ലോകപ്രശസ്ത ഫലസ്തീൻ കവി മഹ്മൂദ് ദര്‍വീശിന്റെ എട്ട് നീണ്ട കവിതകൾ മൊഴിമാറ്റുകയാണ് കവി സച്ചിദാനന്ദൻ. അധിനിവേശത്തിന്റെയും അതിജീവനത്തിന്റെയും ഗാഥകൾ കൂടിയാണ് ഇൗ കവിതകൾ.
മഹ്മൂദ് ദര്‍വീശിനെ (1941-2008) ഫലസ്തീന്റെ ദേശീയകവി എന്ന് വിളിച്ചാല്‍ തെറ്റില്ല. ഫലസ്തീന് അദ്ദേഹത്തിന്റെ കവിതയില്‍ ആത്മാവിന്റെ ഭൂപടമാകുന്നു. ആ കവിത ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്കുന്നു. അദ്ദേഹത്തിന്റെ 20 കവിതാസമാഹാരങ്ങളും അനേകം ലേഖനസമാഹാരങ്ങളും ഫലസ്തീന്റെ ചരിത്രവും സംഘര്‍ഷങ്ങളും രണ്ടു രീതിയില്‍ പ്രതിപാദിക്കുന്നവയാണ്. ഗലീലിയിലെ ഒരു ഗ്രാമത്തില്‍ 1942ല്‍ ജനിച്ച കവിക്കു ആറാം വയസ്സില്‍ സകുടുംബം ലബനാനിലേക്ക് ഓടിപ്പോകേണ്ടിവന്നു.
ഒരു വർഷം കഴിഞ്ഞു പുതുതായി രൂപവത്കരിച്ച ഇസ്രായേലിലേക്ക് അവര്‍ തിരിച്ചുവന്നു. പിന്നീട് അദ്ദേഹം വേരു നഷ്ടമായ ഫലസ്തീനിയന്‍ ജനതയുടെ ശബ്ദമായി വളര്‍ന്നു. 2001ൽ അദ്ദേഹത്തിന് സാംസ്കാരിക സ്വാതന്ത്ര്യത്തിനുള്ള ലെന്നാന്‍ സമ്മാനം നല്കപ്പെട്ടു. ശിഷ്ടകാലം റാമല്ലയിലാണ് മഹ്മൂദ് ചെലവിട്ടത്. നഷ്ടത്തിന്റെ ഭാവഗീതത്തെ അനിശ്ചിതമായി നീട്ടിവെക്കപ്പെട്ട തിരിച്ചുപോക്കിന്റെ നാടകമായി പരിവര്‍ത്തനം ചെയ്യാനുള്ള ഒരു മഹാകവിയുടെ പരിശ്രമമാണ് ദര്‍വീശിന്റെ കവിത എന്ന് എഡ്വേഡ് സൈദ് അഭിപ്രായപ്പെടുന്നു. ‘എന്തിനാണ് എന്റെ കുതിരയെ ഒറ്റക്ക് വിട്ടത്’ എന്ന സമാഹാരത്തിന്റെ ആദ്യ കവിതകളാണ് ഇവിടെ.
1.എന്റെ പ്രേതം ദൂരെ നിന്നു വരുന്നതു ഞാന്‍ കാണുന്നു
ഞാന്‍ എനിക്ക് വേണ്ടതിലേക്ക്
ഒരു ബാല്ക്കണിയെപ്പോലെ നോക്കിനില്ക്കുന്നു
വൈകുന്നേരത്തെ മെയിലും അപ്പവും വീഞ്ഞും
നോവലുകളും പാട്ടുകളുടെ റെക്കോഡുകളുമായി
സുഹൃത്തുക്കള്‍ വരുന്നതു ഞാന്‍ നോക്കിനില്ക്കുന്നു
ഞാന്‍ ഒരു കടല്‍ക്കാക്കയെ നോക്കിനില്ക്കുന്നു
ഇവിടത്തെ മരങ്ങള്‍ മാറ്റിനടുന്ന
സൈനികരുടെ ട്രക്കുകളെയും.
ഞാന്‍ നോക്കിനില്ക്കുന്നു, കാനഡയില്‍നിന്ന്
ഒന്നര വര്‍ഷം മുമ്പ് തിരിച്ചുവന്ന
എന്റെ അയല്ക്കാരന്റെ നായയെ.
ഒരു പാട്ടിന്റെ കുതിരപ്പുറത്ത് ടൈബീരിയയില്നിന്ന്
ഈജിപ്തിലേക്ക് യാത്ര ചെയ്ത
അബു അല്‍ -തയ്യിബ് അല്‍- മുതനബ്ബി എന്ന പേര്
ഞാന്‍ നോക്കിനില്ക്കുന്നു
ഇരുമ്പുവേലിക്കു മുകളില്‍ ഉയര്‍ന്നുവരുന്ന
പേഴ്സ്യന്‍ പനിനീര്‍പ്പൂ ഞാന്‍ നോക്കിനില്ക്കുന്നു
ഞാന്‍ എനിക്ക് വേണ്ടതിലേക്ക്
ഒരു ബാല്ക്കണിയെപ്പോലെ നോക്കിനില്ക്കുന്നു
രാത്രിയെ രാത്രിയില്‍നിന്നു കാക്കുന്ന വൃക്ഷങ്ങളെ
ഞാന്‍ നോക്കിനില്ക്കുന്നു,
ഞാന്‍ മരിക്കാനാഗ്രഹിക്കുന്നവരുടെ ഉറക്കത്തേയും
സ്വന്തം വീട് തന്നില്‍ത്തന്നെ അന്വേഷിക്കുന്ന
കാറ്റിനെ ഞാന്‍ നോക്കിനില്ക്കുന്നു
തന്റെയുള്ളില്‍ തന്നെ വെയില് കായുന്ന ഒരു സ്ത്രീയെ
ഞാന്‍ നോക്കിനില്ക്കുന്നു
ജറൂസലേമിലേക്ക് നഗ്നപാദരായി കയറിപ്പോകുന്ന
പ്രാചീന പ്രവാചകരുടെ ഒരു ഘോഷയാത്ര
ഞാന്‍ നോക്കിനില്ക്കുന്നു, ഞാന്‍ ചോദിക്കുന്നു:
ഈ പുതിയ കാലത്തിന് ഒരു
പുതിയ പ്രവാചകനുണ്ടോ?
എനിക്ക് വേണ്ടതിന്നായി ഞാന്‍
ഒരു ബാല്‍ക്കണിപോലെ എത്തിനോക്കുന്നു
കാറ്റില്‍ ഇളകുന്ന എന്റെ ഉമ്മയുടെ തട്ടവുമായി
എന്നില്‍ നിന്നുതന്നെ ഒളിച്ചോടുന്ന
എന്റെ രൂപം ഞാന്‍ നോക്കിനില്ക്കുന്നു.
ഞാന്‍ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയാല്‍
എന്തു സംഭവിക്കും? നിന്നിലേക്കും...
