സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ 14ാം ഗെയിം ജയിച്ച ഗുകേഷ്, വിശ്വനാഥൻ ആനന്ദിനുശേഷം ചെസിൽ ഇന്ത്യയിൽനിന്നൊരു ലോക ചാമ്പ്യനായിരിക്കുന്നു. ഇൗ നേട്ടത്തിന്റെ കരുനീക്കങ്ങളെക്കുറിച്ച് എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ. പതിനെട്ടാം വയസ്സിൽ പതിനെട്ടാമത്തെ ലോക ചെസ് ചാമ്പ്യൻ. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ. ഇന്ത്യയുടെ ദൊമ്മരാജ ഗുകേഷ് ചരിത്രം കുറിച്ചു. വിശ്വനാഥൻ ആനന്ദിനുശേഷം ചെസിൽ ഇന്ത്യയിൽനിന്നൊരു ലോക ചാമ്പ്യൻ. സിംഗപ്പൂരിൽ നടന്ന മത്സരത്തിൽ 14ാം ഗെയിം ജയിച്ച് ഗുകേഷ് നിലവിലെ ലോക ചാമ്പ്യൻ, ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചു (7.5 - 6.5). 14ാം ഗെയിമിലെ...
സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ 14ാം ഗെയിം ജയിച്ച ഗുകേഷ്, വിശ്വനാഥൻ ആനന്ദിനുശേഷം ചെസിൽ ഇന്ത്യയിൽനിന്നൊരു ലോക ചാമ്പ്യനായിരിക്കുന്നു. ഇൗ നേട്ടത്തിന്റെ കരുനീക്കങ്ങളെക്കുറിച്ച് എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ.
പതിനെട്ടാം വയസ്സിൽ പതിനെട്ടാമത്തെ ലോക ചെസ് ചാമ്പ്യൻ. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ. ഇന്ത്യയുടെ ദൊമ്മരാജ ഗുകേഷ് ചരിത്രം കുറിച്ചു. വിശ്വനാഥൻ ആനന്ദിനുശേഷം ചെസിൽ ഇന്ത്യയിൽനിന്നൊരു ലോക ചാമ്പ്യൻ. സിംഗപ്പൂരിൽ നടന്ന മത്സരത്തിൽ 14ാം ഗെയിം ജയിച്ച് ഗുകേഷ് നിലവിലെ ലോക ചാമ്പ്യൻ, ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചു (7.5 - 6.5). 14ാം ഗെയിമിലെ അമ്പത്തിയഞ്ചാം നീക്കത്തിൽ ഡിങ് ലിറൻ വരുത്തിയ പിഴവിൽ ലോക കിരീടം ഗുകേഷിന്റെ ശിരസ്സിൽ. ചെസിന്റെ മാതാവായ ചതുരംഗം ഉത്ഭവിച്ച നാട്ടിൽനിന്നൊരു ‘വിശ്വനാഥൻ’ കൂടി.
‘കൊടുങ്കാറ്റ് ഉള്ളിലുള്ള ശാന്തനായ കളിക്കാരൻ’ എന്നാണ് ചെസ് ലോകം ലിറനെ വിശേഷിപ്പിച്ചിരുന്നത്. പക്ഷേ, ആ കൊടുങ്കാറ്റ് നാശം വിതച്ചില്ല. രണ്ടു തവണ മാത്രം അൽപം കരുത്തുകാട്ടി. ഒടുവിൽ കെട്ടടങ്ങി. ‘ബ്ലാക്ക് വൺ’ അഥവാ കറുത്ത കരുക്കൾ ജയിച്ചുവെന്ന് ഫിഡെ സൈറ്റിൽ തെളിഞ്ഞു. 14ാം ഗെയിമിൽ കറുത്ത കരുക്കൾ നീക്കിയത് ഗുകേഷാണ്. വെള്ളക്കരുനീക്കം മുൻതൂക്കമായി ചെസ് ലോകം കരുതിയിരുന്നെങ്കിൽ ഇക്കുറി അത് ഭാഗ്യമായി. പരാജയത്തോടെ മത്സരം തുടങ്ങിയ ഗുകേഷ് ക്ലാസിക് പരമ്പരയിലെ 14ാമത്തെയും അവസാനത്തെയും ഗെയിമിൽ ലോക കിരീടം ഉറപ്പിച്ചു.
