ഒക്ടോബർ 12ന് അന്തരിച്ച രാഷ്ട്രീയ തടവുകാരനും മനുഷ്യാവകാശ പോരാളിയും ഡൽഹി സർവകലാശാല മുൻ അധ്യാപകനുമായിരുന്ന പ്രഫ. ജി.എൻ. സായിബാബയുടെ കവിതകളുടെ മൊഴിമാറ്റമാണ് ചുവടെ.
1. പ്രിയതമേ ക്ഷീണിച്ചോ?
പ്രിയതമേ,
ബോധത്തിന്റെ നിമിഷങ്ങൾക്കായി കിതച്ച്
നീ ക്ഷീണിച്ചോ?
സ്വപ്നങ്ങൾ ഉറക്കംതൂങ്ങിനിൽക്കുന്ന
നിന്റെ കൺപോളകളിൽ
എന്റെ സാന്ത്വനത്തിന്റെ നിശ്വാസം
നിനക്ക് അനുഭവപ്പെടുന്നില്ലേ?
നിഷ്ഠുരവാഴ്ചയുടെ ഇരുമ്പുകാലുകൾ
ജനകീയ കൂട്ടായ്മകളെ തകർക്കുമ്പോൾ
ഒറ്റപ്പെടലിന്റെ വിജനതയിൽ
നീ കുടുങ്ങിക്കിടക്കുകയാണോ?
ആയിരം മൈലുകളുടെ അകലമുള്ള
നീണ്ട വേർപെടൽ
നീയും ഞാനും നേരിടുമ്പോഴും
ഒറ്റപ്പെടലിന്റെ ഈ വേദനയും
ജനലക്ഷങ്ങളുടെ പോരാട്ടത്തിന്റെ ഭാഗമാണ്
അക്രമാസക്തമായ നിഷ്ഠുരവാഴ്ചയുടെ
ഈ കാലത്തെ നേരിടാനുള്ള സഹനശക്തി
ആ സുന്ദരമായ പോരാട്ടത്തിന്റെ ഭാഗമാണ്
പ്രണയത്തിനും, വാത്സല്യത്തിനും,
ഹൃദയങ്ങളുടെ അടുപ്പത്തിനും
കൂച്ചുവിലങ്ങിടുന്ന കാലമാണിത്.
എന്റെ പ്രിയതമേ, സംശയിക്കേണ്ട,
വെറുപ്പിന്റെ ഈ കാലം
നിമിഷനേരംകൊണ്ട് തകർന്നടിയും.
വെറും സമയം ഒരു ചരിത്രവുമല്ല
കാലങ്ങളെ മാറ്റുന്നതാണ് ചരിത്രം.
നിരാശക്കുള്ള ഇടമില്ല നമുക്ക്
പ്രത്യാശ മാത്രമാണ് പുതിയ ചരിത്രം സൃഷ്ടിക്കുന്നത്.
തെറ്റുണ്ടാകട്ടെ, ഇല്ലാതിരിക്കട്ടെ,
അപവാദപ്രചാരകരെ ദയയോടെ, അന്തസ്സോടെ
നിന്റെ കൈക്കുമ്പിളിൽ പിടിക്കൂ.
ഒരു തെറ്റും സംഭവിക്കരുതെന്നു പറയുന്നത്
കടുത്ത അനീതിയാണ്.
ശാശ്വതമായ കടമകൾ
ഏറ്റെടുക്കാനുള്ള യാത്രയെ
തടയാനുള്ള ഒഴികഴിവാണത്.
തെറ്റ് സംഭവിക്കുക മനുഷ്യസഹജമാണ്
ആ പഴമൊഴി ഇന്നും നിലനിൽക്കുന്നു.
വേണ്ടിവന്നാൽ
വിചാരണക്കൂട്ടിൽ നിൽക്കാനും ഭയപ്പെടരുത്
കൊച്ചായി തോന്നരുത്, ഒരിക്കലും
നിരാശപ്പെടരുത്,
അലോസരപ്പെടുത്തുന്ന നിസ്സഹായതയും അരുത്.