നീ എന്നിലേക്കും?
സക്കരിയ്യായെ ഒളിപ്പിച്ചുവെച്ച ഒരു ഒലീവുമരം
ഞാന്‍ നോക്കിനില്ക്കുന്നു, ലിസാന്‍ അല്‍ ആരബ്ബില്
മരിച്ചുപോയ വാക്കുകളെ നോക്കിനില്ക്കുന്നു
ഞാന്‍ പേഴ്സ്യക്കാരെയും ബൈസന്റ്യന്കാരെയും
സുമേരിയാക്കാരെയും പുതിയ അഭയാർഥികളെയും
നോക്കിനില്ക്കുന്നു...
സുന്ദരനായ രാജകുമാരന്റെ രഥചക്രത്തിന്നടിയില്
ഞെരിഞ്ഞുപോയ ടാഗോറിന്റെ
ദരിദ്രസ്ത്രീകളിലൊരാളുടെ
നെക്ക്ലേസില് ഞാന്‍ നോക്കിനില്ക്കുന്നു
രാജാവിന്റെ താക്കീതില്‍ തളര്‍ന്നുപോയ
മരങ്കൊത്തിയെ
ഞാന്‍ നോക്കിനില്ക്കുന്നു,
ഞാന്‍ ആധ്യാത്മികതയിലേക്ക്
നോക്കുന്നു: എന്തു പറ്റും, ചാരമായിക്കഴിഞ്ഞാല്‍
എന്തുപറ്റും?
അൽപം ദൂരെ നിന്ന് ഭയത്തോടെ
ഞാന്‍ എന്റെ ശരീരത്തെ നോക്കുന്നു...
ഞാന്‍ ഒരു ബാല്‍ക്കണിപോലെ
എനിക്കു വേണ്ടതിലേക്ക് നോക്കിനില്ക്കുന്നു
രണ്ടു നാള് കഴിഞ്ഞ് ഞാന്‍ എന്റെ
ഭാഷയിലേക്ക് നോക്കിനില്ക്കുന്നു
ഒരു ചെറിയ അസാന്നിധ്യം മതി ഈസ്കിലസ്സിനു
സമാധാനത്തിലേക്കുള്ള വാതില്‍ തുറക്കാന്‍
ഒരു ചെറിയ പ്രസംഗം മതി
മാര്‍ക്ക് ആന്റണിക്ക് ഒരു യുദ്ധമുണ്ടാക്കാന്‍
എന്റെ കയ്യില്‍ ഒരു സ്ത്രീയുടെ കൈ മതി
എനിക്ക് സ്വാതന്ത്ര്യത്തെ ആശ്ലേഷിക്കാന്‍,
എന്റെ ഉടലില്‍ വേലിയേറ്റം വീണ്ടും തുടങ്ങാന്‍.
ഞാന്‍ ഒരു ബാല്‍ക്കണിപോലെ
എനിക്കു വേണ്ടതിലേക്ക് നോക്കിനില്ക്കുന്നു
ഞാന്‍ ദൂരെ നിന്നു വരുന്ന
എന്റെ പ്രേതത്തെ
നോക്കിനില്ക്കുന്നു...
2.എന്റെ കൈയില്‍ ഒരു മേഘം
അവര്‍ കുതിരകള്‍ക്ക് കടിഞ്ഞാണിട്ടു
എന്തിന് എന്നവര്‍ക്ക് അറിയില്ലായിരുന്നു
എന്നിട്ടും അവര്‍ സമതലത്തിലെ
കുതിരകള്‍ക്ക് കടിഞ്ഞാണിട്ടു
സ്ഥലം അവന്റെ ജനനത്തിനു തയാറായിരുന്നു.
അവന്റെ പിതാമഹരുടെ തുളസിച്ചെടികള്‍ നിറഞ്ഞ,
കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുന്ന, ഒരു കുന്ന്.
വിശുദ്ധഗ്രന്ഥത്തില്‍ മറ്റൊരു
ഒലിവ് മരത്തിന്നരികില് നില്ക്കുന്ന
ഒരു ഒലിവ് മരം ഭാഷയുടെ ഉപരിതലങ്ങളെ
താങ്ങിനിര്‍ത്തുന്നു... ഇളംനീലപ്പുക
ദൈവത്തിന്റെ മാത്രമായ ഒരു കാര്യത്തിന്നായി
ദിവസത്തെ തയാറാക്കുന്നു. മാസങ്ങളുടെ
ലാളനയേറ്റു വളര്‍ന്ന കുട്ടിയാണ് മാര്‍ച്ച്. അത്
ബദാം മരങ്ങളുടെ മേലുള്ള പരുത്തിരോമങ്ങള്
ചീകിക്കളയുന്നു. അത് പള്ളിമുറ്റങ്ങള്ക്ക്
പത്തുമണിപ്പൂക്കളുടെ വിരുന്നൊരുക്കുന്നു
മാര്‍ച്ച് കുരുവികളുടെ രാത്രിയുടെ നാടാണ്,
വിജനതയില്‍ നിലവിളിക്കാനൊരുങ്ങുന്ന
സ്ത്രീയുടെ നാടാണ്,
ഒാക്കുമരങ്ങള്ക്കിടയില് നിവര്‍ന്നു കിടക്കുന്ന നാട്.
ഒരു കുഞ്ഞു പിറക്കുന്നു
അതിന്റെ നിലവിളി
സ്ഥലത്തെ വിള്ളലുകളില്‍ മുഴുവന്‍ നിറയുന്നു
വീട്ടിലേക്കുള്ള നടക്കല്ലുകളില്‍ വെച്ച്
ഞങ്ങള്‍ വേര്‍പിരിഞ്ഞു. അവര്‍ പറഞ്ഞു:
എന്റെ നിലവിളിയില്‍ ചെടികളുടെ
നിസ്സംഗതക്ക് ചേരാത്ത ഒരു താക്കീതുണ്ട്
എന്റെ നിലവിളിയില്‍ മഴയുണ്ട്.
മുറ്റത്തു മാലാഖമാര്‍ ചെന്നായയുമായി
കളിക്കുന്നത് കണ്ടെന്നു പറഞ്ഞപ്പോള്‍
ഞാന്‍ എന്റെ സോദരരോടു
തെറ്റു ചെയ്യുകയായിരുന്നോ?
എനിക്കവരുടെ പേരോർമയില്ല. അവരുടെ
സംസാരരീതിയും ഞാനോര്‍ക്കുന്നില്ല...
അവര്‍ ലാഘവത്തോടെ പറന്നുപോയ വഴിയും.
എന്റെ ചങ്ങാതിമാര്‍ ഒരടയാളവും ബാക്കിയിടാതെ
രാത്രിപോലെ മിന്നിത്തിളങ്ങുന്നു.
അമ്മയോട് നേരു പറയണമോ?
