എം.ബി. ശ്രീനിവാസന്‍റെ സംഗീതവും ഇംഗ്ലീഷ് ഗാനവും

ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം ‘ട്രെൻഡ് സെറ്റർ’ എന്ന് വിശേഷിപ്പിച്ച ‘ഭൂഗോളം തിരിയുന്നു’ എന്ന സിനിമ ബോക്സ്ഓഫിസിൽ പരാജയപ്പെട്ടു. വിതരണക്കാരായ ഹസീനാ ഫിലിംസ് അസംതൃപ്തി പ്രകടിപ്പിച്ചപ്പോൾ അവർ നൽകിയ അഡ്വാൻസ് തുകക്ക് ചിത്രത്തിന്റെ മുഴുവൻ അവകാശവും നിർമാതാവ് അവർക്ക് എഴുതിക്കൊടുത്തു -പാട്ടിന്റെ ചരിത്രത്തിൽ സിനിമയുടെ ചരിത്രവും ഇഴചേരുന്നു. ഹരിഹരൻ സംവിധാനംചെയ്‌ത രണ്ടാമത്തെ സിനിമയാണ് ‘കോളേജ് ഗേൾ’. അദ്ദേഹത്തിന്റെ പ്രഥമ ചിത്രമായ ‘ലേഡീസ് ഹോസ്റ്റൽ’ നിർമിച്ച രേഖാ സിനി ആർട്സിന്റെ പേരിൽ ഡോ. ബാലകൃഷ്ണൻതന്നെയാണ് ‘കോളേജ് ഗേൾ’ എന്ന ചിത്രവും നിർമിച്ചത്. കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹംതന്നെയാണ് എഴുതിയത്....

ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം ‘ട്രെൻഡ് സെറ്റർ’ എന്ന് വിശേഷിപ്പിച്ച ‘ഭൂഗോളം തിരിയുന്നു’ എന്ന സിനിമ ബോക്സ്ഓഫിസിൽ പരാജയപ്പെട്ടു. വിതരണക്കാരായ ഹസീനാ ഫിലിംസ് അസംതൃപ്തി പ്രകടിപ്പിച്ചപ്പോൾ അവർ നൽകിയ അഡ്വാൻസ് തുകക്ക് ചിത്രത്തിന്റെ മുഴുവൻ അവകാശവും നിർമാതാവ് അവർക്ക് എഴുതിക്കൊടുത്തു -പാട്ടിന്റെ ചരിത്രത്തിൽ സിനിമയുടെ ചരിത്രവും ഇഴചേരുന്നു. 

ഹരിഹരൻ സംവിധാനംചെയ്‌ത രണ്ടാമത്തെ സിനിമയാണ് ‘കോളേജ് ഗേൾ’. അദ്ദേഹത്തിന്റെ പ്രഥമ ചിത്രമായ ‘ലേഡീസ് ഹോസ്റ്റൽ’ നിർമിച്ച രേഖാ സിനി ആർട്സിന്റെ പേരിൽ ഡോ. ബാലകൃഷ്ണൻതന്നെയാണ് ‘കോളേജ് ഗേൾ’ എന്ന ചിത്രവും നിർമിച്ചത്. കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹംതന്നെയാണ് എഴുതിയത്. പ്രധാന ഗാനങ്ങളെല്ലാം ശ്രീകുമാരൻ തമ്പി രചിച്ച ‘ലേഡീസ് ഹോസ്റ്റൽ’ എന്ന പടത്തിൽ കാർത്തികേയൻ എന്ന തൂലികാനാമത്തിൽ ഡോ. ബാലകൃഷ്ണൻ ഒരു ഗാനം എഴുതുകയുണ്ടായി. അങ്ങനെ ഗാനരചനയും തനിക്കു വഴങ്ങുമെന്ന് അദ്ദേഹത്തിന് ബോധ്യമായി.

