ശലഭത്തിൽനിന്ന് പ്യൂപ്പയിലേക്ക്

ഒരുപാട് സ്വപ്നങ്ങളോടുകൂടി മരിച്ചുപോയൊരാൾ എന്നുമെന്റെ സ്വപ്നങ്ങളിൽ വരും. നിറയേ ശലഭച്ചിറകുകൾ വീണുകിടക്കുന്ന കാട്ടുപാതയിൽവെച്ച് ഏറെനേരം മിണ്ടും. നിറങ്ങൾ ചിതറിയ ചിറകുകളിലേക്ക് നോക്കിനിൽക്കേ... ‘‘മരിച്ചുപോയവരുടെ സ്വപ്നങ്ങളാണീ ചിറകുകളെന്ന്’’ ജലമില്ലാത്ത കടലിലെ ഒറ്റമത്സ്യമാകുമയാൾ! ‘‘അവൾക്ക് പല്ലു കിളിർത്തിട്ട് ഉടലാകെ അടയാളങ്ങളുണ്ടാക്കണമെന്ന’’ അയാളുടെ സ്വപ്നത്തിൽ ചവിട്ടിനിൽക്കേ... കുഞ്ഞരിപ്പല്ലുകാട്ടിച്ചിരിച്ച് ഒരു ശലഭക്കുഞ്ഞുവന്നുമ്മവെക്കുന്നു. ആദ്യത്തെ പല്ലുവന്നെന്ന് എന്റെ വാക്കിടറുമ്പോൾ അയാൾ പുഴയാവുകയായിരുന്നു, ഇലകളായ്...

ഒരുപാട് സ്വപ്നങ്ങളോടുകൂടി

മരിച്ചുപോയൊരാൾ

എന്നുമെന്റെ സ്വപ്നങ്ങളിൽ വരും.

നിറയേ ശലഭച്ചിറകുകൾ വീണുകിടക്കുന്ന

കാട്ടുപാതയിൽവെച്ച് ഏറെനേരം മിണ്ടും.

നിറങ്ങൾ ചിതറിയ ചിറകുകളിലേക്ക്

നോക്കിനിൽക്കേ...

‘‘മരിച്ചുപോയവരുടെ സ്വപ്നങ്ങളാണീ ചിറകുകളെന്ന്’’

ജലമില്ലാത്ത കടലിലെ

ഒറ്റമത്സ്യമാകുമയാൾ!

‘‘അവൾക്ക് പല്ലു കിളിർത്തിട്ട് ഉടലാകെ

അടയാളങ്ങളുണ്ടാക്കണമെന്ന’’

അയാളുടെ സ്വപ്നത്തിൽ ചവിട്ടിനിൽക്കേ...

കുഞ്ഞരിപ്പല്ലുകാട്ടിച്ചിരിച്ച്

ഒരു ശലഭക്കുഞ്ഞുവന്നുമ്മവെക്കുന്നു.

ആദ്യത്തെ പല്ലുവന്നെന്ന്

എന്റെ വാക്കിടറുമ്പോൾ

അയാൾ പുഴയാവുകയായിരുന്നു,

ഇലകളായ് വിറക്കുകയായിരുന്നു,

പൂവായ് ചിരിച്ച്,

കാറ്റായലഞ്ഞ്,

മഴയായ് കരഞ്ഞ്,

നിലാവായ് നിറഞ്ഞ്,

ജീവിക്കാനുള്ള കിതപ്പ്!

സ്വപ്നത്തിൽനിന്ന്

പുറത്തുകടക്കാനാവാതെ

സ്വയമൊരു കാടാവുകയോ

കടലാവുകയോ തീയാവുകയോ

എന്നറിയാതെ...

നിശ്ശബ്ദം ഞാൻ മാഞ്ഞുപോകുന്നു.

വളഞ്ഞ പീലികൾക്കുള്ളിൽ

തിളങ്ങുന്നതെന്തോ

എപ്പോഴുമെന്നോട് മിണ്ടുന്നു.

മേഘങ്ങളിലൂടെ നടക്കുന്നു.

മണ്ണിൽ തൊട്ടുതൊട്ട് പറക്കുന്നു.

അയാൾ വന്നുപോകുന്ന രാവുണരുമ്പോൾ

കിടക്കവിരിപ്പിൽ ഒരുതുണ്ടാകാശവും

നിറയേ ശലഭച്ചിറകുകളും വീണുകിടക്കും.

എന്റെ ചിറകുകളിൽനിന്നൊരു നീലവെളിച്ചം

തലയിണക്കടിയിലേക്ക് ഒളിച്ചുകയറും.

ഏറ്റവുമവസാനത്തെ സ്വപ്നത്തിൽവെച്ച്

കണ്ടുമുട്ടുമ്പോൾ

കൈനിറയേ അനേകായിരം നിറങ്ങളുള്ള

പൂക്കൾ നീട്ടുന്നു.

‘‘ഒരു വേനലിലും പൊള്ളിപ്പോവാത്ത,

ശിശിരംകൊണ്ടടരാത്ത,

വർഷത്തിൽ നനഞ്ഞുലഞ്ഞുപോവാത്ത,

വസന്തമായവൾക്ക്...’’

പാതിമുറിഞ്ഞ വാക്കിന്റെയറ്റത്ത്

ഒരു കടൽ മിണ്ടാതെ നിന്നു!

ചിറകുകളഴിച്ചുവെച്ച് പെട്ടെന്നൊരുന്നാൾ

പ്യൂപ്പയിലേക്ക് മടങ്ങിപ്പോയതിന്റെ

ഉത്തരംകിട്ടാതെ സ്വപ്നത്തിൽ

ഞാനൊറ്റക്കാവുന്നു!


Tags:    
News Summary - weely literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.