നാൽപത്തിനാലു വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം നഗരത്തിന് വെളിയിലുള്ള മരിയനാട് എന്ന തീരദേശ ഗ്രാമത്തിൽ മത്സ്യത്തൊഴിലാളി സ്ത്രീകൾക്കിടയിൽ പ്രവർത്തിക്കാനെത്തുമ്പോൾ ഏലിയാമ്മ വിജയന് അവിടമൊരു അപരിചിത ഭൂഖണ്ഡം ആയിരുന്നു.
പാലായിൽ ജനിച്ച് അവിടെയും മണ്ണാർക്കാടുമായി വളർന്ന് മംഗലാപുരത്തുനിന്ന് സാമൂഹികപ്രവർത്തനത്തിൽ മാസ്റ്റർ ബിരുദം നേടി പുറത്തിറങ്ങിയപ്പോൾ അതേവരെ ഒരു മുൻപരിചയവും ഇല്ലാത്ത തീരദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരുന്നു നിയോഗം.
കടുത്ത ജീവിതയാതനകളിലൂടെ കടന്നുപോകുന്ന തീരദേശ ജനസമൂഹമായിരുന്നു അവിടെ. തുടർച്ചയായി കടലിനോട് മല്ലിടുമ്പോഴും ജീവിക്കാൻ കാര്യമായൊന്നും മിച്ചം ഉണ്ടാക്കാൻ പറ്റിയിട്ടില്ലാത്ത അവസ്ഥ. മത്സ്യവിപണിയിലെ ഇടനിലക്കാരുടെ വലിയ ചൂഷണം. അധികാര സ്ഥാനങ്ങളുടെ തുടർച്ചയായ അവഗണനകൾ. കടുത്ത സാമ്പത്തിക ദുരവസ്ഥ. അസമത്വങ്ങളും അനീതിയും അവയുടെ ഏറ്റവും ഭീതിദമായ അവസ്ഥയിൽ നിലനിൽക്കുന്നു. ഇന്നത്തെപ്പോലെ തന്നെ അന്നും പുറംലോകത്തിന്റെ പരിഗണനയിലും മുൻഗണനാ പട്ടികകളിലും മത്സ്യത്തൊഴിലാളികൾ ഇല്ലായിരുന്നു.
ഏലിയാമ്മ ആ മനുഷ്യർക്കൊപ്പം ഉറച്ചുനിന്നു. തങ്ങളുടെ കൂട്ടത്തിൽനിന്നല്ലാതെയുള്ള ഒരാളുടെ തുടർച്ചയായ ഇടപെടലുകളിൽ ആ സമൂഹത്തിന് സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, അവരിലൊരാളായി അവരിലേക്കിറങ്ങിച്ചെല്ലാൻ വളരെ വേഗത്തിൽ ഏലിയാമ്മക്ക് കഴിഞ്ഞു.
തീരദേശ മേഖലയിലെ മത്സ്യബന്ധനത്തിൽ അധിഷ്ഠിതമായ സാമ്പത്തിക സംവിധാനം, വിപണിയിലെ അസമത്വങ്ങളും അനീതികളും, കുടുംബങ്ങൾ നേരിടുന്ന അതീവ ദുഷ്കരമായ അതിജീവന സമരങ്ങൾ എന്നിവയായിരുന്നു ഏലിയാമ്മയുടെയും അവരുടെ സഹപ്രവർത്തകരുടെയും സജീവ പരിഗണനാ വിഷയങ്ങൾ. അവയിലേക്ക് ഇറങ്ങിെച്ചന്നപ്പോൾ തീരദേശ സമൂഹങ്ങളിലെ സ്ത്രീജീവിതങ്ങൾ ഏലിയാമ്മയുടെ മുന്നിൽ മറ്റൊരു അനുഭവപാഠമായി.
ഏലിയാമ്മ വിജയൻ ചിത്രം: പി.ബി ബിജു
കടലും മത്സ്യബന്ധനവും ഏതാണ്ട് പൂർണമായും പുരുഷമേൽക്കോയ്മ നിലനിൽക്കുന്ന മേഖലകളാകുമ്പോൾ വിപണനവും കുടുംബപരിപാലനവുമെല്ലാം ചേരുന്ന ഉത്തരവാദിത്തങ്ങളുടെ പൊതുസമൂഹം കാണാത്ത വളരെ വലിയ ഭാരം താങ്ങുന്നവരാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾ എന്ന തിരിച്ചറിവ് വലുതായിരുന്നു. ഗാർഹിക പീഡനങ്ങളും പുരുഷന്മാർക്കിടയിലെ അമിത മദ്യപാനവും തീരദേശത്തെ സ്ത്രീജീവിതങ്ങൾക്ക് മുന്നിലുയർത്തിയിരുന്ന വലിയ വെല്ലുവിളികൾ നേരിൽ കണ്ടറിഞ്ഞാണ് ഏലിയാമ്മ വിജയൻ കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിൽ തന്റേതായ പങ്കാളിത്തത്തിന് തുടക്കം കുറിക്കുന്നത്.
വർഷങ്ങൾക്കിപ്പുറം കടന്നുപോന്ന വഴികളെക്കുറിച്ച് ചോദിക്കുമ്പോൾ ഏലിയാമ്മയുടെ മറുപടി രണ്ടു വരികളിൽ ഒതുങ്ങും: ''ഒരു വ്യക്തിയെന്ന നിലയിൽ എടുത്തുപറയാവുന്ന ഒന്നുംതന്നെ ഞാൻ ചെയ്തിട്ടില്ല. സമാന ചിന്താഗതിക്കാരായ ചില സുഹൃത്തുക്കൾക്കൊപ്പം ചെറിയ ചില ചുവടുകൾ െവച്ചു എന്ന് മാത്രം.''