തൂലികാനാമം ഒഴിവാക്കി സ്വന്തം പേരിൽതന്നെ അദ്ദേഹം ‘കോളേജ് ഗേൾ’ എന്നചിത്രത്തിന്റെ എല്ലാ പാട്ടുകളും എഴുതി. എ.ടി. ഉമ്മറാണ് ആ ഗാനങ്ങൾക്ക് ഈണം പകർന്നത്. പ്രേംനസീർ നായകനായി; വിധുബാല നായികയും. കെ.പി. ഉമ്മർ, ടി.എസ്. മുത്തയ്യ, ജോസ് പ്രകാശ്, അടൂർ ഭാസി, ശങ്കരാടി, ബഹദൂർ, പ്രേമ, മീന, ഫിലോമിന, മണവാളൻ ജോസഫ്, പറവൂർ ഭരതൻ, പട്ടം സദൻ, ഖദീജ തുടങ്ങിയവർ അഭിനയിച്ചു. ചിത്രത്തിൽ ആറു പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ് മൂന്നു പാട്ടുകൾ പാടി.

‘‘ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ -നിന്നെ/ ചന്ദനപ്പല്ലക്കിൽ ഏറ്റിടട്ടെ/ സിന്ദൂരമേഘങ്ങൾ ഉമ്മവെക്കും എന്റെ/ വിണ്ണിലെ വീട്ടിൽ ഞാൻ കൊണ്ടുപോട്ടെ’’ എന്ന ഗാനം യേശുദാസ് തനിച്ചു പാടി.

‘‘കന്യകളേ കന്യകളേ/സുന്ദര ചിന്താകന്യകളേ...’’ എന്നു തുടങ്ങുന്ന പാട്ടും യേശുദാസ് ഒറ്റക്ക് പാടിയതാണ്. അതിന്റെ പൂർണപല്ലവി ഇങ്ങനെയാണ്: ‘‘കിങ്ങിണി കെട്ടി കുണുങ്ങിയെത്തിയ സുന്ദര ചിന്താകന്യകളേ/ ചന്ദ്രമണ്ഡല താഴ്വരയിൽ പൂത്ത/ ചന്ദ്രമല്ലിപ്പൂവുകളേ/ അനുരാഗവല്ലിപ്പൂവുകളേ...’’

യേശുദാസ് എസ്. ജാനകിയുമൊത്തു പാടിയ യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘അഞ്ജനമിഴികളിൽ ആയിരമായിരം/ആശകൾ പൂത്തുവിരിഞ്ഞു/തുളസീസുരഭില ഹൃദയകോവിലിൽ/ അനുരാഗമന്ത്രമുണർന്നു’’ എന്ന് ഗായകൻ പാടുമ്പോൾ ഗായികയുടെ വരികൾ ഇങ്ങനെ: ‘‘കോവിലിലുള്ളൊരു ദേവനു ചാർത്താൻ/തൂമലർമാലയൊരുക്കി/ രാഗതപസ്യയിൽ മുഴുകി കാമിനി/തന്നെത്തന്നെ മറന്നു...’’

ജയചന്ദ്രനും മാധുരിയും സംഘവും പാടിയ കളിയാക്കൽപാട്ട് പടം ഇറങ്ങിയ കാലത്ത് കോളജുകളിൽ പ്രശസ്തി നേടിയിരുന്നു.