തടസ്സങ്ങളെ മറികടക്കുക
നിന്റെ ചുവന്ന നനവാർന്ന ചുണ്ടിൽ
ആ വാടാത്ത പുഞ്ചിരിയുമായി മുന്നോട്ടു
നാം ഒന്നിച്ച് സ്വപ്നം കണ്ടത്
ഇനിയും മുന്നോട്ടു പോകണം.
നിഷ്ഠുരവാഴ്ചയുടെ പതനകാലം വിദൂരമല്ല.
ജീവിതങ്ങൾക്ക് ഇനിയും സ്വാതന്ത്ര്യത്തിന്റെ
ചിറകു മുളയ്ക്കും.
നിന്റെ പ്രണയത്തിന്റെ ഊഷ്മള കരങ്ങളിൽ
ഞാൻ മഞ്ഞുപോലെ ഉരുകും,
അധികം വൈകാതെ.
(സുപ്രീംകോടതി കവിയെ ജാമ്യത്തിൽ വിട്ടതിന് ആഴ്ചകൾക്കുമുമ്പ് മാർച്ച് 2016ൽ എഴുതിയതായിരിക്കണം ഇത്. ആ കാലത്ത് തനിക്ക് കേൾക്കേണ്ടിവന്ന നൂറായിരം നുണകളെയും അപവാദങ്ങളെയും കുറിച്ചുള്ള വസന്തയുടെ നിരാശയോടെയുള്ള കത്തിന് മറുപടിയായിരുന്നു അത്. തെലുഗുവിൽനിന്നുള്ള വിവർത്തനം ഉദയ് മിത്ര)
2. എന്റെ തടവറക്കൂട്ടിലെ ദൃശ്യങ്ങൾ
കൈയിൽ വടിയും പിടിച്ച്
പ്രധാന കവാടത്തിനരികെ
ചുമരിൽ ഒട്ടിനിൽക്കുന്ന മഹാത്മാവ്
നിശ്ശബ്ദമായി വിളിച്ചുപറഞ്ഞു,
‘‘നിന്റെ കുറ്റകൃത്യത്തിന്റെ പാപത്തിന്
പശ്ചാത്തപിക്കുക.’’
പുതുതായി എത്തിയ തടവുകാരൻ
തന്റെ കണ്ണീർ തടഞ്ഞുെവച്ച്
ഒച്ചയെടുത്തു,
‘‘എന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല.’’
സ്കൂൾദിനങ്ങളിലെ
നോട്ട്ബുക്കിൽ പേജുകൾക്കിടയിലെ
ഇലകളെയും വണ്ടുകളെയുംപോലെ
ചുമരിൽ പതിച്ചുെവച്ചിരിക്കുന്ന ഭഗത് സിങ്
ചുവന്ന പ്രവേശന കവാടത്തിനകത്ത്
സ്വാഗതം അരുളുന്നു,
‘‘ഇങ്ക്വിലാബ് സിന്ദാബാദ്.’’
ഇപ്പോൾ ചാർത്തിക്കിട്ടിയ ജീവപര്യന്തവുമായി
മുലൈസക്കായി പോകുന്ന ആറു തടവുകാർ
പ്രത്യഭിവാദ്യം ചെയ്യുന്നു,
‘‘സിന്ദാബാദ്, സിന്ദാബാദ്.’’
മാർച്ച് ആരംഭത്തിലെ
ജയിൽ തോട്ടത്തിൽ ഉണങ്ങുന്ന മണ്ണ്
നവാഗതരെ നോക്കി പരിഹസിച്ചു ചിരിക്കുന്നു.
ശിക്ഷിക്കപ്പെട്ട അടിമവേലക്കാരുടെ ധമനികളിൽനിന്ന്
വേണ്ടുവോളം വലിച്ചെടുത്ത്
റോസാപ്പൂക്കൾ നിറയെ പൂക്കുന്നുണ്ട്.
വല്ലാതെ പടർന്നുനിൽക്കുന്ന
കൊളോണിയൽ വൃക്ഷങ്ങളുടെ ശിഖരങ്ങളിൽ
സർവത്ര തൂക്കുമരങ്ങൾ.
