ഉത്സവത്തിമർപ്പിൽ ആറാടി നടക്കവേ ആരു ശ്രദ്ധിക്കുന്നു ഒരു ചെണ്ടയെ? വലന്തലയിലുമിടന്തലയിലുംമേഘഗർജനമായും ദലമർമരമായും അതവിടെയുണ്ട്. ഇത് നെറികേടിന്റെ തട്ടകത്തിൽഅടിയേറ്റു പുളയുന്ന ചെണ്ടകളുടെ വിചിത്രലോകമെന്നൊരു നിലാക്കീറുമൊഴിയും. തടിക്കുഴലിനുള്ളിലെശൂന്യതയിൽ തൊലിയുരിഞ്ഞ മൃഗരോദനം ചപ്പങ്ങക്കോലിനാൽപുറം പൊളിയവേ വിശന്ന...
ഉത്സവത്തിമർപ്പിൽ
ആറാടി നടക്കവേ
ആരു ശ്രദ്ധിക്കുന്നു
ഒരു ചെണ്ടയെ?
വലന്തലയിലുമിടന്തലയിലും
മേഘഗർജനമായും
ദലമർമരമായും
അതവിടെയുണ്ട്.
ഇത് നെറികേടിന്റെ തട്ടകത്തിൽ
അടിയേറ്റു പുളയുന്ന
ചെണ്ടകളുടെ വിചിത്രലോകമെന്നൊരു
നിലാക്കീറുമൊഴിയും.
തടിക്കുഴലിനുള്ളിലെ
ശൂന്യതയിൽ
തൊലിയുരിഞ്ഞ
മൃഗരോദനം
ചപ്പങ്ങക്കോലിനാൽ
പുറം പൊളിയവേ
വിശന്ന വയറിൽനിന്നൊരു കരിമണമുയരും
പിറന്നപടി
പ്രഹരമേൽക്കവേ
ഒരു മിന്നൽപ്പിണരോടി മറയും
കനി നിറഞ്ഞിരുന്ന
മരമായിരുന്ന നാൾ
അകമെരിയിക്കുമോർമയായ് നെടുവീർപ്പിടും
പഞ്ചിപ്പഴയാൽ
വട്ടംമാടലിൽ
മിനുക്കിയെടുത്തിട്ടുപോലും വറ്റിക്കാനാവാത്ത
ഒരു നിലവിളി കേൾക്കാം
അമറുമ്പോഴുമൊരാലിലയെ
കീറിയെടുക്കുന്ന സൂക്ഷ്മത ഉള്ളിലൊളിപ്പിക്കുമത്.
ആർക്കു വേണ്ടിയോ
അടികൊള്ളുന്ന ചെണ്ട.
ചെണ്ടയുടെ ദുഃഖമറിയാത്തവൻ
ഉണ്ടു കഴിഞ്ഞവൻ
അവനിനിയൊരു ശയ്യ മതി.
ഉണ്ണാത്തവന്റെ വിശപ്പളക്കാനാവാത്ത
വരണ്ട ദർശനങ്ങളവന് കൂട്ട്.
പുറം പൊളിയുമസഹ്യവേദനയിലും ഒരു ചെണ്ട
പ്രപഞ്ചത്തെയാകെ
കുഴമറിക്കുന്നുണ്ട്.
ഉറങ്ങാനാവാതെ
പിടഞ്ഞെണീക്കുന്നുണ്ട്
നിഴലുകൾ
വട്ടംമാടൽ
തുടരും!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.