‘‘മുത്തിയമ്മ പോലെവന്നു/പുലിയെപ്പോൽ ചീറിനിന്ന പ്രിൻസിപ്പാളേ-/പ്രിൻസിപ്പാളേ... ഗോ ബാക്ക്... ഗോ ബാക്ക്/മുത്തിയമ്മ പ്രിൻസിപ്പാൾ രാജിവെക്കണം/ബുദ്ധിയുള്ള പ്രിൻസിപ്പാൾ ചാർജെടുക്കണം’’ എന്ന് പല്ലവി. തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘മൂണിലെത്തി മനുഷ്യരിന്നു മണ്ണുമാന്തും കാലത്തിൽ/മൂക്ക് മൂടി പർദ്ദയിട്ടു ക്ലാസിൽ ഞങ്ങളെത്തണോ/കാലം പഴയ കാലമല്ല പട്ടിക്കാട്ടുമുത്തമ്മേ/ കോലം മാറി ഫാഷൻ മാറി മാറ്റൂ ചട്ടം മുത്തമ്മേ...’’ ​ചന്ദ്രഭാനുവും ദേവിചന്ദ്രനും ചേർന്നു പാടിയ ‘‘അമൃതപ്രഭാതം വിരിഞ്ഞു’’ എന്ന ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘അമൃതപ്രഭാതം വിരിഞ്ഞു/ അമ്പലമണികൾ മുഴങ്ങി/ അങ്കണതുളസിയുണർന്നു -ആത്മ/ സംഗമദീപം തെളിഞ്ഞു’’ എന്ന് പല്ലവി. ആദ്യചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘മാനസനയനങ്ങളാൽ കണ്ടു ഞാനെൻ/കണ്ണന്റെ മോഹന മരതകരൂപവും മഞ്ഞപ്പട്ടും/തിരുനെറ്റിയിലുള്ള കസ്തൂരിതിലകവും/അഴകാർന്ന കൂന്തൽകെട്ടും/പീലിയും കിരീടവും പരമദയാ/ഭാവദീപ്തമാം നയനവും...’’

 

എം.ബി. ശ്രീനിവാസൻ

ആറാമത്തെ ഗാനം ഒരു മാപ്പിളപ്പാട്ടാണ്. യശോദ പാലയാട് ആണ് ഈ ഗാനം ആലപിച്ചത്. ‘‘അരികത്ത് ഞമ്മളൊന്നു ബന്നോട്ടെ/ തരിബളകയ്യു പിടിച്ചോട്ടെ/ പിണക്കം മറന്നു ചിരിക്കൂല്ലേ/ ഒരു പിടി നെയ്‌ച്ചോറ് ബൈക്കൂല്ലേ...’’ ഇങ്ങനെ തുടങ്ങുന്നു ആ പാട്ട്. 1974 ജൂലൈ 12ന് റിലീസ് ചെയ്‌ത ‘കോളേജ് ഗേൾ’ വമ്പിച്ച പ്രദർശനവിജയം നേടുകയുണ്ടായി.

ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്‌ത രണ്ടാമത്തെ ചിത്രമായ ‘ഭൂഗോളം തിരിയുന്നു’ എന്ന സിനിമയും ഇതേ ദിവസം (1974 ജൂലൈ 12) തന്നെയാണ് പുറത്തിറങ്ങിയത്. രാജശിൽപിയുടെ ബാനറിൽ ശ്രീകുമാരൻ തമ്പി തന്നെയാണ് ചിത്രം നിർമിച്ചത്. ആദ്യ ചിത്രമായ ‘ചന്ദ്രകാന്ത’ത്തിൽ പ്രേംനസീറിനെ ഇരട്ടവേഷത്തിൽ അഭിനയിപ്പിച്ച ശ്രീകുമാരൻ തമ്പി തന്റെ രണ്ടാമത്തെ ചിത്രത്തിൽ രാഘവനെയാണ് നായകനാക്കിയത്. വിൻ​െസന്റ്, ജനാർദനൻ എന്നീ നടന്മാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ഗായത്രി’ എന്ന ചിത്രത്തിലൂടെ സിനിമാവേദിയിലെത്തിയ എം.ജി. സോമൻ അതിഥിതാരമായി. റോജാരമണിയും (ചെമ്പരത്തി ശോഭന) റാണിചന്ദ്രയും കെ.പി.എ.സി ലളിതയും നായികമാരായി. ടി.എസ്. മുത്തയ്യ, ശങ്കരാടി, ബഹദൂർ, ആലുമ്മൂടൻ, കുതിരവട്ടം പപ്പു, സുകുമാരി, ടി.ആർ. ഓമന, സാധന, സരസ്വതി, കുഞ്ചൻ, ബേബി സുമതി, മാസ്റ്റർ രാജകുമാരൻ തമ്പി തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.

