തമിഴിലെ ശ്രദ്ധേയ കവികളിലൊരാളാണ് കയൽ. അവരുടെ 25 കവിതകളുടെ മൊഴിമാറ്റം1. ബോധി മുഴുത്ത കുലകളായ് പൂക്കൾ കായ്-കനികളോടെ മാതൃത്വം വഴിയ്ക്കും ഒരു മരത്തിൻ ചുവട്ടിലിരുന്നു നോക്കൂ- ഏതു മനുഷ്യനും ബുദ്ധനായ് തീരും. അത്തരം ഏതു മരവും ബോധി. 2. ആനയും ഒരു ചെറുകടലോ? തന്നെ ഏറെയുയരത്തിൽ കാണും ചെറുജീവിതമുള്ളവൾ, കാണാതെപോയ കുട്ടിയെ ഓർക്കുമ്പോൾ ചുരുക്കുന്നു പാൽകെട്ടി നീറുന്ന മാറിടം. ഇടറുന്ന തുമ്പിയുയർത്തി ആശീർവദിക്കുന്നു കോവിലിലെ ആന. 3. പ്രാർഥന ദീപാരാധനയോടൊത്ത് തലയാട്ടി, കഴുത്തുമണി താളത്തിൽ കിലുക്കി, മുഴുവിശ്വാസത്തോടെ കാത്തിരിക്കുകയാണോ? കാട്ടിൽ ഒറ്റക്കായ കുട്ടിയാനയെ നിനച്ചു...
തമിഴിലെ ശ്രദ്ധേയ കവികളിലൊരാളാണ് കയൽ. അവരുടെ 25 കവിതകളുടെ മൊഴിമാറ്റം
1. ബോധി
മുഴുത്ത കുലകളായ്
പൂക്കൾ കായ്-കനികളോടെ
മാതൃത്വം വഴിയ്ക്കും
ഒരു മരത്തിൻ
ചുവട്ടിലിരുന്നു നോക്കൂ-
ഏതു മനുഷ്യനും
ബുദ്ധനായ് തീരും.
അത്തരം ഏതു മരവും
ബോധി.
2. ആനയും ഒരു ചെറുകടലോ?
തന്നെ ഏറെയുയരത്തിൽ
കാണും ചെറുജീവിതമുള്ളവൾ,
കാണാതെപോയ
കുട്ടിയെ ഓർക്കുമ്പോൾ
ചുരുക്കുന്നു
പാൽകെട്ടി നീറുന്ന മാറിടം.
ഇടറുന്ന തുമ്പിയുയർത്തി
ആശീർവദിക്കുന്നു
കോവിലിലെ ആന.
3. പ്രാർഥന
ദീപാരാധനയോടൊത്ത്
തലയാട്ടി,
കഴുത്തുമണി താളത്തിൽ
കിലുക്കി,
മുഴുവിശ്വാസത്തോടെ
കാത്തിരിക്കുകയാണോ?
കാട്ടിൽ ഒറ്റക്കായ
കുട്ടിയാനയെ നിനച്ചു
കലങ്ങിമുറുകിയ
കണ്ണീർതടത്തോടെ
പതറിനിൽക്കുന്നു
കോവിലിലും ഒരാന.
പരിഹാരപ്രാർഥന
എവിടെ നടത്തും?
4. അടുത്ത്
വെള്ളാരംകല്ലുകളോട്
തീരാക്കഥകൾ പറഞ്ഞ്
നീരിലാടിക്കളിക്കുന്നു
ലോലോലിക്ക വേരുകൾ.
ഇലകൾക്കുമേൽ ഇലകളായി
പച്ചത്തത്തകൾ. വജ്രത്തരികൾ
പൊട്ടിയൊഴുകുംപോലെ
അരുവികൾ.
താഴംപൂവിൻ സുഗന്ധം.