എനിക്ക് മറ്റു സഹോദരരുണ്ട്,
എന്റെ മട്ടുപ്പാവില്‍ ഒരു ചന്ദ്രനെ കൊണ്ടുവെച്ചവര്‍
സൂചികൊണ്ട് ഡെയ്സിപ്പൂക്കളുടെ കോട്ട് തുന്നുന്നവര്‍.
അവര്‍ കുതിരകള്‍ക്ക് കടിഞ്ഞാണിട്ടു,
എന്തിനെന്ന് അവര്‍ക്കറിയില്ലായിരുന്നു
എന്നാല്‍ രാത്രിയുടെ
അന്ത്യയാമത്തിലാണ് അവരതു ചെയ്തത്.
എന്റെ വേനല്മേശക്ക് ഏഴു ധാന്യക്കതിരുകള്‍ മതി
ഏഴു കതിരുകള്‍, എന്റെ കയ്യില്‍...
ഓരോ ധാന്യമണിയിലും
ഓരോ ഗോതമ്പുവയല്‍.
അതില്‍നിന്ന് മറ്റൊന്ന്. ഈ കിണറ്റില്‍
നിന്നാണ് എന്റെ അച്ഛന് വെള്ളം എടുത്തിരുന്നത്.
വരണ്ടു പോവല്ലേ,
അങ്ങേര് അതിനോടു പറഞ്ഞു.
അങ്ങേര് എന്റെ കൈ പിടിച്ചു,
ഞാന്‍ പത്തുമണിപ്പൂപോലെ വളരുന്നത് കാണാന്‍..,
ഞാന്‍ കിണറ്റുവക്കിലൂടെ നടക്കുന്നു, എനിക്ക്
രണ്ടു ചന്ദ്രന്മാരുണ്ട്, ഒന്ന് മുകളില്‍, ഒന്ന് വെള്ളത്തില്‍
നീന്തുന്നു... എനിക്ക് രണ്ടു ചന്ദ്രന്മാരുണ്ട്, അവരുടെ
പിതാമഹരെപ്പോലെ തന്നെ, വിശുദ്ധനിയമങ്ങളില്
സത്യമായത് ഏതെന്ന് തീര്‍ച്ചയുള്ളവര്‍.., അവര്‍
വാളുകള്‍ ഉരുക്കി കലപ്പകളുണ്ടാക്കി. വേനലില്‍
ഉണങ്ങുന്നതിനെ വാളിനു ശരിയാക്കാനാവില്ല,
അവര്‍ പറഞ്ഞു. അവര്‍ ഏറെനേരം പ്രാര്‍ഥിച്ചു,
അവര്‍ പ്രകൃതിയെ സ്തുതിച്ചു പാടി... പക്ഷേ
അവര്‍ കുതിരകള്‍ക്ക് കടിഞ്ഞാണിട്ടു,
രാത്രിയുടെ വെള്ളിയില്‍ നൃത്തം ചെയ്യുവാന്‍...
കയ്യിലെ ഒരു മേഘം എന്നെ മുറിവേല്‍പ്പിക്കുന്നു
എനിക്ക് ഭൂമിയില്‍നിന്ന് ഒന്നും വേണ്ടാ,
ഈ മണ്ണൊഴികെ:
എന്റെ അച്ഛന്നും കുതിരക്കുമിടയിലെ ഏലത്തിന്റെയും
വൈക്കോലിന്റെയും സുഗന്ധമൊഴികെ. എന്റെ കയ്യില്‍
എന്നെ മുറിവേല്‍പ്പിച്ച ഒരു മേഘമുണ്ട്. പക്ഷേ ഒരു
ഓറഞ്ചുകുരുവും, ബാങ്കുവിളിയില്നിന്ന്
ഒഴുകിയെത്തുന്ന സ്വർണവുമൊഴികെ
സൂര്യനില്‍നിന്നും
എനിക്കൊന്നും വേണ്ടാ.
അവര്‍ കുതിരകള്‍ക്ക് കടിഞ്ഞാണിട്ടു,
എന്തിനെന്ന് അവര്‍ക്കറിയില്ല
പക്ഷേ അവര്‍ രാത്രിയുടെ അന്ത്യത്തില്‍
കുതിരകള്‍ക്ക് കടിഞ്ഞാണിട്ടു, എന്നിട്ട് അവിടത്തെ
വിള്ളലുകളില്‍നിന്ന് ഒരു പ്രേതം
പൊങ്ങിവരാന്‍ കാത്തുനിന്നു.
3.പാവം ഗ്രാമീണര്‍
കടലില്‍നിന്ന് ചരക്കുമായി ട്രക്കുകള്‍ വന്നപ്പോള്‍
എന്റെ അമ്മയുടെയോ കുടുംബത്തിന്റെയോ
ആചാരങ്ങള്‍
എനിക്കറിയില്ലായിരുന്നു, പക്ഷേ എന്റെ മുത്തച്ഛന്റെ
ഉടുപ്പിലെ പുകയിലമണം എനിക്ക് പരിചിതമായിരുന്നു,
പിന്നെ കാപ്പിയുടെ എന്നത്തെയും മണവും,
ഇവിടെ വളര്‍ത്തുമൃഗങ്ങള്‍ ജനിക്കുംപോലെ
ഒരൊറ്റ തള്ളലിലാണ് ഞാന്‍ ജനിച്ചതെന്നതുകൊണ്ട്.
നമ്മളും ഭൂമിയുടെ വക്കില്‍ വീണു കരയുന്നു
പക്ഷേ നാം നമ്മുടെ ശബ്ദം ഭരണികളില്‍
ഉപ്പിട്ട് വെക്കാറില്ല,
മലയാടുകളെ ചുവരില്‍ തൂക്കാറുമില്ല
പൊടിയുടെ സാമ്രാജ്യം അവകാശപ്പെടാറില്ല
ഞങ്ങളുടെ സ്വപ്നങ്ങള്‍ മറ്റുള്ളവരുടെ
മുന്തിരിവിളകളിലേക്ക് നോക്കിനില്‍ക്കാറില്ല
അവ നിയമം തെറ്റിക്കാറുമില്ല.
എന്റെ പേരിനു തൂവല്‍ മുളച്ചിരുന്നില്ല, അതുകൊണ്ട്
വൈകുന്നേരം ഞാന്‍ കഴിയുന്നത്ര ദൂരേക്ക് ചാടി.
ഏപ്രില്ചൂട് കടന്നുപോകുന്ന സന്ദര്‍ശകരുടെ
ഫിഡില്‍ വായനപോലെ ആയിരുന്നു, അത്
ഞങ്ങളെ പ്രാവുകളെപ്പോലെ പറത്തി,
എന്നെ താക്കീത് ചെയ്ത ആദ്യത്തെ മണിയടി: തന്റെ
മുട്ടുകളിലെ പാല് മണക്കാന്‍ എന്നെ
ക്ഷണിച്ചു വശീകരിച്ച ഒരു സ്ത്രീ. അതുകൊണ്ട് ഞാന്‍
വിരുന്നിന്റെ മുള്ളില്‍നിന്ന് ഓടിരക്ഷപ്പെട്ടു.