‘ചന്ദ്രകാന്തം’ പാട്ടുകളാൽ നിറഞ്ഞിരുന്നു. കാരണം അത് രണ്ടു കവികളുടെ കഥയായിരുന്നു. ശ്രീകുമാരൻ തമ്പിയുടെ ‘അച്ചുതണ്ട്’ എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കരണം ആയിരുന്നു ‘ഭൂഗോളം തിരിയുന്നു’. ഒരു തകർന്ന നായർ തറവാടിന്റെ കഥയാണ് നിയോ റിയലിസ്റ്റ് ശൈലിയിൽ പറഞ്ഞത്. അതിനാൽ താരതമ്യേന പാട്ടുകളുടെ എണ്ണം കുറവായിരുന്നു. എങ്കിലും ശ്രീകുമാരൻ തമ്പി എഴുതിയ നാല് ഗാനങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. കൂടാതെ പരമ്പരാഗത രീതിയിലുള്ള ഒരു വില്ലടിച്ചാൻ പാട്ടും ചിത്രത്തിൽ ഇടംപിടിച്ചിരുന്നു.

വി. ദക്ഷിണാമൂർത്തിയാണ് സംഗീതസംവിധാനം നിർവഹിച്ചത്. എന്നാൽ, സൂപ്പർഹിറ്റുകൾ എന്നു പറയാവുന്ന പാട്ടുകൾ ഈ സിനിമയിൽ ഉണ്ടായിരുന്നില്ല. യേശുദാസ് പാടിയ ‘‘തുളസിപൂത്ത താഴ്വരയിൽ’’ എന്നു തുടങ്ങുന്ന പാട്ടും ‘‘ഓച്ചിറക്കളി കാണാൻ കൊണ്ടുപോകാം...’’ എന്ന പാട്ടും ശ്രദ്ധിക്കപ്പെട്ടു എന്നു പറയാം.

‘‘തുളസി പൂത്ത താഴ്വരയിൽ/ തുമ്പി തുള്ളാൻ വന്ന കാറ്റേ/ പൂമിഴിയിൽ കവിതയൂറും/ പൂമകളെ പുണരുക നീ...’’ രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ഓച്ചിറക്കളി കാണാൻ കൊണ്ടുപോകാം/ ഓട്ടുമണി കിലുങ്ങുമാറ്‌ കുലുങ്ങു കാളേ/ ഒരു വല്ലം കപ്പയും കൊണ്ടോടു കാളേ...’’ കാളവണ്ടിക്കാരനും വില്ലടിച്ചാൻ പാട്ടുസംഘത്തിലെ പ്രധാന അംഗവുമായി അഭിനയിക്കുന്ന കുതിരവട്ടം പപ്പുവിനു വേണ്ടിയാണ് യേശുദാസ് ഈ ഗാനം ആലപിച്ചത്. പാട്ടിലെ വരികൾ ഇങ്ങനെ തുടരുന്നു: ‘‘പോയാണ്ടു മിഥുനത്തിൽ/ പൊന്നുംകൊടം കൂടെ വന്നു/ നല്ല തഴപ്പായ കണ്ടു കള്ളിയവൾ കണ്ണടച്ചു/ കയ്യിലിടാൻ വളവാങ്ങി/ പായിലിടാൻ മെത്ത വാങ്ങി/ കുളിരന്നു കൂടിവന്നു/ കുപ്പിവള ചിരിച്ചുടഞ്ഞു...’’