മത്സരം തുടങ്ങുമ്പോൾ പല ചെസ് പണ്ഡിതരും ഗുകേഷിന് മുൻതൂക്കം പ്രവചിച്ചിരുന്നു. അതിനു കാരണം ഡിങ് ലിറൻ ഫോമിലല്ലായിരുന്നു എന്നതുതന്നെ. 2023 ഏപ്രിലിൽ കസാഖ്സ്താനിലെ അസ്താനയിൽ റഷ്യയുടെ യാൻ നിപോംനിഷിയെ പരാജയപ്പെടുത്തി ലോക ചാമ്പ്യനായ ഡിങ് ലിറനു പിന്നീട് ആ ഫോമിലെത്താൻ കഴിഞ്ഞില്ല. അദ്ദേഹം വിഷാദ രോഗിയായി മാറി. ഒമ്പതുമാസം മത്സരങ്ങളിൽനിന്നു വിട്ടുനിന്നു. ഈ വർഷം ജനുവരിയിലാണ് വീണ്ടും മത്സരിച്ചു തുടങ്ങിയത്. ഇടക്ക് ഒരു മത്സരം പൂർത്തിയാക്കാതെ ഇറങ്ങിപ്പോയി. ചെസ് ഒളിമ്പ്യാഡിലും ഫോമിലെത്താൻ കഴിഞ്ഞില്ല. സിംഗപ്പൂരിൽ പോരാട്ടം തുടങ്ങുമ്പോൾ ലിറൻ ലോക റാങ്കിങ്ങിൽ 23 ആയിരുന്നു. ഗുകേഷ് അഞ്ചാം റാങ്കിലും. പക്ഷേ, ഈ മുപ്പത്തിരണ്ടുകാരൻ പറഞ്ഞു: ‘‘ഉയർച്ചയും താഴ്ചയും ജീവിതത്തിലുണ്ട്. താഴ്ച കഴിഞ്ഞു. ഇനി ഉയർച്ചയാണ്.’’
ആദ്യ ഗെയിം 42 നീക്കങ്ങളിൽ ജയിച്ച് ലിറൻ ഉയർച്ചയുടെ സൂചന നൽകി. ക്ലാസിക്കൽ ചെസിൽ 304 ദിവസത്തിനുശേഷമാണ് ലിറൻ ഒരു മത്സരം ജയിച്ചത്. പക്ഷേ, മൂന്നാം ഗെയിം 37 നീക്കങ്ങളിൽ ജയിച്ച് ഗുകേഷ് തിരിച്ചു വന്നു. പിന്നെ തുടർച്ചയായ സമനിലകൾ. ഏഴാം ഗെയിം അഞ്ചര മണിക്കൂറിൽ 72 നീക്കങ്ങൾക്കു ശേഷമാണ് സമനിലയിൽ കലാശിച്ചത്. 11ാം ഗെയിം ഗുകേഷ് ജയിച്ചപ്പോൾ കിരീടം ഒന്നര പോയന്റ് അകലെയെന്ന സൂചനയായി. എന്നാൽ, 12ാം ഗെയിം ലിറൻ നേടി.
കഴിഞ്ഞ വർഷം മൂന്നുതവണ നിപോംനിഷിക്കു പിന്നിലായ ശേഷമാണ് ക്ലാസിക്കൽ പോരാട്ടത്തിൽ ലിറൻ സമനില കൈവരിച്ചതും ടൈബ്രേക്കറിൽ ലോക ചാമ്പ്യൻ ആയതും. അത്തരമൊരു തിരിച്ചുവരവായി തോന്നി. പക്ഷേ, 13ാം ഗെയിം സമനിലയിലെത്തി. നിർണായക 14ാം ഗെയിമിൽ ഗുകേഷ് കിരീടം ശിരസ്സിലേറ്റി.
ക്ലാസിക്കൽ പരമ്പരയിൽ സമനില നേടി റാപ്പിഡ്-ബ്ലിറ്റ്സ് പോരിൽ തന്റെ പ്രാഗല്ഭ്യം തെളിയിച്ച് കഴിഞ്ഞ വർഷത്തെ ചരിത്രം ആവർത്തിക്കാമെന്ന ലിറന്റെ കണക്കുകൂട്ടൽ സിംഗപ്പൂരിൽ തെറ്റി. മൂന്നു ഗെയിം ഗുകേഷും രണ്ടു ഗെയിം ലിറനും ജയിച്ചു. ഒമ്പത് ഗെയിമുകൾ സമനിലയിൽ കലാശിച്ചു.