വെയില് പോപ്ലാര്‍ മരങ്ങള്‍ക്ക് കുറുകെ വീഴുമ്പോള്‍
ഞങ്ങള്‍ക്കുമുണ്ട് ഞങ്ങളുടെ രഹസ്യം: മരിച്ചുപോയ
ആരെയെങ്കിലും,
ഒന്നിനും വേണ്ടിയല്ലാതെ മരിച്ച ഒരാളെ,
ഓര്‍ത്തു കരയാനുള്ള ആഗ്രഹം.
ഞങ്ങളെ പിടികൂടുന്നു
ബാബിലോണ്‍ സന്ദര്‍ശിക്കാന്‍, അല്ലെങ്കില്‍
ഡമസ്കസിലെ ഒരു പള്ളി സന്ദര്‍ശിക്കാനുള്ള ആഗ്രഹം
ഞങ്ങളെ ആവേശിക്കുന്നു. അറ്റമെഴാത്ത വേദനയുടെ
കഥയിലെ ഒരു പ്രാവിന്റെ കുറുകലിലെ
കണ്ണീരില്‍നിന്ന് ഞങ്ങള്‍ പൊഴിയുന്നു
പറഞ്ഞ വാക്കുകളില്‍ പശ്ചാത്തപിക്കാത്ത
നിഷ്കളങ്കരായ ഗ്രാമീണരാണ് ഞങ്ങള്‍. ഞങ്ങളുടെ
ദിനങ്ങള്‍പോലെ പേരുകളും ഒരേ പോലെയാണ്,
പേരുകൊണ്ട് മാത്രം
ഞങ്ങളെ തിരിച്ചറിയുക എളുപ്പമല്ല
വിരുന്നുകാരുടെ വാക്കുകള്‍ക്കിടയില്‍ കൂടി
ഞങ്ങള്‍ തെന്നിപ്പോകുന്നു. ഞങ്ങളുടെ തിരിച്ചുവരുന്ന
പക്ഷികളുടെ ഇടങ്ങളില്‍നിന്ന്
തൂവലുകള്‍ ഓരോന്നായെടുത്ത്
തൂവാല നെയ്യുന്ന അപരിചിതരോട്
ഞങ്ങളുടെ നാടിനെക്കുറിച്ച്
ഏറെപ്പറയാനുണ്ട് ഞങ്ങള്‍ക്ക്.
കടലില്‍നിന്നു ട്രക്കുകള്‍ വന്നപ്പോള്‍
ഒരു കാട്ടുമുള്ളിനേക്കാള് കരുത്തുള്ള ആണികള്‍
സ്ഥലത്തില്ലായിരുന്നു. ഞങ്ങള്‍ തൊഴുത്തില്‍
കാലികള്‍ക്കുള്ള തീറ്റി ഒരുക്കുകയായിരുന്നു,
കൈ കൊണ്ടുണ്ടാക്കിയ അലമാരികളില്‍ ഞങ്ങളുടെ
ദിനങ്ങള്‍ അടുക്കിവെക്കുകയായിരുന്നു, കുതിരയുടെ
വാത്സല്യം തേടി, അഭയാർഥിയായ നക്ഷത്രത്തെ
ചൂണ്ടിക്കാണിച്ചുകൊണ്ട്.
ഞങ്ങളും ട്രക്കുകളില്‍ കയറി.
ഒലീവ് മരങ്ങളുടെ രാത്രിയിലൂടെ
മരതകങ്ങളുടെ തിളക്കം ഞങ്ങളോട് സംസാരിച്ചു.
പള്ളിഗോപുരത്തിന്നു മുകളില്‍ ഓടിപ്പോകുന്ന
ചന്ദ്രനെ നോക്കി നായ്ക്കള്‍ കുരച്ചു,
പക്ഷേ ഞങ്ങള്‍ ഭയപ്പെട്ടില്ല
കാരണം, ഞങ്ങളുടെ ബാല്യം
ഞങ്ങളുടെ കൂടെ വന്നില്ല
ഞങ്ങള്‍ക്ക് ഒരു പാട്ട് മതിയായിരുന്നു: ഞങ്ങള്‍ വേഗം
തിരിച്ചു വന്നെത്തും വീടുകളില്‍... ട്രക്കുകള്‍
അധികഭാരമിറക്കി കാലിയാകുമ്പോള്‍.
4.മൂങ്ങയുടെ രാത്രി
ഇന്നലെക്കു സ്പര്‍ശിക്കാനാകാത്ത ഒരു ഇന്നാണ് ഇത്
അവസാനത്തെ വൃക്ഷത്തിന്നരികില് എത്തിയപ്പോള്‍
ഞങ്ങള്‍ ശ്രദ്ധിച്ചു, ഞങ്ങള്‍ക്ക് ഒന്നും
ശ്രദ്ധിക്കാന്‍ ആവുന്നില്ലെന്ന്.
ട്രക്കുകള്‍ കണ്ടപ്പോള്‍ ഞങ്ങള്‍
കണ്ടത് ശൂന്യത മാത്രമാണ്,
അതിലെ തെരഞ്ഞെടുത്ത
ചിലതെല്ലാം കുന്നുകൂട്ടുന്നത്,
ഞങ്ങള്‍ക്ക് ചുറ്റും അതിന്റെ
അനശ്വരമായ കൂടാരം നിർമിക്കുന്നത്...
ഭൂതകാലം തൊടാത്ത
ഒരു വര്‍ത്തമാനകാലമാണിത്
മള്‍ബറി മരങ്ങള്‍ക്കിടയിലൂടെ ഒരു പട്ടുനൂല്‍
തെന്നിപ്പോകുന്നു, രാത്രിയുടെ നോട്ടുപുസ്തകത്തില്‍
നിന്ന് അക്ഷരങ്ങളും. ചിത്രശലഭങ്ങള്‍ മാത്രം
അപരിചിതമായ വാക്കുകളുടെ പൊത്തുകളിലേക്ക്
ഇറങ്ങിവന്ന് ഞങ്ങളുടെ ധീരതയെ തിളക്കുന്നു:
ഇത് ബുദ്ധിമുട്ടായിരുന്നോ,
എന്റെ പിതാവായ മനുഷ്യാ?
ഒരുപക്ഷേ ഞാന്‍ തന്നെ
ഇവിടെ എന്നെ പോറ്റിയെന്നു വരാം
ഒരുപക്ഷേ ഇപ്പോള്‍ ഞാന്‍ ഒറ്റക്ക്
എനിക്കു തന്നെ പിറവി നല്‍കിയേക്കാം,
എന്റെ പേരിനു നീളന്‍ അക്ഷരങ്ങള്‍
തെരഞ്ഞെടുത്തേക്കാം...