പി. സുശീല പാടിയ ‘‘കൗരവസദസ്സിൽ കണ്ണീരോടെ കൈകൂപ്പി നിന്നു പാഞ്ചാലി’’ എന്ന പാട്ട് ചിത്രത്തിൽ പാടി അഭിനയിക്കുന്നത് അന്ന് വളരെ ചെറുപ്പമായിരുന്ന കെ.പി.എ.സി ലളിതയാണ്. പണത്തിനുവേണ്ടി മാത്രം തന്നെ വിവാഹം കഴിച്ച സ്നേഹശൂന്യനായ ഭർത്താവിനാൽ തീവ്രദുഃഖം അനുഭവിക്കുന്ന യുവതിയുടെ വേഷത്തിലാണ് ലളിത അഭിനയിച്ചത്. ‘‘കൗരവസദസ്സിൽ കണ്ണീരോടെ/ കൈ കൂപ്പി നിന്നു പാഞ്ചാലി/ അരുതേ അരുതേ സഹോദരാ/ അപമാനിക്കരുതേ പെങ്ങളെ/ അപമാനിക്കരുതേ...’’ ‘‘യാചിച്ചു ദേവി യാചിച്ചു/ രാജസദാചാരം കണ്ണടച്ചു.../ അരുതേ അരുതേ സഹോദരാ...’’ ഇതാണ് പല്ലവി.

 

അയിരൂർ സദാശിവൻ,ഉഷ ഉതുപ്

ആദ്യചരണം ഇങ്ങനെയാണ്: ‘‘ദുശ്ശാസനനൊരു ദുഃഖാഗ്നിയായി/ ദുർഭഗ തൻ മുന്നിൽ എരിഞ്ഞുനിന്നു/ അവളുടെ വസ്ത്രങ്ങൾ അഴിച്ചു/ അധികാരഗർവമാർത്തു ചിരിച്ചു/ ജ്ഞാനികൾ മഹർഷികൾ തലകുനിച്ചു/ അരുതേ അരുതേ സഹോദരാ അപമാനിക്കരുതേ...’’ ‘ഭൂഗോളം തിരിയുന്നു’ എന്ന ചിത്രത്തിന്റെ സ്വഭാവവുമായി ഒട്ടും ചേരാത്ത ഒരു ഹാസ്യഗാനവും അതിൽ ഉണ്ടായിരുന്നു. ബാഹ്യസമ്മർദം മൂലം ഉൾപ്പെടുത്തിയതാണ്. പക്ഷേ, ജയചന്ദ്രൻ പാടിയ ഈ ഗാനം പലർക്കും ഇഷ്ടമായി. ചിത്രത്തിൽ ബഹദൂർ ആണ് ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.

‘‘ഞാനൊരു പാവം മോറിസ് മൈനർ/ അവളൊരു സെവന്റി വൺ ഇമ്പാല/ ഫോറിൻ ഫിയേറ്റിനെ പ്രേമിച്ചവളേ/ ഈ മൊറീസിനിനി -ഉലകേ മായം.../ വാഴ് വേ മായം...’’

ഷെവർലെ കമ്പനി അവരുടെ 1971 മോഡൽ കാറിനു നൽകിയ പേരാണ് ‘ഇമ്പാല’. വിദേശ കാറുകളിൽ ഏറ്റവും ചെറുതും വിലകുറഞ്ഞതുമായ വണ്ടിയായിരുന്നു മോറിസ് മൈനർ. ഈ ലേഖകൻ ആദ്യമായി കാണുമ്പോൾ യേശുദാസും ആർ.കെ. ശേഖറും സ്വയം ഓടിച്ചിരുന്നത് മോറിസ് മൈനർ കാർ ആണ്. ‘ഭൂഗോളം തിരിയുന്നു’ എന്ന ചിത്രത്തിലെ വില്ലടിച്ചാൻപാട്ട് കെ.പി. ബ്രഹ്മാനന്ദനും അയിരൂർ സദാശിവനും സംഘവും പാടി. ഇത് ഒരു പരമ്പരാഗത ഗാനമാണ്. ഇത് ഗ്രാമഫോൺ ഡിസ്‌കിൽ ഉൾപ്പെടുത്തിയിട്ടില്ല. ‘‘ശ്രീഗണനാഥനും വാണി താനും എന്റെ ശ്രീഗുരുദേവാ വിരിഞ്ചദേവാ...’’ എന്നിങ്ങനെയാണ് പാട്ടു തുടങ്ങുന്നത്.

ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം ‘ട്രെൻഡ് സെറ്റർ’ എന്ന് വിശേഷിപ്പിച്ച ‘ഭൂഗോളം തിരിയുന്നു’ എന്ന സിനിമ ബോക്സ്ഓഫിസിൽ പരാജയപ്പെട്ടു. വിതരണക്കാരായ ഹസീനാ ഫിലിംസ് അസംതൃപ്തി പ്രകടിപ്പിച്ചപ്പോൾ അവർ നൽകിയ അഡ്വാൻസ് തുകക്ക് ചിത്രത്തിന്റെ മുഴുവൻ അവകാശവും നിർമാതാവ് അവർക്ക് എഴുതിക്കൊടുത്തു.

കെ.എസ്. സേതുമാധവൻ സംവിധാനം നിർവഹിച്ച ‘കന്യാകുമാരി’ എന്ന ചിത്രം അദ്ദേഹത്തിന്റെ കുടുംബസ്ഥാപനമായ ‘ചിത്രകലാകേന്ദ്രം’ നിർമിച്ചതാണ് (സേതുമാധവന്റെ അനുജനായ കെ.എസ്. രാമമൂർത്തിയുടെ പേരാണ് നിർമാതാവിന്റെ സ്ഥാനത്ത് -കെ.എസ്.ആർ. മൂർത്തി). എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ആദ്യത്തെ സേതുമാധവൻ ചിത്രമെന്ന പ്രത്യേകത ഈ സിനിമക്കുണ്ട്. കമൽഹാസൻ ആയിരുന്നു ‘കന്യാകുമാരി’യിലെ നായകൻ. ബംഗാളി നടിയായ റീത്താ ഭാദുരി നായികയും. പ്രേംനവാസ്, തമിഴ്‌നടി മണിമാല, മധുമതി, ശങ്കരാടി, മുരളി (‘വിയർപ്പിന്റെ വില’, ‘കുട്ടിക്കുപ്പായം’, ‘ജീസസ്’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടൻ –വർഷങ്ങൾക്കുശേഷം മലയാള സിനിമയിൽ നായകനായി വന്ന മുരളിയാണ് ഇദ്ദേഹം എന്ന് ഇപ്പോഴത്തെ തലമുറ തെറ്റിദ്ധരിക്കാതിരിക്കാനാണ് ഈ വിശദീകരണം. അല്ലാതെ ആ നടനെ ചെറുതാക്കാനല്ല.) ഗോവിന്ദൻകുട്ടി, ആലുമ്മൂടൻ, പാലാ തങ്കം, പുന്നപ്ര അപ്പച്ചൻ തുടങ്ങിയവരും ‘കന്യാകുമാരി’യിൽ അഭിനയിച്ചു.

നവദമ്പതികളായ ശ്രീകുമാറും മല്ലികയും ഈ സിനിമയിൽ ജൂനിയർ താരങ്ങളായി (‘കന്യാകുമാരി’യിലൂടെ നടന്നുപോകുന്ന രണ്ടു സഞ്ചാരികൾ). പിന്നീട് ‘ചട്ടമ്പിക്കല്യാണി’ എന്ന ചിത്രത്തിലൂടെ ശ്രീകുമാർ എന്ന യുവാവ് ജഗതി ശ്രീകുമാർ എന്ന പേരിൽ ഹാസ്യനടനായി അരങ്ങേറി. കുട്ടിക്കാലത്ത് തന്റെ പിതാവായ ജഗതി എൻ.കെ. ആചാരി സംഭാഷണമെഴുതിയ ‘അച്ഛനും മകനും’ എന്ന സിനിമയിൽ ബാലതാരമായി ശ്രീകുമാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

