എനിക്കു പിറകേയോടി വരുന്നു
ഭയപ്പെടുത്തും നിശ്ശബ്ദതയിൽ
കുടഞ്ഞു കളയാനാവുന്നില്ല
തീരാപ്പകയിൽ പിന്തുടരുന്നു
എനിക്കു പിറകിൽ ഭയന്ന മൗനം
പിന്തുടരുന്നൂ തീരാപ്പകയിൽ
ഒരു ഭയമൂകതയൊരു നിസ്തബ്‌ധത
തീരാപ്പകയോടെനിക്കു പിറകേ
വരുന്നു, പിന്തുടരുന്നൂ പേടി –
ച്ചരണ്ട മൂകത, യൊരു നിസ്തബ്ധത
വരുന്നു തീരാപ്പകയാൽ സ്തബ്ധം
മൂകം പിറകേയോടിവരുന്നു.
ശബ്ദമെഴാതെ ചവിട്ടിമെതിക്കു–
ന്നവരുടെ കാലടി സ്വപ്നത്തിൽ പോൽ
സ്വപ്നത്തിൽ പോൽ: ഒരു ഭയമൂകത–
യൊരു നിസ്തബ്ധത, എനിക്കു പിന്നിൽ
വരുന്നു കാലടി, തുടരേയോടി.
ശബ്ദമെഴാത്ത കിതപ്പ്, മെതിക്കും
കാലടി, മങ്ങിയ രൂപങ്ങൾ പോൽ
കാണാം, മങ്ങിയൊരാ രൂപങ്ങൾ
മനസ്സിലാക്കാമെനിക്ക്, കാണാം
തിരിഞ്ഞു പിന്നിൽ നോക്കീടുമ്പോൾ.
ഓടിയൊളിപ്പൂ ഞാനൊരു കാട്ടിൽ –
കൂടി, യിതേവരെയോടിപ്പോന്ന
തരത്തിൽ കാണും കാട്ടിൽകൂടി,
കാടിന്നൊരു തരമായിതു വരെയും
കാണും കാട്ടിൽ, മണൽക്കുന്നുകളുടെ –
യിടയിൽ കൂടി, പാഴ്മണലിപ്പോൾ
ചൂഴ്കേ,യന്തിവെളിച്ചത്തിൽ ഞാൻ
പിന്നിൽ നോക്കേയവരുടെ മങ്ങിയ
രൂപമെനിക്കറിയാനാവുന്നൂ.
അന്തിവെളിച്ചം, ഇരുട്ടിവരുന്നു–
ണ്ടെങ്ങും, ഇരുട്ടിവരുന്നേയുള്ളൂ
ഇപ്പൊളിരുട്ടി വരുന്നേയുള്ളൂ
ഈയത്തിൻ നിറമായേയുള്ളൂ.
കിതച്ചിടുന്നൂ നിശ്ശബ്ദമവർ
നിശ്ശബ്ദമൊരു കിതപ്പെന്നാൽ
അറിയാമവരുടെ ശ്വാസക്കുറുക–
ലെനിക്കെൻ സ്വപ്നത്തിൽ പോലെ.
ആ നിശ്ശബ്ദക്കുറുകൽ, പക്ഷേ–
യറിവൂ ഞാനാക്കിതപ്പുകൾ
കുറുകുന്നൂ ഞാൻ മൂകം സ്തബ്ധം
സ്തബ്ധവിമൂകത,യരികിൽ വരുന്നൂ
വേട്ടക്കാരെന്നരികിൽ ചുറ്റും
മണലിൻ തരിശ,ല്ലല്ല വെറും നര
കിനാവു കാണുമ്പോലെ, കിനാവ-
ല്ലൊരു നര മാത്രം ചുറ്റിലു, മല്ലാ
മൂകത മാത്ര, മൊരന്തിവെളിച്ച വി-
മൂകത മാത്രം, കേൾക്കാൻ കഴിയു -
ന്നേതാണ്ടവരുടെ കിതപ്പെനിക്ക്.
അവരിങ്ങെത്തീയെന്നാലുമെനി -
ക്കവരെക്കേൾക്കാനാവുന്നീല.
ഒരു വെടിവെപ്പിൻ പന്തയ,മവരെൻ
പിറകേ വായിട്ടലച്ചിടുന്നാ
വാക്കുക,ളെന്നാലവർ പറയുന്ന -
തെനിക്കറിയാം, ഒരു പന്തയവെടിവെ-
പ്പോടാനാവാതേ ഞാൻ വീഴ്ത്ത -
പ്പെട്ടൂ, കോച്ചി മരച്ചു വിറച്ചു വി-
റങ്ങലിപ്പൂ, വയ്യാ പായാൻ
വേട്ടക്കാരെൻ മേലേ വിജയം
നേടുന്നൂ, ഞാൻ മാഞ്ഞീടുന്നൂ
തന്നത്താനേ പറയുന്നൂ ഞാൻ
വിടുകില്ലെന്മേൽ വിജയം നേടാൻ
വേട്ടക്കാരെ,പ്പക്ഷേയറിവൂ
വിജയം നേടുകയാണവരെന്മേൽ
തുടരെത്തുടരെ,ക്കാണാമവരുടെ
നിഴൽരൂപങ്ങൾ തെളിഞ്ഞു തെളിഞ്ഞു
വരുന്നെൻ പിന്നിൽ, കേൾക്കാമിപ്പോൾ
അവരോടുന്ന കിതപ്പേറെക്കുറെ
ഞാൻ മൗനത്തിലടങ്ങീടുകിലും
നിശ്ചലതയിൽ മൂടപ്പെട്ടാലും
അവരോടുന്ന കിതപ്പുകൾ കേൾക്കാം,
പറയുന്നൂ ഞാൻ തന്നത്താനേ.