ഇതാ കാലത്തിന്റെ ശൂന്യതയിലിരിക്കുന്ന
ഒരു വര്‍ത്തമാനം, പുഴക്കരയിലെ മുളങ്കാടുകള്‍
കടന്നുപോകുന്നവരുടെ അടയാളങ്ങളില്‍
തുറിച്ചുനോക്കിക്കൊണ്ട്, കാറ്റുകൊണ്ട്
സ്വന്തം ഓടക്കുഴലുകള്‍ മിനുക്കിക്കൊണ്ട്...
സംസാരം ഇനി സുതാര്യമായെന്നു വരാം,
അതില്‍ നാമപ്പോള് തുറന്ന ജനലുകള്‍ കാണും
ചിലപ്പോള്‍ കാലം അതിന്റെ ഭാണ്ഡത്തില്‍
നമ്മുടെ നാളെയും വഹിച്ച്
തിരക്കിട്ട് കടന്നുപോയേക്കാം...
ഇതാ ഇവിടെ, കാലമില്ലാത്ത ഒരു വര്‍ത്തമാനം
നാം എങ്ങനെ കാറ്റ് വീശിപ്പോകുംപോലെ
കതകു കടന്നുപോയെന്നു ഓർമിക്കുന്ന ആരെയും
ആരും ഇവിടെ കണ്ടില്ല,
അഥവാ നാം ഇന്നലെയില്‍നിന്ന്
എപ്പോഴാണ് വീണു പോയതെന്ന്
ഓർമിക്കുന്ന ആരെയും.
ഇന്നലെ നിലത്തു വീണു പൊട്ടിച്ചിതറി, കുപ്പിച്ചില്ലുകള്‍
മറ്റുള്ളവര്‍ വാരിക്കൂട്ടി, നമുക്കു ശേഷം കണ്ണാടികള്‍
അവയുടെ പ്രതിബിംബങ്ങള്‍ക്കു വേണ്ടി
എന്നപോലെ...
ഇതാ ഇവിടെ, സ്ഥലമില്ലാത്ത ഒരു വര്‍ത്തമാനം.
ഞാന്‍ ഇവിടെ എന്നെത്തന്നെ പോറ്റിയെന്നു വരാം,
മൂങ്ങയുടെ രാത്രിക്ക് നേരെ നിലവിളിച്ചെന്നു വരാം
ആ വിഷമം പിടിച്ച മനുഷ്യന്, ചരിത്രത്തിന്റെ ഭാരം
എന്റെ ശിരസ്സില്‍ കയറ്റിവെച്ചയാള്,
എന്റെ അച്ഛന് ആയിരുന്നോ?
ഒരുപക്ഷേ ഞാന്‍ എന്റെ പേരിന്നകത്തിരുന്നു തന്നെ
മാറിയേക്കാം, എന്നിട്ട് എന്റെ അമ്മയുടെ വാക്കുകളും
ശീലങ്ങളും എന്റേതാക്കാം, അതാണ് ശരി.
ഉപ്പ് എന്റെ രക്തം സ്പര്‍ശിക്കുമ്പോള്‍
അമ്മ എന്നോട് തമാശകള്‍ പറയും
രാപ്പാടി എന്റെ വായില്‍ കടിക്കുമ്പോള്‍
അമ്മ എന്നെ ആശ്വസിപ്പിക്കും
ഇതാ ഓടിപ്പോകുന്ന
ഒരു വര്‍ത്തമാനം
ഇവിടെയാണ് അപരിചിതര്‍ ഒരു ഒലീവ് മരത്തിന്റെ
കൊമ്പില്‍ തോക്കുകള്‍ തൂക്കിയിട്ടത്,
ടിന്നുകള്‍ തുറന്നു
പെട്ടെന്ന് അത്താഴം തയാറാക്കിയത്,
പെട്ടെന്ന് സ്വന്തം ട്രക്കുകളില്‍ കയറി സ്ഥലംവിട്ടത്...
5.മുൾച്ചെടിയുടെ അനശ്വരത
-എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്, അച്ഛാ?
-കാറ്റ് നമ്മെ കൊണ്ടുപോകുന്നിടത്തേക്ക്, മോനേ.
...ബോണപ്പാര്‍ട്ടിന്റെ പട്ടാളക്കാര്‍ ആക്രെയുടെ
പഴയ മതിലിലെ നിഴലുകള്‍ നിരീക്ഷിച്ചിരുന്ന
മൈതാനം വിട്ടുപോകുമ്പോള്‍
ഒരച്ഛന് മകനോട് പറഞ്ഞു:
പേടിക്കരുത്. വെടിയുണ്ടകളുടെ
മൂളല്‍ കേട്ടു പേടിക്കരുത്
നിലത്തോട് പറ്റിച്ചേര്‍ന്നു കിടക്കൂ, നിനക്ക് ഒന്നും പറ്റില്ല
നാം അതിജീവിക്കും, വടക്കുള്ള മല കയറും,
പട്ടാളക്കാര്‍ ദൂരെയുള്ള വീടുകളിലേക്ക്
തിരിച്ചു പോകുമ്പോള്‍ നാം മലയിറങ്ങും
-നമ്മള് പോയാല്‍ ഈ വീട്ടില്‍
ആര് താമസിക്കും, അച്ഛാ?
- ഇത് ഇതുപോലെ തന്നെയിരിക്കും,
എന്നത്തെയുംപോലെ
തന്റെ കൈകാലുകള്‍ സ്ഥാനത്തുണ്ടോ
എന്ന് തപ്പി നോക്കും പോലെ
അയാള്‍ താക്കോല്‍ തിരക്കി, ഉറപ്പു വരുത്തി
ഒരു മുള്‍വേലി കയറി മറിയുമ്പോള്‍ അയാള്‍ പറഞ്ഞു:
ഓര്‍ക്കണം മോനേ,
ഇവിടെ ബ്രിട്ടീഷുകാര്‍ നിന്റെ അച്ഛനെ രണ്ടു രാത്രി
മുള്‍ചെടികളില്‍ ക്രൂശിച്ചു,
എന്നിട്ടും അയാള്‍ കുറ്റമേറ്റില്ല
നീ വളരും മോനേ, അവരുടെ തോക്കുകള്‍
അവകാശമാക്കുന്നവരോട്
ഇരുമ്പിലെ ചോരയുടെ കഥ പറയും...
-എന്തുകൊണ്ടാണ് കുതിരയെ അച്ഛന് ഒറ്റക്ക് വിട്ടത്?
- വീടിനു ഒരു തുണയുണ്ടാവാന്, മോനേ.
താമസക്കാര്‍ പോകുമ്പോള്‍ വീടുകള്‍ മരിക്കും
അനന്തത ദൂരെനിന്ന് ഈ രാത്രി ഗതാഗതത്തിന്നായി
ഗേറ്റ് തുറക്കുന്നു. പേടിച്ചരണ്ട ചന്ദ്രനെ നോക്കി
കാട്ടുചെന്നായകള് നിലവിളിക്കുന്നു.