ഒരർഥത്തിൽ പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ മുന്നിൽനിന്ന് നയിക്കുകയോ പിന്നിൽനിന്ന് പിന്തുണ കൊടുക്കുകയോ ആയിരുന്നില്ല അവർ ചെയ്തത്. ആ മനുഷ്യർക്ക് ഒപ്പം നടക്കുകയായിരുന്നു. ഫാദർ തോമസ് കൊച്ചേരിയെയും നളിനി നായിക്കിനെയും മേഴ്സി അലക്സാണ്ടറെയും ടി. പീറ്ററിനെയും എ.ജെ. വിജയനെയുംപോലെ മറ്റു കുറച്ചാളുകളും അന്ന് ഒപ്പം നടക്കാറുണ്ടായിരുന്നു.
അക്കാലത്ത് മത്സ്യം വിൽക്കാൻ പോകുന്ന സ്ത്രീകളെ ബസുകളിൽ കയറ്റാറില്ലായിരുന്നു. സഹയാത്രികർക്ക് ബുദ്ധിമുട്ടാകും എന്ന പേരിലുള്ള വിവേചനം. വലിയ കുട്ടകളിൽ മത്സ്യവും തലയിലേറ്റി സ്ത്രീകൾ തങ്ങൾക്ക് അനുവദിക്കപ്പെട്ട മീൻ വിൽപന കേന്ദ്രങ്ങളിലേക്ക് കിലോമീറ്ററുകൾ നടക്കും. വഴിയിലുടനീളം കുട്ടയിലെ മീനുകളിൽനിന്നും ഒലിക്കുന്ന വെള്ളം ആ സ്ത്രീകളുടെ തലയിലും മുഖത്തും വസ്ത്രങ്ങളിലും പടരും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അവർക്ക് സമ്മാനിക്കുന്നതായിരുന്നു ആ നീണ്ട നടത്തങ്ങൾ.
സർക്കാറിതര ശാക്തീകരണ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്ന ഏലിയാമ്മയും സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികൾക്കിടയിൽ വ്യാപകമായ ആശയപ്രചാരണം നടത്തി. അങ്ങനെ തീരദേശ സമൂഹം സമരങ്ങൾക്ക് നേതൃത്വം നൽകി. മത്സ്യം വിൽക്കാൻ പോകുന്ന സ്ത്രീകൾക്ക് വാഹനസൗകര്യം ഏർപ്പെടുത്തണം എന്ന ആവശ്യം സർക്കാറിന് മുന്നിൽെവച്ചു. തുടക്കത്തിൽ അവഗണനയായിരുന്നു പ്രതികരണം. പക്ഷേ, ക്രമേണ സ്ഥിതി മാറി. സർക്കാർ പ്രത്യേക വാഹനസൗകര്യം ഏർപ്പെടുത്തി.
അതിനെ തുടർന്നുള്ള സമരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നേരെയായിരുന്നു. ഓരോ സ്ഥലത്തും മീൻ വിൽക്കുന്ന ഇടങ്ങൾ അവിടത്തെ പ്രമാണിമാർക്ക് ഈ സ്ഥാപനങ്ങൾ ലേലംവിളിച്ചു നൽകും. അവർ വലിയ തുക വാടക വാങ്ങിയാണ് മത്സ്യം വിൽക്കുന്ന സ്ത്രീകളെ അതിനനുവദിക്കുക. പഞ്ചായത്തുകളും ഇതര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മത്സ്യത്തൊഴിലാളി സ്ത്രീകളിൽനിന്നും നിശ്ചിത വാടക നേരിട്ട് കൈപ്പറ്റണം എന്നതായിരുന്നു ആവശ്യം. അതിലും ശ്രദ്ധേയമായ ചില മാറ്റങ്ങൾ ഉണ്ടായി.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളുടെ ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത എന്നിവയെല്ലാമായും ബന്ധമുള്ള പ്രവർത്തനങ്ങളിൽ ഏലിയാമ്മയും സുഹൃത്തുക്കളും വ്യാപൃതരായി. മദ്യത്തിനും കുടുംബത്തിനുള്ളിലെ ആക്രമണങ്ങൾക്കും എതിരായ ആശയപ്രചാരണം ശക്തമാക്കി.
സമാന്തരമായി കോച്ചേരിയച്ചനും പീറ്ററുമെല്ലാമായി മത്സ്യത്തൊഴിലാളികളെ മതേതരമായി സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തി. സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂനിയനും നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറവും എല്ലാം രൂപപ്പെട്ടത് ആ നിലയിലായിരുന്നു. സമുദായികമായും ജാതീയമായും വംശീയമായുമൊക്കെയുള്ള ചേരിതിരിവുകൾ തീരദേശ സമൂഹങ്ങളെ എന്നും പിന്നാക്കം നിർത്തുകയേ ഉള്ളൂ എന്ന ചിന്തകളിലാണ് വിശാലമായ പൊതുവേദികൾക്കായുള്ള പ്രവർത്തനങ്ങൾ നടന്നത്.
''ഞങ്ങൾ എല്ലാവരെ സംബന്ധിച്ചിടത്തോളവും വലിയൊരു രൂപവത്കരണത്തിന്റെയും ഉൾക്കൊള്ളലിന്റെയും വർഷങ്ങൾ ആയിരുന്നു അവ. ലോകത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും വലിയ ലക്ഷ്യങ്ങൾക്കായിട്ടുള്ള ചെറിയ മനുഷ്യരുടെ പോരാട്ടങ്ങളെക്കുറിച്ചുമെല്ലാം ഞങ്ങൾ തീരദേശ ജനതയിൽനിന്നും പഠിച്ചു'', ഏലിയാമ്മ വിജയൻ പറയുന്നു.