മധ്യകാല ബാരക്കുകൾക്കകത്ത്
പൊളിയാറായ മതിലുകൾ
തടവറക്കുള്ളിൽ തടവറ പണിയുന്നു.
സ്വാദുള്ള ഊണിന്
തടവുകാരെ തിന്നുതീർക്കുന്നു
ഭക്ഷണം.
ചത്ത കടലാനയുടെ
പൊടിപിടിച്ച മുതുകത്തു വീഴുന്ന
ഉണക്കിലകളുടെ കിരുകിരുപ്പുപോലെ
നിശ്ശബ്ദത.
ലോക്കപ്പിനുശേഷം
തടവറക്കൂടിന്റെ തുരുമ്പിച്ച അഴികൾക്ക് പിന്നിൽ
തലങ്ങും വിലങ്ങും നടക്കുന്നു സകല തടവുകാരും,
വന്യജീവികളെ പോലെ.
അതിജാഗ്രതാ തടവറയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ
ആണവ അന്തർവാഹിനിയെ പോലെ പ്രവേശിക്കുന്നു,
കൂർത്ത കഴുകൻകണ്ണുകളുമായി.
ആണവായുധം പിടിപ്പിച്ച മിസൈൽപോലെ
മറ്റൊരുവൻ പുറത്തേക്ക്.
തടവറ പരിഷ്കാരത്തിന്റെ പൊള്ളത്തൊപ്പി
ഇരുവരുടെയും തലയിൽ.
എന്റെ കൂട്ടിൽ,
പാടുപെട്ടു നേടിയെടുത്ത പുസ്തകങ്ങൾ
എന്നെ തുറിച്ചു നോക്കുന്നുണ്ട്.
അവ വായിക്കാനായി
കണ്ണു തുറക്കാൻ എനിക്ക് ഭയമാണ്.
(മാർച്ച് 10, 2017, മഞ്ജീരക്ക് എഴുതിയത്)
3. കൊടുങ്കാറ്റടിക്കുന്നു
എന്റെ മനസ്സിന്റെ അടരുകളിൽ
ആഞ്ഞടിക്കുന്നു കൊടുങ്കാറ്റ്.
കൊടിയനാശം നേരിട്ട ഒരു ദ്വീപ്
ഇളകിമറിയുന്ന സമുദ്രത്തിന് നടുവിൽ
ഗംഭീരമായി തകർന്നടിയുകയാണ്,
എന്റെ ചിന്തയിൽ.
എന്റെ തടവിന്റെ ശ്മശാനത്തിൽ
അശാന്ത ശാന്തത.
ഭ്രാന്തമായി അലറുന്നുണ്ട്
എന്നിൽ അടിച്ചേൽപിച്ച നിശ്ശബ്ദത.
ദിനപത്രങ്ങളിൽ വാർത്തകൾക്കു പകരം ഓട്ടകൾ.
നീതിക്ക് പകരം
ദുഷ്ടലാക്കോടെയുള്ള കിംവദന്തികളും
കേട്ടുകേൾവികളും.
എന്റെ ഏകാന്ത സെല്ലിന്റെ അടഞ്ഞ ഗേറ്റുകൾക്കപ്പുറം
തടവറയിലെ റോസാപുഷ്പങ്ങളിൽനിന്ന്
ദുഃഖാർത്തമായി ഒലിക്കുന്ന ചുവപ്പു രക്തം
തങ്ങളുടെ മാരക യൂനിഫോം ധരിച്ച്
വെറുപ്പിന്റെ രക്തക്കറ പുരണ്ട വാളുമായി
ചുറ്റിനടക്കുന്ന ആൾക്കൂട്ട കൊലപാതകി സംഘങ്ങൾ.
രോഗാതുരമായ ഈ നിശ്ശബ്ദത
പിടിവിട്ട പ്ലേഗു പോലെ
എനിക്കു ചുറ്റും പടരുകയാണ്.
എന്റെ മനസ്സിന്റെ അടരുകളിൽ
ആർത്തിരമ്പുന്ന കൊടുങ്കാറ്റ്.
