രണ്ട് അതിജീവന കവിതകൾ

തിരികെ വരുമ്പോൾ...

മുന്നിലെ പഴയ കണ്ണാടിയിൽ നോക്കിയവൾ

നരച്ച ഓർമകളെ മറവിയുടെ കള്ളങ്ങളാൽ

കറുപ്പിക്കുന്നത് നിർത്താൻ നിശ്ചയിച്ചു.

ചിന്തകളുടെ ചുവന്ന ചിതകളില്‍

സ്നേഹത്തിന്റെ ചന്ദനമുട്ടികളെരിഞ്ഞപ്പോൾ

ഉള്ളിലൊരു ദുഃഖത്തിന്റെയുരുള

ബലിക്കാക്കകള്‍ എടുക്കാത്ത ചോറ് പോലെ

പിന്നെയുമവശേഷിച്ചു.

നടന്നു മടുത്ത വഴികളിൽ വെളിച്ചം വിതറി

എന്നുമുദിക്കുന്ന സൂര്യന്‍

സ്വയം ആവർത്തിച്ചപ്പോൾ

പരിചയം ഭാവിച്ചടുത്തെത്തിയ

അപരിചിതനെ പോലെ

ജീവിതമവളെ നോക്കി പിന്നെയും ചിരിച്ചു.

അടിപൊളി

പുത്തൻ സ്വപ്നങ്ങളുടെ

വൈബ് അന്വേഷിച്ചു നടക്കേയവളുടെ

ഉള്ളിലെ സ്വയം സ്നേഹത്തിന്റെ

ചൂഴിയിൽ ആനന്ദമലയടിച്ചു.

ജീവിതസിനിമയിലങ്ങനെ അഭിനയിക്കേ

കാലത്തിന്റെ കാലിഡോസ്‌കോപ്പ്

ഉൾക്കാഴ്ചയിൽ തിളങ്ങി.

മൈക്കിൾ ജാക്‌സന്റെ1 ഈണത്തിൽ തുടങ്ങി

ദലേർ മെഹന്തിയുടെ2 താളത്തിൽ

തളിർത്ത പഴയ നേരങ്ങൾ

പിന്നെയുമുള്ളിൽ വിരുന്നുവന്നു.

ഒടുക്കം ജസ്റ്റിൻ ബീബറിന്റെ3

സംഗീതത്തിൽ സാന്ത്വനം കണ്ടെത്തിയ

നേരത്ത് ഉള്ളിൽനിന്നൊരു

ജെന്നിഫർ ലോപ്പസ്4 വീണ്ടും

ജീവിതനൃത്തം ചെയ്യാൻ

ആഹ്വാനംചെയ്തു.

========

കുറിപ്പുകൾ:

1. മൈക്കിൾ ജാക്‌സൻ - പ്രശസ്ത അമരിക്കൻ ഗാനരചയിതാവും നർത്തകനും ഗായകനും

2. ദലേർ മെഹന്തി -പ്രമുഖ പഞ്ചാബി പോപ് ഗായകൻ

3. ജസ്റ്റിൻ ബീബർ -കനേഡിയൻ ഗായകൻ

4. ജെന്നിഫർ ലോപ്പസ് -അമേരിക്കൻ നടി, ഗായിക, നർത്തകി

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.