''കഠിനാധ്വാനികളാണ് മത്സ്യത്തൊഴിലാളികൾ. അതേപോലെ വിശാലഹൃദയരും നന്മയുള്ളവരുമാണ്. മറ്റൊരാളുടെ വേദനകൾ അവർക്ക് എളുപ്പം മനസ്സിലാകും. മതസ്ഥാപനങ്ങൾക്കായാലും സാമൂഹിക സംഘടനകൾക്കായാലും അവർ അവർക്കുള്ളതെല്ലാം എടുത്തുനൽകും. 2018ലെ വെള്ളപ്പൊക്ക കാലത്താണ് പൊതുസമൂഹം അവരുടെ കരുതലിന്റെ ആഴം മനസ്സിലാക്കുന്നത്. എല്ലാക്കാലത്തും അവർ അങ്ങനെതന്നെയായിരുന്നു. അവരുടെ അതിജീവന സമരങ്ങൾ ആരും കുറച്ചു കാണരുത്. ഇല്ലാത്ത ഗൂഢാലോചനകളുടെയും വിദേശ ഫണ്ട് ഉപയോഗത്തിന്റെയും ദേശദ്രോഹത്തിന്റെയും കഥകൾ കെട്ടിയുണ്ടാക്കി അവരുടെ മീതെ അടിച്ചേൽപിക്കരുത്'', ഏലിയാമ്മ പറയുന്നു.
'സഖി'യുടെ ആരംഭകാലത്ത് പ്രേമക്കൊപ്പം
1978ൽ തുടങ്ങിയ തീരദേശമേഖലയിലെ പ്രവർത്തനങ്ങൾ 1996ൽ എന്തിന് അവസാനിപ്പിച്ചു എന്ന ചോദ്യത്തിനും ഏലിയാമ്മക്ക് ഉത്തരമുണ്ട്: ''തീരദേശ സമൂഹത്തിൽനിന്നും പൂർണമായും അവരുടേതായ ഒരു നേതൃത്വനിര ക്രമേണ ഉയർന്നുവന്നു. വിദ്യാഭ്യാസം, തൊഴിൽ, ജീവിതനിലവാരം എന്നിവയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടായപ്പോൾ ശാക്തീകരണം വ്യാപകമായി ഉണ്ടായി. പുറമെനിന്ന് വന്നവരാലല്ല തീരദേശ സമൂഹം നയിക്കപ്പെടേണ്ടത് എന്ന് എനിക്കും എന്റെ സഹപ്രവർത്തകർക്കും തോന്നി. ഞങ്ങളുടെ പിൻവാങ്ങൽ തികച്ചും സാങ്കേതികം മാത്രമായിരുന്നു. മനസ്സുകൊണ്ട് എന്നും ഞങ്ങൾ അവർക്കൊപ്പം തന്നെയാണ്. പിൽക്കാലത്ത് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ച സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ എന്നും വ്യാപകമായിതന്നെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ വിപുലമായ പങ്കാളിത്തം ഉറപ്പാക്കിയിരുന്നു. അവരുടെ നേതൃത്വങ്ങൾക്ക് കീഴിൽ ഞങ്ങൾ പ്രവർത്തിക്കുന്ന ആഹ്ലാദകരമായ അവസ്ഥയും രൂപപ്പെട്ടു.''
ഏലിയാമ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കേന്ദ്രമായി സഖി വിമൻസ് റിസോഴ്സ് സെന്റർ സ്ഥാപിതമായത് 1996ലാണ്. കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ കാൽനൂറ്റാണ്ട് പിന്നിടുന്ന ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നായി സഖി നിലവിൽ മാറിക്കഴിഞ്ഞു.
കെ. അജിതയുടെ വാക്കുകളിൽ പറഞ്ഞാൽ 'സഖി വിമൻസ് റിസോഴ്സ് സെന്റർ' കേരളത്തിലെ ആദ്യത്തെ ലിംഗാവബോധ പാഠശാലയാണ്. അവിടെനിന്നും പരിശീലനം ലഭിച്ച നൂറുകണക്കിന് ആളുകളിലൂടെയാണ് കേരളം സ്ത്രീ ശാക്തീകരണത്തിൽ വലിയ ചുവടുകൾ െവച്ചത്. നീതി നിഷേധിക്കപ്പെടുന്ന സ്ത്രീകളുടെ അത്താണിയും പ്രത്യാശയുമാണ് 'സഖി'. ഏലിയാമ്മയുടെ നേതൃത്വത്തിൽ 'സഖി' പുറത്തിറക്കിയ ലിംഗനീതിയുടെ അടിസ്ഥാന അറിവുകൾ അടങ്ങിയ കൈപ്പുസ്തകങ്ങളും ലഘുലേഖകളും ആ മേഖലയിൽ ഇന്നും കേരളത്തിന് മൊത്തം അടിസ്ഥാന പ്രമാണങ്ങളാണ്.
''അതുപോലെ ഒന്ന് കേരളത്തിൽ വേറെ ഇല്ല. അതുതന്നെയാണ് 'സഖി'യുടെ പ്രസക്തിയും'' -അജിത പറയുന്നു.
ജനകീയാസൂത്രണ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി അത് രൂപപ്പെടുത്തിയവർ കണ്ടത് ലിംഗനീതിയായിരുന്നു. അതിലേക്കുള്ള ഏതാണ്ടെല്ലാ ചുവടുവെപ്പുകളും 'സഖി'യുടെ നേതൃത്വത്തിലാണ് നടപ്പാക്കപ്പെട്ടത്.