2023ലെ ലോക ചാമ്പ്യൻഷിപ്പിന്റെ ആവർത്തനമാകുമോയെന്നു സംശയിച്ച നിമിഷങ്ങൾ ഗുകേഷ് അതിജീവിച്ചു. 1985ൽ 22ാം വയസ്സിൽ ലോക ചാമ്പ്യനായ ഗാരി കാസ്പറോവിന്റെ റെക്കോഡാണ് ഗുകേഷ് എന്ന പതിനെട്ടുകാരൻ തിരുത്തിയത്. ആന്ധ്രയിലെ ഗോദാവരിയിൽനിന്ന് ചെന്നൈയിൽ താമസമാക്കിയ തെലുഗു കുടുംബത്തിൽ 2006 മേയ് 29നാണ് ഗുകേഷ് ജനിച്ചത്. അച്ഛൻ ഡോ. രജനീകാന്ത് ഇ.എൻ.ടി സർജനാണ്. അമ്മ ഡോ. പത്മ മൈക്രോബയോളജിസ്റ്റും. ഏഴാം വയസ്സിലാണ് ഗുകേഷ് ചെസ് കളിച്ചുതുടങ്ങിയത്.
ചെസ് ബോർഡിൽ ഗുകേഷ് സമയമേറെ ചെലവിട്ടപ്പോൾ പത്താം ക്ലാസ് പരീക്ഷ എഴുതിയില്ല. ഈ അക്കാദമിക് വർഷം ചെന്നൈ അയനമ്പാക്കത്തെ വേലമ്മാൾ സ്കൂളിലെ വിദ്യാർഥി ഇനി ലോക ചെസ് ചാമ്പ്യൻ എന്ന ലേബലുമായിട്ടായിരിക്കും ഇനി പത്താം ക്ലാസ് പരീക്ഷ എഴുതുക. ഗുകേഷ് കാൻഡിഡേറ്റ്സ് ചെസ് ജയിച്ചപ്പോൾ വേലമ്മാൾ സ്കൂൾ അധികൃതർ ബെൻസ് കാറാണ് സമ്മാനിച്ചത്. ഒട്ടേറെ ഗ്രാൻഡ് മാസ്റ്റർമാരെ വളർത്തിവിട്ട സ്കൂളിൽനിന്ന് ലോക ചാമ്പ്യനും. ലോക ചാമ്പ്യനെ സ്വീകരിക്കാൻ സ്കൂൾ ഒരുങ്ങി. ഒരു അത്ഭുത സമ്മാനം ഗുകേഷിനെ കാത്തിരിക്കുന്നു.
വിശ്വനാഥൻ ആനന്ദ് 2000ത്തിൽ ഫിഡെ ലോക ചെസ് ചാമ്പ്യൻ ആയപ്പോൾ ദൊമ്മരാജു ഗുകേഷ് ജനിച്ചിട്ടില്ല. 2013ൽ ചെന്നൈയിൽ വിശ്വനാഥൻ ആനന്ദ് മാഗ്നസ് കാൾസനോട് പരാജയപ്പെട്ട് ലോക കിരീടം കൈവിടുമ്പോൾ കൊച്ചുകുട്ടിയായിരുന്നെങ്കിലും ഗുകേഷ് മത്സരം കാണാനുണ്ടായിരുന്നു. തന്റെ ഏഴാം വയസ്സിൽ ഇന്ത്യക്കാരനായ ലോക ചാമ്പ്യന്റെ പരാജയം കണ്ട ഗുകേഷ് 18ാം വയസ്സിൽ ലോക കിരീടം ശിരസ്സിലേറ്റി. അഥവാ ലോക ചെസിലെ പതിനെട്ടാമത്തെ ചാമ്പ്യനായി. അതും ചരിത്രത്തിലെ പ്രായം കുറഞ്ഞ ചാമ്പ്യൻ.