ഒരച്ഛന് മകനോട് പറയുന്നു:
നിന്റെ മുത്തച്ഛനെപ്പോലെ കരുത്തനാവുക
എന്നോടൊപ്പം ഓക്കുമരങ്ങളുടെ
അവസാനത്തെ കുന്നും കയറുക
ഓര്‍ക്കൂ മോനേ, ഇവിടെയാണ് യുദ്ധത്തിന്റെ
കോവര്കഴുതപ്പുറത്തുനിന്ന്
അംഗരക്ഷകര്‍ വീണു മരിച്ചത്
അതുകൊണ്ട്, എന്നെ ഉറച്ചു വിശ്വസിക്കുക,
നാം മടങ്ങിപ്പോവുകതന്നെ ചെയ്യും.
-എപ്പോള്‍, അച്ഛാ?
-നാളെ. അല്ലെങ്കില്‍ രണ്ടു ദിവസത്തിന്നകം, മോനേ!
നിരാര്‍ദ്രമായ ഒരു നാളെ,
നീണ്ട ഹേമന്തരാത്രികളിലൂടെ,
അവര്‍ക്ക് പിറകിലെ കാറ്റിനെ
കരണ്ട് തിന്നുകൊണ്ടിരുന്നു
യെഹോഷ്വാ ബെന്‍ നണ്ണിന്റെ പട്ടാളക്കാര്‍
അവരുടെ വീടിന്റെ കല്ലുകള്‍കൊണ്ട് കോട്ട പണിതു.
കാനായിലേക്കുള്ള വഴിയില്‍ അവര്‍ക്ക് ശാസം മുട്ടി
ഇവിടെ യേശു ഒരുദിവസം കഴിച്ചുകൂട്ടിയിരുന്നു,
ഇവിടെയാണ് അവന് വെള്ളം വീഞ്ഞാക്കിയത്, എന്നിട്ട്
സ്നേഹത്തെക്കുറിച്ച് അവന് പലതും പറഞ്ഞു.
മോനേ, നാളെയെ ഓര്‍ക്കുക. പട്ടാളക്കാര്‍
പിരിയുമ്പോള്‍ ഏപ്രില്‍ മാസത്തിലെ കളകള്‍
തിന്നുതീര്‍ക്കുന്ന കുരിശുയുദ്ധക്കാരുടെ
കൊത്തളങ്ങള്‍ ഓര്‍ക്കുക...
6.എത്ര തവണ അത് അവസാനിക്കും...
അയാള്‍ സിഗരറ്റ് പുകയിലിരുന്നു തന്റെ
നാളുകളെക്കുറിച്ചാലോചിക്കുകയാണ്
പിന്നെ പോക്കറ്റ് വാച്ച് നോക്കുന്നു
എനിക്ക് കഴിയുമെങ്കില്‍ ഞാന്‍ അതിന്റെ മിടിപ്പ്
പതുക്കെയാക്കും, ബാര്‍ലി വിളയുന്നത് വൈകിക്കാന്‍!
അയാള്‍ നിശ്ചിന്തനായി, തളര്‍ന്നു, യാത്രയാകുന്നു:
വിളവെടുപ്പിനു സമയമായി
ധാന്യമണികള്‍ക്ക് കനംവെച്ചു,
അരിവാളുകള്‍ ഉപേക്ഷിക്കപ്പെട്ടു
നാട് അതിന്റെ പ്രവാചക കവാടത്തില്‍നിന്ന്
പിന്‍വലിയുകയാണ്
ലബനാനിലെ ഗ്രീഷ്മം തെക്കുള്ള എന്റെ
മുന്തിരിയെക്കുറിച്ചു സംസാരിക്കുന്നു,
അതെന്നോട് ആധ്യാത്മികതയെക്കുറിച്ചു പറയുന്നു
പക്ഷേ ദൈവത്തിലേക്കുള്ള എന്റെ വഴി തുടങ്ങുന്നത്
ഒരു തെക്കന്‍ നക്ഷത്രത്തില്‍നിന്നാണ്.
-എന്നോടാണോ അച്ഛാ, സംസാരിക്കുന്നത്?
- അവര്‍ റോഡൈലണ്ടില് ഒരു സന്ധി ഒപ്പിട്ടു, മോനേ
-അപ്പോള്‍ നമ്മുടെ കാര്യമോ,
നമ്മുടെ കാര്യമോ, അച്ഛാ?
- അവസാനിച്ചു...
- ഇനിയും എത്ര തവണ അത് അവസാനിക്കും?
-അത് അവസാനിച്ചു, അവര്‍ കടമ ചെയ്തു:
അവര്‍ ശത്രുക്കളുടെ വിമാനങ്ങളോട്
ഒടിഞ്ഞ തോക്കുകള്‍കൊണ്ട് യുദ്ധംചെയ്തു
നാം നമ്മുടെ കടമ ചെയ്തു, നാം ആരിവേപ്പുമരത്തിന്റെ
അരികില്‍നിന്ന് പിന്‍വാങ്ങി, സൈന്യത്തലവന്റെ
തൊപ്പിക്കു ചുളിവു വീഴാതിരിക്കാന്‍.
നമ്മള് വീട്ടുകാരികളുടെ മോതിരങ്ങള്‍ വിറ്റു, മോനേ,
അവര്‍ക്ക് പക്ഷികളെ വേട്ടയാടാന്‍.
-അപ്പോള്‍ നമ്മള് ഇവിടെത്തന്നെ തുടരുമോ, അച്ഛാ,
കാറ്റിന്റെ ചൂളമരങ്ങള്ക്ക് കീഴില്‍,
ആകാശത്തിനും സമുദ്രത്തിനുമിടയില്‍?
-മോനേ, ഇവിടെയുള്ളതെല്ലാം അവിടെ
മറ്റെന്തോപോലെ തോന്നിക്കും
രാത്രി നാം നമ്മെപ്പോലെ തന്നെ തോന്നിക്കും
അനന്തമായ സാമ്യതിന്റെ നക്ഷത്രം
നമ്മെ വിഴുങ്ങും, മോനേ!
-അച്ഛാ, എന്നോട് സംസാരിക്കുമ്പോള്‍
കഠിനപദങ്ങള്‍ ഉപയോഗിക്കരുതേ!
-ഞാന്‍ പ്രാവുകളുടെ കുറുകലിന്നായി
ജനലുകള്‍ തുറന്നിട്ടു
ഞാന്‍ എന്റെ മുഖം കിണറ്റുവക്കില്‍ മറന്നുവെച്ചു
ഞാന്‍ എന്റെ വാക്കുകളെ അവരുടെ കുളിമുറിയില്‍
കെട്ടിയ ചരടില്‍ സംസാരിക്കാന്‍ വിട്ടു
ഞാന്‍ ഇരുട്ടിനെ എന്റെ കാത്തിരിപ്പിന്റെ
കമ്പിളിയില്‍ പൊതിഞ്ഞ്
അതിന്റെ രാത്രിക്ക് കൊടുത്തു
ഞാന്‍ എന്റെ മേഘങ്ങളുടെ ഉടുപ്പുകള്‍
അവരുടെ അത്തിമരങ്ങളില്‍ വിരിച്ചിട്ടു
ഞാന്‍ എന്റെ സ്വപ്നത്തെ അതുകൊണ്ടു തന്നെ
സ്വയം പുതുക്കാന്‍ വിട്ടു
ഞാന്‍ സമാധാനത്തെ അവിടെ,
ഭൂമിയില്‍ ഒറ്റക്ക് വിട്ടു...