ഇനി ഏലിയാമ്മയെക്കുറിച്ച് അവരുടെ നീണ്ടകാലത്തെ സുഹൃത്തും ജനകീയാസൂത്രണത്തിന്റെ ശിൽപികളിൽ ഒരാളും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക് കുറച്ചു മാസങ്ങൾക്കു മുമ്പ് ഫേസ്ബുക്കിൽ കുറിച്ചതിൽ നിന്നും കുറച്ചുഭാഗങ്ങൾ ഉദ്ധരിക്കാം:
''ഏലിയാമ്മ വിജയനെ ഞാൻ ആദ്യം പരിചയപ്പെടുന്നത് 1970കളുടെ അവസാനം പി.സി.ഒയുടെ (Programme for Community Organization) ഏജീസ് ഓഫീസിന് അടുത്തുള്ള കേന്ദ്രത്തിൽെവച്ചാണ്. സോഷ്യൽവർക്കിൽ ബിരുദാനന്തര ബിരുദം നേടിയ ഏലിയാമ്മ ആദ്യം ചേരുന്ന സാമൂഹിക പ്രവർത്തന ഗവേഷണ സ്ഥാപനമാണ് ഇത്. ആദ്യ പ്രവർത്തനങ്ങളിലൊന്ന് മത്സ്യവുമായി വിപണനത്തിനു പോകുന്ന സ്ത്രീ മത്സ്യത്തൊഴിലാളികളുടെ യാത്രാ സൗകര്യമായിരുന്നു. പ്രത്യേക പൊതുയാത്രാ സൗകര്യത്തിനുവേണ്ടി സമരത്തിന് അവരെ അണിനിരത്തുന്നതിന് വലിയ ബോധവത്കരണ പ്രവർത്തനം വേണ്ടിവന്നു. അന്നുമുതൽ ഇന്നുവരെ മത്സ്യത്തൊഴിലാളികളും തൊഴിലെടുക്കുന്ന മറ്റു അസംഘടിത സ്ത്രീകളും ഏലിയാമ്മ വിജയന്റെ പ്രധാന പഠനപ്രവർത്തന മേഖലയാണ്.
1990ൽ ഏലിയാമ്മ വിജയൻ ചെന്നൈ കേന്ദ്രമായുള്ള 'ഇന്റർനാഷനൽ കലക്ടിവ് ഓഫ് ഫിഷ് വർക്കേഴ്സി'ന്റെ ദേശീയ കോഓഡിനേറ്ററായി. അതോടെ അവരുടെ പ്രവർത്തനമണ്ഡലം കൂടുതൽ വിപുലപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളി പ്രസ്ഥാനങ്ങളുമായിട്ടുള്ള സജീവബന്ധം മാത്രമല്ല, മത്സ്യമേഖലയിലെ പ്രശ്നങ്ങളെ കൂടുതൽ അക്കാദമിക്കായി പരിശോധിക്കുന്നതിനുള്ള അവസരവും ഇതുവഴി ലഭിച്ചു.
16 വർഷത്തെ മത്സ്യമേഖലയിലെയും 'സേവ'യിലെയും അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സാമൂഹികപ്രവർത്തനങ്ങളും പ്രക്രിയകളും സ്ത്രീപക്ഷത്തുനിന്ന് ഡോക്യുമെന്റ് ചെയ്യുകയും, വിലയിരുത്തുകയും സ്ത്രീകൾക്കു പരിശീലനം നൽകുകയും ചെയ്യുന്ന കേന്ദ്രത്തിന്റെ ആവശ്യകത വ്യക്തമായിരുന്നു. അങ്ങനെയാണ് ഏലിയാമ്മക്കു ലഭിച്ച മൂന്നു വർഷത്തെ 'മാക് ആർതർ ഫൗണ്ടേഷൻ ഫെലോഷിപ്' ഉപയോഗപ്പെടുത്തി 'സഖി' എന്ന സ്ഥാപനത്തിനു രൂപം നൽകിയത്. 1999ൽ 'സഖി' ഒരു ട്രസ്റ്റായി രജിസ്റ്റർ ചെയ്യപ്പെട്ടു.
കേരളത്തിലെ ജനകീയാസൂത്രണം ആരംഭിച്ച അതേ വർഷത്തിലാണ് 'സഖി'യുടെ ആവിർഭാവം എന്നത് യാദൃച്ഛികമാണെങ്കിലും സംഘടനയുടെ പിന്നീടുള്ള പ്രവർത്തനങ്ങളെ സ്വാധീനിച്ചുവെന്നു പറയാം. ജനകീയാസൂത്രണത്തിന്റെ ഉന്നതമാർഗനിർദേശക സമിതിയിൽ ഏലിയാമ്മ വിജയനും അംഗമായിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനവും സന്നദ്ധസംഘടനകളും പരസ്പര ധാരണയോടെ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമായിരുന്നു. എന്നാൽ പരിഷത്ത്, കോസ്റ്റ്ഫോർഡ് തുടങ്ങിയ സംഘടനകൾക്കു പുറത്ത് ഇത്തരമൊരു ഏകോപനം വേണ്ടത്ര ഉണ്ടായിരുന്നില്ല. ഈ ദൗർബല്യം പരിഹരിക്കുന്നതിന് പലരുമായും പലവട്ടം ആശയവിനിമയം നടത്തിയിരുന്നു. ഏലിയാമ്മ വിജയൻ അവയിൽ സജീവ പങ്കാളിയായിരുന്നു. 'സഖി'യുടെ ആദ്യത്തെ മറ്റു ട്രസ്റ്റ് അംഗങ്ങളായ മേഴ്സി അലക്സാണ്ടറും വനിതാ മുഖർജിയും ജനകീയാസൂത്രണത്തിൽ സജീവമായി സഹകരിച്ചിരുന്നു.