ഏപ്രിൽ 2017 (വിജയകുമാറിന് എഴുതിയത്)
4. തടവറ കാവൽക്കാരന്
ഒരു ഭാവഗീതം
ജീവപര്യന്തത്തിന്റെ കൂട്ടിനുള്ളിൽ
വലിയൊരു താക്കോൽകൂട്ടം കുലുക്കി
പുലർകാല സ്വപ്നങ്ങളിൽനിന്ന് എന്നെ വിളിച്ചെഴുന്നേൽപിക്കാൻ
സുപ്രഭാതത്തിന്റെ ആലിംഗനവുമായി
അയാൾ പുഞ്ചിരിക്കുന്നു
കമ്പി അഴികളിലൂടെ ചിരിക്കുന്നു.
തലയിൽ
കടുംനീല നെഹ്റു തൊപ്പി,
നിർദയമായ കാക്കിവസ്ത്രം
അടി മുതൽ മുടി വരെ
പാമ്പ് പോലെ കറുത്ത ബെൽറ്റ് അരക്കു ചുറ്റും,
അയാൾ ആടുകയാണ്
പാതിതുറന്ന ഉറക്കംതൂങ്ങുന്ന
എന്റെ കണ്ണുകൾക്ക് മുന്നിൽ
നരകത്തിന്റെ കാവൽക്കാരനായ
പിശാചിനെ പോലെ.
ശത്രുസൈന്യത്തിൽനിന്നുള്ള
രൂപംപോലെയാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും
ഊഷ്മളമായ പുഞ്ചിരിയും
സൗഹാർദം നിറഞ്ഞ മുഖവുമായിട്ടാണ് വരവ്,
എല്ലാവരും ജീവനോടെയുണ്ടോ
ആരെങ്കിലും മരിച്ചോ എന്ന്
തലയെണ്ണി ഉറപ്പിക്കാൻ,
നേരം പുലരുമ്പോൾ.
ദിനേന ഒരായിരം പ്രാവശ്യമെങ്കിലും
വേദനയോ പരാതിയോ ഇല്ലാതെ
ഇരുമ്പ് കവാടങ്ങൾ തുറക്കുകയും
അടയ്ക്കുകയും ചെയ്യുന്നു.
നിസ്വാർഥ സേവനത്തിന് ടിപ്പോ പ്രത്യുപകാരമോ
ആവശ്യപ്പെടുന്നില്ല.
ഞാൻ രോഗിയായി
അബോധാവസ്ഥയിൽ കിടക്കുമ്പോൾ
ക്ഷമയോടെ, വയർലെസ് സെറ്റിൽ,
വരാത്ത ഡോക്ടറെ
വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരിക്കും.
തന്റെ സങ്കട കഥകൾ ഒളിപ്പിച്ചുവെച്ച്,
ചങ്ങലക്കിട്ട വിഷാദികളായ
ആത്മാക്കളുടെ ശബ്ദങ്ങൾക്ക്
ക്ഷമയോടെ, സഹാനുഭൂതിയോടെ
ചെവികൊടുക്കുന്നു,
അവർ കുറ്റം ചെയ്തവരോ നിഷ്‍കളങ്കരോ
എന്നോർത്ത് വേവലാതിപ്പെടാതെ.
മേലാളന്മാർ തങ്ങളുടെ ഓഫീസിലേക്ക് മടങ്ങുമ്പോൾ
പരമ പുച്ഛത്തോടെ,
നെറ്റിചുളിച്ച്,
അധികാരത്തിലുള്ള ദുഷ്ടശക്തികളെ കുറിച്ച്
കേൾക്കുന്നു,
വാദിക്കുന്നു,
അവരെ ശപിക്കുന്നു.
പൈശാചികമായ ഭരണകൂടത്തിന്റെ
ഇരുണ്ട പടികൾ
മേൽനോട്ടത്തിന്റെ കഴുകൻ കണ്ണുകളുമായി
ചവിട്ടി കേറുന്നു അയാൾ
രാത്രിയിൽ ഉടനീളം.
നമ്മുടെ സാമൂഹിക ദുരിതങ്ങളുടെ
ഏറ്റവും ആഴമുള്ള ഗർത്തങ്ങളിൽനിന്നാണ്
അയാൾ വരുന്നത്.