-ഞാന്‍ ഉണര്‍ന്നു കിടക്കുമ്പോള്‍
അച്ഛന് സ്വപ്നം കാണുകയായിരുന്നോ അച്ഛാ?
-ഉണരൂ, മോനേ, നാം തിരിച്ചുപോവുകയാണ്.
7. എന്റെ അവസാനം വരെയും അതിന്റെ അവസാനം വരെയും
-നടന്നു നടന്നു ക്ഷീണിച്ചോ, മോനേ?
ശരിക്കും ക്ഷീണിച്ചോ?
-ഉവ്വച്ഛാ, നിങ്ങളുടെ രാത്രി വഴിയില്‍ നീണ്ടു വളര്‍ന്നു,
നിങ്ങളുടെ ഹൃദയം രാത്രിയുടെ
ഭൂമിക്കു മുകളില്‍ ഒഴുകിപ്പരന്നു
-നിനക്ക് ഇപ്പോഴും ഒരു പൂച്ചയുടെ ഭാരമേയുള്ളൂ
അതുകൊണ്ട്, എന്റെ തോളില്‍ കയറിക്കോളൂ
ഇത്തിരി നേരംകൊണ്ട് നാം
സൈപ്രസ് മരങ്ങളുടെയും
ഓക്കുമരങ്ങളുടെയും കാട് പിന്നിടും
ഇത് വടക്കന്‍ ഗലീലിയാണ്
ലബനാന് നാം പിന്നിട്ടു കഴിഞ്ഞു
ഡമസ്കസ് മുതല്‍ സുന്ദരമായ ആക്രെക്കൊട്ട വരെ
ആകാശം നമ്മുടേതാണ്
-പിന്നെ?
-നാം വീട്ടിലേക്കു മടങ്ങും,
നിനക്കു വഴിയറിയാമോ, മോനേ?
-അറിയാം, അച്ഛാ.
കരോബ് മരത്തിനു കിഴക്കു പ്രധാന വഴിയില്‍
അത് തുറക്കുന്നിടത്ത് മുള്‍ച്ചെടികള്‍
നിറഞ്ഞ ഒരു പാതയുണ്ട്
പിന്നെ അതിനു കിണര്‍ എത്തുംവരെ
വീതി കൂടിക്കൂടി വരും,
അവിടെ നിന്നാല്‍ പുകയിലയും
മിഠായിയും വില്‍ക്കുന്ന
ജലീല്‍ മാമന്റെ തോട്ടം കാണാം,
പിെന്ന അത് ചോളം മെതിക്കുന്ന
മൈതാനത്ത് അപ്രത്യക്ഷമാകും
പിന്നെ അത് നിവര്‍ന്നു തത്തയുടെ
ആകൃതിയുള്ള ഒരു വീട്ടില്‍ ചെന്നു നില്ക്കും
-നിനക്കു വീടറിയാമോ, മോനേ?
-ഉവ്വ്, വഴിപോലെ തന്നെ നന്നായറിയാം
ഒരു ഇരുമ്പുഗേറ്റില്‍ മുല്ലവള്ളി ചുറ്റിപ്പടരുന്നു
കല്പ്പടവുകളില് വെളിച്ചത്തിന്റെ കാലടികള്‍
ആ സ്ഥലത്തിനു പിറകിലുള്ളതിലേക്ക്
സൂര്യകാന്തികള്‍ തുറിച്ചുനോക്കുന്നു
തേനീച്ചകള്‍ ഒരു മുളന്തളികയില്
മുത്തച്ഛനുള്ള പ്രാതലൊരുക്കുന്നു
മുറ്റത്ത് ഒരു കിണറും ചൂളമരവും കുതിരയുമുണ്ട്
വേലിക്കു പിറകില്‍ കടലാസുകള്‍
മറിച്ചുമറിച്ചുനോക്കുന്ന ഒരു നാളെയും...
-അച്ഛാ, അച്ഛന് ക്ഷീണമുണ്ടോ?
കണ്ണില്‍ കാണുന്നത് വിയര്‍പ്പാണോ?
-മോനേ, ഞാന്‍ തളര്‍ന്നു...
എന്നെ എടുത്തു കൊണ്ടുപോകാമോ?
-അച്ഛന് എന്നെ കൊണ്ടുപോകാറുള്ളതു പോലെ
ഞാന്‍ വഹിക്കും, എന്റെ തുടക്കത്തിനും
അതിന്റെ തുടക്കത്തിനും വേണ്ടിയുള്ള
ഈ മോഹം
ഞാന്‍ ഈ വഴി പിന്തുടരും,
എന്റെ അവസാനം വരെ...
അതിന്റെ അവസാനം വരെ.
8.ഇഷ്മായേലിന്റെ തംബുരു
ഒരു പെണ്‍കുതിര രണ്ടു ചരടുകളില്‍
നൃത്തം ചെയ്യുന്നു –അങ്ങനെയാണ്
ഇഷ്മായേലിന്റെ വിരലുകള്‍
തന്റെ രക്തത്തെ കേള്‍ക്കുന്നത്. നാട്ടിന്‍പുറങ്ങള്‍
ആ താളത്തില്‍ പോപ്പിപ്പൂക്കളെപ്പോലെ
ചിതറിപ്പോകുന്നു.
അവിടെ രാത്രിയില്ല, പകലുമില്ല. ദൈവികമായ
ആഹ്ലാദം നമ്മെ സ്പര്‍ശിക്കുന്നു.
എല്ലാ ബിന്ദുക്കളും
ഉറവകളിലേക്ക് മടങ്ങുന്നു
ഹല്ലേലുയ്യാ
ഹല്ലേലുയ്യാ
എല്ലാം ഇനി പുതുതായി തുടങ്ങും
ആ പഴയ തംബുരുവിന്റെ ഉടമ
ഞങ്ങളുടെ അയല്‍ക്കാരനാണ്,
ഓക്കുമരങ്ങളുടെ കാട്ടില്‍ ജീവിക്കുന്നവന്.
പാടുന്ന ഭ്രാന്തന്റെ വേഷത്തില്‍
സ്വന്തം സമയം ഒളിച്ചു കൊണ്ടുനടക്കുന്നവന്.