‘കന്യാകുമാരി’ എന്ന സിനിമക്കുവേണ്ടി വയലാർ എഴുതിയ രണ്ടു ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ ഈണം പകർന്നു. യേശുദാസും എസ്. ജാനകിയും പാടിയ ‘‘ചന്ദ്രപളുങ്കു മണിമാല... മണിമാല’’ എന്ന ഗാനം വലിയ ജനപ്രീതി നേടി. ‘‘ചന്ദ്രപളുങ്കു മണിമാല -മണിമാല/ ശംഖുമാല -ഓ... ശംഖുമാല/ കന്യാകുമാരിയിലെ കല്ലുമാല...’’ ഇത് പല്ലവി. ആദ്യചരണം ഗായകൻ പാടുന്നു: ‘‘കല്ലുമാലപ്പെണ്ണിനെ കൈകൊണ്ടു പൊതിഞ്ഞിട്ട്/ കാറ്റിനും വെയിലിനും കുളിരു കോരി –ആഹാ/ ചന്ദ്രപളുങ്കു മണിമാല... മണിമാല...’’ അടുത്ത ചരണം ഗായിക തുടങ്ങുന്നു: ‘‘ചിത്തിരത്തോണി തുഴഞ്ഞേ വന്നൊരു/ ചിത്രപ്പണിക്കാരാ/ അക്കരെപ്പാറയിൽ നീയിന്നു കൊത്തിയ-/താരുടെ മായാരൂപം/ ആരുടെ മായാരൂപം..?’’ ഈ ചോദ്യത്തിന് ഗായകന്റെ മറുപടിയിങ്ങനെ: ‘‘നീലക്കടൽക്കരെ നൃത്തംവെക്കും/ നിന്റെ മായാരൂപം.../ ചിറ്റുളികൊണ്ടല്ല, തങ്കച്ചുറ്റിക കൊണ്ടല്ല/ സ്വപ്നം നൽകിയ പീലികൾകൊണ്ടൊരു / ശിൽപം തീർത്തൂ ഞാൻ...’’ഗാനത്തിലെ രണ്ടാംചരണവും ഇതുപോലെതന്നെ മനോഹരമാണ്.

 

കെ.പി. ബ്രഹ്മാനന്ദൻ,യശോദ പാലയോട്

യേശുദാസും പി. ലീലയും എൽ.ആർ. ഈശ്വരിയും സംഘവും പാടിയ ‘‘ആയിരം കണ്ണുള്ള മാരിയമ്മാ/ ആഴിയേഴും കാത്തരുളും മാരിയമ്മാ/ മാരിയമ്മാ വരിക മാരിയമ്മാ -മാറിൽ/ മഞ്ഞളോടു മഞ്ഞളാടിയ മാരിയമ്മാ’’ എന്നു തുടങ്ങുന്ന നൃത്തഗാനവും മികച്ചതായി.ഉഷ ഉതുപ്പ് പാടിയ ‘‘I AM IN LOVE’’ എന്ന ഇംഗ്ലീഷ് ഗാനമാണ് സിനിമയിലെ മൂന്നാമത്തെ പാട്ട്. ‘‘OH I AM IN LOVE/ I AM IN LOVE/ WITH LOVE’’ എന്നു തുടങ്ങുന്ന ഗാനം എഴുതിയതും സംഗീതസംവിധായകനായ എം.ബി. ശ്രീനിവാസൻ തന്നെ. ഗാനത്തിലെ തുടർന്നുള്ള വരികൾ.‘‘MAY PEACE DESCEND/ FROM HIGH ABOVE/ AND FILL THE EARTH/ WITH GENTLE LOVE/ SHANTHI SHANTHI SHANTHI SHANTHI...’’

1974 ജൂലൈ 26ന്​ ‘കന്യാകുമാരി’ തിയറ്ററുകളിലെത്തി. ചിത്രം വ്യത്യസ്തമായിരുന്നു. പക്ഷേ, ബോക്സ്ഓഫിസിൽ നേട്ടമുണ്ടാക്കിയില്ല. എം.ബി. ശ്രീനിവാസന്റെ ഈണങ്ങളും അദ്ദേഹം ചിത്രത്തിനു നൽകിയ പശ്ചാത്തല സംഗീതവും മെല്ലി ഇറാനി പകർത്തിയ കന്യാകുമാരിയുടെ മനോഹര ദൃശ്യങ്ങളും ഇന്നും ഓർമയിൽ നിൽക്കുന്നു.

(തുടരും)

Tags:    
News Summary - weekly sangeetha yathrakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.