തെളിഞ്ഞ ചിറയിൽ മുങ്ങിക്കിടന്ന്
കാഴ്ച കാണുന്നതുപോലെയാണ്
മേക്കാച്ചിലുള്ള ദിവസം
കയ്യാലക്കപ്പുറത്തുനിന്ന്
ഏലമ്മ ചേട്ടത്തിയുടെ നീട്ടി നീട്ടിയുള്ള വിളികൾ
പതിനൊന്ന് മണിക്ക് വരുന്ന കുഞ്ഞേട്ടന്റെ
മീൻ സൈക്കിളിന്റെ അകന്നുപോകുന്ന ഹോണടി
അടുക്കളവരാന്തയുടെ മൂലയിൽ അമ്മിക്കല്ലിന് താഴെ
അയലത്തെ ചേച്ചിമാരുടെ ഉറുമ്പരിക്കും
പോലുള്ള കുശുമ്പ് പറച്ചിൽ
ചുക്കുകാപ്പിയുടെ ചൂടിൽ കരിമ്പടം പുതച്ച്
മുഴികൾ കരിയിലക്കടിയിലേക്ക്
ഊളിയിടുന്നതുപോലെ
പിന്നെയും കണ്ണ് പാതി അടഞ്ഞ് മയക്കത്തിലേക്ക്
അടുപ്പേൽ പണിത അമ്മയുടെ കരം ചൂടുവിട്ടോന്നറിയാൻ ഇടയ്ക്കിടക്ക് നെറ്റിയിൽ പരതുന്നത്
പാതിബോധത്തിലറിയാം
മൺവഴിക്കപ്പുറം പീലിച്ചായന്റെ മാടക്കടേന്ന്
റസ്ക് വാങ്ങി വരുമ്പോ ഉള്ളംകയ്യിൽ ചുരുട്ടി
പിടിച്ചിട്ടുണ്ടാവും അമ്മ രണ്ട് ഏലാദി മിഠായികൾ
കറുത്ത കുമിളകളുള്ള ചുട്ട പപ്പടം കടിച്ചു കൂട്ടി
പൊടിയരിക്കഞ്ഞി മോന്തിയാൽ അടിമുടി
ഒന്നു വിയർക്കും തെക്കേപാടം ചുറ്റിവരുന്ന
തണുപ്പു കാറ്റിന്റെ സുഖം അന്നേരമറിയണം
ഉച്ചവെയിൽ മയങ്ങിക്കിടന്ന മുറ്റത്ത് നോക്കി
കണ്ണടച്ചിരുന്നാൽ നാലുവീടപ്പുറം
ആരണ്യകം സിനിമേലെ പാട്ട് ഒഴുകിവരുന്നതറിയാം
പിന്നൊന്നു കിടന്നെഴുന്നേറ്റാൽ മേക്കാച്ചില്
വിട്ടിട്ടുണ്ടാവും, നാലുമണി പൂവിരിയുമ്പോ
ഉമ്മറത്തിരുന്നു തേനൊഴിച്ച കട്ടനിൽ റസ്ക്
മുക്കി തിന്നാം അപ്പോഴും അമ്മ തലോടുന്നുണ്ടാവും
ഒരു വിളി കേട്ടാണ് ഉണർന്നത്
കാഴ്ച തെളിയുമ്പോൾ ആരുമില്ല
അങ്ങേ മൂലയിൽ കസേരയിൽ നഴ്സ്
തന്റെ ഫോണിൽ നിസ്സംഗമായി എന്തോ
തോണ്ടി കൊണ്ടിരിക്കുന്നു
കരിമ്പടമില്ലാതെ അമ്മയുടെ തലോടലില്ലാതെ
ചൂടു കട്ടനില്ലാതെ ഈ തണുത്തുറഞ്ഞ
ഐ.സി.യുവിൽ ഞാനിപ്പോൾ തനിച്ചാണ്
കാലം ഏറെ ആറിപ്പോയെന്ന് ഞാനറിയുന്നു
എങ്കിലുമാ പഴയ മേക്കാച്ചില് ഒന്നൂടി
വന്നെങ്കിലെന്നാശിക്കുന്നു
അവസാനമായി ആ മയക്കത്തിലേക്ക്
ഊളിയിട്ടു പോകാൻ
എനിക്കൊന്നൂടെ കഴിഞ്ഞെങ്കിൽ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.