യുദ്ധം കഴിഞ്ഞിരുന്നു. ഞങ്ങളുടെ നാടിന്റെ ചാരം
ഒരു കറുത്ത മേഘത്തില്‍ അപ്രത്യക്ഷമായി, ഞങ്ങള്‍
പ്രതീക്ഷിച്ചപോലെ ഫീനിക്സ് പക്ഷി
അതിന്മേല് പിറവി കൊണ്ടിരുന്നില്ല, മരിച്ചുപോയ
ഞങ്ങളുടെ ആളുകളുടെ കുപ്പായത്തില്‍
രാത്രിയുടെ ചോര ഉണങ്ങിയിരുന്നില്ല. മറവി
പ്രതീക്ഷിച്ചിരുന്നപോലെ
പട്ടാളക്കാരുടെ തൊപ്പികളിന്മേല്
ചെടികള്‍ മുളച്ചിരുന്നില്ല
ഹല്ലേലുയ്യാ
ഹല്ലേലുയ്യാ
എല്ലാം ഇനി പുതുതായി തുടങ്ങും
മരുഭൂമിയുടെ ബാക്കിപോലെ കാലം
സ്ഥലത്തില്‍നിന്ന് പിന്‍വാങ്ങുന്നു, കവിതയെ
പൊട്ടിത്തെറിക്കാന്‍ അനുവദിക്കുന്ന ദൂരത്തിലേക്ക്.
ഇഷ്മായേല്‍ രാത്രി ഞങ്ങളുടെ തലക്കു മുകളില്‍
ഇറങ്ങിവന്ന് പാടുന്നു: ഹേ, അപരിചിതാ, നീ
എന്നില്‍നിന്ന് വന്നവനാണ് അപരിചിതാ.
മരുഭൂമി അവന്റെ വാക്കുകളില്‍ വിട പറയുന്നു
അവന്റെ വാക്കുകള്‍ വസ്തുക്കളുടെ ശക്തിയെ
അവഗണിക്കുന്നു: ഓ, തംബുരൂ, നഷ്ടപ്പെട്ടത്
തിരിച്ചുകൊണ്ടുവരൂ,
എന്നെ അതില്‍ ബലി കൊടുക്കൂ
ഒരു ദൂരം മുതല്‍ മറ്റൊരു ദൂരം വരെ
ഹല്ലേലുയ്യാ
ഹല്ലേലുയ്യാ
എല്ലാം ഇനി പുതുതായി തുടങ്ങും
അർഥം ഞങ്ങളെ സ്ഥാനം തെറ്റിക്കുന്നു... ഞങ്ങള്‍
ഒരു വെണ്ണക്കല്മലയുടെ അടിവാരത്തുനിന്ന്
മറ്റൊന്നിലേക്ക് പറക്കുന്നു. ഞങ്ങള്‍ രണ്ടു
അഗാധതകള്ക്കിടയില് ഓടിനടക്കുന്നു
ഞങ്ങളുടെ സ്വപ്നങ്ങള്‍ ഉണരുന്നില്ല, സ്ഥലത്തെ
കാവല്‍ക്കാരും ഇഷ്മായേലിന്റെ സ്ഥലത്തുനിന്നു
വിട്ടുപോകുന്നില്ല. അവിടെ ഭൂമിയില്ല, ആകാശവുമില്ല
ഒന്നിച്ചുള്ള ഒരാനന്ദം ഞങ്ങളെ സ്പര്‍ശിക്കുന്നു,
രണ്ടു കമ്പിയുള്ള കടലിടുക്കിലെത്തും മുമ്പ്.
എല്ലാം സാധ്യമാകുവാന്‍, ഉണ്മയോടടുക്കുവാന്,
ഞങ്ങള്‍ക്ക് വേണ്ടി പാടൂ, ഇഷ്മായേല്‍.
ഹല്ലേലുയ്യാ
ഹല്ലേലുയ്യാ
എല്ലാം ഇനി പുതുതായി തുടങ്ങും
ഇഷ്മായേലിന്റെ തംബുരുവില്‍ സുമേരിയന്‍ വിവാഹം
ഉയര്‍ന്നുവരുന്നു, വാളിന്തുമ്പു വരെ. അവിടെ
അസ്തിത്വമില്ല, ശൂന്യതയുമില്ല. സൃഷ്ടിക്കായുള്ള
അത്യാഗ്രഹം നമ്മെ സ്പര്‍ശിക്കുന്നു
ഒരു കമ്പിയില്‍നിന്ന് വെള്ളം ഒഴുകുന്നു,
മറുകമ്പിയില്നിന്ന് ജ്വാലകള്‍ വരുന്നു
മൂന്നാമത്തേതില്‍നിന്ന് സ്ത്രീ, ജീവന്, വെളിപാട്
തിളങ്ങിപ്പരക്കുന്നു. പാടൂ, ഇഷ്മായേല്‍, അർഥം
ഉണ്ടാകുംവരെ. അപ്പോള്‍ ആതന്സിനുമേല്
അസ്തമയത്തിന്റെ രണ്ടു ചരിത്രങ്ങള്‍ക്കിടയില്‍
ഒരു പക്ഷി പാറി നടക്കും
വിരുന്നുദിവസത്തിലെ ഒരു ശ്മശാനഗീതം പാടൂ!
ഹല്ലേലുയ്യാ
ഹല്ലേലുയ്യാ
എല്ലാം ഇനി പുതുതായി തുടങ്ങും
കവിതയ്ക്കടിയില്‍: വിദേശക്കുതിര പായുന്നു, വണ്ടികള്‍
തടവുകാരുടെ ചുമലുകള്‍ക്ക് മുകളിലൂടെ
കടന്നുപോകുന്നു
മറവിയും ഹൈക്സോസ് വർഗക്കാരും അവരുടെ
താഴെക്കൂടി പോകുന്നു. കാലത്തിന്റെ യജമാനരും
തത്ത്വചിന്തകരും കവികളായ ഇമ്ര് അല്‍ കേമാരും
സീസറിന്റെ പടിക്കലേക്ക് വലിച്ചെറിഞ്ഞ
ഒരു നാളേക്കുവേണ്ടി വിലപിച്ചു കടന്നുപോകുന്നു
സമീപ ഭൂതകാലം, ടാംബര്ലൈനിനെപ്പോലെ,
അതിനും കീഴെ കടന്നുപോകുന്നു. അവരെല്ലാം
കവിതക്ക് കീഴെ കടന്നുപോകുന്നു. അതിലേ
പ്രവാചകരും പോകുന്നു,
ഇഷ്മായേല്‍ പാടുന്നത് കേള്‍ക്കുന്നു:
ഹേ, അപരിചിതാ, ഞാനാണു അപരിചിതന്, നീയും
എന്നെപ്പോലെയാണ്, സ്ഥാനം തെറ്റി വന്നവന്,
ഹേ, തംബുരൂ, നഷ്ടമായത് തിരിച്ചു കൊണ്ടുവരൂ..,
എന്നെ ഒരു സിര മുതല്‍ മറ്റേ സിര വരെ
ബലി കൊടുക്കൂ
ഹല്ലേലുയ്യാ
ഹല്ലേലുയ്യാ
എല്ലാം ഇനി പുതുതായി തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.