ഇതെല്ലാം തകർത്തുവേണോ
നമുക്കു കുടിയിരിക്കാൻ
കെട്ടിടങ്ങൾ കെട്ടാൻ?
അടുത്തുതന്നെ
ആശുപത്രികളുള്ള
ചുടുകാട്ടിൽനിന്നെപ്പോഴുമുയരും-
അടുത്ത് വളരെയടുത്ത്.
5. ഊർപേരുകളിലെ മരങ്ങൾ
അത്തിയൂർ
ആലങ്കുളം
ഇലുപ്പൈയൂർ
വിലാത്തിക്കുളം
വേപ്പൻകുളം
താണ്ടിക്കുടി
താഴൈയൂത്ത്
എന്നു മരത്തിൻ പേരുകളാൽ
ഊരുകൾക്കു പേരിട്ടവർ നാം.
ഇന്നും
ഊർപേരുകളിൽ
മരങ്ങളില്ലേ?
6. നാഗലിംഗപ്പൂവ്
ചെഞ്ചാന്തുക്കുഴമ്പും
ഇളംചുവപ്പും പൊൻമഞ്ഞയും
വെള്ളയും കലർന്നൊരു
തീക്ഷ്ണവർണപ്പൂവ്.
ഉദാത്തമായതു പൊട്ടിച്ചിതറുകിൽ
എതിരെയിരിക്കുന്നവരെ
അത് മുറിവേൽപിക്കും.
ഉയരുന്ന ദുർഗന്ധത്തിൽ
മൂക്കും മുഖവും
അടഞ്ഞുപോകും.
നാഗലിംഗപ്പൂവും
പ്രേമക്കല്യാണവും
ഒരേപോലെ-
പല കാലമായ്.
7. പൂമണക്കുംപോലെ
ആടിമാസത്തീയതിയിൽ
കാവേരിക്കരയിൽ വരും
സഹോദരിക്കുരുവികൾ
ആത്മാവിനെയൂറ്റിയുണർത്തിയ
പാട്ടുകൾ
ഇപ്പോൾ എന്റെ കുരലിൽ
ഒളിച്ചിരിക്കുന്നുവെന്ന്
കൂട്ടുകാരൻ
ഫോൺഭാഷണത്തിനിടയിൽ
പറഞ്ഞപ്പോൾ
നടന്നത്
ഊരെല്ലാം പൂമണക്കുംപോലെ
നിന്റെ കല്യാണം.
8. സ്നേഹം
വണ്ണാത്തിപുള്ളിൻ കൂട്ടിൽ
പുള്ളിക്കുയിൽ
മുട്ടകളിട്ട് ഒളിച്ചുപോകുന്നു.
പല ആയിരം മൈൽ പറന്നാലും
വഴിതെറ്റാതെ ചേക്കയേറും
കൂർമബുദ്ധിയുള്ള പറവ.
അടയിരുന്നു വിരിയിച്ച
കുഞ്ഞിന്
തീൻകൊടുത്തു
വളർക്കയാൽ,
അറിയാതിരിക്കുന്നില്ലത്
സ്നേഹം.
9. പുഴ
വ്യവസായശാലയിൽനിന്നുള്ള
മാലിന്യങ്ങളാൽ
ചത്ത് കരയിലടിയും
മീനുകളെക്കുറിച്ച്
വിലാപമെഴുതുന്ന ദിനത്തിൽ
ക്ഷമായാചനം നടത്തി
ഇനിയുതിർക്കും
മിഴിനീർ
വറ്റിപ്പോകുന്നതോ
പുഴ?
10. മുയൽക്കുട്ടി
ഇറുക്കെ പുണർന്ന്
മുഖത്തെല്ലാം മുത്തമിട്ട്
കുരുകുരുത്ത കണ്ണുകളിൽ
ആകെ ലയിച്ച്
പതുക്കെ കാതുകളിൽ
തലോടി
അത്രയും ലാളിച്ച്
ജീവിച്ചിരുന്ന
കാട്ടിൽ
വഴിതിരയുന്നു
എന്റെ മുയൽക്കുട്ടി.
