ശംഖ്‌

കാഴ്ചയുടെ ഇത്തിരി വട്ടത്തില്‍

ഇപ്പോള്‍,

ഒരു ശംഖ്‌ മാത്രം

പൂർവകാലത്തിന്റെ മണ്ണടിഞ്ഞ സ്മരണകളും,

വരും കാലത്തിന്റെ നിറമുള്ള കിനാക്കളും,

ഈ ശംഖിന്റെ ഉണ്‍മയില്‍ വന്ന്‌-

ചിറകൊതുക്കുന്നു.

ഈ ശംഖ്‌-

ദുരന്തതീരത്തെ തിരുശേഷിപ്പ്‌!

രാക്ഷസത്തിരകള്‍ പിന്‍വാങ്ങിയ-

സമുദ്രതീരത്തെ അനാഥ ജന്മം!

ജലകുടീരത്തിനുള്ളില്‍,

വാപിളര്‍ന്ന ഭൂമിയുടെ വിശപ്പിലേക്ക്‌,

ഈയാംപാറ്റയായ്‌ പറന്നു വീഴാതെ,

മഹാസാഗരത്തിന്റെ ഉള്ളടരുകളിലെങ്ങോ

ആരും കാണാത്ത സൗന്ദര്യമാ

യടിഞ്ഞുപോകാതെ,

തിരച്ചുഴികളിൽ കൈമറിഞ്ഞ്‌,

കരയിലുപേക്ഷിക്കപ്പെട്ട ശംഖ്‌!

കടല്‍ പിന്‍വാങ്ങിയ ചാലുകളില്‍,

അനാഥ ശവങ്ങളും ജീവിതസ്വപ്നങ്ങളും-

വീണലിഞ്ഞ നനവുള്ള മണ്ണില്‍,

ഈ ശംഖ്‌ ഒരോർമത്തെറ്റുപോലെ!

വിറപൂണ്ട കൈക്കുമ്പിളിലൊതുക്കി,

ഹൃദയത്തോടു ചേര്‍ത്തുപിടിക്കുമ്പോള്‍,

അലമുറകളും അടക്കിയ തേങ്ങലുകളും

നെഞ്ചു പിളരുന്ന തീരാനൊമ്പരവും

ഇതില്‍നിന്നുയരുന്നുവോ?

കടലെടുത്തുപോയ ജന്മങ്ങളുടെ-

ദീനവിലാപങ്ങള്‍!

ഇനിയൊരിക്കലും തിരിച്ചുവരാത്ത-

പ്രിയപ്പെട്ടവരുടെ നിശ്വാസങ്ങള്‍!

അരിമണി സൂക്ഷിച്ച എറുമ്പുകളുടെ

ശൂന്യ ദൃഷ്ടികള്‍!

ഒഴിഞ്ഞ കിളിക്കൂടുകള്‍!

ഒരിക്കലിവിടെ ജീവിതമുണ്ടായിരുന്നു-

വെന്നോർമപ്പെടുത്തുന്ന-

പൊളിഞ്ഞ കല്‍ത്തറകള്‍!

എന്നോ തകര്‍ന്നടിഞ്ഞുപോയ-

പുരാതന ജീവിത സംസ്കാരത്തിന്റെ

ചരിത്രാവശിഷ്ടംപോലെ കടല്‍ത്തീരം!

ദൃശ്യവിഭ്രമത്തിന്റെ കൊടും ക്ഷോഭമുണര്‍ത്തുന്ന-

മാന്ത്രികപ്പഴുതായ്‌, ദുരന്തതീരത്തെ ഈ ശംഖ്‌.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.