ആസൂത്രണ, നിർവഹണ പ്രവർത്തനങ്ങളിൽ സ്ത്രീപക്ഷ സമീപനം കൊണ്ടുവരുന്നതിനുവേണ്ടി പ്രവർത്തിക്കുന്നതിന് 'സഖി' മുൻതൂക്കം നൽകി. 2002 മുതൽ 'സഖി' നടത്തിയ പ്രവർത്തനോന്മുഖ ഗവേഷണ പരിപാടികൾ എല്ലാം ഈ ലക്ഷ്യത്തോടുകൂടി ഉള്ളതായിരുന്നു. ഗ്രാമസഭകളിലെ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച ഗവേഷണം ആയിരുന്നു ഇതിൽ ആദ്യം നടത്തിയത്. പിന്നീട് വനിതാ ജനപ്രതിനിധികൾക്കുള്ള പരിശീലനം, അവരുടെ നെറ്റ് വർക്കിങ് തുടങ്ങിയവയിൽ ശ്രദ്ധ നൽകി. സ്ത്രീ പദവി പഠനത്തിനുള്ള രീതിശാസ്ത്രം വികസിപ്പിക്കുകയും 'കില'യും പഞ്ചായത്തുകളുമായി ചേർന്നു പദവിപഠനം നടത്തുകയും ചെയ്തു. ജെൻഡർ ഉൾച്ചേർത്ത് ആസൂത്രണം നടത്തുന്നതിന് ഇതിൽനിന്നു ലഭിച്ച വിവരങ്ങൾ ഉപയോഗപ്പെടുത്താൻ പഞ്ചായത്തുകളെ സഹായിച്ചു. വനിതാ ഘടകപദ്ധതികൾ പ്രായോഗിക ആവശ്യങ്ങൾമാത്രം നിറവേറ്റുന്നതിലും ഉപരി സ്ത്രീകളുടെ പദവിയിൽ വ്യത്യാസം വരുത്താൻ ഉതകുന്നതാക്കി തീർക്കാനുള്ള പരിശ്രമങ്ങൾ നടത്തി.
2004ൽ കേരള സർക്കാറിന്റെ സഹായത്തോടെ ലിംഗപദവി ആസൂത്രണം, ബജറ്റിങ്, ഓഡിറ്റിങ് എന്നീ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള പരിശീലന സഹായി, കൈപ്പുസ്തകം തുടങ്ങിയവ രൂപപ്പെടുത്തുകയും 140ഓളം ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുകയും ചെയ്തു.
ജാഗ്രത സമിതി, ജെൻഡർ റിസോഴ്സ് സെന്റർ തുടങ്ങിയവയുടെ പ്രവർത്തനം സജീവമാക്കാനുള്ള പിന്തുണ പഞ്ചായത്തുകൾക്ക് നൽകി. കൈപ്പുസ്തകങ്ങൾ രചിക്കുകയും പരിശീലന പരിപാടികൾ നടത്തുകയും ചെയ്തു. 'സഖി'യുടെതന്നെ വിവിധ പദ്ധതികളുടെ നിർവഹണം പഞ്ചായത്തുകൾ വഴിതന്നെയാണ് നടപ്പാക്കിയത്.
2008ലെ പ്രളയത്തിനുശേഷം ബിൽ & െമലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ പാർപ്പിട-ഉപജീവന സഹായ പ്രവർത്തനങ്ങൾക്കുള്ള ഏജൻസിയായി തിരഞ്ഞെടുത്തത് 'സഖി'യെയാണ്. ഈ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾ പൂർണമായും പഞ്ചായത്തുകളുമായി ചേർന്നാണ് നടത്തിയത്.
കൗമാര ജീവിതനൈപുണ്യ വികസന (lifeskill education) പരിപാടികൾ ഇതിൽ പ്രധാനപ്പെട്ടതാണ്. യുവതലമുറയുമായി സംവദിക്കുകയും അവരുടെ ആശയങ്ങളെയും ചിന്തകളെയും യുക്തിപൂർവം രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്ന ഒരു പങ്കാളിത്തപഠന-പരിശീലന സഹായിയാണ് 'വിരിയുന്ന മുകുളങ്ങൾ' എന്ന ഏലിയാമ്മ രചിച്ച ഗ്രന്ഥം. 'സഖി' തയാറാക്കിയ ജെൻഡർ പരിശീലന മാന്വൽ, കൗമാര വിദ്യാഭ്യാസ മാന്വൽ തുടങ്ങിയവയും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഏറെ സഹായകരമാണ്.'' ഇങ്ങനെ ഏതാണ്ട് സമഗ്രമായും ആധികാരികമായും ഏലിയാമ്മയുടെ പ്രവർത്തനങ്ങളെ സംഗ്രഹിക്കുകയാണ് ഫേസ്ബുക്കിലെ പോസ്റ്റിൽ ഐസക് ചെയ്തത്. അതൊരു വലിയ അംഗീകാരംതന്നെയാണ്.
വഞ്ചി കത്തിച്ച് പ്രതിഷേധിക്കുന്ന മത്സ്യത്തൊഴിലാളികൾ
ഇനി പോകേണ്ടത് 'ഹിന്ദു പോസ്റ്റ്' എന്ന തീവ്ര വലതുപക്ഷ ഓൺലൈൻ പോർട്ടലിൽ ഒക്ടോബർ 31ന് വന്ന വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടിലേക്കാണ്. അതിൽ ഏലിയാമ്മയുടെയും അവരുടെ ജീവിതപങ്കാളിയും പഴയ സഹപ്രവർത്തകനുമായ എ.ജെ. വിജയന്റെയും ചിത്രങ്ങളുണ്ട്. വിഴിഞ്ഞത്തെ അദാനി തുറമുഖത്തിന്റെ നിർമാണം തടസ്സപ്പെടുത്താൻ വിദേശഫണ്ട് വാങ്ങി തദ്ദേശീയ മത്സ്യത്തൊഴിലാളികളെ ഇരകളാക്കുന്ന 'കറുത്ത കൈകളുള്ള' അർബൻ നക്സലുകൾ എന്നാണ് അവിടെ ഏലിയാമ്മയെയും വിജയനെയും വിവരിച്ചിട്ടുള്ളത്. സാധാരണ അർഥത്തിൽ ചിരിച്ചു തള്ളേണ്ടുന്ന വിലകുറഞ്ഞ ഒരാരോപണം. എന്നാൽ, ആ റിപ്പോർട്ട് തുടങ്ങുന്നത് 'ന്യൂസ് 18' എന്ന അംബാനി ചാനലിൽ വന്ന ഒരു വാർത്തയെ ഉദാഹരിച്ചുകൊണ്ടാണ്.
ചാനലിലെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു:
''വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന. ഇതേതുടര്ന്ന് തുറമുഖ വിരുദ്ധസമരസമിതിയിലെ ഒരു നേതാവിന്റെയും ഭാര്യയുടെയും അക്കൗണ്ട് പരിശോധിച്ചുവരുകയാണ്. ഇതിൽ ഒരു അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് എത്തിയതായി കണ്ടെത്തിയ 11 കോടി രൂപയുടെ വിനിമയം സംബന്ധിച്ചാണ് പ്രധാനമായും പരിശോധന. ഇത് പദ്ധതി അട്ടിമറിക്കാനായി വിനിയോഗിച്ചു എന്നാണ് ആരോപണം. സമരസമിതി നേതാവ് എ.ജെ. വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും അഞ്ചുവർഷത്തെ ബാങ്ക് ഇടപാടുകൾ കേന്ദ്ര ഏജൻസികൾ കർശനമായി നിരീക്ഷിച്ചുവരുകയാണ്. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ മൂത്ത സഹോദരനാണ് ജോസഫ് വിജയൻ എന്ന എ.ജെ. വിജയൻ.
2017 മുതൽ അക്കൗണ്ടിലേക്ക് എത്തിയ വിദേശ പണത്തെ സംബന്ധിച്ചാണ് ഇന്റലിജൻസ് ബ്യൂറോയുടെ അന്വേഷണം. വിദേശനാണയ വിനിമയച്ചട്ടം (FCNRA) ലംഘിച്ചതായി പ്രാഥമിക സൂചനയുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിടുന്ന ഇതര സന്നദ്ധ സംഘടനകൾക്ക് ലഭിച്ചിരുന്ന ഫണ്ടിന്റെ ഒരു വിഹിതവും മറ്റു കാര്യങ്ങൾക്ക് കൈമാറിയിരുന്നതായി ഇന്റലിജൻസ് ബ്യൂറോക്ക് വിവരം ലഭിച്ചിട്ടുണ്ട്.
വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും ക്യാമ്പ് ചെയ്ത് വിവരങ്ങൾ കേന്ദ്ര ഏജൻസികൾ ശേഖരിക്കുന്നുണ്ട്. എ.ജെ. വിജയൻ നേതൃത്വം നൽകുന്ന 'കോസ്റ്റൽ വാച്ച്' എന്ന സംഘടനയും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ജൂലൈ 20ന് മുമ്പേ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചതായും ബിഷപ് എമരിറ്റസ് ഡോ. എം. സൂസപാക്യത്തെ സെക്രേട്ടറിയറ്റിന് മുന്നിൽ നിരാഹാര സമരത്തിന് ഇരുത്താൻ രഹസ്യനീക്കം നടക്കുന്നതായും കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. പണം കൈമാറിയിരുന്നത് തിരുവനന്തപുരം വഞ്ചിയൂർ കോൺവെന്റ് റോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സഖി' (SAKHI ) എന്ന സന്നദ്ധ സംഘടനയുടെ പേരിലാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത് തുറമുഖം വരുന്നത് ചൈനയും ശ്രീലങ്കയുമടക്കം ചില വിദേശരാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടംകുളം ആണവനിലയ പദ്ധതി അട്ടിമറിക്കാനായി ചില വിദേശരാജ്യങ്ങൾ ഇന്ത്യയിലെ സന്നദ്ധ സംഘടനകളെ കരുവാക്കിയെന്ന് മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രസ്താവിച്ചിരുന്നു.''
വാസ്തവത്തിൽ ആ ചാനൽ വാർത്ത ആവേശംകൊള്ളിച്ചത് 'ഹിന്ദു പോസ്റ്റി'നെയും ഇതര തീവ്ര വലതുപക്ഷ ഓൺലൈൻ മാധ്യമങ്ങളെയും മാത്രമായിരുന്നില്ല. അർബൻ നക്സൽ, കറുത്ത കരം, ദേശദ്രോഹി തുടങ്ങിയ ചില പ്രയോഗങ്ങൾ ഒഴിച്ചുനിർത്തിയാൽ ഈ നുണകൾ കേരളത്തിലെ ഭരണകക്ഷിയുടെ സൈബർ പോരാളികൾ പലവട്ടം ആവർത്തിച്ചു. 'ദേശാഭിമാനി'യും 'കേരള കൗമുദി'യും ഇതേ നുണകളിൽ അച്ചടിമഷി പുരട്ടി.
നവംബർ 26 ഏലിയാമ്മ വിജയനെയും 'സഖി'യെയും സംബന്ധിച്ച് പ്രാധാന്യമേറിയതായിരുന്നു. 'സഖി'യുടെ രജതജൂബിലി വർഷത്തിൽ കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തകരുടെ ഒരു ഒന്നിച്ചുചേരൽ അന്ന് സംഘടിപ്പിക്കപ്പെട്ടു. സി.പി.എം, സി.പി.ഐ എന്നിവയുടെ വനിതാ നേതാക്കൾ പലരും ആ ചടങ്ങിൽ പങ്കെടുക്കുകയും ഏലിയാമ്മയുടെയും 'സഖി'യുടെയും പ്രവർത്തനങ്ങളെ വലിയ അളവിൽ പ്രശംസിക്കുകയും ചെയ്തു. അവരാരും സൈബർ പോരാളികളും പാർട്ടിപത്രവും പ്രചരിപ്പിച്ച നുണകൾ വിശ്വസിച്ചിട്ടില്ല.