കവാടങ്ങൾക്കപ്പുറം വിഷമിച്ചു കഴിയുന്ന
തന്റെ സ്വന്തക്കാർക്കായി സമയമില്ല.
രാപ്പകലില്ലാതെ
ഉയർന്ന നാല് ചുവരുകൾക്കും അടഞ്ഞ
ഗേറ്റുകൾക്കും പിന്നിൽ
ഡ്യൂട്ടിയുടെ തടവുകാരനായി,
നിസ്സാര വരുമാനത്തിന്
ഒരു ജീവിതകാലം മുഴുവൻ
തടവിൽ ചെലവിട്ടു തീർക്കുന്നു.
ശപിക്കപ്പെട്ട ആത്മാക്കൾ വന്നുംപോയുമിരിക്കും
അയാൾ പക്ഷേ, സ്ഥിരം പുള്ളി.
അയാൾക്ക് അവധി ദിവസങ്ങളോ പുണ്യദിനങ്ങളോ
ആഴ്ചാവസാന അവധിയോ ഇല്ല
അയാൾ
കന്യാസ്ത്രീയും നഴ്സും പുരോഹിതനും ആണ്
ക്ഷമയുടെ ഭക്തനായ സേവകൻ.
എന്റെ കൂടിന്റെ അഴികളിൽ
വിടാതെ പിടിച്ചുനിൽക്കുന്ന
അക്ഷീണനായ ഈ അടിമ
എന്റെ സുഹൃത്തും ബന്ധുവും സഖാവും ആണ്.
എന്റെ ജീവിതവാക്യത്തിന്റെ ശൈലിയും
വാക്കും വാക്യാംശവും
കാക്കുന്ന കാവൽക്കാരനും രക്ഷാകർത്താവും.
(മേയ് 1, 2017, സഞ്ജയ് കാക്കിന്)
5. തടവറയിലെ പ്രായശ്ചിത്തം
എന്റെ വേദനയിൽ അമർന്നിരുന്ന്
ജയിൽ ഡോക്ടർ
വാക്ക്ഗുളിക തന്നു:
‘‘ഈ തടവറ നിന്നെ തേടിവന്നിട്ടല്ല,
നീയാണ് അതിനെ തിരഞ്ഞെടുത്തത്;
ജീവിതംതന്നെ പീഡാനുഭവമല്ലേ;
വേദന സഹിച്ചേക്കൂ.’’
ഓയിൻമെന്റ് പോലെയാണ്
തടവിലെ ജീവിതം;
ജെല്ല് തീരും
പക്ഷേ
ത്വക് രോഗം
പടർന്നുകൊണ്ടേയിരിക്കും.
‘‘സുരക്ഷ ദൈവതുല്യമാണ്’’ എന്ന
ധർമോപദേശത്തോടെ
സ്മാർട്ട് സിറ്റിയിലെ വരേണ്യയജമാനൻ
തീട്ടം നിറഞ്ഞ തെരുവിലെ നടപ്പാതയിൽ
രാവിലെ പട്ടിയെ നടത്തുംപോലെ
ചാട്ടയടിയായി വന്ന ശിക്ഷയുടെ ഇടനാഴികളിലൂടെ
ജയിൽ പോലീസ്
റോന്തുചുറ്റുന്നു.
നീതിയുടെ ഉയർമണ്ഡപങ്ങളിലെ
ബെഞ്ചുമാറ്റത്തിനിടയിൽ
ചാഞ്ചാടുന്നു
പ്രത്യാശ നിരാശ.
വണ്ട് ജന്മമാണ്
തടവുകാരൻ ജീവിക്കുന്നത്,
ഉദാസീനനായി മലർന്നുകിടന്ന്
ഉയരത്തിലുള്ള ഇരുണ്ട മച്ചിനെ നോക്കി
കാലും മീശയും ഇളക്കിയുള്ള
പ്രായശ്ചിത്തം.
(17 ജൂലൈ 2017, മഞ്ചീരക്ക്)
മൊഴിമാറ്റം: കെ. മുരളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.