തന്റെ നാട്ടുകാരൻ തന്നെയായ വിശ്വനാഥൻ ആനന്ദ് അഞ്ചുതവണ ലോക ചാമ്പ്യൻ ആയിരുന്നു (2000, 07, 08, 10, 12) എന്ന കാര്യം ഗുകേഷ് മനസ്സിലാക്കിയതുതന്നെ വൈകിയായിരിക്കണം. ഇത്തവണ ചരിത്രത്തിൽ ആദ്യമായി ലോക ചെസ് കിരീടത്തിനായി ഏഷ്യയിൽനിന്നു രണ്ടുപേർ ഏറ്റുമുട്ടി. 1886ൽ തുടങ്ങിയ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ പതിറ്റാണ്ടുകളോളം റഷ്യൻ ആധിപത്യമായിരുന്നു.
1972ൽ ഐസ് ലൻഡിലെ റെയ്ക് ജാവിക്കിൽ റഷ്യയുടെ ബോറിസ് സ്പാസ്കിയെ തോൽപിച്ച് അമേരിക്കയുടെ ബോബി ഫിഷർ ലോക ചാമ്പ്യനായതോടെ റഷ്യൻഭാഷ മാത്രം സംസാരിക്കുന്ന ലോക ചാമ്പ്യന്മാരുടെ പരമ്പരക്ക് താൽക്കാലിക വിരാമമായി. ശീതസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് ഫിഷറുടെ വിജയം റഷ്യക്കുമേൽ അമേരിക്ക നേടിയ വിജയമായി പാശ്ചാത്യ ലോകം കൊട്ടിഗ്ഘോഷിച്ചു. കമ്യൂണിസത്തിനെതിരെ കാപിറ്റലിസം കൈവരിച്ച നേട്ടമായും വ്യാഖ്യാനമുണ്ടായി. ഫിഷർ കിരീടം നിലനിർത്താൻ വിസമ്മതിച്ചതോടെ റഷ്യയുടെ തിരിച്ചുവരവും കണ്ടു.
ഇത്തവണ ഗുകേഷ്-ലിറൻ പോരാട്ടത്തെ ഇന്ത്യ-ചൈന മത്സരമായി ആരും കണ്ടില്ല. അത്തരമൊരു വാശിയോ പ്രചാരണമോ ഉണ്ടായില്ല. ഇന്ത്യ-ചൈന ബന്ധം ഏറെ മെച്ചപ്പെട്ടതാകാം ഒരു കാരണം. മാത്രമല്ല, സ്പോർട്സിൽ ഇന്ത്യ-ചൈന പോരാട്ടം എന്നൊരു വ്യാഖ്യാനം പൊതുവേ കേൾക്കാറുമില്ല.
ചെസ് വിപ്ലവത്തിന് തുടക്കമിട്ട് ആനന്ദ്
1987ൽ ആനന്ദ് ലോക ജൂനിയർ കിരീടം ചൂടിയപ്പോൾ ഇന്ത്യൻ ചെസിൽ പുതുയുഗപ്പിറവിയായിരുന്നു. അതേവർഷം ആനന്ദ് ഇന്ത്യയുടെ പ്രഥമ ഗ്രാൻഡ് മാസ്റ്ററുമായി. 1961ൽ മാനുവൽ ആരോനിലൂടെ പ്രഥമ ഇന്റർനാഷനൽ മാസ്റ്ററെയും 1979ൽ ജയശ്രീ ഖാദിൽകറിലൂടെ ആദ്യത്തെ ഇന്റർനാഷനൽ വുമൻ മാസ്റ്ററെയും ലഭിച്ച രാജ്യത്ത് ഗ്രാൻഡ് മാസ്റ്റർ പിറവി ഒരു ചെസ് വിപ്ലവത്തിന്റെ തുടക്കമായി.
2000ത്തിനു മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്നത് മൂന്നു ഗ്രാൻഡ് മാസ്റ്റർമാർ മാത്രം. ആനന്ദിനെ തുടർന്ന് 1991ൽ ദിബേന്ദു ബറുവയും 1997ൽ പ്രവീൺ തിപ്സെയും ഗ്രാൻഡ് മാസ്റ്റർമാരായി. പിന്നെ കണ്ടത് ഗ്രാൻഡ് മാസ്റ്റർമാരുടെ നീണ്ടനിരയാണ്. ചെസിലെ കളങ്ങളുടെ എണ്ണവും കഴിഞ്ഞ് അത് മുന്നോട്ടുപോയി. ഈ വർഷം തമിഴ്നാടിന്റെ പി. ശ്യാം നിഖിലിലൂടെ ഇന്ത്യയുടെ 85ാമത്തെ ഗ്രാൻഡ് മാസ്റ്റർ പിറന്നു. അതിൽ മൂന്നു വനിതകളും ഇടം കണ്ടെത്തി. കൊനേരു ഹംപി 2002ൽ ഗ്രാൻഡ് മാസ്റ്റർ ആയി. ചെസ് ഒളിമ്പ്യാഡിൽ ഓപൺ വിഭാഗത്തിലും വനിതാവിഭാഗത്തിലും സ്വർണം.