ഒടുവിൽ വിഴിഞ്ഞത്തെ അദാനി വിരുദ്ധ സമരത്തിന്റെ ആദ്യഘട്ടം അതിന് നേതൃത്വം നൽകിയവരാൽ പിൻവലിക്കപ്പെട്ടു. സ്ഥിതിഗതികൾ പഴയപടിയാവുകയും നിർമാണം പുനരാരംഭിക്കുകയും ചെയ്തു. സമരത്തിൽ ഉയർന്നു വന്ന വിഷയങ്ങളും അവയോടുള്ള അധികൃതരുടെ സമീപനവും പൊതുസമൂഹം കാണിച്ച അവിശ്വാസവും ഒക്കെ വ്യാപകമായി ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. എന്നാൽ, അവയിൽനിന്നെല്ലാം വേറിട്ട് നിൽക്കുന്ന ഒന്നാണ് കോർപറേറ്റ് മൂലധനശക്തികൾക്ക് വേണ്ടി ഒരു സ്ത്രീ പ്രവർത്തകയെ നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിച്ച് അവഹേളിക്കാൻ നോക്കിയത്.
വിഴിഞ്ഞത്തെ നിർമാണ പ്രവൃത്തികളെയും അവയുയർത്തുന്ന പാരിസ്ഥിതികവും അതിജീവനപരവുമായ പ്രശ്നങ്ങളെയും ആശങ്കയോടെ കാണുന്ന പൗരസമൂഹത്തിന്റെ ഭാഗമെന്നതിനപ്പുറം ഏലിയാമ്മ വിജയന് ആ സമരത്തിൽ ഒരു പങ്കും ഉണ്ടായിരുന്നില്ല എന്നത് സംസ്ഥാന ഭരണനേതൃത്വത്തിൽ പോലുമുള്ളവർക്ക് അറിയുന്ന വസ്തുതയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഒമ്പത് മാസങ്ങളിലും 'സഖി'യുടെ ബാങ്ക് അക്കൗണ്ടിൽ ഒരു രൂപപോലും സംഭാവനയായി വന്നിട്ടില്ല എന്നത് വേറെയൊരു വസ്തുത.
അപവാദപ്രചാരകരുടെ ലക്ഷ്യം ഏലിയാമ്മയായിരുന്നില്ല. അവരുടെ ഭർത്താവും തീരദേശ സമൂഹത്തിൽപെട്ടയാളും സമുദ്രഗവേഷകനും പരിസ്ഥിതി-അതിജീവന മേഖലകളിൽ പ്രവർത്തിക്കുന്നയാളുമായ എ.ജെ. വിജയനായിരുന്നു. തീരദേശ ജനതക്കിടയിലെ പ്രവർത്തനങ്ങളിൽ സഹപ്രവർത്തകരായിരുന്ന ഇരുവരുടെയും പ്രവർത്തനമേഖലകൾ വേറിട്ടവയായി മാറിയിട്ട് കാൽനൂറ്റാണ്ടായി. മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ് വിജയൻ എന്നതായിരുന്നു നിക്ഷിപ്ത താൽപര്യക്കാർക്ക് നുണ വാർത്ത പ്രചരിപ്പിക്കുന്നതിൽ ഉണ്ടായിരുന്ന മറ്റൊരു സെല്ലിങ് പോയന്റ്.
വിജയന് വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിലപാടുകളിൽ വിയോജിപ്പുണ്ടെങ്കിലും ഐസക്കും ആലപ്പുഴ എം.എൽ.എ പി.പി. ചിത്തരഞ്ജനും ചാനൽ ചർച്ചകളിൽപോലും ആവർത്തിച്ചു പറയുന്ന കാര്യമുണ്ട്. അദ്ദേഹം മാത്രമാണ് പദ്ധതിക്കെതിരെ തുടക്കം മുതൽ ഒരേ നിലപാടെടുത്ത് അതിൽനിന്നും മാറാതെ നിന്നിട്ടുള്ളത്. ലത്തീൻ കത്തോലിക്കാ സഭയുടെയടക്കം ഒരു സ്ഥാപിത താൽപര്യങ്ങളിലും കക്ഷിചേരാതെ സ്വതന്ത്രമായി തനിക്കു പറയാനുള്ളത് ആധികാരികമായും സമഗ്രമായും പറയുന്ന ഒരാളാണ് വിജയൻ. അങ്ങേയറ്റം സുതാര്യമാണ് അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകളും വരുമാന സ്രോതസ്സുകളും. എന്നിട്ടും വ്യാജവാർത്തക്കാർക്ക് അദ്ദേഹം നോട്ടപ്പുള്ളിയാണ്. അദ്ദേഹത്തെ തകർക്കുക എന്ന ലക്ഷ്യത്തിൽ ഏലിയാമ്മയെയും 'സഖി'യെയുംകൂടി അവർ ലക്ഷ്യമിട്ടു.
''മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരത്തിന് 'സഖി' വഴി കോടികൾ കൈമാറുന്നു എന്നതാണ് പ്രധാന ആരോപണം. അതിന്റെ പിറകിൽ കാരണമായി പറയുന്നത് എന്റെ ജീവിതപങ്കാളി വിജയൻ അദാനി തുറമുഖത്തെ എതിർക്കുന്നു എന്നതും അദ്ദേഹം സമരത്തിൽ പങ്കെടുക്കുന്നു എന്നതുമാണ്. ഇത് നിഷേധിക്കുന്നില്ല. പക്ഷേ, വിജയന്റെ ജീവിതപങ്കാളി ആയ ഞാൻ നേതൃത്വം നൽകുന്ന സംഘടനയുടെ പണം എങ്ങനെ വിജയൻ വഴി തുറമുഖ സമരത്തിന് നൽകാൻ കഴിയും? 'സഖി' പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ്. ഈ രാജ്യത്ത് നിയമവും ചട്ടങ്ങളും അനുശാസിക്കുന്ന രീതിയിൽ അല്ലാതെ പണം വരുത്താനും ചെലവഴിക്കാനും സാധിക്കുമോ? വിദേശ ധനസഹായം സ്വീകരിക്കാൻ കേന്ദ്ര സർക്കാറിൽ രജിസ്റ്റർ ചെയ്യണം. നിർദിഷ്ട ബാങ്ക് അക്കൗണ്ട് വഴി മാത്രം പണം സ്വീകരിക്കണം. എല്ലാ നാലു മാസത്തിലും സ്റ്റേറ്റ്മെന്റ് നൽകണം. ഇതെല്ലാം കഴിഞ്ഞ 25 വർഷമായി പാലിച്ചു വരുന്നതുകൊണ്ടാണ് 'സഖി'ക്കു തുടരാനും പ്രവർത്തനങ്ങൾ നടത്താനും കഴിഞ്ഞത്. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് സഖി. ഞങ്ങൾക്ക് ലഭിച്ച തുക വഴിമാറ്റി ചെലവഴിച്ചിരുന്നു എങ്കിൽ 2023 മാർച്ച് വരെ പണം സ്വീകരിക്കാനുള്ള അനുമതി ഞങ്ങൾക്ക് ലഭിക്കില്ലായിരുന്നു,'' ഏലിയാമ്മ വിജയൻ വ്യക്തമാക്കുന്നു.
'സഖി'യുടെ ആദ്യകാല ചിത്രങ്ങളിലൊന്ന്
കോവിഡ് വ്യാപനം തുടങ്ങിയതിനുശേഷം 'സഖി' ഒരു പണവും സംഭാവനയായി ആരിൽനിന്നും വാങ്ങിയിട്ടില്ല. അതായത് 2020 മാർച്ചിന് ശേഷം. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം തുടങ്ങുന്നത് 2022 ആഗസ്റ്റിലാണ്. ഈ കാലയളവിൽ വ്യാജവാർത്തക്കാർ ആരോപിക്കുംപോലെ ഒരു രൂപപോലും 'സഖി'യുടെ അക്കൗണ്ടിൽ വന്നിട്ടില്ല,
'സഖി'യിൽ ഏലിയാമ്മയുടെ സഹപ്രവർത്തകയായ മേഴ്സി തീരദേശത്ത് പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിലും മത്സ്യത്തൊഴിലാളി സമൂഹത്തിൽനിന്ന് വരുന്ന ആൾ എന്ന നിലയിലും സമരത്തിൽ സജീവമായിരുന്നു. അതൊരിക്കലും 'സഖി'യെ പ്രതിനിധാനംചെയ്ത് ആയിരുന്നില്ല എന്നും ഏലിയാമ്മ പറയുന്നു.
വിഴിഞ്ഞം സമരം കടുത്ത സമ്മർദങ്ങൾക്കിടയിൽ ലത്തീൻ കത്തോലിക്കാ സഭക്ക് നിർത്തിവെക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അത് നൽകുന്ന വലിയ ചില സാമൂഹികപാഠങ്ങളുണ്ട്. കുത്തക മുതലാളിമാർക്കുവേണ്ടി ഭരണ-രാഷ്ട്രീയ നേതൃത്വങ്ങൾ ഏതറ്റവും വരെ പോകും എന്നതാണ് ഒരു പാഠം. ഏതു നുണയും വാർത്തയെന്ന നിലയിൽ പ്രചരിപ്പിച്ച് സുതാര്യമായി പ്രവർത്തിക്കുന്ന സാമൂഹികപ്രവർത്തകരെപ്പോലും സംശയത്തിന്റെ പുകമറയിൽ നിർത്തുക എന്നതിൽ പുരോഗമന മാധ്യമങ്ങൾപോലും തെറ്റുകൾ കാണുന്നില്ല എന്നതാണ് വേറെയൊരു പാഠം. വസ്തുതകളെ ദുർവ്യാഖ്യാനം ചെയ്തും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചും ഇന്റലിജൻസ് ബ്യൂറോയെ വരെ രംഗത്തിറക്കിയും എല്ലാമാണ് ഒരു സമരത്തിനുമേൽ തൽപരകക്ഷികൾ വിജയം നേടിയത് എന്നുമൊരു പാഠം.
'സഖി'യുടെ നേരെ ഉയർന്ന അസത്യത്തിന്റെ ആരോപണങ്ങൾ നാളെ ആർക്കെതിരെയുമുയരാം. തുല്യനീതി, മനുഷ്യാവകാശങ്ങൾ, സന്തുലിത വികസനം എന്നൊക്കെ പറയുന്നവർക്കുവേണ്ടി അർബൻ നക്സൽ കുപ്പായങ്ങൾ തയ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 'സഖി' അപവാദക്കാർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. സത്യം വൈകിയെങ്കിലും ജയിക്കുകതന്നെ ചെയ്യും.
കൊട്ടകളിൽ ചുമന്നു കൊണ്ടുപോകുന്ന മത്സ്യത്തിൽനിന്നും ഇറ്റുവീഴുന്ന വെള്ളത്തിൽ തലയും ദേഹവും കുതിർന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ അവകാശ പോരാട്ടങ്ങൾക്ക് സജ്ജമാക്കിയിടത്തുനിന്ന് തുടങ്ങിയ പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. തുടരുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.