ചോണ്ട്,
ഇട്ടീരച്ചേട്ടൻ,
പൂവനെ തപ്പിനടന്നു.
എവിടെ കിട്ടാൻ!!
കാലത്തെണീക്കണമോല്,
കുടുംബത്തി പെറന്ന പൂവനെ തേടിയെറങ്ങും.
പൂവനെയുണ്ടോ കാണണു?
പെരുന്നാളിന്റെയന്ന്,
പെലാലെ,
പള്ളി പോയി കുമ്പസാരിക്കാനെറങ്ങിയ ഇട്ടീര,
പൂവനെ അന്വേഷിച്ചു.
അവനിണ്ടടാ...
അവറാന്റെ പറമ്പില്‍,
എന്നിട്ട് ഒറ്റ കൂക്ക്.
കൊക്കരക്കോ...
എടാ കള്ളപ്പന്നി അവറാനെ,
നീ എന്റെ കോഴീനെ കക്കുമല്ലേടാ.
ചക്കിപശൂന്റെ അകിട്ടീന്ന്
പാല് കറക്കിക്കൊണ്ടിരുന്ന അവറാൻ,
എണീച്ചേച്ച് ഒറ്റ പറച്ചില്.
കോഴീന്റെ കണ്ണ് എന്റെ കുടീലേക്കായേന്,
ഞാനിപ്പൊ എന്നാ കാട്ടാനാ?
കുമ്പസാരിക്കാൻ വച്ച
പാപങ്ങളുടെ ലിസ്റ്റ്
അസാധുവാക്കണമാതിരി,
ഇട്ടീരച്ചേട്ടന് കലി വന്നു.
നേരെ അവറാന്റെ കുടീക്കേറി,
അവന്റെ ചന്തിക്കിട്ട് ഒറ്റ ചവിട്ട്,
കോഴീന്റെ തല
വാക്കത്തീം കൊണ്ടൊറ്റ വെട്ട്.
പുത്തൻ പള്ളീലെ
ഒന്നോടെ പഴകിയ പെരുന്നാളിന്,
ഇട്ടീര ചേട്ടന്റെ വീട്ടീന്ന്,
കോഴിക്കറീന്റെ മണം പൊന്തി വന്നു.
കുമ്പസാരത്തി കേട്ട പാപങ്ങൾ,
പോത്തെറച്ചി മിഴങ്ങണ വഴിക്ക്,
പള്ളീലച്ചൻ മറന്നും പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.