11. അറിവ്
വിറ്റുകളഞ്ഞ
മാന്തോപ്പിലേക്ക്
നടുപ്പാതിരക്ക്
അച്ഛൻ
മടിച്ചുമടിച്ചു നടന്നതും
ഓരോ മരത്തിനു
മുന്നിലും മുട്ടുകുത്തി
മാപ്പിരന്നതും
മരിക്കുംവരെ
പിന്നീടൊരിക്കലും
മാമ്പഴം കഴിക്കാതിരുന്നതും
അമ്മക്കു മാത്രം
അറിയാവുന്നത്.
12. മരംകൊത്തിയും മനുഷ്യനും
ചിതൽ കൂടുകെട്ടുന്ന
ചത്ത മരത്തെ മാത്രം
കൊത്തിത്തുരക്കും
മരംകൊത്തി.
പച്ചമരത്തെ
വെട്ടിനുറുക്കി
പല കിളിക്കൂടുകൾ
തകർക്കും
‘മനുഷ്യ’ ബുദ്ധിശൂന്യത.
13. മുമ്പ്
പൂമ്പൊടിച്ചേറ്റിൽ
ആഴ്ന്ന കാലുകൾ
കഴുകാൻ കുളത്തിലേക്കു വന്ന
പൂമ്പാറ്റകൾ
താമരപ്പൂക്കൾ കണ്ട്
സംശയത്തോടെ
അതിന്റെ അമ്മയോടു
ചോദിക്കുന്നതു കേട്ട്
കൗതുകത്തോടെയിരുന്ന
കാടുകൾ ഉണ്ടായിരുന്നു,
നമുക്കിവിടെ മുമ്പ്.
14. പരാതി
അതിവേഗമെടുത്ത്
കടലിലണയുന്നു
ഒരു ഗ്രാമനദി.
ചെറിയ കുട്ടികൾ
കല്ലെറിഞ്ഞതെപ്പറ്റി
അമ്മയോടു പരാതി പറയാൻ.
15. പുൽച്ചാടി
കുളത്തിനരികിൽ
പറക്കുന്ന ചെറുവിമാനം.
വെൺതങ്കത്താൽ
പൊതിഞ്ഞ
ചെറുചിറക്.
ചിത്രശലഭത്തിൻ
അനുജത്തി.
ഒറ്റപ്പുല്ലിൻ
പൊന്നൂഞ്ഞാലിൽ
അനായാസം.
ചിറകുണ്ടായിട്ടും
പറക്കാത്ത
മയിലായ്
കാലുണ്ടായിട്ടും
നടക്കാത്ത
പുൽച്ചാടി.
16. തൂക്കണാംകുരുവി
മാവുലിവാക്കത്തു
പതിനൊന്നു നിലകളുള്ള
കെട്ടിടത്തിൽ
ഗർഭശങ്കയെന്നു
തോന്നിയയുടൻ
പറന്നുചെന്ന്
വായിൽ ചകിരിനാരുകൾ
കൊത്തിയെടുത്തു വരുന്നു
ഒരു ചെറിയ
തൂക്കണാംകുരുവി.
17. കർഷകൻ
ഇണയെപ്പിരിഞ്ഞ്
ഇരുപതാണ്ടുകൾ
ഇരിപ്പതു സാധ്യം.
വളർത്തിയവർ
മരിക്കുമ്പോൾ
പുതുവീട്ടിൽ
വസിക്കും
വളർത്തുമൃഗങ്ങൾ.
അമ്മപോയാൽ
ആരും മറ്റൊരമ്മയാവില്ല.
നീരറ്റുവിണ്ട
മണ്ണുകണ്ട്
ഹൃദയം നുറുങ്ങി മരിപ്പവൻ-
അവനു പേർ, കർഷകൻ.