കാൻഡിഡേറ്റ്സ് ചെസിൽ പുരുഷ വിഭാഗത്തിൽ മൂന്നും വനിതാവിഭാഗത്തിൽ രണ്ടും ഇന്ത്യക്കാരാണ് പങ്കെടുത്തത്. ഗുകേഷിനു പുറമെ പുരുഷ വിഭാഗത്തിൽ ആർ. പ്രഗ്നാനന്ദയും വിദിത് ഗുജറാത്തിയും വനിതാവിഭാഗത്തിൽ വൈശാലിയും കൊനേരു ഹംപിയും മത്സരിച്ചു. അതും കഴിഞ്ഞപ്പോൾ അർജുൻ എരിഗാസി 2800 ഈലോ പോയന്റ് പിന്നിട്ടു. ആനന്ദിനുശേഷം ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരൻ. ചെസിൽ ഇന്ത്യൻ കുതിപ്പ് തുടർക്കഥയാകുകയാണ്.
ഒന്നാം നമ്പർ ഇല്ലാത്ത കലാശപ്പോരാട്ടം
‘‘ഇന്നു ലോകത്തിലേക്കും മികച്ച ചെസ് താരം, നോർവേയുടെ മാഗ്നസ് കാൾസൻ ഇല്ലാതെ നടന്ന മത്സരം ലോക ചെസ് ചാമ്പ്യൻഷിപ്പായി ഞാൻ കണക്കാക്കില്ല.’’ ചെസ് ഇതിഹാസം ഗാരി കാസ്പറോവ് പറഞ്ഞു. കാൾസൻ 2021ൽ തുടർച്ചയായ അഞ്ചാം ലോക കിരീടം ചൂടിയ ശേഷം 2023ൽ അത് നിലനിർത്താൻ മത്സരത്തിനു വിസമ്മതിക്കുകയായിരുന്നു. മത്സരിക്കാനുള്ള പ്രചോദനം ഉണ്ടാകുന്നില്ല എന്നാണ് കാൾസൻ പറഞ്ഞത്. തനിക്കു പറ്റിയ എതിരാളിയില്ല എന്നൊരു ധ്വനിയും അതിൽ ഉണ്ടായിരുന്നു.
ഇതേ പ്രശ്നം മുമ്പും ഉണ്ടായതാണ്. ബോബി ഫിഷർ ചാമ്പ്യൻഷിപ് നിലനിർത്താൻ ഇറങ്ങാതിരുന്നപ്പോഴും ഗാരി കാസ്പറോവ് ഫിഡെയുമായി തെറ്റി പ്രഫഷനൽ ചെസ് അസോസിയേഷൻ രൂപവത്കരിച്ചപ്പോഴും ഇതേ ചോദ്യം ഉയർന്നതാണ്.
വിശ്വനാഥൻ ആനന്ദ് 2000ത്തിൽ ലോക ചാമ്പ്യനായപ്പോൾ ഫിഡെ ലോക ചാമ്പ്യൻ എന്നാണ് വിശേഷിപ്പിച്ചത്. കാരണം, പി.സി.എ പ്രത്യേക ചാമ്പ്യൻഷിപ് നടത്തിയിരുന്നു. പക്ഷേ, ആനന്ദ് 2007 മുതൽ 2013 വരെ അവിതർക്കിത ലോക ചാമ്പ്യൻ ആയിരുന്നു. ലോക ഒന്നാം നമ്പർതാരം വിട്ടുനിൽക്കുന്നതിന് മറ്റുള്ളവരെ പഴിചാരിയിട്ടു കാര്യമില്ല. കാൾസൻ ഒന്നാം നമ്പറും ഗുകേഷ് ലോക ചാമ്പ്യനുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.