കേൾക്കാമേതാണ്ടവരുടെ തോക്കുകൾ
പാത്തി വലിച്ചുന്നം വെയ്ക്കുന്നത്,
സ്വപ്നം ഞാൻ കാണുമ്പോൽ, കാമ്പി-
ല്ലാത്തൊരു മായക്കാഴ്ച ക ണക്കു, കി-
നാവു കിനാക്കാണുന്നതുപോലെ
വേട്ടക്കാരെൻ പിറകേ, തിക്കി -
ത്തിക്കിക്കൊണ്ടേയോടുന്നൂ ഞാൻ, ഞെട്ടിത്തെറിയൻ
നിശ്ശബ്ദതയാൽ ചുറ്റപ്പെട്ടെൻ ശ്വാസക്കുറുകൽ,
ഇപ്പോഴും ഞാനവരെക്കേൾക്കും
നിസ്തബ്ധതയാലരികത്തരിക -
ത്തരികത്തണയുന്നെൻ വേട്ടക്കാർ
അന്തസ്സാരവിഹീനമനന്തമൊ-
രോട്ടപ്പന്തയമേറെദ്ദീർഘം.
വല്ലാത്തൊരു പാച്ചിൽ. ഞാൻ കേൾപ്പൂ
വേട്ടക്കാരെ, കഴിയുന്നീലാ
തുടരുമിതെത്രയതൂഹിച്ചീടാൻ
വിശ്രമമെപ്പൊളെനിക്കെന്നറിയാൻ
എന്നെങ്കിലുമിതൊടുങ്ങിടുമോ? കഴി-
വീലയതൂഹിക്കാനുമെനിക്ക്.
എന്നെങ്കിലുമിതൊടുങ്ങുകിലെന്നുടെ
രക്ഷപ്പെടലീ ഭീകര ഭൂനില -
യൂടെ, പാഴ്മണലൂടേ, യസ്ത -
മയംപോൽ പിന്നെ നരച്ചിരുളുന്നൂ -
ണ്ടന്തിവെളിച്ചം, പ്രിയകരമായൊരു
കാനൽ മരീചിക, കാമ്പില്ലാത്തത്
നിശ്ശബ്ദം, ഞാൻ സ്വപ്നം കാണും
പോൽ, പൊരുളറ്റൊരു നിശ്ശബ്ദതയിൽ
ഞാനതിവേഗം പായും പോലെ.
പാഴ്മണൽ കാനനപാതകൾ പുല്ലു
പരപ്പുകൾ താണ്ടി, പോൽ –പോലുള്ളൊരു
ലോകം ഞാൻ സ്വപ്നം കാണുമ്പോൽ
അവസാനിക്കാതെന്റെ പലായന–
മെന്നിൽക്കൂടി, ദ്ദുഷ്കരസഹനം
നിശ്ശബ്ദതയിപ്പോഴു, മരൂപം
നരയാൽ ചുറ്റപ്പെ,ട്ടെൻ ചുറ്റും
രൂപവിഹീനം നരപ്പ്, വൈകൃത
രൂപങ്ങൾ ഭീകരമാകൃതികൾ
ഭീകര വൈകൃത രൂപങ്ങൾ തൻ
മങ്ങിച്ചിന്നിയതാമാകൃതികൾ.
2. തടാകം പ്രഭാതത്തിൽ
വിസ്തൃത ജലം: പ്രഭാതത്തിന്റെ നിശ്ശബ്ദത
സ്വർഗീയ നീലം, നിശ്ശബ്ദത, യീപ്രഭാതത്തിൻ
വിസ്തൃതജലം, വിസ്തൃതം, നീലനിശ്ശബ്ദത,
സ്വർഗീയം, പ്രഭാതത്തിൻ വിസ്തൃതജലം, ജലം
പട്ടിന്റെ പതുപ്പുള്ള വീർത്തുപൊങ്ങൽ. നിശ്ശബ്ദം
തിരകളിളകുന്ന വിറകൾ, നിശ്ശബ്ദത
വിസ്തൃത ജലം, സ്വർഗീയോജ്ജ്വലനീലം, പട്ടു
പതുപ്പിൻ തിരയിളക്കങ്ങൾ തൻ കൊടും വിറ –
യലുകൾ, മങ്ങൽ, മൂടൽ, കനക്കും വീർത്തുപൊങ്ങൽ
വിസ്തൃതജലം, നീലം, തിരതൻ തുള്ളൽ, പതു
പതുപ്പൻ ക്ഷോഭങ്ങൾ, സ്വർഗീയത, സ്വർഗീയത
നീലിച്ച നിശ്ശബ്ദത, വീർത്തുന്തൽ, പതുപ്പാർന്ന
ക്ഷോഭങ്ങൾ, തിരതുള്ളൽ, സ്വർഗീയം പുലർനീലം.
(മൊഴിമാറ്റം: പി. രാമൻ)
========
അന്ദ്രാസ് പെറ്റോഷ്
(ഹംഗറി, ജനനം: 1959)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.