18. പേര്
മാതങ്കം, കളഭം
കരി, കളിറ്റ്-
ആനക്ക് പേരിങ്ങനെ
അറുപതുണ്ട്.
തുമ്പിക്കൈ നീട്ടി
ചില്ലറക്കാശു വാങ്ങും
ആനക്കെന്തു പേരിടും?
19. കലാപസ്വരം
വൈരക്കൊടുങ്കാറ്റിലെ
ഒരു തരി.
ജ്വാലയില്ലാത്ത
പലവർണക്കനൽ.
നിലാവിന്റെ
ചലിക്കുന്ന ദൂരം.
മിന്നൽക്കൊടിയുടെ
മലർ-
വനമകൾ.
മൂക്കടഞ്ഞവർ
ഇരുന്നെതിർക്കും
കലാപത്തിൻ സ്വരം.
ഒരു ചെറുവെയിൽ ദിനം.
20. ഉച്ചം- മിച്ചം
അഴകിന്റെ ഉച്ചം പൂക്കൾ
സ്നേഹത്തിന്റെ ഉച്ചം പ്രണയം
മൊഴിയുടെ ഉച്ചം കവിത
ജ്ഞാനത്തിന്റെ ഉച്ചം മൗനം
ദൈവത്തിൻ മിച്ചം കാട്.
21. വർണന
പെണ്ണിനെ വർണിക്കുന്നത്
എത്രയെളുപ്പം?-
മനസ്സിലാക്കിത്തന്നത്
കാട്.
22. കഠിനം
പ്രണയം
ദൈവം
കാട്-
എതിർക്കപ്പെട്ടതിൻ
ശേഷം
കടന്നുകയറുന്നത്
കഠിനം...
23. അപേക്ഷ
സങ്കടം പെരുകുന്ന
മിഴികളാൽ
കാലുകൾ കൂട്ടിവെച്ച്
നിൽക്കുന്നു
കോവിലിലെ ആന.
അനുഗ്രഹത്തിനായ്
കുനിഞ്ഞ തലകളിൽ
അതു വെക്കുന്നത്
കാട്ടിലേക്കു മടങ്ങുന്നതിനുള്ള
അപേക്ഷയോ?
24. കാറ്റ് ദൈവം
കല്ലെറിയാൻ അറിയാത്ത
ജനികൾക്കായി
ഇനിക്കും കായ്കൾ
പൊഴിക്കും
കാറ്റും ദൈവം.
25. അടയാളം
കവിത പുസ്തകത്തിൽ
വായിച്ചുകഴിഞ്ഞ താളിൽ
അടയാളമായി വെച്ച
കിളിയിറങ്ങും ചിത്രമുള്ള ചീട്ട്
ഓർമിപ്പിക്കുന്നു
കഴിഞ്ഞ കാലത്തിൽ
കിളിയിറങ്ങിയിരുന്ന
മരങ്ങളെ.
മൊഴിമാറ്റം: പി.എസ്. മനോജ്‌കുമാർ
==========
കയൽ
തമിഴ്‌നാട്ടിൽ വെല്ലൂരിലെ മുത്തുരങ്കം സർക്കാർ കോളജിൽ അധ്യാപിക. ‘കല്ലൂഞ്ഞാൽ’, ‘മഴൈകുരുവി’, ‘ആരണ്യം’, ‘ആദിവാസികൾ നിലത്തിൽ ബോൺസായ്’, ‘ഉയിരലപെടൈ’ എന്നിവ കവിതാ സമാഹാരങ്ങൾ. ‘തനുമൈയിൻ ഇക്കണം’, ‘പഴയ കടവുളരും പുതിയ ദുർദേവതകളും’, ‘കനവു ഇല്ലം’ എന്നിവ വിവർത്തന പുസ്തകങ്ങൾ. അന്താരാഷ്‌ട്ര മനുഷ്യവിഭവ ക്രമീകരണത്തെ ആസ്പദമാക്കി രണ്ടു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.